പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > വിഷ്‌ടിക്കൊരു കുങ്കുമപ്പൊട്ട്‌ > കൃതി

പന്ത്രണ്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാരായണസ്വാമി

നോവൽ

ഓടിക്കിതച്ചാണ്‌ വിഷ്ടിയെത്തിയത്‌. കയ്യിൽ ഒരുപിടി കത്തുകൾ. നാട്ടിൽനിന്ന്‌ ഒരു പറ്റം ഒന്നിച്ചെത്തിയിരിക്കുന്നു. എല്ലാംകൂടി എന്നെ ഏൽപ്പിച്ചു. ഉച്ചത്തിൽ പ്രഖ്യാപിച്ചുഃ “ഭാര്യക്കെല്ലാം സുഖമാണ്‌.”

“എങ്ങിനെ അറിയാം?” ഞാൻ ചോദിച്ചു. “വായിച്ചുനോക്കിയിട്ടു പറയാം.”

“വായിക്കാനെന്തിരിക്കുന്നു? മേൽവിലാസത്തിൽ കൈപ്പടയുടെ വടിവു കണ്ടില്ലേ? അവിടെയാർക്കും ഒരു പ്രശ്നവുമില്ല.”

“എങ്കിൽ നന്നായി,” ഞാനും വിട്ടില്ല. “പ്രശ്നം പുറത്തില്ലായിരിക്കും. അകത്തായിരിക്കും. പുറത്തുകാട്ടിയെന്നു വരില്ല. സ്ര്തീകളെന്നാൽ മുദ്രവച്ച ലക്കോട്ടെന്നല്ലേ?”

അവളൊന്നു പാളിനോക്കി. “എന്താ, ആണുങ്ങളെന്നാൽ കണ്ണാടിച്ചില്ലെന്നാണോ?”

“അതെ”, നാസർ കേറിപ്പിടിച്ചു. “പെണ്ണുങ്ങൾ മിനുങ്ങാൻ മുഖംനോക്കുന്ന കണ്ണാടി. സ്വന്തം മുഖമേ കാണൂ.”

“എങ്കിൽ ഞാൻ കണ്ടു”, വിഷ്ടി നാസറിന്റെ തലയിൽ എഴുന്നുനിൽക്കുന്ന ഒരേയൊരു നരച്ചമുടി നാടകീയതയോടെ പിഴുതെടുത്തു. “എന്റെ സുന്ദരസ്വപ്നം പോലെ!”

അവിടെ ചിട്ടയായി വസ്ര്തംധരിച്ച്‌ തലയുംമിനുക്കി ചമഞ്ഞുനടക്കുന്ന ഒരേയൊരു പയ്യൻ നാസർ. എല്ലാരിലും ഇളപ്പം വിഷ്ടിയും. അവർ നേർക്കുനേർ കണ്ടാൽ കശപിശ തുടങ്ങും.

നാസറിന്റെ അച്ഛൻ ഹിന്ദുവാണ്‌. ഗോപാൽ. അമ്മ മുസ്ലിം. മുനീറ. അവർ അകലെ ഗ്രാമപ്രദേശത്താണ്‌. കൃഷിക്കാരാണ്‌. നാസർ അമ്മയുടെ മൂത്തസഹോദരി ഹസീനയുമൊത്ത്‌ ടൗണിലാണു താമസം. അവിവാഹിതയാണു ഹസീന. നിത്യകാമുകിയെന്ന്‌ നാസർ അടക്കം പറഞ്ഞു. പത്തറുപതു വയസ്സായി. ടീച്ചറാണ്‌. എല്ലാത്തിനും പട്ടാളച്ചിട്ടയാണ്‌. വൈകുംമുമ്പേ വീട്ടിലെത്തിക്കൊള്ളണം. ഒന്നാന്തരം ആഹാരമുണ്ടാക്കും. അതുമുഴുവൻ തിന്നണം. വീട്ടുകാര്യങ്ങളിൽ സഹായിച്ചുകൊടുക്കണം. ഹസീന മറ്റൊരു സഹോദരിയുടെ മകളെയും കൂടെ പാർപ്പിച്ചു പഠിപ്പിക്കുന്നു. കയറുപൊട്ടിക്കാൻ സമ്മതിക്കാത്ത പ്രകൃതം. നാസറിനുമതുതന്നെ. അതുകൊണ്ട്‌ അവനെ പലരും ‘മാമാബോയ്‌’ എന്നു കളിയാക്കും. എങ്കിലും ബുദ്ധി കൂരമ്പുപോലെയാണ്‌. വാക്കും.

പണിത്തിരക്കിൽ ഒരുനാൾ വൈകി. നാസറിന്റെ പതിവു ബസ്സ്‌ പോയി. കാറില്ല നാസറിന്‌. ഫ്രെഡിക്ക്‌ വണ്ടിയോടിക്കൽ ഹരമാണ്‌. എന്നെ വീട്ടിൽവിട്ട്‌ നാസറിനെ കൊണ്ടുപോകാമായിരുന്നു. പക്ഷെ നാസറിനൊരു കുസൃതി. ഒന്നിച്ചു തന്റെ വീട്ടിൽ പോകാം. വലിയമ്മയെ പരിചയപ്പെടുത്താം.

ചെറുതെങ്കിലും വെടിപ്പുള്ള വീട്‌. എല്ലാത്തിനുമുണ്ട്‌ അതിന്റേതായ സ്ഥാനം. തനി ‘ലഖ്‌നവി’വേഷത്തിൽ ഹസീന. പ്രൗഢ. ഇരിക്കുംമുമ്പേ തളികയിൽ ചായക്കോപ്പുകളുമായി വന്നു. തിന്നാൻ കുറെ സാധനങ്ങളും. എന്റെ കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി.

കുറെ സ്വന്തം കാര്യങ്ങളും പറഞ്ഞു. ഒരു അനാഥവിദ്യാലയത്തിലായിരുന്നു ജോലി. പെൻഷൻപറ്റിയെങ്കിലും അവരുടെതന്നെ അനാഥാലയത്തിന്റെ ചുമതലയാണിപ്പോൾ. നൂറുകണക്കിനു കുട്ടികളുണ്ട്‌. പണ്ട്‌ ഇന്ത്യയിൽനിന്നും മറ്റും കുടിയേറിയവരുടെ പല കുഞ്ഞുങ്ങളും അനാഥരായിപ്പോയി. കപ്പലിൽവച്ചുതന്നെ അച്ഛനമ്മമാർ നഷ്ടപ്പെട്ടവരുണ്ടായിരുന്നു. കരയിലെത്തിയശേഷം രോഗം ബാധിച്ചുമരിച്ചവരുടെ കുട്ടികളുണ്ടായിരുന്നു. ഒരു ക്രിസ്ത​‍്യൻമിഷണറിയാണ്‌ അനാഥർക്കുള്ള ആദ്യത്തെ പള്ളിക്കൂടം തുറന്നത്‌. ഇപ്പോൾ അഞ്ചാറെണ്ണമുണ്ട്‌. അതിലൊരു സ്ഥാപനമാണ്‌ തന്റേത്‌. കുടിയേറ്റക്കാരുടെ സന്തതിപരമ്പരകളിൽ പലരും പിന്നീട്‌ അനാഥരായിപ്പോയി. ഇപ്പോൾ വിവാഹേതരബന്ധത്തിലെ കുട്ടികളുടെ എണ്ണം പെരുകുന്നു. എല്ലാ വർഗക്കാരുമുണ്ട്‌. എല്ലാ മതക്കാരുമുണ്ട്‌. അവരെയെല്ലാം സ്വന്തംകാലിൽ നിൽക്കാൻ പരിശീലിപ്പിക്കണം. പറക്കമുറ്റുമ്പോൾ പറക്കട്ടെ.

“ഉത്തരേന്ത്യക്കാരുടെ പിൻതലമുറയാണു ഞങ്ങൾ. ജനിച്ചന്നേ മറ്റു വർഗങ്ങളുമായി ഇടപഴകി. മനുഷ്യർ തമ്മിലുള്ളത്ര വ്യത്യാസങ്ങളുണ്ടോ വർഗങ്ങൾതമ്മിൽ?”

അവർ ഒരു ക്ലാസ്സെടുക്കുന്നതുപോലെ.

“പിറന്നുവീണത്‌ മുസ്ലിംസമുദായത്തിലാണ്‌. ആ ചിട്ടയിൽതന്നെയാണിന്നും. മാറേണ്ടി വന്നിട്ടില്ല. മാറണമെന്നു തോന്നിയിട്ടുമില്ല. ഹിന്ദുക്കളുമായും ക്രിസ്ത​‍്യാനികളുമായും എന്നും ഒത്തൊരുമയിലാണു ഞങ്ങൾ. ഒരോരുത്തർക്ക്‌ ഓരോരോ വിശ്വാസം. അത്രതന്നെ.

ഞങ്ങൾ എട്ടുപത്തുമക്കളായിരുന്നു. രണ്ടു പെൺമക്കൾ. ഞാനും നാസറിന്റെ അമ്മയും. നന്നേ ഞെരുങ്ങിയാണ്‌ ജീവിച്ചത്‌. തോട്ടപ്പണിക്കാരായിരുന്നെങ്കിലും അച്ഛനമ്മമാർ ഞങ്ങളെ കുറച്ചൊക്കെ പഠിപ്പിച്ചു. പ്രാഥമികവിദ്യാഭ്യാസം അപ്പോഴേക്കും നിർബന്ധമാക്കിയിരുന്നു. ടീച്ചറായി ജോലികിട്ടിയതോടെ ഞാനെല്ലാം മറന്നു. താഴയുള്ളവർക്കെല്ലാം ഉപരിപഠനത്തിനു സൗകര്യമുണ്ടായി. നാസറിന്റെ അമ്മ വീട്ടമ്മയായി. ഭർത്താവ്‌ ഗോപാൽ നല്ലവനാണ്‌. നാസറിന്റെ കയ്യിലാണ്‌ വീടിന്റെ ഭാവി.”

അതുകേട്ടതും നാസറൊരു ചാട്ടം. ആദ്യം കൈമണത്തുനോക്കി. ഓടിപ്പോയി കൈകഴുകി ഒന്നുകൂടി മണത്തുനോക്കി. തുടച്ചുനോക്കി. കൈരണ്ടുംകൂട്ടി തിരുമ്മിനോക്കി. എന്നിട്ട്‌ ഇരുവശവും തലയാട്ടിപ്പറഞ്ഞുഃ “രക്ഷയില്ല.”

“ഉ-ണ്ടാ-ക്ക-ണം.” ഹസീന ഇടഞ്ഞ മട്ടാണ്‌. പെട്ടെന്ന്‌ ശുണ്‌ഠി വരുന്ന മട്ടാണെന്നും മനസ്സിലായി. അതിനിടെ കയറിവന്ന മരുമകൾ ലത്തീഫയോട്‌ തട്ടിക്കയറിഃ “നേരം വൈകിയല്ലോ. എന്തായി?”

അവൾ ഭംഗിയായി ചിരിച്ചുനിന്നതേയുള്ളൂ.

സമപ്രായക്കാർ രസിച്ചുനടക്കുമ്പോൾ ഇവരെയിങ്ങനെ തളച്ചിടാനാകുമോ? എന്റെ വിചാരം ഞാൻ മറ്റൊരു വാചകത്തിലാക്കി. “ഇവിടെ പേടിക്കാനെന്തുണ്ട്‌?

”പറയാം,“ ഹസീന തുടങ്ങി. ”ഞങ്ങളുടെ മുൻഗാമികൾ ഇവിടെവന്നപ്പോൾ അവരെന്തായിരുന്നു? ഈ നാടെന്തായിരുന്നു? ഇന്നോ? രണ്ടുമൂന്നു തലമുറയ്‌ക്കുള്ളിൽ ഞങ്ങൾ സമ്പത്തു കണ്ടു. അതാരുടെ വിയർപ്പ്‌? ഉദയം കിഴക്കാണ്‌. പക്ഷെ ഞങ്ങളുടെ പോക്ക്‌ പടിഞ്ഞാട്ട്‌. ഭൗതികസുഖം തേടി. കഴിഞ്ഞകാലം ആരോർക്കുന്നു? ഇന്നുമാത്രം ജീവിച്ചുതീർക്കാനുള്ളതല്ലല്ലോ ഈ ജീവിതം. നാളെയെന്തെന്ന്‌ ആരുകണ്ടു? തനിക്കു താനല്ലാതെ ആരുണ്ടാകും തുണ? വഴിയിൽ കാലിടറിയവനെ ചവിട്ടിപ്പോകും പിമ്പേവരുന്നവർ. ഇവർ പാതിവഴിയിൽ കുഴഞ്ഞുവീഴണമെന്നോ? ഇവരുടെ കുഞ്ഞുങ്ങൾ അനാഥാശ്രമത്തിൽ വളരണമെന്നോ?“

അമ്മയുമച്ഛനുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളൊത്തുള്ള ജോലി അവരുടെ മനസ്സിൽ വലിയൊരു ആഘാതമേൽപ്പിച്ചിരിക്കുന്നതായി തോന്നി.

ഫ്രെഡിക്ക്‌ അൽപം തിടുക്കമുണ്ടായിരുന്നു. ടെന്നീസ്‌കളിയുള്ള ദിവസമാണ്‌. വീട്ടിലേക്ക്‌ വളരെ ദൂരമുണ്ട്‌. ഞാനുമെഴുന്നേറ്റു. താൻ കൊണ്ടുവിടാമെന്ന്‌ ഹസീന.

കാറിൽവച്ചും അവർ വാചാലയായി. അനാഥാലയത്തിലെ ഒരു കുട്ടി. ചെറുപ്പംമുതലേ നന്നായി പടം വരയ്‌ക്കും. ആരുമായും ഇടപഴകില്ല. ഇടയ്‌ക്കിടെ ചില വയ്യാവേലികളും വരുത്തിവയ്‌ക്കും. കൂട്ടത്തിൽ തെറ്റിയവനെ പാതിരിമാർ ശ്രദ്ധിച്ചു. ഉപദേശങ്ങളൊന്നും അവന്റെ ചെവിയിലെത്തില്ല. അപ്പോൾ ശിക്ഷകളായി. അതുമവന്‌ പുല്ലായിരുന്നു. ഉണ്ടെങ്കിലുണ്ടു. ഉറങ്ങിയെങ്കിലുറങ്ങി. ചിലപ്പോൾ അങ്ങിറങ്ങിനടക്കും. വല്ലപ്പോഴും കയറിവരും. പഠിത്തത്തിലും താൽപരൃം കുറവായിരുന്നു. ആരോഗ്യവും മോശം.

പിക്‌നിക്കിന്‌ കടൽക്കരയിൽ പോയതാണ്‌. ഉച്ചയ്‌ക്ക്‌ ആഹാരത്തിന്‌ ഒത്തുകൂടിയപ്പോൾ അവനെമാത്രം കാണാനില്ല. കൂട്ടത്തിൽ മുതിർന്നവർ പിള്ളേരെ അറിയിക്കാതെ അന്വേഷിക്കാൻ പുറപ്പെട്ടു. കടപ്പുറത്തെ ലൈഫ്‌ ഗാർഡിനെയും വിവരം ധരിപ്പിച്ചു. അന്വേഷണം മുറുകുമ്പോൾ അതാ വരുന്നു ഒരു റേഡിയോ സന്ദേശം. ആൾ അടുത്ത കടപ്പുറത്തുണ്ട്‌. ചെന്നുനോക്കുമ്പോൾ അവൻ തികച്ചും വ്യത്യസ്തനായൊരു കുട്ടി. തുള്ളിച്ചിരിച്ചുകൊണ്ട്‌ ലൈഫ്‌ ഗാർഡുമാരുടെ കൂടെ. അവരുടെ ബോട്ടുകളും മറ്റുപകരണങ്ങളും നോക്കിരസിച്ചുകൊണ്ട്‌. നീന്തൽ പഠിപ്പിക്കാൻ അവരെ നിർബന്ധിച്ചുകൊണ്ട്‌.

അതൊരു പാഠമായിരുന്നു. തിരിച്ചുവന്നുടൻ അവനെ നീന്തൽക്ലാസ്സിൽ ചേർത്തു. പിന്നീടുണ്ടായ മാറ്റം അത്ഭുതാവഹമായിരുന്നു. അവനൊരു ലക്ഷ്യമുണ്ടായി. അതുനേടാൻ മാർഗവുമായി. അതിലവൻ സന്തോഷം കണ്ടു. ഇന്നവനൊരു വളണ്ടിയർ ലൈഫ്‌ ഗാർഡാണ്‌. ചെറുതെങ്കിലും സ്ഥിരവരുമാനമുണ്ട്‌. മുഖത്തു ചിരിയും. മറ്റുപഠനകാര്യങ്ങളിൽ പിന്നോക്കം തന്നെ. പടംവരയും നിന്നു.

പറഞ്ഞുവന്നത്‌ ഇതായിരുന്നുഃ ”ലക്ഷ്യമില്ലാത്ത തലമുറ നശിക്കും. അതുണ്ടാക്കി മാർഗവും കാണിച്ചുകൊടുത്താൽ ആരും നന്നാവും.“

എനിക്ക്‌ യോജിക്കാതിരിക്കാൻ കഴിഞ്ഞില്ല.

വീണ്ടും കാണാമെന്നു പറഞ്ഞിരുന്നെങ്കിലും എന്തോ അതിനു പറ്റിയില്ല. അതിലവർക്കു പരിഭവവുമുണ്ടായിരുന്നു.

നല്ല ടീച്ചറെ നല്ല വിദ്യാർഥി ഒരിക്കലും തിരിഞ്ഞുനോക്കില്ല എന്നു നാസറിന്റെ ഭാഷ്യം.

Previous Next

നാരായണസ്വാമി


E-Mail: gnswamy@email.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.