പുഴ.കോം > നാട്ടറിവ് > അന്നം > കൃതി

പറയസമുദായത്തിന്റെ ആചാരഭക്ഷണങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കൂറ്റനാട്‌ വി. ബാലൻ

‘തവിടു വിളമ്പിയതാണ്‌ ഏഴുവരിപ്പെണ്ണുങ്ങളുടേയും തിരണ്ടവളുടേയും അനുഷ്‌ഠാനഭക്ഷണം’

പാലക്കാട്‌ ജില്ലയുടെ വിവിധഭാഗങ്ങളും മലപ്പുറം, തൃശൂർ ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെടുന്ന വളളുവനാടൻപ്രദേശങ്ങളിൽ വസിക്കുന്ന പട്ടികജാതിയിൽപെട്ട പറയൻസമുദായക്കാർക്കിടയിൽ ഇന്നും ഒട്ടേറെ ആചാരാനുഷ്‌ഠാനങ്ങൾ നിലനിൽക്കുന്നു. സമുദായത്തിന്റെ കെട്ടുറപ്പിനുവേണ്ടി ഓരോ അംഗത്തിന്റേയും ജീവിതകാലപെരുമാറ്റച്ചട്ടങ്ങളെ സംബന്ധിച്ച അലിഖിത ‘സമുദായഭരണഘടനയും’ ചട്ടങ്ങൾ ലംഘിക്കുന്നവരെ വിചാരണചെയ്‌ത്‌ ശിക്ഷിക്കാനധികാരമുളള മൂപ്പൻമാരും നിലവിലുണ്ട്‌. ഇക്കാര്യങ്ങളെപ്പറ്റി വിശദീകരിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. വളളുവനാടൻ പ്രദേശങ്ങളിലെ പറയൻ സമുദായക്കാർക്കിടയിൽ നിലനിന്നുവരുന്ന ചില അനുഷ്‌ഠാനങ്ങളും അവയുമായി ബന്ധപ്പെട്ട ഭക്ഷണരീതികളും എന്തെന്ന്‌ അറിയുകയാണ്‌.

കുഞ്ഞിന്റെ ചോറൂണ്‌ പണ്ട്‌, പറയൻ സമുദായകുടുംബങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചോറൂണ്‌, അതോടൊപ്പമുളള പേരുവിളി മുതലായ അനുഷ്‌ഠാനങ്ങൾ അവരവരുടെ പടിഞ്ഞാറ്റിയിൽ വച്ചായിരുന്നു നടത്തപ്പെട്ടിരുന്നത്‌. അമ്പലത്തിൽ ചടങ്ങുകൾ നടത്തപ്പെട്ടാലും സ്വഗൃഹത്തിലെ പടിഞ്ഞാറ്റിയിൽവച്ചുളള അനുഷ്‌ഠാനങ്ങൾ നടത്തണമെന്ന്‌ നിർബന്ധമാണ്‌. തറവാട്ടിലെ മരിച്ചുപോയ കാരണവൻമാരുടെ രൂപങ്ങളെന്ന സങ്കല്പത്തിൽ മരാശാരിമാരെക്കൊണ്ട്‌ ചെറുതുംവലുതുമായ മരക്കഷണങ്ങളിൽ തീർപ്പിച്ച ബിംബങ്ങൾ പ്രതിഷ്‌ഠിച്ചിരിക്കുന്ന മുറിയാണ്‌ പടിഞ്ഞാറ്റി. തറവാട്ടുകാരണവരുടേയോ കുടുംബകാരണവരുടേയോ പിതാവിന്റേയോ മടിയിലിരുത്തി കുഞ്ഞിന്റെ വായിൽ നല്ലവണ്ണം അരച്ചുചേർത്ത ചോറിൽനിന്ന്‌ വിരലുകൾകൊണ്ട്‌ നുളളിയെടുത്ത്‌ വച്ചുകൊടുക്കും. ചിരട്ടയിൽ വാർത്തുവെച്ച കളളിൽ മുക്കിയെടുത്ത ചൂണ്ടുവിരലും നടുവിരലും കുഞ്ഞിന്റെ വായിൽവച്ചുകൊടുക്കും. ഈ ചടങ്ങ്‌ കഴിഞ്ഞാലേ പറയനായി ജീവിക്കാൻ അവൻ അർഹനാവുന്നുളളൂ.

തിരണ്ടുകല്യാണം ഃ ഇന്നും ഗ്രാമങ്ങളിലെ പറയൻ സമുദായങ്ങളിൽ തിരണ്ടുകല്യാണം കേമമായിത്തന്നെനടത്തിവരുന്നു. വിവാഹത്തിനെന്നപോലെ ധാരാളം അതിഥികൾ എത്തുന്നു. വിവാഹത്തിന്റേതുപോലെതന്നെ ഇവർക്ക്‌ സദ്യയും നൽകും. ഏഴ്‌ അല്ലെങ്കിൽ പത്തുദിവസം പുറത്തിറങ്ങാതെ മുറിയിലിരിക്കുന്ന പെൺകുട്ടിയെ തിരണ്ടുകല്യാണനാളിൽ പുലരാൻകാലത്ത്‌ കുളത്തിൽകൊണ്ടുപോയി കുളിപ്പിച്ച്‌ വീട്ടുമുറ്റത്തെ പന്തലിലെത്തിക്കുന്നത്‌ തോഴികളെപ്പോലെ പെരുമറുന്ന ‘ഏഴുവരിപ്പെണ്ണുങ്ങ’ളാണ്‌. സദ്യയൂണിനു മുൻപാണ്‌ തിരണ്ടുകല്യാണത്തിന്റെ അനുഷ്‌ഠാനഭക്ഷണം. സാമാന്യത്തിലധികം മഞ്ഞൾ അരച്ചുചേർത്തു വേവിച്ച ഉണങ്ങലരിച്ചോറും ഏഴുപ്ലാവിലകളുടെ ഞെട്ടിഭാഗം ചരിച്ച്‌ ഇലയുടെ ഒരുപാർശ്വത്തിൽ ഞെട്ടികുത്തിവച്ച്‌ ഒരിനം കുമ്പിളുകളുണ്ടാക്കിയവയിൽ, വറുത്തുകുത്തിയെടുത്ത തവിടു വിളമ്പിയതുമാണ്‌ ഏഴുവരിപ്പെണ്ണുങ്ങളുടേയും തിരണ്ടവളുടേയും അനുഷ്‌ഠാനഭക്ഷണം. അല്‌പം കളളുംകൂടി ഇവർക്കു കൊടുത്താലേ ഈ ഭക്ഷണക്രമത്തിന്‌ തനതുരൂപം കൈവരൂ.

കണ്ണിയപ്പം ഃ പറയൻ സമുദായക്കാർ തങ്ങളുടെ ഗൃഹാങ്കണങ്ങളിൽ കുടിവെച്ച ദൈവങ്ങളുടേയും മൂർത്തികളുടേയും മണ്‌ഡപത്തറമേലും പടിഞ്ഞാറ്റിയിലും ഓണം, വിഷു തുടങ്ങിയ വിശേഷനാളുകളിലും തട്ടകത്തെ ക്ഷേത്രോൽസവങ്ങളോടനുബന്ധിച്ചും പൂജ ചെയ്യാറുണ്ട്‌. ഒട്ടുമിക്ക പൂജകളുടേയും (ചില മന്ത്രവാദ പൂജകളുടേയും) നിവേദ്യദ്രവ്യത്തിൽ കണ്ണിയപ്പം മുഖ്യമായിരിക്കും. ഉണക്കലരിയുടേയോ പച്ചരിയുടേയോ പൊടി കലക്കി ചിരക്കട്ടയിൽകൊണ്ട്‌ കോരി നെരിപ്പോടിലൊഴിക്കമാത്രം ചെയ്‌തുണ്ടാക്കുന്നതാണ്‌ മേൽപ്രതലത്തിൽ നിറയെ ‘കണ്ണു’കൾ രൂപപ്പെടുന്ന കണ്ണിയപ്പം. കണ്ണിയപ്പങ്ങൾക്കെല്ലാം ഒരേ വലിപ്പമായിരിക്കില്ല. വിവിധയിനം മൂർത്തികൾക്ക്‌ വിവിധ വലിപ്പത്തിലുളള അപ്പങ്ങളായിരിക്കും നിവേദിക്കുക.

നിവേദ്യം ഃ പടിഞ്ഞാറ്റിയിലെ കാരണവൻമാർക്കുളള പൂജയിൽ ചോറുരുളയും ഒരു മുഖ്യഘടകമായിരിക്കും. എത്രകാരണവൻമാരുണ്ടോ ഓരോരുത്തർക്കും ഓരോ ഉരുള എന്ന കണക്കിൽ ഉരുട്ടിവച്ചിരിക്കും. ചിരട്ടകളിൽ കളളും. പൂജാകർമ്മങ്ങൾക്കുശേഷം പ്രധാനപ്പെട്ടവർക്ക്‌ പൂജിതമായ ഓരോ ചോറുരുളയും വറുത്തിടിച്ച തവിടും അൽപ്പാല്പം കളളും നൽകും. ചോറ്‌ ഉപയോഗിക്കാത്ത പൂജകൾക്കുശേഷം പ്രധാനികൾക്കും മറ്റതിഥികൾക്കും കണ്ണിയപ്പക്കഷണങ്ങളും തവിടും കള്ളുമാണ്‌ പ്രസാദമായി നൽകുന്നത്‌.

കോഴിയിറച്ചി ഃ വീട്ടുമുറ്റങ്ങളിൽ കുടിവയ്‌ക്കപ്പെട്ട ചില ‘അധമ’ മൂർത്തികൾക്ക്‌ കോഴിച്ചോര കിട്ടിയേതീരു. ഈയാവശ്യത്തിനായി കഴുത്തറക്കുന്ന കോഴികളുടെ വേവിച്ച ഇറച്ചി പടിഞ്ഞാറ്റിയിലെ പൂജയ്‌ക്കെടുക്കാറുണ്ട്‌. കോഴികളുടെ ‘കൊറു’ (തുടയിറച്ചി) കൊത്തിനുറുക്കാറില്ല. ഇവയുടെ അവകാശികൾ പ്രധാന കർമ്മികളും നിലവിലുളള കാരണവൻമാരുമായിരിക്കും. കോഴിയിറച്ചിയിൽ കണ്ണിയപ്പക്കഷണങ്ങളും നാളികേരത്തിന്റെ കൊച്ചുകഷണങ്ങളും ചേർത്ത്‌വേവിച്ച്‌ മറ്റ്‌ അതിഥികൾക്ക്‌ അല്പാല്പം നൽകും. കളളും കോഴിയിറച്ചിയും ക്ഷേത്രോൽസവനാളുകളിലെ രസകരമായ ഭക്ഷണമായിരിക്കും. ഇവയ്‌ക്കെല്ലാം അനുഷ്‌ഠാനഭക്ഷണങ്ങളുടെ പരിവേഷംതന്നെയാണുളളത്‌.

കേരളത്തിലെ പറയൻ സമുദുയക്കാർ ഇന്ന്‌ പ്രബുദ്ധരാണെന്നു പറയപ്പെടുന്നു. ഓണംകേറാമൂലയിൽ വസിക്കുന്ന പറയ സമുദായാംഗങ്ങൾ പോലും ഇക്കാലത്ത്‌ രോഗം പിടിച്ചുചത്ത ആടുമാടുകളുടെ മാംസം ഭക്ഷിക്കാറില്ല. എന്നാൽ വഴിനടക്കാൻ പോലും പാടില്ലാതിരുന്ന പട്ടിണിയും പരിവട്ടവും തങ്ങൾക്കിടയിൽ താണ്‌ഡമാടിയിരുന്ന ആ പഴയ കാലഘട്ടങ്ങളിൽ താളും തകരയുംമുളംനെല്ലരിയും ചത്ത ആടുമാടുകളുടെ ഇറച്ചിയുമായിരുന്നു പല ‘അധഃകൃത’വംശക്കാരുടേയും ഭക്ഷണം. പറയൻ സമുദായക്കാരുടെ സ്‌ഥിതിയും ഭിന്നമായിരുന്നില്ല. രോഗംപിടിച്ചുചത്ത ആടുമാടുകളെ (തട്ടകത്തെ ഉയർന്ന സമുദായക്കാരുടെ വളർത്തുമൃഗങ്ങൾ) കൊണ്ടുവന്ന്‌ മാംസമെടുത്ത്‌ വേണ്ടതുചെയ്‌ത്‌ പാചകംചെയ്‌ത്‌ കറിയാക്കി ഉപയോഗിക്കുന്നതു സംബന്ധിച്ച്‌ ചിലനിയമങ്ങളും നിബന്ധനകളും നിലനിന്നിരുന്നുവെന്നതാണ്‌ ചിന്തനീയവും രസാവഹവുമായ സംഗതി.

ഇന്ന പ്രദേശങ്ങളിലെ ഇന്ന വീടുകളിലെ ചത്തആടുമാടുകളെ ഇന്ന പറയൻ തറവാട്ടുകാർക്കാണ്‌ ഉപയോഗിക്കാൻ അവകാശം എന്ന നിബന്ധനപോലെതന്നെ ചത്ത ‘ഉരു’വിന്റെ ശരീരത്തിലെ ഇന്ന ഭാഗത്തെ ഇറച്ചി എടുക്കാനുളള അവകാശം തറവാട്ടിലെ ഇന്ന കുടുംബത്തിനുമാത്രമാണ്‌ എന്ന നിബന്ധനയും ഉണ്ടായിരുന്നു. കരളും തുടയിറച്ചിയും പ്രധാനികൾക്കായിരിക്കും. ഈ പ്രധാനികൾക്ക്‌ ഇഷ്‌ടമാണെങ്കിൽ പാകം ചെയ്യപ്പെട്ടശേഷം ഇഷ്‌ടമുളളവർക്ക്‌ ഒരു വിഹിതം വിളിച്ചുകൊടുക്കാം. അല്ലാതെ ഒരു കാരണവശാലും ‘അവകാശഇറച്ചി’യിൽനിന്ന്‌ (വേവിക്കാത്തതിൽനിന്ന്‌) ഇഷ്‌ടർക്ക്‌ അല്പമെങ്കിലും കൊടുക്കരുത്‌. കൊടുത്താൽ അത്‌ അവകാശത്തിൽ പങ്കുപറ്റലാവുമെന്നതിനാൽ ഈ നിബന്ധന എല്ലാവരും അനുഷ്‌ഠാനംപോലെതന്നെ അനുസരിച്ചുപോന്നിരുന്നു. അക്കാലത്തെ ചില മൂർത്തീപൂജകളിലും ഇങ്ങനെ ലഭിക്കുന്നതും, പാകം ചെയ്യപ്പെട്ടതുമായ മാംസം ഉപയോഗിച്ചിരുന്നു.

ശവസംസ്‌കാരവിഭവങ്ങൾ പറയൻ സമുദായക്കാർക്കിടയിലെ മരണാനന്തര ചടങ്ങുകൾക്ക്‌ മൗലികങ്ങളായ പല സവിശേഷതകളുമുണ്ട്‌. ഈ ചടങ്ങുകളും അനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ട ഭക്ഷണക്രമങ്ങളിലും ഈ സവിശേഷതകൾ പ്രകടമാണ്‌. ചരിത്രപരമായ കാരണങ്ങൾകൊണ്ട്‌ കാർഷികവൃത്തികളിൽനിന്ന്‌ വിട്ടുനിന്ന വിഭാഗങ്ങളിലൊന്നാണ്‌ പറയൻ സമുദായം. അതുകൊണ്ടുതന്നെ സാമൂഹ്യസാമ്പത്തിക തലങ്ങളിൽ ഏറെ ദുരിതമനുഭവിച്ചവരാണ്‌ ഈ സമുദായത്തിന്റെ പഴയകാല തലമുറ. ഗോത്രവർഗ്ഗങ്ങൾ വഴിപിരിഞ്ഞപ്പോൾ ആദിവാസി വിഭാഗങ്ങളുമായി ഏറെ അടുത്തു കഴിഞ്ഞവരാണവർ. അതുകൊണ്ടാവാം പറയൻ സമുദായത്തിൽ ഇന്നും നിലനിന്നുകാണുന്ന ആചാരാനുഷ്‌ഠാനങ്ങൾക്കുംമറ്റും ആദിവാസികളുടേതുമായി അനല്പമായ സാമ്യം കാണപ്പെടുന്നത്‌. അതേസമയം പറയൻസമുദായത്തിലെ മരണാനന്തര ചടങ്ങുകൾക്കും, ‘സ്‌മാർത്തവിചാരണ’യ്‌ക്കുമൊക്കെ ബ്രാഹ്‌മണസമുദായങ്ങളുടേതുമായി പൊതുവേ സാമ്യമുളളതായും കാണാം. പറയൻ സമുദായത്തിൽ പണ്ടുകാലത്ത്‌ നിലനിന്നിരുന്ന ശവസംസ്‌കാരചടങ്ങുകളിൽ ഏറെയും വലിയമാടങ്ങളില്ലാതെ ഇന്നും നിലനിൽക്കുന്നു. ശവസംസ്‌കാരം കഴിഞ്ഞ്‌, മരണപ്പെട്ടയാളുമായി പുലബന്ധമുളളവർ ആറ്റിലോ, കുളത്തിലോ കുളിച്ചുവന്നശേഷം എല്ലാവരും കൂടിയിരുന്ന്‌ ഭക്ഷണം കഴിക്കുന്നു. പട്ടിണിയും പരിവട്ടവും താണ്‌ഡവനൃത്തമാടിയിരുന്ന പണ്ടുകാലത്ത്‌ ‘കളളും കൂട്ടാനും’ അല്ലെങ്കിൽ ‘കളളും കട്ടൻചായയു’മായിരുന്നു ശവസംസ്‌കാരദിനത്തിലെ ഭക്ഷണം. ഈ ഭക്ഷണമൊരുക്കാൻ കഴിവില്ലാത്തവർ ബന്ധുക്കൾ നല്‌കുന്ന ‘കണ്ണോക്കു’പണത്തിൽനിന്ന്‌ പകുതി ഭക്ഷണംവകയായി തിരിച്ചു നൽകുകയായിരുന്നു പതിവ്‌. ‘കൊടന്നേപാതികൊടുക്കൽ’ എന്നാണ്‌ ഈസമ്പ്രദായത്തിനു പറഞ്ഞിരുന്നത്‌. ഇക്കാലത്ത്‌ എല്ലാവർക്കും ചോറുതന്നെയാണ്‌. ഒട്ടും വിഭവസമൃദ്ധമായിരിക്കില്ലെന്നു മാത്രം. ശവസംസ്‌കാരം കഴിഞ്ഞദിനത്തിന്റെ പതിനഞ്ചാം നാളിലാണ്‌ സാധാരണഗതിയിൽ പറയൻസമുദായക്കാർ ‘മരണാടിയന്തിരം’ നടത്തുന്നത്‌. പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ ഇത്‌ പത്താംനാളിൽ നടത്തപ്പെടാറുണ്ട്‌. ഇക്കാലത്ത്‌, ചില സൗകര്യങ്ങളെ കണക്കിലെടുത്ത്‌ മുതിർന്നവരുടെ മരണാടിയന്തിരവും പത്താംനാളിൽ നടത്തുന്നതുകണ്ടിട്ടുണ്ട്‌.

ശവസംസ്‌കാര ചടങ്ങുകളും മരണാടിയന്തിര ചടങ്ങുകളുമൊക്കെ പരമ്പരാഗതമായി അധികാരമേറ്റെടുത്ത ‘ഇണങ്ങൻ’മാരുടെ ഉത്തരവാദിത്തത്തിലാണ്‌ നടത്തപ്പെടുത്തുക. മരണമടഞ്ഞയാളുമായി പുലബന്ധമില്ലാത്ത മറ്റു തറവാട്ടുകാരായിരിക്കും ഈ ഇണങ്ങൻമാർ. ഇണങ്ങൻമാരെ സഹായിക്കാൻ ‘തറവാട്ടുകാർ’ എന്നു വിളിക്കപ്പെടുന്നവേറൊരു തറവാട്ടുകാരും പരമ്പരാഗതമായിത്തന്നെ നിയോഗിക്കപ്പെട്ടിരിക്കും. ശവം അടക്കംചെയ്‌തതിന്റെ പതിനഞ്ചാംനാളിലോ പത്താംനാളിലോ നടത്തപ്പെടുന്ന മരണാടിയന്തിരസദ്യ വിവാഹത്തിന്റേതുപോലെ കഴിയുന്നത്ര വിഭവസമൃദ്ധമാക്കാൻ വീട്ടുകാർ ശ്രദ്ധിക്കുന്നു. ഇണങ്ങൻമാർക്കും തറവാട്ടുകാർക്കും വിളമ്പിക്കഴിഞ്ഞേ മറ്റുളളവർക്കു വിളമ്പൂ. മരണപ്പെട്ടത്‌ മുതിർന്ന ആളാണെങ്കിൽ ആ ആളുകളുടെ ആത്‌മാവിന്റെ നിത്യശാന്തിക്കുവേണ്ടി നാല്പത്തിഒന്നു ദിവസമോ, ആറുമാസമോ, ഒരു വർഷമോ. ശേഷക്രിയാദികൾ അനുഷ്‌ഠിക്കുവാൻ ഒരാളെ (പുരുഷൻ) നിയോഗിക്കാറുണ്ട്‌. മരണപ്പെട്ടയാളുടെ ആൺമക്കളിൽ മൂത്തവനോ, അതുമല്ലെങ്കിൽ ഏകമകനോ ആയിരിക്കും ഇതിനായി നിയോഗിക്കപ്പെടുക. മക്കളൊന്നുമില്ലാത്തയാൾക്കുവേണ്ടി അയാളുടെ സഹോദരൻമാരുടെ ആൺമക്കളിലാരെങ്കിലുമോ, അതുമല്ലെങ്കിൽ രക്തബന്ധപരമ്പരയിലെ ആരെങ്കിലുമോ നിയോഗിക്കപ്പെടും. മരണപ്പെട്ടയാളുടെ ആത്‌മാവിനുവേണ്ടി ദീക്ഷയർപ്പിക്കാൻ നിയോഗിക്കപ്പെടുന്നയാൾ എത്ര മുതിർന്നയാളാണെങ്കിലും ‘ദീക്ഷക്കുട്ടി’ എന്നാണ്‌ വിളിക്കുക. ദീക്ഷവ്രതാനുഷ്‌ടാനങ്ങൾ ലളിതമല്ല. ക്ഷൗരംപാടില്ല. ദീക്ഷക്കുട്ടി ബാല്യദശ പിന്നിയാളാണെങ്കിൽ വീടിനടുത്ത്‌ ‘പർണ്ണശാല’ കെട്ടി അതിൽ താമസിക്കണം. സ്വയംഭക്ഷണം പാകംചെയ്‌തു കഴിക്കണം. ചോറ്‌ ഒരുനേരം മാത്രം. എണ്ണതേക്കരുത്‌. രണ്ടുനേരം കുളിക്കണം. മൽസ്യമാംസാദികൾ പാടില്ല. ഭാര്യയുമായി ബന്ധപ്പെട്ടുകൂടാ. വിനോദപരിപാടികളിൽ പങ്കെടുക്കാനോ, ആസ്വദിക്കാനോ പാടില്ല.

ശവസംസ്‌കാരദിനം മുതൽ ബലിയിടുന്നത്‌ ദീക്ഷക്കുട്ടിതന്നെയായിരിക്കും. (ഇക്കാലത്ത്‌ ഏറെ ചുരുക്കുന്നതായി ധാരാളംകാണുന്നുണ്ട്‌. പതിനഞ്ചാം നാളിലെ അല്ലെങ്കിൽ പത്താംനാളിലെ മരണാടിയന്തിരസദ്യയോടെ വ്രതം അവസാനിപ്പിക്കുന്നു) ‘മാസംകഴിക്കൽ’ എന്ന അനുഷ്‌ഠാനചടങ്ങോടെയാണ്‌ വ്രതം അവസാനിപ്പിക്കുന്നത്‌ (ദീക്ഷയിറക്കൽ). ‘മാസക്കാർ’ക്കേ ദീക്ഷയിറക്കാൻ അധികാരമുളളൂ. പ്രത്യേകം ക്ഷണിക്കപ്പെട്ടവരായിരിക്കും മാസക്കാർ. വീട്ടുകാരുടെ കഴിവനുസരിച്ച്‌ നടത്തുന്നമാസം ചെറുതാണെങ്കിൽ മാസക്കാരുടെ എണ്ണം ആറും വലുതാണെങ്കിൽ പന്ത്രണ്ടുമായിരിക്കും. മരണപ്പെട്ടയാളുമായി രക്തബന്ധമുളളവരായിരിരക്കില്ല മാസക്കാർ. കുളിച്ചുകഴിഞ്ഞ മാസക്കാർക്ക്‌ ദീക്ഷക്കുട്ടി കോടിമുണ്ടും, ചുമലിലിടാൻ തുവർത്തും കറുത്തചരടും കൗപീനവും ബ്രാഹ്‌മണരെപ്പോലെ ധരിക്കാൻ പൂണൂലും (സാധാരണ വെളളനൂൽ) കുറിയിടാൻ ഭസ്‌മവും ചന്ദനവും നൽകുന്നതിനുപുറമേ പ്രായംകൂടിയ മാസക്കാരന്‌ (മാസഗുരുക്കൾ) ഓലക്കാൽക്കുടയും നൽകുന്നു. കുളിക്കടവിൽവെച്ചുതന്നെയാണ്‌ മാസക്കാർ ഇവയെല്ലാം ധരിക്കുക. ചുമലിൽ ഓലക്കുട ചായ്‌ചുപിടിച്ച മാസഗുരുക്കൾ മുന്നിലും മറ്റുളളവർ ക്രമത്തിൽ പിറകേയുമായി നടന്ന്‌മാസം നടത്തപ്പെടുന്ന വീട്ടിലെ ‘മാസപ്പന്തലി’ലേയ്‌ക്കു നടക്കുന്നു. വേഷമാറ്റത്തോടെ മാസക്കാരെല്ലാം ബ്രാഹ്‌മണൻമാരാവുകയാണ്‌. പട്ടൻമാർ. സദ്യയന്വേഷിച്ച്‌ യാത്രചെയ്യുന്നവർ. വേഷപ്രച്ഛന്നരാവുന്നതോടെ കഴിയുന്നത്ര തമിഴ്‌ഭാഷ സംസാ​‍ിക്കണമെന്നുണ്ട്‌. (ഏറെ ആഴത്തിൽ ഗവേഷണപഠനം നടത്തപ്പെടേണ്ട ഒരു സംഗതിയാണിത്‌. അടിതട്ടിൽ കിടക്കുന്ന അധഃകൃതർ തങ്ങളുടെ മരണാനന്തര ചടങ്ങുകളിലൊന്നിൽ ബ്രാഹ്‌മണവേഷം സ്വീകരിക്കുന്നു. പറയിപ്പെറ്റപന്തിരുകുലം മിത്തിന്റെ പശ്ചാത്തലമാണിതിനെന്നു ചിലർ. ഐവർകഥയാണെന്നു മറ്റുചിലർ.) മാസപ്പന്തലിൽ മുഖ്യസ്‌ഥാനത്തുവിരിച്ച പായകളിൽ മാസക്കാർ ആസനസ്‌ഥരാകുന്നു. എത്തിച്ചേർന്നവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യയുണ്ടെങ്കിലും പട്ടൻമാർക്ക്‌ വിശേഷാൽ സദ്യയായിരിക്കും. ഇവർക്ക്‌ നാക്കിലകളിൽത്തന്നെ വിളമ്പണമെന്നുണ്ട്‌. മോരുംതൈരും പട്ടൻമാർക്കു തികഞ്ഞെങ്കിൽമാത്രമേ മറ്റുളളവർക്കു നൽകൂ. കാളൻ, ഓലൻ, ഉപ്പേരി തുടങ്ങി ചോറ്‌ ഇടാൻ ഇടമില്ലാത്തവിധം ഇലയിൽ വിഭവങ്ങൾ നിരന്നിരിക്കും. മാസസദ്യയിലെ ഒരു വിഭവം ചെറുപഴമാണെങ്കിൽ പട്ടൻമാർക്ക്‌ ചുരുങ്ങിയത്‌ രണ്ടുതരം പഴങ്ങളുണ്ടാവും. ‘കുറുകുന്നൻപഴം’, ‘നെടുനേന്ത്രപ്പഴം’ മറ്റുളളവർക്ക്‌ ചെറിയപപ്പടം മാത്രം നൽകുമ്പോൾ പട്ടൻമാർക്ക്‌ ‘വല്യപ്പടം’ കൂടിനൽകുന്നു. പതിനഞ്ചാംനാളിലോ പത്താംനാളിലോ നടത്തപ്പെടുന്ന ‘മാസ’ത്തിനും അതിന്റേതായ അനുഷ്‌ഠാനചടങ്ങുകൾ മൗലികമായിത്തന്നെ നടത്തണമെന്നു നിർബന്ധമാണ്‌.

കൂറ്റനാട്‌ വി. ബാലൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.