പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > വിഷ്‌ടിക്കൊരു കുങ്കുമപ്പൊട്ട്‌ > കൃതി

പതിനേഴ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാരായണസ്വാമി

ഗവേഷണസ്ഥാപനത്തിന്റെ തലവൻ ലെമോസ്‌ നീണ്ട അവധിയിൽ പോയി. വയസ്സായില്ലേ. രണ്ടാംഭാര്യയുമൊത്ത്‌ കാര്യമായൊന്നും യാത്രചെയ്തിട്ടില്ല. കരീബിയൻകടലിൽ ഏതെങ്കിലും ഒരു ദ്വീപിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഒന്നൊന്നരമാസത്തെ വിശ്രമം വേണമെന്ന്‌ ആഗ്രഹിച്ചു തുടങ്ങിയിട്ടു കാലമൊരുപാടായി. ജോലിയിൽനിന്നു വിരമിക്കാറുമായി.

ആരെ തന്റെ ചുമതലയേൽപ്പിക്കണം എന്നതായിരുന്നു പ്രശ്നം. വിദ്യാഭ്യാസത്തിലും അറിവിലും കഴിവിലും മുന്തിയത്‌ ആമി. ഉദ്യോഗത്തിൽ അൽപം മുതിർന്നത്‌ മാർസൽ. അവർക്കുതമ്മിൽ നേർക്കുനേർ കണ്ടുകൂടാ. ‘നാലു തല ചേർന്നാലും നാലു മുല ചേരില്ല’ എന്നല്ലേ. മാർസലിന്‌ പരുക്കൻ സ്വഭാവമാണ്‌. അധികാരമോഹം അസഹ്യം. സ്ഥാപനത്തിന്‌ കുറച്ചൊക്കെ പണമുണ്ടാക്കുന്ന ടെക്നോളജിവിഭാഗത്തിന്റെ മേധാവിയെന്നൊരു ഗൗരവവുമുണ്ട്‌. പക്ഷെ ആമിയുടെ ഗവേഷണവിഭാഗമാണ്‌ ആളെണ്ണത്തിൽ വലുത്‌. അതിനാണ്‌ പേരും പെരുമയും.

ആമി അവകാശവാദത്തിനൊന്നും പോയില്ല. വരുന്നപോലെ വരട്ടെ എന്നു മിണ്ടാതിരുന്നു.

മാർസൽ വിധവയാണ്‌. ഭർത്താവിന്റേത്‌ അപകടമരണമായിരുന്നു. ആത്മഹത്യയാണെന്നും പഴിയുണ്ട്‌. ആരും അക്കാര്യങ്ങൾ പൊതുവെ പറഞ്ഞു രസിക്കാറില്ല. ഒരേയൊരു മകൻ. അവനെക്കൊണ്ട്‌ മാർസലിനെന്നും തലവേദനയാണ്‌. അവൻ മയക്കുമരുന്നിന്റെ പിടിയിലാണെന്നാണു കേൾവി. അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു. പാളംതെറ്റിയ ഇളംമുറയ്‌ക്കു വേണ്ടതും വേണ്ടാത്തതുമെല്ലാം കൈവെട്ടത്തു കിട്ടുമല്ലോ എവിടെയും.

ഇടയ്‌ക്കിടെ ഇടപെടാറുണ്ടെങ്കിലും ഞങ്ങൾ തമ്മിൽ അത്ര അടുത്തില്ല. മാർസലിന്‌ എപ്പോഴും ഇഞ്ചികടിച്ച മുഖമാണ്‌. ഔദ്യോഗികമായേ വർത്തമാനം പറയൂ. എപ്പോഴും അക്ഷമയാണ്‌. അങ്ങോട്ടു പറഞ്ഞുതീരുംമുമ്പ്‌ ഇങ്ങോട്ടു പറയും. അത്യാവശ്യമെന്തെങ്കിലും ഉണ്ടെങ്കിലേ ഞാനവരുടെയടുത്തു പോകൂ.

താൽക്കാലികമാണെങ്കിലും ചുമതല കിട്ടിയതോടെ മാർസൽ തനിനിറം കാട്ടിത്തുടങ്ങി. ആദ്യം വിഷ്ടിയെപ്പിടിച്ച്‌ ആമിയിൽ നിന്നുമാറ്റി സ്വന്തം സഹായിയാക്കി. അവളവിടെ ശ്വാസംമുട്ടി. എന്തുചെയ്താലും തൃപ്തിവരാത്ത മാർസൽ. ആമിയോടുള്ള പകയായിരിക്കണം. ശാസനകൾകൊണ്ട്‌ ആ പെണ്ണിനു മടുത്തു.

ആരെന്തു ചെയ്യാനും മാർസലിന്റെ പ്രത്യക്ഷസമ്മതം വേണമെന്ന നിലയെത്തി. വകുപ്പുമേധാവികൾക്ക്‌ അതു തികച്ചും അസൗകര്യമായി. അവരെ മാറ്റിനിർത്തി കീഴ്‌ജീവനക്കാരോടായി നേരിട്ടുള്ള അധികാരപ്പെടുത്തൽ. എന്റെ പണിയിലും ഒന്നുരണ്ടുതവണ മൂക്കുകയറ്റാൻ നോക്കി. അതിനെന്നെ കിട്ടില്ലെന്നു ധ്വനിപ്പിച്ചപ്പോൾ താനെ പിൻവാങ്ങി.

സ്ഥലത്താകമാനം ഒരു വല്ലായ്മ പടർന്നുകയറി. അതിനിടെയാണ്‌ സതീഷെന്ന ടെക്നീഷ്യനെയും നെല്ലിയെന്ന പരീക്ഷണസഹായിയെയും കാരണം കാട്ടാതെ പിരിച്ചുവിട്ടത്‌. അവർ രണ്ടുപേരും കരാറടിസ്ഥാനത്തിലായിരുന്നു. വള്ളിട്രൗസർപോലൊന്നണിഞ്ഞ്‌ കയ്യിടുക്കുനിറയെ രോമം വളർത്തിക്കാട്ടി വെറുതെയിരുന്നു മദംചുരത്തി സമയംപാഴാക്കുന്ന അത്തർകുപ്പിയായിരുന്നു ജീവശാസ്ര്തവിഭാഗത്തിലെ നെല്ലി. രണ്ടാംവാക്കിനു പൊട്ടിത്തെറിക്കും അവൾ. സതീഷ്‌ അതല്ല. പരിഭവമില്ലാതെ പരാതിയില്ലാതെ എന്തുപണിയും ചെയ്യും. വളരെ പാവപ്പെട്ട കുടുംബത്തിലേതുമാണ്‌. ആമിയുടെ വിഭാഗത്തിലെ വിശ്വസ്തസേവകൻ.

പൊതുവെ അസംതൃപ്തി നിറഞ്ഞിരിക്കുമ്പോൾ ഇതൊരു തീപ്പൊരിയായി. എല്ലാവരും സമയത്തിനുമാത്രം വരും. സമയത്തിനുതന്നെ തിരിച്ചുപോകും. ഒരു പണിയും ചെയ്യില്ല. മുതിർന്നവർ ഇതൊന്നും കാര്യമായെടുത്തില്ല. പക്ഷെ കീഴ്‌ജീവനക്കാർ എന്തിനോ ഒരുങ്ങിയാണ്‌. പ്ലാനിട്ട പരിപാടികളൊന്നും നീങ്ങില്ല. ജൂലിയും ഞാനും വിദേശികൾ. ഞങ്ങൾക്ക്‌ എല്ലാവരുമായി സൗഹൃദവും. എന്നിട്ടുപോലും സഹപ്രവർത്തകരുടെ തണുപ്പൻ പ്രതികരണങ്ങൾ ഞങ്ങളിലേക്കും പടർന്നു. ഏതോ ഒരു തൊഴിൽസംഘടനയുടെ നിശ്ശബ്ദസാന്നിധ്യം ഞങ്ങളറിഞ്ഞു.

എനിക്കിതു പുത്തരിയല്ലായിരുന്നു. പക്ഷെ ജൂലിയാകെ ആശയക്കുഴപ്പത്തിലായി. ഇതെവിടെച്ചെന്നെത്താൻ? ഒരാഴ്‌ചയോളം ഞങ്ങൾക്കു കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.

ജീവനക്കാരുടെ സേവനവ്യവസ്ഥകൾ തീരുമാനിക്കാനും ഉറപ്പുവരുത്താനും ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥയുണ്ട്‌. മാർത്ത. പൊതുവെ അവളെ ആർക്കുമത്ര പഥ്യമല്ല. മാർത്തയുടെ കൈക്രിയയാണിതെല്ലാം എന്നൊരു ശ്രുതിയുമുണ്ടായിരുന്നു.

ഒരുനാൾ കാന്റീനിൽ ഊണുകഴിക്കുമ്പോൾ മാർത്തയും എതിരെ വന്നിരുന്നു.

അവളോടധികം സംസാരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വളച്ചുകെട്ടിത്തുടങ്ങി. നാട്ടിലെ തൊഴിൽരാഹിത്യത്തിൽനിന്നു തുടങ്ങി. തൊഴിലവസരം മൗലികാവകാശമാണെന്നു വാദിച്ചു. തൊഴിലില്ലായ്മ മറ്റു സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾക്കു കാരണമാകുമെന്നും. പഠിക്കുന്നതു പാസ്സാകാൻ. പാസ്സാകുന്നതു ജോലികിട്ടാൻ. കഷ്ടപ്പെട്ടു തൊഴിലെടുക്കുന്നതു വയറ്റുപിഴപ്പിന്‌. കിട്ടാത്ത ജോലി മരീചികയായിത്തുടരും. കിട്ടിയതു കയ്യിൽനിന്നു വഴുതിപോകുമ്പോൾ തൊഴിലില്ലായ്മയേക്കാൾ ദോഷംചെയ്യും. തൊഴിൽ ചെയ്യുന്നവരുടെ അവസരങ്ങൾ തട്ടിമാറ്റുന്നത്‌ ഭ്രൂണഹത്യക്കു തുല്യമാണ്‌.

ഏതു സ്ഥാപനത്തിലായാലും മൂന്നിലൊന്നുപേരേ കാര്യമായെന്തെങ്കിലും പണിയെടുക്കൂ. എന്നുവച്ച്‌ മറ്റുള്ളവർ വേണ്ടെന്നല്ല. അവർക്കും അവരുടേതായ പ്രസക്തിയുണ്ട്‌. അവരെ മാറ്റിനിർത്തിയാൽ ബാക്കിവരുന്നവരിൽ മൂന്നിലൊന്നായിച്ചുരുങ്ങും പണിയെടുക്കുന്നവർ. ഇതൊരു ലോകപ്രതിഭാസമാണ്‌. അതിനു പ്രതിവിധിയില്ല. എന്തെങ്കിലുമുണ്ടെങ്കിൽതന്നെ പാർശ്വഫലങ്ങൾ ഭയങ്കരമായിരിക്കും.

മാർത്തയ്‌ക്ക്‌ എന്റെ പോക്കു വേഗം പിടികിട്ടി. അവൾ കസേരമാറി അടുത്തുവന്നിരുന്നു.

“നിയമംവിട്ടു പ്രവർത്തിക്കാൻ ഞാനാളല്ല. പെണ്ണൊരുത്തി പാഴ്‌ത്തുണിയായി പന്തവും കൊളുത്തിയിരിപ്പാണ്‌. അവളെ കരാർ തീർത്തു വിടണമെന്ന്‌ എന്നോ തീരുമാനിച്ചിരുന്നതാണ്‌. കൂട്ടത്തിലെ പയ്യനും ഒരേലാവണത്തിൽ ഒരേദിവസം ഒന്നിച്ചുവന്നുചേർന്നതാണിവിടെ. പക്ഷഭേദം കാട്ടരുതല്ലോ.” മാർത്ത ഒച്ചകുറച്ചു പറഞ്ഞു.

“പക്ഷെ വ്യക്തിയെ മറന്നുള്ള നിയമത്തിനെന്തർഥം?,” ഞാൻ ചോദിച്ചുഃ “ഫലമെന്തായി? പണിചെയ്യാത്തയാളെ നന്നാക്കാൻ പുറപ്പെട്ടപ്പോൾ പണിചെയ്യുന്നവരും പണിചെയ്യാതായി.” ഞാൻ തുടർന്നുഃ “കുറ്റം ചെയ്തവൻ, ശിക്ഷ കിട്ടിയാൽ ചിലപ്പോൾ നന്നായേക്കും. ചിലപ്പോൾ മാത്രം. കുറ്റം ചെയ്യാത്തവൻ ശിക്ഷകൊണ്ടു നശിക്കുകയേയുള്ളൂ.”

മാർത്ത ആലോചിക്കുകയായിരുന്നു. “ഇനിയൊരു തിരിച്ചുപോക്കു വിഷമമാണ്‌. ലെമോസാണ്‌ ഇക്കാര്യം ചെയ്തിരുന്നെങ്കിൽ ഇത്രയ്‌ക്കാകുമായിരുന്നില്ല പ്രശ്നം. കുറച്ചു കാക്കാമായിരുന്നു. ഒന്നു ചെയ്യാൻ പറ്റുമോ എന്നു നോക്കട്ടെ. ആമിയുടെ പ്രത്യേകമായ ആവശ്യത്തിനുമേൽ സതീഷിനെ തിരിച്ചെടുക്കാം. പ്രശ്നം പാതി തീരുമല്ലോ. നെല്ലി പോയ്‌ത്തുലയട്ടെ.”

സതീഷ്‌ തിരിച്ചെത്തിയതോടെ സംഘർഷം അൽപാൽപ്പം കെട്ടടങ്ങിത്തുടങ്ങി. മുതിർന്നവരും മാർസലിനെ തീരെ അവഗണിച്ചു. മാർസലും മുറിക്കകത്തുതന്നെ മിക്ക സമയവും.

രംഗം മെല്ലെ ശാന്തമായിത്തുടങ്ങി. കാലം മായ്‌ക്കാത്ത കലയില്ലല്ലോ.

വിഷ്ടിയുടെ ഗ്രഹണം മാത്രം നീണ്ടുനിന്നു. എന്നിട്ടും പൊട്ടാതെ പിടിച്ചുനിന്നത്‌ അവളുടെ കഴിവ്‌.

Previous Next

നാരായണസ്വാമി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.