പുഴ.കോം > നാട്ടറിവ് > നാട്ടറിവ് > കാർഷിക നാട്ടറിവുകൾ > കൃതി

തെങ്ങ്‌- 3

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണ്ടി എബ്രഹാം

തെങ്ങിൽ നിന്നുള്ള ജൈവാവശിഷ്‌ടങ്ങൾ അതിന്റെ ചുവട്ടിൽത്തന്നെ ഇട്ടു കത്തിക്കുന്നത്‌ മെച്ചപ്പെട്ട മച്ചിങ്ങാ പിടുത്തത്തിനു സഹായിക്കും. ചാരത്തിലൂടെ കൂടുതൽ പൊട്ടാഷ്‌ തെങ്ങിനു കിട്ടുന്നു. പുകയേൽക്കുന്നതു കൂടുതൽ കായ പിടുത്തത്തിനു നല്ലതാണ്‌. പുകയേറ്റാൽ കീടരേഗബാധ കുറെയെങ്കിലും കുറയും.

തെങ്ങിന്റെ കേടു ബാധിച്ച ഭാഗങ്ങൾ വെട്ടുമ്പോൾ ചെറിയ കഷ്‌ണങ്ങൾ വരെ പെറുക്കിയെടുത്ത്‌ തീയിലിട്ട്‌ കത്തിച്ചു കളയുക. മറ്റുള്ളവയ്‌ക്ക്‌ രോഗം ബാധിക്കുന്നത്‌ തടയാനാകും.

മണൽ മണ്ണിൽ തെങ്ങു നനയ്‌ക്കുന്നതിന്‌ ഉപ്പുവെള്ളം ഉപയോഗിച്ചാലും കുഴപ്പമില്ല. എന്നാൽ, തൈത്തെങ്ങുകൾ നനയ്‌ക്കുന്നതിന്‌ യാതൊരു കാരണവശാലും ഉപ്പുവെള്ളം ഉപയോഗിക്കരുത്‌.

തെങ്ങിൻ തൈ നട്ട്‌ ആദ്യമുണ്ടാകുന്ന ആറ്‌ ഓലകൾ കഴിച്ച്‌ മുപ്പത്താറാമത്തെ ഓല വരുമ്പോൾ പൂങ്കുലയും വിരിഞ്ഞിരിക്കും.

കുള്ളൻ തെങ്ങിനങ്ങളിൽ മൂന്നു വർഷം കൊണ്ട്‌ പൂങ്കുല വിരിയും.

തെങ്ങിൽ ചൊട്ട വിരിഞ്ഞ്‌ 220 ദിവസം ആകുമ്പോൾ കരിക്കിൻ വെള്ളത്തിന്റെ മാധുര്യം ഏറ്റവും കൂടി നിൽക്കുന്നു.

ഉൾതേങ്ങാ ഉണ്ടാകുവാൻ ചെത്തി മാറ്റുന്ന പുറന്തൊലി ഉണക്കി ആട്ടിയാൽ 50% വരെ എണ്ണ കിട്ടും.

വർഷകാലത്ത്‌ മഴയിൽ പെട്ട്‌ ചീഞ്ഞു പോകുന്ന വൈക്കോൽ തെങ്ങിന്‌ ചുറ്റും ഒന്നര മീറ്റർ മാറ്റി വൃത്താകൃതിയിൽ ഇടുക. ഇത്‌ വർഷം തോറും ആവർത്തിക്കുക. തെങ്ങ്‌ നല്ലതുപോലെ കായ്‌ക്കും. വേനൽ വരൾച്ച ബാധിക്കുകയുമില്ല.

തെങ്ങ്‌ നട്ടതിനു ശേഷം എട്ടു വർഷം വരെയും ഇരുപത്തഞ്ചു വർഷം കഴിഞ്ഞും മാത്രം ഇടവിള കൃഷികൾ ചെയ്യുക.

ഒരു മീറ്റർ വൃത്താകൃതിയിൽ ഒരടി താഴ്‌ചയിൽ തെങ്ങിനു ചുറ്റും മണ്ണെടുത്തു മാറ്റി. ആ കുഴിയിൽ നിറയെ നെല്ലിൻ പതിര്‌ നിറയ്‌ക്കുക. വർഷംതോറും ഇത്‌ ആവർത്തിക്കുക. തെങ്ങ്‌ തഴച്ചു വളരും. വേനലിൽ നനവ്‌ ഇല്ലെങ്കിലും വരൾച്ച ബാധിക്കുകയില്ല.

തെങ്ങിന്‌ ചാലുകീറി വളം ഇടുന്നതിലും നല്ലത്‌, തടം തുറന്ന്‌ വളം ഇടുന്നതാണ്‌.

നേരത്തെ കണയോല വിരിയുന്ന തെങ്ങിൻ തൈകൾ മറ്റു തൈകളെ അപേക്ഷിച്ച്‌ വേഗത്തിൽ കായ്‌ഫലം തരും.

ആഫ്രിക്കൻ പായൽ കൊണ്ടുണ്ടാക്കുന്ന കമ്പോസ്‌റ്റ്‌ തെങ്ങ്‌ കൃഷിക്ക്‌ അത്യുത്തമമാണ്‌.

ഓലഞ്ഞാലി കിളികളെ ഭയപ്പെടുത്തി ഓടിച്ചു വിടരുത്‌. അവ തെങ്ങോലപ്പുഴുക്കളെ തിന്നു നശിപ്പിക്കുന്നതിനാൽ ഉപകാരപ്രദമായ പക്ഷിയാണ്‌.

കൊച്ചിൻ ചൈനാ എന്നയിനം നാളികേരത്തിന്റെ കരിക്കിൽ നിന്നും ആറു ഗ്ലാസ്‌ വെള്ളം വരെ കിട്ടും.

തെങ്ങിന്റെ തടത്തിനു ചുറ്റും ഉപരിതലത്തിൽ വളരുന്ന വേരുകൾ കിളച്ചു പൊട്ടിയാൽ, മണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങുന്ന വേരുകളുടെ വളർച്ച കൂടും. വെള്ളവും വളവും നന്നായി വലിച്ചെടുക്കാൻ പറ്റുന്നത്‌ ആഴ്‌ന്നിറങ്ങുന്ന വേരുകൾക്കാണ്‌.

അമിതമായ വളർച്ചയുള്ളതും കായ്‌ക്കാൻ മടിച്ചു നിൽക്കുന്നതുമായ തൈതെങ്ങുകളുടെ മൂന്നുനാല്‌ തലകൾ വെട്ടിമാറ്റുക. അവശേഷിക്കുന്ന മടൽ ഭാഗം നെടു നീളത്തിൽ പൊളിച്ചും വയ്‌ക്കുക. തെങ്ങ്‌ താമസ്സംവിനാകയ്‌ക്കാനിടയുണ്ട്‌.

സൂക്ഷിച്ചു വയ്‌ക്കുന്ന തേങ്ങയുടെ കണ്ണുള്ള ഭാഗം മേൽപോട്ടായിരിക്കത്തക്കവണ്ണം വയ്‌ക്കുക. തേങ്ങാ ഏറെ നാൾ കേടാകാതെയും അഴുകാതെയും ഇരിക്കും.

തെങ്ങിൻ തടത്തിൽ ചണമ്പു വിതയ്‌ക്കുക. വളർന്നു വരുമ്പോൾ ഉഴുതുചേർക്കുക. നല്ല ജൈവവളമാണിത്‌.

വളക്കുഴിയിൽ ചാണകം നിറയ്‌ക്കുന്നതിനു മുമ്പ്‌ ഏതാനും വേരൻ ചെടികൾ വേരു സഹിതം പിഴുതു ചേർത്താൽ ചാണകത്തിൽ വളരുന്ന കുണ്ടളപുഴുക്കളെ നല്ലൊരു പിരിധിവരെ നിയന്ത്രിക്കാം.

രണ്ടു തെങ്ങുകൾക്കിടയിൽ ഒരു മീറ്റർ നീളവും അറുപതു സെ.മീ. വീതം വീതിയും താഴ്‌ചയും ഉള്ള കുഴി എടുത്ത്‌ അതിൽ തൊണ്ടും ചാണകവും ഇട്ടു മൂടുക. തെങ്ങിന്‌ നല്ല വളർച്ച ഉണ്ടാകും.

Previous Next

ചാണ്ടി എബ്രഹാം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.