പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

യുവതി മൊഴിഞ്ഞത്‌...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാമദേവൻ.പി.മൊറയൂർ.

കവിത

ധനമോഹിയായ യുവസുഹൃത്ത്‌ തിളക്കമറ്റ ഒരു

മദ്ധ്യാഹ്നത്തിൽ എന്റെയടുത്തെത്തി പ്രണയം യാചിച്ചു. പിന്നെ

മാർച്ചുമാസത്തിലെ ഏതോ ചന്തയിൽ നിന്നും ശേഖരിച്ച ഒരു

വലിയ പുഷ്പഹാരം എന്നെ അണിയിച്ചു. അച്‌ഛന്റെ വിശാലമായ

മുന്തിരിത്തോപ്പുകൾ പലതും ഇനി നഷ്‌ടമായതു തന്നെ!

ആകാശങ്ങളിൽ വിഷാദത്തിന്റെ ചാരനിറമാർന്ന മേഘങ്ങൾ

വ്യാപിച്ചു. അവയുടെ ംലാനമായ തണലിൽ ചിറകറ്റുനിൽക്കെ

എന്റെ വിവാഹവും കഴിഞ്ഞു. പ്രതീക്ഷിച്ചുവെങ്കിലും മഴ വന്നില്ല.

വീട്ടുവളപ്പിലെ രജസ്വലയായ കുളം എന്നെ പരിഹസിച്ചു.

‘ബാല്യത്തിലെ കൂട്ടുകാരൻ രചിക്കുന്ന കവിതകൾക്ക്‌ ഇനിമേൽ

നിന്റെ ഛായയുണ്ടാവില്ല’, എന്ന്‌ ചുവന്ന അരളിപ്പൂവുകൾ പ്രസ്താവിച്ചു.

മട്ടുപ്പാവിൽ നിന്ന്‌, ഒട്ടൊരു നിസ്സഹായതയോടെ ഞാൻ,

സമുദ്രസ്നാനത്തിനായ്‌ പോകുന്ന സൂര്യബിംബത്തെ കണ്ടു.

ആദ്യനിശയുടെ മിന്നൽപിണരുകളെ വൈമനസ്യപൂർവ്വം

സ്പർശിച്ചു. വടിചുഴറ്റി വരുന്ന, ചെറുപ്പത്തിലെ ക്രൂരനായ

അദ്ധ്യാപകനെ ഓർമിക്കുകയും ചെയ്തു. ചൂരൽവടിയുടെ

രക്തമിറ്റുന്ന ലാളനം എനിക്ക്‌ പരിചിതമാണ്‌. അന്ന്‌,

ബാല്യത്തിലെ സുഹൃത്ത്‌ കേവലം വിനോദമെന്ന നാട്യത്തിൽ

ചൂരൽവടി ചുഴറ്റി എന്നെ സമീപിച്ചു. ഇരുളിന്റെ നേർത്ത

സംഗീതത്തിൽ ചൂരൽവടി മുരണ്ടുകൊണ്ടിരുന്നു.

എരിവുളളതും സ്വാദിഷ്‌ടവുമായ ഒരു കാട്ടുപഴം, ഞങ്ങൾ

ഒരുമിച്ചു ഭക്ഷിച്ചു. അതിൽ പിന്നെ ചൂരൽവടിയുമായി

നിറഞ്ഞ തടാകത്തെ വലംവെക്കുന്ന ഒരു കുറിയ രൂപത്തെ

ഉറക്കത്തിൽ ദർശിച്ച്‌ ഞാൻ അസ്വസ്ഥയായി. ചുവന്ന

അരളിപ്പൂവുകൾ തീനാളങ്ങൾ വർഷിച്ചു തുടങ്ങിയിരുന്നു.

ഭർത്താവിന്റെ തരളമായ കൈത്തലങ്ങൾക്ക്‌

ചൂരൽവടി വഴങ്ങില്ലെന്ന്‌ ഞാനുറപ്പിച്ചു. ഒരു ദുഃശ്ശാഠ്യക്കാരിയായി

ഞാൻ മൃദുലതകളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാൽ,

ഞാനറിയാതെ കടന്നുവന്ന നീലസന്ധ്യകളുടെ വിസ്മയങ്ങളിൽ,

ചൂരൽവടിയുടെ മൂർച്ച അനവരതം തിളങ്ങി. മാർദ്ദവമേറിയ

ശയ്യകളിൽ ഹൃദയമിടിപ്പോടെ ഞാൻ കലർന്നു. വയറു-

നിറഞ്ഞുകഴിഞ്ഞിട്ടും മധുരപലഹാരങ്ങൾ എന്നെ കൊതിപ്പിച്ചു.

ഹിമക്കട്ടകൾ കാർക്കശ്യം വെടിഞ്ഞ്‌ അരുവികളായി

രൂപാന്തരപ്പെട്ടു. പടർന്നുതിങ്ങിയ ശാഖികൾക്കിടയിലെ

കുളിരുകളിലേക്ക്‌ ജാലകങ്ങൾ തുറക്കപ്പെട്ടു.

പഴയ പാവാടക്കാരി, കുളപ്പടവിൽ ആരോ

വലിച്ചെറിഞ്ഞ അപൂർണമായ പെയ്‌ന്റിംഗിലേക്ക്‌ പടിയിറങ്ങി.

ഞാനവളെ തിരികെ വിളിച്ചതുമില്ല. സ്നാനം കഴിഞ്ഞപ്പോൾ

അതീവ ശുഭ്രതയാർന്ന പട്ടുതൂവാലകൾ എനിക്കായി സൃഷ്‌ടിക്കപ്പെട്ടു.

അവയിൽ തുന്നിച്ചേർത്ത സ്‌ഫടികച്ചില്ലുകളിൽ മഴവില്ലിന്റെ

മന്ദസ്മിതങ്ങൾ പതിഞ്ഞു. സർവ്വാഭരണ വിഭൂഷിതയായി ഞാൻ

ഋതുക്കളുടെ കുടമാറ്റം ദർശിച്ചു. കാട്ടുപൊയ്‌കയുടെ ത്രസിക്കുന്ന

ലജ്ജയിൽ വന്യഹംസങ്ങൾ മദോന്മത്തരായി ഊളിയിട്ടു.

ദിനരാത്രങ്ങളുടെ പൂമഴകൾക്കിടയിൽ ഒരുനാൾ

ഭർത്താവിന്റെ ഡയറി ഞാൻ തുറന്നു. ബാല്യത്തിലെ

കൂട്ടുകാരൻ രചിച്ച എന്റെ ഛായയുളള ഒരു കവിത

അവിടെ ഞാൻ കണ്ടു. കാണാമറയത്തുനിന്ന്‌ ഒരു ചൂരൽനാദം

എനിക്കുനേരെ കൊഞ്ഞനം കുത്തി. അതിൽ പിന്നെ

വെളുത്ത പട്ടുതൂവാലകളിൽ കറുത്ത പക്ഷികളുടെ നിഴലുകൾ

വീണു. നിദ്രകളെ ദുഃസ്വപ്‌നങ്ങളാൽ അലങ്കോലപ്പെടുത്തി

അവ കാർക്കശ്യപൂർവ്വം ശബ്‌ദിച്ചു. സ്വർണാഭരണങ്ങളുടെ

ഉജ്ജ്വലത ഒന്നൊന്നായ്‌ കൊഴിഞ്ഞു വീണു.

ഒരു പക്ഷേ... മുന്തിരിത്തോപ്പുകൾ ഇനി അച്‌ഛനു

തിരികെ ലഭിച്ചേക്കാം. കായ്‌കളടർന്ന മുന്തിരിവളളികൾ എന്റെ

ഭർത്താവിന്‌ ഇഷ്‌ടമാവില്ല. ബാല്യസുഹൃത്തിന്റെ ചൂരൽപ്രഹരം!

ബാലസൂര്യനെ ഞാൻ കയ്‌പോടെ വീക്ഷിച്ചു.

അപരാധിനിയായ ഞാൻ ഭർത്താവിനു മുന്നിൽ

പട്ടുതൂവാലകളിലെ കറുത്തപക്ഷികളെ പ്രദർശിപ്പിച്ചു.

കറുത്ത പക്ഷികൾക്കിനി ജീവൻ ലഭിച്ചേക്കും. എന്നേയും വഹിച്ചവ

പഴയ കുളപ്പടവിലെത്തിച്ചേരും. വീട്ടുവളപ്പിലെ ജലാശയം

ഇനിയുമെന്നെ പരിഹസിക്കുമോ? സുവർണ സായാഹ്നത്തിൽ നിന്ന്‌

പകലുകളടർന്നു. ചൂളം കുത്തുന്ന ശീതത്തിൻ മുടിക്കെട്ടഴിഞ്ഞു.

ഓർക്കാപ്പുറത്ത്‌ ഒരു പളുങ്കുപാത്രം കൈതട്ടിയുടഞ്ഞു.

നീലിച്ച പിയാനോകൾ ഇനിമേൽ ശബ്‌ദിക്കില്ല. മുറിവേറ്റ

കാറ്റുകൾ ഏകാന്തതയിൽ പിടഞ്ഞു. അന്ത്യവിധി ശ്രവിക്കാൻ

ഞാൻ വ്യാജമായി ഉത്സാഹിച്ചു.

യുവാവ്‌ ചിരിച്ചു. “എനിക്കെല്ലാമറിയാം”. അദ്ദേഹം മൊഴിഞ്ഞു.

“നിന്റെ അച്‌ഛൻ മുന്തിരിത്തോപ്പുകൾക്കൊപ്പം ചുവന്ന-

അരളിപ്പൂവുകൾ എനിക്കു കാണിച്ചു തന്നിട്ടുണ്ട്‌. ആട്ടിൻപറ്റങ്ങൾ

ചിതറിയ താഴ്‌വരകളിൽ തനിച്ചു നടന്ന്‌ ഞാൻ മടുത്തിരുന്നു.

നിന്നെയണിയിച്ച ആ പൂമാല കരസ്ഥമാക്കാൻ ഞാൻ എന്തുമാത്രം

കഷ്‌ടപ്പെട്ടുവെന്നോ! കറുത്ത പക്ഷികളെ ബാല്യത്തിന്‌ തിരികെ

നൽകിയേക്കൂ... സ്‌ഫടികജലം തുളുമ്പുന്ന ഈ തടാകത്തിൻ

കരയിലൂടെ നമുക്ക്‌ ഒരുമിച്ചുലാത്താം. രാത്രി കനക്കും മുമ്പ്‌

ഭവനത്തിൽ തിരിച്ചെത്തേണ്ടതുണ്ട്‌. വരൂ..”

കനത്ത കരങ്ങൾ എന്റെ മൃദുലതകളെ ആർത്തിയോടെ ചുംബിയ്‌ക്കുന്നു.

നനുത്തു പൊഴിയുന്നത്‌ എന്താണ്‌?! ഹിമകണങ്ങളോ,

ഗഗനത്തിന്റെ നിർവ്വചനങ്ങളില്ലാത്ത വാത്സല്യമോ?

ഒന്നും അറിയാൻ വയ്യ. ആത്മാവു തുളുമ്പി. ഹൃദയത്തിന്റെ

ദാഹവേഗങ്ങൾ അതിന്റെ നട്ടുച്ചയെ പ്രാപിച്ചു.

അബോധപൂർവ്വം, എന്റെ-

ധനമോഹിയുടെ, നിലാവുകൾ മേയുന്ന വക്ഷസ്സിലേക്ക്‌

ഞാൻ, ചുണ്ടുകൾ അമർത്തിവെച്ചു.

രാമദേവൻ.പി.മൊറയൂർ.

വിലാസം

രാമദേവൻ.പി.

പറമ്പിൽതൊടി ഹൗസ്‌

മൊറയൂർ പി.ഓ.

മലപ്പുറം - 673 649.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.