പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > കൃഷ്ണപ്പരുന്തിന്റെ വിലാപം > കൃതി

ഇരുപത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസഫ്‌ പനയ്‌ക്കൽ

നോവൽ

ആകാശവും ഭൂമിയും ഇരുട്ടിനു കീഴടങ്ങിയിരുന്നു.

വിദൂരതയിലേയ്‌ക്ക്‌ കണ്ണുനട്ട്‌ സോഫിയ ഏകാകിനിയായി വരാന്തയിൽ മതിൽ ചാരിനിന്നു. നക്ഷത്രങ്ങൾ വിദൂരതയിൽനിന്നു രൂക്ഷഭാവത്തിൽ തന്നെ തുറിച്ചു നോക്കുന്നതായി അവൾക്കു തോന്നി.

വഴിയെ കടന്നു വരുന്ന ഓരോരുത്തരെയും അവൾ ശ്രദ്ധിച്ചു. ഏറെ നിഴലുകൾ കടന്നുപോയി. അവസാനം ഒരു നെടുവീർപ്പോടെ വിചാരിച്ചു.

-ഇല്ല; അയാൾ ഇന്നിനി വരില്ല. ഒരു പക്ഷെ, ഇനിയൊരിക്കലും....

അവൾക്കു ശരീരമാകെ തളരുന്നതായി തോന്നി. അരമതിലിൽ ഉമ്മറത്തൂണു ചാരി അവൾ ഇരുന്നു. വെളിച്ചത്തിരിക്കാൻ അവൾക്കു ഭയം തോന്നി. എല്ലാവരും തന്നെ ശ്രദ്ധിക്കുന്നു. തുറിച്ചു നോക്കുന്നു. തന്നെ ശ്രദ്ധിച്ചു നോക്കുന്നവരോടെല്ലാം അവൾക്ക്‌ എന്തെന്നില്ലാത്ത വിരോധം തോന്നാതിരുന്നില്ല.

‘എന്താ മോളെ, നിനക്കൊരു ക്ഷീണം?’ തെക്കേതിലെ അമ്മിണിച്ചേച്ചി വെളളംകോരാൻ വന്നപ്പോൾ ചോദിച്ചു.

‘ഏയ്‌, ഒന്നൂല്ല.’ അവൾ പറഞ്ഞു. അമ്മിണിച്ചേച്ചിയുടെ ആ ചോദ്യത്തിന്‌ മുളളുണ്ടായിരുന്നില്ലേ?

ശബ്‌ദങ്ങളെ അവൾ ഭയന്നു. മറ്റുളളവരെ ഭയന്നു മറ്റുളളവരുടെ മുഖത്തു നോക്കാൻ അവൾ മടിഞ്ഞു. അവരുടെ ചോദ്യങ്ങളെ അവൾ ഭയന്നു. അന്യരുടെ കണ്ണുകളുമായി ഏറ്റുമുട്ടുമ്പോൾ തന്റെ ശക്തി എവിടെയോ ചോർന്നു പോകുന്നതായി തോന്നി.

ഒരു മൂങ്ങയെപ്പോലെ ഇരുട്ടിനെ അവൾ സ്‌നേഹിച്ചു. ഇരുട്ടിന്റെ കൂടാരത്തിനകത്ത്‌ ഒളിച്ചിരിക്കുന്നതിൽ സുരക്ഷിതത്വം അനുഭവപ്പെട്ടു.

വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം! മനസ്സിൽ കവിവാക്യം മുഴങ്ങി.

പക്ഷെ, എത്ര നാളാണ്‌ ഇരുട്ടിൽ ഒളിച്ചിരിക്കാനാവുക? ഇരുട്ടുകൊണ്ട്‌ ഓട്ടയടയ്‌ക്കാനാവില്ലല്ലോ. മഴമേഘങ്ങളുടെ മറവിൽ സൂര്യനെ ഒളിച്ചുവയ്‌ക്കാൻ കാലത്തിനെന്നും കഴിയുകയില്ലല്ലോ.

മനസ്സ്‌ ഒരു തീച്ചൂളയായിരിക്കുന്നു.

ലോകം തന്റെ മുഖത്തു കാർക്കിച്ചു തുപ്പാനും ചെളി വാരിയെറിയാനും ഒരുങ്ങി നില്‌ക്കുകയാണ്‌; നാളുകൾക്കുമുമ്പ്‌ ഹോട്ടലിൽവച്ച്‌ ഇനാസി തനിക്കുതന്ന താക്കീത്‌ അവൾ ഓർത്തു ഞടുങ്ങി.

‘ഈ പോക്ക്‌ അപകടത്തിലേയ്‌ക്കാണ്‌. ഓർമ്മയിരിക്കട്ടെ!’

അന്നു താനതിനെ പുച്ഛത്തോടെ തളളിക്കളഞ്ഞു.

ഇന്ന്‌ ആ വാക്കുകൾ ഓർത്തു ഉൾക്കിടിലം കൊളളുന്നു.

എല്ലാവരിൽനിന്നും ഒളിച്ചോടണം എവിടേക്കെങ്കിലും. പക്ഷെ, എവിടേയ്‌ക്ക്‌? ലോകത്തെ കബളിപ്പിക്കാൻ കഴിഞ്ഞെന്നു വരാം. പക്ഷെ, തനിക്കു തന്നിൽ നിന്ന്‌ ഒളിച്ചോടാനാവില്ലല്ലോ...!

വിത്സൻ ഇങ്ങനെ തന്നെ ചതിക്കുമെന്ന്‌ ഒരിക്കലും സങ്കല്പിക്കാൻ കഴിഞ്ഞിരുന്നതല്ല. അയാൾ എവിടെപ്പോയി? അയാളെ അവസാനമായി കണ്ടിട്ട്‌ രണ്ടുമാസത്തോളമാകാൻ പോകുന്നു. അയാളുടെ സാന്നിദ്ധ്യം മാത്രം മതി തനിക്കു ധൈര്യം കിട്ടാൻ. ഒന്നു കാണാനെങ്കിലും...‘

- അവൾ നെടുവീർപ്പിട്ടു.

താൻ രഹസ്യം അറിയിച്ചപ്പോൾ യാതൊരു ചാഞ്ചല്യവുമില്ലാതെ അയാൾ ആശ്വസിപ്പിച്ചു.

’ഓ, സാരമില്ല. നമുക്കുടനെ വിവാഹം നടത്താം. അത്രയല്ലെ വേണ്ടൂ, നാട്ടുകാർക്ക്‌.‘

അതു കേട്ടപ്പോൾ പ്രശ്‌നം അലിഞ്ഞു പോയതുപോലെയുളള ആശ്വാസമായിരുന്നു.

പക്ഷെ, പിന്നീട്‌ വിത്സൻ വരുകയുണ്ടായില്ല. അയാൾ താമസിക്കുന്നിടത്തും ജോലി ചെയ്യുന്നിടത്തും പല പ്രാവശ്യം താൻ അന്വേഷിച്ചു ചെന്നു. അയാൾ നാട്ടിൽ പോയെന്നു മാത്രം അറിഞ്ഞു.

ആത്മാവിനു തീപിടിച്ച മട്ടിൽ, ഹൃദയവേദനയോടെ താൻ അയാളുടെ വീട്ടു മേൽവിലാസത്തിൽ കത്തുകളയച്ചു. ഒരു വാക്കുപോലും മറുപടിയായി തിരിച്ചുവന്നില്ല.

അയാൾക്ക്‌ എന്തു സംഭവിച്ചു?

അയാൾ ഒരു വഞ്ചകനാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. അയാൾ തന്നെ അത്രയധികം സ്‌നേഹിച്ചിരുന്നു. ആ സ്‌നേഹം അനുഭവിച്ചറിഞ്ഞവളാണു താൻ. തന്നെ കാണാൻ കഴിയാതെ വന്നാൽ ഉറങ്ങാനാകാത്തയാൾ. തന്റെ മുഖമൊന്നു വാടിയാൽ സ്വസ്ഥത നഷ്‌ടപ്പെടുന്നയാൾ. തന്റെ സ്‌നേഹവും വികാരങ്ങളും ശരിയായി മനസ്സിലാക്കിയിരുന്നയാളാണു വിത്സൻ. ആണത്തമുളളവൻ. ഇനാസിയെപ്പോലെ സംശയിച്ചും അറച്ചും നില്‌ക്കുന്ന പൗരഷം കെട്ടവനല്ല. അയാൾക്ക്‌ ആരെയും ഭയവുമില്ല.

എന്നിട്ടും അയാൾക്കെന്തു പറ്റി?

ഹോട്ടൽ മുറികളിൽ ചെലവഴിച്ച സ്വർഗ്ഗീയ നിമിഷങ്ങൾ എങ്ങനെ മറക്കാനാവും? ആ നിമിഷങ്ങളിൽ അയാൾ നടത്തിയ വാഗ്‌ദ്ധാനങ്ങളിൽ വിശ്വസിച്ച്‌ താൻ ജീവിതം സമർപ്പിച്ചു. സ്‌നേഹത്തിന്റെ, വികാരത്തിന്റെ ആനന്ദവും ആവേശവും എത്രത്തോളം ആളിപ്പടരുമെന്ന്‌ താനറിഞ്ഞു. ആനന്ദനിർവൃതിയുടെ കുളിരിൽ താൻ കോരിത്തരിച്ചു. വിത്സൻ എന്ന പുരുഷന്റെ സ്‌നേഹത്തിൽ തന്റെ കന്വകാത്വം ഹോമിക്കപ്പെട്ടു.

പുറത്ത്‌ കാറ്റിൽ ഇലപ്പടർപ്പുകളുടെ മർമ്മരമുയർന്നപ്പോൾ അവൾ ഞെട്ടി.

ഇന്നിപ്പോൾ തന്റെ ഗർഭപാത്രത്തിൽ ഒരു ഭ്രൂണം വളരാൻ തുടങ്ങിയിരിക്കുന്നു. അതൊരഗ്നിഭ്രൂണമായി വളർന്ന്‌ തന്റെ ജീവിതം തകർക്കുമോ?

വിത്സൻ തന്നെ കൈയൊഴിയുമോ?

ദൈവമേ...!

അവൾക്കു ശരീരം തളരുന്നതുപോലെയും തലകറങ്ങുന്നതുപോലെയും തോന്നി. അകലെ ഇരുട്ടിലെവിടെയോ ഇരുന്ന്‌ ഒരു കാലങ്കോഴി അതിന്റെ ഇണയെ വിളിച്ചു.

ഹൂ... വ്വഹാ...! ഹൂ... വ്വാ...!

പ്രതികരണമുണ്ടായില്ല.

കാലങ്കോഴി വീണ്ടും കൂവി.

സോഫിയ ഭയന്നു വിറച്ചു.

Previous Next

ജോസഫ്‌ പനയ്‌ക്കൽ

1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു.

മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌.

1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ.

കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ,

മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി.

ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌.

കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’

പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ഷെർളി,

മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ.

വിലാസം

പള്ളിപ്പോർട്ട്‌ പി. ഒ.

683 515
Phone: 0484 -2489883




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.