പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > യാത്രാവിവരണം > കൃതി

ചാട്ടപ്പാറ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ഇ.സേതുമാധവൻ

മലമ്പുഴ അണക്കെട്ടിനടുത്തു നിന്നും റോഡുമാർഗ്ഗം സഞ്ചരിച്ചാൽ പതിനഞ്ച്‌ കിലോമീറ്റർ ദൂരമുണ്ട്‌ ആനക്കല്ല്‌ എന്ന മലയോരഗ്രാമത്തിലേക്ക്‌. അണക്കെട്ടിൽകൂടി ബോട്ടുമാർഗ്ഗം പോവുകയാണെങ്കിൽ അരമണിക്കൂർ യാത്രവേണം അവിടെയെത്താൻ. ഇപ്പോൾ അണക്കെട്ടിന്‌ ചുറ്റുമായി ടൂറിസം വികസനത്തിന്റെ ഭാഗമായി ഒരു റിങ്ങ്‌റോഡ്‌ പണിതു കൊണ്ടിരിക്കുകയാണ്‌. പണിപൂർത്തിയായിക്കഴിഞ്ഞ്‌ റിങ്ങ്‌ റോഡിലൂടെ യാത്രചെയ്‌താൽ ഡാമിന്റെ പൂർണ്ണകാഴ്‌ച സാധ്യമാകുന്നതാണ്‌. ഇപ്പോൾ ആനക്കല്ലിൽ എത്താൻ രണ്ടുവഴികളെ ഉള്ളൂ. ഡാമിനകത്തുകൂടെയുള്ള തോണിയാത്രയും മറ്റൊന്ന്‌ ഇടുങ്ങിയ റോഡിൽ കൂടിയുള്ള പതിനഞ്ചു കിലോമീറ്റർ ദുരിത വഴിയും.

പതിനഞ്ച്‌ പേര്‌ അടങ്ങിയതാണ്‌ ട്രക്കിംഗ്‌ സംഘം. രാവിലെ ഒമ്പതുമണിക്കു തന്നെ ഞങ്ങൾ ബസിൽ ആനക്കല്ലിൽ എത്തി. ഞങ്ങളെയും കാത്ത്‌ സ്‌ഥലവാസിയും വഴികാട്ടിയുമായ ഷമീർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അടുത്തുള്ള ചായക്കടയിൽ കയറി ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ചു. അവിടെ നിന്നുതന്നെ ഉച്ചക്ക്‌ ആവശ്യമായ ഭക്ഷണവും ഞങ്ങൾ പ്രത്യേകം പൊതികളായി വാങ്ങി. (മുൻകൂട്ടി ആവശ്യമായത്രെയും ഭക്ഷണം ഷമീർ അവിടെ ഓർഡർ നൽകി എൽപ്പിച്ചിരുന്നു.)

ഒമ്പതരമണിയോടുകൂടി ഞങ്ങൾ മലകയറ്റം ആരംഭിച്ചു. ഷമീർ മുമ്പേനടന്നു. അതിനുമുമ്പ്‌ തന്നെ ഞങ്ങൾ പരസ്‌പരം പരിചയപ്പെടുന്നതിനും കാടിനകത്തേക്കുകടക്കുമ്പോൾ പാലിക്കേണ്ട ചിട്ടകളെപ്പറ്റിയുമെല്ലാം വിവരിച്ചിരുന്നു. ഏതാനും പുതുമുഖങ്ങളെ യാത്രയിൽ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം ഒരിക്കലെങ്കിലും യാത്രചെയ്‌തവരായിരുന്നു.

കാൽമണിക്കൂറിനകം തന്നെ ആൾവാസം തീരെയില്ലാത്ത മലഞ്ചെരുവിൽ ഞങ്ങളെത്തി. താഴ്‌വരയിലൂടെ രണ്ടാം പുഴയെന്നറിയപ്പെടുന്ന പുഴ ഒഴുകുന്നുണ്ട്‌. ശക്തമായ ഒഴുക്ക്‌ പുഴയിലില്ലായിരുന്നു. ഞങ്ങൾ പുഴകടന്ന്‌ മറുകരയിലെത്തി. വലിയ ഒരു പാറയിലിരുന്നു. ചരിഞ്ഞു കിടക്കുന്ന പാറയിൽ ഇരുവശത്തുംകൂടി നല്ലവണ്ണം വെള്ളമൊഴുകി സാമാന്യം ഒരു വലിയ കുഴിയിൽ വീഴുന്നു. ഈ കുഴിയിൽ നിന്നാണ്‌ വെള്ളം താഴേക്ക്‌ ഒഴുകുന്നത്‌. ഈ പാറക്കുഴിക്ക്‌ ആനക്കുണ്ട്‌ എന്നാണ്‌ ഇവിടുത്തുകാർ പറയുന്നത്‌. വളരെ പണ്ട്‌ ഒരിക്കൽ മഴക്കാലത്തെ മഴവെള്ള പാച്ചിലിൽ ഒരു ആന ഒഴുകി ഈ കുഴിയിൽപെട്ടുവത്രെ. ഒരു ദിവസത്തെ കഠിനപ്രയത്‌നത്തിനൊടുവിലാണ്‌ ആന കുഴിയിൽ നിന്നും രക്ഷപ്പെട്ടതത്രെ! അന്നുമുതൽക്കാണ്‌ ഈ സ്‌ഥലത്തിന്‌ ആനക്കുണ്ട്‌ എന്ന പേര്‌ വന്നത്‌ എന്ന്‌ ഷമീർ പറഞ്ഞു. ശരിക്കും ഒരു കയം തന്നെയായിരുന്നു അത്‌.

ഞങ്ങൾ ശ്രദ്ധയോടെ വഴുതാതെ പുഴയുടെ അരികിലൂടെ നടന്നു. കാട്ടുചെടികൾ നിറയെ പൂത്തുനിൽക്കുന്നു. പൂക്കളൊന്നും പറിക്കരുതെന്ന്‌ ഞാൻ പുതുമുഖങ്ങൾക്ക്‌ പ്രത്യേകനിർദ്ദേശം നൽകി. പുഴയിലൊരിടത്ത്‌ ഇടത്തരം വലിപ്പമുള്ള പാറക്കുഴികൾക്കരികിലെത്തിയപ്പോൾ കാട്ടുചെടികൾക്കിടയിൽ മൂടിക്കിടക്കുന്ന ഒരു പരസ്യം (മുന്നറിപ്പ്‌) ബോർഡ്‌ ഷമീർ ഞങ്ങൾക്ക്‌ കാണിച്ചുതന്നു. അതിൽ ഇപ്രകാരം എഴുതിയിരുന്നു.

“ആറു ജീവൻ പൊലിഞ്ഞു പോയ ഈ കയത്തിൽ അടുത്തത്‌ നിങ്ങളാവാതിരിക്കട്ടെ”

ഞങ്ങൾ ബോർഡ്‌ വായിച്ചുകഴിഞ്ഞപ്പോൾ ഷമീർ പറഞ്ഞു.

“ഇതാണ്‌ കുപ്രസിദ്ധമായ കവറക്കുണ്ട്‌. ഇവിടെ കഴിഞ്ഞ രണ്ടു വർഷമായി സഞ്ചാരികളായെത്തിയ ആറുപേരാണ്‌ കുളിക്കാനിറങ്ങി അടിയൊഴുക്കിൽ അകപ്പെട്ട്‌ അകാലത്തിൽ പൊലിഞ്ഞുപോയത്‌. അതിനുമുമ്പ്‌ ചിലരെല്ലാം പറന്നുപോയെങ്കിലും ആയതിനു കണക്കില്ല.

പുറമേക്ക്‌ വളരെ തെളിഞ്ഞു ശാന്തമായാണ്‌ കയം നിലകൊണ്ടിരുന്നത്‌. അതിന്റെ സൗന്ദര്യം നമ്മെ ആകർഷിക്കുകതന്നെ ചെയ്യും. പക്ഷേ അരയോളം ആഴത്തിൽ ഇറങ്ങിച്ചെന്നാൽ നമ്മെ പിടിച്ചുവലിക്കുന്ന പ്രതീതിയത്രെ.

അസാമാന്യ ആത്‌മധൈര്യമുള്ള തദ്ദേശീയർ മാത്രമേ ആരെങ്കിലും ആപത്തിൽ പെട്ടാൽപോലും സഹായത്തിന്നിറങ്ങാറുള്ളു എന്ന്‌ ഷമീർ സൂചിപ്പിച്ചു. ഇത്തരം പ്രഖ്യാപനം കേട്ടതോടെ ആരും തന്നെ പിന്നെ കയത്തിലേക്ക്‌ പോയില്ല. ഏതായാലും ആ കയത്തിന്റെ കരയിൽ ഞങ്ങൾ മൺമറഞ്ഞുപോയവർക്കായി ശാന്തി ലഭിക്കാൻ ഒരു നിമിഷം മൗനമാചരിച്ചു.

വീണ്ടും ഞങ്ങൾ മുന്നോട്ടുനടന്നു. മുകളിലേക്ക്‌ കയറി. ഇപ്പോൾ പുഴയുടെ തൊട്ടരികിലൂടെയല്ല നടക്കുന്നത്‌. എങ്കിലും പുഴയുടെ ഗർജ്ജനം കേൾക്കാം. ഒരു വശം പൂർണ്ണമായും ചരിവുള്ള പ്രദേശമാണ്‌. ചെരുവിൽ ഇടതിങ്ങി ഈറ്റക്കാട്‌ നിൽക്കുന്നുണ്ട്‌. ശ്രദ്ധയോടെ ഞങ്ങൾ നടന്നു. പുഴയുടെ അൽപ്പം നിരപ്പായ പാറപ്പരപ്പിൽ എത്തി. അവിടുന്ന്‌ താഴേക്ക്‌ വെള്ളം ഗംഭീരമായി പതിക്കുന്നുണ്ട്‌. ഇവിടെ പുഴക്കിരുവശവും നിറയെ മരങ്ങളാണ്‌. മരങ്ങളുടെ കൂട്ടത്തിൽ കാട്ടുമാവുകളുമുണ്ട്‌.

അല്‌പസമയം ഞങ്ങൾ പാറപ്പുറത്ത്‌ വിശ്രമിച്ചു. ചിലരെല്ലാം കാട്ടുമാങ്ങകൾ എറിഞ്ഞുവീഴ്‌ത്തി. മാങ്ങ തിന്നവർ പുളികൊണ്ട്‌ നെറ്റി ചുളിച്ചു. ഉടൻതന്നെ അവർ വെള്ളമെടുത്ത്‌ വായ്‌ കഴുകി.

പത്തുമിനിറ്റിനുശേഷം വീണ്ടും ഞങ്ങൾ യാത്ര തുടർന്നു. മുന്നിൽ ഒരുപാടു വഴി പിന്നിടാനുണ്ട്‌. പാറകളിൽചവിട്ടി വഴുതലിലെല്ലെന്ന്‌ ഉറപ്പാക്കി ഞങ്ങൾ പുഴ മുറിച്ചുകടന്നു. ഇതുവരെ പിന്നിട്ട തരത്തിലല്ലായിരിന്നു മുന്നിൽകണ്ട കാഴ്‌ചകൾ. നീണ്ട മുളങ്കാട്‌, എവിടെ നോക്കിയാലും നീണ്ടും ഒടിഞ്ഞും ആകാശം മുട്ടിയും നിൽക്കുന്ന മുളങ്കാട്‌! അവയ്‌ക്കിടയിൽ അപകടം എവിടെ പതിയിരിക്കുന്നു എന്നറിയുക വയ്യ. മുള്ളുകൾ വസ്‌ത്രത്തിൽ കോർത്തു വലിക്കുന്നു. മുന്നോട്ട്‌ നടക്കാനും നടക്കാതിരിക്കാനും വയ്യാത്ത അവസ്‌ഥ. ഏതെങ്കിലും ഭാഗത്തുനിന്നും കാട്ടാനകളോ കാട്ടുമൃഗങ്ങളോ വന്നാൽ ഉടനെ മാറി ഒളിയാൻ തിരിയാൻ മുള്ളുകളുള്ളതുകൊണ്ട്‌ ഒരു നിവൃത്തിയുമില്ല. അടിക്കാട്‌ മാർഗ്ഗതടസ്സത്തിനില്ല എന്നതുമാത്രമാണ്‌ ഏക ആശ്വാസം.

സപ്‌ത ഇന്ദ്രിയങ്ങളും (പഞ്ചേന്ദ്രിയങ്ങൾ പോര) ഏകലക്ഷ്യമാക്കി ഭയത്തിന്റെ മുൾമുനയിലൂടെ മുന്നോട്ട്‌ നടക്കുകതന്നെ ചെയ്‌തു. എന്റെ ട്രെക്കിംഗ്‌ യാത്രകളിൽ ഇത്രത്തോളം നിശബ്‌ദത പാലിക്കപ്പെട്ട (സംഘാംഗങ്ങൾ) സന്ദർഭങ്ങൾ വേറെയുണ്ടായിട്ടില്ലതന്നെ. (മിണ്ടാൻപോലും കഴിയാത്ത അവസ്‌ഥ​‍ൊകാണ്ടായിരുന്നു എന്നതാണ്‌ സത്യം) ഏകദേശം നാൽപ്പത്തഞ്ചു മിനിട്ടുസമയം വേണ്ടിവന്നു, ഞങ്ങൾക്ക്‌ മുളങ്കാട്‌ കടന്നുകിട്ടാൻ.

മുളങ്കാടിന്റെ തുടർച്ച നിത്യഹരിത വനമാണ്‌. എന്നാൽ തീരെ ചെറിയ മരങ്ങൾ ഇല്ല. ആകാശം മുട്ടി കുടപിടിച്ചുനിൽക്കുന്ന വൃക്ഷങ്ങളാണെങ്കിലും അവയ്‌ക്ക്‌ വണ്ണം കുറവായിരുന്നു. ചിലവൃക്ഷങ്ങളിൽ നിന്നും വൃക്ഷങ്ങളിലേക്ക്‌ കാട്ടുകുരങ്ങുകൾ ഓടിയൊളിച്ചു. നിശബ്‌ദത പാലിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നിലത്തുവീണ കരിയിലകൾ കാലടിപ്പാടുകൾക്കിടയിൽപ്പെട്ട്‌ കരഞ്ഞുകൊണ്ടിരുന്നു.

ഈട്ടിയും കാട്ടുപ്ലാവും നടക്കുന്ന വഴിയിൽ (പ്രദേശത്ത്‌) കുറവില്ലാത്ത വിധത്തിൽ ഉണ്ടായിരുന്നു. ചില പ്ലാവുകളിൽ ഇടിച്ചക്കകൾ നിറഞ്ഞുനിന്നിരുന്നു. ഇവിടെയാണ്‌ ഞാൻ വനയാത്രയ്‌ക്കിടയിൽ ആദ്യമായി പാമ്പിനെ കണ്ടത്‌. ചെമ്പൻ നിറമുള്ള ഹാർഡായി തോന്നിച്ച്‌ അരമീറ്റർ നീളമുള്ള ഒരു മൂത്തപാമ്പ്‌ അത്‌ കരിയിലകൾക്കിടയിലൂടെ എവിടെയോ മറഞ്ഞു.

കുറേനേരമായി ഞങ്ങൾ കുന്നുകയറാൻ തുടങ്ങിയിട്ട്‌. ഇപ്പോൾ ഒരു ഇറക്കം ഇറങ്ങി കിട്ടാൻ കാട്ടാറിൻ കരയിൽ നിൽക്കുകയാണ്‌. എവിടെയും ജലപാതത്തിന്റെ മുഴക്കം പ്രകമ്പനം കൊള്ളുന്നുണ്ട്‌. പാറകളിൽ തെന്നിവീഴാതെ ഞങ്ങൾ ഷമീറിന്റെ പിന്നിലായി നടന്നു. മുന്നിൽ വിസ്‌മയക്കാഴ്‌ചയാണ്‌. ഇരുപത്തഞ്ച്‌ മീറ്റർ ഉയരത്തിൽ അത്രയും തന്നെ വീതിയിൽ മുല്ലപൂമാലകണക്കെ ജലം താഴേക്ക്‌ വീഴുന്നു. വശ്യമായ ഈ സൗന്ദര്യം ഒരുപാട്‌ ഉൾവനത്തിലായതുകൊണ്ടാകണം ആരും അറിയാതെയും അർഹിക്കുന്ന ആദരം കിട്ടാതെയും പോയത്‌ എന്ന്‌ ഞങ്ങൾ കരുതി.

സുഹൃത്തുക്കൾ പലരും കുളിവസ്‌ത്രങ്ങൾ ധരിച്ച്‌ ജലപാതത്തിന്നിടയിൽ നിന്നു കുറേനേരം ഞാൻ മാറിനിന്ന്‌ ആ സൗന്ദര്യം അനുഭവിച്ചു. ഒടുവിൽ കുട്ടാകാരോടൊപ്പം ഞാനും കൂടി. ദേഹത്ത്‌ പാറക്കഷ്‌ടണങ്ങൾ വീഴുന്ന പ്രതീതിയാണ്‌ വെള്ളത്തുള്ളികൾ വീഴുമ്പോൾ തോന്നിയത്‌. ശരീരം മുഴുവനും കാശുകൊടുക്കാതെ കിട്ടിയ മസാജായിരുന്നു അത്‌. ഏകദേശം ഒരു മണിക്കൂർ നേരം ഞങ്ങൾ ആ ജലപാതത്തിൽ നീരാടി. പിന്നീട്‌ ദേഹം തുവർത്തി കരുതിയിരുന്ന ഭക്ഷണം കഴിച്ചു.

നാലുമണിക്കുതന്നെ തിരിച്ചുള്ള യാത്രയ്‌ക്ക്‌ തയ്യാറായി. പുതിയ വഴിയിലൂടെയാണ്‌ ഇറങ്ങിയത്‌. യാത്ര തുടങ്ങിയേടത്തല്ല ഈ വഴി ചേരുന്നത്‌. ഏഴു കിലോമീറ്റർ ദൂരെ ഒരിടത്താണ്‌. വഴിയിൽ നിറയെ അഴുകാത്തതും ചീയാത്തതുമായ ആനപിണ്ഡങ്ങൾ കിടക്കുന്നുണ്ട്‌. ആ വഴി ഒരു എലിഫന്റ്‌ പാസ്‌ ആണ്‌ എന്ന്‌ എനിക്കുതോന്നി. തികച്ചും നിത്യഹരിത വനപ്രദേശം. ഇരുട്ട്‌, മിനുട്ടുകൾ കഴിയുംതോറും കടന്നുവന്നു.

ആറുമണിയോടെ ഞങ്ങൾ ആനക്കല്ലിലെ ചില ശിലായുഗ വഴികളിലൂടെ മലമ്പുഴ ഡാമിന്റെ അക്കരെയുളള ബോട്ട്‌ (തോണി) കടവിൽ എത്തി. ആറരയ്‌ക്ക്‌ മുമ്പായി അവസാനത്തെ ബോട്ടുയാത്ര ഡാമിനടുത്തേക്ക്‌ ഉണ്ട്‌. (ബസ്‌സ്‌റ്റാന്റിനടുത്തേക്ക്‌) ഞങ്ങൾ ഷമീറിനോട്‌ അത്യധികം നന്ദി പറഞ്ഞു. കൂട്ടുകാർ കൂടുതൽ കൂടുതൽ കാര്യങ്ങൾ അവനോട്‌ ചോദിച്ചറിയുന്ന നേരത്ത്‌ ഞാൻ ബോട്ടും കാത്ത്‌ വെള്ളത്തിലെ ഓളപരപ്പിൽ മത്സ്യങ്ങൾ പൊങ്ങിവരുന്നതും നോക്കി ഇരുന്നു.

Previous Next

എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

മേലേവീട്‌

ചമ്പ്രക്കുളം

കോട്ടായി -പി ഒ

പാലക്കാട്‌

പിൻ -678572


Phone: 04922 285677
E-Mail: mesmadhavan@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.