പുഴ.കോം > നാട്ടറിവ് > കൈവേല > കൃതി

ഗൃഹനിർമ്മാണ തച്ചുശാസ്‌ത്രവിധികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി.ജയപ്രകാശ്‌ നാരായണൻ

‘കാഞ്ഞിരം നെല്ലിയും ക്രമാലത്തി ഞാവൽ കരിങ്ങാലി’

ഭൂപ്രകൃതിക്ക്‌ അനുയോജ്യമായ തച്ചുശാസ്‌ത്രവിധികളെക്കുറിച്ച്‌ പ്രകൃതിയുടെ സസൂക്ഷ്‌മനിരീക്ഷണമാണ്‌ തച്ചുശാസ്‌ത്രത്തിന്റെ ഗുണമേൻമ. പ്രകൃതിക്ക്‌ അനുയോജ്യമായ വിധത്തിൽ ഗൃഹനിർമാണത്തിനുളള പ്രസക്തി ഇന്ന്‌ അതിപ്രധാനമാണ്‌. ആധുനികഗൃഹം ചൂട്‌, വെളിച്ചം എന്നിവയുടെ ഏറ്റക്കുറച്ചിലുകൾകൊണ്ട്‌ മനുഷ്യരെ രോഗപീഡിതരാക്കുന്നു. കാറ്റ്‌, മഴ, ചൂട്‌ തുടങ്ങിയ പ്രകൃതിശക്‌തികളിൽനിന്നുളള രക്ഷയ്‌ക്കാണ്‌ ഗൃഹം നിർമ്മിക്കുന്നത്‌. ഇവയിൽനിന്ന്‌ രക്ഷ പ്രാപിക്കുന്നതിന്‌ ഇവയെക്കുറിച്ചുളള അവബോധം അത്യാവശ്യമാണ്‌. പുരാതന തച്ചുശാസ്‌ത്രപ്രകാരമുളള ഗൃഹനിർമ്മാണത്തിൽ ഇവയെല്ലാം കണക്കാക്കുന്നു. ആയവ്യയങ്ങൾ

“മുന്നിൽ കണക്ക്‌ ചുറ്റു പെരുക്കിയെട്ടിട്ടിലുടനെ

പിന്നെപ്പതിനാലിലും പോക്കിശ്ശേഷമതെത്രയോനികഴിയും

ചുറ്റെട്ടിൻ വിഘ്നേ പുനഃ പന്ത്രണ്ടേഴോ മുപ്പതോടുമിരുപ-

ത്തേഴിൽ കഴിച്ചാൽ വരും ശേഷം നാൾവരുമാഴ്‌ച പക്കമുടനെ നാളും

വയസ്സാൻ ഫലം ഇഷ്‌ടേതാന വിതാനമാനിനീചയേ

ത്രിഘ്നേഷ്‌ടവിർഭാജിതേ ശേഷായോനിരിഹസ്യയോമുനിയുജാ”

ചുറ്റളവിനെ മൂന്നിൽ ഗുണിച്ച്‌ എട്ടിൽ ഹരിച്ചാൽ ശിഷ്‌ടം വരുന്നത്‌ ധ്വജാദിയോനികളും ഗുണനസംഖ്യയെ 14ൽ ഹരിച്ചാൽ ശിഷ്‌ടം വരുന്നത്‌ വ്യയവും (ചെലവ്‌) ചുറ്റിനെ 8ൽ ഗുണിച്ച്‌ 12ൽ ഹരിച്ച്‌ ശിഷ്‌ടം വരുന്നത്‌ ആയവും (വരവ്‌)അശ്വതി മുതലായ നാളുകൾ 30ൽ ഹരിച്ച്‌ ശിഷ്‌ടം വരുന്നത്‌ പ്രതിപദാതികളായ പക്കങ്ങളും 7ൽ ഹരിച്ചാൽ കാഴ്‌ചകളും പക്ഷാന്തരേ 9ൽ ഗുണിച്ച്‌ 10ൽ ഹരിച്ച്‌ ശിഷ്‌ടം വ്യയവും ആകുന്നു. പക്ഷാന്തരമെന്നാൽ പക്കം, കരണം മുതലായവയെന്നർത്ഥം. ചുറ്റിന്റെ ഉദ്‌ഭവം മുതൽ 100 കോൽ ചുറ്റിനുളളിൽ അഞ്ചുഘട്ടമായി മരണം വരുന്നു. ഇത്‌ കോലളവിലാണ്‌ സംഭവിക്കുന്നത്‌. അംഗുലത്താൽ ചുറ്റിന്റെ ഉദ്‌ഭവം മുതൽ 100 കോലിനുളളിൽ ആകെ 142 മരണഘട്ടങ്ങൾ ഉണ്ട്‌.

വസ്‌തുവിനെ പദവിഭാഗം ചെയ്യുന്നരീതിഃ വസ്‌തുവിനെ പദവിഭാഗം ചെയ്യുമ്പോൾ അഷ്‌ടവർഗ്ഗമായും നവ വർഗ്ഗമായും ദശ വർഗ്ഗമായും സങ്കൽപ്പിച്ച്‌ പദവിഭാഗം ചെയ്യണം. അഷ്‌ടവർഗ്ഗത്തിൽ 64 പദങ്ങളും നവവർഗ്ഗത്തിൽ 81 പദങ്ങളും ദശവർഗ്ഗത്തിൽ 100 പദങ്ങളും ഉണ്ടായിരിക്കും. സൂത്രങ്ങൾഃ വാസ്‌തുവിനെ ചതുരപ്പെടുത്തി നാലു ഖണ്ഡങ്ങളാക്കിയാൽ വാസ്‌തുവിന്റെ മദ്ധ്യത്തിൽകൂടി കിഴക്കു പടിഞ്ഞാറായും തെക്ക്‌ വടക്കായും രണ്ട്‌ രേഖകൾ ഉണ്ടാക്കുന്നു. അതിൽ കിഴക്കുപടിഞ്ഞാറേ രേഖ ബ്രഹ്‌മസൂത്രവും തെക്കുവടക്കേ രേഖ യമസൂത്രവുമാണ്‌. സൂത്രങ്ങൾ തമ്മിൽ കൂടുന്ന മദ്ധ്യമാണ്‌ ബ്രഹ്‌മസ്‌ഥാനം. വാസ്‌തുവിന്റെ അഗ്‌നികോണിൽനിന്ന്‌ വായുകോണിലേയ്‌ക്കുപോകുന്ന സൂത്രമാണ്‌ മൃത്യു സൂത്രം. ഈശാനകോണിൽനിന്ന്‌ നിരൃതികോണിലേയ്‌ക്കു പോകുന്ന സൂത്രത്തെ കർണ്ണസൂത്രമെന്ന്‌ പറയുന്നു.

വീഥികൾഃ വാസ്‌തുവിൽ 9 വീഥികളുണ്ട്‌. ബ്രഹ്‌മ, വിനായക, അഗ്‌നി, ജല, സർപ്പ, കുബേര, ദേവ, പിശാച വീഥികളാണ്‌ ഇവ. ഖണ്ഡങ്ങൾഃ വാസ്‌തുവിനെ നാല്‌ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഈശാനം, നിരൃതി, അഗ്‌നി, വായു ഇവയാണ്‌ ഈ നാല്‌ ഖണ്ഡങ്ങൾ. ഇതിൽ ഈശാനവും നിരൃതിയും ശുഭകരമാണ്‌. യോനികൾ വാസ്‌തുവിൽ നാലുദിക്കിലും നാലുകോണിലുമായി എട്ട്‌ യോനികൾ. കിഴക്ക്‌ ദിക്കിൽ ധ്വജയോനി, ആഗ്‌നികോണിൽ ധൂമയോനി, തെക്ക്‌ ദിക്കിൽ സിംഹയോനി, നിരൃതികോണിൽ കുക്കുടയോനി, പടിഞ്ഞാറ്‌ ദിക്കിൽ വൃക്ഷയോനി, വായുകോണിൽ ഖരയോനി, വടക്ക്‌ ദിക്കിൽ ഗജയോനി, ഈശാന കോണിൽ കാകയോനി ഇവയാണ്‌ എട്ട്‌ യോനികൾ.

അളവുകൾഃ

പരമാണുവെട്ടു ചേർന്നീടിൽ ത്രസരേണ്യവതായിടും

ത്രസരേണുവെട്ടു ചേർന്നീടിൽ ഒരു രോമാഗ്രമായിടും

എട്ടു രോമാഗ്രമൊന്നിച്ചാലൊരു ലിക്ഷാപ്രമാണാം

എട്ടു ലിക്ഷാ പ്രമാണത്തിനൊരു യൂകമെന്നു പേർ

എട്ടു യൂകമൊന്നിച്ചാൽ യവമൊട്ടൊരുമിച്ചീടിൽ

ഏകാംഗുലമതായിടും പന്തിരണ്ടംഗുലം ചേർന്നാൽ

വിതസ്‌തിയെന്നതിനുപേർ വിതസ്‌തിരണ്ടും ചേരുമ്പോൾ

ഒരു കോലെന്നു ചൊല്ലീടാം നാലു കോലിന്നു ദണ്ഡൊന്നാ-

ണീവിധമളവിൽ ക്രമം വിതസ്തിയെന്നതിനർത്ഥ

മുഴമെന്നു പറഞ്ഞീടാം യുകത്തിനതുപോൽക്കെന്നെ

തിലമെന്നു പറഞ്ഞീടാം അംഗുലത്തിനു ചൊല്ലുന്നു

മാത്രാംഗുലമതേവിധം കോലിന്നു കിഷ്‌കുഠവെന്നാൽ

മാനമെന്നു ഭുവിന്നഥ വിരലെന്നു പറഞ്ഞീടു

മംഗുലത്തിനു ഭാഷയിൽ.

8 പരമാണു 1 ത്രസരേണു, 64 പരമാണു 1 രോമാഗ്രം,

512 രോമാഗ്രം 1 ലിക്ഷ, 40906 ലിക്ഷ 1 യൂകം, 32768 യൂകം 1 യവം

എന്നാണ്‌ പരമാണുവിനെ അടിസ്ഥാനമാക്കിയുളള കണക്ക്‌.

പലതരത്തിലുളള കോലുകൾ ഃ 24 അംഗുലമുളളതിനെ കിഷ്‌കുവെന്നും 25 അംഗുലമുളളതിനെ പ്രാജാപത്യമെന്നും 26 അംഗുലമുളളതിനെ ധനുർമുഷ്‌ടിയെന്നും 27 അംഗുലമുളളതിനെ ധനുർഗ്രഹമെന്നും 28 അംഗുലമുളളതിനെ പ്രാചുമെന്നും 29 അംഗുലമുളളതിനെ വൈദേഹമെന്നും 30 അംഗുലമുളളതിനെ വൈപുല്യമെന്നും 31 അംഗുലമുളളതിനെ പ്രകീർണ്ണമെന്നുമുളള എട്ടുതരം കോലുകൾ ഉണ്ട്‌. സർവ്വസമ്മതവും എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കുന്നതുമാണ്‌ കിഷ്‌കു. ധനുർമുഷ്‌ടി ഏതുജാതിക്കും പ്രാജപത്യം വൈദേഹം എന്നിവ വൈശ്യനും ധനുർഗ്രഹം പ്രകീർണ്ണം എന്നിവ ബ്രാഹ്‌മണനും വെപുല്യം ക്ഷത്രിയനും ഉപയോഗിക്കാമെന്നും പറയപ്പെടുന്നു.

പലതരത്തിലുളള ശില്‌പികൾ സ്ഥപതിഃ ഭൂമിയെ പരീക്ഷിച്ച്‌ സ്‌ഥാനം നിർണ്ണയിക്കൽ, ശിലാസ്‌ഥാപനം, ഗൃഹനിർമ്മാണത്തിനുളള ശരിയായ കണക്കുകൾ ഉണ്ടാക്കൽ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പണികൾ. ഇദ്ദേഹത്തെ സാധാരണക്കാർ മൂത്താശാരി എന്നു പറയുന്നു. ഇദ്ദേഹത്തിന്‌ വംശഗുണം, സൽക്കർമ്മ ഔത്സുക്യം എന്നിവ വേണം. അസൂയാദി ഗുണങ്ങൾ ഇല്ലാത്തവനും സത്യം, ധർമ്മം, ശ്രദ്ധ, ആരോഗ്യം ഇവയുളളവനും വർജ്ജനപ്രിയനും തച്ചുശാസ്‌ത്രത്തിൽ പൂർണ്ണവിജ്‌ഞ്ഞാനമുളളവനും സ്‌ഥിരചിത്തവനുമായിരിക്കണം. സൂത്രഗ്രാഹിഃ മറ്റുളളവരെക്കൊണ്ട്‌ കൃത്യമായി ജോലി ചെയ്യിപ്പിക്കുന്നതിന്‌ സമർത്‌ഥനും ചുമതലപ്പെട്ടവനുമാണ്‌. തക്ഷൻഃ പ്രധാനമായവ പണിയുന്നവനാണ്‌ തക്ഷൻ. ഇദ്ദേഹത്തിന്‌ കല്ല്‌,മണ്ണ്‌, കുമ്മായം, സിമന്റ്‌ എന്നിവ പ്രയോഗിക്കുവാൻ അറിവ്‌ ഉണ്ടായിരിക്കണം. വാസ്‌തുവിന്റെ ഉത്തമ ദൃഷ്‌ടിഃ വലതുഭാഗത്ത്‌ നദീജലപ്രവാഹമുളളത്‌, ശീതോഷ്‌ണ സ്‌ഥിതിയിൽ വ്യത്യാസമില്ലാത്തത്‌, ശുദ്ധവായു, വെളളം എന്നിവയുളളത്‌, ശ്മശാനം, നെല്പാടം, മല, പാറക്കൂട്ടം, സമുദ്രം, താപസംഗ്രഹം എന്നിവ അടുത്തില്ലാത്തതും കിഴക്കോട്ട്‌ അല്‌പം ചെരിഞ്ഞതുമായ ഭൂമിയാണ്‌ ഉത്തമം.

ഗൃഹത്തിനടുത്തുവേണ്ട വൃക്ഷങ്ങൾ

വൃക്ഷം ആദിയായ്‌കൊൾക

കാഞ്ഞിരം നെല്ലിയും ക്രമാ-

ലത്തി ഞാവൽ കരിങ്ങാലി

പിന്നെ കരുമരം മുള

അരയാൽ നാഗവും പേരാൽ

പ്ലാശിത്തിയോടമ്പഴം

നേർകൂവളം നേർമരുത്‌

വെട്ടിയും പയനും പഞ്ഞിയും

പ്ലാവെരുതു പനഞ്ചിയും

കടമ്പും നല്ല തേൻമാവും

കരിമ്പനയോടെരുപ്പയും ഗൃഹം നില്‌ക്കുന്ന ഭൂമിയിൽ ഉണ്ടായാൽ നല്ലതാണ്‌.

കേട്ടെഴുതിയത്‌ - ആനന്ദൻ, കുണ്ടൂർ.

വി.ജയപ്രകാശ്‌ നാരായണൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.