പുഴ.കോം > നാട്ടറിവ് > കാലം > കൃതി

പടയണിക്കോലങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിനോദ്‌ ഇ.ആർ.

കളം

മദ്ധ്യതിരുവിതാംകൂറിലെ ഒരു അനുഷ്‌ഠാനകലാരൂപമാണ്‌ പടയണി. പ്രകൃതിയും മനുഷ്യനും തമ്മിലുളള ബന്ധം ഈ കലാരൂപത്തിൽ വ്യക്തമായി കാണാം. പ്രകൃതിജനയവിഭവങ്ങളാണ്‌ പടയണിയുടെ ആഹാര്യാംശങ്ങളാകുന്നത്‌. കിരീടവും മുഖപ്പാളയും നെഞ്ചിലെയും അരയിലെയും ഒക്കെ ആഭരണങ്ങളും നിർമ്മിക്കുന്നത്‌ പാളകൊണ്ടാണ്‌. പാളക്കോലം വച്ചുകെട്ടി, തപ്പുകൊട്ടി പാടിവിളിക്കുമ്പോൾ അദൃശ്യരായ ദേവതകൾ തങ്ങളുടെ ആവാസസ്‌ഥാനങ്ങളിൽനിന്നും കോലങ്ങളിലെത്തുകയും ഭക്തരുടെ പൂജാബലികൾ ഏറ്റുവാങ്ങി സംതൃപ്തരായി അവരെ അനുഗ്രഹിച്ച്‌ തിരികെ പോവുകയും ചെയ്യുന്നു. മനുഷ്യൻ ദേവതയാവുകയും ദേവത മനുഷ്യനാവുകയും ചെയ്യുന്ന ഈ അനുഷ്‌ഠാനകലാരൂപത്തിൽ പാളക്കോലങ്ങൾക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌.

ചെത്തിമിനുക്കിയ പച്ചപ്പാളയിലാണ്‌ കോലമെഴുതുന്നത്‌. കുരുത്തോല മടൽ പാകത്തിന്‌ മുറിച്ച്‌ അറ്റം ചതച്ച്‌ ചായക്കോലുകളുണ്ടാക്കുന്നു. ചുവപ്പ്‌, പച്ച, മഞ്ഞ, കറുപ്പ്‌, വെളള എന്നീനിറങ്ങളാണ്‌ കോലമെഴുത്തിന്‌ ഉപയോഗിക്കുന്നത്‌. പച്ചപ്പാളയിലെ ജലാംശം നിറങ്ങളെ ഉളളിലേയ്‌ക്കു വലിച്ചെടുക്കുന്നതിനാൽ ചായംപെട്ടെന്ന്‌ മാഞ്ഞുപോകുന്നില്ല. ചുവപ്പുനിറത്തിന്‌ ചെങ്കല്ല്‌ ഇടിച്ചുപൊടിച്ചെടുക്കുന്നു. മഞ്ഞയ്‌ക്ക്‌ മഞ്ഞൾ വർഗ്ഗത്തിൽപെട്ട ചണ്ണച്ചെടിയുടെ കിഴങ്ങ്‌ ഇടിച്ചുപിഴിഞ്ഞെടുക്കുന്നു. കറുപ്പ്‌ നിറത്തിന്‌ ചിരട്ടക്കരിയോ മാവിലക്കരിയോ ഉണക്കവാഴയിലക്കരിയോ അരച്ചെടുക്കുന്നു. പച്ചപ്പാള ചെത്തുമ്പോൾ കിട്ടുന്നതാണ്‌ വെളളനിറം. ചെത്താത്ത പാളയുടെ നിറംതന്നെയാണ്‌ പച്ചയ്‌ക്കുപയോഗിക്കുന്നത്‌. ചിരട്ടകളിലോ പാള കോട്ടിയുണ്ടാക്കുന്ന പാത്രങ്ങളിലോ നിറങ്ങൾ സൂക്ഷിക്കുന്നു.

ഗണക സമുദായത്തിൽപെട്ടവരാണ്‌ കോലം എഴുതിയിരുന്നതെങ്കിലും ഇപ്പോൾ നായൻമാരും മറ്റുചില സമുദായക്കാരും എഴുതാറുണ്ട്‌. പടയണിയിൽ ഉപയോഗിക്കുന്ന പഞ്ചവർണ്ണങ്ങൾ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ്‌ ആശാൻമാർ പറയുന്നത്‌. ചുവപ്പ്‌ ഭൂമിയേയും പച്ച ജലത്തേയും മഞ്ഞ അഗ്‌നിയേയും (സൂര്യൻ) കറുപ്പ്‌ ആകാശത്തേയും വെളള വായുവിനേയും പ്രതിനിധാനം ചെയ്യുന്നുവത്രേ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നിറം കറുപ്പും കുറച്ച്‌ ഉപയോഗിക്കുന്നത്‌ മഞ്ഞയും ആണ്‌.

ദേവതകൾക്കുളള കോലങ്ങൾ പടയണി ദിവസംതന്നെയാണ്‌ തയ്യാറാക്കുന്നത്‌. കോലമെഴുതി തുടങ്ങുന്നതിനും വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത ചടങ്ങുകളുണ്ട്‌. എഴുത്തുകൾക്ക്‌ പേരുകളുണ്ട്‌. പിണർപാമ്പ്‌, കുറ്റിനാഗം, പിരിനാഗം, മന്ദാരം, കമത്ത്‌, പീലിക്കണ്ണ്‌, മംഗളലത എന്നിവ ഭൈരവിക്കോലത്തിനുളള എഴുത്തുരീതികളാണ്‌. പല പാളകളിലായി എഴുതുന്ന കോലങ്ങൾ ഈർക്കിലികൊണ്ട്‌ തയ്‌ച്ചുപിടിക്കുന്നു. വലിയകോലങ്ങൾ ചട്ടങ്ങളിൽ ഉറപ്പിക്കുന്നു. കോലത്തിന്റെ വലിപ്പമനുസരിച്ച്‌ പാളകളുടെ എണ്ണം കൂടുന്നു. 16 മുതൽ 1001 പാളവരെ ഭൈരവിക്കോലത്തിനുപയോഗിക്കുന്നു. 1001 പാള ഉപയോഗിക്കുന്ന ചട്ടത്തേക്കോലം ചാടിൽ ഉരുട്ടിക്കൊണ്ടുപോവുന്നു. കോലങ്ങൾ തലയിലുറപ്പിക്കാൻ പച്ചപ്പാളകൊണ്ട്‌ ഒരു കൂമ്പൻതൊപ്പിയുണ്ടാക്കുന്നു. തലയിലേറ്റുന്ന വലിയ കോലങ്ങൾ താങ്ങാൻ രണ്ടുകൈകളും ഉപയോഗിക്കുന്നതിനാൽ കൈചലനങ്ങൾ തുളളലിൽ അസാദ്ധ്യമാണ്‌.

ആദ്യം തുളളാൻ വരുന്നത്‌ ഗണപതിക്കോലമാണ്‌. പിന്നീട്‌ പിശാച്‌ വരുന്നു. ആമ്പിശാച്‌, പെമ്പിശാച്‌, അളളുപിശാച്‌, മുളളുപിശാച്‌, എരിപ്പിശാച്‌, പാറപ്പിശാച്‌, മരപ്പിശാച്‌ എന്നിങ്ങനെ പിശാചുക്കൾ പലരീതിയിലുണ്ട്‌. പാളക്കോലങ്ങളിൽ ഭൂരിപക്ഷവും സ്ര്തീദേവതകളാണ്‌. അമ്മ ദേവതകളിലൊന്നാണ്‌ മറുതാ. വസൂരിദേവതയായ മറുതാ ഇഷ്‌ടക്കേടുവന്നാൽ മനുഷ്യരുടെ ശരീരത്തിൽ രോഗം വാരിവിതറും. ഈ കോലം തുളളിക്കുന്നതോടെ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും വസൂരിബാധയിൽനിന്നും മോചനം ലഭിക്കുന്നു എന്ന്‌ കൂട്ടായ്‌മ വിശ്വസിക്കുന്നു. ദാരികാസുരനിഗ്രഹശേഷം കൈലാസത്തിലേയ്‌ക്കുപോയ ഭദ്രകാളിയെ വസൂരിവാരിയെറിഞ്ഞ്‌ ദണ്‌ഡിപ്പിച്ച മറുത ദാരികാസുരന്റെ ഭാര്യയാണെന്നാണ്‌ സങ്കൽപം. ചൂട്ടുകറ്റ, വടി, വീശുപാള, മുറം എന്നിവ കൈയിലുണ്ടായിരിക്കും. കരിമറുത, കാലകേശിമറുത, ഈശാന്തൻമറുത, പണ്ടാരമറുത, നീലകേശിമറുത, പച്ചമറുത എന്നിങ്ങനെ മറുതകൾ പലതരത്തിലുണ്ട്‌.

തപ്പിന്റെ താളത്തിനനുസരിച്ച്‌ തളളമറുത ഒരു വീട്ടമ്മയെപ്പോലെ മുറ്റമടിക്കുകയും നെല്ല്‌ വിവിധപ്രക്രിയകളിലൂടെ അരിയാക്കുകയും മുടികോതുകയും ഒക്കെ ചെയ്യുന്നു. തളളമറുത വിളിക്കുമ്പോൾ കുറേ പിളളമറുതകൾ വരുന്നു. തളളമറുതയുടെ സ്നേഹവാൽസല്യങ്ങളെ ഇവരിൽ ചിലർ ഹാസ്യാത്‌മകമായി അനുകരിക്കുന്നു. മുഖപ്പാള വയ്‌ക്കാതെ കരിതേച്ച്‌, കണ്ണുംകുറിയും, എകിറും പല്ലുമായി മറുത വരാറുണ്ട്‌. മുഖപ്പാള വയ്‌ക്കുമ്പോൾ അതിന്റെ മുകൾഭാഗം കീറിവെട്ടുന്നു. ഇത്‌ ജട എന്ന സങ്കല്പത്തിലാണ്‌. നടുവിലത്തേതിന്‌ ഇരു ഭാഗങ്ങളിലേയ്‌ക്കുമായി മൂന്നുവീതം കീറലുകൾ ഉണ്ടായിരിക്കും. കീറുമ്പോൾ നടുഭാഗം ഉൾപ്പെടെ എല്ലാ ശാഖകളും കൂട്ടുമ്പോൾ ഒറ്റസംഖ്യവരണം എന്ന്‌ നിർബന്ധമുണ്ട്‌. കോലത്തിൽ കറുപ്പ്‌ വൃത്തത്തിനുളളിൽ ചുവന്നപൊട്ട്‌ വരയ്‌ക്കാറുണ്ട്‌. ഇത്‌ കുറേയേറെ എണ്ണം മുഖത്തുണ്ടാകും. വസൂരിക്കല എന്ന സങ്കല്പത്തിലാണിത്‌ ചെയ്യുന്നത്‌. കണ്ണ്‌ അണ്‌ഡാകൃതിയിലായിരിക്കും. വൃത്താകൃതിയിൽ മുറിച്ചുകളയുന്ന കൃഷ്‌ണമണിയിലൂടെയാണ്‌ തുളളക്കാരന്റെ കാഴ്‌ച. നെറ്റിയിൽ വലിയ പൊട്ടുണ്ടാകും. വലിയ മൂലകളുളള നെഞ്ചുമാല ഉണ്ടായിരിക്കും. അരയിൽ കുരുത്തോലപ്പാവാടയോ ഇലകളോ ഉപയോഗിക്കുന്നു. മറുതയ്‌ക്ക്‌ മഞ്ഞനിറം സാധാരണ ഉപയോഗിക്കാറില്ല. താഴേയ്‌ക്കുനീളുന്ന നാവും മുകളിലേയ്‌ക്കു വളഞ്ഞുപോകുന്ന ദംഷ്‌ട്രയുമുണ്ട്‌. വാൽസല്യം, ഹാസ്യം, ഭക്തി എന്നീ ഭാവങ്ങൾ കോലം തുളളലിലുണ്ട്‌. പടേനിപ്പാട്ടിൽ ഇങ്ങനെ കാണാം.

“കാഞ്ഞിരമാലയണിന്തവൾ നീയേ കാഞ്ഞിരത്തേക്കുടികൊൾവവൾ നീയേ

നെറ്റീച്ചന്ദനം തൊടുവവൾ നീയേ യവ്വരിയാടയുടുപ്പവൾ നീയേ

കുത്തിയുതിരം കുടിപ്പവൾ നീയേ കുടൽകൊണ്ടു മാലയണിന്തവൾ നീയേ

വാളു വലങ്കയ്യിൽക്കൊൾവവൾ നീയേ കോളിയിടങ്കയ്യിൽ കോൾവവൾ നീയേ...”

മറുതയ്‌ക്ക്‌ ഒരു മുഖം മാത്രമുളളപ്പോൾ മറ്റു ചില കോലങ്ങൾക്ക്‌ ഒന്നിലേറെ മുഖങ്ങളുണ്ട്‌. ഭൈരവിക്കോലത്തിന്‌ ഏറ്റവും മുകളിൽ ഒരു നാഗത്തലയുണ്ട്‌. ഇതിന്റെ ഉടൽ രണ്ടായിപിരിഞ്ഞ്‌ ഇരു വശത്തേയ്‌ക്കും നീളുന്നു. ഇതിനു താഴെയുളള മുഖം കിമ്പിരിയാണ്‌. പിന്നെ ചുണ്ടാൻ, പച്ചമുഖം, കൃഷ്‌ണമുടി എന്നിങ്ങനെ പോകുന്നു മുഖങ്ങൾ. ഇവയ്‌ക്കു രണ്ടുവശങ്ങളിലുമായി ചുഴിപ്പ്‌ എന്നറിയപ്പെടുന്ന അനേകം മുഖങ്ങ കാണാം. ഏറ്റവും താഴെയാണ്‌ കോലക്കാരന്റെ മുഖംമൂടി. ഭൈരവിക്ക്‌ കാതിൽ ആനയും സിംഹവും ഉണ്ടായിരിക്കും. എന്നാൽ കാഞ്ഞിരമാലയ്‌ക്ക്‌ പൂവുകളാണുളളത്‌. നെഞ്ചുമാലയിൽ സർപ്പക്കെട്ട്‌ ഉണ്ടായിരിക്കും. നിണഭൈരവിക്ക്‌ ചുവപ്പുനിറം പ്രധാനമാണ്‌. ഇരുട്ടിൽ ചൂട്ടുകറ്റകളുടെ വെട്ടത്തിൽ ചുവപ്പ്‌, മഞ്ഞ വർണ്ണങ്ങൾ സൗന്ദര്യാത്‌മകമായി യോജിപ്പിച്ച പടയണിക്കോലങ്ങൾ കണ്ണുകൾക്ക്‌ തീവ്രാനുഭൂതിയാണ്‌ നൽകുന്നത്‌. കാലൻകോലത്തിന്റെ രൂപഭാവങ്ങൾ ഭീകരത പ്രദർശിപ്പിക്കും. ഇതിന്റെ പാട്ട്‌ മാർക്കണ്‌ഡേയ ചരിതമാണ്‌. ഭീകരത തോന്നിക്കുന്ന മറ്റൊരു കോലമാണ്‌ കാലയക്ഷിയുടേത്‌. പടയണിയിൽ മാടൻകോലങ്ങൾ പലരീതിയിലുണ്ട്‌. തൊപ്പിമാടൻ, വടിമാടൻ, ചെറിമാടൻ, ചുടലമാടൻ എന്നിവ രൂപത്തിൽ വ്യത്യസ്തത പുലർത്തുന്നു. യക്ഷികളും പലരീതിയിലുണ്ട്‌. സുന്ദരയക്ഷി, അംബരയക്ഷി, അന്തരയക്ഷി, അരക്കിയക്ഷി, മായേക്ഷി, കാലയക്ഷി എന്നിങ്ങനെ. അന്തരയക്ഷിക്കോലത്തിനോട്‌ സാമ്യമുളളതാണ്‌ ഗന്ധർവ്വൻകോലം.

പുറത്തേയ്‌ക്കുനീളുന്ന നാവും വലിയ കണ്ണുകളും ദംഷ്‌ട്രയുമൊക്കെയുണ്ടെങ്കിലും പല കോലങ്ങളും ഹാസ്യഭാവമാണ്‌ പ്രദർശിപ്പിക്കുന്നത്‌. കൊച്ചുകുട്ടികളുടെ രക്ഷയ്‌ക്കായി പക്ഷിക്കോലം കെട്ടാറുണ്ട്‌. ഈ കോലത്തിന്റെ മുഖാവരണത്തിൽ പക്ഷികളുടേതുപോലെ നീണ്ടുവളഞ്ഞ ചുണ്ടുണ്ടായിരിക്കും. പക്ഷികൾ നടക്കുന്നതും കളിക്കുന്നതും പറക്കുന്നതും ഒക്കെ കോലക്കാരൻ അനുകരിക്കുന്നു. പടേനിയിലെ കുതിരയെ നിർമ്മിക്കാൻ കുരുത്തോലയും പാളയുമുപയോഗിക്കുന്നു. കുതിരയെ തുളളൽക്കാരന്റെ അരയിലുറപ്പിക്കുന്നു. തല പാളയിലാണുണ്ടാക്കാറ്‌. കുതിരക്കുളമ്പടിക്കുസമാനമാണ്‌ ഇതിന്റെ പാട്ട്‌. ചിലേടത്ത്‌ കാളകെട്ടാറുണ്ട്‌. ഇതിന്‌ തുണിയും കച്ചിയും (വൈക്കോൽ) മരംകൊണ്ടുളള കാളത്തലയും ഉപയോഗിക്കുന്നു. നായാട്ടും പടേം എന്ന അവതരണത്തിൽ പാളകൊണ്ട്‌ പന്നി, പട്ടി, കരടി തുടങ്ങിയ മൃഗങ്ങളുടെ മുഖംമൂടി പാളകൊണ്ടുണ്ടാക്കി പുല്ലും പച്ചിലകളും കൊണ്ട്‌ ശരീരം മറച്ച്‌ കളത്തിലിറങ്ങി കടിപിടി കൂടുന്ന പ്രതീതിയുണ്ടാക്കുന്നു.

പല കോലങ്ങളുടേയും മുഖപ്പാളകൾക്ക്‌ കേരളത്തിലെ ചുവർചിത്രങ്ങളോടും കളങ്ങളോടും ദാരുശില്പങ്ങളോടും സാദൃശ്യം കാണാം. പടയണിയോടനുബന്ധിച്ച്‌ കളമെഴുത്തു കുറുപ്പൻമാർ കാളിയുടെ കളമ വരയ്‌ക്കാറുണ്ട്‌. മഞ്ഞനിറത്തിന്‌ മഞ്ഞൾ ഉണക്കി ഇടിച്ച്‌ പൊടിച്ചെടുക്കുന്നു. വെളളയ്‌ക്ക്‌ അരിപ്പൊടിയും കറുപ്പിന്‌ മാവിലയോ ഉമിയോ കരിച്ചതും പച്ചയ്‌ക്ക്‌ വാകയില ഉണക്കിപ്പൊടിച്ചതും ചുവപ്പിന്‌ അരിപ്പൊടിയും മഞ്ഞപ്പൊടിയും പ്രത്യേകാനുപാതത്തിൽ കലർത്തിയും ഉപയോഗിക്കുന്നു. കോലംതുളളലിന്റെ അവസാനം ദേവതയുടെ മുന്നിൽ ഭക്തിപുരസ്സരം കാണിച്ച പ്രവൃത്തികളിൽ അറിഞ്ഞോ അറിയാതെയോ പറ്റിയ തെറ്റുകൾക്ക്‌ മാപ്പ്‌ ചോദിക്കുന്നുണ്ട്‌. കോലത്തിലെ തെറ്റിയ വരകൾക്കും പാട്ടിലെയും കൊട്ടിലെയും ചുവടിലെയും പിഴകൾക്കും പേരറിയാതെ പാടിവിളിച്ചതിനും എല്ലാം മാപ്പുചോദിച്ച്‌ കാത്തുരക്ഷിക്കണേ എന്നു പ്രാർത്ഥിക്കുന്നു.

വിനോദ്‌ ഇ.ആർ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.