പുഴ.കോം > നാട്ടറിവ് > അന്നം > കൃതി

ചക്കവിഭവങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജു കുണ്ടൂർ

ഇടിയൻചക്കത്തോരൻ ഃ ചക്ക മൂപ്പാവുന്നതിനുമുമ്പ്‌ പറിച്ചെടുത്ത്‌ ചെറിയ കഷണമാക്കി മുകളിലെ മുളള്‌ ചെത്തിക്കളയണം. മഞ്ഞളും ഉപ്പും ചേർത്ത്‌ വേവിച്ച ശേഷം നല്ലപോലെ ചതയ്‌ക്കണം. അരി, കടുക്‌, മുളക്‌, കറിവേപ്പില ഇവ വെളിച്ചെണ്ണയിൽ മൂപ്പിച്ച്‌ ചക്ക ചതച്ചത്‌ അതിലിട്ട്‌ ചിരവിയ നാളികേരം കൂടിചേർത്ത്‌ ഇളക്കി വാങ്ങുക. ഇടിയൻചക്ക ആനയ്‌ക്ക്‌ വളരെയിഷ്‌ടമാണ്‌.

ചക്കമുളകോഷ്യം ഃ മൂത്തചക്ക ഞവിണികളഞ്ഞ്‌ കുരുനീക്കി ചുള ചെറുതാക്കി അരിഞ്ഞ്‌ കഴുകി വേവിക്കുക. മുളക്‌, മഞ്ഞൾ, ഉപ്പ്‌ ഇവ ചേർക്കണം. വെന്തു കഴിയുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കണം.

ചക്ക എരിശ്ശേരി ഃ ചക്ക ചെറുതാക്കി നുറുക്കി കഴുകി കുറച്ചുവെളളത്തിൽ മഞ്ഞൾപ്പൊടി, ഉപ്പ്‌, മുളകുപൊടി അല്ലെങ്കിൽ കുരുമുളകുപൊടി ചേർത്ത്‌ വേവിക്കുക. ചക്ക വേവുമ്പോൾ നാളികേരം ജീരകം ഇവ അരച്ച്‌ ചേർക്കുക. വാങ്ങിയിട്ട്‌ നാളികേരം ചിരകിയത്‌ വെളിച്ചെണ്ണയിൽ ചുവക്കെ മൂപ്പിച്ച്‌ ചേർക്കുക.

ചക്ക വറുത്തത്‌ ഃ ചക്കച്ചുള ഒരു വിരൽ നീളത്തിൽ മൂന്നോ നാലോ ആയി മുറിച്ച്‌ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ആവശ്യത്തിന്‌ ഉപ്പ്‌ തെളിക്കണം.

ചക്കവരട്ടി ഃ നല്ല വരിക്കച്ചക്ക നാരുംകുരുവും നീക്കി ചെറുതാക്കി അരിഞ്ഞ്‌ ഉരുളിയിൽ അല്പം വെളളത്തിൽ നാളികേരപ്പാലിൽവേവിക്കുക. വേകുമ്പോൾ നല്ലതുപോലെ ഉടയ്‌ക്കുക. ശർക്കര ഉരുക്കിഅരിച്ചെടുത്ത്‌ ഒഴിച്ച്‌ ചെറിയ തീയിൽ വേവിക്കുക. ഇളക്കികൊണ്ടിരിക്കണം. അല്പം നെയ്യ്‌ചേർക്കണം. ഹലുവ പാകമാകുമ്പോൾ വാങ്ങിവയ്‌ക്കുക. വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ കുറേനാൾ കേടുകൂടാതിരിക്കും.

ചക്കവരട്ടിയതുകൊണ്ട്‌ പായസം ഃ തേങ്ങാപ്പാൽ അടുപ്പത്തുവച്ച്‌ ശർക്കര ചേർത്ത്‌ ഇളക്കുക. നല്ലപോലെ ഇളക്കി പാകപ്പെടുമ്പോൾ തേങ്ങാപ്പാൽ വീണ്ടുമൊഴിച്ച്‌ വറ്റിക്കുക. പാകമായി വരുമ്പോൾ നാളികേരത്തിന്റെ ആദ്യത്തെപാൽ ഒഴിച്ച്‌ വാങ്ങിവയ്‌ക്കുക. കൊട്ടത്തേങ്ങ അരിഞ്ഞത്‌ നെയ്യിൽ മൂപ്പിച്ചതും ചുക്കും ജീരകവും പൊടിച്ചതും ചേർക്കുക.

ചക്കക്കൊണ്ടാട്ടം ഃ ഒരു വിരൽ നീളത്തിൽ ചക്കച്ചുള പലതായി മുറിച്ച്‌ വെളളം തിളപ്പിച്ചതിൽ ഇട്ട്‌ വേവിക്കുക. മഞ്ഞൾപ്പൊടി, ഉപ്പ്‌, പപ്പടക്കാരം എന്നിവ ചേർക്കണം. വെന്തുകഴിയുമ്പോൾ അരിപ്പയിൽ കോരിയെടുത്ത്‌ വെളളം വാർത്ത്‌ വെയിലത്തുവച്ച്‌ ഉണക്കി സൂക്ഷിച്ചുവയ്‌ക്കാം. ആവശ്യാനുസരണം വെളിച്ചെണ്ണയിൽ വറുത്തെടുത്ത്‌ ഉപയോഗിക്കാം.

ചക്കപ്പപ്പടം ഃ ചക്കച്ചുളവേവിച്ച്‌ ആട്ടുകല്ലിൽ ആട്ടിയെടുത്ത്‌ കായം, പപ്പടക്കാരം, എളള്‌, ജീരകം എന്നിവ ചേർത്ത്‌ ഉരുളയാക്കുക. അത്‌ പപ്പടംപോലെ പരത്തി വെയിലത്ത്‌ ഉണക്കിയെടുക്കുക. നല്ലപോലെ ഉണങ്ങിയാൽ വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.

ചക്കക്കുരു ഃ ചക്കക്കുരു നാലാക്കി പൊളിച്ച്‌ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത്‌ വേവിക്കുക. ഉഴുന്നുപരിപ്പ്‌, കടുക്‌, മുളക്‌, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ച്‌ ചേർത്തുണ്ടാക്കാം. ചക്കക്കുരു വേവിച്ച്‌ കഞ്ഞിയിൽചേർത്ത്‌ പശുവിന്‌ കൊടുക്കാം. പ്ലാവില ആടിന്റെ ഇഷ്‌ടാഹാരമാണ്‌. കഞ്ഞികുടിക്കുന്നതിന്‌ പ്ലാവില കുത്തി ഉപയോഗിക്കാം.

പഴുക്കപ്ലാവിലഞ്ഞെട്ടി കഷായംവച്ച്‌ കുടിക്കാറുണ്ട്‌. വായുസംബന്ധമായ അസുഖത്തിന്‌ നല്ലമരുന്നാണ്‌ പ്ലാവിലഞ്ഞെട്ടി ഇട്ട്‌ തിളപ്പിച്ച വെളളം. ഇത്‌ പ്രസവശൂശ്രൂഷക്കാലത്തും ഉത്തമം. പ്ലാവിന്റെ കാതൽ ഗണപതിഹോമം മുതലായവയ്‌ക്ക്‌ ഉപയോഗിക്കും. കാതൽ ഉപയോഗിച്ച്‌ മരക്കയിൽ, തട്ട്‌, പാത്രങ്ങൾ, മരിവകൾ, പാത്തികൾ, നിലന്തല്ലി മുതലായവയൊക്കെ ഉണ്ടാക്കുന്നു. ഗൃഹോപകരണങ്ങളും ഉണ്ടാക്കുന്നു.

രാജു കുണ്ടൂർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.