പുഴ.കോം > നാട്ടറിവ് > പാട്ട് > കൃതി

രണ്ടു മാപ്പിള കഥകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കടവനാട്ട്‌ മുഹമ്മദ്‌

‘ങ്ങളെ കണ്ടപ്പം ഞമ്മള്‌ ആ ആടിനെ ഓർത്തുപോയി’

‘പൊരുത്ത്‌ പരീത്‌’ കന്നുകാലി ബ്രോക്കറായിരുന്നു. നുണപറയൽ ഈ പ്രൊഫഷന്റെ ഏറ്റവും വലിയ ഭാഗമാണല്ലോ. മച്ചിപ്പശുവിനെ കാണിച്ച്‌, വാങ്ങാൻ വന്നവനോട്‌ പറയും ഃ ‘ഈ പജ്ജ്‌ പെറ്റില്ലാ എങ്കിൽ ഞമ്മ പെറും. കുട്ട്യേ, നെറച്ചെനേന്ന്‌. ഇജി ഇതിനെ മേങ്ങിക്കോ’. അങ്ങിനെ പോയി പരീതിന്റെ നുണകൾ. ഒടുവിൽ പരീത്‌ മരിച്ചു. മരിച്ചവരുടെ ഖബറടക്കം കഴിഞ്ഞ്‌ ആളുകൾ പിരിഞ്ഞാൽ ഖബറിനകത്ത്‌ ഇരുമ്പുലക്കയും, കുന്തവും ഏന്തി രണ്ട്‌ മലക്കുകൾ എത്തുകയായി ഃ ചോദ്യശരങ്ങളുമായി.

‘മൻ റബ്ബുക്ക?’ (നിന്റെ ദൈവമാര്‌?) ‘മൻ ദീനുക്ക?’ (നിന്റെ മതമേത്‌) ഇതൊക്കെയാണ്‌ ചോദ്യങ്ങൾ.

ഇഹലോക ജീവിതത്തിൽ നേർവഴിക്ക്‌ നടന്നവർ മണിമണിയായി ഉത്തരം പറയും. അല്ലാത്തവൽ മിഴിച്ചിരിക്കും! ഉത്തരം പറഞ്ഞില്ലെങ്കിൽ കുന്തംകൊണ്ട്‌ കുത്തലായി! ഇരുമ്പുലക്കകൊണ്ട്‌ അടിയും! മുങ്കർ, നക്കീർ, ഇവരാണ്‌ മലക്കുകൾ. പരീതിന്റെ നേരെയും ചോദ്യശരങ്ങളെയ്‌തു. ജീവിതത്തിൽ ഒരിക്കൽപോലും നേരുപറയാത്ത പരീത്‌!

‘മൻ റബ്ബുക്ക?’ ഉത്തരമില്ല!

‘മൻ ദീനുക്ക?’ ഉത്തരമില്ല!

ഇരുമ്പുലക്ക ഉയർന്നു പൊങ്ങി?

‘നിർത്ത്‌!’ അതൊരലർച്ചയായിരുന്നു. മലക്കുകളുടെ അലർച്ചയല്ലഃ പരീതിന്റെ! പണ്ട്‌ കുറെക്കാലം പരീത്‌ ബോംബെയിലായിരുന്നു. കുറേശ്ശെ ഹിന്ദി അറിയാം.

‘തും കോൻ ഹെ?’ മലക്കുകൾ അന്തം വിട്ടു! ആദ്യമായാണ്‌ ഒരാൾ തങ്ങളോട്‌ ചോദ്യം ചോദിക്കുന്നത്‌.

‘ഹം മുങ്കർ ഔർ നക്കീർ!’

പരീത്‌ സൗമ്യനായി

‘ഹാ! അതുകൊണ്ട്‌ തന്നെയാണ്‌ ഞാൻ ചോദിച്ചത്‌. ദാ കുറച്ച്‌ മുന്നെ ഇതുപോലെ ഒലക്കേം കുന്തോമൊക്കെയായി രണ്ടു പേര്‌ വന്നു. ങ്ങള്‌ ശോദിച്ച ചേലക്ക്‌ കൊറെ ശോദ്യങ്ങളും ശോദിച്ചു. അവരും പറഞ്ഞ്‌ ഞമ്മ മുങ്കറും നക്കീറും ആണെന്ന്‌! ഞമ്മളിപ്പം ആരെ വിശ്വസിക്കും? അല്ല, ങ്ങള്‌ പറ!’

ഗ്രാമത്തിൽ ‘വയള്‌’ (മതപ്രസംഗം) നടക്കുകയാണ്‌. വളരെ പ്രായം ചെന്ന ഒരു ഊശാൻ താടിക്കാരൻ മുസ്ല​‍്യാരാണ്‌ ‘വയള്‌’ പറയുന്നത്‌.

കേൾക്കാൻ ഒരു ആവേശവും, രസവും ഇല്ല. ഓരോ ദിവസം ചെല്ലും തോറും ശ്രോതാക്കളുടെ എണ്ണം കുറഞ്ഞു വന്നു.

എന്നാൽ ഒരു കാര്യം എല്ലാദിവസവും മുസ്ല​‍്യാർ ശ്രദ്ധിച്ചു. വളരെ പ്രായം ചെന്ന ഒരു വൃദ്ധ എന്നും കൃത്യമായെത്തുന്നു! തന്റെ പ്രസംഗം കേട്ട്‌ അവർ കരയുന്നു! മുസ്ല​‍്യാർക്ക്‌ അവരോട്‌ സഹതാപം തോന്നി.

ഒരു ദിവസം മുസ്ല​‍്യാർ അവരെ സമീപിച്ച്‌ ചോദിച്ചു; ‘അല്ല ഉമ്മാ, ങ്ങളെന്തിനാ ഇങ്ങനെ കരേണത്‌? ങ്ങളെ കരയിക്കുന്ന കാര്യങ്ങളൊന്നും ഞമ്മള്‌ പറ്യേണില്ലല്ലോ?’

‘ഇന്റെ മൊയ്‌ല്യാരേ, ഞമ്മളെ പൊരേല്‌ ഒരു ആടുണ്ടായിരുന്നു. എട്ട്‌ പത്ത്‌ പേറ്‌ പെറ്റു. കയിഞ്ഞ മാസം ആട്‌ മയ്യത്തായി. ങ്ങളെ അതേ ശേല്‌ക്ക്‌ളള താടി ഞമ്മളെ ആടിനും ഉണ്ടായിരുന്നു. ങ്ങളെ കണ്ടപ്പം ഞമ്മള്‌ ആ ആടിനെ ഓർത്തുപോയി.’

കടവനാട്ട്‌ മുഹമ്മദ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.