പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > കൃഷ്ണപ്പരുന്തിന്റെ വിലാപം > കൃതി

ഇരുപത്തിയെട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസഫ്‌ പനയ്‌ക്കൽ

നോവൽ

പത്രമാപ്പീസിൽ വച്ചാണ്‌ ഉമയുടെ കത്തു കിട്ടിയത്‌. വളരെ സന്തോഷം തോന്നി. എത്ര കത്തുകളയച്ചിട്ടാണ്‌ ഒരു മറുപടി കിട്ടിയത്‌. ഗോപാലൻനായരുടെ മരണത്തിനുശേഷം അവളുടെ കത്തു കിട്ടുന്നതിപ്പോഴാണ്‌.

ആകാംക്ഷയോടെയാണ്‌ ഇനാസി കത്തു തുറന്നത്‌.

‘പ്രിയപ്പെട്ട ഇനാസീ, സ്നേഹപൂർവ്വം അയച്ച കത്തുകളെല്ലാം കിട്ടി. മറുപടിയായി ഇനി ഒന്നും എഴുതാൻ കഴിയില്ലെന്നു വച്ചിരിക്കയായിരുന്നു. പക്ഷെ, വീണ്ടും വീണ്ടും ഇനാസിയുടെ അന്വേഷണക്കത്തു വരുമ്പോൾ ഞാനാകെ തളരുന്നു. ഒരു കുറ്റവാളിയെപ്പോലെ ഞാൻ ചൂളുന്നു.

അച്ഛൻ മരിച്ചപ്പോൾ അതുവരെയുണ്ടായിരുന്ന എന്റെ ജീവിത സങ്കല്പങ്ങളെല്ലാം തകർന്നു. ഇന്ന്‌ എനിക്കു പുതിയൊരു ജീവിതസങ്കല്പവും ലക്ഷ്യവുമാണുളളത്‌. വിധിമാറി വീഴുമ്പോൾ വിധേയത്വം നിഷേധിക്കാൻ എനിക്കു ശക്തിയില്ല.

എന്റെ എല്ലാ സ്വാർത്ഥമോഹങ്ങളും ഞാൻ കൈവെടിഞ്ഞിരിക്കുന്നു.

ഇനാസിയ്‌ക്കു നല്‌കിയ എല്ലാ മോഹങ്ങൾക്കും ഞാൻ മാപ്പുചോദിക്കുന്നു. എന്നോടു ക്ഷമിക്കുക. ഇനി എനിക്കു കത്തെഴുതരുതേ....

സ്‌നേഹപൂർവ്വം ഉമ.

വീണ്ടും വീണ്ടും ആ കത്തു വായിച്ചു. ആ കത്തിനു പിന്നിലെ ചേതോവികാരം എന്താണെന്നും അതിന്റെ അടിസ്ഥാനമെന്താണെന്നും ഇനാസിയ്‌ക്കു മനസ്സിലായില്ല.

തലയ്‌ക്ക്‌ ഒരു മരവിപ്പുപോലെ തോന്നി. മനസ്സ്‌ വല്ലാതെ അസ്വസ്ഥമായി. പിന്നെ ജോലിയൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഉമയെ ഉടനെ ഒന്നു കാണണമെന്നു തോന്നി.

ക്ലോക്കിൽ നോക്കി. സമയം നാലുമണിയായി. ഇനിയിന്നു പോയാൽ ശരിയാവില്ല.

കുറച്ചു സമയം അയാൾ എന്തൊക്കെയോ ആലോചിച്ചു വെറുതെയിരുന്നു. പിന്നെ ഒരു പുസ്തകമെടുത്തു നിവർത്തി.

വൈകിട്ടു വീട്ടിലെത്തുമ്പോൾ ഏഴുമണിയായിട്ടുണ്ടായിരുന്നു. ബീന അന്നമ്മയുടെ കട്ടിലിനരികിൽ തല കുനിച്ചിരിക്കയായിരുന്നു. അന്നമ്മ കട്ടിലിൽ കിടന്നു വേദനയോടെ ഞരങ്ങിക്കൊണ്ടിരുന്നു.

’എന്താ, അമ്മയ്‌ക്ക്‌.‘ -ഇനാസി ചോദിച്ചു.

’വല്ലാത്ത വയറുവേദന.‘

’എന്തു ചെയ്‌തു.‘

’കല്യാണി ചുക്കു തിളപ്പിച്ചു തന്നു.‘

’കുറവില്ലെങ്കിൽ ആശുപത്രിയിൽ പോകാം.‘ ഇനാസി പറഞ്ഞു.

’വേണ്ട... ചൂടുപിടിച്ചാമതി... അതു മാറിക്കൊളളും.‘ അന്നമ്മ ഞരങ്ങുന്നതിനിടയിൽ പറഞ്ഞു.

ഇടയ്‌ക്കിടയ്‌ക്ക്‌ അന്നമ്മയ്‌ക്കിങ്ങനെ വയറുവേദന വരാറുണ്ട്‌. ഈയിടെയായി അടുത്തടുത്തു വരുന്നുണ്ട്‌. വേദനയുടെ ശക്തി കൂടുകയും ചെയ്യുന്നുണ്ട്‌.

ആശുപത്രിയിൽ കിടത്തി ചികിത്സിക്കണമെന്ന്‌ ഡോക്‌ടർ പറഞ്ഞിരുന്നു. എങ്ങനെയാണ്‌ ആശുപത്രിയിൽ കിടന്നു ചികിത്സ നടത്തുക? ആരാണു ശുശ്രൂഷിക്കാനും നോക്കാനും? വീട്ടിൽ ആരാണുളളത്‌?

എല്ലാ വേദനകളും കടിച്ചമർത്തി അന്നമ്മ ആരോടും മിണ്ടാതെ കിടന്നു കഴിച്ചുകൂട്ടുകയാണു പതിവ്‌.

കുറച്ചു മണൽ വറുത്തു ചൂടുപിടിച്ചാൽ അമ്മയ്‌ക്ക്‌ ആശ്വാസം കിട്ടുമെന്ന്‌ ഇനാസിയും വിചാരിച്ചു. കല്യാണി വൈകുന്നേരം വന്നു ജോലിയൊക്കെ ചെയ്‌തശേഷം സ്വന്തം വീട്ടിലേയ്‌ക്കു പോയി. കണ്ണുകാണാത്ത ബീനയെക്കൊണ്ട്‌ എന്തു ചെയ്യാൻ കഴിയും? ഇനാസി തന്നെ ഒരു ചട്ടിയെടുത്ത്‌ അടുപ്പത്തു വച്ചു മണൽവാരിയിട്ടു വറുത്തെടുത്തു. അതു തുണിയിൽ കിഴികെട്ടി അന്നമ്മയുടെ വയറ്റത്തു വച്ചു പതുക്കെ ഉഴിഞ്ഞു. അല്പസമയം ചൂടുപിടിച്ചപ്പോൾ ഒരാശ്വാസത്തോടെ അന്നമ്മ മയങ്ങി.

താത്‌കാലികമായ ഈ ആശ്വാസംകൊണ്ടു കാര്യമില്ലെന്ന്‌ ഇനാസിയ്‌ക്കറിയാം. വയറ്റിൽ എന്തോ അസുഖകരമായ തകരാറുണ്ട്‌. ഇങ്ങനെകൊണ്ടു നടന്നാൽ അതു മൂർച്ചിക്കുകയേയുളളൂ. പക്ഷെ, ഇപ്പോൾ ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കാൻ സൗകര്യമെങ്ങനെ...

തനിക്കു ലീവെടുക്കാൻ വേണ്ട സർവ്വീസായിട്ടില്ല. സോഫിയയെ കൊണ്ടുവന്നു നിർത്താനും പ്രയാസം. ഗർഭാരംഭകാല ആലസ്യവും തളർച്ചയുമായി കഴിയുകയാണ്‌ അവൾ.

ഇനാസിയ്‌ക്കു മനസ്സിന്‌ ആകെക്കൂടി അസ്വസ്ഥതയാണ്‌. അയാൾ അന്ന്‌ ആരോടും ഒന്നും സംസാരിച്ചില്ല. ബീന അമ്മയുടെ കട്ടിലിൽത്തന്നെ പറ്റിച്ചേർന്നുകിടന്നു.

കുറച്ചുസമയം കഴിഞ്ഞ്‌ ഭക്ഷണം വിളമ്പാൻ അന്നമ്മ എഴുന്നേറ്റു. ഇനാസിയ്‌ക്കു ഭക്ഷണത്തോടു മടുപ്പുതോന്നി.

അന്നുരാത്രി ഉറക്കം വരാതെ അസ്വസ്ഥനായി അയാൾ തിരിഞ്ഞും മറിഞ്ഞും കഴിച്ചുകൂട്ടി. ഉമയുടെ കത്ത്‌ അയാളെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു.

Previous Next

ജോസഫ്‌ പനയ്‌ക്കൽ

1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു.

മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌.

1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ.

കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ,

മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി.

ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌.

കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’

പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ഷെർളി,

മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ.

വിലാസം

പള്ളിപ്പോർട്ട്‌ പി. ഒ.

683 515
Phone: 0484 -2489883




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.