പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > വിഷ്‌ടിക്കൊരു കുങ്കുമപ്പൊട്ട്‌ > കൃതി

ഇരുപത്തിമൂന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാരായണസ്വാമി

നോവൽ

കപ്പലിലെ ക്ലബ്‌-റൂമിൽ രാത്രിഡ്യൂട്ടിക്കു പോകുന്നതിനു വളരെ മുമ്പേ സോഫിയ ഒരുങ്ങിത്തുടങ്ങും. കുളിച്ചു മുടിചീകി ശരീരത്തിൽ പെർഫ്യൂം പീച്ചി മുന്തിയ ഉടുപ്പുകൾ തിരയും. കണ്ണിൽ മസ്‌കാര. കവിളിൽ റൂഷ്‌. ചുണ്ടിൽ ചായവും തേച്ച്‌ കണ്ണാടിനോക്കി നിൽക്കും. പലതവണ വസ്ര്തംമാറ്റിയുടുക്കും. മിക്ക ദിവസവും സായാഹ്നം പങ്കിടാൻ സുഹൃത്തുക്കളുണ്ടാവും.

വിഷ്‌ടി ഇതിലൊന്നും ഇടപെടാറില്ല.

തനിക്ക്‌ യൂണിഫോമുണ്ട്‌. അത്യാവശ്യം അലങ്കാരങ്ങൾ മാത്രം. അതിഥികളുമായി അടുത്തിടപ്പെടാനൊന്നുമില്ലല്ലോ. വൃത്തിയും വെടിപ്പും വേണം. അത്‌ അവനവനുവേണ്ടിക്കൂടിയാണ്‌. അഴകവിടെ തുടങ്ങുന്നു. ബാക്കിയെല്ലാം മറ്റുള്ളവർക്കുവേണ്ടി. ഫ്രാൻസിൽ ഒരു വിശ്വാസമുണ്ടത്രെഃ ചുംബനം എവിടെ വേണമോ അവിടെ പുരട്ടുന്നു സുഗന്ധം.

“വരുന്നോ?” സോഫിയ വിഷ്‌ടിയോടു ചോദിച്ചു. “ഇന്ന്‌ ഭൂമധ്യരേഖ മുറിച്ചുകടക്കുന്ന ദിവസമാണ്‌. ഒരുപാട്‌ ആഘോഷങ്ങളുണ്ടാകും. സ്പെഷൽ ഡാൻസുമുണ്ട്‌.” സോഫിയ അത്യാവേശത്തിലാണ്‌.

ഭൂമധ്യരേഖ കടക്കുമ്പോൾ കപ്പലിൽ പല ആചാരങ്ങളുമുണ്ട്‌. ഉത്സവച്ചടങ്ങുകൾ. പ്രച്ഛന്നവേഷത്തിൽ പലരും നീങ്ങും. അതിലൊരാൾ കടൽരാജാവ്‌. ആദ്യക്കാരെ വെള്ളത്തിൽമുക്കിയും നിറക്കൂട്ടുചാർത്തിയുമെല്ലാമാണ്‌ ‘ഉപനയനം’ ചെയ്തെടുക്കുക. ആട്ടംകൊണ്ട്‌ അരങ്ങുതകർക്കും. മദ്യമൊഴുകും. അതിലവർ നീന്തിത്തുടിക്കും. വിരസജീവിതത്തിന്‌ ഒരുനേരത്തെ വിളംബം.

വിഷ്‌ടി താൽപര്യം കാട്ടിയില്ല. കാത്തുനിൽക്കാതെ സോഫിയ ചറുപിറെ നടന്നുപോയി.

കുറെകഴിഞ്ഞ്‌ കതകിൽ മുട്ടുകേട്ടപ്പോൾ തുറന്നു. ഒരു സഹപ്രവർത്തകനാണ്‌. ഃ “വരുന്നില്ലേ? പരിപാടികൾ തുടങ്ങിക്കഴിഞ്ഞു.”

“ഞാനില്ല. കുറെ ജോലിയുണ്ട്‌.” വിഷ്‌ടി കതകടയ്‌ക്കാൻ തുടങ്ങുമ്പോഴേക്കും അവൻ മെല്ലെ തടഞ്ഞു. അവൾക്കൽപം പരിഭ്രമമായിഃ “എനിതിംഗ്‌ എൽസ്‌?”

അവൻ മുറിക്കുള്ളിൽ മന്ദം കാൽവച്ചുകയറി. “യൂ ആർ എ സ്വീറ്റ്‌ ഗേൾ. കൂടെ വരൂ. ലെറ്റ്‌ അസ്‌ എഞ്ചോയ്‌!”

തോളിൽവച്ച കൈ വിഷ്‌ടി പതുക്കെ തട്ടിമാറ്റി. അറിയാത്തമട്ടിൽ അവൻ കയ്യിൽപിടിച്ചു വലിച്ചു. ബലിഷ്‌ഠനാണ്‌. അടുത്തെങ്ങും ആളനക്കമില്ല. ആകപ്പാടെ എഞ്ചിന്റെ മൂളലും മുഴക്കവും മാത്രം. കാറ്റടിക്കുമ്പോൾ അകലെനിന്ന്‌ ബാന്റുവാദ്യങ്ങളുടെ മാറ്റൊലി.

ഇതിൽനിന്നൊഴിയാൻ എന്തെങ്കിലും കൗശലം കണ്ടെത്തണം. അവൾക്ക്‌ ഒരു ഉപായം തോന്നിഃ “ക്ഷമിക്കൂ. എനിക്കിന്ന്‌ അസൗകര്യമാണ്‌. മൂന്നുനാൾ കഴിഞ്ഞു നോക്കാം.”

അയാളുടെ കൈ അയഞ്ഞു. തറപ്പിച്ചൊന്നു നോക്കി അയാളകന്നു.

ഒരു നിശ്വാസത്തോടെ വിഷ്‌ടി കട്ടിലിൽ ചാഞ്ഞു. ഇത്‌ അവസാനമല്ലെന്നും തുടക്കം മാത്രമാണെന്നും ഉള്ള ചിന്ത അവളെ നടുക്കി. ഇല്ല. പിടിച്ചുനിൽക്കണം. പ്രലോഭനങ്ങൾക്കും ശക്തിപ്രയോഗങ്ങൾക്കും വശംവദയാകരുത്‌. ശരീരത്തിന്റെ ആകർഷണവും വശീകരണവുമെല്ലാം യൗവനം കത്തിനിൽക്കുന്നതു വരെ. അതു കഴിഞ്ഞാൽ ചവച്ചുതുപ്പിയ വെറും ചണ്ടി. അതാകാൻ താനില്ല.

അമ്മയെക്കുറിച്ചോർത്തു. സഹോദരിമാരെക്കുറിച്ചോർത്തു. പാവങ്ങൾ. നൈമിഷികസുഖത്തിനുവേണ്ടി ജീവിതംതന്നെ പണയത്തിലല്ലേ? ആ വഴി വേണ്ട. താൻ തന്റെ വഴി വെട്ടും. കല്ലും മുള്ളും വകവയ്‌ക്കാതെ കൂടെ മുന്നേറാൻ കെൽപ്പുള്ളവൻ വരട്ടെ. അവൻ മതി. ഈയാംപാറ്റകൾക്ക്‌ തന്റെ ജീവിതത്തിൽ സ്ഥാനമില്ല. ജീവനൊടുങ്ങുംവരെ സ്നേഹിക്കാനുള്ളവൻ മതി. കണ്ടെത്തുമ്പോൾ മതി. മെയ്‌കൊടുത്ത്‌ മനസ്സുവാങ്ങാനാവില്ല.

കാബിൻ കതകിൽ താക്കോൽ തിരിക്കുന്ന ശബ്‌ദം കേട്ടപ്പോൾ വിഷ്‌ടി ഉണർന്നു. വെളുപ്പാൻ കാലമാകുന്നു. സോഫിയ അകത്തു കയറി. വന്നപാടെ ചെരിപ്പു കുതറിയെറിഞ്ഞു. തുണി ഒന്നൊന്നായുരിഞ്ഞു കസേരയിലിട്ടു. പെർഫ്യൂമിന്റെ ഗന്ധം. മദ്യത്തിന്റെ ഗന്ധം. വിയർപ്പിന്റെ ഗന്ധം. പിന്നെ പുരുഷഗന്ധം. ആടിയാടി സോഫിയ കട്ടിലിൽ വീണു. വിഷ്‌ടി തലതിരിച്ചു നോക്കി. വെണ്ണമെയ്യിൽ അങ്ങിങ്ങ്‌ ചുംബനപ്പാടുകൾ. നഖക്ഷതങ്ങൾ.

തൊണ്ടയിലെത്തിയ ഓക്കാനം വിഷ്‌ടി തലയണയിൽ മുഖമമർത്തി തടഞ്ഞു.

വിഷ്‌ടി കുറച്ചധികം നേരം ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കിനാവള്ളിയുടെ പിടിയിൽപെട്ടുഴലുന്നതായി അവൾ സ്വപ്നം കണ്ടു. ഇരുളിൽ തന്നെ കെട്ടിവരിയുന്ന കരങ്ങൾ. കഴുത്തിലൊന്നു മുറുകുന്നു. മറ്റൊന്നു മാറിൽ പരതുന്നു. വേറൊന്ന്‌ താഴേക്കിഴയുന്നു. ദേഹം മുഴുവൻ വഴുവഴുത്ത കൈക്കുരുക്കിലൊതുങ്ങുന്നു. രതിമൂർച്ഛയിലെന്നപോലെ അഗാധഗർത്തത്തിൽ ഏതാനും നിമിഷങ്ങൾ. പിന്നെയെല്ലാം കടൽവെള്ളത്തിൽ അലിഞ്ഞുചേരുന്നു. പിടിവിട്ട താൻ ജലപ്പരപ്പിലേക്കു പൊങ്ങുന്നു. കത്തുന്ന പകൽവെളിച്ചത്തിൽ നാണം മറയ്‌ക്കാൻ തുണികാണാതെ അന്ധാളിക്കുന്നു.

ഒരു തേങ്ങലിന്റെ പിറകെ അവൾ ഞെട്ടിയുണർന്നു. കുളിമുറിയിൽ കയറി തണുത്തവെള്ളം തലവഴി കോരി.

കാലത്ത്‌ വിഷ്‌ടി ഡ്യൂട്ടിക്കു പുറപ്പെടുമ്പോഴും സോഫിയ ഉറക്കത്തിലായിരുന്നു. ഒച്ചയുണ്ടാക്കാതെ പുറത്തിറങ്ങി. ആദ്യം കപ്പൽതട്ടിൽ ചെന്നു നിന്നു. കുറെ ഉപ്പുകാറ്റേറ്റു. പുറത്തെങ്ങും ഒരു ജീവിയുമില്ല. കപ്പൽ മുഴുവൻ നിദ്രയിലാണെന്നു തോന്നി. സ്വപ്നാടനത്തിലെന്നപോലെ കപ്പൽ തിരമുറിച്ചു നീങ്ങുന്നു. അങ്ങിങ്ങ്‌ കടൽപന്നികൾ മുങ്ങാൻകുഴിയിടുന്നു. അകലെ മറ്റൊരു കപ്പലിന്റെ പുകക്കുഴൽ അവ്യക്തമായിക്കാണാം. നടുക്കടലിലും ജീവന്റെ ഏതാനും തുടിപ്പുകൾ കണ്ടപ്പോൾ രാത്രി നഷ്‌ടപ്പെട്ട മനസ്സാന്നിധ്യം തിരിച്ചുകിട്ടി.

ഉച്ചയ്‌ക്ക്‌ മുറിയിൽപോയി നോക്കി. സോഫിയ ഉണർന്നിരുന്നു. കാബിനെല്ലാം വെടിപ്പാക്കിയിട്ടുണ്ട്‌. കസേരയിൽ കാലുംകയറ്റി നഖം ചെത്തിമിനുക്കിക്കൊണ്ടിരിപ്പാണ്‌. കണ്ണു പാതി തുറന്നു ചിരിച്ചുഃ “ഒരു ചെറിയ തലവേദന. ഗുളിക കഴിച്ചു. ലഞ്ച്‌ ഒന്നിച്ചാവാം?”

സോഫിയ വിഷ്‌ടിയെയുംകൂട്ടി മെസ്സിലേക്കു നടന്നു. സോഫിയ എന്തോ പെറുക്കിത്തിന്നേയുള്ളൂ. “നീ ഇന്നലെ ഒഴിഞ്ഞുമാറി അല്ലേ?”

ചോദ്യംകേട്ട്‌ വിഷ്‌ടി ഒന്നു പുഞ്ചിരിച്ചുഃ “കളിയിൽനിന്ന്‌, യെസ്‌. ജീവിതത്തിൽനിന്ന്‌, നോ.”

സോഫിയ കണ്ണുതിരുമ്മി. “ജീവിതം തന്നെ ഒരു കളിയല്ലേ. ഇതൊന്നുമില്ലാത്ത ജീവിതം എന്തു ജീവിതം?”

“ഇതുമാത്രംകൊണ്ടു ജീവിതമായോ? പറയൂ. ഇതെല്ലാം എത്രകാലം? തളർന്നുവീഴുമ്പോൾ ഇവരാരെങ്കിലും തുണയ്‌ക്കുമോ?” വിഷ്‌ടിയുടെ കണ്ണൊന്നു മിന്നി.

കോടിക്കണക്കിനാളുകൾ ഒരുനേരത്തേക്കുള്ള വകയില്ലാതെ കഷ്‌ടപ്പെടുന്നു. നമ്മളിവിടെ ജീവിതം അടിച്ചു തകർക്കുന്നു. ഒരു നിമിഷം അവരെ ഓർത്താൽ നമുക്കങ്ങനെ തന്നെത്തന്നെ മറന്നു സുഖിക്കാൻ മനസ്സു വരുമോ? ഒരു ജന്മംകൊണ്ടുകൂടി കിട്ടാത്ത സുഖം ഒരു രാത്രികൊണ്ടു കിട്ടുമോ?

സ്വന്തം ജീവിതത്തിനു വില കൽപ്പിക്കാത്തവർക്ക്‌ സമൂഹത്തിലെ മറ്റുള്ളവരോട്‌ എത്രമാത്രമുണ്ടാകും ബഹുമാനം?

സോഫിയ മിണ്ടാതിരുന്നു കേട്ടു.

ഒരാഴ്‌ച തികഞ്ഞില്ല. അവൻ വീണ്ടും വരുന്നു. കണ്ണിൽ കാമവും കരളിൽ കരിനാഗവുമായി.

കാബിനിൽ വിഷ്‌ടി തുണിയൂരുമ്പോഴായിരുന്നു. പൂച്ചയെപ്പോലെ പമ്മിപ്പമ്മി. കതകിൽമുട്ടാതെ. തലയ്‌ക്കുമീതെ വസ്ര്തമുരിയുമ്പോൾ കണ്ടു. അവളൊന്നു പകച്ചു. ഒരു നിമിഷം. ഉയർത്തിയ കൈ താഴാതെ ഒരു യുഗം. അവളുടെ തലച്ചോറിൽ മിന്നൽ പാറി.

താനിന്നു തോറ്റതു തന്നെ. സിംഹത്തിനു മുന്നിലെ കുഞ്ഞാടുപോലെ.

ശക്തികൊണ്ടാവാത്തത്‌ ബുദ്ധികൊണ്ടു നേരിടണം. ബുദ്ധികൊണ്ടാവാത്തത്‌ വിവേകംകൊണ്ടു നേടണം. പുരുഷത്വത്തെ സ്ര്തീത്വംകൊണ്ടു ജയിക്കണം. കാമത്തെ കാമംകൊണ്ടടക്കണം.

രണ്ടടി പിന്നിലേക്കു വലിഞ്ഞ്‌ വിഷ്‌ടി അവളുടെ വസ്ര്തം മെല്ലെ വലിച്ചെറിഞ്ഞു; അവന്റെ മുഖത്തേക്ക്‌. കടിക്കാൻ കുരച്ചു ചാടിയ പട്ടിയെപ്പോലെ അവൻ അതു ചുരുട്ടി മണത്തു നിന്നു.

“ഉം, എന്താ?” മാദകമായ അവളുടെ ചോദ്യത്തിന്‌ മറുപടിയായി അവൻ ഇളിച്ചുകാട്ടി.

കടക്കൺ ചുളിച്ച്‌ വശ്യമായൊരു ചിരിയോടെ അവൾ അവനോട്‌ ആജ്ഞാപിച്ചുഃ “കിടക്കൂ കട്ടിലിൽ.”

നിനച്ചിരിക്കാത്ത നേട്ടത്തിൽ അവൻ പരുങ്ങി.

“ഉം, കിടക്കാൻ, കട്ടിലിൽ കുറുകെ, കമഴ്‌ന്ന്‌,” അവൾ പ്രോത്സാഹിപ്പിച്ചു.

അനുസരണയുള്ള നായെപ്പോലെ അവൻ കട്ടിലിൽ കുറുകെ കമഴ്‌ന്ന്‌ കാലുംതൂക്കി കിടന്നുകൊടുത്തു.

അവൾ അവന്റെ കീഴ്‌വസ്ര്തം ഊരിയിറക്കി. സ്ര്തീത്വത്തെ വെല്ലുവാൻ ഉദ്ധൃതമായ പുരുഷത്വത്തിന്റെ കടയ്‌ക്കൽ കൈവിരലുകളമർത്തി. അവൻ കിടന്നു പുളഞ്ഞു. കുമ്പിട്ടിരുന്ന്‌ അവൾ അവന്റെ പുരുഷത്വം പിഴിഞ്ഞെടുത്തു കളഞ്ഞു. ആനത്തുള്ളിയായ്‌ വന്നത്‌ ചാറ്റൽ മഴയായി. വെള്ളച്ചാട്ടം വെറും വേനൽച്ചാലായി. വികാരത്തിന്റെ പ്രകമ്പനത്തിൽ കിടക്കയിൽ അള്ളിപ്പിടിച്ച അവന്റെ കൈവിരലുകൾ നിമിഷങ്ങൾക്കകം തളർന്നടിഞ്ഞു.

ചാടി എഴുന്നേറ്റ വിഷ്‌ടി ഒരു ദുർഗയെപ്പോലെ ഉറഞ്ഞു വിറച്ചു. “ഇത്രയേ ഉള്ളോ നിന്റെയൊക്കെ ശക്തി? ഇറങ്ങിപ്പോടാ നാണംകെട്ടവനേ!” അവളുടെ ആക്രോശംകേട്ട്‌ അവൻ ഞെട്ടി.

അവൻ കയ്യെത്തിച്ചു തുണി നേരെയാക്കുംമുമ്പ്‌ വിഷ്‌ടിയുടെ വലതുകാൽ അവന്റെ തുടയ്‌ക്കിടയിൽ ആഞ്ഞു പതിച്ചിരുന്നു. കട്ടിലിൽ തട്ടിച്ചതഞ്ഞ ഔദ്ധത്യവുമായി, വാലിൽ പന്തംകത്തിച്ചുവിട്ട പെരുച്ചാഴിയെപ്പോലെ അവൻ മുറിവിട്ടു പാഞ്ഞു.

“ഇനി വരില്ല,” വിഷ്‌ടി സ്വയം സമാധാനിപ്പിച്ചു. ഷവറിനടിയിൽ മണിക്കൂറോളം അവൾ ആശ്വാസം തേടി നിന്നു. ശരീരവും മനസ്സും ഒന്നാറുന്നതു വരെ. ഒന്നാകുന്നതു വരെ.

Previous Next

നാരായണസ്വാമി


E-Mail: gnswamy@email.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.