പുഴ.കോം > നാട്ടറിവ് > കാലം > കൃതി

കളമെഴുത്തുപാട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി. ഉദയകുമാർ

കളംപാട്ട്‌ നടത്തുന്നത്‌ നാടിന്റെ ക്ഷേമ ഐശ്വര്യങ്ങൾക്കുവേണ്ടിയാണ്‌. മണ്‌ഡലക്കാലത്ത്‌ കളമെഴുതുന്നതാണ്‌ നല്ലതെന്നാണ്‌ വിശ്വാസം. ‘കുറുപ്പ്‌’ സമുദായത്തിൽ പെടുന്നവരാണ്‌ കളംപാട്ട്‌ നടത്തിവരുന്നത്‌. നാലുകാലുളള പന്തലാണ്‌ ഇതിന്‌ ഇടുന്നത്‌. കൂടുൽ ഐശ്വര്യം ലഭിക്കുന്നതിന്‌ 8,16,32,64,128 കാലുകളുളള പന്തലിടണം. സ്ഥിരമായിട്ട്‌ ഇടുന്ന പന്തലാണെങ്കിൽ തേക്കിൽകാൽ ഉപയോഗിച്ച്‌ ചട്ട പൂട്ടുന്നു. വരിക്കപ്ലാവിന്റെ കാൽ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. അതിനുമുകളിൽ കയർപാവുന്നു. വെളളികയർ പാവണമെന്നാണ്‌ നിയമം. തെക്കുവടക്ക്‌ അഞ്ചിഴ, ഏഴിഴ, ഒമ്പതിഴ, കിഴക്കുപടിഞ്ഞാറ്‌ രണ്ടിഴ എന്നീ രീതികളിലാണ്‌ കയർ പാവുന്നത്‌. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന ചുവപ്പ്‌ പട്ടുതുണി കിഴക്കുപടിഞ്ഞാറായി മുകളിൽ വിരിക്കുന്നു. ഭഗവതിക്ക്‌ ചുവപ്പ്‌പട്ടും, അയ്യപ്പൻ വേട്ടേയ്‌ക്കരൻ എന്നിവർക്ക്‌ കറുപ്പ്‌ പട്ടുമാണ്‌ വിധി. കുരുത്തോല അരങ്ങുണ്ടാക്കി നാലുപുറവും തൂക്കിയിടുന്നു. അതിനുശേഷം വിളക്ക്‌ കിഴക്കുതെക്കേ മൂലയിൽ പടിഞ്ഞാട്ട്‌ തിരിച്ചുവയ്‌ക്കുന്നു. കളത്തിന്‌ മാത്രം പ്രാധാന്യം കിട്ടത്തക്കരീതിയിൽ ഒരു തിരിവയ്‌ക്കുന്നു.

ഇനി കളമെഴുത്തിന്‌ തുടക്കമായി. ഗണപതിക്ക്‌ പത്‌മം ഇട്ട്‌ പൂജനടത്തി, ശർക്കരയും പഴവും നേദിക്കുന്നു. അതിനുശേഷം കളംകുറിക്കുന്നു. അരിപ്പൊടികൊണ്ട്‌ കളത്തിന്‌ നേരെയായിട്ട്‌ ഒരു വര വരയ്‌ക്കുന്നു. മുഖം, കിരീടം, കഴുത്ത്‌, മാറ്‌, അരക്കെട്ട്‌, പട്ടിന്റെ ഭാഗം, കാൽ അതിനുശേഷം കൈകൾ എന്നിവ വരച്ച്‌ പ്രഭാമണ്‌ഡലം കൊടുക്കുന്നു. പിന്നീട്‌ പുറംകളം വരയ്‌ക്കുന്നു. തെങ്ങിൻപൂക്കുല, കുരുത്തോല ഇവകൊണ്ട്‌ അലങ്കരിച്ച്‌ പൊന്നിൻപൊടി, വെളളിപ്പൊടി, അഞ്ജനപ്പൊടി എന്നിവകൊണ്ടുളള വർണ്ണങ്ങൾ എഴുതുന്നു. സാമ്പത്തികബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്‌ പൊന്നിൻപൊടിക്കുപകരം മഞ്ഞൾപ്പൊടി, വെളളിപ്പൊടിക്കുപകരം അരിപ്പൊടി, അഞ്ഞ്‌ജനപ്പൊടിക്കുപകരം കൃഷ്‌ണപ്പൊടി (ഉമിക്കരി) എന്നിവയാണ്‌ ഉപയോഗിക്കുന്നത്‌. നിറങ്ങൾക്കുവേണ്ടി വെളള-അരിപ്പൊടി, മഞ്ഞൾപ്പൊടി, പച്ച-മഞ്ചാടിയില അല്ലെങ്കിൽ വാകയില ഉണക്കിപ്പൊടിച്ചത്‌, കറുപ്പ്‌ -ഉമിക്കരി, ചുവപ്പ്‌-മഞ്ഞൾപ്പൊടിയിൽ ചുണ്ണാമ്പ്‌ കലർത്തിയത്‌ എന്നിങ്ങനെ ഉപയോഗിക്കുന്നു.

കിരീടം, കാതിലെ കുണ്‌ഡലം, ഭദ്രകാളിയുടെ പിൻഭാഗമായി കാണുന്നഭാഗങ്ങൾ എന്നിവയ്‌ക്ക്‌ കറുപ്പ്‌നിറം ഉപയോഗിക്കുന്നു. സ്വർണ്ണനിറമായി കാണേണ്ട ഭാഗങ്ങൾക്ക്‌ മഞ്ഞൾപ്പൊടിയും വെളളിനിറമായി കാണേണ്ട ഭാഗങ്ങൾക്ക്‌ അരിപ്പൊടിയും ഉപയോഗിക്കുന്നു. കൂടുതൽ ശോഭിക്കേണ്ട ഭാഗങ്ങളിലും വസ്‌ത്രങ്ങൾക്കും ചുവപ്പാണ്‌. ഓരോ ഭാഗങ്ങൾക്കും പ്രത്യേകകുത്തുകൾ, മാലയ്‌ക്ക്‌ കല്ല്‌, പൂവുകൾ എന്നിവ വരച്ച്‌ ഭംഗി വരുത്തുന്നു. അതിനുശേഷം പ്രഭാമണ്‌ഡലം മോടിപിടിപ്പിക്കുന്നു. അവയവങ്ങൾ ഓരോന്നും വരയ്‌ക്കുന്നു. മുഖത്തുനിന്ന്‌ കീഴ്‌പ്പോട്ടായി ഓരോ ഭാഗങ്ങൾ എഴുതിയശേഷം പുറക്കളം മോടിപിടിപ്പിച്ച്‌ കളം വര അവസാനിപ്പിക്കുന്നു. വെളളരി ഇടൽഃഇവയിൽ നാഴി ഉണക്കലരി, ഒരു നാളികേരം എന്നിങ്ങനെ അഞ്ചെണ്ണം ചുരുങ്ങിയത്‌ വയ്‌ക്കണം. അഞ്ചുവിളക്കുകളും കത്തിച്ചുവയ്‌ക്കണം. കളത്തിന്‌ അലങ്കാരം കിട്ടുന്നതിനാണ്‌ വെളളരി വയ്‌ക്കുന്നത്‌. കാൽക്കൽ ഒന്ന്‌, ഇടത്‌ വലത്‌ വശങ്ങളിൽ ഒന്നുവീതം, തലയ്‌ക്കൽ ഇരുവശങ്ങളിൽ ഓരോന്നുവീതം എന്നീ രീതിയിലാണ്‌ വയ്‌ക്കുന്നത്‌. സൃഷ്‌ടി, സ്‌ഥിതി, സംഹാരം എന്നീ മൂന്നുവിശേഷങ്ങൾ ഉളളതിൽ സ്‌ഥിതി ചെയ്യുന്നതിനുവേണ്ടി അമ്പലത്തിലെ ശാന്തിക്കാരൻ കളംപൂജ ചെയ്യുന്നു. പൂവ്‌, ചന്ദനം, വെളളം ഇവ കൊണ്ട്‌ ജീവസ്സുകൊടുക്കുന്നു. കുറുപ്പ്‌ തിരി ഉഴിച്ചിൽ (ശ്രീഭൂതബലി) നടത്തുന്നു. വെളിച്ചപ്പെടൽഃ പ്രത്യേകം നിശ്ചയിച്ച വെളിച്ചപ്പാട്‌ സംഹാരത്തിനായി ഭദ്രകാളി പ്രത്യക്ഷപ്പെടുന്നതായി സങ്കൽപ്പിച്ച്‌ തുളളിവന്ന്‌ കളത്തിനുചുറ്റും നൃത്തം വയ്‌ക്കുന്നു. കുരുത്തോല വലിച്ച്‌ കളത്തിലിട്ട്‌ കളത്തെ സംഹരിക്കുന്നു. വെളിച്ചപ്പെടലിനുശേഷം പാട്ടുപാടുന്നു. ചില ക്ഷേത്രങ്ങളിൽ കളംപൂജയ്‌ക്കുശേഷം പാട്ടുപാടി സമർപ്പിക്കുന്ന ചടങ്ങ്‌ നടത്തിവരുന്നുണ്ട്‌. ഭദ്രകാളിയുടെ കഥകൾ പാട്ടുകളായി പാടിസ്‌തുതിക്കുന്നു.

“പൂക്കുല മാല മാന്തളിൽ തിണ്ണമാന്തളിർ ചെമ്പരുത്തി-

പ്പൂമലരും കുറുതെങ്ങിനോല വയ്‌മ്പുളള ചെമ്പഴുക്ക

നാക്കില തന്നിൽ വെളളരി വെളള വെറ്റില നല്ല തേങ്ങ

നാലു ദിശയും വിളക്കോടെ പീഠമേറീന കുലദൈവം

പാർത്തലറിമെത്തിന വാൾ കടുത്തില ശൂലം കൊൾവോൾ

പാട്ടിനലങ്കരിച്ച കളത്തിൽ വന്നുടനാടുമമ്മേ

കാക്കൽ നിനക്കു കുമ്പിരുന്നോരു ലോകർക്കു നീ തുണയായ്‌

കാത്തരുളേണം ശ്രീ കുരുംബക്കാവിൽ അമർന്നിന മൂലതായേ.”

പറഞ്ഞുതന്നത്‌ഃ കല്ലാറ്റ്‌ രാമചന്ദ്രൻ, പാമ്പൂർ, കുറ്റൂർ. പി.ഓ.

പി. ഉദയകുമാർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.