പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > വിഷ്‌ടിക്കൊരു കുങ്കുമപ്പൊട്ട്‌ > കൃതി

പതിമൂന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാരായണസ്വാമി

നോവൽ

വിഷ്ടിക്ക്‌ തന്റെ പേരിന്റെ അർഥമറിയണം. അമ്മ ഇന്ദ്രാണിക്ക്‌ അറിയില്ല. മുത്തച്ഛനിട്ട പേരാണ്‌. മുത്തച്ഛനെയും മുത്തശ്ശിയെയും കണ്ടിട്ടില്ല. പലരോടും ചോദിച്ചു. ആർക്കുമറിയില്ല.

ഉച്ചയൂണുകഴിഞ്ഞാൽ അവളുടെ ഒരു വരവുണ്ട്‌. എല്ലാമുറിയിലും പറന്നിറങ്ങും. എല്ലാവരുടെയും പൊന്നോമനയാണല്ലോ. മലയാളത്തിലെ ഇംഗ്ലീഷ്‌ പ്രസരത്തെപ്പറ്റി ജൂലിയോടു അതികഠിനമായി സംസാരിച്ചുനിൽക്കുമ്പോഴാണ്‌ വിഷ്ടി വന്നത്‌. ഭാരതത്തിലെ പേരുകൾക്ക്‌ പൊതുവെ അർഥമുണ്ടാകുമെന്നും ഈയിടെയായി ഈ സ്ഥിതി മാറിവരികയാണെന്നും ഞാൻ പറഞ്ഞു. പണ്ടെല്ലാം മതവും ജാതിയും ലിംഗവും ഒരുപക്ഷെ ദേശവുംവരെ പേരിൽനിന്ന്‌ ഊഹിച്ചെടുക്കാമായിരുന്നു. ഇന്ന്‌ അവയുടെയെല്ലാം സാംഗത്യവും ഇല്ലാതാവുകയല്ലേ.

എനിക്കുമറിയില്ലായിരുന്നു ‘വിഷ്ടി’യുടെ അർഥം.

“ഒന്നു ഭാര്യയ്‌ക്കെഴുതിച്ചോദിക്കാമോ?”

“അത്ര ധൃതിയോ? എങ്കിലാവാം. അതിനുമുമ്പ്‌ ഭാര്യയെ അക്ഷരമാല പഠിപ്പിക്കണമല്ലോ. നിഘണ്ടു നോക്കാൻ.”

“അപ്പോൾ നിങ്ങൾ ഒരേഭാഷക്കാരല്ലേ?”

“അതൊക്കെയതെ,” ഞാനൊരു കടങ്കഥയ്‌ക്കു പഴുതു കണ്ടുഃ “പക്ഷെ ഞങ്ങളുടെ മാതൃഭാഷകൾ വേറെ. അതിനു ലിപിയുണ്ട്‌. എന്നാൽ വെവ്വേറെ. ഞങ്ങൾ അന്യോന്യം സംസാരിക്കുന്നത്‌ ഒരേഭാഷ. അത്‌ മാതാവിന്റെ ഭാഷ. അതിനു ലിപിയില്ല. രാഷ്ര്ടഭാഷ ഞങ്ങൾക്ക്‌ ഒന്നുതന്നെ. അതിന്റെ ലിപിയോ വേറൊന്ന്‌. ഉദ്യോഗഭാഷ ഇംഗ്ലീഷ്‌. ഔദ്യോഗികഭാഷ ഹിന്ദി. ഇപ്പോൾ താമസിക്കുന്നിടത്തെ ഭാഷ കൊങ്കണി. അതിന്‌ മൂന്നാലു ലിപികളുണ്ട്‌. എല്ലാവരുടെയും പൊതുസ്വത്തായി സംസ്‌കൃതം എന്നൊരു ദേവഭാഷയുണ്ട്‌. ദേവനാഗരി ലിപിയിൽ. അത്‌ മൃതഭാഷയാണ്‌. ഞങ്ങൾക്ക്‌ അതത്ര വശം പോര. വിഷ്ടി എന്നത്‌ സംസ്‌കൃതവാക്കായിരിക്കണം.”

ജൂലിക്കാകെ തലകറക്കംഃ “യൂ ആർ പ്ലേയിംഗ്‌ വിത്‌ വേർഡ്‌സ്‌!”

അല്ലെന്നു ഞാൻ. തീർന്നില്ലെന്നും പറഞ്ഞു. ഓരോ സംസ്ഥാനത്തും ഒരോ ഭാഷ. ഒരോ നൂറു കിലോമീറ്ററിനും സംസാരശൈലി മാറും. ഇരുനൂറുകിലോമീറ്ററിന്‌ ആഹാരരീതി മാറും. അഞ്ഞൂറുകിലോമീറ്ററിന്‌ ഭാഷ മാറും. ആയിരംകിലോമീറ്ററിന്‌ സംസ്‌ക്കാരംതന്നെ മാറും. അതാണു ഭാരതം!

“പ്ലീസ്‌,” വിഷ്ടി കെഞ്ചി. “എങ്ങിനെയെങ്കിലും എന്റെ പേരിന്റെ അർഥമറിയൂ.”

“നിഘണ്ടുവിൽ പേജുനമ്പർ പറഞ്ഞുകൊടുത്താൽ പകർത്തിയെഴുതിക്കിട്ടുമായിരിക്കും. നോക്കട്ടെ.”

കിട്ടി.

പക്ഷെ അതെങ്ങിനെ ഈ കുട്ടിയോടു പറയും? ഇന്ദ്രാണിയുടെ കുഞ്ഞ്‌ മുതുമുത്തച്ഛൻമാർക്ക്‌ അത്ര വർജ്യമായിരുന്നോ? അതോ വിധിയുടെ വക്രോക്തിയോ? അതോ അടിമബുദ്ധിക്കൊരു വികൃതി തോന്നിയോ?

ചില സമുദായങ്ങളിൽ പിറന്നുവീണ കുട്ടിയെ മാരണങ്ങളിൽനിന്നു രക്ഷിക്കാൻ പലേ വികൃതനാമങ്ങൾ ഉപയോഗിക്കുമെന്നു കേട്ടിട്ടുണ്ട്‌. ആണ്ടി, പിച്ച, ബുക്കി, ഭിക്കു, പെസോ, മണ്ണാങ്കട്ട. പേരുകേട്ട്‌ ദുർഭൂതങ്ങൾ ഒഴിഞ്ഞുപോകുമത്രെ. അതിനാകുമോ ‘വിഷ്ടി’യും?

ഒരുപക്ഷെ ‘വൃഷ്ടി’ വേഷംമാറിയതാകുമോ?

കേട്ടപ്പോൾ വിഷ്ടിയുടെ മുഖം വാടി. “സാരമില്ല. ഇനി ഞാനിതാരോടും മിണ്ടില്ല,” അവൾ സമാധാനപ്പെട്ടുഃ “എനിക്ക്‌ എന്നോടുതന്നെ വെറുപ്പു തോന്നാതിരുന്നാൽ മതിയല്ലോ.”

വിഷ്ടിയുടെ പിതാമഹന്മാരും വടക്കെ ഇന്ത്യയിൽനിന്നുള്ള കൂലിപ്പണിക്കാരായിരുന്നു. അമ്മയ്‌ക്കിന്നും കുറെ ഭോജ്‌പുരിപ്പാട്ടുകളറിയാം. ഇന്ദ്രാണി സ്‌ക്കൂളിൽ പഠിക്കുന്ന കാലം. ഒരാൾ എന്നും പിന്നാലെകൂടും. ചെറുപ്പക്കാരൻ. സുന്ദരൻ. അയൽരാജ്യത്തിലെയാണ്‌. വെനിസ്വെലക്കാരൻ. ഒരുതരം ‘പാത്വ’ഭാഷക്കാരൻ. കുറെകഴിഞ്ഞപ്പോൾ ഇന്ദ്രാണിക്കും അഭിമതമായി. അനുരാഗം മൂത്തപ്പോൾ വീട്ടുകാരുടെ ചെവിയിലെത്തി. അധികമൊന്നും ആലോചിച്ചില്ല. അവർ വിവാഹിതരായി.

കല്യാണം കഴിഞ്ഞതും വിഷ്ടി പിറന്നു. അച്ഛൻ ഇടയ്‌ക്കിടെ വെനിസ്വെലയ്‌ക്കു പോകും. കച്ചവടാവശ്യത്തിനെന്നു കരുതി. പലനാൾ അവിടെ തങ്ങും. അതിനിടെ പെൺമക്കൾ മൂന്നായി. അതോടെ അയാളുടെ തിരിച്ചുവരവു ചുരുങ്ങി. പിന്നെ അതുമില്ലാതായി. വർഷമേറെയായി. ഇന്ദ്രാണിയും മക്കളും കാത്തിരുന്നു മടുത്തു. ഇപ്പോൾ ഒരു വിവരവുമില്ല. തിരക്കാനൊട്ടു മെനക്കെട്ടതുമില്ല.

എങ്കിലും ഇന്ദ്രാണി പിടിച്ചുനിന്നു. അവരുടെ സഹോദരന്മാർ സഹായമായിരുന്നു. സമൂഹത്തിലും അതൊരു കാര്യമല്ലാതായിത്തീർന്നിരുന്നു. മക്കളെ പഠിപ്പിച്ചു. രണ്ടുപേർക്ക്‌ ചെറുജോലികളുണ്ട്‌. അതുകൊണ്ട്‌ കഷ്ടപ്പാടില്ലാതെ ജീവിക്കുന്നു. ഏറ്റവും ഇളയവൾ പഠിക്കുന്നു.

ഇന്ദ്രാണിക്ക്‌ മധ്യവയസ്സേ കാണൂ. എവിടേക്കും പോകില്ല. വീട്ടുജോലിയും പൂജാകർമങ്ങളുമായി ദിവസം നീക്കും. വിവാഹമെന്നാലേ വെറുപ്പാണ്‌. എല്ലാം മക്കൾക്കു വിട്ടുകൊടുത്തിരിക്കുന്നു.

ഫ്രെഡി പറഞ്ഞതാണിതെല്ലാം. ഫ്രെഡിയുടെ അമ്മയും ഇന്ദ്രാണിയും ഒരേ ഗ്രാമക്കാരാണ്‌. വിഷ്ടിയുടെ മനസ്സിനുള്ളിലെ മുറിപ്പാടുകൾ ഞാൻ കണ്ടു. പുറമേക്കൊരു പൂമ്പാറ്റ. അകത്തൊരു വാടിയ പൂവ്‌. ഇതു ചിറകറ്റുവീഴരുത്‌. ഇത്‌ ഇതളറ്റുപോകരുത്‌. ഒരു പിതൃഭാവം എന്നെ പിടികൂടി.

വലിയൊരു മാമ്പഴവുംകൊണ്ടായിരുന്നു അടുത്ത തവണ വരവ്‌. ഞങ്ങളതു പൂളിത്തിന്നു. അമ്മപ്പൂള്‌, പള്ളപ്പൂള്‌, ഉണ്ണിപ്പൂള്‌, കൊതിപ്പൂള്‌. ഞാൻ അതവർക്കു പറഞ്ഞുകൊടുത്തു. ഒറ്റക്കയ്യുകൊണ്ട്‌ അണ്ടി ചപ്പിത്തിന്നുന്ന വിധം മാത്രം രഹസ്യമായി വച്ചു.

ഓഫീസിന്റെ പരിസരത്തിലെ എണ്ണമറ്റ തൈമാവുകളിൽ എണ്ണമറ്റ മാമ്പഴം. ഒന്നൊന്നായി വീണുകൊണ്ടേയിരിക്കും. തോട്ടക്കാരൻ അതെല്ലാം പെറുക്കി ഒരു കുട്ടയിലാക്കി വയ്‌ക്കും. വിഷ്ടി അറിയിച്ചു. വൈകുന്നേരം ആർക്കുവേണമെങ്കിലും വാരി വീട്ടിൽ കൊണ്ടുപോകാം.

ഞാനും കുറെകൊണ്ടുപോയി പുളിശ്ശേരിയുണ്ടാക്കി.

Previous Next

നാരായണസ്വാമി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.