പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > കൃഷ്ണപ്പരുന്തിന്റെ വിലാപം > കൃതി

പതിനാല്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസഫ്‌ പനയ്‌ക്കൽ

നോവൽ

ഉമ ക്ലാസ്സിൽ വന്നിട്ട്‌ നാലഞ്ചു ദിവസമായി. അവൾക്കെന്തുപറ്റിയെന്ന ഉൽക്കണ്‌ഠ ഇനാസിയുടെ മനസ്സിൽ കനം തൂങ്ങി നിന്നു. ക്ലാസ്സിൽ അവളുടെ അഭാവം വല്ലാത്ത ഒരു ശൂന്യതയുളവാക്കി. ഉത്സാഹവും ഉന്മേഷവും നഷ്‌ടപ്പെട്ട്‌ ഇനാസി മൂകനായി.

‘ഇനാസിയ്‌ക്കെന്തു പറ്റി? സുഖമില്ലേ?’ വിപിൻ ചോദിച്ചു.

‘ഒന്നുമില്ല.’

‘പിന്നെന്താടോ, പാമ്പുചത്ത പാമ്പാട്ടിയെപ്പോലെ വിഷാദിച്ച്‌....?’

അടുത്തിരുന്നവർ ചിരിച്ചു.

‘സംഗതി മനസ്സിലായില്ലേ, ഇനാസിക്കു വിരഹ വിഷാദമാ.’ രാജശേഖരൻ പറഞ്ഞു.

ക്ലാസ്സിൽ ചിരിപൊട്ടി. അടുത്തിരുന്ന സഹപാഠികൾക്ക്‌ ഉത്സാഹമായി.

‘ശരിയാണല്ലോ. നമ്മുടെ ഉമയമ്മാറാണിയെ കണ്ടിട്ടും മൂന്നാലു ദിവസമായല്ലോ.’ വിജയകുമാർ പറഞ്ഞു. ‘എന്ത്‌ പറ്റിയെടോ തന്റെ കക്ഷിക്ക്‌?’ അയാൾ ഇനാസിയോടു ചോദിച്ചു.

ഇനാസി ഒന്നും മിണ്ടിയില്ല. അയാൾക്ക്‌ ദേഷ്യവും മനസ്സിലൊരിക്കിളിയും തോന്നി.

ഇനാസിയും ഉമയും തമ്മിലുളള അടുപ്പത്തെക്കുറിച്ച്‌ ക്ലാസ്സിൽ മിക്കവാറും എല്ലാവർക്കുമറിയാം. ചിലർക്കൊക്കെ അതിൽ അസൂയയുമുണ്ട്‌. അവർ മനക്കടി തോന്നുമ്പോൾ കൊളളിവാക്കുകൾ പറയാറുമുണ്ട്‌.

വൈകുന്നേരം ക്ലാസ്സുകഴിഞ്ഞ്‌ അയാൾ ഹോസ്‌റ്റലിൽ ചെന്നന്വേഷിച്ചു. ഉമയുടെ അച്ഛനു സുഖമില്ലാതെ ലിസ്സി ആശുപത്രിയിൽ കിടക്കുകയാണെന്നും ഉമ അവിടെയാണെന്നും അറിഞ്ഞു.

ഉമ തന്നെ വിവരം അറിയിക്കാതിരുന്നതിനെക്കുറിച്ച്‌ അയാൾക്കു വിഷമം തോന്നി. അയാൾനേരെ ആശുപത്രിയിലേയ്‌ക്ക്‌ ബസ്സു കയറി. ഓവർബ്രിഡ്‌ജിന്റെ കിഴക്കേ ചരിവിൽ ബസ്സിറങ്ങി അയാൾ തെക്കോട്ടു നടന്നു. ആശുപത്രിയിൽ പോകുന്നവരുടെയും ആശുപത്രിയിൽനിന്നു മടങ്ങുന്നവരുടെയും തിരക്കായിരുന്നു റോഡിൽ.

ഏതു വാർഡിലാണെന്നറിയാതെ അയാൾ ഒരറ്റം മുതൽ അന്വേഷിച്ചു നടന്നു. പരിചയക്കാർ പലരും അവിടെയുണ്ടായിരുന്നു. രോഗികളുടെ ഒരു വലിയ ലോകം. സന്ദർശകരുടെ പ്രവാഹമാണ്‌ തിരക്കുണ്ടാക്കുന്നത്‌. ഇനാസിയ്‌ക്ക്‌ ഉമയെ മാത്രമെ അറിയൂ. അവളുടെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ആരെയുമറിയില്ല. അതുകൊണ്ട്‌ കട്ടിലിൽ കിടക്കുന്ന രോഗികളെ അയാൾ ശ്രദ്ധിച്ചില്ല. ശുശ്രൂഷിക്കാൻ നില്‌ക്കുന്നവരിൽ ഉമയുടെ മുഖം തേടി അയാൾ നടന്നു.

‘ആരെയാ കാണണ്ടത്‌?’ ഇനാസിയുടെ നോട്ടവും നടപ്പും കണ്ട്‌ ഒരാൾ ചോദിച്ചു.

എന്തു പറയണമെന്നറിയാതെ അയാൾ പരുങ്ങി. അയാൾക്ക്‌ ഉമയുടെ അച്ഛന്റെ പേരുപോലുമറിയില്ല. എന്തു രോഗമാണെന്നുമറിയില്ല.

‘ഒരു രോഗിയെ നോക്കി നടക്കുകയാ.’ എന്നു പറഞ്ഞ്‌ ഇനാസി വേഗം നടന്നു. ഉമയുടെ അച്ഛന്റെ പേരുപോലും അറിയാതെ വന്നതിൽ അയാൾക്കു ലജ്ജ തോന്നി.

അങ്ങനെ സെക്കന്റ്‌ ഫ്ലോറിൽ വാർഡുകൾ കയറി നടക്കവെ ഉമയുടെ സ്വരം അയാൾ കേട്ടു.

‘ഇനാസീ...’

തിരിഞ്ഞു നോക്കുമ്പോൾ ഒരു മുറിയിൽനിന്ന്‌ ഉമ അയാളുടെയടുത്തെത്തുന്നു. അയാൾക്ക്‌ വലിയൊരാശ്വാസം തോന്നി. എങ്കിലും ഇനാസി ഒന്നു പുഞ്ചിരിക്കുകയോ ഒരു വാക്കു മിണ്ടുകയോ ചെയ്യാതെ ഗൗരവത്തിലാണ്‌ ആ മുറിയിലേയ്‌ക്ക്‌ ചെന്നത്‌.

അറുപതിനടുത്ത്‌ പ്രായം തോന്നിക്കുന്ന ഇരുനിറത്തിൽ മെലിഞ്ഞ ഒരു മനുഷ്യൻ കട്ടിലിൽ കിടന്നിരുന്നു. നരച്ചതും നരയ്‌ക്കാത്തതുമായ മുടി. മുഖത്ത്‌ നരച്ച കുറ്റിരോമങ്ങൾ. ഇനാസിയെ കണ്ടപ്പോൾ ഇരുണ്ട കൺതടങ്ങളിലെ മങ്ങിയ കണ്ണുകളിൽ നേർത്ത തിളക്കമുണ്ടായി. മുഖത്തൊരു ശാന്തമായ പുഞ്ചിരി വിരിയാൻ ഭാവിച്ചു.

‘ആരാ...?’ അയാൾ ഉമയുടെ മുഖത്തേയ്‌ക്ക്‌ നോക്കി.

‘ഇത്‌ എന്റെ ക്ലാസ്സിലെ ഇനാസി; ഞാൻ പറഞ്ഞിട്ടില്ലേ, അച്ഛനോട്‌.’ ഉമയുടെ സ്വരത്തിലും ഭാവത്തിലും ഉന്മേഷം തുടിച്ചു.

‘ഓ, ഇന്നാള്‌ അവാർഡ്‌ കിട്ടിയ...’ അയാൾ ചിരിച്ചുകൊണ്ട്‌ ഇരിക്കാൻ പറഞ്ഞു.

ഇനാസി ആദരവോടെ പുഞ്ചിരിച്ചു. ഉമയോടു തോന്നിയ ഗൗരവമൊക്കെ അലിഞ്ഞുപോയി. അയാൾ കട്ടിലിനരികിൽ സ്‌റ്റൂളിലിരുന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ഒരു തടി ഡിപ്പോയിൽ കണക്കെഴുത്താണ്‌ ഗോപാലൻനായർക്കു ജോലി. കഴിഞ്ഞയാഴ്‌ച ഓഫീസിലിരുന്നു ജോലി ചെയ്‌തുകൊണ്ടിരിക്കെ പെട്ടെന്നൊരു നെഞ്ചുവേദനയും ശ്വാസംമുട്ടുമുണ്ടായി. ജോലിക്കാർ താങ്ങിയെടുത്ത്‌ കാറിൽ കയറ്റിയാണ്‌ ആശുപത്രിയിൽ കൊണ്ടുവന്നത്‌. ഡോക്‌ടർ വിദഗ്‌ദ്ധമായ പരിശോധനകൾ നടത്തി. ഹൃദ്രോഗമാണ്‌. കുറച്ചു ദിവസത്തെ വിശ്രമവും ചികിത്സയും കൊണ്ടു ഭേദമാകുമെന്ന്‌ ഡോക്‌ടർ പറഞ്ഞു.

ശുശ്രൂഷിക്കാൻ നിന്നും ഉറക്കമൊഴിച്ചും ഉമ, ക്ഷീണിച്ചിരുന്നു. അവളുടെ മുടിയിഴകൾ പങ്കയുടെ നേർത്ത കാറ്റിൽ പാറിപ്പറന്നുകൊണ്ടിരുന്നു. അവൾ ഫ്ലാസ്‌കിൽനിന്നു ചായ പകർന്ന്‌ ഇനാസിയുടെ കൈയിൽ കൊടുത്തു.

‘ഉമ തന്നെയാണോ ഇവിടെ നില്‌ക്കുന്നത്‌? മറ്റാരും...?’ ഇനാസി ചോദിച്ചു.

‘അമ്മ ഇടയ്‌ക്കുവരും. പക്ഷെ, അമ്മയ്‌ക്ക്‌ ഉറക്കം നിക്കാൻ വയ്യ, വലിവു വരും.’ ഉമ പറഞ്ഞു.

ഉമ തന്റെ വീട്ടുവിശേഷങ്ങളെല്ലാം പറഞ്ഞു. ഉമയ്‌ക്കു രണ്ടനുജത്തിമാരും രണ്ടനുജന്മാരുമാണുളളത്‌. എല്ലാവരും പഠിക്കുകയാണ്‌. എഴുപത്തിയഞ്ചു വയസ്സു കഴിഞ്ഞ ഒരു മുത്തശ്ശിയുമുണ്ട്‌ വീട്ടിൽ, മുത്തശ്ശിയ്‌ക്കു ചെവി കേട്ടുകൂടാ. അഞ്ചുമണി കഴിഞ്ഞാൽ കണ്ണിനു കാഴ്‌ചയും നഷ്‌ടപ്പെടും. ആ മുത്തശ്ശിയുടെ കാര്യം അന്വേഷിക്കാൻ തന്നെ രണ്ടുപേർ വേണം. മനസ്സിൽ വിചാരിക്കുന്നതെല്ലാം അപ്പോൾ നടന്നില്ലെങ്കിൽ മുത്തശ്ശി ബഹളമുണ്ടാക്കും. മുത്തശ്ശിയ്‌ക്ക്‌ കണ്ണും ചെവിയുമില്ലെങ്കിലും ഒച്ചയ്‌ക്കൊരു കുറവുമില്ല. മുറുക്കാൻ ഇടിച്ചുകൊടുക്കാൻ ആളില്ലാതെ വന്നാൽ പിന്നെ അയൽക്കാർക്കുപോലും ചെവി പൊത്തിയോടേണ്ടി വരും. മുത്തശ്ശീടെ തെറിയും ശാപവാക്കുകളും അത്ര ഭയങ്കരമാ. ഇതൊക്കെയാണെങ്കിലും തന്നോടു മുത്തശ്ശിയ്‌ക്ക്‌ വലിയ സ്‌നേഹമാണെന്നാണ്‌ ഉമ പറയുന്നത്‌.

ഉമയുടെ വീട്ടിലൊരു ദിവസം പോകണമെന്നും ആ മുത്തശ്ശിയെ ഒന്നു കാണണമെന്നും ഇനാസി വിചാരിച്ചു.

ഇനാസിയുടെ സന്ദർശനം ഉമയ്‌ക്ക്‌ വലിയൊരാശ്വാസവും സന്തോഷവുമുളവാക്കി. അവളുടെ മിഴികളിലും മുഖത്തും അതിന്റെ പ്രസരിപ്പു തെളിഞ്ഞു.

ഇനാസി പെട്ടെന്നവിടെ നിന്നിറങ്ങി നടന്നപ്പോൾ ഉമ ചോദിച്ചുഃ

‘എന്താ, പോകേണോ?’

‘ഇല്ല; ഇപ്പോ വന്നേക്കാം.’

ഏതാനും നിമിഷങ്ങൾ കഴിഞ്ഞ്‌ കൈയിലൊരു പൊതിക്കെട്ടുമായാണ്‌ അയാൾ തിരിച്ചെത്തിയത്‌. കുറച്ച്‌ ആപ്പിളും മുന്തിരിയുമായിരുന്നു അത്‌.

‘എന്തിനാ ഇനാസീ ഇതൊക്കെ വാങ്ങിയത്‌...? ഉമ ചോദിച്ചു.

’അയ്യോ, ഇതൊന്നും വേണ്ടായിരുന്നു.‘ ഗോപാലൻനായർ ശാസനാസ്വരത്തിൽ പറഞ്ഞു.

’ഓ, ഇതെന്റെയൊരു സന്തോഷത്തിന്‌...‘ ഇനാസി പറഞ്ഞു. കുറച്ചു സമയം കൂടി അയാൾ അവിടെയിരുന്നു. പിന്നെ ഗോപാലൻനായരോടു യാത്ര പറഞ്ഞ്‌ അവിടെ നിന്നിറങ്ങിയപ്പോൾ ഗേറ്റുവരെ ഉമ കൂടെ ചെന്നു.

’എന്നോടൊരു വാക്കു പറയാനുളള സ്‌നേഹമില്ലാണ്ടു പോയല്ലോ, ഉമയ്‌ക്ക്‌!‘ ഇനാസി പരിഭവപ്പെട്ടു.

’അതിനു സൗകര്യപ്പെടാഞ്ഞിട്ടാണ്‌. കാണണംന്ന്‌ എനിക്കും മോഹംല്ലാന്നു തോന്നണുണ്ടോ?‘

ഇനാസി ഒന്നും മിണ്ടിയില്ല. ഹൃദയത്തിലൊരു സുഗന്ധം.

പിന്നീട്‌ ദിവസവും വൈകുന്നേരം ക്ലാസ്സുകഴിഞ്ഞ്‌ ഇനാസി ആശുപത്രിയിൽ പോയി ഗോപാലൻനായരെ സന്ദർശിച്ചുവന്നു. സ്വന്തം അപ്പനെ കാണാൻ ആശുപത്രിയിൽ പോകുന്ന മട്ടിലായിരുന്നു അത്‌.

ശരിയായ ഉറക്കവും വിശ്രമവും ഭക്ഷണവുമില്ലാതെ ഉമ വല്ലാതെ ക്ഷീണിച്ചു. വെറുതെയിരുന്നപ്പോഴെല്ലാം അവൾ ഉറക്കം തൂങ്ങി. അതുകണ്ട്‌ ഒരു ദിവസം ഇനാസി പറഞ്ഞുഃ

’ഇന്നുരാത്രി അച്ഛനെ നോക്കാൻ ഞാൻ നിന്നോളാം. ഉമ ഹോസ്‌റ്റലിൽ പോയിക്കിടന്നു സുഖമായൊന്നുറങ്ങീട്ടു വരൂ...‘

ആദ്യമൊന്നും അതംഗീകരിക്കാൻ ഉമ തയ്യാറായില്ല. പിന്നീട്‌ ഇനാസിയുടെ സ്‌നേഹപൂർവ്വമുളള നിർബ്ബന്ധത്തിനു വഴങ്ങി അവൾ ഹോസ്‌റ്റലിലേയ്‌ക്ക്‌ പോയി.

രണ്ടുദിവസം ഗോപാലൻനായരുടെ കൂടെ കഴിഞ്ഞപ്പോൾ ആ മനുഷ്യനെ കൂടുതൽ മനസ്സിലാക്കാൻ ഇനാസിയ്‌ക്ക്‌ കഴിഞ്ഞു. സാമാന്യം നല്ല സാമൂഹ്യബോധവും നർമ്മബോധവുമുളള ഒരു ശാന്ത സ്വഭാവക്കാരനാണ്‌ അയാൾ. പലതരത്തിലുളള അനുഭവങ്ങളെക്കുറിച്ച്‌ രസകരമായി അയാൾ പറഞ്ഞു. ഇനാസിയ്‌ക്ക്‌ അതൊക്കെയിഷ്‌ടമാവുകയും ചെയ്‌തു.

ഒരു ദിവസം അങ്ങനെ വൈകുന്നേരം ആശുപത്രിയിൽനിന്നും മടങ്ങുമ്പോൾ ഓവർ ബ്രിഡ്‌ജിനടുത്തുളള ബസ്‌റ്റോപ്പിൽ, വെയിറ്റിംങ്ങ്‌ ഷെഡ്‌ഢിൽ തളർന്നു നില്‌ക്കുന്ന സുപരിചിതനായ മനുഷ്യനെക്കണ്ട്‌ ഇനാസി അമ്പരന്നു. സൂക്ഷിച്ചുനോക്കി. അത്ഭുതവും അവിശ്വാസ്യതയും തോന്നി.

-ഇളയപ്പൻ!

ഷേവുചെയ്യാൻ മറന്ന മുഖത്തു വിയർപ്പുതുളളികൾ. ലഹരിയുടെ ആലസ്യം ബാധിച്ച ചുവന്ന കണ്ണുകൾ, ചിതറിവീണു കിടക്കുന്ന നരച്ചമുടി, മുഷിഞ്ഞ വേഷം, കുടവയർ ഒടിഞ്ഞു മടങ്ങിക്കിടക്കുന്നു.

മൂന്നാലുവർഷങ്ങൾകൊണ്ട്‌ ഇളയപ്പൻ എത്രമാറിപ്പോയിരിക്കുന്നു! വിശ്വസിക്കാൻ വിഷമം. എല്ലാവിധ മനുഷ്യാവസ്ഥകളും താത്‌ക്കാലികങ്ങളാണ്‌ എന്ന്‌ ഇനാസിയ്‌ക്കുതോന്നി.

എങ്കിലും മനസ്സ്‌ ഉൽക്കണ്‌ഠകൊണ്ടു.

-എന്റെ ഇളയപ്പന്‌ എന്തുപറ്റി?

അടുത്തുചെല്ലണോ? കാണാത്തമട്ടിൽ ഒഴിഞ്ഞുമാറിപ്പോകണമോ? ഛെ; അതു മനുഷ്യത്വമില്ലായ്‌മയല്ലേ? തന്റെ അപ്പന്റെ സഹോദരനല്ലെ. രക്തബന്ധത്തെ അവഗണിക്കാമോ?

ഇനാസി പലതും ആലോചിച്ചു വിഷമിച്ചു. പിന്നെ അടുത്തുചെന്നു വിളിച്ചുഃ

“ഇളയപ്പാ....”

അയാൾ പെട്ടെന്നു തിരിഞ്ഞുനോക്കി. ഇനാസിയെ കണ്ടപ്പോൾ ചുവന്ന കണ്ണുകളിൽ എന്തോ മിന്നിപ്പൊലിഞ്ഞു.

“ങ്‌ഹാ, ഇനാസി!” പതുക്കെ അയാൾ ഇനാസിയുടെ കൈക്കുപിടിച്ചു. ഇനാസിയുടെ ഉളളിലൊരു കുളിരുപാഞ്ഞു.

“നീയിപ്പോ എവടന്നു വരുന്നു?”

“ഞാൻ ആശുപത്രിയിലൊരു രോഗിയെ കാണാൻ പോയതാ” -അയാൾ മുഖം കുനിച്ചുനിന്നു. എന്നിട്ടു ചോദിച്ചുഃ

“ഇളേപ്പൻ എവിടെപ്പോയതാ?”

“ഞാനിവിടെയൊരു ജോത്സ്യരെ കാണാൻ വന്നതാ. നീയിക്കാര്യം ആരോടും മിണ്ടരുത്‌ട്ടോ.” ഇളയപ്പൻ മുഖമടുപ്പിച്ചു രഹസ്യമായാണു പറഞ്ഞത്‌.

ഇനാസിയ്‌ക്കു ചിരിയും കരച്ചിലും ഒപ്പം വന്നു.

പരസ്പരം നോക്കി മൂകരായി നിന്നു. ഇനിയെന്താണു പറയുകയെന്നറിയാതെ ഇനാസി പരുങ്ങി. ഇളയപ്പൻ എന്തെല്ലാമോ ആലോചിച്ച്‌ അസ്വസ്ഥനാകുന്നത്‌ ഇനാസി കണ്ടു.

“എന്താ വിശേഷം, ജോത്സ്യരെ കാണാൻ?”

“ഒന്നൂല്ല, വെറുതെ.”

ഇളയപ്പൻ അതു വിശദമാക്കാനിഷ്‌ടപ്പെടുന്നില്ലെന്നു മനസ്സിലായപ്പോൾ കൂടുതലൊന്നും ചോദിക്കേണ്ടെന്നു വച്ചു. ജീവിത പ്രശ്‌നങ്ങൾകൊണ്ടു വിഷമിക്കുന്നവരാണ്‌ ജോത്സ്യരെ തേടി നടക്കുക. എന്നാണു മോചനമുണ്ടാകുന്നതെന്നറിയാനുളള വെമ്പൽ. ജോത്സ്യൻ പറയുന്നതെല്ലാം ശരിയാണെന്നു വിശ്വസിക്കുകയും ചെയ്യും. ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളർന്നുപോകുന്ന ദുർബ്ബലന്മാരുടെ അഭയസ്ഥാനമാണ്‌ ജോത്സ്യന്റെ താവളങ്ങൾ.

“നിന്റെ പഠിപ്പൊക്കെ തീരാറായോ?” ഇളയപ്പൻ ചോദിച്ചു.

“ഇക്കൊല്ലം കൊണ്ടുതീരും. ഡിപ്ലോമയ്‌ക്കുളള പരീക്ഷ അടുത്തിട്ടുണ്ട്‌.”

അതൊന്നും ശ്രദ്ധിക്കാത്ത മട്ടിലായിരുന്നു അയാൾ. പോക്കറ്റിൽ നിന്നൊരു ചുരുട്ടെടുത്തു ചുണ്ടിൽ വച്ചു തീ പിടിപ്പിച്ചു. ചുരുട്ടിന്റെ പുകയും മണവും പരന്നു.

“നീ ഗ്രേസിയെ കാണാറുണ്ടോ?” ഇളയപ്പൻ ചോദിച്ചു.

“ഉം, ഇടയ്‌ക്കു ഞാൻ പോയി കാണാറുണ്ട്‌.”

ഇനാസിയ്‌ക്ക്‌ ഒരുപാടു കാര്യങ്ങൾ ചോദിച്ചറിയണമെന്നു തോന്നി. വീട്ടുവിശേഷങ്ങൾ, ടോണിച്ചേട്ടന്റെയും റോണിയുടെയും കാര്യങ്ങൾ. പിന്നെ ഗ്ലാഡിസിനെക്കുറിച്ച്‌....

“വരൂ എളേപ്പാ നമുക്കല്പം മാറിനിന്നു സംസാരിക്കാം.” ഇനാസി പറഞ്ഞു. ഇളയപ്പൻ മടിഞ്ഞുനിന്നു.

നിർബന്ധിച്ചപ്പോൾ കൂടെ നടന്നു.

“എളേമ്മയ്‌ക്കു സുഖമല്ലേ?”

“ങാ, സുഖം, സുഖം! എല്ലാവർക്കും സുഖം!”

ഇളയപ്പന്റെ സ്വരത്തിനു വല്ലാത്തൊരപരിചിതത്വം തോന്നി. ഏതോ മദ്യത്തിന്റെ അരോചകമായ ഗന്ധം. ഇനാസി ഇളയപ്പന്റെ മുഖത്തു സൂക്ഷിച്ചു നോക്കി.

ഇൻഡ്യൻ കോഫിഹൗസിൽ കയറി. ഇളയപ്പന്റെ മുഖത്ത്‌ എന്തോ പ്രയാസങ്ങളെല്ലാം മറഞ്ഞിരിക്കുന്നുവെന്നു ഇനാസിയ്‌ക്ക്‌ തോന്നി. അയാൾ അഴുക്കു പിടിച്ചു കറുത്ത പച്ചപ്പെയിന്റടിച്ച ഒരു ചൂരൽക്കസേരയിൽ തളർന്നിരുന്നു. ഏതോ വിഷാദസ്‌മൃതികളുടെ ഇരുൾ വീണ താഴ്‌വരയിൽ അയാളുടെ മങ്ങിയ കണ്ണുകൾ ഉഴറി. കൺതടങ്ങളിൽ കരിനിഴലും കവിൾത്തടങ്ങളിൽ ചുളിവുകളും നരച്ച കുറ്റിരോമങ്ങളും പടർന്നിരുന്നു. ലഹരിയുടെ ചുവന്ന വേരുകൾ പടർന്ന കണ്ണുകളിൽ ആലസ്യം.

ഇതു തനിക്ക്‌ അപരിചിതനായ ഇളയപ്പനാണ്‌. തന്റെ അറിവിലും അനുഭവത്തിലുമുണ്ടായിരുന്ന കരുത്തനും തന്നിഷ്‌ടക്കാരനും പിടിവാശിക്കാരനുമായ തന്റെ ഇളയപ്പന്‌ എന്തു സംഭവിച്ചു?

“എളേപ്പന്‌ എന്താ വേണ്ടത്‌? ചായയോ കാപ്പിയോ?”

“ഓ, എന്തെങ്കിലും....”

വെളുത്ത തലപ്പാവും വെളുത്ത യൂണിഫോറവുമണിഞ്ഞ വെയിറ്റർ ചായ കൊണ്ടുവന്നു വച്ചു. തിന്നാൻ ജിലേബിയും പഴവും. പഴമെടുത്തുകൊണ്ട്‌ ഇളയപ്പൻ പറഞ്ഞു.

“മധുരമൊന്നും എനിക്കു കഴിച്ചുകൂടാ...”

“ഓഹോ.. ടോണിച്ചേട്ടന്റെയും റോണിയുടെയും റീനയുടെയും ഒക്കെ പഠിപ്പ്‌ എത്രത്തോളമായി?”

ഇളയപ്പൻ ഒന്നും മിണ്ടാതെ എന്തോ ആലോചനയിൽ മുഖം താഴ്‌ത്തിയിരുന്നു. തണുത്ത നിമിഷങ്ങൾക്കുശേഷം ഒരു നെടുവീർപ്പുപൊഴിച്ചു കൊണ്ട്‌ ഇളയപ്പൻ പറഞ്ഞുഃ

“മക്കളെക്കുറിച്ചുളള സ്വപ്‌നങ്ങളൊക്കെ തകർന്നവനാടാ ഞാൻ.”

ഇനാസി അമ്പരന്നു.

“എളേപ്പനെന്താ ഈ പറേണത്‌?”

കമ്പിവേലിക്കുളളിലെ ഇരുമ്പഴികളിൽ ചാടിക്കളിച്ച്‌ ഒച്ചവയ്‌ക്കുന്ന പച്ചക്കിളികളെ അലസമായി നോക്കിയിരുന്നുകൊണ്ട്‌ ഇളയപ്പൻ പറഞ്ഞുഃ

“നിനക്കതു മനസ്സിലാവില്ലെടാ. എന്റെ വേദനകൾ...!”

ഇളയപ്പന്റെ സ്വരം പരുഷമായിരുന്നു. മുഖത്തു വികാരങ്ങൾ ജ്വലിച്ചു. പിന്നെ സ്വരം താഴ്‌ത്തി പിറുപിറുക്കുന്നതുപോലെ പറഞ്ഞുഃ

’ടോണി കുട്ടിയായിരുന്നപ്പോ എന്തു മിടുക്കനായിരുന്നു. ഹൈസ്‌കൂളിലെത്തും വരെ പഠിപ്പിൽ ഒന്നാമനായിരുന്നു. എനിക്കവനെക്കുറിച്ച്‌ ഒരുപാടു പ്രതീക്ഷകളുണ്ടായിരുന്നു. അവനെ ഒരു നല്ല ഡോക്‌ടറാക്കണമെന്ന്‌ ഞാനാഗ്രഹിച്ചു. പക്ഷെ, കോളേജിന്റെ പടികയറിയതോടെ എന്റെ എല്ലാ സ്വപ്നങ്ങളെയും അവൻ തകർത്തു കളഞ്ഞു.“

വാക്കുകളിൽ നിരാശയുടെ ഗന്ധം.

ഇനാസി സ്തബ്‌ധനായി ഇരുന്നതേയുളളൂ.

പുറത്ത്‌ റോഡിൽ താങ്ങാനാകാത്ത ഭാരം വലിച്ചു തളർന്ന കാളകളെ വണ്ടിക്കാരൻ അടിച്ചു തെളിക്കാൻ ശ്രമിക്കുന്നതിന്റെ സീൽക്കാരം. അലക്ഷ്യമായി പുറത്തേയ്‌ക്കു നോക്കിയിരുന്നുകൊണ്ട്‌ ഇളയപ്പൻ തുടർന്നുഃ

”അവനു ഹിപ്പിയായി താടീം മുടീം വളർത്തി, വാറ്റുചാരായം മോന്തി, കഞ്ചാവുവലിച്ച്‌ കിറുങ്ങി നടക്കണതാ കാര്യം. എന്താ സുഖം! ജീവിതത്തിന്റെ പൊരുളന്വേഷിച്ചു നടക്കുകയാണത്രെ!“ ഇളയപ്പൻ ചിരിച്ചു ഒരു വല്ലാത്ത ചിരി.

തൊട്ടടുത്ത മേശയ്‌ക്കു ചുറ്റും ഒരു പുരുഷനും സ്‌ത്രീയും രണ്ടു കുട്ടികളുമിരുന്നു കാപ്പി കുടിക്കുന്നുണ്ടായിരുന്നു. മൂക്കിന്റെ വലതുവശത്തു വലിയൊരരിമ്പാറയുളള വെളുത്ത സ്‌ത്രീ ഇളയപ്പന്റെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

”റോണിയോ?“

”എല്ലാം ഗതികെട്ട വഴിയ്‌ക്കു തന്നെ പോക്ക്‌. പാട്ടും നാടകാഭിനയവുമായി കണ്ട നടികളുടെ കൂടെ അലഞ്ഞു നടക്കുന്നു. വീട്ടിൽ വരുക, തിന്നുക, ഉറങ്ങുക, ഇറങ്ങിപ്പോവുക. വേറൊന്നും ഞാൻ കാണുന്നില്ല അറിയുന്നുമില്ല...“

സ്‌ത്രീയുടെ മുഖത്ത്‌ സഹതാപം നിറഞ്ഞ ഒരു കൗതുകം ഉണർന്നു. കറങ്ങുന്ന ഫാനിൽ നോക്കി ഇനാസി മൂകനായി ഇരുന്നു.

”ഒക്കെ കുടുംബത്തിനേറ്റ ഏതോ ശാപമാ. ഞാൻ അതൊന്നറിയാനാ ജോത്സ്യരെ കാണാമ്പോയത്‌.“

ഇളയപ്പന്റെ ശബ്‌ദത്തിൽ വേദനയുടെ ചിലമ്പലുണ്ടായിരുന്നു. ഇനാസിയ്‌ക്ക്‌ ഇളയപ്പന്റെ തകർച്ചയിൽ ദുഃഖം തോന്നി.

”എന്നിട്ട്‌ ജോത്സ്യനെന്തു പറഞ്ഞു?“

”അഷ്‌ടമത്തിൽ ശനിയാണെന്നും അപഹാരകാലമാണെന്നും ഒക്കെ കുറെ പറഞ്ഞു. ഭജനയും വഴിപാടുകളുമൊക്കെ നടത്തണമെന്നും...“

ഇനാസി ഒന്നും മിണ്ടിയില്ല.

ഇളയപ്പനു പ്രൈമറി ക്ലാസ്സുവരെ മാത്രമെ പഠിക്കാൻ കഴിഞ്ഞിരുന്നുളളൂ. അന്നത്തെ പരിതസ്ഥിതിയിൽ ഫീസുകൊടുത്തു പഠിക്കാൻ നിവൃത്തിയില്ലായിരുന്നു. പിന്നീട്‌ കച്ചവടവും തേങ്ങാവെട്ടും നടത്തി പണമുണ്ടാക്കിയപ്പോൾ തന്റെ മക്കളെയെങ്കിലും പഠിപ്പിച്ച്‌ ഉന്നത വിദ്യാഭ്യാസമുളളവരാക്കണമെന്ന്‌ അയാൾ ആഗ്രഹിച്ചു. പഠനത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്‌തു കൊടുത്തിട്ടും പക്ഷെ, മക്കൾ പഠിച്ചില്ല. അവർ ജീവിതത്തിന്റെ ആർഭാടങ്ങളിലും സന്തോഷങ്ങളിലും മുഴുകി നടന്നു. പണമുണ്ടായതുകൊണ്ടു മാത്രം മക്കളെ വിദ്യാസമ്പന്നരാക്കാൻ കഴിയില്ലെന്നു മനസ്സിലായപ്പോൾ അയാളുടെ സ്വപ്നങ്ങളെല്ലാം തകർന്നുപോയി.

ഇളയപ്പൻ സ്വാർത്ഥനായിരുന്നു. പണത്തിനോട്‌ ആർത്തിയുളളവനായിരുന്നു. എങ്കിലും മദ്യപാനിയായിരുന്നില്ല. ഇപ്പോൾ ആളാകെ മാറിപ്പോയിരിക്കുന്നു. പണമുണ്ടാക്കാനുളള താത്‌പര്യം നഷ്‌ടപ്പെട്ടു. ജീവിതത്തിനു ലക്ഷ്യമില്ലെന്നായി. അസ്വസ്ഥ മനസ്സിനെ മയക്കിക്കിടത്താൻ വേണ്ടി മദ്യപിക്കുന്നു. ജീവിതത്തിലെ സ്വപ്നങ്ങൾ തകരുമ്പോൾ മനുഷ്യൻ ചിലപ്പോൾ അനിശ്ചിതമായ ഗതിമാറ്റത്തിനു വിധേയമാകുന്നു.

കോഫി ഹൗസിൽ നിന്നിറങ്ങി നടക്കുമ്പോൾ ഇനാസി ചോദിച്ചു.

”ഇളേമ്മയ്‌ക്കും മേഴ്‌സിക്കും ഗ്ലാഡിസിനുമൊക്കെ സുഖമല്ലേ?“

”ഒക്കെത്തിനും സുഖമാടാ. നല്ല തീറ്റയും കേൾക്കാൻ കാസറ്റുകളും കാണാൻ ടീവിയും ഉറങ്ങാൻ ഇത്തിരിക്കളളും ആയാൽ ജീവിതം പരമസുഖമല്ലേടാ.. എല്ലാം താമസിയാതെ തീരും. എന്റെ എടപാടുകളൊക്കെ തകർന്നു. ഞാനുംകൂടി ചാകുമ്പോഴേ കുടുംബത്തിലുളളവർക്കു കാര്യങ്ങൾ മനസ്സിലാകൂ. അതിന്‌ അധിക നാളൊന്നും വേണ്ട...“

ഇനാസി ആ മനുഷ്യന്റെ മുഖത്തേയ്‌ക്കുറ്റു നോക്കി. ഇളയപ്പന്‌ എന്തു പറ്റിപ്പോയി എന്ന്‌ അയാൾ അമ്പരന്നു. ഒന്നും മിണ്ടാതെ ഏതാനും അടികൾ നടന്ന്‌ അയാൾ വിനയപൂർവ്വം പറഞ്ഞുഃ

”എളേപ്പൻ ഇങ്ങനെ നിരാശപ്പെടുന്നതുകൊണ്ടു കാര്യമില്ല. നമ്മുടെ നാഗരിക സംസ്‌കാരത്തിനു വന്നുകൊണ്ടിരിക്കുന്ന രോഗം ടോണിച്ചേട്ടനെയും റോണിയെയുമൊക്കെ കുറച്ചു ബാധിച്ചു. അതൊക്കെ താനെ മാറിക്കൊളളും.“

”എടാ, ഇനിയും നിനക്കു കേക്കണോ വിശേഷം? ഞാൻ കൂടുതൽ ലാളിച്ചു വളർത്തിയ എന്റെ പുന്നാരമോൾ ഗ്ലാഡിസുണ്ടല്ലോ, അവൾ ഏതോ ഒരു പാട്ടുകാരൻ ചോച്ചെറുക്കന്റെ കൂടെപ്പോയി രജിസ്‌റ്റർ വിവാഹം നടത്തി. അങ്ങനെ എല്ലാ മക്കളുംകൂടെ എന്നെയൊരു പുതിയ മനുഷ്യനാക്കി. നീ നോക്ക്‌. എന്റെ മുഖം മാറീട്ടില്ലെ? ഞാനാകെ മാറീട്ടില്ലേ?“

ഒരു ജീവിതത്തിന്റെ തകർച്ചയുടെ സ്വരം മുഴുവൻ ഇനാസി കേട്ടു. സങ്കടം തോന്നി. പിന്നെയും പലതും ചോദിക്കണമെന്നുണ്ടായെങ്കിലും ഒന്നും ചോദിച്ചില്ല. രണ്ടുപേരും സ്വന്തം ആത്മാവിന്റെ ചിറകിനടിയിൽ തല തിരുകി മൂകരായി നടന്നു. എല്ലാം പറഞ്ഞപ്പോൾ ഇളയപ്പന്റെ മുഖത്ത്‌ ഒരു ശാന്തത പരന്നു.

ചെമ്പിച്ച മുടിയും ഇളം പച്ചക്കണ്ണുകളുമുളള, കഷ്‌ടിച്ചു മാത്രം നഗ്നത മറച്ച ഒരു ഹിപ്പിയും ഹിപ്പിണിയും മുതുകത്ത്‌ ഓരോ ഭാണ്ഡക്കെട്ടുമായി ഫുട്‌പാത്തിലൂടെ എതിരെ വന്നു. ഇളയപ്പന്റെ മുഖത്ത്‌ ഏതോ പകയുടെ നിഴൽ വീണു. അയാൾ വെറുപ്പോടെ അവരെ നോക്കി നിലത്തേക്കു കാർക്കിച്ചു തുപ്പി.

‘കലിയുഗ ചെകുത്താന്മാർ! കഞ്ചാവു കടത്തിക്കൊണ്ടു പോകാൻ വരുന്ന കളളജാതികൾ!” ഇളയപ്പൻ പല്ലു ഞെരിച്ചുകൊണ്ടു പറഞ്ഞു.

വഴിയെ പോകുന്നവർ ഇളയപ്പനെയും ഹിപ്പികളെയും നോക്കി ചിരിച്ചു.

’ശ്ശെ, ഇളയപ്പൻ മിണ്ടാതിരി. അവർ അവരുടെ വഴിയ്‌ക്ക്‌ പോകട്ടെ.‘ ഇനാസി ഇളയപ്പന്റെ കൈക്കു പിടിച്ചു.

’ഈ ചെകുത്താന്മാരാ എന്റെ മക്കളുടെ ആരാധ്യപുരുഷന്മാർ! ഫൂ...!“ ഇളയപ്പൻ ദേഷ്യപ്പെട്ടു.

ഇനാസിയ്‌ക്ക്‌ ലജ്ജതോന്നി. ആളുകൾ ശ്രദ്ധിക്കുന്നു. അയാൾ തല കുനിച്ചു മിണ്ടാതെ നടന്നു.

പാവം, ഇളയപ്പൻ! സഹതാപം തോന്നി.

ബസ്സ്‌​‍്‌റ്റോപ്പിലെത്തിയപ്പോൾ ഇനാസി പറഞ്ഞു.

”ഞാൻ താമസിക്കുന്നിടത്തൊന്നു പോയിട്ടുപോകാം.“

”വേണ്ടെടാ. എന്നെ ഇനിയാരും പരിചയപ്പെടണ്ട. നീ പൊക്കൊ. ഞാനടുത്ത വണ്ടിയ്‌ക്ക്‌ പൊക്കോളാം.“

”കച്ചവടമൊക്കെ നടക്കുന്നില്ലെ?“

”അതൊക്കെ നിർത്തി. എനിക്കെല്ലാം മതിയായി.“

”അങ്ങനെ എടപാടെല്ലാം നിർത്തിയാൽ എങ്ങനെ ജീവിക്കും. ഉളളതും നശിച്ചു തീരില്ലേ?“ ഇനാസിയുടെ ശബ്‌ദത്തിൽ ഉൽക്കണ്‌ഠയുണ്ടായിരുന്നു.

”ആർക്കുവേണ്ടിയാടാ? എന്റെ മക്കൾ ധൂർത്തടിക്കാനോ? ഞാൻ കഷ്‌ടപ്പെട്ടു സമ്പാദിച്ചു വച്ചതുകൊണ്ടാ എന്റെ മക്കൾക്കു പണത്തിന്റെ വിലയറിയാതെ പോയത്‌. ഇനി എല്ലാം നശിച്ചു പട്ടിണിയാകുമ്പോഴേ അവർ നന്നാകൂ...“

ഇളയപ്പൻ വികാരാധീനനായി.

ഇനാസി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.

”നീ പൊക്കോ.“

ബസ്സു വരുന്നതുവരെ ഇനാസി കാത്തുനിന്നു. ജീവിതത്തിൽ എന്തൊക്കെയോ അപ്രതീക്ഷിതമായി തകർന്നുവീണു എന്നു തോന്നി. ഇളയപ്പനെ ബസ്സിൽ കയറ്റി വിട്ടുകൊണ്ടു വീട്ടിലേക്കു നടക്കുമ്പോൾ ഹൃദയം വിഷാദമൂകമായിരുന്നു. സന്ധ്യയുടെ നിറങ്ങൾ ഇരുളിൽ കൊഴിഞ്ഞു വീണു തുടങ്ങിയിരുന്നു.

Previous Next

ജോസഫ്‌ പനയ്‌ക്കൽ

1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു.

മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌.

1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ.

കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ,

മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി.

ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌.

കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’

പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ഷെർളി,

മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ.

വിലാസം

പള്ളിപ്പോർട്ട്‌ പി. ഒ.

683 515
Phone: 0484 -2489883




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.