പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വ്യർത്ഥവൽക്കരണങ്ങളുടെ സംഘചിത്രങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രമോദ്‌.പി. സെബാൻ

ലേഖനം

മലയാളം നേരെചൊവ്വെ സംസാരിക്കാനറിയാത്ത അവതാരകരാണ്‌ നമ്മുടെ ടെലിവിഷൻ ചാനലുകൾ മുഴുക്കെ. സൗന്ദര്യശാസ്‌ത്രം അമേരിക്കൻ സ്‌റ്റൈലിൽ പഠിച്ച നീണ്ടുമെലിഞ്ഞ ഈ വെണ്ടയ്‌ക്കാ സുന്ദരിമാർക്ക്‌ വഴങ്ങുക ഓക്‌സ്‌ഫോർഡ്‌ ഇംഗ്ലീഷിന്റെ വികലാനുകരണം മാത്രം. രണ്ട്‌ ഭാഷയും സംസാരിക്കാനറിയാത്ത ഇക്കൂട്ടർ അവതരണഭാഷയിൽ ഒരു മാറ്റം വരുത്തിയിട്ട്‌ കുറച്ചുകാലമാവുന്നു. മറ്റൊന്നുമല്ല. ‘അത്യോ’, ‘ഇല്ല്യാട്ടോ’, ‘എവ്‌ട്‌ന്നാ വിളിക്ക്‌ണേ’ തുടങ്ങിയ ഈണത്തിലുളള കൊഞ്ചൽശീലുകളുടെ ഉപയോഗത്തെക്കുറിച്ചാണ്‌ സൂചിപ്പിക്കുന്നത്‌.

ദൃശ്യമാധ്യമങ്ങൾ ഇന്നത്തെയത്ര പ്രചാരത്തിലല്ലാതിരുന്ന കാലം മുതൽക്കുളള ബോധപൂർവ്വമായ ഒരു നിസ്സംഗതയുടെ ശേഷപത്രമാണിന്ന്‌ ചാനലുകളിലൂടെ നമ്മൾ സഹിക്കുന്നത്‌ എന്നു പറഞ്ഞാൽ ചിലർക്കെങ്കിലും നെറ്റിചുളിയും. മലയാളി, മലയാളിത്തം, കേരളീയത തുടങ്ങിയ പദങ്ങൾക്കു നൽകാൻ സാധിക്കുന്ന സങ്കൽപചിത്രം വ്യക്തികൾക്കനുസൃതമായി മാറാമെങ്കിലും അവഗണിക്കാവുന്ന ചെറിയ മാറ്റങ്ങൾക്കപ്പുറം നിറഞ്ഞു നിൽക്കുന്ന രൂപകങ്ങളുടെ ഒരു ഐക്യചിത്രമുണ്ടെന്ന തിരിച്ചറിവാണ്‌ വർഷങ്ങൾക്കു മുമ്പുതന്നെ മലയാളിപോലുമറിയാതെ അപഹരിക്കപ്പെട്ടത്‌.

മധ്യകേരളത്തിന്റെ, പ്രത്യേകിച്ച്‌ വളളുവനാടൻ ഭാഷയും ജീവിതവും ഇത്രമേൽ മലയാള ചലച്ചിത്രത്തിലും സാഹിത്യത്തിലും സർവ്വോപരി ടെലിവിഷൻ ചാനലുകളിലും പ്രസരിക്കാനുളള കാരണങ്ങൾ അന്വേഷിക്കുമ്പോഴാണ്‌ കൗതുകകരങ്ങളായ ചില വസ്‌തുതകൾ വ്യക്തമാവുന്നത്‌. വാമൊഴി വഴക്കങ്ങളിലൂടെ വെളിവാക്കപ്പെടുന്നത്‌ ഒരു ദേശത്തിന്റെ സംസ്‌കൃതിയാണെന്നതിൽ തർക്കമില്ല. എന്നാൽ ദേശമെന്നത്‌ വ്യക്തമായ അതിരുകൾക്കുളളിലുളള ഭൂപ്രദേശമെന്നതിലുപരി, സമാന മൂല്യസങ്കൽപങ്ങളുടേയും പൊതുവായ സംസ്‌കൃതിയുടേയും അടിസ്ഥാനത്തിൽ തങ്ങൾ ഒന്നാണെന്ന ജനങ്ങളുടെ തോന്നലാണ്‌. ദേശത്തിന്‌ നിലനിൽക്കാൻ ഒരു രാഷ്‌ട്രത്തിന്റെ സാന്നിധ്യം വേണമെന്നു മാത്രം. കേരളമെന്നത്‌ ഒരു ദേശമാണെന്നും കേരളീയത ഒരു പൊതുവായ സംസ്‌കൃതിയാണെന്നും പറയുന്നതിലും ഭിന്നാഭിപ്രായം ഇല്ല.

എങ്കിൽ, നീട്ടിക്കുറുക്കി ഒരു പ്രത്യേകതാളത്തിൽ പറയുന്ന വളളുവനാടൻ ഭാഷയാണോ മലയാളഭാഷാശൈലീ സങ്കല്പം? പട്ടാമ്പിപ്പുഴയും നിളയും കടൽക്കാറ്റുവീശുന്ന വളളുവനാടൻ ഭൂവിഭാഗങ്ങളുമാണോ കേരളീയ ചിത്രങ്ങൾ? അതെയെന്നാണ്‌ ഭൂരിഭാഗം മലയാളസാഹിത്യകൃതികളും ചലച്ചിത്രങ്ങളും ടെലിവിഷൻ ചാനലുകളും ശരാശരി മലയാളിയെ പറഞ്ഞു പഠിപ്പിക്കുന്നത്‌. മലയാളിയുടെ വായനാശൈലിയോ, ചലച്ചിത്രാസ്വാദനമോ നിയതമായ ചട്ടക്കൂടുകൾക്കുളളിൽ നിർവ്വചിക്കപ്പെട്ടിട്ടുളള പെരുമാറ്റച്ചട്ടങ്ങളായി എങ്ങും പറഞ്ഞു കേട്ടിട്ടില്ല. എന്തിന്‌, ജീവിതരീതിയോ മൂല്യസങ്കല്പങ്ങളോ പോലും. ഇത്രയും സ്വതന്ത്രമായ, നിരുപദ്രവമായ ഒരു വിചിന്തനശേഷിയുടെ കടയ്‌ക്കൽ കോടാലിവെയ്‌ക്കുന്നതിനായി ഇറങ്ങിത്തിരിച്ചവരുടെ യുക്തിഭദ്രത സംശയിക്കപ്പെടേണ്ടതാണെന്ന സൂചനപോലും പ്രബുദ്ധതയുടെ പര്യായങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ സാഹിത്യകാരന്മാരിൽ ഒരാൾപോലും ഉന്നയിച്ചുകണ്ടില്ല എന്നത്‌ അത്ഭുതമാണ്‌.

ചരിത്രത്തിലും ഗവേഷണത്തിലും പ്രാദേശിക ചരിത്രപഠനത്തിന്‌ പ്രാമുഖ്യം ലഭ്യമായിട്ട്‌ ഏറെ ആയിട്ടില്ല. ചരിത്രപുനർനിർമ്മാണ പ്രക്രിയയിൽ പ്രാദേശിക ചരിത്രപഠനത്തിന്‌ എത്രമാത്രം സാധിക്കുമെന്നതിൽ രണ്ടഭിപ്രായത്തിന്‌ സ്ഥാനമില്ല. പ്രാദേശിക ചരിത്രത്തിന്റെയും പ്രാദേശിക വാദത്തിന്റെയും വേരുകളന്വേഷിക്കുമ്പോൾ സമാനതകളേറെ കാണാമെങ്കിലും അവ സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങൾ രണ്ടുതരത്തിൽ തന്നെയാണ്‌. രണ്ടാമതു സൂചിപ്പിച്ചതിന്റെ വൈകൃതഭാവങ്ങളിൽ ഒന്നുമാത്രമാണ്‌ ഈ ലേഖനത്തിന്റെ ആരംഭത്തിൽ സൂചിപ്പിച്ച വളളുവനാടൻ ശൈലിക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന ‘കേരളീയവത്‌ക്കരണം’. മലയാളിത്തം എന്ന ഈ ചൂരൽ ചൂണ്ടുന്നത്‌ മധ്യകേരളത്തിന്‌ അപ്പുറവും ഇപ്പുറവുമുളള ഭൂരിഭാഗം വരുന്ന മലയാളികളുടെ ആത്മാഭിമാനത്തിനു നേർക്കാണെന്ന തിരിച്ചറിവിലേക്ക്‌ മിഴികൾ തുറക്കാൻ ഇനിയും വൈകിക്കൂടാ.

കണ്ണൂരിലും കാസർകോടും നിലനിൽക്കുന്ന നാടൻഭാഷാശൈലിയും കോഴിക്കോടിന്റെ മാപ്പിളഭാഷയും കോട്ടയത്തെ ഭാഷാശൈലിയും ഒക്കെ മലയാണ്‌മയുടെ ഭാഗങ്ങൾ തന്നെയാണ്‌. ഇതാണ്‌ ഇതുമാത്രമാണ്‌ കേരളീയത എന്ന ആണയിടൽ അങ്ങേയറ്റം അപഹാസ്യമാണെന്ന പരമാർത്ഥമുൾക്കൊളളാൻ സാമാന്യബുദ്ധി ധാരാളം.

കലയിലും സാഹിത്യത്തിലും വേരൂന്നിയിരിക്കുന്ന ഈ ദൃഢധാരണ ജനഹൃദയങ്ങളിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. ‘ആൾക്കൂട്ടത്തിൽ സ്വത്വം ലയിക്കുന്നു’വെന്ന്‌ പറഞ്ഞത്‌ ആനന്ദാണ്‌. ഇവിടെ ഓരോ വായനക്കാരനും&ശ്രോതാവും&പ്രേക്ഷകനും പ്രതീക്ഷിക്കുന്ന സംഘചിത്രവും മറ്റൊന്നല്ല എന്നത്‌ ലജ്ജയോടെയെങ്കിലും നാം അംഗീകരിച്ചേ മതിയാവൂ. സ്വന്തം ജീവിതസാഹചര്യങ്ങളിൽനിന്നും വ്യതിചലിച്ചുകൊണ്ട്‌ ഉയർന്നുവരുന്ന മിക്ക പുതിയ എഴുത്തുകാരും കൃത്രിമമായി സൃഷ്‌ടിച്ചെടുക്കുന്ന ഈ നിലപാടുതറകൾ വരുത്തുന്ന ദൂരവ്യാപകഫലങ്ങളെക്കുറിച്ച്‌ വായനക്കാർ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

അനുകരണങ്ങൾക്കായി അക്ഷരക്കൂട്ടങ്ങളുടെ ഗതിതിരിച്ച്‌ പാരഡി നിർമ്മിക്കുന്ന പ്രിയപ്പെട്ടവരേ,

നിങ്ങളുടെ നഗരം ബാബിലോൺപോലെ വലിച്ചെറിയപ്പെടും. നിങ്ങളുടെ ഭാഷ ഒരിക്കൽ നിങ്ങൾക്കുപോലും അന്യം വരും!

എന്തെന്നാൽ,

പ്രളയം വരുന്നുണ്ടത്രേ- ആത്മാഭിമാനത്തിന്റേയും തിരിച്ചറിവിന്റേയും നീരൊഴുക്ക്‌.

പ്രമോദ്‌.പി. സെബാൻ

1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും.

ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു.

വിലാസം

പ്രതിഭ,

ആറളം പി.ഒ.,

കണ്ണൂർ

670 704
Phone: 0490 2450964
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.