പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > വിഷ്‌ടിക്കൊരു കുങ്കുമപ്പൊട്ട്‌ > കൃതി

പതിനഞ്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാരായണസ്വാമി

നോവൽ

കറകളഞ്ഞ പരിസരവാദിയാണ്‌ ആമി. ദ്വീപിനുചുറ്റുമുള്ള സമുദ്രജലത്തിന്റെ ആരോഗ്യനിലയെക്കുറിച്ചു പഠിക്കുവാൻ നല്ലൊരു ഗവേഷകസംഘമുണ്ട്‌ കൂടെ. അതിനൊത്ത പരീക്ഷണസൗകര്യങ്ങളും.

ആമിയുടെ ഓഫീസിലെ സഹായിയാണ്‌ വിഷ്ടി. സ്ഥാപനത്തിലെ ഏറ്റവും നല്ല സെക്രട്ടേറിയൽ സഹായിയെന്ന്‌ പേരെടുത്തിരിക്കുന്നു. ആമിയുടെ സൗഹൃദ സാമീപ്യം അവളിലും സമുദ്രസംരക്ഷണവിഷയങ്ങളിൽ താൽപര്യമുണർത്തിയിരുന്നു.

തീരക്കടലിലെ മാലിന്യനിലവാരം തിട്ടപ്പെടുത്താൻ മാസംതോറുംപോയി നിരീക്ഷണം നടത്തും ആമിയും കൂട്ടരും. അതോടൊപ്പം കടപ്പുറവും തീരക്കടലും ഉപയോഗിക്കുന്നവരെ പരിസ്ഥിതിപ്രശ്നങ്ങളെപ്പറ്റി ബോധവൽക്കരിക്കാൻ ലഘുലേഖകൾ വിതരണംചെയ്യും. തുറന്ന ചർച്ചകൾ സംഘടിപ്പിക്കും. മിക്കവാറും മുടക്കദിവസങ്ങളിലായിരിക്കും ഇതെല്ലാം. കടപ്പുറത്തെ തിരക്കും അന്നാകുമല്ലോ. സഹപ്രവർത്തകർക്ക്‌ അതൊരു പിക്നിക്കുമാവും. ഇതിലെല്ലാം വിഷ്ടിയും കൂടും.

ഉദ്യോഗവും ഉല്ലാസവും ഒന്നിച്ചുകൊണ്ടുപോകാൻ അവരെ നോക്കി പഠിക്കണം.

ആമി എന്നെ വന്നു കൊണ്ടുപോയപ്പോഴേക്കും മറ്റുള്ളവർ കടലോരത്തു പണി തുടങ്ങിയിരുന്നു. അവരുടെ ക്യാമ്പിൽ എനിക്കു കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. കുറെനേരം ലഘുലേഖകൾ വിതരണംചെയ്യാൻ സഹായിച്ചു. ഉല്ലാസയാത്രക്കാരിൽ ചിലർ ജിജ്ഞാസതോന്നി വർത്തമാനം പറഞ്ഞുവന്നു. ചിലരിതൊന്നും ഗൗനിച്ചതേയില്ല.

കടപ്പുറം നിറയെ ആണും പെണ്ണും. വെയിൽകാഞ്ഞും വെള്ളത്തിൽചാടിയും ഒരുകൂട്ടർ. കുട്ടികൾ ഓടിക്കളിക്കുന്നു. പന്തുതട്ടുന്നു. വർണക്കുടക്കീഴിൽ ലഹരിയും മോന്തി കുറേപേർ. തിരക്കിനിടയിലും തുണിയൂരിക്കിടക്കുന്നവർ. കെട്ടിമറിഞ്ഞു ചുംബിക്കുന്നവർ. പാട്ടിനൊത്തു തുള്ളുന്നവർ. സ്ര്തീപുരുഷശരീരങ്ങളെ ഇനിയൊരു കോണിൽ കാണാനില്ലാത്ത കാഴ്‌ചവിശേഷം.

തീരത്ത്‌ വൃത്തിയിൽ നിരത്തിയ ആഹാരക്കടകൾ. ഭക്ഷണസാധനങ്ങൾക്കെല്ലാം മിതമായ വിലമാത്രം. കാർ കൊണ്ടിടാനും കക്കൂസ്‌കുളിമുറികൾ ഉപയോഗിക്കാനും പണംകൊടുക്കണം. അതിൽനിന്നുള്ള വരവുകൊണ്ടാണ്‌ കടപ്പുറം വെടുപ്പായി സൂക്ഷിക്കുന്നതും ജീവരക്ഷാസൗകര്യങ്ങൾ ഒരുക്കുന്നതും. തീരത്തെ അപായകരമായ സ്ഥലങ്ങൾ ചുവപ്പുകുറ്റികൾനാട്ടി അടയാളപ്പെടുത്തിയിരിക്കും. തിരത്തള്ളലിന്റെയും വേലിയേറ്റത്തിന്റെയും സ്ഥിതിയനുസരിച്ച്‌ അവയുടെ സ്ഥാനം മാറ്റിക്കൊണ്ടേയിരിക്കും. ഇതിനെല്ലാം വിദഗ്‌ധശിക്ഷണം ലഭിച്ച ജീവരക്ഷകരുണ്ടാകും.

ആമിയുടെ സഹപ്രവർത്തകൻ ചന്ദർ പറഞ്ഞതു ശരിയായിരുന്നു. സ്വന്തംവീട്ടിലെ ചെലവിനേക്കാൾ കുറയും ഒരുദിവസം ബീച്ചിൽ കഴിച്ചാൽ. പ്രകൃതിയിലേക്കുള്ള പ്രയാണം പണച്ചെലവേറിയതല്ല അവിടെ. അതുകൊണ്ടുകൂടിയാകണം കൂട്ടംകൂട്ടമായി നാട്ടുകാർ പുറത്തളങ്ങളിൽ സമയം കഴിക്കാൻ ആവേശപ്പെടുന്നത്‌.

മാറിയുടുക്കാൻ തുണി കരുതിയിട്ടില്ലാതിരുന്നതിനാൽ ഞാൻ തിരയിലേക്കിറങ്ങിയില്ല. വെറുതെ നടക്കുമ്പോൾ, കൈകോർത്തു വട്ടത്തിൽ നൃത്തമാടുന്ന ഒരു നീഗ്രോക്കൂട്ടത്തിൽ ചെന്നുപെട്ടു. ഒരു സ്ര്തീ കൈപിടിച്ചുവലിച്ചു. കണ്ണടച്ചുതുറക്കുമ്പോഴേക്കും ഞാനും വൃത്തത്തിലായി. ഏതോ ആഫ്രിക്കൻപാട്ടുംപാടി ഇടമുറിഞ്ഞ കാൽതാളത്തോടെ തലയുമാട്ടി അവരാടി. അവരുടെ നടുവിൽ ആളിക്കത്തുന്ന തീക്കുണ്ഡമുണ്ടെന്നു സങ്കൽപ്പിച്ചിരിക്കാം. ചുറ്റും തീപ്പന്തങ്ങൾ കത്തിനിൽക്കുന്നുണ്ടെന്നും ഭാവനയുണ്ടാകാം. അങ്ങിട്ടിട്ടുപോന്ന ആദിവാസിച്ചിട്ടകളുടെ അവശിഷ്ടങ്ങളെ ആവാഹിക്കുന്നതാകാം. വിസ്മൃതമായ പ്രാഗ്‌രൂപങ്ങളെ പുനരവതരിപ്പിക്കുന്നതാവാം.

അവരെല്ലാം ഒരുതരം ഉന്മാദത്തിലായിരുന്നു.

കടപ്പുറത്ത്‌ വൃദ്ധന്മാരുടെ എണ്ണവും കുറവായിരുന്നില്ല. കടൽവെള്ളത്തിൽ മുങ്ങാനും കടൽക്കാറ്റേറ്റു വിശ്രമിക്കാനും ഇടയ്‌ക്കിടയ്‌ക്ക്‌ അവരെത്തുന്നു. ഒറ്റയ്‌ക്കു കാറോടിച്ചുവരുന്നവരുണ്ട്‌. ഏതു വിജനമായ കടപ്പുറത്തു ചെന്നാലും അത്തരം ഒറ്റപ്പെട്ടവരെ കാണാനൊക്കും. ചക്രവാളത്തിൽ കണ്ണുംനട്ട്‌ അവരങ്ങനെ കുത്തിയിരിക്കും. കഴിഞ്ഞകാലം കുത്തഴിഞ്ഞൊഴുകുന്നുണ്ടാവണം കരളിന്നുള്ളിൽ.

ക്യാമ്പിൽ മടങ്ങിവന്നപ്പോൾ സാന്റ്‌വിച്ച്‌ പൊതിയുമായി വിഷ്ടി നിൽക്കുന്നു. എല്ലാവരും വട്ടമിട്ടിരുന്ന്‌ ആഹാരം കഴിച്ചു. ടെക്നീഷ്യൻ ഫൈസറിന്റെ കാമുകിയും കൂട്ടിനെത്തിയിട്ടുണ്ട്‌. കലാശാലയിൽ വിദ്യാർഥിനിയാണ്‌. വിഷ്ടിയുടെ സുഹൃത്താണ്‌. ടാനിയ. നല്ല പേരെന്നു ഞാൻ പറഞ്ഞു. ആ പേരിൽ എൻ.വി.യുടെ കൊച്ചുകാവ്യം വീട്ടിലെ തട്ടിൻപുറത്തുണ്ടായിരുന്നു. കുഞ്ഞുനാളിൽ എടുത്തു വായിച്ചതോർമയുണ്ട്‌. ഇടതുപക്ഷത്തേക്കാണോ ചായ്‌വെന്നു വെറുതെ ചോദിച്ചു.

“അതെ. ഫൈസറുമതെ. അങ്ങനെയാണ്‌ ഞങ്ങൾ അടുത്തതുതന്നെ,” ടാനിയ പറഞ്ഞുഃ “അച്ഛൻ അറിഞ്ഞിട്ട പേരാണെനിക്ക്‌.”

“ഈനാട്‌ ഞങ്ങൾ മാറ്റിയെടുക്കും,” അവർ ആണയിട്ടുഃ “ക്യൂബ ഞങ്ങളുടെ അയൽപക്കമാണ്‌. അമേരിക്കയുടെ കണ്ണിലെ കരട്‌. കരീബിയൻരാജ്യങ്ങൾക്കെല്ലാം മാതൃകയാണു ‘കൂബ’. ഫിദേൽ കാസ്‌ത്രോ ഞങ്ങൾക്കു പ്രിയങ്കരൻ. പക്ഷെ അമേരിക്കൻമുതലാളിത്തത്തിനു മുമ്പിൽ ഞങ്ങൾ തളരുകയാണ്‌. ഇത്രയ്‌ക്കു പിടിച്ചുനിൽക്കുന്നതേ അത്ഭുതമായിത്തോന്നുന്നു. ഒരു വിപ്ലവം അനിവാര്യമാകുന്നു.”

ഇടകൊടുത്താൽ ഒരു സ്‌റ്റഡിക്ലാസ്‌ നടക്കുമെന്നു തോന്നി. വിഷയം മാറ്റി.

“പഠിത്തം കഴിഞ്ഞാൽ എന്താണു ഭാവം?”

“ഫൈസറും ഞാനും കുറെ നാടുചുറ്റും. ഇന്ത്യയിലേക്കും വരും.”

അതുകേൾക്കേണ്ട താമസം വിഷ്ടി വിളിച്ചുകൂകിഃ “ഇന്ത്യയിലേക്കു ഞാനുമുണ്ടുകൂടെ!”

“മിണ്ടാതിരിയെടി പെണ്ണേ. അവർ മധുവിധുവിനു പോകുന്നു. നിനക്കവിടെയെന്തു കാര്യം?” ചന്ദർ. “ആദ്യം ഒരു കാമുകനെ കണ്ടെത്താൻ നോക്ക്‌. എന്നിട്ടാവാം.”

വിഷ്ടി എളുപ്പമൊന്നും വിടുന്ന മട്ടല്ല. “കാമുകനെ കണ്ടെത്താനാവും ഞാനവിടെ പോവുക. ഇല്ലേ സ്വാമി, എനിക്കൊരാളെ അവിടന്നു കണ്ടുപിടിച്ചു തരില്ലേ?”

“ഇവിടെ കണ്ടെത്താനാവാത്തതോ അവിടെ കിട്ടുന്നു?” ഞാൻ ആശ്ചര്യപ്പെട്ടു. ഇവിടെ ചക്കപ്പഴം തുറന്നുവച്ചാൽ മതിയല്ലോ. ഈച്ചകൾ താനെ പറന്നെത്തും. ഉടനെ തിരുത്തി. അവിടെയും അങ്ങിനെയായിത്തുടങ്ങിയല്ലോ.

ഈ പെണ്ണിനെന്തു പറ്റി? ആദ്യദിവസം തന്നെ ശ്രദ്ധിച്ചതാണ്‌. ഇന്ത്യയോട്‌ ഒടുങ്ങാത്ത അഭിനിവേശം. തലമുറ മൂന്നാലുകഴിഞ്ഞിട്ടും ചോരക്കലർപ്പറിഞ്ഞിട്ടും പ്രലോഭനങ്ങൾക്കു നടുവിൽ യൗവനമുദിച്ചിട്ടും മണ്ണുമാന്തി വേരെണ്ണുന്നല്ലോ.

ഇതൊരു കാണാക്കടമോ?

Previous Next

നാരായണസ്വാമി


E-Mail: gnswamy@email.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.