പുഴ.കോം > നാട്ടറിവ് > കൈവേല > കൃതി

നന്തുണ്ണി, അടയ്‌ക്കാപുത്തൂർ കണ്ണാടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു മുണ്ടേക്കാട്‌

‘തന്ത്രി എന്ന വാക്കിന്‌ ചിറ്റമൃത്‌ എന്നൊരർത്ഥം കൂടിയുണ്ട്‌’.

നാട്യശാസ്‌ത്രത്തിൽ വാദ്യങ്ങളെ തതം, അവനദ്ധം, ഘനം, സുഷിരം എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്‌. തതം എന്ന വിഭാഗം സ്വരങ്ങളെ വിസ്‌മരിപ്പിക്കുന്ന തന്ത്രി വാദ്യങ്ങളാണ്‌. പുരാതനസംഗീതോപകരണമായ നന്തുണ്ണി ഈ വിഭാഗത്തിൽ പെടുന്നു. കേരളത്തിലെ വിത്യസ്‌ത സമുദായക്കാർ അവരുടെ അനുഷ്‌ഠാനകർമ്മങ്ങളിൽ നന്തുണി ഉപയോഗിക്കുന്നുണ്ട്‌. കുറുപ്പൻമാരുടെ പാട്ടിന്‌ നന്തുണിപ്പാട്ടെന്ന പേരുപോലുമുണ്ട്‌. ഗണിയ സമുദായത്തിൽ പെട്ടവർ അവരുടെ സർപ്പപ്പാട്ടുകളിൽ നന്തുണി ഉപയോഗിക്കുന്നു. മധ്യകേരളത്തിലെ മണ്ണാൻമാർ ഭഗവതിതോറ്റത്തിന്‌ നന്തുണിയാണ്‌ വാദ്യോപകരണമായി ഉപയോഗിക്കുന്നത്‌. ഉത്തരകേരളത്തിലെ തെയ്യംപാടികളുടെ അനുഷ്‌ഠാനങ്ങളിൽ നന്തുണി വേണം. ദക്ഷിണകേരളത്തിലെ ഗണിയാർ സമുദായത്തിൽ വെട്ടവർ സർപ്പകാവുകളിൽ ‘ഊട്ടുംപാട്ടും’നടത്തുമ്പോൾ നന്തുണി ഉപയോഗിക്കുന്നു. പുലയർ നടത്തുന്ന ഭദ്രകാളിത്തുളളലിലും വാദ്യോപകരണമായി നന്തുണി ഉപയോഗിക്കുന്നു. 14-​‍ാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്നു വിശ്വസിക്കുന്ന ഉണ്ണുനീലിസന്ദേശത്തിൽ ഈ വാദ്യോപകരണത്തെ പരാമർശിക്കുന്നുണ്ട്‌.

കുമിഴ്‌, കൂവളം എന്നീ മരങ്ങളിലേതെങ്കിലും ഉപയോഗിച്ചാണ്‌ നന്തുണി ഉണ്ടാക്കുന്നത്‌. വീതി കുറഞ്ഞ മുകൾഭാഗം ഏഴു മുട്ടുകളായി തിരിച്ചിരിക്കുന്നു. പോത്തൻ ചിറ്റമൃതിന്റെ വളളിയാണ്‌ തന്ത്രിയായി ഉപയോഗിക്കുന്നത്‌. തന്ത്രി എന്ന വാക്കിന്‌ ചിറ്റമൃത്‌ എന്നൊരർത്ഥം കൂടിയുണ്ട്‌. മൂത്തവളളി പറിച്ചെടുത്ത്‌ നെല്ലിലിട്ട്‌ വേവിച്ച്‌ മാർദ്ദവം വരുത്തിയാണ്‌ നന്തുണിയിൽ കെട്ടുന്നത്‌. ചരടിനുമുകളിൽ വിരൽവച്ച്‌ സപ്‌തസ്വരങ്ങൾ പിടിക്കാവുന്ന ഏഴു ഭാഗങ്ങളുണ്ട്‌. ‘വായന’ എന്നു പേരായ ഉണ്ടകൊണ്ട്‌ ഇവയെ ചലിപ്പിച്ച്‌ ശ്രുതിയായും താളമായും ഉപയോഗിക്കുന്നു.

പറഞ്ഞുതന്നത്‌ രാവുണ്ണിക്കുറുപ്പ്‌, പന്നിശ്ശേരി, മുരിങ്ങത്തേരി, നെല്ലുവായ, തൃശൂർ.

1. ഉണ്ണുനീലി സന്ദേശം ശ്ലോകം 19

“ശൗണ്ഡീ, വേണു, സ്തനി, ശബരകാ, പങ്കിതം, രാവണങ്കൈ

സാരംഗം, നന്തുണി, നിറമെഴുന്തണ്ണി, വീണാ, പിനാകം

മറ്റും വാദ്യോൽക്കരമനുതരിക്കിന്റ വാദ്യാമൃതം തേ

കേൾപ്പുണ്ടോ വന്നിളയിലമരാധീശ ഗന്ധർവ്വസംഘാഃ”

അടയ്‌ക്കാപുത്തൂർ കണ്ണാടി

മനുഷ്യന്റെ സൗന്ദര്യബോധവുമായി ബന്ധപ്പെട്ടായിരിക്കണം കണ്ണാടിയുടെ നിർമ്മാണം ഉണ്ടായത്‌. മുഖക്കണ്ണാടികളുടെ കൂട്ടത്തിൽ ഏറ്റവും പുരാതനം വാൽക്കണ്ണാടിയാണ്‌. ആറൻമുളയാണ്‌ വാൽക്കണ്ണാടിയുടെ ജൻമസ്ഥലമായി കേരളീയർ കേട്ടറിഞ്ഞിട്ടുളളത്‌. എന്നാൽ പാലക്കാട്‌ ജില്ലയിൽ ചെർപ്പളശ്ശേരിയ്‌ക്കടുത്ത്‌ അടയ്‌ക്കാപുത്തൂരെന്ന കൊച്ചുഗ്രാമം വാൽക്കണ്ണാടികൊണ്ട്‌ പ്രസിദ്ധമായിരിക്കുന്നു.

ലോഹക്കണ്ണാടിയുടെ നിർമ്മാണം കേരളീയരുടെ സാങ്കേതികജ്‌ഞ്ഞാനത്തേയും സൗന്ദര്യബോധത്തേയും സമന്വയിപ്പിക്കുന്നു. വെളേളാട്‌ മിനുക്കിയാണ്‌ വാൽക്കണ്ണാടി നിർമ്മിക്കുന്നത്‌. ഈയവും ചെമ്പും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്താണ്‌ ലോഹക്കൂട്ട്‌ തയ്യാറാക്കുന്നത്‌. ഈ അനുപാതമാണ്‌ ലോഹക്കണ്ണാടിയുടെ നിർമ്മാണരഹസ്യം. വെളേളാട്‌ തയ്യാറായാൽ ഉരക്കടലാസുകൊണ്ട്‌ പ്രതലം മിനുക്കുന്നു. അതിനുശേഷം മൂശപ്പൊടി കൊണ്ട്‌ മിനുക്കി മെറ്റൽ പോളിഷ്‌ കൂടി പ്രയോഗിച്ചു കഴിഞ്ഞാൽ ഏതൊരു കണ്ണാടിയോടും കിടനിൽക്കുന്ന വാൽക്കണ്ണാടി തയ്യാറാകുന്നു. അതീവശ്രദ്ധയും വൈദഗ്‌ദ്ധ്യവും ആവശ്യമുളളതാണിതിന്റെ നിർമ്മാണം. വായുകുമിളകൾ കണ്ണാടി ലോഹത്തിൽ കുടുങ്ങിയാൽ മിനുക്കിക്കഴിയുമ്പോൾ കരിക്കുത്തുകൾ വീഴും. പിന്നെ അത്‌ ഉപയോഗശൂന്യമാണ്‌. രാകി മിനുക്കുമ്പോൾ ചൂടുകൂടിയാൽ ലോഹം പിളരും. ഇതിനെയെല്ലാം മറികടക്കുന്ന ശ്രദ്ധ വാൽക്കണ്ണാടിയുടെ നിർമ്മാണത്തിനാവശ്യമാണ്‌.

അടയ്‌ക്കാപുത്തൂരിലെ കുമാരനിലയത്തിലെ ബാലൻ എന്ന മൂശാരിയാണ്‌ അടിയ്‌ക്കാപുത്തൂർ കണ്ണാടിയുടെ ഉപജ്ഞാതാവ്‌. വിഗ്രഹങ്ങളും ഓട്ടുപാത്രങ്ങളും നിർമ്മിച്ചു ജീവിക്കുന്നതിനിടയിലാണ്‌ അയൽവാസിയായ അടയ്‌ക്കപുത്തൂർ കുന്നത്തു മനയ്‌ക്കൽ രാമൻ നമ്പൂതിരി ഇത്തരമൊരു ലോഹക്കണ്ണാടിയുടെ നിർമ്മാണസാദ്ധ്യതകളെക്കുറിച്ച്‌ ബാലനോട്‌ ആരാഞ്ഞത്‌. പിന്നീട്‌ ഈ ലോഹക്കൂട്ടിന്റെ അനുപാതം കണ്ടെത്താനുളള ശ്രമമായി. ശ്രമകരമായ ഈ പണിയുടെ നാളുകളിലൊന്നിൽ ഒരു വരപ്രസാദംപോലെ ഈ ലോഹക്കൂട്ട്‌ ബാലന്റെ കയ്യിലും മനസ്സിലും തെളിഞ്ഞു. ഏകദേശം പതിനഞ്ചു വർഷങ്ങൾക്കു മുൻപാണത്‌. ഇപ്പോൾ വിദേശത്തുനിന്നുപോലും ആളുകൾ അടയ്‌ക്കാപൂത്തൂർ വാൽക്കണ്ണാടി അന്വേഷിച്ച്‌ ബാലന്റെ ആലയിലെത്തുന്നു. പ്രായം കൊണ്ടുളള അവശതകൾ മൂലം മകൻ കൃഷ്‌ണകുമാറാണ്‌ വാൽക്കണ്ണാടി തയ്യാറാക്കുന്നത്‌.

പറഞ്ഞുതന്നത്‌ഃ കൃഷ്‌ണകുമാർ, കുമാരനിലയം, അടയ്‌ക്കാപുത്തൂർ, പാലക്കാട്‌ - 679 5​‍്‌03.

ബാബു മുണ്ടേക്കാട്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.