പുഴ.കോം > നാട്ടറിവ് > കാലം > കൃതി

ഐശ്വര്യലബ്‌ധിക്കായുളള കളമെഴുത്ത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മഞ്ജുഷ ജി.എസ്‌.

കളം

കലയും അനുഷ്‌ഠാനവും ഒന്നിക്കുന്ന സവിശേഷമായ ഒരു സമ്പ്രദായമാണ്‌ കളമെഴുത്ത്‌. കാവുകളിലും ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും അനുഷ്‌ഠാനപൂജാദികളോടനുബന്ധിച്ച്‌ പഞ്ചവർണ്ണപ്പൊടികൊണ്ട്‌ ചിത്രീകരിക്കുന്ന രൂപങ്ങളാണ്‌ കളങ്ങൾ. ഭദ്രകാളിക്കളം, നാഗക്കളം, ബലിക്കളം, മന്ത്രവാദക്കളം എന്നീ നിരവധി കളങ്ങൾ ഉണ്ടെങ്കിലും തിരുവനന്തപുരത്തും പരിസരങ്ങളിലും നാഗപൂജ, ഐശ്വര്യലബ്‌ധി, ശുദ്ധീകരണം (ശുദ്ധികലശം) എന്നിവയ്‌ക്കുളള കളങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്‌. നായർ മുതൽ നമ്പൂതിരിവരെയുളള ജാതിസമൂഹങ്ങളാണ്‌ ആദ്യകാലത്ത്‌ കളമെഴുത്തുനടത്തിപോന്നിരുന്നത്‌. ഇന്ന്‌ ഏത്‌ ജാതിയിലുളളവർക്കും ഐശ്വര്യലബ്‌ധിക്കളമെഴുത്ത്‌ നടത്താമെന്ന്‌ വന്നിട്ടുണ്ട്‌.

അഞ്ചുവർണ്ണങ്ങളിലുളള പൊടികളാണ്‌ കളമെഴുത്തിനുപയോഗിക്കുന്നത്‌. വെളള, കറുപ്പ്‌, ചെമപ്പ്‌, പച്ച, മഞ്ഞ. ചെമപ്പ്‌ വർണ്ണത്തിന്‌ മഞ്ഞളുംചുണ്ണാമ്പും പ്രത്യേക അനുപാതത്തിൽ ചേർത്തെടുക്കുന്നു. മഞ്ചണാത്തി മരത്തിന്റെ ഇല ഉണക്കിപ്പൊടിച്ചാണ്‌ പച്ച. ഓരോ വർണ്ണത്തിനും സവിശേഷമായ അർത്ഥം കല്പിച്ചുപോരുന്നുണ്ട്‌. വരയ്‌ക്കുന്ന കളങ്ങളുടെ സ്വഭാവവും ആകൃതിയും അനുസരിച്ച്‌ വർണ്ണങ്ങൾ ഏതുക്രമത്തിൽ ഉപയോഗിക്കണമെന്ന്‌ വ്യവസ്ഥയുണ്ട്‌. വൃത്താകൃതിയിലും ചതുരാകൃതിയിലും കൊണുകളോടുകൂടിയും കളങ്ങൾ വരയ്‌ക്കാറുണ്ട്‌. അനുഷ്‌ഠാത്തിന്റെ ലക്ഷ്യവും സ്വഭാവവുമനുസരിച്ചാണിവയ്‌ക്ക്‌ മാറ്റം ഉണ്ടാകുന്നത്‌. കളമെഴുത്തിന്റെ പ്രയോഗരീതിയിൽ പ്രാദേശികമായ ചില വ്യത്യാസങ്ങൾ കാണാം. ഉദാഹരണത്തിന്‌ ദേവീപൂജയുമായി ബന്ധപ്പെട്ട്‌ ഗൃഹങ്ങളിൽ ഐശ്വര്യലബ്‌ധിക്കായും ക്ഷേത്രങ്ങളിൽ ശുദ്ധീകരണത്തിനായും വൃത്താകാരത്തിൽ വരയ്‌ക്കുന്ന ഒരു കളമെഴുത്ത്‌ രീതിയുണ്ട്‌.

ഇതനുസരിച്ച്‌ ഒന്നിനുളളിൽ ഒന്ന്‌ എന്ന വിധത്തിൽ അഞ്ച്‌ വൃത്തങ്ങളും നടുവിൽ നക്ഷത്രവും മേൽസൂചിപ്പിച്ച വർണ്ണപ്പൊടി കൊണ്ടുണ്ടാക്കുന്നു. നക്ഷത്രത്തിന്റെ മധ്യത്തിൽ മഞ്ഞൾപ്പൊടിയും നക്ഷത്രക്കാലുകളിൽ ചെമപ്പും അവയ്‌ക്ക്‌ ചുറ്റും കറുപ്പ്‌ ഒഴികെയുളള നിറങ്ങളും ഉപയോഗിക്കുന്നു. വൃത്താകാരത്തിലുളള അകത്തെകളം ഇങ്ങനെ പൂർണ്ണമാകുന്നു. അതിനോട്‌ ചേർന്നുളള രണ്ടാംകളത്തിൽ വെളളയും തുടർന്ന്‌ പച്ച, ചെമപ്പ്‌, കറുപ്പ്‌ എന്നിവയും എഴുതുന്നു. നൻമയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായതിനാലാണ്‌ മഞ്ഞ മധ്യത്തിലെഴുതുന്നത്‌. ഇവിടെ മഹാലക്ഷ്മി കുടിക്കൊളളുന്നു എന്നാണ്‌ സങ്കല്പം. കറുപ്പ്‌ അവസാനമാണ്‌ ഉപയോഗിക്കുന്നത്‌. തടസ്സങ്ങളും മറ്റും ഇതിലൂടെ നീങ്ങിപ്പോകുന്നു എന്നാണ്‌ സങ്കല്പിക്കപ്പെടുന്നത്‌. ഏറ്റവും പുറത്തുളള വൃത്തത്തിൽ ഉളള വരകൾ ശൂലമുനകളെ പ്രതിനിധീകരിക്കുന്നു. ദുഷ്‌ടശക്‌തികളുടെ കളത്തിലേയ്‌ക്കുളള കടന്നു കയറ്റം തടയുന്നതിനാണിവ. കളത്തിനുപുറത്ത്‌ ഇടത്തുംവലത്തും സ്വസ്തി വരയ്‌ക്കാറുണ്ട്‌. ഇടത്‌ സ്വസ്തി ആരാധ്യദേവനായും വലത്‌ സ്വസ്‌തി ഗണപതിയ്‌ക്കായും സങ്കൽപ്പിക്കുന്നു. രാത്രി കാലത്താണ്‌ പൂജ നടത്തുന്നത്‌. പൂജയ്‌ക്ക്‌ ശേഷം കളംമായ്‌ച്‌ അവശിഷ്‌ടങ്ങൾ ഭൂമിയ്‌ക്കടിയിൽ നിക്ഷേപിക്കുകയോ ഗംഗയിൽ ഒഴുക്കുകയോ ചെയ്യുന്നു.

ആയില്യ പൂജ (നാഗപൂജ)ക്കുളള കളമെഴുത്ത്‌ തിരുവനന്തപുരത്ത്‌ സാധാരണമായി കാണപ്പെടുന്ന അനുഷ്‌ഠാനമാണ്‌ നാഗപൂജ. എല്ലാ മാസത്തിലെയും ആയില്യം നാളിലാണ്‌ ഈ പൂജ നടത്തിവരുന്നത്‌. അതിനാൽ ഇത്‌ ആയില്യംപൂജ എന്നറിയപ്പെടുന്നു. ചതുരാകൃതിയിലാണ്‌ ഈ പൂജയ്‌ക്ക്‌ ആവശ്യമായ കളം വരയ്‌ക്കുന്നത്‌. അരിപ്പൊടിയും മഞ്ഞൾപ്പൊടിയും മാത്രമേ ഇത്‌ ഉപയോഗിക്കാറുളളൂ. ചതുരത്തിൽ പതിനാറ്‌ കളങ്ങളുണ്ട്‌. ഇതിൽ ഓരോ കളത്തിന്റെയും കിഴക്ക്‌ അരിപ്പൊടി പടിഞ്ഞാറ്‌ മഞ്ഞൾപ്പൊടി എന്ന ക്രമത്തിലാണ്‌ വർണ്ണങ്ങൾ കൊടുക്കുന്നത്‌. ഓരോ കളത്തിന്റെയും വശങ്ങളിൽ വരകൾ മറയത്തക്കവിധം ചെറുതായി കീറിയ വാഴപ്പോളവയ്‌ക്കുന്നു. തുടർന്ന്‌ ഓരോന്നിലും അരിയും നെല്ലുംകൂടാതെ 16 വീതം പ്ലാവിലയും മാവിലയും വച്ചശേഷം പൂജ ആരംഭിക്കുന്നു. പാല്‌, മഞ്ഞൾപ്പൊടി, കരിക്ക്‌, പനിനീര്‌, തേൻ, പടറ്റിക്കായ്‌ എന്നിവ പാളയിൽ ചേർത്ത്‌ ഉണ്ടാക്കുന്ന നീർമധു (നൂറും പാലും) കളങ്ങളിൽ ഇറ്റിക്കുകയും ബാക്കി പ്രസാദമായി നൽകുകയും ചെയ്യും ഒടുവിൽ കളങ്ങളിൽ കർപ്പൂരം കത്തിക്കുന്നതോടെ ചടങ്ങ്‌ അവസാനിക്കുന്നു. എല്ലാ മാസത്തിലും ആയില്യം നാളിൽ നടത്തുന്ന ഈ പൂജ യുവതികൾക്ക്‌ സർപ്പശാപം മൂലമുണ്ടാകുന്ന ദോഷങ്ങൾ അകറ്റാനും സന്താനലബ്‌ധിക്കുമായിട്ടാണ്‌. കേരളീയരുടെ ചിത്രകലാപാരമ്പര്യവുമായി ബന്ധമുളള കളമെഴുത്ത്‌ വർണ്ണങ്ങളുടെ വിവിധ അനുപാതത്തിലുളള പ്രയോഗം കൊണ്ട്‌ ആകർഷണീയങ്ങളാണ്‌.

പറഞ്ഞുതന്നത്‌ഃ- ഈശ്വരൻപോറ്റി (48), കണ്ണൻകോട്‌ മഠം, ഇരിഞ്ചയം പി.ഒ., നെടുമങ്ങാട്‌.

മഞ്ജുഷ ജി.എസ്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.