പുഴ.കോം > നാട്ടറിവ് > കാലം > കൃതി

മന്ത്രവാദക്കളങ്ങൾ; മഹാസുദർശനചക്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി. രഞ്ഞ്‌ജിത്‌കുമാർ

കളം

വേട്ടയാടി ജീവിച്ച മനുഷ്യനുനേരെ പ്രകൃതിനടത്തുന്ന അവിചാരിതമായ ആക്രമണങ്ങളെ ചെറുക്കുവാനും അതിൽനിന്ന്‌ മോചനം നേടുവാനും പ്രാചീന മനുഷ്യൻ കണ്ടുപിടിച്ച ഒരു വിദ്യയാണ്‌ മന്ത്രവാദമെന്ന്‌ ഫ്രെയ്‌സർ പറയുന്നു. പ്രാചീനമതങ്ങളെല്ലാം മന്ത്രവാദത്തെ ദേവപൂജയുടെ അനുഷ്‌ഠാനരൂപമായി കണ്ടിരുന്നു. ഭാരതത്തിലെ മന്ത്രവാദത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിന്റെ ആദ്യസൂചനകൾ ഋഗ്വേദത്തിൽ തുടങ്ങുന്നുവെന്നു കാണാം. കേരളത്തിൽ, ബ്രാഹ്‌മണാധിപത്യം ആരംഭിക്കുന്നതിനു മുമ്പുതന്നെ മന്ത്രവാദം പ്രചരിച്ചിരുന്നുവെന്ന്‌ സംഘകാലസാഹിത്യം തെളിവുനൽകുന്നു. ഇന്ന്‌, മന്ത്രവാദത്തിന്‌ പഴയ പ്രാചുര്യവും പ്രാബല്യവും ഇല്ലെങ്കിലും നിലനിൽക്കുന്നുണ്ട്‌.

പ്രധാനമായും വൈഷ്‌ണവം, ശാക്തേയം, ശൈവം എന്നിങ്ങനെ മൂന്നുവിധത്തിലുളള മന്ത്രവാദരീതികളാണ്‌ നിലവിലുളളത്‌. ഇതിലൂടെ ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നീ ഷഡ്‌കർമ്മങ്ങളാണ്‌ നിർവ്വഹിക്കപ്പെടുന്നത്‌. മന്ത്രവാദം നടത്തുന്നതിനായി നിരവധി മന്ത്രവാദക്കളങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌. മന്ത്രവാദിയുടെ ജാതിക്കും മന്ത്രവാദത്തിന്റെ സ്വഭാവത്തിനും അനുസരിച്ച്‌ ഇതിന്‌ ചെറിയ മാറ്റങ്ങൾ വരുന്നതായി കാണാം. മന്ത്രവാദക്കളങ്ങളധികവും പഞ്ചവർണ്ണങ്ങൾകൊണ്ടാണ്‌ ഉണ്ടാക്കുന്നത്‌. വെളള, മഞ്ഞ, പച്ച, കറുപ്പ്‌, ചുവപ്പ്‌ എന്നീ നിറങ്ങളാണ്‌ ഇതിനുപയോഗിക്കുന്നത്‌. വെളളനിറം അരിപ്പൊടി, മഞ്ഞനിറം മഞ്ഞൾപ്പൊടി, പച്ചനിറം കുറുക്കുട്ടി ഇല പൊടിച്ച്‌ ഉണക്കിയതുകൊണ്ടും (മയിൽക്കൊന്ന ഇലയും ഉപയോഗിക്കുന്നു) കറുപ്പ്‌ നിറം ഉമിക്കരികൊണ്ടും ചുവപ്പ്‌ നിറം മഞ്ഞളും ചുണ്ണാമ്പും ചേർത്ത മിശ്രിതംകൊണ്ടും ആണ്‌ ഉണ്ടാക്കുന്നത്‌.

ഓരോ മന്ത്രവാദിക്കും ഓരോ ഉപാസനാമുർത്തിയുണ്ടാകും. ആ മൂർത്തിയെ മുൻനിർത്തിയാണ്‌ കളം വരച്ചുതുടങ്ങുന്നത്‌. ആദ്യം അരിപ്പൊടികൊണ്ട്‌ കളത്തിന്റെ ഒരുപുറം രേഖ ഉണ്ടാക്കുകയാണ്‌ പതിവ്‌. ഓരോ നിറങ്ങൾക്കും ഇന്നിന്ന ദിക്ക്‌ എന്നും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. കിഴക്ക്‌-മഞ്ഞ, പടിഞ്ഞാറ്‌-പച്ച, തെക്ക്‌-കറുപ്പ്‌, വടക്ക്‌-ചുവപ്പ്‌ എന്നിങ്ങനെയാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. അത്യന്തം ശ്രദ്ധയോടെ വരച്ചെടുക്കേണ്ട ഒരു ചിത്രകലാരൂപമാണിത്‌. കളം വരയുന്നതിൽ പിഴവുപറ്റിയാൽ മന്ത്രവാദത്തിന്റെ ഫലത്തെ അത്‌ ബാധിക്കുമെന്നാണ്‌ വിശ്വാസം. സാധാരണയായി കളങ്ങൾ, ഉപകരണങ്ങളുടെ സഹായമില്ലാതെ കൈകൊണ്ടുതന്നെ വരച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാൽ ചില മന്ത്രവാദികൾ രേഖകൾ വരയ്‌ക്കുവാനായി തെങ്ങിൻ പാന്താടയും വൃത്തം വരയ്‌ക്കുവാനായി വെട്ടി രൂപപ്പെടുത്തിയ കുരുത്തോലയും ഉപയോഗിക്കുന്നുണ്ട്‌. നമ്പൂതിരി, മലയർ വിഭാഗത്തിൽ പെട്ട മന്ത്രവാദികൾ കളങ്ങൾ വരയ്‌ക്കുന്നതിൽ അഗ്രഗണ്യരാണ്‌.

ചെറിയ ‘മാറ്റലു’കൾക്കും (ബാധയകറ്റൽ) ഗണപതി ഹോമത്തിനും മറ്റും ഉപയോഗിക്കുന്ന ലളിതമായ ചതുരപദ്‌മം മുതൽ രോഗശാന്തി, കുടുംബരക്ഷ, സ്‌ഥലരക്ഷ തുടങ്ങിയവയ്‌ക്കായുളള സങ്കീർണ്ണമായ മഹാസുദർശനചക്രം വരെ നിരവധി മന്ത്രവാദക്കളങ്ങൾ പ്രയോഗത്തിലുണ്ട്‌. ഇതേ ചിത്രങ്ങൾ തന്നെയാണ്‌ ചെമ്പുതകിടിലോ കടലാസിലോ വരച്ച്‌ മന്ത്രങ്ങളും എഴുതി യന്ത്രം, ഉറുക്ക്‌, രക്ഷ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത്‌. എന്നാൽ, ‘ദോഷപ്പണി’ എന്നും ‘മാട്ടൂട്ട്‌ മാരണം’ എന്നും മറ്റും അറിയപ്പെടുന്ന ദുർമന്ത്രവാദക്രിയകൾക്ക്‌ പൊതുവെ കളങ്ങൾ ഉപയോഗിക്കാറില്ല.

മന്ത്രവാദക്കളങ്ങളിൽ ഏറ്റവും പ്രഥിതമായ മഹാസുദർശനചക്രത്തിൽ നിരവധി ജ്യാമിതീയ രൂപങ്ങളുടെ സവിശേഷമായ വിന്യസനമാണുളളത്‌. ഇത്‌ ശക്തേയ രീതിയിൽ ഉണ്ടാക്കുമ്പോൾ ആദ്യം ബിന്ദു നിർണ്ണയിച്ച്‌ ത്രികോണവും ഷഡ്‌കോണവും വരയ്‌ക്കുന്നു. തുടർന്ന്‌ വൃത്തവും ഷഡ്‌ദളങ്ങളും ഒരുക്കുന്നു. അതിനുചുറ്റും വൃത്തമിട്ട്‌ എട്ടു ദളങ്ങളും നിർമ്മിക്കുന്നു. പിന്നെ രണ്ടു ശംഖുകൾ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഇത്‌ കൃത്യമായി വരയ്‌ക്കുവാനുളള വ്യക്തമായ മാർഗ്ഗനിർദ്ദേശം പൂർവ്വികർ നൽകുന്നുണ്ട്‌. “ബിന്ദു ത്രികോണ ഷഡ്‌ക്കോണ്‌&വൃത്തം ഷഡ്‌ദളവും തഥാ&പുനശ്ചവൃത്തം സംലീഖ്യ&തസ്മിന്നഷ്‌ടദളം ലിഖേൽ&തസ്മിൻ ശംഖദ്വയം ദൗ കുര്യാൽ&ഗുരുംസ്മൃത്വാ ബുധ പുനഃ&മാരമാല്യം ചന്ദ്രബിന്ദും&സംലിഖ്യ വിധിമേൽ പുനഃ&മഹാസുദർശന പ്രോക്തം&ഘോരവൈരി വിനാശനം.” മഹാസുദർശനചക്രം വരച്ചു തീർക്കുവാൻ ഏകദേശം ഒരു മണിക്കൂർ സമയമെടുക്കും. കളം കൃത്യമായി വരയ്‌ക്കപ്പെട്ടാൽത്തന്നെ മന്ത്രവാദത്തിന്റെ പകുതിഫലം ലഭിച്ചതായി വിശ്വസിക്കപ്പെടുന്നു. സാധാരണയായി രാത്രയിലാണ്‌ മന്ത്രവാദക്രിയകൾ നടത്തുന്നത്‌.

വൈഷ്‌ണവരീതിയിലുളള മഹാസുദർശനചക്രം വരയ്‌ക്കുന്നത്‌ ബിന്ദു, ത്രികോണം, വൃത്തം, ഷഡ്‌കോണം, അഷ്‌ടദളം, വലയത്രയം, ഷോഡശദളം, വൃത്തം, ആരക്കാല്‌ എന്ന ക്രമത്തിലാണ്‌. ഇതിനെ താത്‌കാലികമായ ഒരു ക്ഷേത്രമായി സങ്കല്പിക്കുന്നു. കളംവരച്ചതിനുശേഷം നടുവിലുളള പദ്‌മത്തിൽ ദർഭവിരിച്ച്‌ നെല്ല്‌ നിറയ്‌ക്കുന്നു. അതിനുമുകളിൽ കോടിവസ്‌ത്രംകൊണ്ട്‌ പീഠമൊരുക്കുന്നു. അതുകഴിഞ്ഞ്‌ കടുക്‌, എളള്‌, അരി എന്നിവ യഥാക്രമം നിക്ഷേപിക്കുന്നു. അതിനുമുകളിൽ നാളികേരം പ്രതിഷ്‌ഠിച്ച്‌ കൂർച്ചമിടുന്നു. ഹോമം കഴിച്ച്‌ ഉപാസനാമൂർത്തിയെ പ്രസാദിപ്പിച്ചശേഷമാണ്‌ മാന്ത്രികക്രിയകൾ ആരംഭിക്കുന്നത്‌. കളംവരച്ച്‌ ക്രിയകൾ നടത്തുന്നതിന്‌ ഏകദേശം ആറുമുതൽ എട്ടുവരെ മണിക്കൂറുകൾ വേണ്ടിവരും. ഇതിനുശേഷം ജ്യോതിഷി കവിടിനിരത്തി വ്യാഴം പ്രസാദിച്ചിട്ടുണ്ടോ എന്നുനോക്കുന്നു. ഇല്ലെങ്കിൽ ക്രിയകൾ വീണ്ടും ചെയ്യേണ്ടിവരും. എന്നാൽ കളം വീണ്ടും വരയ്‌ക്കേണ്ടതില്ല. ദൃശ്യം, ശബ്‌ദം, ഗന്ധം, സ്പർശം, സമയം തുടങ്ങിയ മാധ്യമങ്ങളിലൂടെ നിർമ്മിച്ചെടുക്കുന്ന സവിശേഷമായ ഒരന്തരീക്ഷമാണ്‌ പൊതുവേ, മന്ത്രവാദത്തിലുളളത്‌. മനോവിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ വീക്ഷിച്ചാൽ, വ്യത്യസ്തമായ ഈയൊരന്തരീക്ഷം തന്നെയാകാം ഒരു പരിധിവരെയെങ്കിലും മന്ത്രവാദം ഫലവത്താകുന്നതിനു നിദാനം. ആ അർത്ഥത്തിൽ വർണ്ണങ്ങളുടെ സമന്വയം, കണ്ണുകളിലേയ്‌ക്ക്‌ തുളച്ചുകയറുന്ന ജ്യാമിതീയ രൂപങ്ങളുടെ വിന്യസനം എന്നിവ വഴി മന്ത്രവാദക്കളങ്ങൾ മന്ത്രവാദത്തിന്റെ സവിശേഷമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ചിത്രകലാരൂപമാണ്‌.

പറഞ്ഞുതന്നത്‌ഃ- ശ്രീ. കണ്ണൻ (69), പനയുളളതിൽ, കുനിങ്ങാട്‌, പുറമേരി, വടകര., ശ്രീ. ശ്രീധരൻ, പുതുക്കുളം ഇല്ലം, പാലക്കാട്‌.

പി. രഞ്ഞ്‌ജിത്‌കുമാർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.