പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വിഷു ! -മലയാളിയുടെ വസന്തോത്സവം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

ആശംസകൾ

മലനാട്ടിലെങ്ങും വസന്തത്തിന്റെ വളക്കിലുക്കം! ഏതോ തൊടിയിലിരുന്ന്‌ വിഷുപ്പക്ഷി ഈണത്തിൽ പാടുന്നു! മലയാളിയുടെ മനസ്സിൽ നിറയെ കൊന്നപ്പൂക്കളുടെ ചാഞ്ചാട്ടം!

മാളോരെല്ലാം വിഷുക്കണി കാണാൻ ഒരുങ്ങി നില്‌ക്കുകയാണ്‌. എവിടെയും ആനന്ദത്തിന്റെ മയിലാട്ടം!...

മേടപ്പുലർച്ചയ്‌ക്ക്‌ പടികടന്നെത്തുന്ന വിഷു മലയാളികളുടെ വസന്തോത്സവമാണ്‌. മലനാട്ടിലായാലും മറുനാട്ടിലായാലും കണികണ്ടുണരാൻ കൊതിക്കാത്ത ഏതെങ്കിലും ഒരു മലയാളിയുണ്ടാകുമോ?

വിഷുസംക്രമവും, വിഷുക്കണിയും, വിഷുക്കൈനീട്ടവും, വിഷുപക്ഷിയുമൊക്കെ ഒരു കാലത്തും കേരളീയന്റെ മനസ്സിൽ നിന്ന്‌ മാഞ്ഞുപോവുകയില്ല.

“ഏതു ധൂസര സങ്കല്പങ്ങളിൽ വളർന്നാലും

ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും

മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും

മണവും മമതയും ഇത്തിരികൊന്നപ്പൂവും!” - എന്ന്‌ മഹാകവി വൈലോപ്പിളളി പാടിയത്‌ ഓർക്കുന്നില്ലേ?

വിഷുക്കഞ്ഞിയും വിഷുക്കൈനീട്ടവും ഐശ്വര്യത്തിലേക്കുളള പുതിയ ചുവടുവയ്പുകളായിട്ടാണ്‌ നാം കണക്കാക്കി വരുന്നത്‌. വിഷു വസന്തോത്സവമാണെങ്കിലും ഒപ്പം നാം കാർഷികോത്സവമായും ഇത്‌ കൊണ്ടാടിവരുന്നു.

വിഷുക്കണിയുടെ പ്രാധാന്യം

വിഷുക്കണിക്കായി മലയാളികൾ ഒരുക്കുന്ന ഓരോ വസ്‌തുവും ഐശ്വര്യത്തിന്റെ ഓരോ പ്രതീകമാണ്‌.

വേനൽക്കണ്ടത്തിൽ വിളഞ്ഞ കണിവെളളരി, കണ്ണിൽ കവിത വിടർത്തുന്ന കർണ്ണികാരപ്പൂങ്കുലകൾ, ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്ക്‌, നടുവേ ഉടച്ച നാളികേരം, മുനിഞ്ഞുകത്തുന്ന അരിത്തിരികൾ, വെളളം നിറച്ച വാൽക്കിണ്ടി, ചേലേറുന്ന വാൽക്കണ്ണാടി, അലക്കിത്തേച്ച വസ്‌ത്രം, നിവർത്തി വച്ച പുസ്‌തകം, ചക്ക, മാങ്ങ, മുരിങ്ങാക്കായ എന്നിവയ്‌ക്കു പുറമെ അഷ്‌ടമംഗല്യങ്ങളും നവഫലങ്ങളും കണിവസ്‌തുക്കളിൽ ഉണ്ടാകണമെന്നാണ്‌ പഴയ കാരണവന്മാരുടെ സങ്കല്പം.

ഇവയെല്ലാം ഉമിയിട്ടുതേച്ചുമിനുക്കിയ ഒരു ഓട്ടുരുളിയിൽ കലാപരമായി അടുക്കി വച്ചിട്ടാണ്‌ കണിയൊരുക്കുന്നത്‌. കണിയൊരുക്കാനുളള അവകാശം കുടുംബത്തിന്റെ ലക്ഷ്‌മിയായ വീട്ടമ്മയ്‌ക്കാണ്‌. വിഷുപ്പുലരിയിൽ നിലവിളക്കു കൊളുത്തി ആദ്യം കണികാണുന്നതും, പിന്നെ പ്രായമനുസരിച്ച്‌ കുടുംബത്തിലെ ഓരോരുത്തരേയും കൂട്ടിക്കൊണ്ടു വന്ന്‌ കണികാണിക്കുന്നതും വീട്ടമ്മ തന്നെ!

വിഷുക്കൈനീട്ടം!

കണികണ്ടു കഴിഞ്ഞാൽപ്പിന്നെ കൈനീട്ടം കൊടുക്കുന്ന ചടങ്ങാണ്‌. ഗൃഹനാഥനാണ്‌ തന്നിൽ താഴെയുളളവർക്കെല്ലാം വിഷുകൈനീട്ടം സമ്മാനിക്കുന്നത്‌. കൊന്നപ്പൂവും ഉപ്പും അരിയും ചേർത്ത്‌ നാണയത്തുട്ട്‌ കൈമാറും. പ്രാർത്ഥനയോടെ ഇരുകയ്യും നീട്ടിയാണ്‌ കൈനീട്ടം സ്വീകരിക്കേണ്ടത്‌. തന്നേക്കാൾ മൂത്തവരുടെ പക്കൽ നിന്ന്‌ ഗൃഹനാഥനും കൈനീട്ടം ഏറ്റു വാങ്ങാറുണ്ട്‌. ‘വിഷുക്കൈനീട്ടം’ വരാനിരിക്കുന്ന ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമാണ്‌. വിഷുപ്പുലരിയിൽ ഉദിച്ചുയരുന്ന ഐശ്വര്യം ഒരു വർഷക്കാലം കെടാതെ നില്‌ക്കുമെന്നാണ്‌ വിശ്വാസം.

വിഷുവിന്റെ കഥ

വിഷുവിന്റെ ഉത്ഭവത്തെക്കുറിച്ച്‌ പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്‌. അവയിൽ ഏറ്റവും പ്രധാനമായത്‌ ‘നരകാസുരവധ’വുമായി ബന്ധപ്പെട്ട കഥയാണ്‌.

പണ്ട്‌ പണ്ട്‌ ഭൂമിയിൽ ഭയങ്കരനായ ഒരു അസുരൻ ഉണ്ടായിരുന്നു. ‘നരകാസുരൻ’ എന്നായിരുന്നു അവന്റെ പേര്‌. അവനെ തോല്പിക്കാൻ കഴിവുളള ആരും അക്കാലത്ത്‌ ഭൂമിയിൽ ഉണ്ടായിരുന്നില്ല.

വിലപിടിച്ച രത്നങ്ങളും സ്വർണ്ണക്കട്ടികളും കൊണ്ടുതീർത്ത ഒരു മാന്ത്രികക്കൊട്ടാരത്തിലാണ്‌ നരകാസുരൻ താമസിച്ചിരുന്നത്‌.

അവിടേയ്‌ക്ക്‌ കടന്നുചെല്ലുന്ന എതിരാളികളെ പക്ഷികളാക്കി മാറ്റാനും മൃഗങ്ങളാക്കി മാറ്റാനും കല്ലും നെല്ലുമാക്കി മാറ്റാനും അവന്‌ കഴിയുമായിരുന്നു.

ഒരിക്കൽ നരകാസുരൻ ദേവേന്ദ്രന്റെ താമസസ്ഥലമായ ‘ഇന്ദ്രലോക’ത്തേക്കും കടന്നുചെന്നു. അവൻ ദേവേന്ദ്രനോട്‌ പറഞ്ഞു.

“ഇന്ദ്രനായാലും കൊളളാം; ചന്ദ്രനായാലും കൊളളാം, വേഗം നമ്മുടെ കാൽതൊട്ട്‌ വണങ്ങിക്കോ!”

ദേവേന്ദ്രൻ അതിനു തയ്യാറായില്ല. അതോടെ അവർ തമ്മിൽ പൊരിഞ്ഞയുദ്ധമായി. ശക്തനായ നരകാസുരൻ ഇന്ദ്രന്റെ വെൺകൊറ്റക്കുട പിടിച്ചെടുത്തു. അതുകൊണ്ടും തീർന്നില്ല; അദ്ദേഹത്തിന്റെ അമ്മയായ അദിതീദേവിയുടെ കാതിൽക്കിടന്ന രത്നകുണ്ഡലങ്ങളും തട്ടിക്കൊണ്ടുപോയി.

ഇതെല്ലാം കണ്ട്‌ ദേവേന്ദ്രൻ വിഷമിച്ചു. അദ്ദേഹം അപ്പോൾത്തന്നെ ദ്വാരകയിലേക്കു യാത്രയായി. ശ്രീകൃഷ്‌ണനെ കൊട്ടാരത്തിൽ പോയി കണ്ടിട്ട്‌ അദ്ദേഹം പറഞ്ഞുഃ

“കണ്ണാ, കാർവർണ്ണാ!.. ആ നരകാസുരന്റെ ശല്യത്തിൽ നിന്ന്‌ നീ ഞങ്ങളെ രക്ഷിക്കണം.”

ശ്രീകൃഷ്‌ണൻ പറഞ്ഞുഃ “ഇന്ദ്രദേവാ, അങ്ങ്‌ ഒന്നുകൊണ്ടും പേടിക്കേണ്ട; അവന്റെ ശല്യം ഞാൻ തീർത്തുതരാം.”

ശ്രീകൃഷ്‌ണൻ അപ്പോൾത്തന്നെ തന്റെ ചങ്ങാതിയായ ഗരുഡനെ വിളിച്ചുഃ “നമുക്ക്‌ നരകാസുരന്റെ കൊട്ടാരംവരെ ഒന്നു പോയിട്ടുവരാം.”

ഗരുഡൻ തയ്യാറായി. ശ്രീകൃഷ്‌ണൻ സത്യഭാമയോടൊപ്പം ഗരുഡന്റെ പുറത്തുകയറി. കുന്നുകളും മലകളും താഴ്‌വരകളും കടന്ന്‌ ഗരുഡൻ നരകാസുരന്റെ കൊട്ടാരത്തിനുമുകളിലെത്തി. ‘പ്രാഗ്‌ജോതിഷം’ എന്നായിരുന്നു ആ വമ്പൻ കൊട്ടാരത്തിന്റെ പേര്‌.

കുറച്ചുനേരം വട്ടമിട്ടു പറന്ന്‌ കൊട്ടാരത്തിലെ രഹസ്യങ്ങളെല്ലാം അവർ മനസ്സിലാക്കി.

താമസിയാതെ അവർ അസുരസേനയുമായി ഏറ്റുമുട്ടി. ശ്രീകൃഷ്‌ണനും സത്യഭാമയും ഗരുഡനും ഒരുമിച്ച്‌ അവരോടു യുദ്ധം ചെയ്‌തു.

ശ്രീകൃഷ്‌ണന്റെ ചക്രായുധമേറ്റ്‌ നരകാസുരന്റെ പടയാളികളെല്ലാം ‘പടപടാ’ന്ന്‌ വീണു!

ഒടുവിൽ സാക്ഷാൽ നരകാസുരൻ തന്നെ രംഗത്തുവന്നു. അവൻ ഉറക്കെ അലറിഃ “കൃഷ്‌ണനായാലും കൊളളാം; ഭീമനായാലും കൊളളാം; ഈ നരകാസുരനോട്‌ കളിക്കേണ്ട. ജീവൻ വേണമെങ്കിൽ ഓടിക്കോ!”

“ഇല്ലില്ല; ഞങ്ങൾ തോറ്റോടാൻ വന്നവരല്ല. നിന്റെ കഥകഴിച്ചിട്ടേ ഇനി ഞങ്ങൾക്ക്‌ വിശ്രമമുളളു.” -ശ്രീകൃഷ്‌ണൻ പറഞ്ഞു.

നരകാസുരൻ ഒരു ഈറ്റപ്പുലിയെപ്പോലെ അലറിക്കൊണ്ട്‌ അദ്ദേഹത്തിന്റെ മേൽചാടിവീണു!

അടിയോടടി! ഇടിയോടിടി! പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു. കുറേ ദിവസങ്ങളോളം അതു നീണ്ടുനിന്നു.

അതിഭയങ്കരമായ ആക്രമണത്തിൽ ശ്രീകൃഷ്‌ണൻ നരകാസുരന്റെ കഥ കഴിച്ചു!

അതോടെ എല്ലാവർക്കും വളരെ വളരെ സന്തോഷം തോന്നി.

ഇന്ദ്രന്റെ വെൺകൊറ്റക്കുടയും ദേവമാതാവിന്റെ രത്നകുണ്ഡലങ്ങളും തിരിച്ചുകിട്ടി. തിന്മയുടെ ഇരുട്ട്‌ ലോകത്തിൽനിന്ന്‌ അകന്നു. എങ്ങും നന്മയുടെ പൊൻപുലരി വിടർന്നു!

ആ മഹാസുദിനമാണത്രെ നമ്മൾ വിഷുവായി ആഘോഷിക്കുന്നത്‌.

ഹിരണ്യകശിപുവിനെ നരസിംഹം വധിച്ച കഥയടക്കം ധാരാളം ഐതിഹ്യങ്ങൾ വിഷുവിനെ സംബന്ധിച്ച്‌ വേറെയും ഉണ്ട്‌.

സിപ്പി പളളിപ്പുറം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.