പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > യാത്ര വിവരണം > കൃതി

കാടിനകത്തേക്ക്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ഇ.സേതുമാധവൻ

ക്യാമ്പില്‍ രജിസ്ട്രേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഓരോരുത്തരായി ഫോറങ്ങള്‍ പൂരിപ്പിക്കുകയാണ്. പൂരിപ്പിച്ചു കഴിഞ്ഞവരെ കൗണ്‍സിലിംഗിന് എന്ന ‘’ ഭീകരസംഗതി’‘ യിലേക്ക് ക്ഷണിക്കുന്നത് ക്യാമ്പ് ഡയറക്ടറായ നൗഷാദും അയാളുടെ അസിസ്റ്റന്റുമാണ്. തികച്ചും അസുഖകരമായ ഒരേര്‍പ്പാടായിട്ടാണ് എനിക്ക് ഈ പ്രവര്‍ത്തിയെ തോന്നിയത്. യാത്രക്കെത്തിയവരുടെ ബയോഡേറ്റാക്കു പുറമെ അവരുടെ ബ്ലഡ് ഗ്രൂപ്പ് ഏതാണ്, യാത്രക്കിടയില്‍ എന്തെങ്കിലും പറ്റിയാല്‍ കുടുംബാംഗങ്ങളെ അറിയിക്കാന്‍ വീട്ടുകാരുടെതല്ലാത്തതും വളരെ അടുപ്പമുള്ളവരുടെതുമായ ഫോണ്‍ നമ്പര്‍ ഏതാണ്, എന്ത് അത്യാഹിതം സംഭവിച്ചാലും സംഘാടകര്‍ക്ക് ഉത്തരവാദിത്വമില്ല എന്നു തുടങ്ങിയ ചോദ്യങ്ങളും പറച്ചിലുകളും എന്നില്‍ മാത്രമല്ല ഏവരിലും ധൈര്യം ചോര്‍ത്താനെ സഹായിച്ചുള്ളു. ഇത്തരം അഭിമുഖം ചിലപ്പോള്‍ ആവശ്യമായിരിക്കാം. എങ്കിലും ആ ഭാഷയും സമീപനവും ഉചിതമായ രീതിയിലായിരുന്നില്ല. ഇക്കാര്യം ഞാന്‍ അവരോട് പറയുകയും ചെയ്തു.

എല്ലാവരുടേയും റജിസ്ട്രേഷന്‍ കഴിയുമ്പോഴേക്കും അടുത്ത കവലയായ മുണ്ടേരിയില്‍ നിന്നും സംഘാടകര്‍ ജീപ്പില്‍ ഭക്ഷണമെത്തിച്ചു. കത്തുന്ന വിറകിന്റെ വെട്ടവും ഏതാനും ടോര്‍ച്ചിന്റെ വെളിച്ചവുമാണ് ആകെയുള്ളത്. ഉത്സാഹികള്‍ വിളമ്പുകാരായി നിന്നപ്പോള്‍ ഞാന്‍ ആദ്യമേ ഭക്ഷണം വാങ്ങി . രാവിലെ പത്തരമണിമുതല്‍ ഒന്നും കഴിക്കാന്‍ കിട്ടിയിട്ടില്ല. ഭക്ഷണം ഒന്നാം തരമായിരുന്നു. മൂന്നു വിധം കറികളോടും പപ്പടത്തോടും കൂടിയ ചുടു ചോറ് ഞാന്‍ ശരിക്കും കഴിച്ചു. അംഗങ്ങളെല്ലാം പ്ലേറ്റില്‍ ചോര്‍ വാങ്ങി സ്പൂണ്‍ കൊണ്ട് ഇളക്കി കഴിക്കുന്നതു കണ്ടു. ചേറ് ഉഴുതു മറിച്ച് കൃഷിയിറക്കണമെന്നും ചോറ് കുഴച്ചു കഴിക്കണമെന്നും പണ്ടുള്ളവര്‍ പറഞ്ഞത് പുതു തലമുറ മറന്നു പോയി എന്ന് ഒരു നിമിഷം ഞാന്‍ ഓര്‍ത്തു. കൈക്ക് കുഷ്ഠരോഗം വന്ന പോലുള്ള പുത്തന്‍ പരിഷ്ക്കാരികളുടെ പ്രകൃതം കണ്ടപ്പോള്‍ ചിരിയും തോന്നി.

ക്യാമ്പ് ഫയര്‍ നേരെത്തെ ഇട്ടിരുന്നതിനാല്‍ ആയത് നല്ലൊരു വിളക്കായി ഭവിച്ചു. ഇലട്രിക്സിറ്റി എത്തി നോക്കാത്ത പ്രദേശമായിരുന്നു ക്യാമ്പ് നില്‍ക്കുന്ന V S S ആഫീസ്. ഞങ്ങള് ‍സെക്യൂരിറ്റിയായി തദ്ദേശനിവാസികളായ ആദിവാസികള്‍ ബന്നുനും പില്ലുവും ബാലനും തൊട്ടരികിലായി ഇരിപ്പുണ്ട്. ഇടക്കിടെ അവര്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നുണ്ടായിരുന്നു. വന്യമൃഗങ്ങള്‍ ക്യാമ്പിനടുത്തേക്ക് അണയാതിരിക്കാനാണ് ഈ പ്രയോഗം. അടുത്തടുത്തുള്ള ആദിവാസി കുടിലുകളില്‍ നിന്നു നായ്ക്കള്‍ ഒറ്റക്കും കൂട്ടമായും കുരച്ചുകൊണ്ടിരുന്നു.

ഭക്ഷണത്തിനു ശേഷം ക്യാംഫയറിനു ചുറ്റുമിരുന്ന് പരസ്പരം പരിചയപ്പെടുന്ന സെഷനായിരുന്നു. ക്യാമ്പ് ഡയറക്ടര്‍ നൗഷാദ് ആണ് ചടങ്ങ് തുടങ്ങിയത്. പിന്നെ ഞാന്‍ എന്നെ പരിചയപ്പെടുത്തി. അങ്ങനെ ക്യാമ്പിലെ ഇരുപത്തെട്ടു പേരും പരിചയപ്പെടുത്തല്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളില്‍ എഴുത്തുകാരും, പത്രക്കാരും, കച്ചവടക്കാരും ,വിദ്യാര്‍ത്ഥികളും, എഞ്ചിനീയര്‍മാരും, കോണ്‍ട്രാക്ടര്‍മാരും, കള്ളുകച്ചവടക്കാരും ( ബാര്‍ ഹോട്ടല്‍ മാനേജര്‍) നിര്‍മ്മാണതൊഴിലാളികളും ,സര്‍ക്കാര്‍ ജോലിക്കാരും, കോളേജ് പ്രഫസര്‍മാരും എല്ലാം ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. മാത്രമല്ല സംഘത്തില്‍ ഹിന്ദു മുസ്ലീം ക്രൈസ്തവ ബുദ്ധമതക്കാരുടെ സംഗമവുമുണ്ട്.

സംഘാംഗങ്ങളില്‍ എന്നെ ആദ്യമേ അത്ഭുതപ്പെടുത്തിയത് എറണാകുളത്തുകാരനായ വിജു ചേട്ടനായിരുന്നു. കാരണം അദ്ദേഹത്തേപ്പോലൊരാള്‍ ഇത്തരത്തിലുള്ള യാത്രയില്‍ ഒരു വേറിട്ട കാഴ്ചയായിരുന്നു. അഞ്ചടി ഉയരത്തില്‍ രണ്ടു മീറ്റര്‍ വയറോടു കൂടിയ അത്യധികം തടിച്ച ഒരു 45 വയസുകാരന്‍. ഇദ്ദേഹം എങ്ങനെ ട്രക്കിംഗ് നടത്തുമെന്നായിരുന്നു എന്റേതടക്കമുള്ളവരുടെ ചിന്ത.

ഔചാരികമായ പരിചയപ്പെടലിനു ശേഷം ക്യാമ്പ് ഫയറിനു ചുറ്റും പലരും പലതും പറഞ്ഞു കൊണ്ടിരുന്നു. സമയം പത്തരയായപ്പോള്‍ ഞാന്‍ V S S ആഫീസിനകത്തുള്ള ഒരു മുറിയില്‍ കയറി ബാഗ് ഒരിടത്തു വച്ച് കിടക്കാനുള്ള ഇടം തേടി . മൂന്നു മുറികളുള്ളതില്‍ ഒന്നാമത്തേത് മുഴുവനും അംഗങ്ങളുടെ ബാഗ് കൈവശപ്പെടുത്തിയിരിക്കുന്നു. രണ്ടാമത്തെ മൂലയില്‍ കുറെ കുപ്പികള്‍ അടുക്കിവെച്ചിട്ടുണ്ട്. നിലം മുഴുവനും വഴുവഴുപ്പാണ്. ചെരിപ്പിടാതെ നടന്നാല്‍ തെന്നി വീഴുമെന്ന് ഉറപ്പാണ്. ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ മൂന്നാം മുറി കണ്ടെത്തി. അവിടം നരച്ചീറുകളുടെ മൂത്രത്താലും കാഷ്ഠത്താലും ദുര്‍ഗന്ധപൂരിതമായിരുന്നു. ഞാനാ‍കെ വിഷമത്തിലായി. പുറത്തേക്കിറങ്ങി സംഘാടകര്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ഷീറ്റുകളില്‍ നിന്നും ഒരെണ്ണം എടുത്തു . അതിന് 10 അടി നീളവും 7 അടി വീതിയും ഉണ്ടായിരുന്നു. കുപ്പികള്‍ കൂട്ടി വച്ചിട്ടുള്ള വഴുവഴുപ്പുള്ള രണ്ടമത്തെ മുറിയുടെ തറയില്‍ ഷീറ്റ് വിരിച്ച് നീണ്ടുകിടന്നു. ഉടുത്ത മുണ്ട് അഴിച്ച് പുതച്ചു. എനിക്ക് തുണയായി പാലക്കാട്ടുകാരന്‍ വെബ്ഡിസൈനര്‍ പ്രശാന്തും ബാംഗ്ലൂരി‍ല്‍ എബ്ജിനീയര്‍ ആയിട്ടുള്ള പ്രവീണും ഷീറ്റില്‍ സ്ഥാനം പിടിച്ചു. കുറച്ചു നേരം ഉറക്കത്തെ ഞാന്‍ കാത്തു കിടന്നു. മനസ് കുതിരയേപ്പോലെ അറിയാ വീഥികളിലൂടെ ഓടിക്കൊണ്ടിരിക്കുകയാണ്. രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കത്തില്‍ വീഴും മുമ്പുതന്നെ ത്രിപുടതാളത്തില്‍ സഹശയനന്മാര്‍ കൂര്‍ക്കം വലിച്ചു തുടങ്ങിയിരുന്നു.

രാത്രിക്ക് തണുപ്പ് തീരെയുണ്ടായിരുന്നില്ല. ഇടക്കിടെ നായ്ക്കളുടെ കുരയും സഹശയനന്മാരുടെ അപശബ്ദങ്ങളും ദുര്‍ഗന്ധപൂരിതമായ മുറിയുടെ അന്തരീക്ഷവും ഉറക്കെത്തെ ഗാഢമല്ലാതാക്കി. പുലര്‍ച്ചെ നാലരമണിക്ക് മുറിയില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍‍ ക്യാമ്പ് ഫയര്‍ ജ്വലിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു സംഘടനയുടെ പ്രസിഡന്റും മറ്റൊരാളും. പുറത്തെ ടാര്‍പോളിനില്‍ കിടക്കാന്‍ മുന്‍പ് തീരുമാനിച്ചവരെല്ലാം ഇപ്പോള്‍ ക്യാമ്പ് ആഫീസിന്റെ ടെറസിനു മുകളിലാണ് കിടക്കുന്നത്. രാത്രിയിലെപ്പോഴോ അവരെയെല്ലാം തെളിച്ച് ഓണനും വില്ലും ( കാവല്‍ക്കാര്‍) മുകളില്‍ കയറ്റുകയായിരുന്നു. സമീപസ്ഥലത്തെവിടേയോ സഹ്യന്റെ മകന്‍ വിരുന്നിനെത്തിയിരുന്നതാണ് അതിന് കാരണമായി പറഞ്ഞത്.

പ്രഭാതം കടന്നു വരുവാന്‍ ആറരയോടടുത്തു. ഞങ്ങളില്‍ മിക്കവരും പ്രഭാതകൃത്യങ്ങള്‍ക്കായി പുഴയിലിറങ്ങി. കഴിഞ്ഞ സന്ധ്യക്ക് അക്കരെ കോളനിയില്‍ നിന്നുമെത്തിയവര്‍ തിരികെ യാത്രയാവുന്നതു കണ്ടു. കുട്ടികളും വൃദ്ധന്മാരും വൃദ്ധകളും സ്ത്രീകളും പ്രസവം മാത്രം തൊഴിലാക്കിയ നിറ ഗര്‍ഭിണികളായ കോലങ്ങളും എല്ലാം ആ കൂട്ടത്തിലുണ്ട്. ഒന്നിനും ഒരു ഗ്യാരന്റിയില്ലാത്ത യാത്ര. ജീവിതയാത്ര പോലെ തന്നെ. പുഴയോരത്തെ ഇടതൂര്‍ന്ന കാട്ടില്‍ നിന്നുമേതെങ്കിലും വന്യ മൃഗം ചാടി വീഴാത്തത് അവയ്ക്ക് മനുഷ്യരേക്കാളും ബുദ്ധിയുള്ളതുകൊണ്ടാണെന്ന് എനിക്കു തോന്നി.

പുഴയുടെ ഒഴുക്കിനു ശരാശരി ശക്തിയെ ഉണ്ടായിരുന്നുള്ളു. ചിലയിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അവിടെ കുളവും കയവും കാണാത്ത ട്രെക്കിംഗിനു വന്ന ‘ നഗരന്‍മാര്‍’ ചാടിത്തിമര്‍ത്തു. കുട്ടികളെപ്പോലെ ഉടുക്കാതെ ഉടുത്ത് അവര്‍ നീന്തി തുടിച്ചു.

കാലത്ത് എട്ടുമണിക്കു തന്നെ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണപ്പൊതിയും ക്യാമ്പിലെത്തി. ഇന്നലെ രാത്രി അത്താഴം എത്തിച്ച കടക്കാരന്‍ തന്നെയാണ് ഇപ്പോഴത്തെ ഭക്ഷണവും കൊണ്ടു വന്നിട്ടുള്ളത്. പ്രാതല്‍ പരമ്പു പോലെ മൂന്നു ദോശയും മുട്ടക്കറിയുമാണ്. തണുത്ത ദോശ എനിക്ക് കഴിച്ചിട്ടിറങ്ങിയില്ല. മുട്ടക്കറി ഉള്ളിയിട്ടു ചതച്ച മൈദമാവിന്‍ വെള്ളമാണ്. രാത്രിയിലെ അത്താഴത്തിന്റെ നിലവാരവുമായി താരതമ്യം അസാധ്യമായൊരവസ്ഥ. എനിക്ക് പ്രാതല്‍ തീരെ പിടിച്ചില്ല. ഞാനത് എന്നേയും ഞങ്ങളേയും ചുറ്റിപറ്റി നില്‍ക്കുന്ന ആദിവാസി കുടിലുകളിലെ നായ്ക്കള്‍ക്കിട്ടു കൊടുത്തു. അവ അത് മണത്തു നോക്കിയ ശേഷം എന്നെ നോക്കി മുരണ്ടു. രണ്ടാമത് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ തിരിച്ചു നടന്നു. ഇത്രയും മോശമായ ഭക്ഷണം നീ തന്നെ തിന്നോളൂ എന്ന ഭാവമായിരുന്നു അവര്‍ക്ക്. സത്യമായും ഞാന്‍ ലജ്ജിച്ചു പോയ സന്ദര്‍ഭമായിരുന്നു അത്.

എട്ടേമുക്കാല്‍ മണിയോടു കൂടി ക്യാമ്പ് ഡയറക്ടര്‍ നൗഷാദ് ഞങ്ങള്‍ 28 പേരേയും മൂന്നു ഗ്രൂപ്പുകളാക്കി. ക്യാപ്റ്റന്‍, വൈസ് ക്യാപ്ടന്‍ എന്നിങ്ങനെ രണ്ടു പേരെ വീതം ഗ്രൂപ്പുകളുടെ ചുമതലക്കാരാക്കി. മൂന്നു ദിവസത്തേക്ക് ആവശ്യമാ‍യ പലവ്യജ്ഞനങ്ങള്‍ എന്നിവ ഏവര്‍ക്കും തുല്യമായി പങ്കിട്ടു തന്നു. ആയതു കൂടി ബാഗുകളില്‍ നിറച്ചതോടെ ഞങ്ങളുടെ ലഗേജ് ബാഗിന് ഭാരം വേണ്ടതിലധികമായി. സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥ.

എറണാകുളത്തുനിന്നും വന്ന സംഘാടക സമിതിയിലെ ചില പുതുമക്കാര്‍ എവറസ്റ്റ് ആരോഹകരെ വെല്ലുന്ന തരത്തില്‍ കപ്പിയും കയറും വാക്കിംഗ് സ്റ്റിക്കും ട്രക്കിംഗ് ഷൂസും സണ്‍ഗ്ലാസ്സും ധരിച്ച് യാത്രക്കായി അക്ഷമരാ‍യി നില്‍ക്കുകയാണ്.

Previous Next

എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

മേലേവീട്‌

ചമ്പ്രക്കുളം

കോട്ടായി -പി ഒ

പാലക്കാട്‌

പിൻ -678572


Phone: 04922 285677
E-Mail: mesmadhavan@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.