പുഴ.കോം > നാട്ടറിവ് > കൈവേല > കൃതി

ആലയും പണിയായുധങ്ങളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിമി. വി

‘അരുവാത്തി’ എന്ന സവിശേഷതയാർന്ന ഒരു ഉപകരണത്തിന്റെ നിർമ്മാണവും‘

പണിയായുധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മനുഷ്യജീവിതത്തിന്റെ വികാസം. പ്രാചീന വ്യവസ്ഥിതിയിൽ മനുഷ്യൻ മൂർച്ചയുളള കല്ലുകളെയും മരത്തടികളെയും ആയുധങ്ങളായി കണക്കാക്കിയിരുന്നു. വിവിധതരത്തിലുളള കല്ലുകളെ മൂർച്ചപ്പെടുത്തി വിവിധ ആയുധങ്ങളായി ശിലായുഗത്തിൽ മനുഷ്യൻ പരിണമിപ്പിച്ചെടുത്തു. ലോഹങ്ങളുടെ കണ്ടുപിടുത്തവും ഉപയോഗവും കല്ലിൽനിന്നും മരത്തിൽനിന്നും പുതിയൊരു കാഴ്‌ചപ്പാടിലേയ്‌ക്കും പുതിയൊരു ജീവിതരീതിയിലേയ്‌ക്കും മനുഷ്യനെ വളർത്തി. ഗോത്ര വ്യവസ്ഥയിൽനിന്നു തുടർന്ന ആയുധങ്ങളുടെ നിർമ്മാണവും ഉപയോഗവും മനുഷ്യ വ്യവസ്ഥിയിൽ വമ്പിച്ച പരിവർത്തനത്തിന്‌ വഴിതെളിച്ചു.

ഭൗതികഘടനയുമായി ബന്ധപ്പെട്ടതാണ്‌ പണിയായുധങ്ങൾ. കാർഷിക വൃത്തിയിലും അടുക്കളോപകരണങ്ങളിലും മനുഷ്യന്‌ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്‌ പണിയായുധങ്ങൾ. ജന്തുക്കളേയും മനുഷ്യനേയും സംഹരിക്കാൻപോലും ആയുധങ്ങൾ ഉപയോഗിക്കുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട്‌ ഒരു അവശ്യഘടകമായി സാമൂഹ്യജീവിതത്തിൽ പണിയായുധങ്ങൾ ആദ്യകാലത്തേ മാറിയിരുന്നു. മനുഷ്യന്റെ ആവശ്യകത ആയുധങ്ങളുടെ നിർമ്മാണത്തിന്‌ വഴിതെളിച്ചു. ഇതിൻപ്രകാരം സാമൂഹ്യഘടനയിൽ ആയുധങ്ങൾ നിർമ്മിക്കുന്ന ഒരുവിഭാഗവും ഉടലെടുത്തു. പണിയായുധങ്ങൾ ഉണ്ടാക്കുന്ന സ്ഥലത്തെ ‘ആല’യെന്നും അത്‌ ഉണ്ടാക്കുന്ന ജനതയെ ‘കൊല്ലൻ’ എന്നും വിളിക്കാൻ തുടങ്ങി. ജാതിവ്യവസ്ഥയുടെ രൂപീകരണത്തോടെ കൊല്ലപ്പണിക്കാർ ഒരു പ്രത്യേകവിഭാഗമായി സാമൂഹ്യവ്യവസ്ഥിതിയിൽ നിലകൊളളുന്നു.

കേരളത്തിന്റെ അങ്ങോളമിങ്ങോളമുളള ആലകളുടെ ഘടനയിൽ വ്യത്യാസം കാണാം. കാരണം കാർഷികരീതിയിലുളള വൈവിധ്യം, ഓരോ പ്രദേശത്തിലേയും ജാതിഘടനയിലേയും സംസ്‌കാരത്തിന്റേയും വ്യത്യാസം തുടങ്ങിയവ ആലയുടെ ഘടനയിലും കടന്നുവരുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുളള പാറശ്ശാല ഭൂപ്രദേശത്തിലെ സംസ്‌കാരത്തിന്റേയും ഭാഷയുടേയും ജാതിസമൂഹങ്ങളുടേയും ഘടന ഇതരപ്രദേശങ്ങളിൽ നിന്നു വേർതിരിച്ചു നിറുത്തുന്നതാണ്‌. നാടാർ ജനതയുടെ അധിവാസകേന്ദ്രമായ ഈ പ്രദേശത്ത്‌ ആലയുടെ ചരിത്രം നൂറ്റാണ്ടുകളോളം പഴക്കമുളളതാണ്‌. ഒരു പ്രത്യേക ജനവിഭാഗമായി കൊല്ലൻമാർ ഈ പ്രദേശത്ത്‌ അധിവസിക്കുന്നു. ഹൈന്ദവവിശ്വാസികളാണിവർ. ഈ പ്രദേശത്ത്‌ വിരലിലെണ്ണാവുന്ന ആലകൾ മാത്രമാണുളളത്‌. അതിൽത്തന്നെ പലതും നശിച്ചു കഴിഞ്ഞിരിക്കുന്നു. പനകയറ്റവുമായി ബന്ധപ്പെട്ട ഒരു സാമ്പത്തികഘടനയാണ്‌ ആദ്യകാലത്ത്‌ നാടാൻജനതയ്‌ക്ക്‌ ഉണ്ടായിരുന്നത്‌. ‘അരുവാത്തി’ എന്ന സവിശേഷതയാർന്ന ഒരു ഉപകരണത്തിന്റെ നിർമ്മാണവും കാളകളുടെ കാലിലെ ലാടവും ഉണ്ടാക്കുന്നതിലും ഇവിടത്തെ ആലകൾ പ്രസിദ്ധമായിരുന്നു. കൂടാതെ കാർഷികോപകരണങ്ങളായ മൺവെട്ടി, കോടാലി, പിക്കാസ്‌ എന്നിവയും വെട്ടുകത്തി, മീൻകത്തി, മരച്ചീനിവെട്ടി, ചെറിയ പിച്ചാത്തികൾ, പേനാക്കത്തി, ആക്കത്തി, വടിവാൾ തുടങ്ങിയ ഉപകരണങ്ങളും ഉണ്ടാക്കിയിരുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ പണിയായുധങ്ങളിലും മാറ്റംവന്നു. പന കയറ്റം ഉപേക്ഷിച്ചതിനാൽ തന്നെ ഇന്ന്‌ അരവാത്തി നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ ലാടവും ഇന്ന്‌ അത്ര പ്രചാരത്തിലില്ല. ഇന്ന്‌ കൂടുതലായും കടലിൽ മീൻപിടിക്കാൻ പോകുന്നവർക്ക്‌ ആവശ്യമുളള വലപ്പിച്ചാത്തി, കശുവണ്ടി ഫാക്‌ടറികളിൽ ഉപയോഗിക്കുന്ന അണ്ടിപ്പിച്ചാത്തി, ആശാരിപണിക്ക്‌ ആവശ്യമായ ഉളി, കൊത്തുവേലക്കാർ ഉപയോഗിക്കുന്ന വിവിധതരം കരണ്ടികൾ, മറ്റുപിച്ചാത്തികൾ എന്നിവ ഉണ്ടാക്കുന്നതിൽ ആലകൾ ഒതുങ്ങി നിൽക്കുന്നു. ഇന്നും സാമ്പത്തികമായി ഉയർന്ന നിലവാരം പുലർത്താതെ സാമുഹ്യഘടനയിൽ ദരിദ്രനാരായണൻമാരായി അധഃപതിക്കുന്ന കാഴ്‌ചയാണ്‌ കൊല്ലപ്പണിക്കാരുടെ ജീവിതത്തിൽ കാണുന്നത്‌. ഉയർന്ന വിദ്യാഭ്യാസം നേടിയവരും മറ്റു തൊഴിലുകൾ ലഭിക്കാതെ പാരമ്പര്യമായി അനുവർത്തിച്ചുവരുന്ന കൊല്ലപ്പണി പിൻതുടർന്നുപോരുന്നു. ഇന്ന്‌ ആലയുടെ സ്ഥാനം വെൽഡിങ്ങ്‌ ഷോപ്പുകൾ കൈപ്പറ്റിയിരിക്കുന്നു.

ആലയുടെ ഘടനഃ വീടിന്റെ മുറ്റത്തോ വശത്തോ ആയിട്ടുളള ഒരു ചെറിയ സ്ഥലമാണ്‌ ആല. തോലുകൊണ്ടാണ്‌ ആദ്യകാലത്ത്‌ തുരുത്തി ഉണ്ടാക്കിയിരുന്നത്‌. വൃത്താകൃതിയിൽ തോലിന്റെ രണ്ടുവശവും തുറന്നിരിക്കും. തുറന്നിരിക്കുന്ന ഒരുഭാഗത്ത്‌ ഒരുകുഴൽ ഘടിപ്പിച്ച്‌ തോൽ മണ്ണുകൊണ്ട്‌ മൂടുന്നു. കുഴലിന്റെ വായ്‌ഭാഗം അപ്പോഴും തുറന്നിരിക്കും. തുറന്നിരിക്കുന്ന ഭാഗം കനലിന്റെ സമീപത്താണ്‌. മറുവശത്ത്‌ നിന്ന്‌ തോലിൽ കൈകൊണ്ട്‌ അമർത്തുമ്പോൾ വായു പ്രവഹിച്ച്‌ കനലിനെ കത്തിക്കുന്നു. ഇന്ന്‌ തിരുത്തിയുടേയും തോലിന്റെയും സ്ഥാനം ബ്ലോവർ കൈയടക്കിയിരിക്കുന്നു. ബ്ലോവർ കൈകൊണ്ട്‌ കറക്കിയാണ്‌ കനലിനെ ആളിക്കുന്നത്‌. കനലായി ചിരട്ടക്കരിയോ കൽക്കരിയോ ആണ്‌ ഉപയോഗിക്കുന്നത്‌. തുരുത്തിയേയും കനലിനേയും ചേർത്ത്‌ ഉല എന്നാണ്‌ വിളിക്കുന്നത്‌.

തുരുത്തിയിൽനിന്നു പ്രവഹിക്കുന്ന വായുവിനാൽ ഉലയിലെ ചിരട്ടക്കരി ആളിക്കത്തുമ്പോൾ ഇരുമ്പ്‌, ഉരുക്ക്‌ തുടങ്ങിയ ലോഹങ്ങൾ തീയിൽ വയ്‌ക്കുന്നു. ചുട്ടുപഴുത്ത ലോഹക്കഷണങ്ങളെ അടകല്ലിൽവച്ച്‌ ചുറ്റിക ഉപയോഗിച്ച്‌ അടിച്ചുപരത്തുന്നു. ചുറ്റികകൾ തന്നെ പലതരം കാണുന്നു. കൂടം, ഇടത്തരം ചുറ്റിക, ചെറിയ ചുറ്റിക.

1. കൂടം-പിക്കാസ്‌, കോടാലി തുടങ്ങിയ ആയുധങ്ങൾ ഉണ്ടാക്കുമ്പോൾ ഉലയിൽ നിന്നെടുത്ത ഉരുക്കിനെ അടിച്ചുപരത്താൻ കൂടം എന്ന ചുറ്റികയാണ്‌ ഉപയോഗിക്കുന്നത്‌.

2. ഇടത്തരം ചുറ്റിക, മീൻകത്തി, മരച്ചീനിവെട്ടി, പേനാക്കത്തി, വെട്ടുകത്തി, ലാടം തുടങ്ങിയ ഉപകരണങ്ങൾ ഉണ്ടാക്കുമ്പോൾ ഇടത്തരം ചുറ്റിക ഉപയോഗിക്കുന്നു. കൂടാതെ ഇരുമ്പ്‌ അടിച്ചുപരത്തുന്നതിനും ഈ ചുറ്റികയാണ്‌ ഉപയോഗിക്കുന്നത്‌.

3. ചെറിയചുറ്റിക -അരുവാത്തി, വാൾ, വടിവാൾ, കൊടുവാൾ, ആക്കത്തി തുടങ്ങിയവ ഉണ്ടാക്കുമ്പോൾ ഉരുക്കിനെ അടിച്ചുപരത്തി അതാതിന്റെ ആകൃതി വരുത്തുവാൻ ചെറിയ ചുറ്റികകൾ ആണ്‌ ഉപയോഗിക്കുന്നത്‌.

തീയിൽനിന്നുളള അസംസ്‌കൃതവസ്‌തുക്കളെ എടുത്തുമാറ്റാൻ ഉലയാണിക്കമ്പി ഉപയോഗിക്കുന്നു. ഉലയിൽനിന്ന്‌ ലോഹങ്ങളെ എടുക്കാൻ കൊടിൽ ഉപയോഗിക്കുന്നു. ഇരുമ്പ്‌, ഉരുക്ക്‌ എന്നിവയെ മുറിക്കുന്നതിനായി വാൾ, ഉളി അല്ലെങ്കിൽ വെട്ടിരുമ്പ്‌ എന്നിവയും ദ്വാരം ഇടാൻ തമരും ഉപയോഗിക്കുന്നു. ഉപകരണങ്ങളുടെ ആകൃതിയ്‌ക്കനുസരിച്ച്‌ ഇരുമ്പിനെ മുറിക്കാൻ ഉപയോഗിക്കുന്നത്‌ കൈവാളാണ്‌. തടി ചെത്തി മിനുക്കാൻ പിടി അരം. ഉപകരണങ്ങൾക്ക്‌ മൂർച്ച കൂട്ടാൻ അരം അല്ലെങ്കിൽ പാട്ട്‌ അരം എന്നിവയും കാണാം. ചുട്ടുപഴുത്ത ലോഹങ്ങളെ തണുപ്പിക്കാൻ ഉലയ്‌ക്ക്‌ സമീപത്തായി കളിമണ്ണുകൊണ്ട്‌ ചെറിയൊരുകുഴി ഉണ്ടാക്കി അതിൽ ജലം നിറച്ച്‌ ഇടുന്നു. ഇന്ന്‌ ആലകൾ പലതും വീട്ടുമുറ്റത്തുനിന്ന്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

ഈ പ്രദേശത്ത്‌ കടലിന്റെ സാന്നിദ്ധ്യമുളളതിനാൽ ഇന്ന്‌ വലപ്പിച്ചാത്തിയ്‌ക്കാണ്‌ കൂടുതലായും ആവശ്യമുളളത്‌. വല അറുക്കുന്നതിനും തുന്നിക്കെട്ടുന്നതിനുമാണ്‌ മുക്കുവർ വലപ്പിച്ചാത്തി ഉപയോഗിക്കുന്നത്‌. കൂടാതെ ആറ്റിൽ മീൻപിടിക്കുന്നതിനായി മറ്റു ജനവിഭാഗങ്ങളും വലപ്പിച്ചാത്തി ഉപയോഗിക്കുന്നു. കശുവണ്ടി ഫാക്‌ടറികളുടെ ആവിർഭാവം അണ്ടിപ്പിച്ചാത്തികളുടെ ആവിർഭാവത്തിനും വഴിതെളിച്ചു. ഇന്ന്‌ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടുനിൽക്കുന്ന ഉപകരണങ്ങൾക്കുമാത്രമേ ആവശ്യക്കാർ ഉളളൂവെന്നതിനാൽ കൊല്ലപ്പണിക്കാർക്ക്‌ തൊഴിൽമേഖല നഷ്‌ടപ്പെടുകയാണ്‌. പരമ്പരാഗതമായി അനുവർത്തിച്ചുവന്ന നിരവധി ആലകൾ ഇന്ന്‌ നാട്ടുകാർക്ക്‌ ഒരു ഓർമ്മ മാത്രമായിതീർന്നിരിക്കുന്നു. വെൽഡിംഗ്‌ഷോപ്പുകളുടെ ആവിർഭാവവും സ്‌റ്റീൽക്കത്തികളുടെ വരവും ഉപയോഗവും പരമ്പരാഗതമായ പിച്ചാത്തികളുടെ ഉപയോഗത്തെയും ആലയുടെ നിലനിൽപ്പിനേയും പ്രതികൂലമായി ബാധിച്ചു. ദൈനംദിന ചെലവിനുളളതുപോലും ലഭിക്കാത്തതിനാൽ പുതിയ തൊഴിൽമേഖല തേടുകയാണിവർ. ചുരുക്കത്തിൽ നാട്ടിൻപുറങ്ങളിൽനിന്ന്‌ ആലക്കുടികൾ നഷ്‌ടമായിക്കൊണ്ടിരിക്കുന്നു.

പറഞ്ഞുതന്നത്‌ഃ നടേശൻ(70), അനിൽകുമാർ, കാണവിള, ഉച്ചക്കട, കുളത്തൂർ.

സിമി. വി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.