പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > കൃഷ്ണപ്പരുന്തിന്റെ വിലാപം > കൃതി

ഇരുപത്തിമൂന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസഫ്‌ പനയ്‌ക്കൽ

നോവൽ

എത്രയോ വർഷങ്ങളിലെ സ്വപ്‌നങ്ങളും മോഹങ്ങളുമായിരുന്നു. ജന്മവാസനകളുടെ ചിമിഴിനുളളിൽ താലോലിച്ചു വളർത്തിയ മുത്ത്‌.

ക്രൂരമായ ഒരു ദുഃസ്വപ്‌നംപോലെ എത്ര പെട്ടെന്നാണത്‌ ഉരുകിയൊലിച്ചുപോയത്‌. ഒരു കൊലയാളിയുടെ ആത്മനിന്ദയോടെ സോഫിയ തലയണയിൽ മുഖമണച്ചു കണ്ണടച്ചു കിടന്നു. രക്തത്തിന്റെ രൂക്ഷമായ ഗന്ധം അവളെ വലയം ചെയ്‌തു നിന്നു.

സ്‌നേഹവും വിശ്വാസങ്ങളും മോഹങ്ങളുമെല്ലാം ഒരു ദുരന്തത്തിന്റെ രക്തഗന്ധം നിറച്ചു, ആത്മാവിൽ. നിരാശ്രയമായ മനസ്സിന്റെ മൂകമായ തേങ്ങൽ. ആസ്വാസ്ഥ്യത്തിന്റെ വ്യഥയിൽ തളർന്നു കിടക്കവെ ജനലഴികളിലൂടെ കടന്നുവന്ന വെയിൽ നാളങ്ങൾ അവളുടെ എണ്ണമയമറ്റ തലമുടിയിലും വിളറിയ കവിൾത്തടങ്ങളിലും ദയാപൂർവ്വം തലോടി. സാന്ത്വനത്തിന്റെ ആ ഇളം ചൂടിൽ മനസ്സിൽ നിറഞ്ഞു നിന്ന ദുഃഖം നിയന്ത്രണം വിട്ടു. തേങ്ങലിന്റെ ശബ്‌ദം പുറത്തു വരാതിരിക്കാൻ അവൾ മുഖം തലയണയിലമർത്തി. കണ്ണുകൾ നിറഞ്ഞൊഴുകി.

-ഞ്ഞാൻ പാപിയാണ്‌. മഹാപാപി!

ഇരുട്ടിന്റെ പ്രളയം ചുവപ്പായും കറുപ്പായും ഇളകി മറിയുന്ന മനസ്സ്‌.

‘ഇനി നമുക്കു പോകാം, മോളെ.’ അമ്മയുടെ ശബ്‌ദം.

തല ചരിച്ചു നോക്കിയപ്പോൾ അമ്മയുടെ പിന്നിൽ സഹതാപം വഴിയുന്ന മുഖവുമായി നില്‌ക്കുന്ന ഇനാസിയെ കണ്ടു. അപകർഷബോധത്തോടെ അവൾ മുഖംതിരിച്ചു. ഇനാസിയുടെ മുന്നിൽ മുഖമുയർത്താൻ തനിക്കിനി ശക്തിയുണ്ടാവില്ല.

ഇനാസിയെക്കുറിച്ച്‌ അവളുടെയുളളിൽ വീണ്ടും ആദരവിന്റെ ആർദ്രത കിനിഞ്ഞു. അയാൾ പകയും സ്‌നേഹരാഹിത്യവും പ്രകടിപ്പിച്ചില്ല. തെറ്റു ചെയ്‌ത ഒരു കുട്ടിയോടുളള സഹാനുഭൂതിയോടെ സഹതാപം പ്രകടിപ്പിച്ചു. സഹായിക്കാനും രക്ഷിക്കാനും കൂടെ വന്നു.

അവൾക്ക്‌ ഇനാസിയോടു മാപ്പു പറയണമെന്നു തോന്നി.

‘എഴുന്നേൽക്കൂ മോളെ. ഇനാസി ടാക്‌സി കൊണ്ടു വന്നിട്ടുണ്ട്‌.’ അന്നമ്മ പറഞ്ഞു.

എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അന്നമ്മ അവളെ താങ്ങി. അപ്പോഴേയ്‌ക്കും ഡോ.രേവതി കടന്നുവന്നു. അവർ പുഞ്ചിരിച്ചപ്പോൾ പകരം പുഞ്ചിരി നല്‌കാൻ അവൾക്കു കഴിഞ്ഞില്ല.

തന്റെ ജീവനിൽ നിന്നു കിളുർത്ത ആദ്യത്തെ കുരുന്നുമൊട്ടിനെ ക്രൂരമായി നുളളിയെറിഞ്ഞ്‌ ലോകത്തിന്റെ അപവാദത്തിൽ നിന്നു തന്നെ രക്ഷിച്ച ഡോ.രേവതി.

‘നൗ ഇറ്റീസ്‌ ക്വയറ്റ്‌ നോർമൽ. ഡോൺഡ്‌ ഫിയർ എനിതിങ്ങ്‌. ടേക്ക്‌ റെസ്‌റ്റ്‌ ഫോർ എ മന്ത്‌. ഓക്കെ... ’-ഡോ.രേവതി ചിരിച്ചുകൊണ്ടു പറഞ്ഞു.

‘ഞങ്ങൾ പോകട്ടെ ഡോക്‌ടർ. ഹാർട്ട്‌ലി താങ്ക്‌സ്‌.’ ഇനാസി ആദരഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട്‌ ഡോക്‌ടറോടു പറഞ്ഞു.

‘ഓക്കെ...’

‘ഡോ. സാമുവൽനോടു പറഞ്ഞേക്കൂ’.

നടന്നപ്പോൾ കാൽമുട്ടുകൾക്കു തളർച്ച തോന്നി. കണ്ണുകളിൽ അവ്യക്തമായൊരു മൂടൽ.

പടിയിറങ്ങുന്നിടത്ത്‌ ഹിപ്പപ്പൊട്ടാമസ്സിന്റെ തുറന്ന വായയുമായി കറുത്ത ടാക്‌സിക്കാർ. അന്നമ്മ അവളെ താങ്ങിപ്പിടിച്ചു കാറിലിരുത്തി.

ഡോർ വലിച്ചടച്ച്‌ മുൻസീറ്റിൽ കയറിയ ഇനാസി പറഞ്ഞുഃ

‘പ്ലീസ്‌ ഡ്രൈവ്‌ സ്ലോവ്‌ലി. ഗട്ടറിലെങ്ങും ചാടരുത്‌.’

നഗരത്തിന്റെ ഇരമ്പവും ആൾക്കൂട്ടവും അവളിൽ അസ്വസ്ഥതയും ഉൽക്കണ്‌ഠയും ഉളവാക്കി. അവൾ പുറത്തേയ്‌ക്കു നോക്കാൻ മടിച്ച്‌ തലകുനിച്ച്‌ കണ്ണടച്ചു ചാരിക്കിടന്നു.

*******************************************************

ദാവീദിനു സുഖമില്ലാതായതുമുതൽ ഇനാസിയാണ്‌ ഹോട്ടലിന്റെ മേൽനോട്ടം. ആദ്യമൊക്കെ പരിചയക്കുറവിന്റേതായ ബുദ്ധിമുട്ടുകൾ തോന്നിയിരുന്നു. പിന്നെ എല്ലാം ശരിയായി.

രാത്രിയിൽ ഹോട്ടലടച്ചു വന്നാൽ നേരെ ചെല്ലുന്നത്‌ ദാവീദിന്റെ കട്ടിലിനരികിലാണ്‌. ഓറഞ്ച്‌, ആപ്പിൾ, മുന്തിരി അങ്ങനെയെന്തെങ്കിലും വാങ്ങിയിട്ടുണ്ടാവും.

‘എങ്ങനെയുണ്ട്‌? കൂടുതൽ സുഖം തോന്നുന്നുണ്ടോ?’

‘എനിക്കൊരസുഖോമില്ലെടാ മോനെ. ഞാനിപ്പഴെങ്ങും മരിക്കില്ല.’ ദാവീദ്‌ സ്‌നേഹപൂർവ്വം ഇനാസിയുടെ കൈ പിടിച്ച്‌ അരികിലിരുത്തും.

ഇനാസി ഹോട്ടലിലെ അന്നത്തെ വരവുചെലവുകണക്കുകളും വിശേഷങ്ങളും പറയും. ഹോട്ടലിലെ കാര്യങ്ങളറിയാൻ ദാവീദ്‌ ആർത്തിയോടെ കാത്തിരിക്കയാവും. ഓരോ കാര്യവും അയാൾ ഇനാസിയോടു ചോദിച്ചറിയും. സ്ഥിരമായി എത്താറുളള ആളുകളെക്കുറിച്ചന്വേഷിക്കും. ചിലർ ദാവീദിനെ ആശുപത്രിയിൽ ചെന്നു കാണുകയും ചെയ്‌തിരുന്നു. വീട്ടിൽ കിടക്കുമ്പോഴെല്ലാം ഹോട്ടലിലെ ഓരോ കാര്യത്തെക്കുറിച്ചും ആലോചിച്ച്‌ ദാവീദ്‌ ഉൽക്കണ്‌ഠാകുലനും ആകാംക്ഷഭരിതനുമാകും. ഇനാസി വന്നു വിശേഷങ്ങൾ അറിഞ്ഞു കഴിയുമ്പോഴേ സമാധാനമാകുകയുളളൂ.

പണമെണ്ണി ഇനാസി ദാവീദിന്റെ കൈയിൽ ഏല്പിക്കാൻ ശ്രമിക്കുമ്പോൾ പറയുംഃ

‘ഇതെന്തിനാടാ. മോൻ തന്നെ വച്ചേയ്‌ക്ക്‌.’

ദാവീദ്‌ അതു നോക്കുകപോലും ചെയ്യില്ല.

ഊണു കഴിഞ്ഞ്‌ മുറിയിൽ തനിയെ കിടക്കുമ്പോൾ പലരുടെയും മരണത്തെക്കുറിച്ചുളള ഓർമ്മകൾ ഇനാസിയുടെ മനസ്സിൽ ഉയർന്നുവരും. ദാവീദിന്റെ മരണവും അയാൾ പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്‌. അമ്മയുടെ മരണരംഗമാണ്‌ ഇനാസിയുടെ ഓർമ്മയിൽ എപ്പോഴും നനവു മാറാതെ നില്‌ക്കുന്നത്‌.

ഭീകരമായ ഒരു ദുഃസ്വപ്നം പോലെയാണതിപ്പോഴും. ആ ഓർമ്മകൾ എല്ലാ ശക്തിയെയും നിർവീര്യമാക്കുന്നു. മനസ്സിൽ എന്തോ എരിയുന്നതുപോലെ.

പക്ഷെ, അന്ന്‌ അമ്മ മരിച്ചപ്പോൾ തനിക്കത്ര ദുഃഖമൊന്നും തോന്നിയില്ല. അമ്മ മരിച്ചതു നന്നായി എന്നു തോന്നാതെയുമിരുന്നില്ല. രോഗത്തിന്റെ ശരശയ്യയിൽ നിസ്സഹായയായി കിടന്ന്‌ അമ്മ പിടയുന്നത്‌ മരവിച്ച മനസ്സുമായി നോക്കിനിൽക്കേണ്ട അവസ്ഥയായിരുന്നു തന്റേത്‌. കരയാൻ കണ്ണീരുപോലും വറ്റിപ്പോയിരുന്നു.

രാവും പകലും തൊണ്ടുതല്ലി, വിശ്രമമില്ലാതെ, ഭക്ഷണമില്ലാതെ, സമാധാനമില്ലാതെ ജീവിച്ച അമ്മ രോഗിണിയായി. വിട്ടൊഴിയാത്ത ചുമ അമ്മയുടെ സമ്പാദ്യമായി. ചുമയ്‌ക്കാനുളള ശക്തി അമ്മയ്‌ക്കില്ലായിരുന്നു. ചുമയ്‌ക്കുമ്പോൾ അമ്മയുടെ കുഴിയിലാണ്ട കണ്ണുകൾ പുറത്തേയ്‌ക്കു തുറിച്ചുവരും. ഭയം തോന്നുമായിരുന്നു. മുഖമാകെ വിളറി വിയർക്കും.

ചുമച്ച്‌ ചുമച്ച്‌ അമ്മ ചിലപ്പോൾ തുപ്പിയിരുന്നത്‌ ചോരക്കട്ടയായിരുന്നു. പലപ്പോഴും ചുമച്ചു തളർന്ന്‌ അമ്മ മണ്ണിൽ കുഴഞ്ഞു വീണിരുന്നു. ഗ്രേസി അമ്മയെ കെട്ടിപ്പിടിച്ചു കരയും. അമ്മ മരിച്ചാൽ പിന്നെ അമ്മയുടെ പ്രയാസങ്ങൾ കാണേണ്ടി വരില്ലല്ലോ എന്നാലോചിച്ച്‌ താനൊരു ശിലാപ്രതിമപോലെനിന്നു നെടുവീർപ്പിട്ടിട്ടുണ്ട്‌.

സർക്കാർ ധർമ്മാശുപത്രിയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ താൻ ഒരു കുപ്പിയുമായിപോയി മരുന്നു വാങ്ങിക്കൊണ്ടുവന്നിരുന്നു. നിറമുളള ആ വെളളവും വില കുറഞ്ഞ ഗുളികകളും അമ്മയുടെ രോഗത്തിനു മാറ്റമൊന്നുമുണ്ടാക്കിയില്ല.

അമ്മയുടെ മരണം ഒരു കറുത്ത സ്വപ്നമായി തന്നെ വേട്ടയാടിക്കൊണ്ടിരുന്നു. അമ്മയ്‌ക്കു ദുഃഖം മക്കളെക്കുറിച്ചു മാത്രമായിരുന്നു. പറക്കമുറ്റാത്ത രണ്ടുകുഞ്ഞുങ്ങൾ അനാഥരാവുന്നതിനെക്കുറിച്ചും.

‘എന്റെ മക്കളെ ദൈവം രക്ഷിക്കട്ടെ!’ എന്നുമാത്രമെ അമ്മയ്‌ക്കു പറയാനുണ്ടായിരുന്നുളളൂ.

മരണം കടന്നുവന്ന്‌ അമ്മയെ മോചിപ്പിച്ച കർക്കിടകത്തിലെ ആ ഭീകര രാത്രി! പുറത്തു മഴപെയ്തുകൊണ്ടിരുന്നു. കാറ്റിന്റെയും മഴയുടെയും ഇരമ്പൽ വീടിനെ വിഴുങ്ങി. ഓല ദ്രവിച്ച മേൽക്കൂരയിൽനിന്ന്‌ വീടിനകത്ത്‌ വെളളം ചോർന്നൊലിച്ചു. മിന്നൽപ്പിണരുകൾ മുറിയിൽ പുളഞ്ഞുകൊണ്ടിരുന്നു.

ഇഴകൾ പൊട്ടിയും അഴിഞ്ഞും തൊട്ടിപോലെയായ കയറ്റു കട്ടിലിൽ, കീറിയ പായയിൽ അമ്മ തളർന്നുകിടന്നു. അമ്മയുടെ ചുമ കാറ്റിന്റെയും മഴയുടെയും ഇരമ്പലിലലിഞ്ഞു.

ഇനാസിയും ഗ്രേസിയും മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ, ചോർച്ചയില്ലാത്ത ഒരു മൂലയിൽ എരിയുന്ന വയറുമായി തളർന്നിരുന്നു. അമ്മ ചുമയ്‌ക്കാൻ തുടങ്ങി. അമ്മയുടെ ഉണങ്ങിമെലിഞ്ഞ നെഞ്ച്‌ താൻ തടകിക്കൊണ്ടുനിന്നു. അമ്മയുടെ കണ്ണുകൾ പേടിപ്പെടുത്തുന്ന പന്തങ്ങളായി തുറിച്ചുനിന്നു. നാക്കു പുറത്തേയ്‌ക്കു നീണ്ടുകൂർത്തു. ഒരു യന്ത്രത്തെപ്പോലെ അമ്മ തുടർച്ചയായി ചുമച്ചു. എന്തെല്ലാമോ പറയാൻ അമ്മയുടെ വരണ്ട ചുണ്ടുകൾ വെമ്പി. കഴിഞ്ഞില്ല.

മണ്ണെണ്ണ വറ്റിയ വിളക്കിന്റെ നാളം മങ്ങിമങ്ങി കെട്ടു. ഇരുട്ടിൽ അമ്മയുടെ ചുമ പൊട്ടിയ ചെമ്പുപാത്രത്തിൽ മുട്ടുന്നതുപോലെ ഉയർന്നു. ഇനാസിയും ഗ്രേസിയും കട്ടിലിന്റെ ഇരുവശങ്ങളിലും തലചായ്‌ച്ചു തളർന്നു മയങ്ങി.

പിന്നെ എപ്പോഴെന്നില്ലാതെ ഞെട്ടിയുണർന്നപ്പോൾ അമ്മയുടെ ചുമ കേൾക്കുന്നുണ്ടായില്ല. ശ്വാസോഛ്വാസത്തിന്റെ താളം നിലച്ചിരുന്നു.

ഇരുട്ടിൽ ഒരു വിളക്കു തെളിക്കാൻപോലും നിവൃത്തിയില്ലാതെ അമ്മയുടെ നിർജ്ജീവശരീരത്തിൽ കെട്ടിപ്പിടിച്ചു കിടന്ന്‌ താനും ഗ്രേസിയും അലമുറയിട്ടു കരഞ്ഞു. മഴയുടെയും കാറ്റിന്റെയും ഇരമ്പലിൽ അമർന്നുപോയ ആ കരച്ചിൽ അയൽക്കാർ അറിഞ്ഞില്ല.

Previous Next

ജോസഫ്‌ പനയ്‌ക്കൽ

1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു.

മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌.

1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ.

കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ,

മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി.

ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌.

കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’

പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ഷെർളി,

മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ.

വിലാസം

പള്ളിപ്പോർട്ട്‌ പി. ഒ.

683 515
Phone: 0484 -2489883




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.