പുഴ.കോം > നാട്ടറിവ് > കാലം > കൃതി

പിളളതീനിയുടെ കളം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി. ഗീത

ഉത്തരമലബാറിലെ മലയൻമാർ പരമ്പരയായി നടത്തിവരുന്ന ഒരു അനുഷ്‌ഠാനകലാരൂപമാണ്‌ മലയൻകെട്ട്‌. ഗർഭരക്ഷയ്‌ക്കും സന്താനലാഭത്തിനും വേണ്ടിയാണ്‌ സാധാരണയായി മലയൻകെട്ട്‌ നടത്തുന്നത്‌. ഗർഭിണികളുടെ ശരീരത്തിൽ ആവേശിച്ചിരിക്കുന്ന ഉപദ്രവകാരികളായ ബാധകളെ ഇതുവഴി ഇല്ലാതാക്കിയാൽ ഗർഭിണിയ്‌ക്ക്‌ പൂർണ്ണസുഖം ലഭിക്കുമെന്ന്‌ വിശ്വസിച്ചുവരുന്നു. നാടോടിവിജ്ഞാനത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന മാന്ത്രികകർമ്മത്തിന്റെ പരിധിയിൽ പെടുന്നതാണിത്‌. മാന്ത്രികവിദ്യ കുലത്തൊഴിലായി അംഗീകരിച്ചിരിക്കുന്ന മലയസമുദായക്കാരാണ്‌ ഈ അനുഷ്‌ഠാനം നടത്തിവരുന്നത്‌.

പ്രധാനമായും ഗർഭിണികളെ ഉദ്ദേശിച്ചുകൊണ്ടുളള ഈ മാന്ത്രികകർമ്മം തുകിലുഴിച്ചിൽപാട്ടിന്റെ തുടർച്ചയായാണ്‌ കാണപ്പെടുന്നത്‌. പിണിയാളുടെ വീട്ടിൽ, അങ്കരിച്ച പന്തലിൽ പലവിധ ചടങ്ങുകളോടുകൂടിയാണ്‌ ഈ കർമ്മംചെയ്യുന്നത്‌. ഗർഭിണികൾക്ക്‌ ഏഴാം മാസം തികഞ്ഞാൽ നടത്തുന്ന പുങ്ങൻ എന്ന ചടങ്ങോടനുബന്ധിച്ചാണ്‌ മലയൻകെട്ട്‌ നടത്തുന്നത്‌. യക്ഷൻ, യക്ഷി, രക്തേശ്വരി, ഗന്ധർവ്വൻ, പിളളതീനി തുടങ്ങിയ ദേവതകളിൽ ജ്യോതിഷപ്രകാരം ഗർഭിണിയുടെ ശരീരത്തിൽ ആവേശിച്ചത്‌ ഏത്‌ മൂർത്തിയാണ്‌ എന്ന്‌ പരിശോധിച്ചതിനുശേഷം അതിനെ ഒഴിപ്പിക്കുകയാണ്‌ ഈ കർമ്മത്തിലൂടെ ചെയ്യുന്നത്‌. പിണിയാളെ ബാധിച്ച മൂർത്തിയുടെ കളം വരയ്‌ക്കുകയും കോലം കെട്ടിയാടിക്കുകയും ഒഴിപ്പിക്കുകയും ചെയ്യുന്നത്‌ ഈ ചടങ്ങിന്റെ ഭാഗമാണ്‌. ഇതുമായി ബന്ധപ്പെട്ട പല ദേവതകളിൽ പിളളതീനി ഏറ്റവും പ്രധാനപ്പെട്ടതാണ്‌. വളരെ ഭീകരമായ രൂപഭാവങ്ങളോടുകൂടിയതാണ്‌ പിളളതീനി. ഗർഭം അലസിപ്പോകുന്നതിന്റെ പ്രധാനകാരണം പിളളതീനി സ്‌ത്രീയുടെ ശരീരത്തിൽ ആവേശിച്ച്‌ ശരീരത്തിലെ രക്തം ഊറ്റിക്കുടിക്കുന്നതുകൊണ്ടാണെന്ന വിശ്വാസം ശക്തമായി നിലനിന്നതിന്റെ തെളിവാണ്‌ ഈ ദേവതയുടെ പ്രാധാന്യംകൊണ്ട്‌ വ്യക്തമാവുന്നത്‌.

കളംവരയ്‌ക്കൽഃ- മലയൻകെട്ടിൽ കെട്ടിയാടുന്ന ദേവതയുടെ രൂപമാണ്‌ കളമായി വരയ്‌ക്കുന്നത്‌. രാത്രിയിൽ നടത്തുന്ന മലയൻകെട്ടിന്റെ കളം വളരെ മുൻപുതന്നെ വരച്ചുവയ്‌ക്കുന്നു. അലങ്കരിച്ച പന്തലിൽ, ചാണകം മെഴുകിയ തറയിൽ നിലവിളക്കിനുമുൻപിലാണ്‌ കളംവരയ്‌ക്കുന്നത്‌. നാളികേരം, അടയ്‌ക്ക, അരി, നെല്ല്‌, മലര്‌, പൂക്കുല, പഴം എന്നിവ നാക്കിലയിൽ കളംവരച്ചതിന്റെ ഇടത്തും വലത്തും മുകളിലുമായി, നിലവിളക്കിനു മുൻപിൽ പൂജാദ്രവ്യങ്ങളായി വയ്‌ക്കുന്നു. പിണിയാൾ കളത്തിനു മുൻപിൽ വന്നിരിക്കുന്നതോടുകൂടിയാണ്‌ ചടങ്ങുകൾ ആരംഭിക്കുന്നത്‌. പഞ്ചവർണ്ണപ്പൊടികൾ കൊണ്ടാണ്‌ കളം വരയ്‌ക്കുന്നത്‌. മഞ്ഞൾപ്പൊടി, കരിപ്പൊടി, വാകപ്പൊടി, അരിപ്പൊടി, ചുവപ്പുപൊടി എന്നിവയാണ്‌ ഉപയോഗിക്കുന്ന പൊടികൾ. മഞ്ഞ മണയല, പച്ചമണയല, മഷി (കറുപ്പ്‌), ചായില്യം(ചുവപ്പ്‌), അരിച്ചാന്ത്‌ എന്നിവയാണ്‌ പഴയകാലത്ത്‌ വർണ്ണപ്പൊടികളുടെ നിർമ്മാണത്തിന്‌ ഉപയോഗിച്ചിരുന്നത്‌. ഇന്ന്‌ ഇലകൾ ഉണക്കിപ്പൊടിക്കാതെതന്നെ എല്ലാ വർണ്ണങ്ങളും പായ്‌ക്കറ്റുകളിൽ ലഭിക്കുന്നു. ബാധയുടെ രൂപഭാവങ്ങൾക്ക്‌ അനുസരിച്ച്‌ വരയ്‌ക്കുന്ന കളത്തിനും വ്യത്യാസം വരുന്നു. രൗദ്രമായ മുഖഭാവത്തോടു കൂടിയ, രണ്ടു കൈയിലും വാളുപിടിച്ചു നിൽക്കുന്ന രൂപമാണ്‌ പിളളതീനിയെ തീർക്കുന്ന അവസരത്തിൽ വരയ്‌ക്കുന്നത്‌. മുഖത്തുളള കൊമ്പൻമീശയും പുറത്തേയ്‌ക്കു വലിച്ചുനീട്ടിയ ചുവന്ന നാവോടും കൂടിയ പിളളതീനിയുടെ രൂപം പേടിപ്പെടുത്തുന്നതാണ്‌. വർണ്ണപ്പൊടികളുടെ ചേരുവയ്‌ക്ക്‌ ഏറ്റക്കുറച്ചിൽ വരുത്താൽ വരയ്‌ക്കുന്നവർക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. പ്രേക്ഷകമനസ്സിലും പിണിയാളുടെ മനസ്സിലും ഭയഭക്ത്യാദരങ്ങൾ ഉണർത്തി മാനസിക പരിവർത്തനം ഉണ്ടാക്കുന്നതിൽ ഇത്തരം കളങ്ങൾക്ക്‌ സ്ഥാനമുണ്ട്‌. പിളളതീനിയുടെ കളത്തിന്‌ പ്രധാനമായും കറുപ്പും ചുമപ്പും പൊടികളാണ്‌ ഉപയോഗിക്കുന്നത്‌. ദുഷ്‌ടകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും അതിനായുളള കളങ്ങൾ വരയ്‌ക്കുമ്പോഴും സാധാരണയായി കറുപ്പു പൊടികളാണ്‌ കാണുന്നത്‌. പിളളതീനിയുടെ ശരീരമാസകലം കറുപ്പു പൂശിയിരിക്കുന്നത്‌ കാണാം. കൂടാതെ ഉഗ്രതയുടെ പ്രതീകമായ ചുവപ്പും. സാധാരണ ദേവതയുടെ കളംവരയിൽനിന്ന്‌ വളരെ വ്യത്യസ്തമാണിത്‌. ദുർദേവതയായ പിളളതീനിയുടെ രൗദ്രഭാവവും ക്രൂരതയും നിറങ്ങളിൽനിന്നുതന്നെ വ്യക്തമാവുന്നു. ഇതുവഴി പിണിയാൾക്ക്‌ തന്നെ ബാധിച്ചിരിക്കുന്ന ബാധയെക്കുറിച്ച്‌ പൂർണ്ണ തിരിച്ചറിവുണ്ടാകുന്നു.

കളംമായ്‌ക്കൽഃ- പിണിയാളുടെ മുന്നിൽ ഒരുക്കിവച്ചിരിക്കുന്ന ഗുരുതിയിൽ അരിയും ഭസ്‌മവും കൈയിലെടുത്ത്‌ പിണിയാൾ സ്വന്തം ശരീരത്തിലെ ഓരോ അംഗത്തിൽനിന്നും ഉഴിഞ്ഞിടുന്നു. കർമ്മംചെയ്യുന്ന ആൾ കത്തിച്ചതിരിയെടുത്ത്‌ പിണിയാളുടെ അംഗങ്ങളെ ഉഴിഞ്ഞ്‌ ഗുരുതിയിലിടുന്നു. അതോടൊപ്പം മന്ത്രവാദപ്പാട്ടുകളും ചെണ്ടമേളവും തുടങ്ങുന്നു.

“വരികല്ലോ വരികല്ലോ വരികയെന്ന്‌ പൊലികല്ലോ പൊലികല്ലോ പൊലികയെന്ന്‌

പൊലിച്ചുഞ്ഞാൻപാടുന്നൊരുകളത്തിനകത്തോവരുവാൻ മടിയ്‌ക്കല്ലെന്റെ ദേവതമാരേ‘

ഇത്‌ പൊലിച്ചുപാട്ട്‌ എന്നറിയപ്പെടുന്നു. ഈ സമയത്ത്‌ കുരുത്തോലകൊണ്ടുണ്ടാക്കിയ അരമടയും മുടിയുമണിഞ്ഞ്‌ ശരീരത്തിലും മുഖത്തും അരിച്ചാന്തുംനിണവും തേച്ച്‌ കോലം ആർത്തട്ടഹസിച്ചുകൊണ്ടാണ്‌ കളത്തിനു മുന്നിലേയ്‌ക്ക്‌ വരുന്നത്‌. വാദ്യമേളത്തിന്റെയും ചൂട്ടുവെളിച്ചത്തിന്റേയും അകമ്പടിയോടെ ആട്ടം നടത്തിയ ശേഷം കൈയിൽ കൊടുക്കുന്ന കോഴിയുടെ കുടൽപിളർന്ന്‌ കോലം ചോര ആർത്തിയോടെ കുടിക്കുന്നു. അതിനുശേഷം കടത്തിൽ ചാടിയിറങ്ങി കളംമായ്‌ചുതുടങ്ങുന്നു. ബാധ ഇളകിയാടുന്ന പിണിയാളും ആ സമയത്ത്‌ചെന്ന്‌ കളത്തിൽ വീണുരുണ്ട്‌ കളം മായ്‌ക്കുന്നു. കളം മായ്‌ചു കഴിയുന്നതോടെ പിണിയാളുടെ അകത്തുളള ബാധോപദ്രവം നീങ്ങുന്നു എന്നു സങ്കല്പം.

പി. ഗീത




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.