പുഴ.കോം > നാട്ടറിവ് > കാലം > കൃതി

കളം തുണ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബക്കർ എടക്കഴിയൂർ

കളം

‘ചുമരാണ്‌ ചിത്രരചനയ്‌ക്ക്‌ ആദ്യമുണ്ടാവേണ്ടത്‌’ എന്ന ഉദ്‌ബോധനമാണല്ലോ ‘ചുമരുണ്ടെങ്കിലേ ചിത്രമെഴുതാവൂ’ എന്ന മൊഴിക്കാധാരം. സാക്ഷാൽ ലക്ഷ്മണരേഖയാണെന്നു തോന്നുന്നു ആദ്യത്തെ ‘കളം’. ചുറ്റും വരച്ചിട്ട വൃത്തം ജനകപുത്രിയുടെ സുരക്ഷിതമേഖലയായിരുന്നു. വൃത്തംതന്നെ കളം. കളത്തിൽനിന്നു പുറത്തായാൽ കഷ്‌ടനഷ്‌ടം, പരാജയം, മാനഹാനി. മനുഷ്യൻ പിച്ചവയ്‌ക്കാറായത്‌ ‘കളിക്കള’ത്തിലായിരുന്നു.

കക്ക്‌ കളിഃ ചിലേടത്തു ‘വട്ടുകളി’ എന്നുപേർ. ഉടഞ്ഞ മൺപാത്രക്കഷണം തറയിലുരച്ചു വൃത്താകൃതിയാക്കിയതാണ്‌ ‘കക്ക്‌’ അഥവാ ‘വട്ട്‌’. കക്ക്‌ കളിക്കാൻ കളം വേണം. മുറ്റത്തെ പൂഴിയിൽ കാൽപാദം കൊണ്ട്‌ നീളത്തിൽ മൂന്നുവര. കുറുകെ അഞ്ചുവര. എട്ടുക്കളം. ഒരാൾക്ക്‌ ചാടിവന്നു നിൽക്കാനുളള വിസ്താരത്തിൽ എട്ടുകളമാക്കി വരച്ചതിൽ ഇടത്‌-മുകൾ-ഭാഗത്ത്‌ ഗുണനചിഹ്‌നമിട്ടത്‌ ‘മൂലക്കളം’. താഴെ വലതുഭാഗത്തെ കളത്തിൽനിന്നു തുടക്കം. ഒന്നാമത്തെ കളത്തിലേയ്‌ക്ക്‌ കക്ക്‌ എറിഞ്ഞ്‌ പ്രസ്തുത കളത്തിലേയ്‌ക്ക്‌ ഒറ്റക്കാലിൽ (കൊച്ചംകാൽ) ചാടണം. ഉയർത്തിപ്പിടിച്ച കാല കളത്തിൽ തട്ടാതെ കക്ക്‌ കൈ കൊണ്ടെടുത്ത്‌ അടുത്തടുത്ത കളങ്ങളിലൂടെ ചാടിച്ചാടി മൂലക്കളത്തിലെത്തിയാൽ രണ്ടുകാലും ഊന്നിനിന്ന്‌ ആശ്വസിക്കാം. വീണ്ടും കക്ക്‌ സ്‌റ്റാർട്ടിംഗ്‌ പോയന്റായ പുറത്തേയ്‌ക്ക്‌ മടക്കിഎറിഞ്ഞ്‌ കൊച്ചംകുത്തിവന്ന്‌ ഒടുവിലെ കളത്തിൽ നിന്ന്‌ കക്കിന്റെ മുകളിലേയ്‌ക്ക്‌ വട്ടെറിയുന്നു. ചാടിച്ചാടി ചെല്ലുന്നു, കക്കെടുക്കുന്നു, ചാടുന്നു, മൂലക്കളത്തിൽനിന്ന്‌ ആശ്വസിച്ച്‌ തുടക്കസ്‌ഥലത്തേയ്‌ക്ക്‌ കക്കെറിഞ്ഞ്‌ വീണ്ടും മൂന്നുകളം ചാടിവന്ന്‌ ഒടുവിൽ കക്കിന്റെ മുകളിൽ കാൽ പതിപ്പിച്ചാൽ, ‘രണ്ട്‌. ഇങ്ങനെ ഏഴു കളങ്ങളും വിജയപൂർവ്വം തരണം ചെയ്‌താൽ ’കളം ഒന്ന്‌‘ അതായത്‌ ഒരു ജയം.

ചെറിയ ഓട്ടവും ചാട്ടവും പിന്നിട്ട്‌ നന്നായി ഓടുകയും ചാടുകയും ചെയ്യുന്ന ദശയിൽ ’ഉപ്പും പക്ഷിയും‘, ’കിളിമാസ്‌‘ എന്നും ചിലേടത്തു പറഞ്ഞുവരുന്ന ’ഉപ്പും പക്ഷി‘കളിയുടെ ആധാരവും ’കളം‘ തന്നെ. കളത്തിലൂടെ ചാടിക്കടന്നുപോയി ഉപ്പെടുത്തുമടങ്ങുന്നവരെ കൊത്താൻ നിൽക്കുന്ന പക്ഷി ഓടുന്ന നേർവര കൂടാതെ കളിയംഗങ്ങളുടെ എണ്ണത്തിനനുസരിച്ച്‌ കളങ്ങളും വർദ്ധിപ്പിക്കാം. അബദ്ധത്തിലെങ്കിലും കളത്തിനു പുറത്തായാൽ തോറ്റു. ’തൊപ്പി‘.

ഇന്ന്‌ ’ചെസ്സായി‘ വിലസുന്ന പഴയ ചതുരംഗക്കളിയിലെ ’കരു‘വിനെ ഉന്തി നീക്കേണ്ടത്‌ ഏതു കളത്തിലൂടെയെന്ന്‌ കണവന്‌ സൂചന നൽകിയ ഉറക്കുപാട്ട്‌ നാട്ടറിവിൽ മുന്തി നിൽക്കുന്നുണ്ടെങ്കിലും ഗ്രാമത്തെ ഒന്നാകെ അന്ന്‌ ലഹരിപ്പിടിപ്പിച്ചിരുന്നത്‌ തോറ്റാൽ തൊപ്പി ഇടേണ്ടി വരുന്ന ’പകിട‘. വർത്തുളാകൃതിയിൽ ’ഓടി‘ൽ വാർത്തു വശങ്ങളിൽ നേരിയ പുളളികളാൽ അക്കങ്ങൾ അടയാളപ്പെടുത്തിയ രണ്ടു പകിടമണികൾ കൂട്ടിത്തിരുമ്മി നിലത്തുരുട്ടിയെറിഞ്ഞ്‌, ചലനം നിൽക്കുമ്പോൾ മുകൾഭാഗത്തെ അക്കങ്ങൾക്കൊത്ത എണ്ണം ’കള‘ത്തിൽ ’കരു‘ വെച്ചു ജയിക്കണം.

നാലു പാർശ്വങ്ങളിലേയ്‌ക്കും കളങ്ങൾ ഉളള പകിട കളിയുടെ കളം പോലെയാണ്‌ ’പഞ്ചീസ്‌‘ എന്ന കവിടി (കക്ക)കളിയും. കൈവെളളയിൽ ആറ്‌ കവിടിവെച്ച്‌ മേലോട്ടെറിഞ്ഞു വീഴുന്നവയിൽ കമിഴ്‌ന്നതും മലർന്നതും നോക്കി എണ്ണം കണക്കാക്കുന്നു. അതിനനുസൃതമായി ’കള‘ത്തിൽ കരുവെച്ച്‌ ജയാപജയങ്ങൾ തീരുമാനിക്കുന്നത്‌ പഞ്ചീസ്‌കളി. അഞ്ചു കവിടികളെറിഞ്ഞു വീഴുന്നതു കണക്കാക്കി കരുക്കൾ നീക്കുന്ന ’തായംകളി‘യുടെ ’കളം‘ വ്യത്യസ്തം. ’അഞ്ചുവര‘ എന്നും പേർപറയുന്ന തായം കളിക്കളം ’അഞ്ചു‘ എണ്ണങ്ങളിലാണ്‌ അധിഷ്‌ഠിതം. ഗ്രാമീണവിനോദങ്ങളായ പകിട, പഞ്ചീസ്‌, തായംകളികളുടെ ജയംമാത്രമല്ല, പരാജയവും സസന്തോഷം സ്വീകരിക്കപ്പെട്ടപ്പോൾ ഉൽസവസ്‌ഥലങ്ങളിൽ ഒരു ചൂഷണഭാഗ്യമായ ’ആനമയിൽ ഒട്ടകം‘ കളിയുടെ മർമ്മവും ’കളം‘.

കുതിര, മയിൽ, ഒട്ടകം, ആന എന്നിങ്ങനെയുളള ആറ്‌ പക്ഷിമൃഗാദികളുടെ വലിയ വർണ്ണചിത്രങ്ങൾ വരച്ചകളങ്ങളിൽ നിശ്ചിതസംഖ്യ പ്രേക്ഷകരായ കളിക്കാർ വയ്‌ക്കണം. മുഴുവൻ കളങ്ങളിലും കാശുതികഞ്ഞാൽ അടുക്കിവച്ച കവറുകളിൽ ഒന്നെടുത്തു കളിക്കാരൻ തുടക്കും. കളത്തിലെ ചിത്രങ്ങളുടെ ചെറിയ രൂപം ഉൾകൊളളുന്ന പ്രസ്തുത കവറിൽ ഏതു ജീവിയുടെ ചിത്രമാണോ ഉണ്ടായത്‌ അവയുടെ കളത്തിൽ കാശുവച്ചിട്ടുണ്ടായിരുന്നവർക്ക്‌ ഇരട്ടി കിട്ടും. ഈ ഇരട്ടിപ്പിൽപെട്ട്‌ ഉളളതും പോയ നൈരാശ്യം, നാണക്കേടോടെ മിക്കവരും ഉൾവലിയുമ്പോൾ ആവുന്നത്ര കാശുവീണ്ടും വീഴ്‌ത്താനുളള പ്രോൽസാഹനമായി കളിക്കാരൻ ഉച്ചത്തിൽ പറയുന്നുണ്ടാകും, “രണ്ടു കളം കാലി, രണ്ടു കളം കാലി” എന്ന്‌. സീതാരക്ഷയായ ലക്ഷ്മരേഖതൊട്ട്‌ ആനമയിലൊട്ടകത്തിന്റെ ചൂഷണം വരെയുളളതൊക്കെ വരച്ചുണ്ടാക്കുന്ന കളങ്ങളേക്കാൾ തികച്ചും വ്യത്യസ്തമാണ്‌ മുറ്റത്തുണ്ടാക്കുന്ന കളങ്ങൾ. ’നാളെ കളം വടിക്കണം‘ കൃഷിയിടം നോക്കി വന്ന കാരണവർ പറഞ്ഞാൽ വീട്ടിലാകെ സന്തോഷം. കൊയ്‌തുവരുന്ന നെൽക്കറ്റ വയ്‌ക്കാൻ മുറ്റത്തെ പൂഴിനീക്കി കളിമണ്ണ്‌ കൊണ്ട്‌ മെഴുകി ഉണക്കിയിടണം. ഒരു താൽക്കാലിക പ്ലാറ്റ്‌ഫോം. നാട്ടറിവിലെ ’നൻമനിറഞ്ഞ‘ കളം ഇതാണെന്നു പറയാം.

കുപ്രശസ്തമായ ഒരു കളവും ഉണ്ടായിരുന്നു, ’യുദ്ധക്കളം‘. ശോണവർണ്ണത്തിൽ മുങ്ങിയ യുദ്ധക്കളം നിറത്തിലല്പവും പഞ്ഞം കാണിക്കുന്നില്ല. പ്രസ്തുത ചോര, ധീരവീര മൃത്യുവരിച്ചതോ ആർക്കാനും ചാവേർ ചത്തൊടുങ്ങിയതോ എല്ലാം കാലത്തിന്റെ നാട്ടറിവുകൾ. നവം നവങ്ങളായ ആയുധങ്ങളാൽ സമ്പന്നമാണ്‌ ഇപ്പോഴത്തെ യുദ്ധമെങ്കിലും പ്രസ്തുത പഴയ യുദ്ധക്കളം എന്ന്‌ തീർത്തും ഇല്ലാതായി, അഥവാ, വിശ്വമാകെ ഒരു കളമാക്കിയാലും മാരക രാസാണുക്കൾ വിതറുന്ന നാശം അതിലൊതുങ്ങാത്തതാകയാൽ പ്രപഞ്ചമാകെത്തന്നെ ഇന്നത്തെ ’യുദ്ധക്കളം‘. നിറത്തിന്റെ നാട്ടറിവിൽ വ്യക്തമായ ഒരു വ്യതിയാനവും അത്‌ വരുത്തുന്നു. ’ചാരം ചോരയ്‌ക്കു പകരം ചാരം‘. എന്തും എങ്ങും ചാരമായിക്കിടക്കുന്ന ’കരാളകളം‘.

ഒടുവിൽ ’തുണ‘. ’കളം‘ എന്ന്‌ അറിയപ്പെടാത്തതും ഒരുകളം (രേഖ) പോലെ രക്ഷിക്കുന്നതുമാണ്‌ ’തുണ‘. 40 ദിവസം ശുശ്രൂഷകളേറ്റു കിടക്കുന്ന മുസ്ലീം സ്‌ത്രീയുടെയും കുഞ്ഞിന്റേയും തലയ്‌ക്കുമുകളിലൊരു നൂലിൽ കെട്ടിത്തൂക്കുന്ന ചെറിയൊരു കടലാസ്‌. ദുർദേവതകളായ ശൈത്താൻമാരെ അകറ്റാൻ മാലാഖപ്രമുഖരായ ജിബ്‌രീൽ, മീക്കാഈൽ, ഇസ്‌റാഫീൽ, അസ്‌റാഈൽ എന്നിവരുടെ നാമങ്ങൾ ഒരുകളംപോലെ എഴുതിയത്‌ ’തുണ‘.

ബക്കർ എടക്കഴിയൂർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.