പുഴ.കോം > നാട്ടറിവ് > കൈവേല > കൃതി

കുടകൾ പലവിധം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.ജി.എൻ

കൈവേല

‘നാട്ടിൻപുറങ്ങളിൽ പൊതുവേ ഉപയോഗിച്ചിരുന്നത്‌ ഓലക്കുടകളായിരുന്നു’

മനുഷ്യൻ എന്നുമുതൽക്കാണ്‌ കുട ഉപയോഗിക്കാൻ തുടങ്ങിയത്‌? കുടയുടെ ഉത്ഭവത്തെപ്പറ്റി ഒരുകഥ തന്നെയുണ്ട്‌. പണ്ട്‌ ജമദഗ്‌നി എന്നൊരു മഹർഷിയുണ്ടായിരുന്നു. പരശുരാമന്റെ പിതാവ്‌. വലിയ തപഃശക്‌തിയുളള ഒരു മഹർഷിയായിരുന്നു അദ്ദേഹം. സൂര്യൻ കത്തിജ്വലിക്കുന്ന ഒരുദിവസം മഹർഷിക്ക്‌ ചൂട്‌ സഹിക്കാൻ കഴിഞ്ഞില്ല. അതിനാൽ കുപിതനായ അദ്ദേഹം സൂര്യനെ ഒന്നുപഠിപ്പിക്കണമെന്നു തീരുമാനിച്ചു. താൻ ശക്‌തിയുളള അസ്‌ത്രങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്‌. അവയിൽ ചിലതെടുത്തുകൊണ്ടുവരാൻ ഭാര്യയായ രേണുകയോട്‌ ആവശ്യപ്പെട്ടു. രേണുക കുറെ അസ്‌ത്രങ്ങൾ കൊണ്ടുവന്നു. മഹർഷി അവ സൂര്യനുനേരെ തൊടുത്തുവിട്ടു. എന്നാൽ അതെല്ലാം നിഷ്‌ഫലമായിത്തീർന്നു.

മഹർഷി വീണ്ടും അമ്പുകൾ വരുത്തിയശേഷം സൂര്യനുനേരെ പ്രയോഗിച്ചു നോക്കി. എന്നിട്ടും ഫലമുണ്ടാകാതിരുന്നതിനാൽ വീണ്ടും അത്‌ തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ സൂര്യനും ക്ഷീണം പറ്റി. അതിനാൽ അദ്ദേഹം ചൂടുകൊണ്ട്‌ രേണുകയെ വിഷമിപ്പിച്ചു. അവരുടെ ശിരസ്സും കാലും ചുട്ടുപൊളളാൻ തുടങ്ങി. വല്ലാതെ തളർന്നുപോയതുകൊണ്ട്‌ അല്‌പനേരം ഒരു മരച്ചുവട്ടിൽ വിശ്രമിക്കേണ്ടിവന്നു.

അപ്പോഴാണ്‌ രേണുകയ്‌ക്ക്‌ ഭർത്താവിന്റെ നിർദ്ദേശം ഓർമ്മവന്നത്‌. ഇനിയും താമസിക്കാൻ പാടില്ല. ഒരുപക്ഷേ ഭർത്താവ്‌ ശപിച്ചേക്കും. അതിനാൽ വേഗത്തിൽ എഴുന്നേറ്റ്‌ ഭർത്താവിന്‌ അമ്പുകൾ കൊണ്ടുപോയികൊടുത്തു. അപ്പോൾ മഹർഷി ഭാര്യയോട്‌ വൈകാനുളള കാരണം അന്വേഷിച്ചു. അവർ ചൂടുകൊണ്ടുണ്ടായ വിഷമങ്ങൾ വിസ്‌തരിച്ചു പറഞ്ഞു. അതുകേട്ടതോടെ മഹർഷിയുടെ കോപം ഒന്നുകൂടി വർദ്ധിച്ചു. തുടർന്ന്‌ അതിശക്‌തിയായി എയ്യാൻ തുടങ്ങി. അതേറ്റതോടെ സൂര്യൻ തളർന്നു പോയി. പിന്നീട്‌ സൂര്യൻ ഒരു ബ്രാഹ്‌മണന്റെ വേഷത്തിൽ മഹർഷിയുടെ അടുത്തു വന്ന്‌ ചോദിച്ചുഃ “സൂര്യൻ എന്തുതെറ്റാണ്‌ അങ്ങയോട്‌ ചെയ്‌തത്‌? അവൻ വെളളം വലിച്ചെടുക്കുന്നു. പിന്നെ അത്‌ മഴയായിത്തീരുന്നു. അതുകൊണ്ടാണ്‌ മനുഷ്യന്‌ ഭക്ഷണവും മറ്റും കിട്ടുന്നത്‌. കൂടാതെ മറ്റു കാര്യങ്ങൾ നടക്കുന്നതോ? അതും സൂര്യന്റെ സഹായം കൊണ്ടല്ലേ?”

ഇതെല്ലാം കേട്ടെങ്കിലും ജമദഗ്‌നി ശാന്തനായില്ല. അപ്പോൾ ബ്രാഹ്‌മണൻ വീണ്ടും ചോദിച്ചുഃ “മഹർഷേ, സൂര്യൻ എപ്പോഴും ചലിക്കുകയല്ലേ? ആ നിലയിൽ അവനെ എങ്ങനെ അമ്പെയ്യാൻ പറ്റും?” മഹർഷിക്ക്‌ കാര്യം മനസ്സിലായി. അദ്ദേഹം പറഞ്ഞുഃ “സൂര്യൻ നട്ടുച്ചയ്‌ക്ക്‌ അരനിമിഷം നിൽക്കില്ലേ? അപ്പോൾ ഞാൻ പരാജയപ്പെടുത്തും. ”ഒടുവിൻ സൂര്യൻ തെറ്റു സമ്മതിച്ചു. അതിനാൽ സന്തുഷ്‌ടനായ മഹർഷി തന്റെ എതിർപ്പ്‌ പിൻവലിക്കുകയുംചെയ്‌തു. തുടർന്ന്‌ മഹർഷിക്ക്‌ സൂര്യൻ ചില സമ്മാനങ്ങൾ നൽകി. തലയ്‌ക്ക്‌ ചൂട്‌ തട്ടാതിരിക്കാൻ കുടയും കാലിന്‌ ചൂട്‌ ഏൽക്കാതിരിക്കാൻ രണ്ടു തോൽച്ചെരിപ്പും. അന്നു മുതൽക്കാണത്രേ കുടയും ചെരിപ്പും പ്രചാരത്തിലായത്‌. ഓലക്കുട കഥ എന്തോ ആവട്ടെ. കുടയ്‌ക്കു വളരെ പഴക്കമുണ്ടെന്ന കാര്യം തീർച്ച. കാലക്രമത്തിൽ അതിന്‌ പല മാറ്റങ്ങൾ വന്നിട്ടുണ്ടെന്നുമാത്രം. അടുത്തകാലംവരെയും നാട്ടിൻപുറങ്ങളിൽ പൊതുവേ ഉപയോഗിച്ചിരുന്നത്‌ ഓലക്കുടകളായിരുന്നു. പനയോല, മുള എന്നിവ കൊണ്ടാണ്‌ ഇവ നിർമ്മിച്ചിരുന്നത്‌. ഇത്തരം കുടകൾ പല തരത്തിലുണ്ടായിരുന്നു. അവയിൽപ്പെട്ട ഒന്നാണ്‌ കാല്‌ക്കുട. കാലുളള കുടതന്നെ കാല്‌ക്കുട.

കാല്‌ക്കുടഃ കെട്ടാൻ ആദ്യം തന്നെ മുള നേരിയ തോതിൽ ചീന്തിയെടുത്ത്‌ വട്ടത്തിൽ ഒരു കൂടുണ്ടാക്കും. ഇതിന്റെ നടുക്കു മുളകൊണ്ടുളള ഒരു കാലുപിടിപ്പിച്ച ശേഷം കൂടിന്റെ കോലുകൾ അതിൻമേൽ ബന്ധിപ്പിക്കുന്നു. പിന്നീട്‌ അതിന്റെ മുകളിൽ ഓല പൊതിയുന്നു. ഈ ഓല പാറിപ്പോകാതിരിക്കാൻ പനയുടെ ഈളുകൾ കുത്തും. അതോടുകൂടി വിഷമമില്ലാതെ ഈ കുട ഉപയോഗിക്കാൻ കഴിയും. സ്‌കൂൾകുട്ടികളും മറ്റും അക്കാലത്ത്‌ ഇത്തരം കുടകളാണ്‌ ഉപയോഗിച്ചിരുന്നത്‌. ക്ലാസിലേയ്‌ക്കുപോകുമ്പോൾ ഇത്‌ പുറമേ ചാരിവയ്‌ക്കും. പൂട്ടാനൊന്നുംകഴിയില്ല. എപ്പോഴും തുറന്ന നിലയിൽതന്നെ.

ശീവേലിക്കുടഃ കാല്‌ക്കുടയുടെ ഒരുവകഭേദം തന്നെയാണ്‌ ഇത്‌. ക്ഷേത്രങ്ങളിൽ ഉത്സവകാലത്ത്‌ എഴുന്നളളത്തിനു മുന്നിൽ ഇതുപിടിക്കുന്നു. ഇതിന്റെ ഓലമേഞ്ഞ മുകൾഭാഗം വിസ്‌താരം കുറഞ്ഞതായിരിക്കും. കാലിനു കുറച്ചധികം നീളം ഉണ്ടാകുകയും ചെയ്യും. കൂടാതെ മുകളിൽ ഓലയുടെ വക്കിനു ചുറ്റും കുരുത്തോല തൂക്കിയിടാറുമുണ്ട്‌. ആചാരക്കുട എന്നപേരിൽ അറിയപ്പെടുന്നതും ഇതുതന്നെയാണ്‌. രാജാക്കൻമാരും തമ്പുരാക്കൻമാരും ക്ഷേത്രദർശനത്തിനു പോകുമ്പോൾ ഇതുപോലുളള ചെറിയൊരു കാല്‌ക്കുട ഉപയോഗിച്ചിരുന്നു. അകമ്പടിക്കാരിലൊരാൾ ഇത്‌ ചൂടിക്കൊടുക്കും.

കല്യാണക്കുടഃ ഇതും കാല്‌ക്കുട തന്നെയാണ്‌. പണ്ട്‌ നായൻമാരുടെ വിവാഹത്തോടനുബന്ധിച്ചാണ്‌ ഇതുപയോഗിച്ചിരുന്നത്‌. വിവാഹാനന്തരം വധു, വരന്റെ കൂടെ പോകുമ്പോൾ ഈ കുട പിടിച്ചിരിക്കണം. മഴയോ വെയിലോ ഉണ്ടാകണമെന്നില്ല. കാല്‌ക്കുട തന്നെയാണെങ്കിലും ഇത്‌ കാണാൻ നല്ല ഭംഗിയുണ്ടാകും. വൃത്തിയുളള ഓലയാണ്‌ ഇതിന്‌ ഉപയോഗിക്കുക. ഉളളിലുളള കോലുകൾക്കിടയിൽ വർണ്ണക്കടലാസുകൾകൊണ്ട്‌ ഭംഗിയായി അലങ്കരിക്കുകയും ചെയ്യും. മറക്കുടഃ പണ്ടത്തെ നമ്പൂതിരിസ്‌ത്രീകൾ ഉപയോഗിച്ചിരുന്ന കുടയാണിത്‌. അക്കാലത്ത്‌ അന്തർജ്ജനങ്ങളെ അന്യർ കാണാൻപാടില്ല. അതിനുവേണ്ടി അവർ ഈ കുടകൊണ്ട്‌ സ്വയം മറയ്‌ക്കുന്നു. അങ്ങനെയാണ്‌ ഇതിന്‌ മറക്കുട എന്നു പേരുവന്നത്‌. ഈ കുടയുടെ മുകൾഭാഗത്തിന്‌ മറ്റു കുടകളെ അപേക്ഷിച്ച്‌ കുറച്ചുകൂടി വിസ്‌താരമുണ്ടാകും. മറച്ചു പിടിക്കാനുളള സൗകര്യത്തിനുവേണ്ടി കാലിന്റെ നീളം കുറവായിരിക്കുകയും ചെയ്യും. ഈ കുടയ്‌ക്ക്‌ വട്ടക്കുട എന്നും പേരുണ്ട്‌.

തൊപ്പിക്കുടഃ നാട്ടിൻപുറങ്ങളിൽ പൊതുവേ ഉപയോഗിക്കുന്ന കുടയാണിത്‌. കാല്‌ക്കുട പിടിക്കുന്നത്‌ ജോലിചെയ്യുമ്പോഴും മറ്റും അസൗകര്യമാവുമല്ലോ. അതിനാലാണ്‌ തൊപ്പിക്കുട ഉപയോഗിക്കുന്നത്‌. ഇതിന്റെ മുകൾഭാഗത്തിന്‌ കാല്‌​‍്‌ക്കുടക്കുളളതിനേക്കാൾ വിസ്‌താരമുണ്ടായിരിക്കും. അതിന്റെ നടുവിൽ തലയിലുറപ്പിക്കാൻ പാകത്തിൽ ഓലകൊണ്ട്‌ ഒരുതൊപ്പിയും പിടിപ്പിക്കും. അത്‌ തലയിൽ വച്ച്‌ ഉറപ്പിച്ചാൽ വിഷമമില്ലാതെ ജോലി ചെയ്യാം. തലയിൽ വയ്‌ക്കുന്നതുകൊണ്ട്‌ ഇതിന്‌ തലക്കുട എന്നും പറയാറുണ്ട്‌.

വീച്ചിൽക്കുടഃ ഇത്‌ തൊപ്പിക്കുട പോലെത്തന്നെയാണ്‌. പക്ഷേ, വലിപ്പം കുറവായിരിക്കും. കൂടാതെ തൊപ്പിയിൽ ഇരുവശത്തും ഒരു ചരടുകെട്ടുന്നു. ഈ ചരട്‌ കുട ചൂടുന്നവന്റെ താടിയിൽ കുടുക്കും. അതുകൊണ്ട്‌ കാറ്റുവന്നാലൊന്നും കുട തലയിൽ നിന്ന്‌ പാറിപ്പോകുകയില്ല. മത്സ്യംപിടിക്കാൻ പോകുന്നവരാണ്‌ വീച്ചിൽക്കുട ഉപയോഗിക്കുന്നത്‌. ശീലക്കുടഃ കാലംമാറി. ജീവിതരീതികളിലും പലമാറ്റങ്ങൾവന്നു. ഇത്‌ കുടയെയും ബാധിക്കുകയുണ്ടായി. പഴയ ഓലക്കുടകൾക്കുപകരം സൗകര്യവും ഭംഗിയുമുളള ശീലക്കുടകളെത്തി. ആളുകൾ സന്തോഷപൂർവ്വം അവ സ്വീകരിക്കാനും തുടങ്ങി. ശീലക്കുടയിലും മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ആദ്യം ചൂരൽകൊണ്ടുളള കാലായിരുന്നു ഉപയോഗിച്ചിരുന്നത്‌. പിന്നീട്‌ ഇരുമ്പുകാലായി. അതിനുശേഷം ലേഡീസ്‌കുടകൾ രംഗത്തുവന്നു. തുടർന്ന്‌ പലതരത്തിലുളള ഫോൾഡിംഗ്‌ കുടകളും ധാരാളമായി പ്രചാരത്തിലെത്തി. മഴയും വെയിലും കൊളളാനല്ലാതെ ആഡംബരത്തിനുവേണ്ടി ക്ഷേത്രങ്ങളിലും ആഘോഷങ്ങളിലും ഉയർത്തുന്ന മുത്തുക്കുടകൾ, വർണ്ണക്കുടകൾ എന്നിവയും നമുക്ക്‌ സുപരിചിതമാണ്‌. ഒരുകാലത്ത്‌ നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെ പ്രചാരമുളളവയായിരുന്നു ഓലക്കുടകൾ. എന്നാൽ ഇക്കാര്യത്തിലും നാം വളരെയേറെ മുന്നോട്ടു പോയിരിക്കുന്നു. ഇന്ന്‌ മഴയും വെയിലും കൊളളാതിരിക്കാൻ ഓലക്കുട ചൂടുന്നത്‌ വളരെ ചുരുക്കമാണ്‌. അമ്പലങ്ങളിലുംമറ്റും വെറും ചടങ്ങുകൾക്കുമാത്രമാണ്‌ ഇവ ഉപയോഗിക്കുന്നത്‌. മത്സ്യം പിടിക്കുന്നവരും കൃഷിപ്പണി ചെയ്യുന്നവരും ഇപ്പോഴും തൊപ്പിക്കുടകൾ ഉപയോഗിക്കാറുണ്ട്‌. അതും ചുരുങ്ങിച്ചുരുങ്ങിവരുന്നു.

സി.ജി.എൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.