പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > കൃഷ്‌ണപ്പരുന്തിന്റെ വിലാപം > കൃതി

മുപ്പത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസഫ്‌ പനയ്‌ക്കൽ

നോവൽ

തണുത്ത കാറ്റ്‌ അസുഖകരമായ ഒരു ബാധയായി മുരണ്ടുകൊണ്ട്‌ അവിടമെങ്ങും ചുറ്റിയലഞ്ഞു. ശുഭ്രമേഘപടലങ്ങളെ ഗ്രസിച്ചുകൊണ്ട്‌ കൃഷ്‌ണമേഘങ്ങൾ ആകാശമാകെ വളർന്നുകൊണ്ടിരുന്നു. ഇരുണ്ട ആകാശത്തിനു ചുവട്ടിൽ തവിട്ടുനിറമുളള ചിറകു വിരിച്ച്‌ കൃഷ്‌ണപ്പരുന്ത്‌ വട്ടത്തിൽ തേങ്ങിതേങ്ങി പറന്നു. അതിന്റെ വിലാപം ആയിരം തന്ത്രികളിൽ നിന്നുളള ദുഃഖഗീതിയായി ഒഴുകിപ്പരന്നു.

കുന്തിരിക്കം പുകയുന്ന ഗന്ധം.

കത്തുന്ന മെഴുകുതിരിയുടെ ഗന്ധം.

മരണത്തിന്റെ ശൈത്യമുളള ഗന്ധം.

നടുമുറിയിൽ, കട്ടിലിൽ അന്നമ്മ പ്രജ്ഞയറ്റു തളർന്നുകിടക്കുന്നു. ഒരു ജീവിതത്തിന്റെ അന്ത്യശ്വാസത്തിനു സാക്ഷ്യം വഹിക്കാൻ ബദ്ധപ്പെട്ട്‌ കുടുംബക്കാരും ബന്ധുക്കളും ഉറ്റവരുമെല്ലാം കട്ടിലിനുചുറ്റും വീർപ്പടക്കിനിന്നു. ബീനയ്‌ക്ക്‌ ഒന്നും കണ്ടുകൂടെങ്കിലും അവളുടെ കരങ്ങൾ അമ്മയുടെ ശരീരത്തിന്റെ ചൂട്‌ അളന്നുകൊണ്ടിരുന്നു. തൊട്ടടുത്ത്‌ വീർത്തവയറുമായി സോഫിയ ഇരുന്നു വിതുമ്പിക്കരഞ്ഞു.

അയൽക്കാരി പെണ്ണുങ്ങൾ നിലത്തുവിരിച്ചിട്ട പായയിൽ മുട്ടുകുത്തി പ്രാർത്ഥനകൾ ഉരുവിട്ടു. തണുത്ത മൗനത്തിന്റെ നിമിഷങ്ങളെണ്ണി, മരണത്തിന്റെ കാലടിസ്വരം കാത്ത്‌, അവർ നിന്നു.

അന്നമ്മയ്‌ക്ക്‌ ഇടയ്‌ക്കിടയ്‌ക്കു വയറുവേദനയുണ്ടാകാൻ തുടങ്ങിയിട്ട്‌ വളരെ നാളായി. ചൂടുപിടിച്ചും താത്‌കാലികമായ സൂത്രമരുന്നുകൾ പ്രയോഗിച്ചും കഴിഞ്ഞുപോന്നു. പെട്ടെന്നാണ്‌ ഒരു ദിവസം കുളിമുറിയിൽ ബോധംകെട്ടു വീണത്‌. അന്നുതന്നെ ആശുപത്രിയിൽ കൊണ്ടുപോയി. കുടലിൽ പഴുപ്പുളളതായി എക്സ്‌റേയിൽ കണ്ടു. ഗാസ്‌റ്റിക്‌ അൾസറാണെന്നു ഡോക്‌ടർ പറഞ്ഞു. രോഗം ഗുരുതരമാണെന്നു മനസ്സിലായപ്പോൾ ഇനാസി അവരെ വെല്ലൂർ മിഷൻ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെവച്ച്‌ ഒരു ഓപ്പറേഷൻ നടത്തി. ചെറുകുടലിന്റെ കുറച്ചുഭാഗം മുറിച്ചു നീക്കി ട്യൂബിട്ടു.

പക്ഷെ, രോഗം അതുകൊണ്ടും അവസാനിച്ചില്ല. അൾസറിന്റെ വ്രണങ്ങൾ മറ്റു ഭാഗങ്ങളിലും പഴുത്തുകൊണ്ടിരുന്നു. സ്ഥിതിഗതികൾ മോശമായപ്പോൾ ആശുപത്രിയിൽനിന്നു മടക്കി.

സുഖക്കേടു ഗുരുതരമായതോടെ സോഫിയയും തോമസ്സും വീട്ടിൽ വന്നു താമസമായി. ബീനയെക്കൊണ്ട്‌ എന്താണു ചെയ്യാൻ കഴിയുക? കുടുംബക്കാരും ബന്ധുക്കളും പരിചയക്കാരും ഇടയ്‌ക്കിടയ്‌ക്ക്‌ വീട്ടിൽ വന്നുപോയിക്കൊണ്ടിരുന്നു.

കുമ്പസാരവും കുർബാന സ്വീകരണവും അന്ത്യലേപനവുമെല്ലാം നടത്തി എല്ലാവരുംകൂടി അന്നമ്മയെ മരണത്തിനൊരുക്കിക്കിടത്തിയിരിക്കുകയാണ്‌.

ഇന്നലെ മുതൽ ശരിക്കു ബോധമില്ല. മയങ്ങിക്കിടപ്പാണ്‌. ഇടയ്‌ക്ക്‌ ബോധം തെളിയുമ്പോൾ പതറുന്ന നരച്ച മിഴികൾ ചുറ്റും അലയും. ബീനയുടെ മുഖത്ത്‌ ആ മിഴികൾ തടയും. പിന്നെ അവ നിറഞ്ഞൊഴുകും. വേദന നിറഞ്ഞ ചിലമ്പിച്ച സ്വരം പൊട്ടിവീഴും.

‘ഹെ...ൻ...ന്റ...പൊന്നു...മോളേ...’

അവൾക്കിനിയാരുണ്ട്‌ എന്ന വിചാരം ഒരു തീയായി അവരുടെ ആത്മാവിൽ ആളിപ്പടരുകയായിരുന്നു.

കണ്ടുനില്‌ക്കുന്നവർ നിസ്സഹായരായി വേദനയോടെ മുഖം കുനിക്കും. നനഞ്ഞ കണ്ണുകൾ തുടയ്‌ക്കും.

എനിക്കാരുമില്ലേ... എന്നെയിട്ടേച്ച്‌ അമ്മേം പോകാനൊരുങ്ങാണോ എന്നൊക്കെ അവ്യക്തമായി വിതുമ്പിക്കൊണ്ട്‌ ബീനയും ഇരുന്നു കരഞ്ഞുകൊണ്ടിരുന്നു.

ദുഃഖം നിശ്ശബ്‌ദതയിലേയ്‌ക്കു താണുകഴിയുമ്പോൾ അവളുടെ അബോധമനസ്സിന്റെ ആകാശത്തിൽ കൃഷ്‌ണപ്പരുന്ത്‌ ചിറകു വിരിച്ചൊഴുകി വട്ടം ചുറ്റുകയും നിശ്ശബ്‌ദതയെ കീറിമുറിച്ചുകൊണ്ട്‌ വിലപിക്കുകയും ചെയ്തു. ആ നിമിഷങ്ങളിൽ അവളുടെ മനസ്സ്‌ വിമുക്തിയുടെ ആഴങ്ങളിലെവിടെയോ നിശ്ശബ്‌ദമായി തേങ്ങിക്കൊണ്ടിരുന്നു.

മെഴുകുതിരികൾ കത്തിയുരുകി. തണുത്ത കാറ്റിന്റെ തിരകളിൽ തിരിനാളങ്ങൾ ആടിയുലഞ്ഞു.

അന്നമ്മയുടെ തളർന്ന മിഴിദീപങ്ങളിൽ എണ്ണവറ്റി. അവ വല്ലാതെയൊന്നു പതറി. മുഖത്ത്‌ ഒരു ഭാവവ്യത്യാസം. ആകാംക്ഷയോടെ എല്ലാവരേയും ഉറ്റുനോക്കി.

ആരോ ജീരകവെളളം കൊണ്ടു ചുണ്ടു നനച്ചു.

നാവുകുഴഞ്ഞു. കൺപോളകൾ ഒന്നു പിടഞ്ഞടഞ്ഞു.

‘കർത്താവേ! ഈയാത്മാവിനു കൂട്ടായിരിക്കേണമേ!’

പ്രാർത്ഥന ഒരു മന്ത്രോച്ചാരണംപോലെ ഉയർന്നു.

മരണത്തിന്റെ അദൃശ്യമായ സ്വർണ്ണരഥം ഒരു തണുത്ത കാറ്റു വിതറി കടന്നുപോയി. മൃത്യുഗന്ധം കുന്തിരിക്കപ്പുകയിലലിഞ്ഞു പടർന്നു.

കൃഷ്‌ണപ്പരുന്തിന്റെ വിലാപം ദുഃഖത്തിന്റെ വൈദ്യുതവീചികളായി ആകാശം നിറഞ്ഞു. ബീനയുടെ പ്രജ്ഞ അവയിൽ അഭയം തേടി തളർന്നുവീണു.

Previous Next

ജോസഫ്‌ പനയ്‌ക്കൽ

1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു.

മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌.

1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ.

കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ,

മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി.

ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌.

കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’

പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ഷെർളി,

മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ.

വിലാസം

പള്ളിപ്പോർട്ട്‌ പി. ഒ.

683 515
Phone: 0484 -2489883




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.