പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > കൃഷ്ണപ്പരുന്തിന്റെ വിലാപം > കൃതി

പതിനെട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസഫ്‌ പനയ്‌ക്കൽ

നോവൽ

നാലുവർഷം എത്ര പെട്ടെന്നാണു കടന്നുപോയത്‌! ഒരുമിച്ചു പഠിച്ച്‌ പരസ്പരം അറിയുകയും ഇണങ്ങുകയും പിണങ്ങുകയും കളിക്കുകയും ചിരിക്കുകയും ചെയ്‌ത്‌ ഒരു വീട്ടിലെന്നപോലെ കഴിഞ്ഞുകൂടിയവർ. ചിത്രകാരന്മാരും ചിത്രകാരികളും മാത്രമല്ല, സംഗീതം പഠിച്ചവർ, നൃത്തം പഠിച്ചവർ, ശില്പികൾ. ഓരോരുത്തരും ഓരോ വഴി തിരിഞ്ഞുപോകുന്നവർ. പിരിഞ്ഞുപോകും മുമ്പ്‌ ഒരുല്ലാസ യാത്ര.

ഭാവി അനിശ്ചിതമാണ്‌. മനുഷ്യൻ ഒറ്റപ്പെട്ടവനാണെന്ന ബോധം വീണ്ടും ഉയർന്നുവന്നു. നാളെയൊരിക്കൽ ആരെയെല്ലാം എവിടെവച്ച്‌, എങ്ങനെയെല്ലാം കണ്ടുമുട്ടും എന്നൊന്നുമറിയില്ല. വിശാലമായ ലോകത്തിന്റെ ഏതെങ്കിലുമൊരു തെരുവിൽ വച്ച്‌ യാദൃശ്ചികമായി പലരെയും കണ്ടുമുട്ടിയേക്കാം. അപ്പോൾ തിരിച്ചറിയുകയോ അറിയാതിരിക്കുകയോ ചെയ്‌തേക്കാം.

എല്ലാവരും യാത്ര പറഞ്ഞ്‌ പരസ്പരം പിരിഞ്ഞു പോകുന്ന സന്ദർഭത്തെക്കുറിച്ച്‌ ഇന്നലെവരെ ചിന്തിച്ചിരുന്നില്ല. ഇന്ന്‌ അതാലോചിക്കുമ്പോൾ മനസ്സിൽ വിഷാദത്തിന്റെ മൂടൽമഞ്ഞു പരക്കുന്നു.

കുറച്ചു മുഖങ്ങളും അവയെ ചുറ്റിപ്പറ്റിയുണരുന്ന കുറെ ഓർമ്മകളും മനസ്സിൽ ശേഷിക്കുന്നു. ക്രമേണ സ്വന്തം പാത കണ്ടെത്തി യാത്ര തുടരുമ്പോൾ മുഖങ്ങളും ഓർമ്മകളും മങ്ങാൻ തുടങ്ങുന്നു. മറവിയുടെ നിർവ്വികാരമായ പൂപ്പൽ നമ്മെ ബാധിക്കുന്നു.

എല്ലാ മനുഷ്യബന്ധങ്ങളും സാഹചര്യങ്ങളുടെ സൃഷ്‌ടികളാണ്‌. എല്ലാം താൽക്കാലികം മാത്രം. മനുഷ്യരെ കൂട്ടിയിണക്കുന്നതും അകറ്റുന്നതും സാഹചര്യങ്ങളാണല്ലോ.

ഈ മനോഹരമായ ഭൂമിയിൽ ജനിക്കുന്നവരെല്ലാം കുറെ കരയുകയും ചിരിക്കുകയും ചെയ്‌തശേഷം ജീവിതത്തിൽ നിന്നുതന്നെ പിരിഞ്ഞു പോകുന്നവരാണല്ലോ. എങ്കിലും ഈ കൂടിക്കഴിയലുകളുടെ സ്‌മരണകൾക്ക്‌ പ്രകാശവും സംഗീതവും ഉണർത്താൻ കഴിഞ്ഞാൽ അതൊരു നേട്ടമായിരിക്കുമല്ലോ. അത്രയും മതി ജീവിതത്തിന്റെ സംതൃപ്‌തിയ്‌ക്ക്‌.

ഉമയും തന്നോടു യാത്ര പറഞ്ഞു പിരിഞ്ഞുപോകുമെന്നോർത്തപ്പോൾ ഹൃദയത്തിൽ ഒരെരിച്ചിൽ. വല്ലാത്ത ഒരസ്വസ്ഥത. വേർപാടിന്റെ നൊമ്പരം സ്‌നേഹത്തിന്റെ പ്രതികരണമാണ്‌.

അയാൾ ഉമയെ നോക്കി. അവളുടെ മുഖത്ത്‌ പ്രപഞ്ചത്തിന്റെ സൗന്ദര്യം മുഴുവൻ ഒതുങ്ങിനില്‌ക്കുന്നു. അവളുടെ മഷിയെഴുതാത്ത വിടർന്ന കണ്ണുകളിൽ പ്രപഞ്ച രഹസ്യം അനന്തനീലിമയായി സ്ഥിതി ചെയ്യുന്നു. അയാൾ അഭിമാനത്തോടെ തന്നോടുതന്നെ മന്ത്രിച്ചു.

-ഇവൾ എന്റെ സ്വന്തമാണ്‌!

മലയെ ചുറ്റി മുകളിലേയ്‌ക്ക്‌ പോകുന്ന വീതി കുറഞ്ഞ കറുത്ത റോഡിലൂടെ വണ്ടി മുരണ്ടുകൊണ്ട്‌ ഇഴഞ്ഞു കയറുകയാണ്‌. ഇനാസി പുറത്തേക്കു കണ്ണോടിച്ചു. ഒരു വശത്ത്‌ അഗാധവും ഭയാനകവുമായ താഴ്‌വര. ഇരുട്ട്‌ താവളമടിച്ച കൊക്കകൾ. എത്രയെത്ര പ്രേതങ്ങൾ ഈ കൊക്കകളുടെ ഇരുട്ടിൽ വിരഹിക്കുന്നുണ്ടാകും! മറുവശത്ത്‌ കാടുകൾ മൂടിയ മല. വന്മരങ്ങൾ. വളളിപ്പടർപ്പുകൾ പൂത്ത കുറ്റിച്ചെടികൾ. ചരിവുകളിൽ പനയോല മേഞ്ഞ കുടിലുകൾ. കുടിലുകളുടെ ഇടുങ്ങിയ മുറ്റത്ത്‌ നഗ്നരായി ഓടിക്കളിക്കുന്ന കരുമാടിക്കുട്ടന്മാർ. കാടിന്റെ മക്കൾ.

അകലെ, ആകാശത്തിലേക്കു തലയുയർത്തി നില്‌ക്കുന്ന അറ്റം കാണാത്ത മലകൾ. മലശിഖരങ്ങളിൽ വീണുടഞ്ഞു ചിതറിയ മേഘങ്ങൾ. ചുവപ്പും മഞ്ഞയും തവിട്ടും വയലറ്റും നിറമുളള പാറകൾ.

പ്രകൃതിയുടെ മദാലസഭാവവും ശാലീനതയും സ്വച്ഛതയും മൂകതയും സൗന്ദര്യവും സംഗീതവും ഇനാസിയുടെ ഹൃദയത്തെ വികാര തരളിതമാക്കി. എല്ലാം മറന്ന്‌ ദൃശ്യഭംഗികളിൽ ലയിച്ചിരുന്നു.

മലകൾക്കും താഴ്‌വരകൾക്കുമിടയിലൂടെ മുകളിലേയ്‌ക്കിഴഞ്ഞു കയറുന്ന ചാരനിറമുളള നാടപോലെ ടാറിട്ട റോഡ്‌. അപകടങ്ങൾ പതിയിരിക്കുന്ന ഹെയർപിൻ വളവുകൾ. മരണത്തിന്റെ നിഴലുകൾ ഉറങ്ങുന്ന മൂകത. ഓരോ വളവു തിരിഞ്ഞു കയറുമ്പോഴും അപകടങ്ങളെക്കുറിച്ചു വെറുതെ സങ്കല്പിച്ചു പോകുന്നു. മനസ്സ്‌ ഉൽക്കണ്‌ഠാഭരിതമാകുന്നു.

റോഡിന്റെ സൈഡ്‌ അല്പമൊന്നിടിഞ്ഞാൽ...! സ്‌റ്റിയറിങ്ങ്‌ വീൽ അല്പമൊന്നു പാളിയാൽ...! ഡ്രൈവർ ഒന്നു മയങ്ങിപ്പോയാൽ...! ബ്രേയ്‌ക്കൊന്നു പൊട്ടിയാൽ...! വളവുതിരിയുമ്പോൾ പാറയിലൊന്നിടിച്ചാൽ..!

സംഗീത വിദ്യാർത്ഥിയായ സിസ്‌റ്റർ ജനറ്റ്‌ കൊന്ത കൈയിലെടുത്തു പ്രാർത്ഥിക്കുന്നതു കണ്ടു.

ദൈവമേ.... അപകടങ്ങളിൽ നിന്നു രക്ഷിക്കേണമേ...!

വർഷങ്ങൾക്കു മുമ്പ്‌ മൂന്നാർ ബസ്സപകടത്തിൽ മരണമടഞ്ഞ ചാത്സ്‌ഡിക്കോത്ത എന്ന സുഹൃത്തിന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞു. സ്‌ക്കൂളിലെ വോളിബോൾ ടീമിന്റെ ക്യാപ്‌റ്റനായിരുന്ന സ്‌മാർട്ട്‌ ബോയ്‌!

മൂന്നാറിലെ നല്ലതണ്ണി എസ്‌റ്റേറ്റിൽ താമസിക്കുന്ന സഹോദരിയെ കാണാൻ പോയതായിരുന്നു. മലകയറുന്ന ഒരു വളവിൽ വച്ച്‌ അല്പമൊന്നു പാളിപ്പോയി. അറുപത്തിയേഴുപേരുടെ ജീവിതം അവിടെ തകർന്നു പോയി.

ചാത്സിന്റെ പോസ്‌റ്റ്‌മോർട്ടം നടത്തിയ ശവം കണ്ടിട്ട്‌ തിരിച്ചറിയാൻ കഴിയാതെ വന്നു.

ആ ഓർമ്മകൾ മനസ്സിൽ ഭീതി നിറയ്‌ക്കുന്നു.

അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ....! ഒരേ പ്രായക്കാരായ, കലാകാരന്മാരും കലാകാരികളുമായ അമ്പതുപേരാണ്‌....

ഡ്രൈവറാണ്‌ ഇപ്പോൾ ദൈവം. അമ്പതുപേരുടെ ജീവൻ ഇപ്പോൾ അയാളുടെ കൈകളിലാണ്‌.

ഇനാസി ഭക്ത്യാദരങ്ങളോടെ ഡ്രൈവറെ നോക്കി. യാതൊരു ചാഞ്ചല്യവുമില്ലാതെ ഏകാഗ്രതയോടെ മുന്നോട്ടുനോക്കിയിരുന്നു തേരുതെളിക്കുകയാണ്‌. ഒരു ബസ്സ്‌ ഡ്രൈവറോട്‌ ഇത്രയേറെ ആദരവ്‌ മുമ്പൊരിക്കലും തോന്നിയിട്ടില്ല.

ബസ്സിൽ ശബ്‌ദങ്ങൾ കുറഞ്ഞു കുറഞ്ഞുവന്നു. സംസാരിക്കാൻ ഭയന്ന്‌ പെൺകുട്ടികൾ പുറത്തേയ്‌ക്ക്‌ നോക്കിയിരുന്നു. പലരുടെയും മുഖത്തും കണ്ണുകളിലും ഭീതിയുടെ നിഴൽ വീണിരുന്നു.

‘എന്താ മരവിച്ചിരിക്കുന്നത്‌?’ ഉമയോട്‌ ഇനാസി ചോദിച്ചു.

‘പേടിയാവണ്‌!’

‘എപ്പോഴും ലഭിക്കുന്ന കാഴ്‌ചയല്ല. നോക്കി ആസ്വദിക്കുക.’

അവളുടെ മുഖത്ത്‌ ഭീതി പുരണ്ട ഒരു മന്ദഹാസം.

‘ഒരു സമാധാനംണ്ട്‌.’ അവൾ പറഞ്ഞു.

‘എന്താണ്‌?’

‘ഇനാസീം കൂടെയൊണ്ടല്ലോ.’

‘അതു കൊളളാം തൊലഞ്ഞാൽ ഞാനും പെടൂല്ലോ അല്ലെ?’

‘അതെ. പിന്നെ ദുഃഖിക്കാനാരുമില്ലല്ലോ.’

അവ്യക്തമായ എന്തൊക്കെയോ വിഷാദചിന്തകൾ മനസ്സിനെ മൂടി. മൗനം മലയടിവാരങ്ങളിൽ കനത്തു കിടന്നു.

പച്ചക്കമ്പിളി പുതച്ചു നില്‌ക്കുന്ന തേയിലമലകൾ കടന്നുവന്നു. തേയിലച്ചെടികൾക്കിടയിൽ മുതുകിൽ കൂടകെട്ടിനിന്നു കൊളുന്തു നുളളുന്ന കറുത്ത സുന്ദരികൾ കൈകളിൽ ചെമ്പുവളകളും കഴുത്തിൽ കറുത്ത മുത്തുമാലകളും മൂക്കുത്തിയും അണിഞ്ഞ ഇരുണ്ടതും ചുവന്നതുമായ ചേലകൾ ധരിച്ച കൊളുന്തുകാരികൾ. ഒരുത്തി വണ്ടിയുടെ നേരെ നോക്കി കൈവീശി. അവൾ ചിരിച്ചുകൊണ്ട്‌ എന്തോ വിളിച്ചു പറയുകയും ചെയ്തു. പക്ഷെ, വാക്കുകൾ ഇങ്ങെത്തിയില്ല.

വണ്ടി മുരണ്ടുകൊണ്ട്‌ ഒരു കാട്ടുമൃഗത്തെപ്പോലെ മലകയറി. മലമുകളിൽ സൂര്യപ്രകാശം ചിതറിത്തെറിച്ചു. മലയുടെ കൂറ്റൻ നിഴലുകൾ താഴ്‌വരകളെ വിഴുങ്ങി.

Previous Next

ജോസഫ്‌ പനയ്‌ക്കൽ

1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു.

മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌.

1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ.

കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ,

മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി.

ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌.

കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’

പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ഷെർളി,

മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ.

വിലാസം

പള്ളിപ്പോർട്ട്‌ പി. ഒ.

683 515
Phone: 0484 -2489883
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.