പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > യാത്രാവിവരണം > കൃതി

മൂച്ചിക്കുണ്ടുമുതൽ മാമ്പാറവരെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ഇ.സേതുമാധവൻ

ഒരേ സ്‌ഥലത്തേക്ക്‌ ഒന്നിലധികം തവണയാത്ര ഒരിടത്തുകൂടിയായാൽ പോലും അനുഭവങ്ങൾ ഒരിക്കലും ഒരുപോലെയാവില്ല. യാത്രകളോരോന്നും നമുക്ക്‌ പുത്തൻ അനുഭവങ്ങളെ തന്നുകൊണ്ടേയിരിക്കും. മടുപ്പില്ലാതെ കൂടുതൽ കൂടുതൽ ആവേശത്തോടെ യാത്രകളെ പ്രണിയിക്കുന്നതും ആശ്ലേഷിക്കുന്നതും ഈയൊരു കാരണത്താലാണ്‌.

മൂച്ചിക്കുണ്ടുമുതൽ മാമ്പാറവരെയുള്ള നിബിഡവും കഠിനവുമായ വനത്തിലൂടെ ഒരു യാത്രവേണമെന്ന്‌ കുറേക്കാലമായി ആഗ്രഹിക്കുകയായിരുന്നു. ഈ ആഗ്രഹനിവൃത്തിക്കുവേണ്ടി മുതലമടയിലെ പ്രകൃതി സ്‌നേഹി ആറുമുഖൻ പത്തിച്ചിറ എന്നെ സഹായിക്കാമെന്നേറ്റപ്പോൾ അളവറ്റ സന്തോഷം തോന്നി. ഈ മാർച്ചിൽ (08) തന്നെ യോജിച്ച ഒരു ദിവസം തിരഞ്ഞെടുക്കാൻ എന്നോട്‌ അദ്ദേഹം ആവശ്യപ്പെട്ടങ്കിലും കാലം തെറ്റിയ മഴ ഓർമ്മപിശകോടെ രണ്ടാഴ്‌ച തകർത്താടിയപ്പോൾ പരിപാടി മാറ്റി വെയ്‌ക്കേണ്ടി വരികയായിരുന്നു. പിന്നീട്‌ വാർഷികപര ​‍ീക്ഷകളും തുടർന്ന്‌ വിഷുവും യാത്രയിലെ സ്‌ഥിരം സുഹൃത്തുക്കൾക്ക്‌ ഒഴിവില്ലാതാക്കി.

അലക്കൊഴിഞ്ഞ്‌ മണ്ണാന്‌ കാശിക്കുപോകാൻ ആവില്ല എന്നതുപോലെ എല്ലാവരുടെയും തിരക്കൊഴിഞ്ഞ്‌ യാത്ര സാധ്യമല്ല എന്നു കരുതി ഞങ്ങൾ ഏപ്രിൽ 26, 27 തിയതികളിൽ ട്രെക്കിംഗിന്നായി തീരുമാനിച്ചു. ശനി, ഞായർ, ദിവസങ്ങളിൽ മാത്രമെ മിക്ക സുഹൃത്തുക്കൾക്കും ഒഴിവാക്കാനാകൂ എന്നതുകൊണ്ട്‌ പരമാവധി ആ ദിവസങ്ങളിൽ പരിപാടി വരത്തക്കവിധമാണ്‌ ക്രമീകരണങ്ങൾ നടത്താറുള്ളത്‌.

വിവിധസ്‌ഥലങ്ങളിൽ നിന്നായി യാത്രികർ ഇരുപത്തിയാറിന്‌ കാലത്ത്‌ ആറുമുഖന്റെ വീട്ടിൽ ഒത്തുകൂടി. രജിസ്‌റ്റർ ചെയ്‌തവരെല്ലാം എത്തുമ്പോഴെക്കും സമയം പത്തുമണി കഴിഞ്ഞിരുന്നു. അതിനകം തന്നെ ഭക്ഷണാവശ്യത്തിനുള്ള സാധനങ്ങളും പാത്രങ്ങളും ചാക്കിലാക്കി ചെറുചെറു കിറ്റുകളാക്കി വെച്ചിരുന്നു. പത്തരമണിക്കാണ്‌ മുതലമടയിൽ നിന്നും മൂച്ചിക്കുണ്ട്‌ ചെമ്മണാമ്പതിയിലേക്കുള്ള ബസ്‌. ഞങ്ങൾ യാത്രാസംഘത്തിലെ പത്തൊമ്പതു പേരും അപ്പോഴെക്കും തയ്യാറായി കഴിഞ്ഞിരുന്നു.

കൃതയസമയത്തുതന്നെ ബസ്‌ വന്നു. ഞങ്ങൾ എല്ലാവരും ബസിൽ കയറിക്കൂടി. ചെമ്മണാമ്പതി തികഞ്ഞൊരു മലയോരസ്‌ഥലവും പൊള്ളാച്ചിയിലേക്കുള്ള കേരളത്തിന്റെ ഒരു പ്രവേശനകവാടവുമാണ്‌. കാര്യമായ ബസ്‌ സർവീസ്‌ ഈ വഴിക്കില്ല താനും. ചുള്ളിയാൽ അണക്കെട്ടിന്റെ വടക്കുഭാഗത്തുകൂടിയുള്ള റോഡിലൂടെയാണ്‌ യാത്ര. ഡാമിലെ ജലപരപ്പ്‌ നല്ല ഒരു കാഴ്‌ചയായിരുന്നു. വളഞ്ഞു തിരിഞ്ഞും കിതച്ചുകയറിയും ബസ്‌ പതിനൊന്നരമണിക്ക്‌ മൂച്ചിക്കുണ്ട്‌ എന്ന സ്‌ഥലത്തെത്തിയപ്പോൾ ഞങ്ങളിറങ്ങി. ചെറിയ ഒരു കുഗ്രാമത്തിലെ കവലയാണ്‌. പാത്രങ്ങളുമായി ഞങ്ങളുടെ സംഘം ഇറങ്ങിയതുകൊണ്ട്‌ കവലയിലെ കടക്കാർ ആരെന്നും എന്താണെന്നും തിരക്കിയെത്തി. തികച്ചും അപരിചിതരായിരുന്നല്ലോ ഞങ്ങൾ?

വിശേഷം ചോദിച്ചിറങ്ങിയ കടക്കാരോട്‌ ‘നെല്ലിയാമ്പതിയിലെ മാമ്പാറക്ക്‌ ഇതിലെയല്ലെ വഴി’ എന്ന്‌ ആറുമുഖൻ ചോദിച്ചത്‌ കേട്ട്‌ അവർ അമ്പരന്നു. പിന്നീട്‌ ഇവിടെ നിന്നും അമ്പത്തഞ്ചു കി.മീറ്റർ ദൂരമുണ്ട്‌ അവിടേക്ക്‌ എന്ന അവർ പറഞ്ഞു. അതുകേട്ട്‌ ചിരിച്ചുകൊണ്ട്‌ ആറുമുഖൻ ഞങ്ങളോട്‌ തനതുശൈലിയിൽ മൊഴിഞ്ഞു. ‘കമോൺ.’

ആറുമുഖൻ ഏതുവിധ സാധനമാണെന്ന്‌ എനിക്കേ അറിയാമായിരുന്നുള്ളു. സംഘത്തിലെ കുറേയാളുകൾ പുതുമുഖങ്ങളായിരുന്നതിനാൽ ഒന്നും മനസിലാവാതെ അവർ വിസ്‌മയിക്കയുണ്ടായി. ആറുമുഖന്‌ വഴിയറിയാതെയായിരുന്നില്ല ചോദിച്ചത്‌. അത്‌ കക്ഷിയുടെ ഒരുവേലത്തരമായിരുന്നു. പറമ്പിക്കുളം നെല്ലിയാമ്പതി വനമേഖലയിലെ ഓരോ ഇഞ്ച്‌ പ്രദേശവും ആറുമുഖനോളം അറിയാവുന്നവർ മറ്റാരുണ്ട്‌ എന്ന എന്റെ ചോദ്യത്തിന്‌ ഇന്നുവരെ എനിക്ക്‌ ഉത്തരം കിട്ടിയിട്ടില്ല.

കൊല്ലങ്കോടുനിന്ന്‌ ഇരുപതു കി.മീറ്റർ ദൂരമുണ്ട്‌ മൂച്ചിക്കുണ്ട്‌ എന്ന സ്‌ഥലത്തേക്ക്‌. ഞങ്ങളുടെ യാത്ര ഔദ്യോഗികമായി തുടങ്ങുന്നത്‌ ഇവിടെ നിന്നുമാണ്‌. പരിപാടിയുടെ തുടക്കത്തിൽ തന്നെ വനയാത്രയുടെ പ്രത്യേകതകളെ കുറിച്ചും പാലിക്കേണ്ട നിയമങ്ങളെ പറ്റിയുമെല്ലാം ആറുമുഖൻ പറഞ്ഞു. മിക്കവരും ഒന്നിലധികം ട്രെക്കിംഗങ്ങുകളിൽ പങ്കെടുത്തവരാണെങ്കിലും ആദ്യമായി യാത്രക്കെത്തിയവരുമുണ്ടായിരുന്നു. അവരുടെ മുഖത്ത്‌ വിസ്‌മയഭാവം തുടിച്ചു നിന്നു.

ഞങ്ങൾ നടന്നു തുടങ്ങി. ജനവാസം തീരെയില്ലാത്ത സ്‌ഥലങ്ങൾ. നിറയെ തെങ്ങിൻ തോട്ടങ്ങളും മാവിൽ തോട്ടങ്ങളും. തെങ്ങിൻ തോട്ടങ്ങളിൽ തേങ്ങകൾ പെറുക്കാനാളില്ലാതെ നിരവധി ചിതറികിടക്കുന്നുണ്ട്‌. പഴുത്ത മാങ്ങകളാകട്ടെ വീണുകിടക്കുന്നതിന്‌ ഒരു കണക്കുമുണ്ടായിരുന്നില്ല. പടർന്നു നിൽക്കുന്ന മാവുകളിൽ പഴുത്തതും പച്ചയുമായ തുടുതുടെ മാങ്ങകൾ തൂങ്ങി നിൽക്കുന്നു. (ഒരു കിലോ കിളിചുണ്ടൻ മാമ്പഴത്തിന്‌ 70 രൂപയാണെന്നിരിക്കെയാണ്‌ അനവധി മാമ്പഴം ചീഞ്ഞു കിടക്കുന്നതെന്നോർക്കുക)

ഇന്ത്യയിലെതന്നെ ഏറ്റവും മാങ്ങയുൽപ്പാദന കേന്ദ്രമാണ്‌ മുതലമട. (ഏഷ്യയിലെ വലുതാണ്‌ ഇതെന്നും ചില വെബ്‌സൈറ്റുകളിൽ കാണുന്നു). വളരെയധികം സ്‌ഥലവിസ്‌തൃതിയുള്ള പഞ്ചായത്താണ്‌ ഇത്‌. എവിടെ നോക്കിയാലും തെങ്ങിൻ തോട്ടവും മാന്തോട്ടവും മാത്രം. ചുള്ളിയാർ, മീൻകര, മുതലത്തറ റെഗുലേറ്റർ എന്നീ മൂന്നു അണക്കെട്ടുകൾ മുതലമടയിലുള്ളതാണ്‌.

നടത്തത്തിനിടയിൽ കാണുന്ന മാന്തോട്ടങ്ങളിലെ മാമ്പഴത്തിന്റെ നാശത്തിന്റെ തോത്‌ വേദനിപ്പിക്കുന്നതായിരുന്നു. അക്കാലത്തെ മഴയായിരുന്നു ഇതിനുകാരണം. മൂപ്പെത്തിയ മാങ്ങകൾ പലതും വിണ്ടുകീറുന്നു. ഈ വിള്ളലിലൂടെ വെള്ളമിറങ്ങി അകത്ത്‌ പുഴു കൂടു കൂട്ടുന്നു. ക്രമേണ മാങ്ങ ചീഞ്ഞു നശിക്കുന്നു. ഞങ്ങൾ വയറു നിറയെ മാമ്പഴങ്ങൾ വലിച്ചു തിന്നു. കുറേയധികം ബാഗുകളിൽ ശേഖരിച്ചു.

മലയുടെ അടിവാരത്തെത്തുമ്പോൾ സമയം ഒരു മണിയായിട്ടുണ്ടായിരുന്നു. താഴ്‌വരയിൽ നിന്നും വന്ന വഴികളിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോൾ എവിടെയും പച്ചപ്പുമാത്രമാണ്‌ കാണാൻ കഴിഞ്ഞത്‌. നട്ടുച്ചയുടെ കനത്ത സാന്ദ്രതയിൽ പ്രദേശമെങ്ങും ഭയപ്പെടുത്തുന്ന നിശ്ശബ്‌ദതയായിരുന്നു. ഒരു ഭാഗത്ത്‌ കാടും കാട്ടുമൃഗങ്ങളുടെ വിഹാരഭൂമിയും മറുഭാഗത്ത്‌ മനുഷ്യ വാസമൊട്ടുമില്ലാത്ത മാന്തോപ്പിന്റെ ഇരുളിമ. (കഴിഞ്ഞയാഴ്‌ചയായിരുന്നു ഈ പ്രദേശത്ത്‌ പുലിയിറങ്ങി പട്ടാപകൽ പശുക്കുട്ടിയെ കടിച്ചുകൊണ്ടുപോയ വാർത്തപത്രത്തിൽ വന്നിരുന്നത്‌.) നിശ്ശബ്‌ദതയുടെ സൗന്ദര്യം എന്നെ കീഴടക്കുകയായിരുന്നു. മരത്തണലിലിരുന്നു സംഘാംഗങ്ങൾ സംഭാഷണം നടത്തുന്നതൊന്നും ഞാനറിയുന്നുണ്ടായിരുന്നില്ല. പ്രകൃതിയുടെ സൗന്ദര്യത്തിൽ ലയിച്ചു ചേർന്ന എനിക്ക്‌ തലക്കുമുകളിലെ കത്തുന്ന സൂര്യനേയും അറിയുന്നുണ്ടായിരുന്നില്ല.

ഞങ്ങൾ അടിവാരത്തുനിന്നും മലകയറിതുടങ്ങി. ആറുമുഖന്റെ അരുമശിഷ്യന്മാരും എന്തും നേരിടാൻ പോന്ന മിടുക്കന്മാരുമായിരുന്നു മുന്നിൽ. ശെൽവരാജും ആറുച്ചാമിയും അവരുടെ വിശ്വസ്‌ത വിധേയരായ മറ്റ്‌ അഞ്ച്‌പേരും. കാൽ നിലത്തുവെയ്‌ക്കാൻ വിടവില്ലാത്തത്രയും തിക്കിലായിരുന്നു കാട്ടുചെടികൾ വളർന്നു നിൽക്കുന്നത്‌. മുൾച്ചെടികളും പാഴ്‌ച്ചെടികളും ആവുന്നത്ര വകഞ്ഞുമാറ്റി. നിവൃത്തയില്ലാത്തിടത്ത്‌ അല്‌പം മാത്രം വെട്ടിമാറ്റി പിന്നിലുള്ളവർക്ക്‌ വഴിതീർത്ത്‌ ശെൽവരാജ്‌ മുന്നേറികൊണ്ടിരുന്നു.

ഇന്നേവരെ മനുഷ്യസ്‌പർശമേൽക്കാത്ത കന്യാവനങ്ങളാണ്‌ ഈ മേഖല എന്നുതോന്നി. മൃഗങ്ങുടെയോ വിറകുശേഖരണത്തിനുവന്നവരുടെയോ ഒറ്റയടിപ്പാത പോലും കാണാനില്ലായിരുന്നു. അരമണിക്കൂർ നേരത്തെ കയറ്റത്തിനകംതന്നെ യാത്രക്കാരിലൊരുവനായ കമ്പ്യൂട്ടർ എൻജിനീയർ പ്രശാന്ത്‌ തളർന്നു കഴിഞ്ഞു. ദേഹമാകെ മുൾച്ചെടിയും കമ്പും കൊണ്ട്‌ രക്തം പൊടിഞ്ഞു തുടങ്ങി. കാലിൽ ഷൂവുണ്ടായിരുന്നതിനാൽ പുറമെ പോറലൊന്നുമുണ്ടായില്ല. ഒട്ടും വ്യത്യസ്‌തമായിരുന്നില്ല കിരൺകുമാറിന്റെ കാര്യവും. നാഗ്‌പൂരിൽ ബി.ബി.എ.ക്കു പഠിക്കുന്ന കിരൺ വേനലൊഴിവന്‌ അമ്മയുടെ നാട്ടിൽ വന്നതായിരുന്നു. അയാളും നന്നേ അവശനായി കഴിഞ്ഞിരുന്നു. അവരിരുവരും ബന്ധുക്കളാണ്‌. ഒരേകൂടിനകത്തെ ബ്രോയിലർ കോഴികൾ!.

മുന്നിൽ പോകുന്ന പടയാളികൾ ഞങ്ങൾക്കുവേണ്ടി പലപ്പോഴും കാത്തുനിന്നു. എനിക്കും പ്രതാപൻ മാസ്‌റ്റർക്കും ആറുമുഖനും കാര്യമായ ക്ഷീണം തോന്നുകയുണ്ടായില്ല. ഞങ്ങൾ രണ്ടുമാസത്തിലൊരിക്കൽ എവിടേക്കെങ്കിലും ട്രെക്ക്‌ ചെയ്യുന്നവരാണ്‌. ആറുമുഖനും ഗുരുവായൂരപ്പനും ഇതൊന്നും ഒരു പ്രശ്‌നമേയായിരുന്നില്ല. വൈൽഡ്‌ ലൈഫ്‌ പ്രൊട്ടക്‌ഷൻ കൗൺസിലുമായി ബന്ധപ്പെട്ട്‌ അവർ കയറിയിറങ്ങാത്ത മലകൾ ഇല്ലെന്നും തന്നെ പറയാം. അവരാണ്‌ തളർന്നവർക്ക്‌ താങ്ങായി ഊർജസംഭരണികളായി ഒപ്പമുണ്ടായിരുന്നത്‌.

മുൻപിലോടുന്ന പടയുടെ ചുമടിൽ പാത്രവും പാചകവശ്യത്തിനുള്ള സാധനങ്ങളും സ്വന്തം ലഗ്ഗേജുകളുമുണ്ടായിരുന്നു. ഇടക്കിടെ വിശ്രമിക്കുന്ന അഞ്ചുമിനിറ്റു സമയങ്ങളിൽ ഏത്തപ്പഴം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്‌തു. ഇതിനകം തന്നെ മിക്കവരുടേയും കൈയിലെ വെള്ളക്കുപ്പി കാലിയായി തീർന്നിരുന്നു.

ചിലപ്പോഴെല്ലാം വഴിവെട്ടിത്തുറക്കാനാവാതെ മുന്നിലെ കാലാൾപ്പട കുഴങ്ങി. അവർക്ക്‌ ‘കമാൻഡർ ആറുമുഖൻ’ മരങ്ങൾ വളർന്നുനിൽക്കുന്ന തടങ്ങൾ നോക്കി മുന്നേറാൻ നിർദ്ദേശം നൽകികൊണ്ടിരുന്നു. ദിശയറിയാത്ത കാട്ടിൽ ദിശകണ്ടെത്തി ലക്ഷ്യത്തിലേക്ക്‌ എത്തിക്കാൻ ആറുമുഖനുള്ള അസാമാന്യ പാടവം അത്‌ഭുതാവഹമാണെന്നത്‌ എനിക്ക്‌ എന്നും അദ്ദേഹത്തോട്‌ ആദരവ്‌ കൂട്ടിയിട്ടുള്ള കാര്യമാണ്‌.

ആദ്യഘട്ടത്തിൽ ക്ഷീണിച്ചവർ ശരീരം ഒന്നു ‘വാമപ്പ്‌’ ആയപ്പോൾ കുറച്ച്‌ ഉഷാറായി തുടങ്ങി. ഇതിനകം കാലാൾ സൈന്യത്തിലെ അഞ്ചുപേർക്ക്‌ കടന്നൽ കുത്തേറ്റ്‌ മുഖവും ചുണ്ടും കഴുത്തും വീങ്ങി തുടങ്ങിയിരുന്നു. ചെടികൾ വെട്ടിമാറ്റുന്നതിനിടക്കാണ്‌ ആക്രമണമുണ്ടായത്‌. കടന്നൽ കൂട്‌ വളരെ ചെറുതായതിനാലാണ്‌ മറ്റുള്ളവർ രക്ഷപ്പെട്ടത്‌.

മുൾച്ചെടികൾക്കും മുളങ്കൂട്ടങ്ങൾക്കുമിടയിലൂടെ ഇഴഞ്ഞും നൂഴ്‌ന്നും മുകൾഭാഗം ലക്ഷ്യമാക്കി നടന്നു. ഒരു പാറയുടെ നടുഭാഗത്ത്‌ എത്തിയപ്പോൾ മേലോട്ട്‌ കയറാൻ പറ്റാത്ത അവസ്‌ഥ കുറച്ചൊന്നു വിഷമത്തിലാക്കി. താഴോട്ടിറങ്ങിയാലാവട്ടെ വളഞ്ഞ്‌ ഇവിടെയെത്താൻ ഒരു കി.മീ. നടക്കുകയും വേണം. പതിവുപോലെ കമാൻഡർ കാര്യം പരിഹരിക്കാൻ മുന്നോട്ടിറങ്ങി. അതിസാഹസികതയോടെ പാറയിലെ ചെറിയ തരിപ്പുകളിലൂടെ (GRIP) ചവിട്ടി ഉണങ്ങിയ പുൽച്ചെടികൾ പിടിച്ച്‌ മുന്നോട്ട്‌ ചരിവിലൂടെ നടന്നു. അധീരന്മാർക്ക്‌ ബാഗിൽ നിന്നും കയറെടുത്ത്‌ കൊടുത്ത്‌ ഒരു തലയിൽ (അറ്റത്ത്‌) മുറുകെ പിടിച്ച്‌ മറുവശത്തെത്തിച്ചു. ഏവരും ചരിവിലൂടെ കടന്ന്‌ കയറുവാൻ അരമണിക്കൂർ സമയത്തിൽ കൂടുതൽ എടത്തു. മറുവശമെത്തുമ്പോഴെക്കും കിരൺകുമാർ കരഞ്ഞു കുഴഞ്ഞു.

സമയം വൈകിയിരുന്നു. വിശ്രമത്തിന്‌ തീരെ നേരമില്ല. ഞങ്ങൾ ഒരുമയോടെ മുന്നോട്ടു വെച്ചു പിടിച്ചു. മാത്രമല്ല; ആർക്കും ക്ഷീണിച്ചിരിക്കണമെന്നുണ്ടായില്ല. മലയുടെ മുകൾവശം എവിടെയെന്നതിന്‌ ഒരു തിട്ടവുമില്ലായിരുന്നു. മൂത്തുനിൽക്കുന്ന കൂർത്ത മുള്ളുകളുള്ള മുളങ്കുട്ടങ്ങൾക്കിടയിൽ കൂടി കയറി നടന്നു. മറ്റൊരു മാർഗവും കാണുന്നില്ല. ഇങ്ങനെ കുറേ നേരം മുടന്തി നീങ്ങുന്നതിനിടയിലാണ്‌ പുല്ല്‌ നിറഞ്ഞ ഒരു ചരിവിലെത്തിയത്‌. സത്യത്തിൽ എനിക്ക്‌ ‘യുറേക്ക’ എന്ന്‌ ആർത്തുവിളിക്കാൻ തോന്നി. (പുൽപരപ്പു കണ്ടാൽ മലമുകൾ എത്തി എന്നോ എത്താറായി എന്നോ ഉറപ്പാണ്‌) കഴുത്തോളം ഉയരത്തിൽ വളർന്നുനിൽക്കുന്ന പുൽക്കാട്ടിന്നിടയിലൂടെ മുകളിൽ എത്തിയപ്പോൾ എല്ലാവരും ആശ്വസിച്ചു. നേരിയ കോടമഞ്ഞും മഴക്കാറും അവിടമെല്ലാം പരന്നിരുന്നു.

ഇന്നത്തെ യാത്ര ഇവിടെകൊണ്ട്‌ തീർന്നു എന്ന്‌ ഞങ്ങൾ ആശ്വസിക്കുമ്പോഴാണ്‌ ടീം ക്യാപ്‌റ്റനായ ആറുമുഖൻ പറഞ്ഞത്‌. ‘ഉടനെ നടന്നാലെ അഞ്ചാറു കി.മീ. ദൂരെയുള്ള താരതമ്യേന ഭദ്രമായ സ്‌ഥലത്തെത്താനാവൂ’ എന്ന്‌.

സമയം ആറുമണികഴിഞ്ഞിരുന്നു. മഴപ്പാറലും കോടമഞ്ഞും കുളിരും ആക്രമിക്കാൻ തുടങ്ങിയിരുന്നു. മഴ അമർന്നു പെയ്‌താൽ നനയുകതന്നെ. ഒരു ജോഡി സ്‌പെയർ വസ്‌ത്രമാണ്‌ മിക്കവർക്കും കൈവശമുള്ളൂ. കൊടുംവേനലിൽ ഇത്തരമൊരു കാലാവസ്‌ഥ പ്രതീക്ഷിച്ചതായിരുന്നില്ല.

ആറുമുഖൻ നടന്നുതുടങ്ങിയിരുന്നു. ആർക്കും നടക്കാൻ വയ്യാത്ത അവസ്‌ഥയാണെങ്കിലും ജീവന്റെ വിലയോർത്ത്‌ വേഗം നടക്കുകതന്നെ ചെയ്‌തു. ഇതിന്നിടയിൽ അല്‌പം ആശ്വാസം തോന്നിയത്‌ ഫയർബെൽറ്റ്‌ വെട്ടിയ വഴിയിൽ എത്തി എന്നതായിരുന്നു. മുൻപിൽ നോക്കാതെ പിന്നെ ഒരു നടത്തമായിരുന്നു. ഏഴുമണിയോടെ ഞങ്ങൾ വളരെ വലിയ പരന്നു ഒരുപാറയുടെ മുകളിൽ എത്തി. നിലത്തുനിന്നും രണ്ടാൾ പൊക്കമുള്ള പാറക്ക്‌ മുകൾവശം ഇരുപതുസെന്റ്‌ സ്‌ഥലവിസ്‌തൃതിയുണ്ട്‌ എന്ന്‌ വില്ലേജ്‌ ആഫീസിൽ ജോലി ചെയ്യുന്ന മോഹൻദാസ്‌ പറഞ്ഞപ്പോൾ എനിക്ക്‌ ചിരിവന്നു. പാറയുടെ മൂന്നുവശങ്ങൾ ചരിഞ്ഞാണ്‌ കിടക്കുന്നത്‌. അതുകൊണ്ടുതന്നെ മുകളിൽ ധാരാളം ആനപിണ്ഡങ്ങളുമുണ്ടായിരുന്നു. പറയുടെ ഒരുവശം അഗാധമായ ചരിവാണ്‌. കാല്‌ തെറ്റിയാൽ കാലപുരി ഉറപ്പാണ്‌.

രാത്രി വിശ്രമിക്കാൻ പറ്റിയ ഒരിടം കണ്ടെത്തിയത്‌ ആറുമുഖന്റെ മിടുക്കുതന്നെയായിരുന്നു. മലമുകളിലെത്തി നടക്കാൻ മടിച്ചിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്ന്‌ ഒരിക്കലും ഞങ്ങൾ ഓർക്കാൻ ആഗ്രഹിച്ചില്ല. ക്ഷീണം വളരെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ കൂടുതൽ ഉഷാറായി. ബാഗുകൾ പാറപ്പുറത്ത്‌ വെച്ച്‌ താഴെ ചെന്ന്‌ ഉണക്കവിറകുകൾ ശേഖരിച്ചു. വളരെ ഗംഭീരപ്രകാശമുള്ള രണ്ട്‌ എമർജൻസി വിളക്കുകളും നാലഞ്ചു ടോർച്ചുകളുമുള്ളതായിരുന്നു ആശ്വാസം. ചെറുതും വലുതുമായ വിറകുകൾ ഒറ്റക്കും കൂട്ടായും എടുത്തു നിരക്കിയും കെട്ടിവലിച്ചും പാറയുടെ മുകളിൽ എത്തിച്ചു. വിറക്‌ ധാരാളം വേണമായിരുന്നു. രാവിലെ വരെ കത്തുവാനുള്ളതാണ്‌. രാത്രിയിൽ ജീവൻ രക്ഷിക്കുന്നത്‌ കത്തുന്ന തീയാണ്‌. തണുപ്പിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും.

വിറകിൽ അധികപങ്കും ഉണങ്ങി വീണുകിടക്കുന്ന തേക്കിൻ കഴകളാണ്‌. വേറെയും വിറകുകൾ യഥേഷ്‌ടം വീണുകിടക്കുന്നുണ്ടായിരുന്നെങ്കിലും കാര്യങ്ങൾ രാജകീയമായിക്കോട്ടെ എന്നു ഞങ്ങൾകരുതി. വിറകുശേഖരണം കഴിഞ്ഞപ്പോൾ ആറുമുഖന്റെ നേതൃത്വത്തിൽ അഞ്ചുപേർ അവിടെ അടുത്തുള്ള ഒരു ചോലയിൽ കുടങ്ങളുമായി വെള്ളമെടുക്കാൻ പോയി. ആ രാത്രിയിൽ ആറുമുഖനുമാത്രമെ അതിനു ധൈര്യമുണ്ടായിരുന്നുള്ള. (ഈ വഴി പത്തുവർഷം മുമ്പ്‌ ആറുമുഖൻ വന്നിരുന്നതും അന്ന്‌ തങ്ങിയിരുന്നതുമായ സ്‌ഥലമായിരുന്നു ഈ വൻപാറ. മാത്രമല്ല അന്ന്‌ കണ്ടെത്തിയ ചോല ഇന്നുമുണ്ടാവും എന്നു കരുതി അതുതേടി ചെല്ലാൻ ഉണ്ടായ അദ്ദേഹത്തിന്റെ ആർജവം ശ്ലാഘനീയം എന്നല്ലാതെ എന്തുപറയാൻ.)

ഇരുപതുമിനിറ്റിനകം ആറുമുഖനും സംഘവും മൂന്നു കുടങ്ങളിലായി വെള്ളവുമായി തിരിച്ചെത്തി. അതിനകം തന്നെ ഞങ്ങൾ കുറച്ചുപേർ ചിരട്ടയും മണ്ണെണ്ണയും കൊണ്ട്‌ (നേരത്തെ കരുതിയിരുന്നു) തീകത്തിക്കുകയുണ്ടായി. ചെറുപയർ ഉപ്പേരിക്കാവശ്യമായിട്ടുള്ള സാധനങ്ങളും മുറിച്ചു വച്ചു. (കറികളെക്കുറിച്ചോ അതിനാവശ്യമായിട്ടുള്ള സാധനങ്ങളെ കുറിച്ചോ അല്‌പവും വകവിവരം എനിക്കില്ലായിരുന്നു.) പിന്നീട്‌ മിസ്‌റ്റർ കമാൻഡറും ഗുരുവായൂരപ്പനും കാര്യങ്ങൾ ഏറ്റെടുത്തു. തീരെ അവശരായവർ പാറപ്പുറത്ത്‌ കിടന്ന്‌ നക്ഷത്രങ്ങളെണ്ണി. മറ്റുചിലർ എഴുന്നേൽക്കാൻ കഴിയാതെ കിടന്നു.

ആകാശം മുഴുവനും മഞ്ഞുമേഘങ്ങൾ കീഴ്‌പ്പെടുത്തിയിരിക്കയാണ്‌. അങ്ങുദൂരെ മുതലമടയും പൊളളാച്ചിയും ദീപപ്രഭയിൽ കണ്ണുചിമ്മി നിൽക്കുന്നു. മഴപെയ്യരുതെ എന്ന പ്രാർത്ഥനയായിരുന്നു എനിക്ക്‌. തീയണഞ്ഞാൽ മൃഗശല്യം ഉറപ്പായിരുന്നു. ക്യാംപ്‌ ചെയ്യുന്ന സ്‌ഥലം അത്രക്ക്‌ സുരക്ഷിതമൊന്നുമല്ല. പക്ഷെ ഇവിടെ നിൽക്കാതെ രാത്രിയിൽ മറ്റെവിടെ ക്യാംപ്‌ ചെയ്യാനാണ്‌? വളരെ സേഫ്‌ ആയ സ്‌ഥലത്തെത്താൻ ഇനിയും ഇരുപതു കി.മീറ്ററോളം നടക്കേണ്ടതുണ്ട്‌ എന്ന്‌ ആറുമുഖൻ എന്നോട്‌ രഹസ്യമായി പറഞ്ഞിരുന്നു. ഈ രാത്രിയിൽ കേവലം ടോർച്ചിന്റെ വെളിച്ചത്തിൽ വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ കൂരാ കൂരിരുട്ടിൽ ഒരു യാത്ര? അചിന്ത്യമായിരുന്നു അത്‌.

രാത്രി ഒമ്പതര മണിയോടെ കഞ്ഞിയും പയറും കിട്ടിയപ്പോൾ പലർക്കും പോയ ജീവൻ തിരിച്ചു വന്നു. കടുത്ത തലവേദനകൊണ്ട്‌ മൂന്നുപേർ എഴുന്നേറ്റതേയില്ല. കഞ്ഞികുടിച്ചവർ ഉടനെ കിടന്നുറങ്ങി. ആറുമുഖൻ ക്ലാസ്‌ ആരംഭിക്കാൻ തുടങ്ങുന്നതെയുണ്ടായിരുന്നുള്ളൂ. ഒടുവിൽ ക്ലാസ്‌ എടുക്കേണ്ട നാലുപേർ മാത്രം ബാക്കിയായി. ആറുമുഖനും ഞാനും ഗുരുവായൂരപ്പനും പ്രതാപൻ മാസ്‌റ്ററും. ഞങ്ങൾ ആശയങ്ങൾ പരസ്‌പരം കൈമാറി ചർച്ചകൾ നടത്തിയിരുന്നു. നേർത്ത മഴ വീണുകൊണ്ടിരിക്കുന്നു. ദൂരെ മലകൾക്കപ്പുറം മിന്നലും ഇടിയും മുഴങ്ങുന്നുണ്ട്‌. ഞങ്ങൾ മഴക്കനുസൃതമായി തീയിലേക്ക്‌ ഉണക്കവിറകുകൾ കൊടുത്തുകൊണ്ടിരുന്നു.

ഉറക്കത്തിൽ വീണവർ ഭാഗ്യവാന്മാർ. (അവർ രാവിലെയാവുന്നതുവരെ ഉറങ്ങികൊണ്ടിരുന്നു) ഉരുട്ടി കുലുക്കി വിളിച്ചിട്ടും അവർ ഉണർന്നില്ല. വിവരമില്ലാത്തതുകൊണ്ടാണ്‌ ഉറങ്ങാൻ കഴിഞ്ഞതെന്നത്‌ മറ്റൊരു കാര്യം. ഞങ്ങൾ നാൽവർ സംഘം പന്ത്രണ്ടു മണിവരെ ചർച്ചചെയ്‌തുകൊണ്ടിരുന്നു. പിന്നീട്‌ ഞാനൊഴികെയുള്ളവരും ഉറക്കത്തിൽ വീണു. അപ്പോഴെക്കും എനിക്കാശ്വാസമായി, കിരൺകുമാർ എഴുന്നേറ്റു കഴിഞ്ഞിരുന്നു. കുഷ്യൻ ബെഡിൽ മാത്രം കിടന്നുറങ്ങി ശീലിച്ച പാവം കുട്ടി. പാറപ്പുറത്തെ പരുപരുപ്പിൽ സുരക്ഷിതത്വമില്ലായ്‌മയിൽ ഉറങ്ങാനാവാതെയും ഭയംകൊണ്ട്‌ ഉണർന്നിരിക്കുകയാണ്‌. അവൻ മൊബൈലിൽ ഹിന്ദി പാട്ടുകൾ കേട്ടുകൊണ്ടിരുന്നു. സ്‌ഥലം മാറിയാൽ ഉറക്കം വരാത്ത ഞാൻ ഹരിശ്‌ചന്ദ്രന്റെ മാതിരി തീയിലേക്ക്‌ വിറകിട്ടും തീ കെടാതെയും സൂക്ഷിച്ചുകൊണ്ടിരുന്നു.

എനിക്ക്‌ ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. അടുത്തെവിടെയെല്ലാമോ മരക്കൊമ്പുകൾ ഒടിയുന്നതിന്റെയും പൊന്തകൾ ചവിട്ടിമെതിക്കുന്നതിന്റെയും ശബ്‌ദം കേൾക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ആരെയും വിളിച്ചുണർത്തിയില്ല. അവർകൂടി ഭയത്തിന്റെ മുൾമുനയിൽ നിൽക്കേണ്ടന്ന്‌ വിചാരിച്ചു.

തീ നന്നായി കത്തികൊണ്ടിരുന്നു. മഴയിൽ കനൽ കെടാതിരുന്നത്‌ ആശ്വാസമായി. എവിടെയും നാട്ടുവെളിച്ചത്തിന്റെ കണികപോലുമുണ്ടായില്ല. കൃഷ്‌ണപക്ഷത്തിന്റെ അന്ത്യനാളുകളായതിനാൽ നിലാവുമില്ലായിരുന്നു. പുലർച്ചെ മൂന്നുമണിവരേയും മഴ തുള്ളിയിട്ടുകൊണ്ടിരുന്നു. തുടർന്ന്‌ കാലാവസ്‌ഥക്ക്‌ കുറച്ചൊരു മാറ്റം വന്നു.

കാലത്ത്‌ ആറരമണിയോടെയാണ്‌ ഒരുവിധം വെളിച്ചം വന്നത്‌. ഉറങ്ങിയവർ പലരും എഴുന്നേറ്റു. ഇന്നലെ കൊണ്ടുവന്ന വെള്ളം ബാക്കിയുണ്ടായിരുന്നതുകൊണ്ട്‌ ആറുമുഖൻ കട്ടൻ ചായയും ഉപ്പുമാവും തയ്യാറാക്കി. എല്ലാവരും ‘ഒരു ഗ്ലാസ്‌ വെള്ളം’ വീതമെടുത്ത്‌ വായും മുഖവും കഴുകി. പിന്നീട്‌ ചായയും ഉപ്പുമാവും ‘രുചിയോടെ കഴിച്ചു.

ഞങ്ങൾ വീണ്ടും യാത്ര തുടങ്ങുമ്പോൾ ഏഴര മണി കഴിഞ്ഞിരുന്നു. രണ്ടു വഴികളുണ്ടായിരുന്നു മുന്നിൽ. ഒന്ന്‌ താരതമ്യേന കയറ്റം കുറഞ്ഞതും ദൂരം ഏറിയതും, മറ്റൊന്ന്‌ ദൂരം കുറഞ്ഞതും കയറ്റം കൂടിയതും. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ആറുമുഖൻ കമാൻഡർ അറിയിച്ചു.

ഭൂരിപക്ഷം പേർക്കും വളരെ വേഗം ലക്ഷ്യസ്‌ഥാനമായ മാൻപാറയിലെത്തണമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ കയറ്റമുള്ള വഴി തിരഞ്ഞെടുത്തു. എങ്കിലും ഏകദേശം 10 മുതൽ 15 വരെ കി.മീ. ദൂരം വരെയുണ്ടാവുമെന്ന്‌ ആറുമുഖൻ അറിയിക്കുകയുണ്ടായി.

കാട്ടുപൊന്തകൾ വകഞ്ഞുമാറ്റിയും വേണ്ടതുമാത്രം വെട്ടിഅയർത്തും കല്ലുകളിൽ ചവിട്ടി. കുഴികളിൽ കാലിടറാതെ ശ്രദ്ധതെറ്റാതെ കണ്ണുകളെ നാലുപുറവും പായിച്ച്‌ മനസിനെ ആർജവപ്പെടുത്തി ഞങ്ങൾ നിബിഢവനത്തിലൂടെ നടന്നു.

നടവഴിയിൽ നിത്യഹരിത വനങ്ങളും അർദ്ധനിത്യഹരിതവനങ്ങളും പുൽമേടുകളും ഉണ്ടായിരുന്നു. അവയോരോന്നും ഞങ്ങൾ കാലടിക്കു പിന്നിലാക്കി. നടക്കുന്ന വഴിയിലൊരിടത്തും പുതിയ ആനപിണ്ഡങ്ങൾ കണ്ടില്ല. അതേസമയം കാട്ടുപോത്തുകൾ കാഷ്‌ടിച്ച വളം വേണ്ടവോളമുണ്ടായിരുന്നു. ആനകൾ ചവിട്ടിമെതിച്ച പുൽമേടുകൾ കണ്ടു. ഞങ്ങൾ ആറേഴുപേർ കൈകോർത്തു പിടിച്ചിട്ടും ചുറ്റെത്താത്ത വൻമരങ്ങൾ നിത്യഹരിത വനപ്രദേശത്ത്‌ കാണുകയുണ്ടായി. ആകാശത്തെ ചുംബിച്ചുനിൽക്കുന്ന ആ കാട്ടുമരങ്ങൾക്ക്‌ അഞ്ഞൂറിലധികം വർഷത്തെ പഴക്കമെങ്കിലുമുണ്ടാകുമായിരുന്നു.

ഒരു പ്രത്യേക സ്‌ഥലത്തെ ഏകദേശം രണ്ടു കി.മീറ്റർ ദൂരം ഞങ്ങളുടെ ശ്രദ്ധയെ പിടിച്ചു നിർത്തുക തന്നെ ചെയ്‌തു. നടക്കുന്ന വഴിയിലും പുൽപരപ്പിലും എന്നുതുടങ്ങി എവിടെയും പുലി, കരടി, ചെന്നായ്‌, തുടങ്ങിയ മൃഗങ്ങളുടെ കാഷ്‌ടം അനവധി ചിതറിക്കിടക്കുകയാണ്‌. കാഷ്‌ടം മിക്കതും പഴക്കം ഏറെയില്ലാത്തതായിരുന്നു. അതീവ ശ്രദ്ധയോടെയാണ്‌ ഞങ്ങൾ ഇവിടം താണ്ടിയത്‌. മിക്കമൃഗങ്ങളുടെയും സഞ്ചാരപഥമായിരുന്നു ഇതെന്ന്‌ വ്യക്തമായിരുന്നു. ഭയവും വിസ്‌മയവും കലർന്ന രോമഹർഷത്തോടെ പുതുയാത്രികർ ഈയിടം കടന്നുകഴിഞ്ഞപ്പോൾ ആശ്വാസനിശ്വാസം കൊണ്ടു.

സമയം പതിനൊന്നു മണികഴിഞ്ഞിരുന്നു. ഞങ്ങൾ പുൽമേട്‌ കയറികൊണ്ടിരിക്കേയാണ്‌ അടുത്തുള്ള കുത്തനെ നിൽക്കുന്ന ഒരു പാറയിൽകൂടി റോഡിലെന്ന പോലെ നടക്കുന്ന കാട്ടാടുകൾ ശ്രദ്ധയിൽപ്പെട്ടത്‌. നേർത്ത മൂടൽമഞ്ഞും മഴക്കാറും ചനുപിനു മഴയുമുണ്ടായിരുന്നതുകൊണ്ടാണ്‌ അവയെ അടുത്തുവെച്ചുകാണാൻ കഴിഞ്ഞത്‌. അല്ലായിരുന്നെങ്കിൽ മനുഷ്യന്റെ നിഴൽ അകലെ കാണുമ്പോൾ തന്നെ അവ ഓടി മറഞ്ഞേനെ.

കുത്തനേയും ചരിഞ്ഞും കിടക്കുന്ന പാറപ്പുറങ്ങളും പുൽമേടുകളുമാണ്‌ കാട്ടാടുകളുടെ വിഹാരകേന്ദ്രം. ഞങ്ങൾക്കു മുന്നിൽ ചരിഞ്ഞ്‌ ഉയർന്ന്‌ ആകാശം ഉമ്മവെച്ചു നില്‌ക്കുന്ന പുൽമേടാണ്‌. വേനൽമഴ കനത്തുപെയ്‌തിരുന്നതിനാൽ മേട്ടിലെവിടെയും സമൃദ്ധമായ പച്ചപ്പായിരുന്നു. ദൂരെ പുള്ളിമാനുകൾ മേഞ്ഞു നിന്നിരുന്നു. ഇടയ്‌ക്കിടെ അവ തലയുയർത്തി ദൂരവീക്ഷണം ചെയ്‌തുകൊണ്ടിരുന്നു. ഞങ്ങൾ, തലക്കുമുകളിൽ എരിയുന്ന സൂര്യന്റെ ചൂടിനെ കുറയ്‌ക്കാൻ ചൂളം വിളിച്ചടിക്കുന്ന കാറ്റേറ്റ്‌ മുകളിലേക്ക്‌ കയറി.

മുന്നിൽ ഇന്നലത്തെ കാലാൾപ്പടതന്നെയാണ്‌. ഇന്നവർക്ക്‌ അല്‌പവും വഴിവെട്ടിതെളിക്കേണ്ട പണിയില്ല. ഇന്നലെ ക്ഷീണിച്ചവശരായ പ്രശാന്തും കിരണും ഇന്ന്‌ വളരെ ഉന്മേഷവാന്മാരാണ്‌. കയറികൊണ്ടിരിക്കുന്ന കുന്നിൻ മുകളിലെത്തിയാൽ മാൻ പാറയാണെന്ന്‌ ആറുമുഖന്റെ പ്രഖ്യാപന മുണ്ടായതോടെ ഏവരും ആഞ്ഞു പിടിച്ചു. ഓട്ടമത്‌സരത്തിൽ ഫിനിഷിങ്ങ്‌ പോയിന്റിൽ എത്താറാകുമ്പോൾ താരങ്ങൾ സർവശക്തിയുമെടുത്ത്‌ മരണകുതിപ്പ്‌ നടത്തുന്നപേലയായിരുന്നു കലാൾപ്പടയും പുതുമുഖങ്ങളും.

അവർ കുന്നിൻ മുകളിലെത്തിയതും ’യുറേക്കാ‘ എന്ന്‌ ആർത്തുവിളിച്ചത്‌ പിന്നിലുണ്ടായിരുന്ന ഞങ്ങൾ കേൾക്കുകയുണ്ടായി. ഞങ്ങൾക്ക്‌ ചിരിയും എത്തിയവർക്ക്‌ ആഹ്ലാദവും അടക്കാനായില്ല. എല്ലാവരും മാൻപാറയുടെ ഉച്ചിയിൽ (ടോപ്പിൽ) എത്തുമ്പോൾ സമയം പന്ത്രണ്ടുമണിയായിരുന്നു. പിന്നെ പുൽപ്പരപ്പിൽ കുറേനേരം മലർന്നു കിടന്നു.

പതിനഞ്ചു കി.മീറ്റർ ദൂരെയുള്ള പുലയമ്പാറ എന്ന സ്‌ഥലത്തു നിന്നും ബസ്‌ യാത്ര അവസാനിച്ച്‌ ജീപ്പിൽ മാമ്പാറ കാണാൻ വരുന്ന സഞ്ചാരികളുടെ ജീപ്പിനേയും കാത്ത്‌ ഞങ്ങൾ ഇരുന്നു. ഒത്താൽ ജീപ്പിൽ പുലയമ്പാറയിലെ ബസ്‌പോയിന്റ്‌ വരെ പോകാം. അല്ലെങ്കിൽ വീണ്ടും നടക്കാം.

Previous Next

എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

മേലേവീട്‌

ചമ്പ്രക്കുളം

കോട്ടായി -പി ഒ

പാലക്കാട്‌

പിൻ -678572


Phone: 04922 285677
E-Mail: mesmadhavan@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.