പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > യാത്ര > കൃതി

നിശബ്ദതാഴ്വരയുടെ ഭൂമിശാസ്ത്രവും കൂട്ടായ്മയുടെ വിജയവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ഇ.സേതുമാധവൻ

നിശബ്ദതാഴ്വര എനിക്കൊരു തീര്ത്ഥാടന കേന്ദ്രം പോലെയാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ അവിടെയെത്തി നിര്‍മലമായ വായു ശ്വസിക്കാനാണ് ഓരോയാത്രയും. ഇതിനു പറ്റിയ ഒട്ടേറെ ഇടങ്ങള്‍ വേറെ ഉണ്ടെങ്കിലും എനിക്ക് വേഗത്തിലെത്താവുന്ന സ്ഥലം എന്ന നിലക്കാണ് ഞാന്‍ തീര്‍ത്ഥാടനം നടത്താനായി സൈലന്റ് വാലിയെ തിരെഞ്ഞെടുക്കാറുള്ളത്. സൈരന്‍ഡ്രിയിലെത്തി വാച്ച് ടവറില്‍ കയറി വിദൂരതയില്‍ നോക്കി അംബരചംബികളായ മലനിരകളെ കാണുമ്പോഴുള്ള ആനന്ദം അനിവചനീയമാണ്. മറ്റെന്തെങ്കിലും കാഴ്ചയോ സഹായമോ സൗകര്യമോ വനം വകുപ്പ് നല്‍കുമെന്ന് പറഞ്ഞ് സഞ്ചാരികളാരും ഇറങ്ങി പുറപ്പെടേണ്ടതില്ല. ഈ പ്രദേശം വനം വകുപ്പ് വിനോദസഞ്ചാരമാക്കണമെന്നല്ല, എന്തെങ്കിലും ഒരു സഹായ സഹകരണം ചെയ്യേണ്ടതായിരുന്നു എന്ന് ഇവിടെ എത്തുന്ന ഓരോ സഞ്ചാരിക്കും തോന്നുക തന്നെ ചെയ്യും.

നിശബ്ദതാഴ്വരെക്കുറിച്ച് കേള്‍ക്കാത്ത ഒരു വിദ്യാര്‍ത്ഥിയോ വിദ്യാസമ്പന്നനോ ശരാശരി മനുഷ്യനോ മലയാളിയായി ഉണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ വെറുമൊരു കേള്‍വിക്കപ്പുറം അറിയാനുള്ള ത്വരയോടെ എത്ര പേര്‍ ശ്രമിച്ചിട്ടുണ്ടാകും? ഏതായാലും സൈലന്റ് വാലിയുടെ സൈലന്റ് അല്ലാത്ത ചരിത്ര ഭൂമിശാസ്ത്ര സംഭവങ്ങളെ പറയാന്‍ ആദ്യം ശ്രമിക്കുകയാണ്. അറിയാത്തവര്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ ലഭിക്കാനും അറിയുന്നവര്‍ക്ക് ആയത് ഊട്ടി ഉറപ്പിക്കാനും ഇക്കാര്യം സഹായകമാകുമെന്ന് ഞാന്‍ കരുതുന്നു.

ഗുജറാത്തിലെ തപ്തി നദിയുടെ തടത്തില്‍ നിന്നാരംഭിച്ച് ഇന്ത്യയ്ക്കു തെക്ക് കന്യാകുമാരിയില്‍ കടല്‍ വരെ നീണ്ടു കിടക്കുന്ന മലനിരയാണ് പശ്ചിമഘട്ടം അഥവാ വെസ്റ്റേണ്‍ ഘട്ട്. ഈ മലനിരകളില്‍ പാലക്കാടന്‍ ഭാഗത്ത് പശ്ചിമഘട്ടത്തിന്റെ പാര്‍ശ്വനിരയായ നീലഗിരി മലകളുടെ തെക്കു പടിഞ്ഞാറെ കോണിലുള്ള നിത്യഹരിത വനപ്രദേശമാണ് സൈലന്റ് വാലി അഥവാ നിശബ്ദതാഴ്വര. ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങളില്‍ പ്രധാന സ്ഥാനം ഈ ഉദ്യാനത്തിനുണ്ട്.

വടക്ക് മൈസൂര്‍ പീഠഭൂമിയും കിഴക്കും തെക്കു കിഴക്കും കോയമ്പത്തൂര്‍ സമതലങ്ങളും പടിഞ്ഞാറ് പാലക്കാടന്‍ ചുരത്തിനുമിടയ്ക്കു പശ്ചിമഘട്ടത്തില്‍ നിന്നും കിഴക്കു ഭാഗത്തേക്ക് തള്ളിനില്‍ക്കുന്ന പാര്‍ശ്വനിരയാണ് നീലഗിരി കുന്നുകള്‍.

നിശബ്ദതാഴ്വരയ്ക്ക് കന്യാവനം എന്നു കൂടി പേരുണ്ട്. മനുഷ്യന്റെ സ്പര്‍ശമേല്‍ക്കാത്ത ഇടപെടലുകള്‍ പ്രായേണ കുറഞ്ഞ പ്രദേശം. ഇന്ത്യയിലും തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചു വേറിട്ടു നില്‍ക്കുന്ന അപൂര്‍ വങ്ങളില്‍ അപൂര്‍വ്വങ്ങളായ വനപ്രദേശമത്രെ. തെക്കേ അമേരിക്കയിലെ ആമസോണ്‍ മഴക്കാടുകളും മധ്യാഫ്രിക്കയിലെ കോഗോതടങ്ങളും മാത്രമേ നിശബ്ദതാഴ്വരപോലെ തനിമ നിലനില്‍ക്കുന്ന പ്രദേശങ്ങളായി അവശേഷിക്കുന്നുള്ളു.

നൈസര്‍ഗികമായ ആവാസ വ്യവസ്ഥകളുള്ളതിനാല്‍ മറ്റു വനസ്ഥലികളിലൊന്നും കാണാത്ത ജീവവൃന്ദവും സസ്യജനുസുകളും ഇവിടെ കാണുന്നു മനുഷ്യന്റെ കടന്നു കയറ്റം എന്തുകൊണ്ടോ നടക്കാതെ പോയ നിശബ്ദതാഴ്വരയില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും മറ്റെവിടെയും കാണാത്തതുമായ സസ്യജീവജാലങ്ങളുടെ അഭയകേന്ദ്രമായി വര്‍ത്തിക്കുന്നു.

നമ്മുടെ മഹാരാജ്യത്തിലെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ ആ ലേഖനം ചെയ്യപ്പെട്ട അനുകൂലപ്രതികൂല സമര പരമ്പരകളുടെ ഒരു മഹത്തായ അധ്യായമാണ് നിശബ്ദതാഴ്വരയുടേത്. ഒരു പറ്റം മനുഷ്യരുടെ നില്‍നില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നത്തില്‍ നിന്നല്ല സൈലന്റ് വാലിയില്‍ പ്രശ്നം ഉടലെടുത്തത്. പ്രത്യുത വികസന പരിപാടികള്‍ പരിസ്ഥിതിക്കേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നവരും അണക്കെട്ടുകള്‍ പുഴകള്‍ക്കും പുഴയോരക്കാടുകള്‍ക്കും ഏല്‍പ്പിക്കുന്ന നാശങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവരുമായിരുന്നു സൈലന്റ് വാലി വിവാദം തുടങ്ങി വച്ചത്.

ഈ കാടുകളെക്കുറിച്ച് ഏതെങ്കിലും രീതിയിലുള്ള പഠനം 1970 വരെ നടന്നാതായി കാണുന്നില്ല. 1975 മുതല്‍ ഈ പ്രദേശത്തിന്റെ നിലനില്‍പ്പിനെ പറ്റി തുടങ്ങിയ വാദപ്രതിവാദം ഇന്നത്തേപ്പോലെ ആധുനിക മാധ്യമ സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും പത്രമാധ്യമങ്ങളിലൂടെ ആഗോളതലത്തില്‍ തന്നെ കത്തി പടര്‍ന്നു. കുന്തിപ്പുഴയും പുഴയ്ക്കു കുറുകെ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച അണക്കെട്ടും കോടിക്കണക്കിനു വര്‍ഷങ്ങളിലൂടെ രൂപാന്തരം പ്രാപിച്ച യഥാര്‍ത്ഥ മഴക്കാടുകളേയും അസംഖ്യം ജീവിസമൂഹങ്ങളേയും ഇല്ലായ്മ ചെയ്യുമെന്ന് തിരിച്ചറിഞ്ഞതാണ് പരിസ്ഥിതി വാദികളുടെ രോഷാമര്‍ഷ കലുഷിതമായ സമരപരമ്പരകള്‍ക്കും കോടതി കേസുകള്‍ക്കും വഴി തുറന്നത്. അങ്ങനെ ഒരു കൂട്ടം യഥാര്‍ത്ഥ പ്രകൃതി സ്നേഹികളും പരിസ്ഥിതി കവികളും ജന്മം കൊണ്ടത് ഇന്നലെയുടെ കഥ. കേരളത്തെപ്പോലെയൊരു കൊച്ചു സംസ്ഥാനത്തു നിന്നാരംഭിച്ച പ്രകൃതിയുടെ നിലനില്‍പ്പിനായുള്ള സമരവിജയ വീരജൈത്രയാത്ര ഇന്ന് ലോകം മുഴുവന്‍ ആളിപ്പടര്‍ന്നിരിക്കുന്നതിലും വിജയം കൈവരിക്കുന്നതിലും പ്രകൃതി സ്നേഹികള്‍ക്ക് അഭിമാനിക്കാം. കേരളത്തിലെ ഇത്തരത്തിലുള്ള പരിസ്ഥിതി വിജയത്തില്‍ന്റെ നിലവിലെ അവസാന അധ്യായമാണ് അതിരപ്പിള്ളി വാഴച്ചാല്‍ ജലവൈദ്യുത പദ്ധതിയുടെ അകാല മൃത്യു.

Previous Next

എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

മേലേവീട്‌

ചമ്പ്രക്കുളം

കോട്ടായി -പി ഒ

പാലക്കാട്‌

പിൻ -678572


Phone: 04922 285677
E-Mail: mesmadhavan@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.