പുഴ.കോം > നാട്ടറിവ് > കാലം > കൃതി

നാഗക്കളമെഴുത്ത്‌ പുളളുവപ്പെരുമ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.കെ. സന്തോഷ്‌

‘ഹരിഹരനാഗേ മെയ്‌തുണ ചെയ്യാൻ പന്തലകത്ത്‌ മുൻപേ വെച്ച

വിളക്ക്‌ ദൈവമാണെന്ന്‌ ഞാനിതാ കൈതൊഴുന്നേൻ“

സ്വയം സമർപ്പിതമായ ആത്‌മാവിൽനിന്ന്‌ പുളളുവപ്പെരുമ കവിഞ്ഞൊഴുകുന്ന കണ്‌ഠങ്ങളിലൂടെ അമൃതധാരയൊഴുക്കുന്ന വരികൾ. ഇത്‌ നാഗോപാസന ജീവിതാംശമാക്കിയവടക്കേതിൽ നാരാണയപുളളുവന്റെ നാഗക്കളമെഴുത്ത്‌ പാട്ടിന്റെ പ്രാരംഭ വരികളാണ്‌. ഏഴിലംപാലക്കാലിൽ 2 കോൽ 10 വിരൽ സമചതുരത്തിൽ തീർത്ത മണിപ്പന്തലിൽ വർണ്ണങ്ങൾകൊണ്ട്‌ വിസ്മയങ്ങൾ തീർക്കുന്ന ഈ കലാകാരൻ ഒരുകാലത്ത്‌ അധഃപതനത്തിന്റെ വക്കോളമെത്തിയിരുന്ന ഈ ദേവകലയ്‌ക്ക്‌ പുനർജീവൻനൽകാനുളള അശ്രാന്ത പരിശ്രമത്തിന്റെ പാതയിലായിരുന്നു.

പച്ചപ്പൊടി, ഇലമംഗലപ്പൊടി, പ്ലാവിൻമേലെ ഇത്തിൾക്കണ്ണി, മഞ്ചാടി, അന്നക്കര ഇവയിൽ ഏതെങ്കിലും ഒന്നിന്റെ പൊടിയും കൃഷ്‌ണപ്പൊടി, അരിപ്പൊടി, മഞ്ഞൾപ്പൊടി, മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവന്നവർണ്ണത്തിലുളള പൊടി ഇത്രയുമാണ്‌ നാഗക്കളമെഴുത്തിനുപയോഗിക്കുന്നത്‌. ആവശ്യാനുസരണം ദ്വാരങ്ങൾ നിർമ്മിച്ചിട്ടുളള ചിരട്ടയിൽ നിറയ്‌ക്കുന്ന അഞ്ചു വർണ്ണപ്പൊടികൾ ഉപയോഗിച്ചാണ്‌ കളമെഴുത്ത്‌ നടത്തുന്നത്‌. ഒരു ഇഞ്ചിൽ ഒതുങ്ങിയ രണ്ടുവര, ഒരിഞ്ചിൽ ഒതുങ്ങിയ മൂന്നുവര ആലിലയിൽ ദ്വാരങ്ങൾ-ഈ ക്രമത്തിലാണ്‌ ചിരട്ടയിൽ ദ്വാരങ്ങൾ സൃഷ്‌ടിക്കുന്നത്‌.

കന്യനാഗത്തിന്റെയും മണിനാഗത്തിന്റെയും ഫണങ്ങളായിരിക്കും പ്രാരംഭദിനത്തിൽ മണിപ്പന്തലിന്‌ കീഴെ വരക്കുക. ഈ സൃഷ്‌ടിയ്‌ക്കുതന്നെ ഒരു മണിക്കൂറോളം ദൈർഘ്യം വരുന്നു. കളമെഴുത്തിന്റെ ഓരോ ദിനവും പിന്നിടുന്തോറും ഫണങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു. അഷ്‌ടനാഗക്കളം, സുദർശനക്കളം, സന്താനക്കളം, സന്തതിക്കളം, നാഗരാജക്കളം, നാഗയക്ഷിക്കളം, നാഗകന്യക്കളം, അനന്തശയനം എന്നിവയാണ്‌ പ്രധാന കളങ്ങൾ. ഇതിൽ സുദർശനക്കളമാകുന്നതോടെ ഫണത്തിന്റെ എണ്ണം 16 ആയി വർദ്ധിക്കുന്നു. ഇതിന്റെ നിർമ്മാണത്തിന്‌ രണ്ട്‌ മണിക്കൂർ വേണം. ഇതിൽ അനന്തശയനം അപൂർവതയുടെ കൂട്ടുപിടിക്കുന്നു. നാഗരാജക്കളം, നാഗയക്ഷിക്കളം, നാഗകന്യക്കളം ഇവയുടെ സൃഷ്‌ടിക്ക്‌ മൂന്നുമണിക്കൂറിലേറെ ദൈർഘ്യംവരുന്നു. ഇത്തരം കളങ്ങൾ ഒരുദിനത്തിൽ ഒന്ന്‌ മാത്രമേ ഉണ്ടാവുകയുളളൂ. നാഗകന്യക്കളത്തിന്റെ നിർമ്മിതിക്ക്‌ ഏകാദശിവ്രതത്തിന്‌ സമാനമായ വ്രതനിഷ്‌ഠകൾ പാലിക്കേണ്ടതുണ്ട്‌. കരിനാഗം, കൃഷ്‌ണനാഗം അഥവാ അഞ്ജനമണിനാഗം, നീലക്കരിനാഗം, മണിനാഗം, വളളിയൻമേൽ പുളളിനാഗം എന്നിവയാണ്‌ നാഗങ്ങളുടെ ഗണത്തിൽ പെടുന്നത്‌.

പതിനൊന്നാം വയസ്സിൽ കളമെഴുത്ത്‌ സപര്യയായി എടുത്ത വടക്കേതിൽ നാരായണപുളളുവൻ അനേകം വ്യാഴവട്ടങ്ങൾ പിന്നിട്ടിട്ടും ഇക്കാര്യത്തിലുളള കർശനമുറകൾക്ക്‌ അയവുവരുത്തിയിട്ടില്ല. കളമെഴുത്ത്‌ ആരംഭിക്കുന്നതിന്റെ ഏഴ്‌ ദിനങ്ങൾക്ക്‌ മുൻപേ വ്രതവും ആരംഭിക്കുന്നു. ദേഹശുദ്ധിയും മനോശുദ്ധിയും പ്രധാനമാണ്‌. വ്രതകാലയളവിൽ ദിനംതോറും രണ്ടുതവണ നാഗസ്ഥാനത്ത്‌ പ്രണമിച്ച്‌ നാഗപ്രീതി ഉണർത്തുന്നു. ആത്‌മാർത്‌ഥതയും സമർപ്പണ മനോഭാവവും അനുവാര്യമായ ഗുണവിശേഷങ്ങളാണെന്ന്‌ ഇദ്ദേഹം വിശ്വസിച്ചിരുന്നു. കളമെഴുത്ത്‌ സംഘത്തിൽ അഞ്ച്‌ പേർ ഉൾപ്പെടുന്ന സംഘമാണെങ്കിൽ രണ്ട്‌ സ്‌ത്രീ മൂന്നു പുരുഷൻ ഏഴുപേരുടെ സംഘമാണെങ്കിൽനാല്‌ സ്‌ത്രീ അഞ്ച്‌ പുരുഷൻ എന്ന അനുപാതമാണ്‌ പിന്തുടരുന്നത്‌. ധനുമാസം 12 മുതൽ മേടമാസം വരെയുളള കാലയളവിലാണ്‌ നാഗക്കളങ്ങൾ നടത്തപ്പെടുന്നത്‌. തന്റെ കഴിവുകൾ പകർന്നുകൊടുക്കാൻ തയ്യാറായിരുന്ന ഇദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാൻ അനേകർ തയ്യാറായിരുന്നുവെങ്കിലും ഏകാഗ്രതയില്ലായ്‌മ പലരേയും പിന്തിരിപ്പിച്ചു. സ്ഥായിയായ താല്പര്യം പ്രകടിപ്പിക്കുന്ന കുറച്ചുപേർക്ക്‌ അദ്ദേഹം വൈകുന്നേരങ്ങളിൽ കളമെഴുത്ത്‌ പാട്ട്‌ അധ്യാപനം നടത്തിയിരുന്നു. ഐതിഹ്യങ്ങളിലേയ്‌ക്ക്‌ നൂഴ്‌ന്നിറങ്ങുമ്പോൾ ഇദ്ദേഹം കൂടുതൽ വാചാലനാകുന്നു.

ദ്വാപരയുഗത്തിൽ അർജ്ജുനൻ ഗാണ്‌ഡീവദഹനം നിർവ്വഹിച്ച വേളയിൽ അനേകം സർപ്പങ്ങൾ അഗ്‌നിക്കിരയായി. ഇതിൽ ഒരു സർപ്പം ഭാഗികമായി പൊളളലേറ്റ്‌ അലയുന്നത്‌ നാഗഞ്ചേറി ഇല്ലത്ത്‌ നാഗംചിരുതേയി നല്ലമ്മ കിണറ്റിൽനിന്ന്‌ വെളളമെടുക്കുന്നവേളയിൽ കാണുവാനിടയായി. പ്രയാസപ്പെട്ട്‌ മുന്നോട്ട്‌ ചലിക്കുന്ന അഞ്ഞ്‌ജനമണിനാഗത്തെ കണ്ടമാത്രയിൽ നാഗംചിരുതേയി നല്ലമ്മ കോരിവച്ച വെളളം കിണറ്റിലേയ്‌ക്ക്‌ തിരിച്ചൊഴിച്ച്‌ ശൂന്യമായ കുടത്തിൽ സർപ്പത്തിന്‌ അഭയം നൽകി. തുടർന്ന്‌ ശരീരത്തിലണിഞ്ഞിരുന്ന ആടയാൽ കുടത്തിന്റെ വായ്‌ഭാഗം മൂടിക്കെട്ടി സമീപത്ത്‌ കണ്ട മുല്ലത്തറയിൽ കമിഴ്‌​‍്‌ത്തി. നിമിഷനേരംകൊണ്ട്‌ അത്‌ നാല്‌ ഏണുംകൊണുമുളള ചിത്രകൂടക്കല്ലായി പരിവർത്തനപ്പെട്ടുവത്രേ! എങ്ങോ കിടന്ന സർപ്പത്തെപ്പിടിച്ച്‌ അഭയം നൽകിയ നാഗംചിരുതേയിനല്ലമ്മയുടെ പ്രവൃത്തിയിൽ കുപിതരായ ബ്രാഹ്‌മണബന്ധുക്കൾ അവർക്ക്‌ ഭ്രഷ്‌ട്‌ കൽപിച്ചു. നിരാലംബയായ ഈ അമ്മ ദിനങ്ങളോളം ഭക്ഷണവും മറ്റുമില്ലാതെ കഴിച്ചുകൂട്ടി. ഈ അവസരത്തിൽ അവർ ഇപ്രകാരത്തിലുളള ഒരു അശരീരി ശ്രവിച്ചു.

’എന്നെ തോറ്റിയ ആ കുടത്തിന്‌ സമാനമായ കുടമെടുത്ത്‌ വായോളം മൂട്‌ കുത്തി പശുക്കിടാവിന്റെ തോൽകൊണ്ട്‌ 21 നത്ത്‌കണ്ണ്‌ കുത്തി വെളളത്തിൽ നനച്ചെടുത്ത്‌ പുതച്ച്‌ ഇല്ലിയെന്നും ചിലമ്പിയെന്നും രണ്ട്‌ വാറിട്ട്‌ കെട്ടി അഷ്‌ടനാഗപ്രീതികരമായ പാട്ടുകൾപാടി കുടിൽതൊട്ട്‌ കൊട്ടാരംവരെ നടന്നാൽ നിനക്കുളളതായ വകതരും. കുഷ്‌ഠം, വെളുപ്പെ ഭരിപ്പേ, കുര, പനി 96 മഹാവ്യാധിയും ഞാൻ ഉണ്ടാക്കിത്തീർക്കും (ഇവ നാഗശാപത്തിന്റെ അനന്തരഫലമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.). നീ ഇവിടങ്ങളിൽ ചെന്ന്‌ അഷ്‌ടനാഗപ്രീതികരമായ പ്രവൃത്തികളിലും പാട്ടുകളിലും വ്യപൃതയായി ഇവർക്ക്‌ മോചനത്തിന്‌ അപേക്ഷിച്ചാൽ ഞാൻ ശമനംനൽകാം.‘ ഇതാണ്‌ പുളളുവൻപാട്ടിന്റെ ആധാരസങ്കൽപം. മുഖ്യമായും സന്തതിസന്താനസമ്പത്ത്‌ വർദ്ധനയ്‌ക്കാണ്‌ നാഗക്കളംനടത്തുന്നത്‌. നാഗക്കളത്തിന്റെ ഫലമായി സമൃദ്ധിയും നാഗശാപവിമുക്തിയും ലഭ്യമാകുന്നു. സർപ്പക്കാവുകൾ വെട്ടി നശിപ്പിക്കുക, സർപ്പഹിംസനടത്തുക എന്നിങ്ങനെയുളള ഹീനപ്രവൃത്തികൾ നാഗശാപത്തിന്‌ ഇടയാക്കുമത്രേ. ഇതിനുളള പ്രതിവിധിയാണ്‌ പാലുംനൂറും കൂട്ടൽ. എന്നാൽ കലാചാതുരി വഴിഞ്ഞൊഴുകുന്ന കളങ്ങൾ നിർമ്മിക്കുന്ന ’നാഗക്കള‘മാണ്‌ മുഖ്യപ്രതിവിധിയായി കണക്കാക്കപ്പെടുന്നത്‌. പൗരാണിക ശാസ്‌ത്രജ്ഞാനപ്രകാരം മൂന്ന്‌ തരം ശാപങ്ങളാണുളളത്‌. നാഗശാപം, ബ്രാഹ്‌മണശാപം, ബാലശാപം. ഇതിൽ നാഗശാപത്തിന്‌ പ്രതിവിധിയായി ബ്രാഹ്‌മണസദ്യയും ദക്ഷിണയും ഗോദാനവും നിലകൊളളുമ്പോൾ, പ്രതിവിധികളില്ലാതെ നിലകൊളളുന്ന ഒന്നുണ്ട്‌ - ബാലശാപം.

കെ.കെ. സന്തോഷ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.