പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > വിഷ്‌ടിക്കൊരു കുങ്കുമപ്പൊട്ട്‌ > കൃതി

പത്തൊൻപത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. ജി. നാരായണസ്വാമി

ഇവിടെ വന്നിട്ട്‌ മാസമൊന്നുകഴിഞ്ഞേയുള്ളു. ഒരു യുഗം പിന്നിട്ടപോലെ തോന്നി. സ്ഥലങ്ങൾകണ്ടും ചർച്ചനടത്തിയും ഇതേവരെ ശേഖരിച്ച വിവരങ്ങൾ ഇനി കടലാസ്സിലാക്കണം. ഒരുപാടുകാര്യങ്ങൾ വായിച്ചുനോക്കാൻ ബാക്കി. ലൈബ്രറിയുടെ ഒഴിഞ്ഞകോണിൽ പുസ്തകക്കൂമ്പാരത്തിനു നടുവിൽ തപസ്സായി. ആളനക്കമുണ്ടാവില്ല. പശ്ചാത്തലത്തിൽ, പതിഞ്ഞ കാസറ്റ്‌-സംഗീതമുണ്ടാകും. വല്ലപ്പോഴും ആരെങ്കിലുംവന്നു കുശലം ചോദിക്കും. വേണ്ടപ്പെട്ട രേഖകൾ തിരഞ്ഞുപിടിച്ച്‌ കയ്യിലെത്തിക്കാൻ ലൈബ്രറിയിലെ ഗീതയും റീറ്റയും പണിപ്പെട്ടു. അവയെ തരംതിരിച്ചു നോട്ടെടുത്ത്‌ ഒരു പരുവത്തിലാക്കാൻ ഞാനും

ഉച്ചത്തെ ആഹാരം പലപ്പോഴും കാന്റീനിൽനിന്നുതന്നെയായിരിക്കും. ചില ദിവസങ്ങളിലെ അവിടത്തെ പറക്കമീനും പശുക്കുളമ്പും കാളവാലും എനിക്കു പഥ്യമല്ല. ആ ദിവസങ്ങളിൽ ഫ്രെഡിയോടൊത്തോ ജൂലിയോടൊത്തോ പുറത്തുപോകും. ‘മാളി’ലെ ഇന്ത്യൻ-റസ്‌റ്റോറന്റിൽനിന്ന്‌ എന്തെങ്കിലും വാങ്ങിത്തിന്നും. ചിലപ്പോൾ ചൈനീസ്‌ വിഭവങ്ങളായിരിക്കും. പറ്റുമ്പോഴെല്ലാം വീട്ടിൽനിന്നു പൊതിച്ചോറും കൊണ്ടുവരും.

ആമിയും കൂട്ടരും മറ്റൊരു പിക്നിക്‌ ഒരുക്കുന്നെന്നു കേട്ടിരുന്നു. കൂടെപ്പോകാൻ ക്ഷണവും വന്നു. നിശ്ചയിച്ച ദിവസത്തിനു മൂന്നാലുനാൾമുമ്പ്‌ എന്നോടൊരന്വേഷണംഃ “ഞങ്ങൾ പരിപാടിയിൽ ചില മാറ്റങ്ങൾ വരുത്തുന്നു. നാളെയാണു പിക്നിക്‌. സ്ഥലവും മാറി. ഉച്ചതിരിഞ്ഞ്‌ നമ്മളെല്ലാരും താങ്കളുടെ മാക്വെറീപ്‌-വീട്ടിൽ ഒത്തുകൂടിയാൽ വിരോധമുണ്ടോ?”

എനിക്കെന്തു വിരോധം? അതവരുടെ വീട്‌. വലിയ വീട്‌. ഞാനൊറ്റയ്‌ക്ക്‌. വീടിനൊരു ഉണർവായി. നാലാൾ കയറിയിറങ്ങിയാൽതന്നെ ഐശ്വര്യമാകും. പിക്നിക്‌-സ്ഥലത്തേക്കുപോകാനും തിരിച്ചുവരാനും ആരെയും ഉപദ്രവിക്കാതെ കഴിക്കാം. ഞാനായി ഒരു വിരുന്നൊരുക്കൽ ഉണ്ടാവില്ല. അതിനുള്ള ധനസ്ഥിതിയോ മനഃസ്ഥിതിയോ എനിക്കില്ല.

പിറ്റേന്ന്‌, പാത്രങ്ങളും സാമഗ്രികളും എണ്ണപ്പാട്ട വെട്ടിയുണ്ടാക്കിയ ‘ബാർ-ബെ-ക്യൂ’-അടുപ്പുമായി അവരെത്തി. പത്തുപതിനഞ്ചാളുകൾ. അരമണിക്കൂറിനുള്ളിൽ വീടിന്റെ ചന്തം മാറി. മേശകസേരകൾ സ്ഥാനം മാറി. വർണമാലകളും മണിത്തൂക്കുകളും ബലൂണുകളുംകൊണ്ടുള്ള അലങ്കാരമായി. മുറ്റത്ത്‌ കൽക്കരിയടുപ്പു കത്തി. അതിൽ നിർത്തിപ്പൊരിക്കാൻ സാധനങ്ങളുമെത്തി. പാടേ ഒഴിഞ്ഞുകിടന്ന ഫ്രിഡ്‌ജിൽ പാനീയങ്ങൾ നിറഞ്ഞു. അടുക്കളയിൽ ഒരടുപ്പിൽ അരി വെന്തു. മറ്റൊന്നിൽ പയറുവെന്തു. പച്ചക്കറിയരിയാൻ ഞാൻ ചെന്നു. വിഷ്ടി എന്നെ തുരത്തി.

അൽപം വൈകി വലിയൊരു വർണക്കടലാസ്സുകൂടുമായി ആമി വന്നു. വന്നപാടെ പൊതിയഴിച്ച്‌ ഊൺമേശമേൽ വച്ചു. സുന്ദരമായലങ്കരിച്ച വലിയൊരു കേക്ക്‌. കയ്യിലൊരു കത്തിതന്ന്‌ എന്നോടു മുറിക്കാൻ പറഞ്ഞു. “ഹാപ്പി ബർത്ത്‌ ഡേ!”

അന്നെന്റെ ജനനത്തീയതിയായിരുന്നു. ആമിയും കൂട്ടരും എങ്ങിനെയോ എന്റെ പാസ്പോർട്ടിൽനിന്നോ മറ്റോ കണ്ടുപിടിച്ചതാണ്‌. പിക്നിക്കിന്റെ ദിവസംമാറ്റിയതിനു പിന്നിൽ ഇതായിരുന്നെന്ന്‌ അപ്പോഴാണു ബോധം വന്നത്‌.

ജന്മദിനാഘോഷമൊന്നും എന്റെ പതിവല്ല. അതെന്നല്ല ഒരാഘോഷത്തിലും എനിക്കു താൽപര്യം തോന്നാറില്ല. അതിരുവിട്ട ആഘോഷങ്ങൾ നിയമത്തിലൂടെവരെ നിയന്ത്രിക്കണമെന്ന്‌ എനിക്കഭിപ്രായമുണ്ട്‌. ആയിരക്കണക്കിനു പട്ടിണിപ്പാവങ്ങൾ അരവയർ ചോറു തേടുമ്പോൾ നമുക്കെന്താഘോഷം? ഇന്ത്യയിലെ വൻനഗരങ്ങളിൽ ചെലവിട്ട കാലം. ഒരേസമയം നാകവും നരകവുമായ നഗരങ്ങൾ മനുഷ്യനെ എത്രമാത്രം പേക്കോലമാക്കുമെന്ന്‌ അന്നുകണ്ടു. അതോടൊപ്പം വേറൊന്നുകൂടിക്കണ്ടു. പട്ടിണിക്കോലങ്ങളുടെ ആഘോഷങ്ങൾ! തന്നെ മറന്നുള്ള താണ്ഡവം. ആഘോഷങ്ങളിൽ അവരെ വെല്ലാൻ മറ്റാരുമില്ല! ഒരു സുഹൃത്തു പറഞ്ഞുതന്നുഃ അവരന്നുമാത്രം ജീവിക്കുന്നു. ബാക്കിനാൾ മരിക്കുന്നു.

ആ കബന്ധങ്ങൾ എന്റെ ചിന്തയെ ഇന്നും വേട്ടയാടുന്നു.

എന്റെ ലജ്ജയ്‌ക്കോ കുറ്റബോധത്തിനോ അവിടെ ഇടമില്ലായിരുന്നു. നാടോടുമ്പോൾ നടുവേ.

അവർ പാട്ടുപാടി. ആട്ടമാടി. ഞാൻ എല്ലാം കണ്ടിരുന്നു. ഇതെല്ലാം എന്റെ പേരിലാണ്‌ എന്നോർത്തപ്പോൾ അൽപം വിഷമവും പരിഭവവും തോന്നി.

അവർ അതൊന്നും അറിഞ്ഞില്ല. അവരെ ഞാൻ അറിയിച്ചുമില്ല. വിഷ്ടിമാത്രം എന്തോ മണത്തറിഞ്ഞിരിക്കണം. അവളെന്നെക്കൂട്ടി പുറത്തിറങ്ങി.

“എന്താ പെട്ടെന്നൊരു ംലാനത?”

ഞാൻ സത്യം തുറന്നുപറഞ്ഞുഃ “എനിക്കിത്തരം കാര്യങ്ങളിൽ ഒട്ടും സന്തോഷം തോന്നാറില്ല. വയസ്സായതുകൊണ്ടാവും. അതോ ജനിച്ചുവളർന്ന സാഹചര്യംമൂലമോ.”

“സ്വാമിക്കിത്‌ വല്ലപ്പോഴും. വേണ്ടെന്നുവയ്‌ക്കാനും വലിയ പ്രയാസമില്ല. എനിക്കോ? ദിവസേന ഇത്തരം കാര്യങ്ങൾ കണ്ടും അവയിൽ പങ്കെടുത്തുമേ ജീവിക്കാനൊക്കൂ. തെറ്റുപറ്റുന്നതാർക്ക്‌? ഇതൊക്കെയാണു ജീവിതം എന്നു വിശ്വസിക്കുന്നവർക്കോ അതോ മറിച്ചു വിചാരിക്കുന്നവർക്കോ?”

ഞാനൊന്നും മിണ്ടിയില്ല. ഒരു ഗുണദോഷവിചിന്തനത്തിന്‌ എനിക്കു കഴിവില്ല. സുഖിക്കുന്നവർ സുഖിക്കട്ടെ. മറ്റുള്ളവരുടെ ആഹ്ലാദം തല്ലിക്കെടുത്തുന്നതിലല്ലല്ലോ മാന്യത.

ആരോ കയ്യിൽ തിരുകിത്തന്ന പ്ലേറ്റിൽനിന്ന്‌ ആഹാരമെടുത്തു കൊറിച്ചു.

“നിങ്ങൾ ഇന്ത്യക്കാർ മഹാ ജ്യോതിഷികളല്ലേ. പിറന്നാൾ പ്രകാരം ഈ വർഷമെങ്ങിനെ?” ജൂലി ചോദ്യമെടുത്തിട്ടു.

“ഇതെന്റെ ഔദ്യോഗികരേഖകളിലെ ജനനത്തീയതി. ശരിക്കു ജനിച്ചത്‌ വേറൊരു നാളിൽ. അത്‌ അടുത്തമാസമാണ്‌. ഞങ്ങളുടെ പഞ്ചാംഗപ്രകാരം ആ നാൾ മാറിമാറി വരും. ഏതെടുക്കണം പ്രവചനത്തിന്‌?” അവരെ ഒന്നു കുഴക്കാൻവേണ്ടിത്തന്നെയാണ്‌ ഞാനതു സൂചിപ്പിച്ചത്‌.

ഒരിക്കൽ ഏതോ ഒരു യാത്രയ്‌ക്കിടയിൽ ഒരു വൃദ്ധൻ ചോദിച്ചതോർത്തുഃ

“നിങ്ങൾ ‘ജെമിനി’യാണല്ലേ.”

“അല്ല.” ഒന്നു കളിപ്പിക്കാൻ കിട്ടിയ അവസരം കളഞ്ഞില്ല.

“കാൻസറാണല്ലേ?”

“അല്ല.” എനിക്കു രസമായി. എന്നാൽ വയസ്സൻ കളിവിടുന്ന മട്ടായിരുന്നില്ലഃ “അപ്പോൾ നിങ്ങൾ രണ്ടുമാണല്ലേ?”

അതു ശരിയായിരുന്നു. ഇംഗ്ലീഷുമാസം നോക്കിയാലൊന്ന്‌, മലയാളമാസം നോക്കിയാൽ മറ്റേത്‌. വൃദ്ധൻ ഇതെങ്ങിനെയറിഞ്ഞു?

എന്റെ പെരുമാറ്റവും പ്രകൃതവും കണ്ടിട്ടാണത്രെ.

വരുംകാര്യങ്ങളെപ്പറ്റി അറിയാൻ ഏവർക്കും ആകാംക്ഷയാണ്‌. ‘വളരെനാളായാവരവറിയുന്നേൻ’ എന്ന മട്ടിൽ കാര്യങ്ങൾ നീങ്ങാറുണ്ട്‌. ഇന്നതു നടക്കും എന്നു ചിലപ്പോൾ തോന്നാറുണ്ട്‌. പലതും നടന്നിട്ടുമുണ്ട്‌. നിനച്ചിരിക്കാതെ നടക്കുന്നതാണു കൂടുതലെങ്കിലും. വരുന്നതു വരുന്നേടത്തുവച്ചു കാണുന്നതാണ്‌ എന്റെ സ്വഭാവം. ഞാൻ വിശദീകരിച്ചു.

പെട്ടെന്ന്‌ പടക്കംപോലെന്തോ പൊട്ടുന്നതുകേട്ട്‌ ഞങ്ങൾ തലവെട്ടിത്തിരിച്ചു. ചക്കറി ഒരു ബലൂൺ വീർപ്പിച്ചതാണ്‌. അതു കണ്ടതും ഓരോരുത്തരായി ബലൂണുകൾ കുത്തിപ്പൊട്ടിച്ചു തുടങ്ങി. അവസാനത്തേതു പൊട്ടിയതും ആമി പ്രഖ്യാപിച്ചുഃ “ഇനി നമുക്കു പിരിയാം.”

അതിനിടെ വീടെല്ലാം പഴയപോലെ വെടുപ്പാക്കിക്കഴിഞ്ഞിരുന്നു അവർ. ചവറെല്ലാം ഒരു പ്ലാസ്‌റ്റിക്‌ ചാക്കിൽ നിറച്ച്‌ അതും എടുത്തുകൊണ്ടുപോയി. ഒരു ‘പാർട്ടി’ നടന്നതിന്റെ യാതൊരു ലക്ഷണവുമില്ലാതെ വീടൊഴിഞ്ഞു.

ആ ദിവസവും അങ്ങിനെ തീർന്നു. ഒരു സ്വപ്നം പോലെ.

Previous Next

ഡോ. ജി. നാരായണസ്വാമി

ഡഡ​‍െ​‍േആ1ഷ ംആ4 ഫ​‍േംൻ ൻഫ​‍്വേഖഫൺശഷ്രഡഡ​‍െ

ഡഡ​‍െംടമനമാഷ ഇംഅഫ്വർം​‍ൗ 403002ഷഡഡ​‍െ

ഡഡ​‍െർ​‍ൗംഷ ​‍്വൺഖ്വംഭഡഡ​‍െ


E-Mail: gnswamy@email.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.