പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > യാത്ര > കൃതി

വയറിനകത്തൊരു ഭൂകമ്പം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ഇ.സേതുമാധവൻ

രാത്രി പത്തുമണി കഴിഞ്ഞു. കഞ്ഞിയും കറിയും കാലമാകായി. കാട്ടു ചക്ക കുത്തിച്ചതച്ചതും ( തോരന്‍) അച്ചാറും ഉണക്കമീന്‍ വറുത്തതും ആണ് ഇന്നത്തെ മെനു. എട്ടുമണി മുതല്‍ എനിക്ക് വയറിനൊരു വല്ലായ്ക തോന്നിത്തുടങ്ങിയിരുന്നു. ആമാശയത്തിന്റെ ആ‍ഴങ്ങളില്‍ നിന്നൊരു പുളിച്ചു തികട്ടല്.‍ നാവിന് അരുചി. കഞ്ഞി വേണോ എന്നു തോന്നി. പക്ഷെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ എങ്ങനെ ഉറക്കം വരും?

നാളെ നടക്കാന്‍ ഇനിയും പതിനഞ്ചു കിലോ മീറ്റര്‍ ദൂരം ബാക്കി കിടക്കുന്നു. ഞാന്‍ കഞ്ഞിയും തോരനും അച്ചാറും വാങ്ങി. കണ്ണടച്ച് കഞ്ഞി വലിച്ചു കയറ്റാന്‍ വയ്യ. അസഹ്യമായ ചൂട്. ഭാര്യയുടെ കൈപ്പുണ്യത്തെ കഞ്ഞിയിലേക്കും കറിയിലേക്കും ആവാഹിച്ച് കഴിക്കാന്‍ ശ്രമം നടത്തിയെങ്കിലും അടി വയറ്റില്‍ നിന്നും ഭൂതങ്ങള്‍ അന്ന നാളത്തിലൂടെ വെളിയിലെത്താന്‍ മത്സരിക്കുന്നതറിഞ്ഞു. ഇതിനു പുറമെയാണ് ചക്കത്തോരന്‍ വേവാതിരുന്നതിന്റെ ബുദ്ധിമുട്ട്. മീന്‍ ഇളക്കിയ തവികൊണ്ട് ചക്ക വിളമ്പിയപ്പോള്‍‍ ഉണ്ടായ ഗന്ധം .

മത്സ്യം എനിക്ക് ഇഷ്ടമല്ലായിരുന്നു. കഞ്ഞി വാരി കഴിക്കുന്തോറും ഓക്കാനം വരാന്‍ സാധ്യത കൂടി വന്നു. ഞാന്‍ കഞ്ഞിവെള്ളം മാത്രം കുടിച്ച് വറ്റ് കളഞ്ഞു. അന്നം കളയുന്നത് തീരെ ഇഷ്ടമല്ലായിരുന്ന എനിക്ക് മറ്റു മാര്‍ഗമൊന്നുമുണ്ടായില്ല. ബാഗില്‍ കരുതിയിരുന്ന ഉണക്ക മുന്തിരിയും ഉണങ്ങിയ ഈന്തപ്പഴവും നന്നാലണ്ണെം എടുത്തു കഴിച്ചു. പിന്നീടുറക്കത്തെ ക്ഷണിച്ച് കിടന്നു. കൂടെയുള്ളവര്‍ പല വിധകഥകളും പറഞ്ഞ് ഇരിക്കുന്നുണ്ട്. തീയിന്റെ കാവല്‍ക്കാര്‍ അവരുടെ ഡ്യൂട്ടി യഥാവിധി നിര്‍വഹിക്കുന്നുണ്ട്.

എപ്പോഴോ ഉറങ്ങിയ ഞാന്‍ വയറിന്റെ അസ്വസ്ഥത കാരണം ഒരു മണിക്ക് ഉണര്‍ന്നു. കത്തുന്ന തീയിന്റെ പിറകില്‍ നാണത്തെ പോകാന്‍ പറഞ്ഞ് ആശ്വാസം കൊണ്ടു. എന്റെ ഉള്ളൊന്നു പിടഞ്ഞു. ഈ കൊടുങ്കാട്ടില്‍ എന്തു ചെയ്യാന്‍? ചുരുങ്ങിയത് എട്ടു മണിക്കൂര്‍ യാത്ര ചെയ്യാതെ വി. എസ്. എസ്. ആഫീസില്‍ എത്തുന്ന പ്രശ്നമേയില്ല. എത്ര ദൂരമുണ്ടാകുമെന്നതിന് വ്യക്തമായ ഒരു ധാരണയുമില്ല. എല്ലാവരും ഭക്ഷണം കഴിച്ച് ഊര്‍ജസ്വലരാകുമ്പോള്‍ നാളെ വൈകുന്നേരം വരെ ഒന്നും കഴിക്കാതെ കഠിനങ്ങളായ കയറ്റിറക്കങ്ങള്‍ എങ്ങനെ ഞാന്‍ പിന്നിടും?

കാട്ടിലെ വെള്ളം ചെയ്ത വിനയാണെന്ന് ഉറപ്പായിരുന്നു. പതിവിനു വപരിതമായി ഒന്നും കഴിച്ചിട്ടില്ല. കാട്ടിലെ 'കഠിന ജലം' നല്‍കിയ സമ്മാനമാണ് അനുഭവിക്കുന്നത്. ഞാന്‍ ബാഗു തുറന്ന് ആന്റിബയോട്ടിക് ഗുളികയെടുത്ത് കഴിച്ചു. ഒരു ചെറുനാരങ്ങയെടുത്ത് കട്ടന്‍ ചായയുണ്ടാക്കി കുടിച്ചു. പാചകക്കാര്‍ ഉറങ്ങിയിരു‍ന്നില്ല. അവര്‍ കട്ടന്‍ കഴിക്കുന്ന നേരമായിരുന്നു. കാവല്‍ വേണമല്ലോ.

ഞാന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു. എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല. നാലുമണിക്ക് ഉണര്‍ന്നത് വയറിന്റെ കോളിളക്കം കൊണ്ടാണ്. ഇരു വശങ്ങളിലുമുള്ള തീ ആളിച്ചുകൊണ്ട് പ്രായത്തിന്റെ പ്രാന്ത് പുലമ്പിക്കൊണ്ട് പത്തു പന്ത്രണ്ട് പേര്‍ എഴുന്നേറ്റിരിക്കുന്നു. തൊട്ടപ്പുറത്ത് വഴികാട്ടികള്‍‍ ശ്രദ്ധയോടെ ഇരിക്കുന്നുണ്ട്. കുറച്ചു മുമ്പ് അടുത്തേവിടെയോ മരക്കൊമ്പ് ഒടിയുന്നതിന്റെ ശബ്ദം കേട്ട് ആകെ ബദ്ധശ്രദ്ധരായിരിക്കയാണവര്‍.

കുംഭകര്‍ണ്ണ ശിഷ്യന്മാര്‍‍' മലയിളകിലും മഹാജനനാം മനമിളകാ' എന്ന് മഹദ് വചനം പോലെ ഗാഢനിദ്രയുടെ ആഴങ്ങളിലാണ്. അന്താരാഷ്ട്ര ആനപ്പട ഒരുമിച്ചെത്തിയാലും ആയത് അവരെ സ്പര്‍ശിക്കില്ല എന്ന നിലക്കാണ് കിടപ്പ്. ഞാന്‍ കാവല്‍പ്പടയോട് എന്റെ നിലപാട് അറിയിച്ചു. കത്തുന്ന തീയ്യിന് അഞ്ചു മീറ്റര്‍ അകലം വിട്ട് കോളിളക്കം ശമിപ്പിക്കാനിരുന്നു. നാണവും മാനവും മറന്ന നേരമായിരുന്നു അത്.

കുറച്ചു സമയത്തിനു ശേഷം ഞാന്‍ വീണ്ടും കിടക്കുമ്പോഴാണൊരു കാവലാള്‍ പറഞ്ഞത് നൗഷാദും ജയേഷും എനിക്ക് കൂട്ടുണ്ട് എന്ന്. സമയം അഞ്ചുമണിയോടടുത്തതിനാലും മനസിന് സുഖമില്ലാത്തതു കൊണ്ടും പിന്നീട് ഉറങ്ങാന്‍ കഴിഞ്ഞില്ല.

രാവിലേക്ക് ആവശ്യമായ കഞ്ഞി പാചകക്കാര്‍ തയ്യാറാക്കികൊണ്ടിരുന്നു. എണീറ്റു ചെന്ന് രണ്ടു ലിറ്റര്‍ കഞ്ഞിവെള്ളം ഉപ്പിട്ടു കഴിച്ചു. നേരം പുലരാറായിട്ടും ഒരു കിളിപ്പാട്ടു പോലും കേള്‍ക്കാന്‍ കഴിയാഞ്ഞത് എനിക്ക് വിഷമമുണ്ടാക്കി. നാട്ടുപക്ഷികള്‍‍ യഥേഷ്ടം കാണാനാവുന്ന കേരളത്തില്‍ കാട്ടുപക്ഷികള്‍‍ വേണ്ടെത്ര കാണാന്‍ കഴിഞ്ഞെന്നു വരില്ല.

എട്ടുമണിക്കു മുന്‍പായി കഞ്ഞിയും ഉച്ചക്കുള്ള ചോറും കറിയും തയ്യാറായി കഴിഞ്ഞിരുന്നു. ഞങ്ങള്‍‍ നാലഞ്ചു പേരൊഴികെ എല്ലാവരും പ്രഭാതഭക്ഷണം കഴിച്ചു. ഉച്ചക്കുള്ള ചോറ് ടിഫിന്‍ ബോക്സുകളിലാക്കി കൈവശം വച്ചു. പ്ലാസ്റ്റിക് കവറുകളെല്ലാം തീയിലിട്ടു. അതല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.

അഷറഫ് നല്‍കിയ പാല്‍ക്കായവും എന്റെ കൈവശമുണ്ടായിരുന്ന ആന്റിബയോട്ടിക്കും ഇതിനകം ഞാന്‍ കഴിച്ചിരുന്നു. യാത്ര തുടരാന്‍ ഇനി ഏറെ വൈകില്ല എന്നായപ്പോള്‍ നൗഷാദ് വീണ്ടും സുരക്ഷയുടേയും ഭീതിയുടേയും നുറുങ്ങുകള്‍ക്ക് എല്ലാവര്‍ക്കുമായി പങ്കു വയ്ച്ചു. ഞാന്‍ രണ്ടു തവണ കൂടി കോളിളക്കം പരിഹരിച്ചു.

എട്ടുമണിക്കു യാത്ര തുടര്‍ന്നു. ചതുപ്പ് നിറഞ്ഞ കുന്നിന്‍ ചരിവിലൂടെ കരിയിലകളെ ചവിട്ടിയരച്ച് കരയിച്ചുകൊണ്ട് നീര്‍ച്ചാലുകളില്‍ മുഖം കഴുകി മുന്നോട്ടു നീങ്ങി. മുന്നില്‍ നടക്കാറുള്ള നൗഷാദ് ഇന്ന് പിന്നിലാണ്. ഞാന്‍ മുന്നിലാണെങ്കിലും എന്റെ തലകറക്കവും ഉറക്കക്കുറവും അകത്തെ ബലക്കുറവും എന്നെ തളര്‍ത്തിയിട്ടുണ്ട്. ഞാന്‍ മനസിന് ധൈര്യം കൊടുത്ത് മുന്നില്‍ നിന്നും മാറാതെ നടന്നു. ഒരിക്കലും രണ്ടാമതാകുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍‍ ചൂരല്‍ മലയിലെ ക്യാമ്പ് ഷെഡിലെത്തി. ക്യാമ്പ് ഷെഡിനു ചുറ്റും ട്രഞ്ചുണ്ട്. ശരാശരി ഉയരമുള്ള ഒരു വാച്ച് ടവര്‍ നാശത്തെ സ്വീകരിച്ചു കൊണ്ട് നില്‍ക്കുന്നു. മിക്കപേരും ടവറിനു മുകളില്‍ കയറി വിദൂര വീക്ഷണം നടത്തി. ഞാന്‍ ട്രഞ്ചിന്നപ്പുറത്തേക്കോ ടവറിലോ കയറാന്‍ പോയില്ല. സത്യമായിട്ടും ക്ഷീണം തന്നെയായിരുന്നു. ഇന്നലെ രാത്രി തങ്ങേണ്ട ഇടമായിരുന്നു ഇവിടം. എത്താന്‍ പറ്റാത്തതുകൊണ്ട് പുഴയുടെ നടുവില്‍ ക്യാമ്പടിച്ചു എന്നു മാത്രം. ഈ ക്യാമ്പ് ഷെഡില്‍ നിന്നും പത്തു മിനിറ്റ് ദൂരെ ഇറങ്ങി നടന്നാല്‍ മാത്രമേ അരുവിയില്‍ നിന്നും വെള്ളം കിട്ടുകയുള്ളു എന്ന് ബാലന്‍ പറഞ്ഞു. ഇതറിഞ്ഞപ്പോള്‍ ഞാന്‍ അത്യധികം ആശ്വസിച്ചത് ഇന്നലെ ഇവിടെ എത്തിയില്ലല്ലോ എന്നതോര്‍ത്താണ്. എന്റെ അവസ്ഥക്ക് വെള്ളമില്ലാത്ത കാര്യം അചിന്ത്യം ആയിരുന്നു.

വാച്ച് ടവറില്‍ നിന്നും എല്ലാവരും കാഴ്ച കണ്ട് വീണ്ടും യാത്ര തുടങ്ങുമ്പോള്‍‍ അരമണിക്കൂര്‍ കഴിഞ്ഞു. പിന്നീട് നടക്കാനുണ്ടായിരുന്ന വഴിയില്‍ രണ്ടടി ഘനത്തിലാണ് കരിയിലകളുടെ കിടപ്പ്. നടവഴിയുടെ ഒരു വശം കുറെ ദൂരം ഒന്നാന്തരം ചതുപ്പ്. പച്ചപ്പിന്റെ പറുദീസ നിത്യഹരിതതയുടെ ശ്യാമളത നിശബ്ദതയുടെ ഭീകരത ശബ്ദരഹിതമായ ചലനം അസാധ്യം. ചവറുകള്‍ക്കിടയില്‍ ചുരു‍ണ്ടു കിടക്കുന്ന ( സാധ്യതയുള്ള) ചുരുട്ട് മണ്ഡലികള്‍‍. കൂട്ടത്തില്‍ ഒന്നുമറിയാത്ത പുതുയാത്രികര്‍ക്ക് കൗതുകം അനുഭവമുള്ള മുഖങ്ങളില്‍ ഭയഭാവം. ഏകദേശമരമണിക്കൂര്‍ നേരം ഇതേ യാത്രയും അനുഭവവുമായിരുന്നു.

എന്റെ വയറിപ്പോള്‍ തിരയടങ്ങിയ കടല്‍ പോലെ ശാന്തമാണ്. ക്ഷീണം ശരിക്കും ബാധിച്ചിട്ടുണ്ട്. കണ്ണി‍ന് നേരിയ ചൂട് അനുഭവപ്പെടുന്നുണ്ടോ എന്ന ശങ്ക.

Previous Next

എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

മേലേവീട്‌

ചമ്പ്രക്കുളം

കോട്ടായി -പി ഒ

പാലക്കാട്‌

പിൻ -678572


Phone: 04922 285677
E-Mail: mesmadhavan@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.