പുഴ.കോം > നാട്ടറിവ് > പുറാട്ട് > കൃതി

പുറാട്ട്‌ -അയ്യപ്പുണ്ണി സംസാരിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാട്ടറിവു പഠനകേന്ദ്രം

പണിസ്‌ഥലങ്ങളിൽ നടന്ന കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച്‌ കാച്ചുന്നു.

ഇപ്പോൾ കുറേശ്ശേ കൊട്ടനെയ്‌തുണ്ട്‌. മുമ്പ്‌ കല്ലുവെട്ടുണ്ടായിരുന്നു. പാലക്കാട്ടു നിന്ന്‌ ഏഴു തലമുറകൾക്കുമുമ്പാണ്‌ പൊറാട്ട്‌ നാടകം നമ്പഴിക്കാടും പരിസരപ്രദേശങ്ങളിലും പ്രചരിച്ചത്‌. അക്കാലത്ത്‌ പതിനാറ്‌ അംഗങ്ങളുളള സംഘമായിരുന്നു പൊറാട്ടിൽ അഭിനയിച്ചിരുന്നത്‌. ഈഴവസമുദായത്തിൽപെട്ടവർ അക്കാലത്ത്‌ പൊറാട്ടിൽ അഭിനയിച്ചിരുന്നു. അക്കാലത്ത്‌ രാത്രി 9 മണി മുതൽ കാലത്ത്‌ 10 മണി വരെ ക്ഷമയോടുകൂടി ജനങ്ങൾ പൊറാട്ട്‌ നാടകം കണ്ടിരുന്നുവത്രേ. ഇപ്പോൾ ടി.വിയുടെയും മറ്റ്‌ കലാരൂപങ്ങളുടെയും കടന്നുകയറ്റം മൂലം ഇത്ര ദീർഘനേരം പൊറാട്ട്‌ കാണാൻ ആളെ കിട്ടില്ല.

ഇപ്പോൾ രാത്രി 9 മണി മുതൽ 2 മണിവരെയാണ്‌ സമയം. പൊറാട്ടിൽ അഭിനയിക്കുന്നവരുടെ സംഖ്യ 10 ആയി കുറച്ചിട്ടുണ്ട്‌ഃ ചെറുമൻ, ചെറുമി, മണ്ണാൻ, മണ്ണാത്തി, കുറവൻ, കുറത്തി, കോമാളി, ഇലത്താളക്കാരൻ, ചെണ്ടക്കാരൻ, ആശാൻ എന്നിങ്ങനെ. ആശാന്റെ കാൽതൊട്ട്‌ നെറുകയിൽവച്ച്‌ ഗണപതിസ്തുതിയോടുകൂടിയാണ്‌ പൊറാട്ട്‌ നാടകം തുടങ്ങുന്നത്‌. ആധുനികനാടകത്തിനുളള സ്‌റ്റേജിന്റെ പകുതിവലിപ്പത്തിലുളള സ്‌റ്റേജ്‌ മതിയാകും.

ഇന്നത്തെ നാടകത്തിലെപ്പോലെ മുൻകൂട്ടി നിശ്ചയിക്കുന്നതു മാത്രമല്ല പറയുന്നത്‌. ഞാൻ ഒറ്റയ്‌ക്ക്‌ പറഞ്ഞാൽ മുഴുവനാവില്ല. ഉദാഹരണത്തിന്‌, ചെറുമനോട്‌ ആശാൻ ചോദിക്കുന്നു. ഇപ്പോ എവ്‌ടാ പണി? മനയ്‌ക്കല്‌ പണി. 6 ഇടങ്ങഴി നെല്ല്‌ കിട്ടി. നെല്ല്‌ കിട്ടി എന്തു ചെയ്‌തു? 3 ഇടങ്ങഴി കുത്തി കഞ്ഞിവച്ചു. 3 ഇടങ്ങഴി വിറ്റ്‌ ഞാനും പെണ്ണും കളളുകുടിച്ചു. കളള്‌കുടിച്ച്‌ പാട്ടുപാടി ചെറുമനും ചെറുമിയും സ്‌റ്റേജിൽ അഭിനയിക്കുന്നു. മുൻകൂട്ടി നിശ്ചയിക്കുന്നത്‌ കൂടാതെ സന്ദർഭത്തിനനുസരിച്ച്‌ പൊറാട്ടിലെ നടൻമാർ കൂട്ടിച്ചേർക്കുന്നു. കളള്‌ഷാപ്പിലും പൂരപ്പറമ്പിലും പാടത്തും പറമ്പിലും മറ്റ്‌ പണിസ്‌ഥലങ്ങളിലും നടന്ന കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വച്ച്‌ കാച്ചുന്നു. മേൽപറഞ്ഞതുപോലെ മണ്ണാനോടും മണ്ണാത്തിയോടും കുറവനോടും കുറത്തിയോടും ആശാൻ ചോദ്യങ്ങൾ ചോദിക്കുന്നു. കോമാളികൾ തമാശ പറഞ്ഞ്‌ കാണികളെ ചിരിപ്പിച്ചുകൊണ്ടിരിക്കും. ചെണ്ടയും ഇലത്താളവും എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കളരി അഭ്യാസികൾ കാണിക്കുന്ന ചുവടുവയ്‌പുകൾ പൊറാട്ടിലുണ്ട്‌. വട്ടത്തിൽ നിന്നിട്ടല്ല ചുവടുകൾ വയ്‌ക്കുന്നത്‌, നീളത്തിൽ നിന്നിട്ടാണ്‌.

വളരെ നേരളള പരിപാടി. തൂറാനോ മുളളാനോ വേണങ്കിൽ ആശാനോട്‌ സ്വകാര്യമായിചോദിച്ച്‌ പോകും. ഇതിലെ പാട്ട്‌ ഇപ്പഴത്തെ നാടകത്തിലെപ്പോലെ പിന്നീന്ന്‌ പാടണതല്ല. ചുവടുവച്ച്‌ നൃത്തത്തിനൊപ്പം പാടണം. അതിന്‌ സന്ദർഭം വേണം (പാട്ടുപാടാൻ അയ്യപ്പുണ്ണി കൂട്ടാക്കിയില്ല). ഇപ്പഴും പരിപാടിക്ക്‌ പോകാറുണ്ട്‌. വളരെ സമയം പരിപാടി ഉണ്ടാകാറില്ല. പണ്ട്‌ വേറെ കലാപരിപാടികൾ ഇല്ലാതിരുന്നതുകൊണ്ടാണ്‌ വളരെ സമയം ജനങ്ങൾ ക്ഷമയോടെ കണ്ടിരുന്നത്‌.

ഇപ്പഴത്തെ നിലയ്‌ക്ക്‌ ഒരു പൊറാട്ടുനാടകം സംഘടിപ്പിക്കാൻ ചുരുങ്ങിയത്‌ 2000 രൂപവേണം. 10 നടൻമാർക്ക്‌ പുറമേ മേയ്‌ക്കപ്പുകാരനുമുണ്ട്‌. ഈ സംഖ്യ കൂടുതലല്ല. കളളും ചാരായവുമൊക്കെ കുടിക്കുംന്ന്‌ ആളുകൾ പറയും. ഇപ്പഴത്തെ നാടകമല്ല ഇത്‌. എത്രസമയം ചായം തേച്ച്‌ മുഖം മൂടിയിട്ട്‌ നിൽക്കണം! പൊറാട്ടുനാടകം കണ്ടാലേ മുഴുവൻ കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയൂ. ഒരു വ്യക്തിക്ക്‌ പറഞ്ഞുതരുവാൻ പരിമിതിയുണ്ട്‌. എന്റെ ചേട്ടനുൾപ്പെടെ ഞങ്ങൾ മൂന്നുപേരാണ്‌ നാടകം കളിക്കുന്നവരായി ഇപ്പോൾ ഉളളത്‌. ബാക്കിയെല്ലാം മറ്റ്‌ നാടുകളിലായി ചിന്നിച്ചിതറി കിടക്കുന്നു. ഒരു പ്രാവശ്യം ആകാശവാണിയിൽ പരിപാടി അവതരിപ്പിക്കാൻ പോയിട്ടുണ്ട്‌.

പറഞ്ഞുതന്നത്‌ഃ ടി.കെ. അയ്യപ്പുണ്ണി (പറയസമുദായം) നമ്പഴിക്കാട്‌, തൃശൂർ.

കേട്ടെഴുതിയത്‌ഃ രവീന്ദ്രൻ നമ്പഴിക്കാട്‌.

നാട്ടറിവു പഠനകേന്ദ്രം

തൃശ്ശൂർ - 27
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.