പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > യാത്രാവിവരണം > കൃതി

നിശ്ശബ്‌ദ താഴ്‌വരയിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ഇ.സേതുമാധവൻ

സൈലന്റ്‌ വാലിയെ കുറിച്ച്‌ അറിയുവാനും കാണുവാനും ആഗ്രഹിക്കാത്തവരായി സാധാരണ ഗതിയിൽ ആരുമുണ്ടാവാനിടയില്ല. സ്‌ത്രീകൾ കുട്ടികൾ വൃദ്ധൻമാർ തുടങ്ങി ആർക്കും ഇവിടെ ഇപ്പോളെത്താം. എന്നാൽ ഒരു യഥാർത്ഥ വനയാത്രയുടെ സുഖം ഒരിക്കലും നാം എത്തുന്ന സ്‌ഥലത്തുനിന്നും ലഭിക്കുകയില്ല. നിശ്ശബ്‌ദ താഴ്‌വരയുടെ ആരംഭസ്‌ഥലത്തു മാത്രമെ സഞ്ചാരികൾക്ക്‌ എത്താൻ കഴിയൂ.

ഒരു സാഹസികനായ സഞ്ചാരിക്ക്‌ സൈലന്റ്‌ വാലി യാത്ര ഒരിക്കലും സംതൃപ്‌തി നൽകുകയില്ല. വനപാലകരുടെ അതിരുവിട്ട വിലക്കുകളും ഇടപെടലുകളും ട്രെക്കിംഗ്‌ മോഹികളെ തീർത്തും നിരാശപ്പെടുത്തുകയാണ്‌ പതിവ്‌. പലതവണ ഇവിടെ എത്തിയിട്ടുള്ള എന്റെ അനുഭവം ഒരിക്കലും കയ്‌പില്ലാത്തതായിരുന്നിട്ടില്ല. വിവിധതരം വനങ്ങൾ കണ്ടും ട്രെക്കിംഗ്‌ നടത്തിയും ഉള്ള എന്റെ അനുഭവത്തിൽ സൈലന്റ്‌വാലി യാത്രയ്‌ക്ക്‌ ഞാൻ നൽകുന്ന മാർക്ക്‌ പൂജ്യത്തിന്‌ താഴെയാണ്‌. (സൈലന്റ്‌ വാലിയുടെ കുഴപ്പം കൊണ്ടല്ല, വനപാലകരുടെ നിബന്ധനകളാണ്‌ കാരണം.)

പാലക്കാടിന്‌ വടക്കുകിഴക്കായി എൺപതു കി.മീറ്റർ ദൂരെയാണ്‌ സൈലന്റ്‌ വാലി മഴക്കാടുകൾ സ്‌ഥിതിചെയ്യുന്നത്‌. പാലക്കാട്‌-കോഴിക്കോട്‌ ദേശീയപാതയിൽ മണ്ണാർക്കാട്‌ നിന്നും വടക്കോട്ടുപോകുന്ന ആനക്കട്ടി റോഡിലൂടെ ചുരം കയറി ഇരുപതു കി.മീറ്റർ ചെന്നാൽ മുക്കാലി ഇൻഫർമേഷൻ സെന്റിലെത്താം. ഇവിടെ നിന്നും വീണ്ടും ഇരുപത്തിമൂന്നു കി.മീറ്റർ ദൂരം കല്ലിട്ട വഴിയിലൂടെ യാത്ര ചെയ്‌താലാണ്‌ സൈലന്റ്‌ വാലിയിൽ എത്താൻ കഴിയൂ.

മണ്ണാർക്കാടുമുതൽ ഉള്ള യാത്രയിൽ ഏഴു കി.മീറ്റർ കഴിഞ്ഞാൽ ചുരം റോഡ്‌ ആരംഭിക്കുകയായി. പതിനഞ്ചിലധികം ഹെയർപിൻ വളവുകൾ മുക്കാലിയിലെത്തുമ്പോഴേക്കും നമ്മൾ പിന്നിട്ടിരിക്കും. ഇതിൽ പത്താം വളവ്‌ അതിഭീതിജനകമായിരുന്നു. മൂന്നുവർഷം മുമ്പ്‌ അനവധി തുക ചെലവാക്കി അമ്പതുമീറ്റർ അടിയിൽ നിന്നും കോൺക്രീറ്റു ഭിത്തികൾ നിർമ്മിച്ച്‌ റോഡിനു വീതി കൂട്ടി ഉറപ്പും സൗകര്യവുമുണ്ടാക്കിയിട്ടുണ്ട്‌. മുൻപ്‌ ഈ ഹെയർപിൻ വളവ്‌ തിരിഞ്ഞുകിട്ടാൻ ഡ്രൈവർമാരും യാത്രക്കാരും ഒരുപോലെ ദൈവത്തെ വിളിച്ചിട്ടുള്ളവരാണ്‌. ഇന്ന്‌ അതൊരു പഴങ്കഥയായി മാറിയിരിക്കുന്നു.

പത്താം വളവിൽ ഇപ്പോൾ സഞ്ചാരികൾ കുറച്ചുസമയം ചിലവഴിക്കാറുമുണ്ട്‌. ഇവിടന്ന്‌ നോക്കിയാൽ കാണുന്ന താഴ്‌വര കാഴ്‌ചകൾ നമ്മെ വിസ്‌മയിപ്പിക്കും. തട്ടുകളായി താഴെക്ക്‌ നീണ്ടുകിടക്കുന്ന, നാം കയറി വന്ന മലനിരകളിലെ മരങ്ങൾ ആകാശത്തേക്ക്‌ കൈവിരലുകൾ കണക്കെ ഉയർന്നു നിൽക്കുന്നതു കാണാം. ചിലപ്പോൾ നേർത്ത ശുഭ്രമേഘങ്ങൾ വൃക്ഷത്തലപ്പുകളിൽ കോർത്തുകിടക്കുന്നതും കാണാനാകും. താഴ്‌വരകളിലെ മരച്ചില്ലകളിൽ കാട്ടുകുരങ്ങുകൾ കലപിലകൂട്ടി, ചിലപ്പോൾ ആംഗ്യങ്ങൾ കാട്ടി നമ്മെ നാണിപ്പിച്ചെന്നും വരാം. ഇതോടൊപ്പം തന്നെ മനോവേദനയുളവാക്കുന്ന രംഗങ്ങൾ നമുക്ക്‌ കാണാതിരിക്കാനാവില്ല. കോൺക്രീറ്റുഭിത്തിക്ക്‌ താഴെ ‘തലയില്ലാത്തവർ’ താഴെക്കെറിയുന്ന പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ കുന്നുകൂടി മറ്റൊരു മലതീർത്തിരിക്കുന്നു! എന്നാണ്‌ നമുക്കൊക്കെ തിരിച്ചറിവ്‌ ഉണ്ടാകുക എന്ന്‌ നാം ഓർത്തുപോകുന്ന കാഴ്‌ചയാണത്‌.

പത്താം വളവിൽ നിന്നും മൂന്നു കി.മീറ്റർ ദൂരംകൂടി യാത്രചെയ്‌താൻ റോഡിനു കുറുകെയായി ഒരു അരുവി ഒഴുകുന്നതു കാണാം. ‘മന്ദംപൊട്ടി’ എന്നാണ്‌ ഇതിനു പേര്‌. സഞ്ചാരികളുടെ ഇടത്താവളമാണിവിടം. ശുദ്ധജലം പിടിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയായി സഞ്ചാരികൾ ഇവിടെ ഇറങ്ങുന്നു. അതുകൊണ്ടു തന്നെ വൃത്തികേടുകളും കുമിഞ്ഞുകൂടുന്നുണ്ട്‌ എന്ന്‌ ദുഃഖത്തോടെ പറയട്ടെ. മഴക്കാലമാകുമ്പോൾ അരുവിയുടെ കരകളിലും മറ്റും ആനശല്യം ഏറെ ഉണ്ടാവാറുണ്ട്‌. കഴിഞ്ഞ ജനുവരിയിൽ ഞാനും കുറച്ചു കുട്ടികളും ടീച്ചർമാരുമായി വന്ന, സൈലന്റ്‌ വാലിയിലേക്കുള്ള എന്റെ പതിനൊന്നാമതു യാത്രയാണ്‌ ഞാൻ ഇവിടെ അയവിറക്കുന്നത്‌.

ഏഴ്‌ അധ്യാപകരും ഇരുപത്തിമൂന്നു കുട്ടികളുമടങ്ങുന്ന ഞങ്ങൾ ഒമ്പതരമണിയോടെ മുക്കാലി ഇൻഫർമേഷൻ ആഫീസിൽ എത്തി. സഞ്ചാരികളായിട്ടുള്ളവരെല്ലാം ഇവിടെ പേരെഴുതി ഒപ്പിടേണ്ടതുണ്ട്‌. വലിയവർക്ക്‌ ഇരുപത്തഞ്ചും കുട്ടികൾക്ക്‌ പതിനഞ്ചും രൂപയാണ്‌ പ്രവേശന ഫീസ്‌ വാങ്ങുന്നത്‌. വാഹനങ്ങൾക്ക്‌ ഇനമനുസരിച്ച്‌ അമ്പതു രൂപ മുതൽ ഇരുന്നൂറുരൂപ വരെയും ക്യാമറ, വീഡിയോ ക്യാമറ എന്നിവയുണ്ടെങ്കിൽ വിധം വിധം ഫീസ്‌ ഇവിടെ ഓഫീസിൽനിന്നും പിടിച്ചു പറിക്കാറുമുണ്ട്‌. ഇതിനുപുറമേയാണ്‌ സ്‌ഥലം കാണിച്ചു തരുവാനായി ഗൈഡ്‌ എന്നപേരിൽ കൂടെ വരുന്നയാൾക്കായി നൂറ്റിയമ്പതുരൂപ തട്ടിയെടുക്കുന്നത്‌. ഇത്രയും തുക നൽകിയിട്ട്‌ എന്തെങ്കിലും സൗകര്യം നമുക്കിവിടെ നിന്നും ലഭിക്കുമോ എന്ന്‌ ചോദിച്ചു പോവരുത്‌. എല്ലാം ഒരു ‘ഭരണവിലാസം’ എന്നു കരുതി സമാധാനിക്കുക. ഏതായാലും വേണ്ടതെല്ലാം വേണ്ടപോലെ ചെയ്‌ത്‌ ഞങ്ങൾ മുക്കാലിൽ നിന്നും ഇരുപത്തിമൂന്നു കി.മീറ്റർ ദൂരെയുള്ള സൈലന്റ്‌ വാലിയിലേക്ക്‌ യാത്രായാരംഭിച്ചു.

ആദ്യഭാഗത്ത്‌ സർക്കാർവക കാപ്പി കുരുമുളക്‌ തോട്ടങ്ങളാണ്‌ കാണാൻ കഴിഞ്ഞത്‌. ഇവിടെയുള്ള ട്രൈബൽ സൊസൈറ്റിയാണ്‌ തോട്ടങ്ങളുടെ നടത്തിപ്പുകാർ. നാലു കി.മീറ്റർ ദൂരം ചെന്നപ്പോൾ റോഡിന്‌ ഇടതുവശം ഒരു ആദിവാസികോളനി കാണാൻ കഴിഞ്ഞു. (ആദിവാസികൾ എന്നു പറയാമെങ്കിലും അവർ പാലക്കാടൻ ഗ്രാമന്തരങ്ങളിലെ ജനതയെക്കാൾ പുരോഗമനമുള്ളവരാണ്‌) മലയുടെ മക്കൾ കാടുവെട്ടിത്തെളിച്ച്‌ കൃഷിയിറക്കിയ കുന്നിൻ ചരിവുകൾ കണ്ടു. (മലയുളട മക്കളായതിനാൽ ചോദ്യമില്ല, ഉത്തരവും).

റോഡ്‌ വളരെ മോശമാണ്‌. വാഹനം ഇഴഞ്ഞാണ്‌ നീങ്ങുന്നത്‌. വഴിയുടെ വലതുവശത്ത്‌ പാഴ്‌ച്ചെടികളാണ്‌ നിറഞ്ഞുനിൽക്കുന്നത്‌. വഴിക്കുവലതുവശം എവിടെയും ഈ കാഴ്‌ചയാണുള്ളത്‌. തികച്ചും കാട്ടുചെടികൾ.

മുന്നോട്ടു നീങ്ങുംതോറും നിത്യഹരിതവനത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഒരു നിത്യഹരിത വനത്തിൽ ആകാശം മുട്ടിനിൽക്കുന്ന കുടപിടിച്ചതരത്തിൽ ഇലച്ചാർത്തോടുകൂടിയ വൃക്ഷങ്ങളാണുണ്ടാവുക. ഇവയ്‌ക്കിടയിൽ കൂടി ലഭിക്കുന്ന സൂര്യകിരണങ്ങളെ അവലംബിച്ച്‌ രണ്ടാംനിര മരങ്ങൾ വളരുന്നു. ഇവയ്‌ക്കയിടയിലൂടെ അത്യപൂർവമായി കടന്നുവരുന്ന വെളിച്ചം തേടി മൂന്നാം നിരക്കാർ ഉയർന്നു വരുന്നു. ഇവർക്ക്‌ പിന്നിലായി അഞ്ചുമുതൽ പതിനഞ്ചുമീറ്റർ വരെ ഉയരത്തിൽ വളരാൻ വെമ്പിനിൽക്കുന്ന നാലാംനിരക്കാർ. ഇവയെല്ലാംകൂടി സൃഷ്‌ടിക്കുന്ന പച്ചപൂന്തണലിനിടയിലൂടെ സൂര്യകിരണത്തിന്റെ ഒരു കണികപോലും താഴെയെത്തുകയില്ല. അതുകൊണ്ടുതന്നെ അടിക്കാട്‌ നിത്യഹരിത വനത്തിൽ കാണുകയില്ല. വൃക്ഷങ്ങളിൽ നിന്നുമടർന്നുവീഴുന്ന കരിയിലകൾ തീർത്ത സ്‌പോഞ്ചു പരുവത്തിലുള്ള മേൽമണ്ണും പച്ചപ്പും കൂടിയുള്ള നനുത്ത കുളിരിന്റെ സുഖം അവാച്യമാണ്‌. ഈയൊരു കാഴ്‌ച യാത്രാവേളയിൽ നമുക്ക്‌ കാണാൻ കഴിയില്ല.

ഏകദേശം പതിനഞ്ചു കി.മീറ്റർ ദൂരം യാത്ര ചെയ്‌തു കഴിഞ്ഞപ്പോൾ ഞങ്ങൾ വാഹനങ്ങൾ നിന്നും താഴെയിറങ്ങി റോഡരികിലൂടെ നടന്നു. ജനുവരിയായതിനാൽ നിലം കാര്യമായി നനഞ്ഞുകിടക്കുന്നില്ല. അതുകൊണ്ടായിരിക്കണം അട്ടശല്യം കുറവായിരുന്നു. എന്നിരുന്നാലും ചില കുട്ടികൾക്കെല്ലാം അട്ടകടിയുടെ സ്വാദനുഭവിക്കാനും ഭാഗ്യമുണ്ടായി. നടക്കുന്ന വഴിയിൽ കഴിയുന്നത്ര നിശ്ശബ്‌ദത ഞങ്ങൾ പാലിക്കുകയുണ്ടായി. കുട്ടികൾക്ക്‌ വനത്തിന്റെ തീക്ഷ്‌ണത അനുഭവിക്കാൻ ഇത്‌ സഹായകമായി.

നടത്തത്തിന്നിടയിൽ ഞങ്ങൾക്ക്‌ വലിയ ഒരു മരത്തിന്റെ അവശിഷ്‌ടമായ കുറ്റികാണാൻ കഴിഞ്ഞു. കുറ്റിയിൽ എന്താണിത്ര പ്രത്യേകത എന്ന്‌ കരുതാൻ വരട്ടെ. ഈ മരക്കുറ്റിക്ക്‌ വളരെ വലിയ ഒരു കഥയാണ്‌ പറയാനുള്ളത്‌.

സൈലന്റ്‌വാലിയുടെ തനത്‌ തനിമ നിലനിർത്താൻ നിശ്ശബ്‌ദമായി പോരാടിയ വൃക്ഷങ്ങളിൽ ഒന്ന്‌ ഈ തകർന്നുവീണ മരമായിരുന്നു. ഭൂമുഖത്തുനിന്നുതന്നെ അന്യം നിന്നുകൊണ്ടിരിക്കുന്ന

നീരാൽ വർഗത്തിൽ പെട്ടതും ആദിവാസികൾ പോടുമരം എന്നു വിളിക്കുന്നതുമായ മരത്തിന്റെ കുറ്റിയായിരുന്നു ഞങ്ങൾ കണ്ടത്‌. എൺപതുകളുടെ ആദ്യകാലത്ത്‌ സൈലന്റ്‌വാലിയുടെ നിലനിൽപ്പിന്നായും കുന്തിപ്പുഴയിൽ റിസർവോയർ സ്‌ഥാപിക്കാതിരിക്കാനുമായി പ്രകൃതിസ്‌നേഹികൾ ഈ മരത്തേയായിരുന്നു മുന്നിൽ പ്രതിഷ്‌ഠിച്ച്‌ (പ്രോജക്‌ട്‌ ചെയ്‌ത്‌) അടരാടിയത്‌.

ഈ ഭീമൻ നീരാൽമരം വീഴുന്നതിനുമുമ്പ്‌ കടഭാഗത്തെ ദ്വാരത്തിൽകൂടി കടന്ന്‌ മുപ്പതിൽപരം പേർക്ക്‌ ഒരുമിച്ച്‌ നിൽക്കുന്നത്രയും സ്‌ഥലം അടിയിലുണ്ടായിരുന്നു. ശീർഷം ഉണങ്ങിവീണപ്പോൾ ഈ മരത്തിന്റെ ഉള്ളിൽ നിന്നും നോക്കുന്ന സമയത്ത്‌ ഒരു കുഴലിൽ കൂടി ആകാശത്തെ കാണുന്ന തരത്തിലായിരുന്നു. അത്രക്ക്‌ ഉയരവുമുണ്ടായിരുന്ന ഈ മരത്തിന്‌ ഇന്ന്‌ അതൊരു ഓർമ്മമാത്രമാണ്‌. കുറേ വർഷങ്ങൾക്കുമുമ്പ്‌ (ഏകദേശം 20 വർഷം) ഒടിഞ്ഞുവീണ ഈ വൃക്ഷത്തിന്റെ ഏറെ ഭാഗവും ഇപ്പോൾ തിരുവനന്തപുരത്തെ മ്യൂസിയത്തിൽ ഉണ്ട്‌ എന്ന്‌ ഗൈഡ്‌ പറഞ്ഞു. ഒരിക്കൽ ആകാശംമുട്ടിനിന്ന ആ വൃക്ഷത്തിന്റെ ഓർമ്മകളിലൂടെ ഞാനുമൊരു വൃക്ഷമായി അല്പനേരം നിന്നു. എന്റെ കാലിലൂടെ രക്തമൊഴുകുന്നത്‌ കൂട്ടുകാർ പറഞ്ഞപ്പോഴാണ്‌ ഞാൻ അട്ടകടിയേറ്റതറിഞ്ഞതും വർത്തമാനത്തിലേക്ക്‌ തിരിച്ചുവന്നതും.

ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി യാത്ര തുടർന്നു. ഇനിയും കഷ്‌ടിച്ച്‌ എട്ടു കി.മീറ്റർ ദൂരമുണ്ട്‌ പ്രധാന സ്‌ഥലത്തെത്താൻ. തുടർന്നുള്ള യാത്രയ്‌ക്കിടെ രണ്ടിടത്ത്‌ ചെറിയ അരുവികൾ കാണുകയുണ്ടായി. വൃക്ഷങ്ങൾക്കപ്പുറം ഉയർന്ന മലനിരകളിൽ പുൽമേടുകൾ കണ്ടു. മേഘശലകങ്ങൾ പുല്ലിനെ തഴുകി ഒഴുകികൊണ്ടിരുന്നു.

പതിനൊന്നരമണിക്ക്‌ ഞങ്ങൾ സൈലന്റ്‌ വാലിയിലെത്തി. എല്ലാവരും ചെറിയ ബാഗുകളും ഭക്ഷണപൊതിയുമെടുത്ത്‌ ബസിൽ നിന്നിറങ്ങി. ആദ്യകാഴ്‌ച ബസ്സിറങ്ങുന്നതിന്നടുത്തു തന്നെയുള്ള വാച്ച്‌ടവറാണ്‌. ഞങ്ങൾ വാച്ച്‌ടവറിനുമുകളിലേക്ക്‌ കയറി തുടങ്ങി. ചിലരെല്ലാം താഴെ തന്നെ നിന്നു. ഒരു നാടൻ ചൊല്ലുപ്രകാരം ‘ഒന്നൊന്നര പന’ ഉയരമുണ്ട്‌ വാച്ച്‌ ടവറിന്‌. വളരെ ശ്രദ്ധയോടെയാണ്‌ ഞാൻ കുട്ടികളേയും കൂട്ടി ടവറിന്റെ മുകളിലേക്കുള്ള പടവുകൾ കയറിയത്‌.

വാച്ച്‌ടവറിനു മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ അതീവസുന്ദരമായിരുന്നു. ഒന്നിനു പിറകെ മറ്റൊന്നായി മലകൾ നീണ്ടുകിടക്കുകയാണ്‌. ഒരു വശത്ത്‌ മലപ്പുറം ഭാഗത്തെ കാളികാവ്‌ നിലമ്പൂർ ഭാഗങ്ങളാണ്‌. മറ്റൊരു വശം നീലഗിരി ഊട്ടി ഭാഗങ്ങളിലേക്ക്‌ നീണ്ടുപോകുന്ന പർവ്വത നിരകൾ. തികച്ചും അരഞ്ഞാണം കണക്കെ മലനിരകൾക്കിടയിൽക്കൂടി ചുറ്റികിടന്നൊഴുകുന്ന കുന്തിപ്പുഴ ടവറിന്‌ കിഴക്കുവശത്ത്‌ നിറഞ്ഞു നിൽക്കുന്ന വൃക്ഷപ്പെരുംകാടിന്‌ അപ്പുറം ‘പാത്രക്കടവ്‌’ എന്ന മനോഹര വെള്ളച്ചാട്ടം. സമീപ മലനിരകളിലെ പുൽമേടുകളിൽ കോടകാറിന്റെ ഓട്ടപ്പന്തയം. കുട്ടികളിൽ ചിലരെല്ലാം റേഞ്ച്‌ കുറവാണെങ്കിലും തങ്ങൾ സൈലന്റ്‌വാലിയിലെ ഉയരങ്ങളിലാണെന്ന്‌ വീട്ടിലേക്ക്‌ മൊബൈലിലൂടെ അറിയിച്ചു. ഇടയ്‌ക്കെല്ലാം മേഘക്കീറുകൾ ടവറിൽ നിൽക്കുന്ന ഞങ്ങളെ തഴുകി കടന്നുപോയി ശീതക്കാറ്റ്‌ ‘നിർവിഘ്‌നം’ പ്രഹരിച്ചു കൊണ്ടിരുന്നു. ഏകദേശം അരമണിക്കൂർ നേരം ഞങ്ങൾ ടവറിനു മുകളിലെ മുറ്റത്ത്‌ (പ്ലാറ്റ്‌ഫോം) ആകാശകാഴ്‌ചകൾ കണ്ട്‌ അനുഭൂതി നുകർന്നു നിന്നു. പിന്നെ സാവകാശം സശ്രദ്ധം താഴെക്ക്‌ ഇറങ്ങി.

വാച്ച്‌ ടവറിൽ നിന്നുമിറങ്ങിയ ഞങ്ങൾ ഓരോ ഏത്തപ്പഴം കഴിച്ചു. പിന്നീട്‌ നേരെ ചെന്നത്‌ ഇന്റർപ്രെട്ടേഷൻ സെന്ററിലേക്കാണ്‌. അവിടെ സൈലന്റ്‌വാലിയെക്കുറിച്ചും അവിടെയുള്ള ജൈവവൈവിധ്യങ്ങളെക്കുറിച്ചുമെല്ലാം സൂചനകൾ നൽകുന്ന ഡെമോൺസ്‌ട്രേഷൻ ഉണ്ട്‌. പ്രദേശത്തെപ്പറ്റിയുള്ള സ്‌പോട്ട്‌ മാപ്പുകൾ ഉണ്ട്‌. മൃഗങ്ങളുടെ സൗണ്ട്‌ രേഖപ്പെടുത്തിയ സൗണ്ട്‌ ട്രാക്കുകൾ കാണിച്ചുതരുവാൻ നിയോഗിക്കപ്പെട്ടയാളുണ്ട്‌. അദ്ദേഹം ഞങ്ങൾക്ക്‌ സൈലന്റ്‌ വാലിയിലെ സസ്യ ജന്തു വൈവിധ്യങ്ങളെകുറിച്ച്‌ കുറഞ്ഞ വാക്കുകളിലൂടെ പറഞ്ഞുതന്നു.

സൈലന്റ്‌വാലി എന്ന പേരിനാധാരം ചീവീടുകൾ ഇല്ലാത്ത സ്‌ഥലം എന്നർത്ഥത്തിലാണ്‌. പൂർണ്ണമായും നിശ്ശബ്‌ദത കളിയാടുന്ന താഴ്‌വര. ആ അഗാധ നിശ്ശബ്‌ദതയെ അല്‌പനേരം ഞാൻ മനസ്സിൽ പ്രതിഷ്‌ഠിച്ചു. ധ്യാനാവസ്‌ഥയിലെ ശാന്തത. ശാന്തതയിലെ ആന്ദോളനം. ഞാൻ പ്രകൃതിയിൽ ലയിക്കുകയായിരുന്നു.

ഇന്ന്‌ കഥയാകെ മാറികഴിഞ്ഞു. മനുഷ്യന്റെ കടന്നുകയറ്റത്താലോ കാലത്തിന്റെ വ്യതിയാനം കൊണ്ടോ ആയിരിക്കണം ചീവീടുകൾ ഇന്ന്‌ സൈലന്റ്‌ വാലിയിലെ ജീവി വർഗത്തിൽ ഒന്നാണ്‌. ഇത്‌ സാക്ഷ്യപ്പെടുത്തുന്നത്‌ ഇന്റർപ്രെട്ടേഷൻ സെന്ററിലെ ഡെമോൺസ്‌ട്രേറ്റർ തന്നെ!.

ഇവിടെ എത്തുന്ന സഞ്ചാരികൾ വാസ്‌തവത്തിൽ നിശ്ശബ്‌ദ താഴ്‌വരയുടെ ആരംഭത്തിൽ മാത്രമാണ്‌ എത്തുന്നത്‌. അവിടെ നിന്നും മുപ്പത്തഞ്ചു കി.മീറ്റർ പിന്നിലായി പുൽമേടുകളിൽ നിന്നാണ്‌ കുന്തിയുടെ യഥാർത്ഥ ഉത്‌ഭവം. പിന്നീട്‌ ഇരുപത്തെട്ടു കി.മീ.ദൂരം തികച്ചും ഇടതിങ്ങിയ കൊടുംകാട്ടിലൂടെ മനുഷ്യസ്‌പർശം അല്‌പം പോലും ഏൽക്കാത്ത മഹാവനപ്രദേശങ്ങളിലൂടെ കന്യാത്വം നഷ്‌ടപ്പെടാതെയാണ്‌ ഒഴുകിയൊഴുകി കുന്തി നാം എത്തുന്ന സ്‌ഥലത്ത്‌ എത്തുന്നത്‌.

സൈലന്റ്‌വാലി വനപ്രദേശത്തിന്റെ വടക്കുഭാഗം സൈരന്ധ്രി എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഈ സ്‌ഥലം മറ്റൊന്നുകൊണ്ടുകൂടി പ്രസിദ്ധയാണ്‌. പശ്‌ചിമഘട്ടത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ ‘അംഗിണ്ട’ എന്ന ശിഖരം സൈരന്ധ്രി മേഖലയിലാണ്‌. 2195 മീറ്റർ ഉയരമുള്ള ആനമുടി കഴിഞ്ഞാൽ 2190 മീറ്ററോള ഉയരം വരുന്ന ഈ പർവ്വതശിഖരമാണ്‌ സൈരന്ധ്രിയെ കേമിയാക്കുന്നത്‌.

ഒരു മണിയോടുകൂടി ഞങ്ങൾ ഇന്റർപ്രട്ടേഷൻ സെന്ററിൽ നിന്നുമിറങ്ങി. കുട്ടികൾക്ക്‌ ഡെമോൺസ്‌ട്രേറ്ററുടെ ക്ലാസ്‌ വളരെ ഹൃദ്യമായി തോന്നിയിരുന്നു. അവരുടെ മുഖഭാവം അത്‌ വിളിച്ചു പറയുന്നുണ്ട്‌.

അടുത്തതായി ഞങ്ങൾ ചെന്നത്‌ തൊട്ടടുത്തുള്ള ഒഴിഞ്ഞ ഒരു ഹാളിലേക്കാണ്‌. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക്‌ ഭക്ഷണം കഴിക്കാൻ പാകത്തിലാണ്‌ ഹാൾ നിർമ്മിച്ചിട്ടുള്ളത്‌. ഞങ്ങൾ ഹാളിലിരുന്ന്‌ ഭക്ഷണപൊതികൾ അഴിച്ചു കഴിച്ചു. ഇലയും അവശിഷ്‌ടങ്ങളും ബാഗിൽ തന്നെ വച്ചു ( ഈ പരിസരത്ത്‌ ഫൈബർ ബോട്ടിൽ, പ്ലാസ്‌റ്റിക്‌ കൂടുതൽ എന്നു തുടങ്ങി ഒരുവിധ അവശിഷ്‌ടങ്ങളും ഉപേക്ഷിക്കരുത്‌ എന്നു ഞങ്ങൾക്ക്‌ നിർബന്ധമുണ്ടായിരുന്നു.) അടുത്തുള്ള പൈപ്പിൽനിന്നും വേണ്ടത്ര വെള്ളം കുടിച്ചു. പിന്നെ കുന്തിപ്പുഴയിലേക്ക്‌ താഴോട്ടിറങ്ങി നടന്നു. നല്ല വഴിയായിരുന്നു. (കാട്ടിന്നകത്ത്‌ ഒരിക്കലും വഴിയുണ്ടാവരുത്‌) വഴിക്കിരുവശവും ശരാശരികാടാണ്‌, കാട്ടുചെടികളാണ്‌ ആദ്യം കണ്ടത്‌. വെടിപ്ലാവ്‌ മരങ്ങൾ കുറച്ചെണ്ണം വഴിയരികിൽ നിൽക്കുന്നുണ്ട്‌. സിംഹവാലൻ കുരങ്ങിന്റെ ഇഷ്‌ടഭക്ഷണം ഈ മരത്തിലെ മുള്ളുള്ള ചക്കയാണ്‌.

ഗവൺമെന്റും പരിസ്‌ഥിതിവാദികളും തമ്മിലുള്ള ആശയസമരത്തിൽ പരിസ്‌ഥിതി വാദികൾ ജയിച്ചത്‌ ഒടുവിൽ ഈ സിംഹവാലന്റേയും വെടിപ്ലാവിന്റേയും ബലത്തിൽ കൂടിയാണ്‌. നടവഴിയിൽ നിലത്ത്‌ ചക്കയുടെ അവശിഷ്‌ടങ്ങളും കുരുവും വേണ്ടുവോളം വീണുകിടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വളരെ നിശ്‌ബ്‌ദരായാണ്‌ വഴിനടന്നത്‌. എന്നിട്ടും ഒരു സിംഹവാലനെപോലും ഈ മരങ്ങളിൽ കാണാൻ കഴിഞ്ഞില്ല.

വഴിയുടെ വശങ്ങളിലെ ചരിവുകളിൽ ഈറ്റ ധാരാളമായി വളർന്നു നിൽക്കുന്നുണ്ട്‌. ഉറവജലം ഒഴുകികൊണ്ടിരിക്കുന്നു. വഴിയിൽ എവിടെയും നനവുള്ള മണ്ണാണ്‌. വളരെ ശ്രദ്ധയോടെ വഴുതി വീഴാതെ നടന്ന്‌ ഞങ്ങൾ ഇരുമ്പുപാലത്തിൽ എത്തി. സൈലന്റ്‌വാലിയിൽ കുന്തിപുഴയുടെ ഇക്കരയിൽ നിന്നും അക്കരക്കു കടക്കുവാനുള്ള നടപ്പാലമാണ്‌ ഇരുമ്പുപാലം. വലിയ കോൺക്രീറ്റുതൂണുകളിൽ ഉരുക്കുവടം കൊണ്ടാണ്‌, പാലം നിർമ്മിച്ചിരിക്കുന്നത്‌. ഉരുക്കു കയറിൽ തൂങ്ങിയാണ്‌ ഈ പാലം നിൽക്കുന്നത്‌. ബ്രിട്ടീഷുകാരുടെ കാലത്ത്‌ നിർമ്മിച്ചതാണ്‌ ഈ പാലമത്രെ.

ഇരുമ്പു പാലത്തിന്റെ ഇക്കരയിൽ ഇടത്തരം വലിപ്പമുള്ള ഒരു നീരാൽമരം നിൽക്കുന്നുണ്ട്‌. സൈലന്റ്‌ വാലിയിൽ അവശേഷിക്കുന്ന നാലു നീരാൽ വൃക്ഷങ്ങളിൽ ഒന്നാണ്‌ അതെന്ന്‌ ഗൈഡ്‌ ഞങ്ങൾക്ക്‌ പറഞ്ഞുതന്നു. ആ അപൂർവ വൃക്ഷഛായയിൽ നിന്ന്‌ നീരാൽ മരങ്ങൾക്ക്‌ നാശമുണ്ടാവാതിരിക്കട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിച്ചു.

ഇരുമ്പുപാലത്തിലൂടെ ഞങ്ങൾ മറുകരയിലേക്ക്‌ നടന്നു. താഴെ കുന്തി ചുഴികൾ തീർത്ത്‌ തെളിഞ്ഞ്‌ സുന്ദരിയായി താഴ്‌വരകൾ തേടി ഓടുകയാണ്‌. ചാഞ്ചാടുന്ന പാലത്തിൽ നിന്ന്‌ ബാലൻസ്‌ തെറ്റാതിരിക്കാൻ ഞങ്ങൾ ഉരുക്കുവടത്തിൽ പിടിച്ചാണ്‌ നടന്നത്‌. കുട്ടികൾ ചിലരെല്ലാം തന്നെ ഭയപ്പെട്ടു. ബ്രോയിലർ കോഴി കണക്കെ വളരുന്നവരായിരുന്നു അവർ.

പാലത്തിന്നക്കരെ എത്തിയ ഞങ്ങൾ തികച്ചും കൈപ്പത്തി സമാനമായ പാറപൊട്ടിച്ച വഴിയിലൂടെ വഴുക്കാതെ നടന്ന്‌ അല്‌പം അകലെയായി പുഴയിലിറങ്ങി. ഉരുളൻ കല്ലുകളിൽ ചവിട്ടി നടന്നു. ചിലരെല്ലാം തണുത്ത വെള്ളത്തിലിറങ്ങി മുഖം കഴുകി. ഞാനും മറ്റു രണ്ടുപേരും പുഴയിലിറങ്ങി കാര്യമായി ഒരു നീരാട്ടു നടത്തി. വെള്ളത്തിന്‌ അസഹ്യമായ തണുപ്പായിരുന്നു. ആഴം കുറഞ്ഞ സ്‌ഥലമാണെന്നും കരുതിയ ഇടങ്ങളിൽ നല്ല ആഴമുണ്ടായിരുന്നു. വലിയ സാഹസത്തിനൊന്നും പറ്റിയ കൂട്ടായിരുന്നില്ല, കൂടെയുള്ളവർ എന്നറിയാവുന്ന ഞാൻ വേഗം കുളിച്ചു കയറി.

മൂന്നരമണിയോടെ ഞങ്ങൾ ബസ്‌ പാർക്ക്‌ചെയ്യുന്ന സ്‌ഥലത്തെത്തി. തിരിച്ചുള്ള യാത്രക്കൊരുങ്ങിയ പലർക്കും ഒറ്റ സിംഹവാലനേയും കണ്ടില്ലല്ലോ എന്ന ദുഃഖമുണ്ടായിരുന്നത്‌ എത്രപെട്ടെന്നാണ്‌ പോയ്‌ മറഞ്ഞത്‌? മരത്തലപ്പുകളിൽ ആർത്തുതിമർത്തുകൊണ്ട്‌ വഴിയരികിൽ സിംഹവാലന്മാരെ കാണാൻ കഴിഞ്ഞത്‌ കൂടെയുള്ളവരിൽ കൗതുക കൊടുങ്കാറ്റുയർത്തി.

അല്‌പസമയം വാഹനം നിർത്തി ഞങ്ങൾ കുരങ്ങുരാജാക്കൻമാരെ നോക്കി രസിച്ചു. ഓടി കളിക്കാതെ ഞങ്ങൾക്കുവേണ്ടി അവർ പോസ്‌ ചെയ്‌തു നിന്നു എന്നതാണ്‌ സത്യം. എല്ലാവരും വേണ്ടത്ര ഫോട്ടോ എടുത്തു. കുട്ടികൾക്കെല്ലാം പൂർണ്ണസംതൃപ്‌തിയുണ്ടായത്‌ ഇപ്പോഴായിരുന്നു. ഞങ്ങൾ പിന്നീട്‌ മുക്കാലിയിലേക്ക്‌ യാത്ര തുടർന്നു.

Previous Next

എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

മേലേവീട്‌

ചമ്പ്രക്കുളം

കോട്ടായി -പി ഒ

പാലക്കാട്‌

പിൻ -678572


Phone: 04922 285677
E-Mail: mesmadhavan@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.