പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > കൃഷ്‌ണപ്പരുന്തിന്റെ വിലാപം > കൃതി

ഒന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസഫ്‌ പനയ്‌ക്കൽ

നോവൽ

ചിത്രകലാലയത്തിന്റെ ഗേറ്റിനുപുറത്തു കടന്നു റോഡിലേയ്‌ക്കു പ്രവേശിക്കാൻ ഭാവിക്കവെ ഇനാസി പെട്ടെന്നു നിന്നു. ഇനി എങ്ങോട്ടാണ്‌.

മുന്നിൽ ശൂന്യതയിലേയ്‌ക്കു നീളുന്ന കറുത്ത തെരുവ്‌.

സഹപാഠികളെല്ലാം എവിടെയെല്ലാമോ പോയി മറഞ്ഞു.

ഈ തെരുവ്‌ അപരിചിതമാണ്‌. ഈ അന്തരീക്ഷത്തിനു താൻ അന്യൻ. ഇവിടത്തെ മനുഷ്യർക്കു താൻ അപരിചിതൻ. ലക്ഷ്യശൂന്യതയുടെ അന്ധതയിൽ കുരുങ്ങി വഴിയറിയാതെ നിന്നു. പിന്നിൽ കലാലയം നിശ്ശബ്ദമായി.

തലയ്‌ക്കുമുകളിൽ സൂര്യപ്രകാശത്തിന്റെ പ്രസരിപ്പു നഷ്‌ടപ്പെട്ട അതിരില്ലാത്ത ശൂന്യതയുടെ ചാരനിറം.

“താനെന്താ ഇവിടെ തനിയെ നിൽക്കുന്നത്‌?” ഗേറ്റടച്ച്‌ ഇറങ്ങിവന്ന ബാലചന്ദ്രൻ മാസ്‌റ്റർ ചോദിച്ചു.

എന്തു പറയണമെന്നറിയാതെ നിന്നു പരുങ്ങി.

“താനെവിടാ താമസം?”

മാസ്‌റ്റരുടെ കനത്ത കണ്ണടയ്‌ക്കുളളിലെ കണ്ണുകളുടെ തീഷ്ണതയ്‌ക്കു സൗമ്യഭാവമായിരുന്നെങ്കിലും ഇനാസി അസ്വസ്ഥനായി.

“താമസം... ഒന്നുമായില്ല സാർ, ഏതെങ്കിലും ഒരു ഹോസ്‌റ്റൽ കണ്ടുപിടിക്കണം.”

ബാലചന്ദ്രൻമാസ്‌റ്റർ പിന്നെ ഒന്നും ചോദിക്കാതെ നടന്നു. പിന്നാലെ സഞ്ചിയും താക്കോൽക്കൂട്ടവും പിടിച്ച്‌ പ്യൂൺ കുഞ്ഞുണ്ണിയും.

കാലിൽ തൂങ്ങുന്ന നീണ്ട നിഴലുകളെ വലിച്ചിഴച്ചു കടന്നുപോകുന്ന അപരിചിതരുടെ നിരകൾ നീണ്ടു. ബസ്സ്‌സ്‌റ്റോപ്പിൽ കാത്തുനിന്നവർ അതിനിടയ്‌ക്കു വന്ന ബസ്സുകളിൽ കയറി അപ്രത്യക്ഷരായി. പുതിയ മുഖങ്ങളും നിഴലുകളും വന്നുചേർന്നുകൊണ്ടിരുന്നു. ഇരുമ്പു ഗേറ്റിനുമുകളിൽ പടർന്നു പന്തലിച്ചുനിന്ന ബൊഗയിൻ വില്ലയുടെ ചുവന്ന പൂക്കൾ സന്ധ്യയെ കാത്തുനിന്നു. അവയ്‌ക്കിടയിൽ നീണ്ടുനിന്ന കൂർത്ത മുളളുകളെക്കുറിച്ച്‌ ഇനാസി വെറുതെ ഭയപ്പെട്ടു.

താമസിക്കാനൊരിടം കണ്ടുകൊണ്ടല്ല ചിത്രകലാലയത്തിലെത്തിയത്‌. ജീവിക്കാൻ വകയുണ്ടാക്കിവച്ചിട്ട്‌ ആരും ജനിക്കാറില്ലല്ലോ. അനാഥരും ഈ ഭൂമിയിൽ പിറന്നു വളരുന്നു. ഒരു ചിത്രകാരനാകണം, അതിനു വേണ്ടിയാണ്‌ ചിത്രകലാലയത്തിൽ വന്നു ചേർന്നത്‌. ജീവിതത്തെ ഒരു വെല്ലുവിളിയോടെ നേരിടാനുളള ആത്മവിശ്വാസം മാത്രമാണ്‌ കൈമുതലായുളളത്‌. മുന്നോട്ടു പോകുകതന്നെ. നഗരത്തിലെത്തുന്ന റോഡിലൂടെ നടന്നു. ബസ്സിൽ കയറിയാൽ സ്ഥലം കാണാനാവില്ല. ചുറ്റുപാടുകളിലെ ദൃശ്യങ്ങൾ, രൂപങ്ങൾ, നിറങ്ങൾ...

നഗരം അനാഥരായ ദേശാടനപ്പക്ഷികൾക്കു ചേക്കേറാനുളള മാമരമാണ്‌. ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു കാക്കയെപ്പോലെ തനിക്കും അവിടെ കടന്നുചെല്ലാം.

തനിക്കും ജീവിക്കണം.

ഒരു വലിയ ചിത്രകാരനാകാൻ. ജീവിതത്തിന്റെ പൊരുളും പൊരുത്തക്കേടുകളും വരകളിലും നിറങ്ങളിലും കൂടി പ്രവചിക്കാൻ.

പക്ഷെ, കാലൂന്നി നില്‌ക്കാനൊരിടം...?

നഗരമല്ലെ എവിടെയെങ്കിലും എന്തെങ്കിലും ചെറിയൊരു ജോലി. പരസ്യങ്ങൾ വരയ്‌ക്കുകയും എഴുതുകയും ചെയ്യുന്ന ചിത്രകലാ സ്ഥാപനങ്ങൾ നഗരത്തിൽ അനേകമുണ്ടെന്നു കേട്ടിട്ടുണ്ട്‌. അവിടെ എവിടെയെങ്കിലും...

അമേരിക്കയിലും ഇംഗ്ലണ്ടിലും മറ്റും സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികള പലരും ഹോട്ടലുകളിലും വീടുകളിലും പാർട്ട്‌ടൈം ജോലികൾ ചെയ്തിട്ടാണത്രെ പഠിക്കുന്നത്‌. തനിക്കും അതിനു കഴിയില്ലെ...?

വെല്ലുവിളികൾക്കു മുന്നിൽ ഭീരുവാകാൻ വയ്യ; സാഹസികനാവുകയാണവശ്യം.

അത്യാവശ്യസാധനങ്ങൾ പലതും തോളിൽ തൂങ്ങുന്ന സഞ്ചിയിലുണ്ട്‌. രണ്ടു ഷർട്ട്‌, രണ്ട്‌ മുണ്ട്‌, ഒരു ലുങ്കി, രണ്ടു ബനിയൻ, തോർത്ത്‌, പിന്നെ ബ്രഷുകൾ, കളർ ട്യൂബുകൾ, ഗ്ലാസ്‌, പാലറ്റ്‌, പെൻസിലുകൾ, സ്‌കെയിൽ. കുറച്ചു കടലാസ്സുചുരുളുകൾ, ചിത്രകലയെക്കുറിച്ചുളള രണ്ടു പുസ്തകങ്ങൾ. മത്സരങ്ങളിൽ ജയിച്ചതിനു സമ്മാനമായി കിട്ടിയവയാണു പുസ്തകങ്ങൾ.

ചിത്രകലാലയത്തിൽ ചേരാനുളള അപേക്ഷാഫോറം പൂരിപ്പിച്ചപ്പോൾ ഇളയപ്പൻ ചോദിച്ചു.

“എന്തു കണ്ടട്ടാ നെന്റ പൊറപ്പാട്‌?”

മുറ്റത്തു വെയിലിൽ ഉണക്കാനിട്ട തേങ്ങാമുറികളിൽ നോക്കി നിന്നുകൊണ്ട്‌ വിനയപൂർവ്വം പറഞ്ഞു.

“ചിത്രകല പഠിക്കാനാ എനിക്കാഗ്രഹം.”

“എന്നെ ബുദ്ധിമുട്ടിക്കാൻ വന്നേക്കരുത്‌. കാര്യം പറഞ്ഞേക്കാം.”

കൈകൾ പിന്നിൽ പിണച്ച്‌ ഇളയപ്പൻ വരാന്തയിൽ തെക്കുവടക്ക്‌ ഉലാത്തി. മുഖത്ത്‌ പെരുകിവന്ന ചുളിവുകളിൽ അമർഷത്തിന്റെ ഇരുട്ടു വീണിരുന്നു. കണ്ണുകളിൽ ഉച്ചവെയിലും.

അത്രയും കൈയൊഴിഞ്ഞു സംസാരിക്കുമെന്നു വിചാരിച്ചിരുന്നില്ല. താൻ തളർന്നു തലകുനിച്ചുനിന്നു. ചുരുട്ട്‌ അമർത്തിവലിച്ച്‌ അതൃപ്തിയോടെ ഇളയപ്പൻ പറഞ്ഞു.

“നെന്നെ പത്താം ക്ലാസ്സുവരെ പഠിപ്പിച്ചതുതന്നെ അധികാ. എനിക്കു കഴിവുണ്ടായിട്ടല്ല. പിന്നെ, എന്റെ മക്കളും ചേട്ടന്റെ മക്കളും എനിക്കു ഭേദംല്ലല്ലോന്നു വച്ചു ഭാരംപേറി. ഇപ്പോ നീ തന്നിഷ്‌ടം കാട്ടിക്കോ ധിക്കാരി!”

അമർഷത്തിന്റെ അലകൾ ഇനാസിയുടെ ഹൃദയത്തെ പ്രക്ഷുബ്‌ധമാക്കി. ആത്മാർത്ഥതയില്ലാത്ത പൊളളവാക്കുകൾ! കൂർത്തമുനയുളള വാക്കുകൾ മറുപടിയായി തൊണ്ടയിൽ വന്നു പിടഞ്ഞപ്പോൾ ബുദ്ധി തടുത്തു.

-അരുത്‌; ഒന്നും മിണ്ടണ്ട.

“എനിക്ക്‌ ചിത്രകല പഠിക്കാനാ ഇഷ്‌ടം. എന്റെ മാഷമ്മാരും അതാണുപദേശിച്ചത്‌.”

“ഓ, മാഷ്‌മ്മാര്‌! അവരല്ലെ നെനക്കു ചോറു തരുന്നത്‌; എങ്ങനെ മാനിക്കാതിരിക്കും?” ആ വാക്കുകളിൽ പുച്ഛം നാറി.

താനൊന്നും മിണ്ടിയില്ല.

പുറത്തു സന്ധ്യയുടെ നിറങ്ങൾ മായുകയായിരുന്നു. ഇരുൾ അരിച്ചുകയറുന്ന നിമിഷങ്ങളുടെ തണുത്ത മൂകത വീർപ്പുമുട്ടിക്കുന്നതായിരുന്നു.

കീഴടങ്ങാൻ മനസ്സു തയ്യാറായില്ല.

പ്രശ്‌നങ്ങളെ നേരിടാൻ തന്നോടുതന്നെ മത്സരിക്കുകയാണ്‌ വേണ്ടതെന്ന്‌ തോന്നി. ജയവും തോൽവിയും അവനവന്റെ ആത്മവിശ്വാസത്തെ ആശ്രയിച്ചു നില്‌ക്കുന്ന കാര്യമാണ്‌.

വരകളോടും വർണ്ണങ്ങളോടുമുളള അടക്കാനാവാത്ത ഭ്രമം ഒരു ലഹരിയായി ഇനാസിയുടെ ഹൃദയത്തെ മഥിച്ചു. പ്രൈമറി ക്ലാസ്സുകളിൽ തുടങ്ങിയ ഭ്രമമാണത്‌. തനിക്കു കൂട്ടുകാരില്ലായിരുന്നു. താനെന്നും ഏകാകിയായിരുന്നു. പ്രകൃതിയിലെ ദൃശ്യങ്ങളുടെ രൂപങ്ങളും നിറങ്ങളും അവയുടെ മാറ്റങ്ങളും നോക്കിനടന്നു സ്വകാര്യമായി താലോലിക്കാനായിരുന്നു തനിക്കിഷ്‌ടം. കൂട്ടുകാരെന്നു പറയാവുന്നവരെല്ലാം ഓടിയും ചാടിയും ആർത്തുല്ലസിച്ചും കളിച്ചുനടന്നപ്പോഴെല്ലാം താൻ വെറുതെ സ്വപ്നങ്ങൾ കണ്ട്‌ തനിച്ചിരുന്നു.

“ഇവനൊരു തണുപ്പനാ.”- സഹപാഠികൾ വിലയിരുത്തി. ‘അവനെ കൂട്ടുകൂടാൻ കൊളളില്ല.’

“അവൻ ഒരു ദിവാസ്വപ്നക്കാരനാ.” - മൂന്നാം ക്ലാസ്സിലെ അന്നമ്മടീച്ചർ പറഞ്ഞിരുന്നു.

തനിക്കതിൽ ആരോടും പരിഭവമില്ലായിരുന്നു. കൂട്ടുകാർ കളിക്കുമ്പോൾ ഒറ്റയ്‌ക്കിരുന്നു താൻ ചിത്രങ്ങൾ വരച്ചു. കടലാസ്സിൽ, തറയിൽ, ചുമരുകളിൽ. തന്റെ ചിത്രങ്ങൾ കണ്ട്‌ ടീച്ചർമാർ അത്ഭുതം കൂറി.

“ഹായ്‌ എത്ര നന്നായി വരയ്‌ക്കുന്നു! ഇവനൊരു കലാകാരനാകുന്ന ലക്ഷണമാ.”

സ്‌കൂൾതലത്തിൽ കുട്ടികൾക്കായി നടത്തിയിരുന്ന ചിത്രകലാമത്സരങ്ങളിലെല്ലാം അദ്ധ്യാപകർ തന്നെ പങ്കെടുപ്പിച്ചു. സമ്മാനങ്ങൾ വാങ്ങിയപ്പോഴെല്ലാം തന്നെപ്രതി അവർ സന്തോഷിക്കുകയും അഭിമാനം കൊളളുകയും ചെയ്തു. അങ്ങനെ താൻ സ്‌കൂളിലെ ശ്രദ്ധേയനായ വിദ്യാർത്ഥിയായി.

പക്ഷെ, വരയ്‌ക്കാനാവശ്യമായ ഉപകരണങ്ങളൊന്നും വാങ്ങിത്തരാൻ അപ്പൻ കൂട്ടാക്കിയില്ല. പെയിന്റ്‌, ബ്രഷുകൾ, പെൻസിലുകൾ, കടലാസ്സുകൾ അവയൊന്നുമില്ലാതെ പലപ്പോഴും താൻ മനംനൊന്തു കരഞ്ഞു. ചില അദ്ധ്യാപകരാണു തനിക്ക്‌ പെയിന്റും ബ്രഷും കടലാസ്സുമൊക്കെ വാങ്ങിതന്നിരുന്നത്‌.

യൂത്ത്‌ ഫെസ്‌റ്റ്‌വലിനു പെൻസിൽ ഡ്രോയിംഗിനും പെയിന്റിംഗിനും സമ്മാനാർഹനായപ്പോൾ തന്റെ പടം പത്രങ്ങളിൽ അച്ചടിച്ചുവന്നു. പിന്നെ ശങ്കേഴ്‌സ്‌ ഇന്റർനാഷണൽ പെയിന്റിംഗ്‌ മത്സരം. ആ മത്സരത്തിനു താൻ വരച്ച ഗ്രാമീണദൃശ്യം ഇംഗ്ലീഷിലും മലയാളത്തിലുമുളള പത്രങ്ങളിൽ അച്ചടിച്ചുവന്നപ്പോൾ തനിക്കുണ്ടായ ആത്മസംതൃപ്തിയും ആഹ്ലാദവും!

അങ്ങനെ ഹൈസ്‌കൂളിൽ താൻ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അഭിമാനമായിരുന്നു. അവരുടെയെല്ലാം പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും തന്നിലെ സർഗ്ഗചേതനയെ ഉണർത്തി.

പക്ഷെ, സ്വന്തം വീട്ടുകാർമാത്രം തന്റെ കഴിവുകൾ മനസ്സിലാക്കാനോ അംഗീകരിക്കാനോ തയ്യാറായില്ല. അതാണു തന്റെ ഏറ്റവും വലിയ വേദന.

രാജാ രവിവർമ്മയുടെയും ടാഗോറിന്റെയും കെ.സി.എസ്‌ പണിക്കരുടെയും, ദാമോദരന്റെയും, ദേവന്റെയും, മൈക്കലാഞ്ചലോയുടെയും, റാഫേലിന്റെയും, ഗൊഗൈന്റെയും മറ്റും പെയിന്റിങ്ങുകളുടെ മോഹവലയത്തിൽ കുരുങ്ങിക്കിടക്കുകയാണ്‌ മനസ്സ്‌.

അമ്മയുടെ മരണശേഷം മൂന്നുവർഷം ഇളയപ്പന്റെ ചോറു തിന്നാണ്‌ വളർന്നത്‌. ഇളയപ്പന്റെ വീട്ടിൽനിന്നാണ്‌ പഠിച്ചത്‌. വെറും ഔദാര്യമായിരുന്നില്ല. തന്നെക്കൊണ്ടു ശരിക്കു പണിചെയ്യിച്ചിട്ടു തന്നെയായിരുന്നു.

രാവിലെ ഏഴുമണിക്കു കുളിച്ചൊരുങ്ങി താക്കാലുമായി പീടികയിലേക്കു പോകണം. കടതുറന്ന്‌ ഒമ്പതുമണിവരെ കച്ചവടം നടത്തണം. സാധനങ്ങൾ തൂക്കി പൊതി കെട്ടുകയാണു തന്റെ ജോലി. രാവിലെ തിരക്കേറിയ കച്ചവടമാണ്‌. നടുവുനിവർത്താൻ സമയം കിട്ടില്ല. ഒമ്പതരയാകുമ്പോഴാണ്‌ ഇളയപ്പനെത്തുക. പിന്നെ വിയർപ്പു തുടച്ച്‌, പുസ്തകകെട്ടുമെടുത്ത്‌ ഇടംവലം നോക്കാതെ ഒരോട്ടമാണ്‌. മണിയടിച്ചിട്ടല്ലാതെ താൻ ക്ലാസ്സിലെത്താറില്ല. പതിവായി താമസിച്ചുചെല്ലുന്ന കുറ്റവാളി എന്നനിലയിൽ താനെന്നും ഹെഡ്‌മാസ്‌റ്ററുടെ നോട്ടപ്പുളളിയായിരുന്നു. ചൂരൽപ്രഹരമേറ്റ്‌ കാൽവണ്ണ പൊട്ടീട്ടുണ്ട്‌. വെയിലത്തുനിന്നു തലചുറ്റി വീണിട്ടുണ്ട്‌.

വൈകുന്നേരം സ്‌ക്കൂൾ വിട്ടാൽ നേരെ കടയിലെത്തണം. പിന്നെ രാത്രി ഒമ്പതുമണിയോടുകൂടി കടപൂട്ടിയിറങ്ങുന്നതുവരെ ജോലിയാണ്‌. കച്ചവടത്തിന്റെ തിരക്കൊഴിഞ്ഞനേരത്തും അവിടെയിരുന്ന്‌ വായിക്കാൻ സൗകര്യപ്പെടില്ല. കടലാസ്സ്‌ സഞ്ചികളുണ്ടാക്കണം. കാലി ടിന്നുകൾ, കാലിച്ചാക്കുകൾ എന്നിവ നോക്കിയെടുത്തു മാറ്റണം. പുതിയവ തയ്യാറാക്കി വയ്‌ക്കണം. കണക്കുകൾ എഴുതണം.

ഒഴിവു ദിവസങ്ങളിൽ കടയിൽനിന്നു മാറാനാവില്ല. സ്വസ്ഥതയെന്തെന്നറിഞ്ഞിരുന്നില്ല.

അതേ സ്ഥാനത്ത്‌ ഇളയപ്പന്റെ മക്കളോ? ഹിപ്പി വേഷക്കാരനും കോളേജുകുമാരനുമായ ടോണിച്ചേട്ടൻ പെൺപിളേളരുടെ മണമന്വേഷിച്ച്‌ തെരുവിലലഞ്ഞു നടക്കും. ക്ലാസ്സിൽ കയറാതെ പഠനമെന്ന ബോറിൽനിന്നും മോചനം നേടാൻ കഞ്ചാവിന്റെയും വാറ്റുചാരായത്തിന്റെയും ലഹരിയിൽ, സൈക്കടലിൽ സ്വപ്നങ്ങളിൽ മയങ്ങി അയാൾ നടന്നപ്പോഴും ഇളയപ്പൻ മകനെ ഡോക്‌ടറാക്കണമെന്ന മോഹവുമായി പണം വാരിക്കോരി ചെലവഴിച്ചിരുന്നു.

ഇളയപ്പന്റെ രണ്ടാമത്തെ മകൻ സോണിയും താനും ഒരേ ക്ലാസ്സിലായിരുന്നു. അവന്‌ ഓരോ വിഷയത്തിനു പ്രത്യേകം റ്റ്യൂഷനുണ്ടായിരുന്നു. എന്നിട്ടും അവൻ പത്താം ക്ലാസ്സിൽ തോറ്റു. സിനിമാഗാനങ്ങളുടെ തടവറയിലായിരുന്നു അവന്റെ മനസ്സ്‌. ഓരോ ഗാനവും ഏതു സിനിമയിലേതാണെന്നും ആരു പാടിയതാണെന്നും അതിന്റെ കഥാസന്ദർഭവുമെല്ലാം അയാൾക്കു കൃത്യമായിട്ടറിയാം. അക്കാര്യത്തിൽ സോണിയെ ജയിക്കാൻ ആർക്കും സാധിക്കില്ല.

തനിക്കു റ്റ്യൂഷനില്ല. പഠിക്കാൻ സമയമില്ല. ക്ലാസ്സുമുറിയിൽ മാത്രം ഒതുങ്ങിനിന്ന പഠനമായിരുന്നു തന്റേത്‌. എന്നിട്ടും താൻ ജയിച്ചു. സാമാന്യം തരക്കേടില്ലാത്ത മാർക്കും കിട്ടി. അതാണ്‌ ഇളയപ്പന്‌ സഹിക്കാൻ പ്രയാസമായത്‌.

‘ഇനിയത്തെ പരിപാടിയെന്താ? ഇനാസിയെ കോളേജിൽ ചേർക്കുന്നുണ്ടോ?’ - കൂട്ടുകാരുടെ അന്വേഷണം.

ഇളയപ്പന്റെ പ്രതികരണം വേദനാകരമായിരുന്നു-‘പിന്നെ’ തന്ത സമ്പാദിച്ചു തന്നിരിക്കല്ലെ, കോളേജിലയക്കാനും ഇഷ്‌ടാനുസരണം ജീവിക്കാനുമൊക്കെ. പഠിച്ചതൊക്കെ ധാരാളമായി, ഇനി പീടികയിൽ നിൽക്കട്ടെ.

തേങ്ങുന്ന ഹൃദയവുമായി താൻ മുഖം കുനിച്ചുനിന്നു. തന്നെ സ്‌നേഹിച്ചിരുന്ന അദ്ധ്യാപകരുടെ വാക്കുകൾ ഓർത്തു.

‘ഇനാസി ചിത്രകല പഠിക്കണം. നല്ലൊരു കലാകാരനാകാൻ തനിക്കു കഴിയും.’

‘എന്റെയും ആഗ്രഹമതാണ്‌.’

‘കൊളളാം; നല്ലകാര്യം’ - രാമചന്ദ്രൻ മാസ്‌റ്റർ സന്തോഷം പ്രകടിപ്പിച്ചു.

ഡ്രോയിംഗ്‌മാഷ്‌ വാസുദേവനാണ്‌ തനിക്ക്‌ സ്‌ക്കൂൾ ഓഫ്‌ ആർട്ട്‌സിൽ ചേരാൻ ഫോറം വാങ്ങിത്തന്നത്‌. തന്റെ കഴിവുകൾ കണ്ടറിഞ്ഞ്‌ പ്രോത്സാഹിപ്പിച്ചിരുന്ന വാസുദേവൻ മാഷെ തനിക്കൊരിക്കലും മറക്കാനാവില്ല. കുട്ടികൾക്കുവേണ്ടി നടത്തുന്ന ചിത്രകലാമത്സരങ്ങളിലെല്ലാം പങ്കെടുപ്പിക്കാൻ മാ.ഷ്‌ തന്നെയും കൊണ്ടുപോകുമായിരുന്നു. കളർകോമ്പിനേഷന്റെ ജാലവിദ്യകൾ മാഷാണ്‌ തന്നെ ആദ്യം പഠിപ്പിച്ചത്‌.

താൻ ചിത്രകല പഠിക്കാൻ നഗരത്തിലേക്ക്‌ പോകുമെന്നറിഞ്ഞപ്പോൾ ഇളയപ്പനു വിഷമമായി. താൻ പോയാൽ, കടയിൽ നിർത്താൻ വിശ്വസ്തനായ ഒരാളെ അന്വേഷിക്കണം; അയാൾക്കു ശമ്പളം കൊടുക്കണം, അയാളെ നോക്കണം. തന്റെ ഭാവിയെക്കുറിച്ച്‌ ഇളയപ്പനു ചിന്തയില്ലായിരുന്നു.

രാവിലെ വീട്ടിൽനിന്നു പോരുമ്പോൾ ഇളയപ്പനോടും ഇളയമ്മയോടും അവരുടെ മക്കളോടും യാത്ര പറഞ്ഞു.

“ഞാൻ പോകുന്നു; എന്നെ അനുഗ്രഹിക്കണം.”

“നെന്റെ പാടുപോലെയാവെടാ. അനുഗ്രഹിക്കാൻ ഞങ്ങളാരാ, പുണ്യാളന്മാരോ?” -ഇളയപ്പന്റെ വാക്കുകൾ. ഇളയമ്മ ഒന്നും മിണ്ടിയില്ല.

കഞ്ചാവു ബീഡിയുടെ ലഹരിയിൽ ചിരിച്ചുകൊണ്ട്‌ ടോണിച്ചേട്ടൻ പറഞ്ഞു.

“നീയൊരു വാൻഗോഗോ, സെസാനോ ആയി തിരിച്ചു വരുമ്പോ എനിക്കൊരു നഗ്നസുന്ദരിയുടെ ചിത്രം പെയിന്റു ചെയ്‌തു തരണം.”

മന്ദഹസിച്ചു.

ടോണിച്ചേട്ടനു തന്നോടു വിരോധമൊന്നുമില്ലായിരുന്നു; ആരോടും അയാൾക്കു സ്‌നേഹവുമില്ല. ഒരു നിസ്സംഗൻ.

ആരോടും പരിഭവമില്ലാതെ, ജീവിതത്തെ സാഹസികമായി നേരിടാനുളള ഏതോ ധൈര്യവുമായി താൻ ഇറങ്ങിപ്പോന്നു. ജീവിതം ഒരു വഴിത്തിരിവിലാണ്‌.

ആദ്യത്തെ ക്ലാസ്സു കഴിഞ്ഞു. കലാസ്‌നേഹികളായ ഒരുപറ്റം യാത്രികർ ഒന്നിച്ചുചേർന്ന ലോകം. പലസ്ഥലങ്ങളിൽനിന്നും എത്തി ചേർന്നവർ. ആൺകുട്ടികളും പെൺകുട്ടികളും. എല്ലാവരും പരസ്പരം പരിചയപ്പെട്ടു. സഹൃദയരായ അദ്ധ്യാപകർ കലാത്മകമായ അന്തരീക്ഷം.

ക്സാസ്സു കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ്‌ നിരാശ്രയബോധം വേട്ടയാടാൻ തുടങ്ങിയത്‌.

ഇനാസി നടന്നു; ഒരു സഞ്ചാരിയുടെ കൗതുകത്തോടെ ആകാംക്ഷയോടെ, ഉൽക്കണ്‌ഠയോടെ.

കുങ്കുമവെളിച്ചം അലിയുന്ന വൃക്ഷത്തലപ്പുകൾക്കു താഴെ ഇരുട്ടിന്റെ പക്ഷിക്കുഞ്ഞുങ്ങൾ വിരിഞ്ഞു. തെരുവുവിളക്കുകൾ മിഴിതുറന്നു. അപ്പോഴേക്കും അയാൾ നഗരത്തിന്റെ കവാടത്തിലെത്തിയിരുന്നു.

നഗരം-ഇരമ്പുന്ന മഹാസാഗരം! ആയിരമായിരം വൈദ്യുത വിളക്കുകളുടെ രാജകീയോത്സവത്തിൽ മുഖം കാണിക്കാൻ നാണിച്ച്‌, ഭയന്ന്‌, ഇടുങ്ങിയ കോണുകളിൽ പതുങ്ങിനില്‌ക്കുന്ന രാത്രി. നഗരം മദാലസയായ നർത്തകിയെപ്പോലെ അണിഞ്ഞൊരുങ്ങി നില്‌ക്കുന്നു. മനുഷ്യർ അവളുടെ മദാലസസൗന്ദര്യത്തിൽ മതിമറന്ന്‌, സുഖം വിലയ്‌ക്ക്‌ വാങ്ങാൻ ബദ്ധപ്പെട്ട്‌ തിരക്കിട്ടു നീങ്ങുന്നു. ആണും പെണ്ണും ഇടകലർന്ന്‌ മുട്ടിയുരുമ്മി പ്രവഹിക്കുന്നു. ശബ്‌ദങ്ങൾക്കു വ്യക്തമായ രൂപമില്ല; അർത്ഥമില്ല-ഒരാരവമാണ്‌. വെളിച്ചവും സംഗീതവും ഞരക്കങ്ങളും ചേർന്ന അന്തരീക്ഷം.

ആകാശചുംബികളായ കെട്ടിടങ്ങളുടെ കാൽച്ചുവട്ടിൽ എറുമ്പുകളെപ്പോലെ അരിച്ചുനീങ്ങുന്ന മനുഷ്യവ്യൂഹം. അവരിലൊരു ബിന്ദുവായി ആ പ്രവാഹത്തിൽ, ചുഴിയിൽ ഇനാസി അകപ്പെട്ടു.

 Next

ജോസഫ്‌ പനയ്‌ക്കൽ

1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു.

മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌.

1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ.

കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ,

മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി.

ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌.

കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’

പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ഷെർളി,

മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ.

വിലാസം

പള്ളിപ്പോർട്ട്‌ പി. ഒ.

683 515
Phone: 0484 -2489883




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.