പുഴ.കോം > നാട്ടറിവ് > നാട്ടറിവ് > കാർഷിക നാട്ടറിവ്‌ > കൃതി

നെല്ല്‌ - 4

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണ്ടി എബ്രഹാം

ഇലപ്പേൻ പോലുള്ള പ്രാണികളെ നിയന്ത്രിക്കാൻ പുകയിലക്കഷായം ഉത്തമമാണ്‌.

ബാക്‌ടീരിയാ മൂലമുള്ള പുളളിക്കുത്തിന്‌ ആടലോടകത്തിന്റെ ഇലവെന്തവെള്ളം തളിക്കുക.

നെല്ലിന്റെ പല കീടബാധയും തടയാൽ ചിലന്തിവലയുള്ള കമ്പുകൾ ചിലന്തിയോടെ ഒടിച്ചെടുത്ത്‌ പാടത്ത്‌ കുത്തുക.

എട്ടുകിലോഗ്രാം വീതം വേപ്പിൻ പിണ്ണാക്കു നിറച്ച ചാക്കുകൾ ജലസേചനച്ചാലുകളിൽ മുക്കിയിട്ടാൽ നെല്ലിനെ ബാധിക്കുന്ന തണ്ടുതുരപ്പൻ ഗോളീച്ച ഇവയെ അകറ്റാം, വാട്ടരോഗം തടയാം. ഓരോ മാസവും ചാക്കുകളിൽ പുതിയ പിണ്ണാക്ക്‌ നിറയ്‌ക്കണമെന്ന്‌ മാത്രം.

നെല്ലിന്റെ പുള്ളിക്കുത്തു രോഗം തടയാൻ ഒരു കിലോഗ്രാം ചാണകം എട്ടുലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.

നെൽപ്പാടങ്ങൾക്കു ചുറ്റും പന്തം കത്തിച്ചുവയ്‌ക്കുന്നതു മൂലം പല പ്രാണികളെയും ആകർഷിച്ചു നശിപ്പിക്കാം. പ്രകാശത്താൽ ആകർഷിക്കപ്പെടുന്ന പല പ്രാണികളും നെല്ലിന്‌ ദോഷം ചെയ്യുന്നവയാണ്‌.

ഓലപ്പുഴുവിനെ നശിപ്പിക്കാൻ കരുപ്പെട്ടിക്കയർ മണ്ണെണ്ണയിൽ മുക്കി നെൽച്ചെടിയുടെ മുകളിലൂടെ വലിക്കുക. താഴെ വീഴുന്ന പുഴുക്കളെ പെറുക്കിക്കൊല്ലുക.

ഓലചുരുട്ടിപ്പുഴുവിനെ നശിപ്പിക്കാൻ കൈതയോല കൊണ്ട്‌ ചെടികൾക്കിടയിൽ വീശുക. കൈതയോലയിലെ മുള്ളുകൾ ഉടക്കി നെല്ലോല കീറുന്നു. അപ്പോൾ ഓല ചുരുട്ടി അകത്തിരിക്കുന്ന പുഴു താഴെ വീഴുന്നു. അവയെ കൊന്നൊടുക്കുക.

കൊമ്പു മുറം കൊണ്ടു വീശിയാൽ നെല്ലിലെ ഓലചുരുട്ടിപ്പുഴുവിനെയും കീടങ്ങളെയും നശിപ്പിക്കാം.

വേനൽക്കാലത്ത്‌​‍്‌ വയൽ ഉഴുതിടുന്നതുമൂലം പട്ടാളപ്പുഴുക്കളുടെ ആക്രമണം നിയന്ത്രിക്കാവുന്നതാണ്‌.

ചാണകം കലക്കി ഒരു ദിവസം വച്ചിട്ട്‌ പിറ്റേ ദിവസം തെളിയെടുത്ത്‌ സ്‌പ്രേ ചെയ്‌താൽ ഓല കരിച്ചിൽ മാറും.

പാടത്ത്‌ കമ്പുകൾ നാട്ടി അതിൽ വെള്ളത്തുണി വിരിച്ചിട്ടിരുന്നാൽ കിളികളുടെ ശല്യം ഒഴിവാക്കാം.

പാടത്ത്‌ ഞണ്ട്‌ ഇറങ്ങുന്ന വഴിയിൽ അരിനെല്ലിക്കാ വയ്‌ക്കുക. ഞണ്ട്‌ അതിൽ ഇറുക്കും. പിന്നെ കാൽ ഊരി എടുക്കാനാവാതെ അവിടെ കിടക്കും. അവയെ പിടിച്ച്‌ നശിപ്പിക്കാം.

ഗോമൂത്രം ശേഖരിച്ച്‌ സ്‌പ്രേ ചെയ്‌താൽ പുൽപോത്ത്‌ മുഴുവൻ അകന്നു പോകും.

നെല്ലിൽ പുഴു പിടിച്ചാൽ പുലർകാലത്ത്‌ കുട്ടകൊണ്ട്‌ ഓലത്തലപ്പുകളിലൂടെ വീശിയാൽ പുഴു ഇലയോടുകൂടി മുറിഞ്ഞു വീണ്‌ നശിച്ചുകൊള്ളും.

ബാക്‌ടീരിയൽ ലീഫ്‌ ബ്ലൈറ്റിന്‌ പത്തു കിലോഗ്രാം ചാരവും ഒരു കിലോഗ്രാം ഉപ്പും ചേർത്തു വയലിലെ വെള്ളം വാർത്തു കളഞ്ഞതിനു ശേഷം വിതറുക.

കൊയ്യാറായ നെൽപ്പാടത്ത്‌ ഒരു നെൽച്ചെടിയിൽ ഇരുപത്തഞ്ചിലധികം മുഞ്ഞകളുണ്ടെങ്കിൽ മാത്രം സംരക്ഷണ നടപടികൾ സ്വീകരിച്ചാൽ മതിയാകും.

ഓലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാൻ ആണികൾ തറച്ച പലക പാടത്ത്‌ ചെടികളുടെ മേൽകൂടി വലിക്കുക. പിന്നീട്‌ വെള്ളം കയറ്റി തുറന്നു വിടുക.

ധാരാളമായി മഴയുണ്ടെങ്കിൽ ഇലപ്പേൻ ആക്രമണം കുറഞ്ഞിരിക്കും.

നെല്ലിനെ ബാധിക്കുന്ന മുഞ്ഞയെ അകറ്റാൻ ഒരു നാടൻ പ്രയോഗം. പശ്ചിമഘട്ട പ്രദേശത്തു വളരുന്ന ‘നാങ്കു’ എന്ന ചെറു വൃക്ഷത്തിന്റെ ഇലകൾ സമാഹരിക്കുക. ഒരു കിലോ ഇല പത്തു ലിറ്റർ വെള്ളത്തിലിട്ട്‌ തിളപ്പിക്കുക. ഈ ലായിനി 1ഃ10 അനുപാതത്തിൽ നേർപ്പിക്കുക. ഞാറ്റടിയിലായിരിക്കുമ്പോഴും, പറിച്ചു നടീൽ കഴിഞ്ഞും രണ്ടുതവണയായി നാങ്കു ലായിനി തളിച്ചാൽ നെൽച്ചെടികളെ മുഞ്ഞ ബാധയിൽ നിന്നും രക്ഷിക്കാം.

കൊയ്‌ത്തിനു ശേഷം വയലിൽ താറാവിനെ തീറ്റാൻ വിടുക. അവ കീടങ്ങളെയും മറ്റും ധാരളമായി തിന്നൊടുക്കും. കൂടാതെ താറാവിന്റെ കാഷ്‌ഠം നല്ലൊരു ജൈവവളവും കൂടിയാണ്‌.

വെളുത്തുള്ളിയും മുളകുപൊടിയും ചേർന്ന മിശ്രിതം നെല്ലിനെ ബാധിക്കുന്ന ചാഴിയെ അകറ്റും.

ചാഴിശല്യം മാറ്റാൻ വെളുത്തുള്ളി നീരിൽ കായം ചേർത്ത്‌ ഗോമൂത്രത്തിൽ കലക്കിത്തളിക്കുക.

കതിരിടുമ്പോൾ പാടത്ത്‌ അവിടവിടെയായി ചൂട്ടുകറ്റകൾ കത്തിച്ചു നാട്ടിയാൽ ചാഴി അതിലേക്കാകർഷിക്കപ്പെട്ട്‌ തീയിൽ വീണ്‌ ചത്തുകൊള്ളും.

ചാഴികൾ അതിരാവിലെയും വെയിലാറിയ ശേഷവുമാണ്‌ കതിരുകളിൽ വന്നിരിക്കുക. ഈ സമയത്ത്‌ കുറേപ്പേർ വയലിലൂടെ വലവീശിക്കൊണ്ടു നടന്നാൽ ഇവയെ ഒന്നടങ്കം പിടിച്ച്‌ കൊല്ലം.

Previous Next

ചാണ്ടി എബ്രഹാം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.