പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > വേഴാമ്പലുകൾ > കൃതി

എട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശകുന്തള ഗോപിനാഥ്‌

സതീഷ്‌ മടങ്ങുമ്പോൾ അവനോടു പറഞ്ഞു. “കൃഷ്ണനെ വിളിച്ചോളാം. അവൻ ഞങ്ങൾക്കു വേണ്ടതെല്ലാം ചെയ്‌തുതരും”.

ഒരു വൈറൽ ഫീവർ...സാധാരണ എല്ലാവർക്കും വരാറുള്ള ഒരു വൈറൽ ഫീവർ...അതു ഞങ്ങളെ തീർത്തും തളർത്തിക്കളഞ്ഞു.

ആദ്യം ദേവകിയ്‌ക്കാണ്‌ പനിച്ചത്‌. ഒരു ദിവസം രാവിലെ അവൾക്കു വല്ലാത്ത കാലുകഴപ്പ്‌...തലക്കു ഭാരം. തൊട്ടുനോക്കുമ്പോൾ ചെറുതായി പനിക്കുന്നുണ്ട്‌. ഉടനേ തന്നെ ഒരു ക്രോസിൻ കൊടുത്തു. പക്ഷേ ഉച്ച കഴിഞ്ഞപ്പോഴത്തേക്കും എള്ളിട്ടാൽ പൊരിയുന്നത്ര ചൂട്‌. തലപ്പൊട്ടിപ്പിളർക്കുന്നതുപോലെയുള്ള തലവേദനയും....ഇത്തിരി കുരുമുളകു കാപ്പി ഉണ്ടാക്കി കൊടുക്കാമെന്നു വിചാരിച്ച്‌ സ്‌റ്റോറു മുഴുവനും അരിച്ചുപെറുക്കി. കരുപ്പട്ടി കണ്ടുകിട്ടിയില്ല. വെറും കട്ടൻകാപ്പി ഉണ്ടാക്കിക്കൊണ്ടു നിൽക്കുമ്പോൾ പണിക്കാരി വന്നു. അവളോട്‌ കെഞ്ചുന്ന സ്വരത്തിൽ പറഞ്ഞു. “ദേവകിയ്‌ക്ക്‌.....തീരെ പാടില്ല. കടുത്ത പനീം തലവേദനേം. കുറച്ചു കരുപ്പട്ടിയും പൊടിയരിയും വാങ്ങിക്കിട്ടിയാൽ നന്നായിരുന്നു.” അതിനു മറുപടിയായി അവളൊന്നും മിണ്ടിയില്ല. അവളുടെ വഴിപാടു കഴിഞ്ഞപ്പോൾ ഒരു സഞ്ചിയും എടുത്തുകൊണ്ടു മുന്നിൽ വന്നുനിന്നു. “കടയിൽ പോകുന്നതൊന്നും അയാൾക്കിഷ്ടമില്ല. എന്നാലും ഇങ്ങനൊരവസ്ഥേല്‌ എങ്ങിനെ വയ്യാന്നുപറയും. വയസുകാലത്ത്‌ ആരും ഒരു തുണയില്ലാതെ നിങ്ങൾ രണ്ടാളും എങ്ങിനെ കഴിയും? പൈസാ തരൂ...എന്തൊക്കെ വാങ്ങണമെന്നും പറയൂ”.

അവൾ സാധനങ്ങള വാങ്ങി അടുക്കളയിൽ വച്ചിട്ടുപോയി. ഞാൻ പൊടിയരിക്കഞ്ഞി വച്ചുകൊടുക്കുകയും കുരുമുളകു കാപ്പി ഉണ്ടാക്കികൊടുത്തും അവളെ ശുശ്രൂഷിച്ചു. ഇടവിട്ടിടവിട്ട്‌ പനിച്ചുകൊണ്ടിരുന്നു. രമേശിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന ഡോക്‌ടർ മഹേഷ്‌ വന്നു നോക്കി....മരുന്നുകളും കൊണ്ടത്തന്നു.

ചൂട്‌ അധികമായപ്പോൾ അവൾ പിച്ചുംപേയും പറയുന്നു. പറയുന്നതു മുഴുവനും മക്കളെ കുറിച്ചും കുഞ്ഞുമക്കളെക്കുറിച്ചുമാണ്‌. ഞങ്ങളെല്ലാവരും കൂടി കഴിഞ്ഞ നാളുകളിലെ സംഭവങ്ങളാണ്‌. മാഗിയുടെ മകൻ ‘ജിമ്മി’നേയും അവൾ ഓമനിക്കുന്നു. എന്നിട്ട്‌ എന്നോടായി സ്വകാര്യത്തിൽ പറഞ്ഞു. “മാഗി....സുരേഷിന്റെ ഭാര്യയല്ലേ...അവൾ നമ്മുടെ മകളല്ലേ...അവളുടെ മകൻ ജിം....അവനും നമ്മുടെ കൊച്ചുമകൻ”

“അതേ.... ദേവകി....അവനും നമ്മുടെ കൊച്ചുമകൻ തന്നെ”.

അവൾക്ക്‌ ഇടവിട്ട്‌ ഇടവിട്ട്‌ വല്ലാതെ പനിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ എനിക്കും പനിച്ചു തുടങ്ങി. കൈകാലുകൾ...കഴച്ച്‌...നടുവു നിവരുന്നില്ല. തലയ്‌ക്കകത്ത്‌ വിങ്ങൽ...കടുത്ത ഭാരം...തല നിവർത്തി പിടിയ്‌ക്കാനുമാവുന്നില്ല. ശരീരം ചുട്ടുപൊള്ളുന്നത്‌ സ്വയം അറിയാം. തന്റെ വയ്യായ്‌കയെ കുറിച്ചൊരക്ഷരം ദേവകിയോടു പറഞ്ഞില്ല. എന്നിട്ടും തടിപൊങ്ങാത്തതുകാരണം മൂടിപ്പുതച്ചു ചുരുണ്ടുകൂടി കിടക്കുന്നതുകണ്ട്‌ അവൾ ചോദിച്ചു. “എന്താ....നിങ്ങൾക്കും പാടില്യേ....നീ...പ്പോ...ന്താ ചെയ്യ...ഗുരുവായൂരപ്പാ...ഇനീട്ടു കഷ്ടപ്പെടുത്താണ്ടങ്ങടു വിളിക്കരുതോ...ഞങ്ങളെ...രണ്ടാൾക്കും പാടില്ല്യാണ്ടായാ...പിന്നെങ്ങിന്യാ...തുള്ളി വെള്ളം കുടിക്ക്യാ...” അവൾ കരഞ്ഞു തുടങ്ങി.

“നീ...ഒന്നടങ്ങൂ...ദേവകീ...ജീവനുള്ളകാലത്തോളം ജീവിച്ചല്ലേ...പറ്റൂ...എന്തെങ്കിലും ഒരു വഴീണ്ടാക്കാം”.

“മൂന്നു മക്കളെ പെറ്റുവളർത്തി..നിലത്തും നെറുകേലും വയ്‌ക്കാണ്ട്‌...എല്ലാവരും പറക്കമുറ്റീപ്പോ....പറന്നകന്നു...അവരുടെ കുടുംബോമായി....പണം വാരി...മതിയാവണില്ലേ..അവർക്ക്‌...എന്തിനായീപ്പണം. ഇനി...ആർക്കെങ്കിലും ഇങ്ങോട്ടു പോരരുതോ”?

“അതവർക്കു തോന്നണ്ടേ?...നമ്മളിവിടിരുന്നു പറഞ്ഞാമതിയോ?”

“ഒരു വഴീണ്ട്‌ ഞാൻ നോക്കീട്ട്‌...നമ്മളെപ്പോലെ ഒറ്റപ്പെട്ടുപോയ വയസ്സന്മാർക്ക്‌ താമസിക്കാനുള്ള സ്ഥലോണ്ടല്ലോ..ഇപ്പോ...അങ്ങോട്ടു പോകുകതന്നെ”.

“അതു ഞാനും ആലോചിയ്‌ക്കാതെയല്ലാ...നമ്മുടെ ഭാസ്‌കരമേനോൻ...ലളിതടീച്ചർ..അവരൊക്കെ അങ്ങിനെ ഓരോ സ്ഥലത്താണിപ്പോൾ. ഇടയ്‌ക്കിടെ പത്രത്തിൽ കാണാറുണ്ടല്ലോ അങ്ങിൻള്ള സ്ഥലങ്ങളുടെയൊക്കെ വിവരം. അതിൽ ഭേദപ്പെട്ട ഒരു സ്ഥലം കണ്ടുപിടിച്ച്‌ അങ്ങോട്ടുപോകാം”.

എനിക്കും കൂടി പാടില്ലാതായപ്പോൾ ഞങ്ങളുടെ വാല്യക്കാരത്തിയ്‌ക്ക്‌ അൽപം ദയ തോന്നി. അവൾ രാവിലേ വന്ന്‌ ഒരൽപം കഞ്ഞിയുണ്ടാക്കി വച്ചിട്ടുപോയി. ഫ്ലാസ്‌കിൽ നിറയെ വെള്ളവും തിളപ്പിച്ചുവച്ചു. അവൾ രാവിലെ ഉണ്ടാക്കിവയ്‌ക്കുന്ന കഞ്ഞി ഞങ്ങൾ രാത്രിയിലും കുടിച്ചു. ആ പനി ഞങ്ങളെ തീർത്തും അവശരാക്കി കളഞ്ഞു.

പനി മാറിയിട്ടും ക്ഷീണം മാറാനും വായുടെ അരുചി മാറാനും ഒക്കെ വളരെ ദിവസങ്ങളെടുത്തു. വിശപ്പും രുചിയും ഉണ്ടായപ്പോൾ ധാരാളം ഇഞ്ചിയും കറുവേപ്പിലയും ഒക്കെവച്ച്‌ തേങ്ങ ചുട്ടരച്ച ചമ്മന്തി കൂട്ടി ഇത്തിരി കഞ്ഞുകുടിക്കാൻ മോഹം. ഇഞ്ചിയുടെയും കറിവേപ്പിലയുടെയും ഒക്കെ മണവും രുചിയും പറഞ്ഞുകൊണ്ട്‌ കുപ്പിയിൽ വാങ്ങാൻ കിട്ടുന്ന വിന്നാഗിരി ചേർന്ന അച്ചാറു കൂട്ടി ഞങ്ങൾ കഞ്ഞികുടിച്ചു.

ക്ഷീണിതരായി...അവശരായി...മുഖത്തോടു മുഖം നോക്കിയിരിക്കുമ്പോൾ ഒരു വൃദ്ധമന്ദിരം കണ്ടുപിടിക്കുന്നതിനേക്കുറിച്ചായിരുന്നു ഞങ്ങൾക്കു സംസാരിക്കാനുണ്ടായിരുന്നത്‌. അങ്ങിനെ ഒരിടം കണ്ടുപിടിക്കാനും അവിടെ ചെന്നെത്താനും ആരുടേയെങ്കിലും സഹായം കൂടിയേ തീരൂ. അതിനിനി ആരേയാണശ്രയിക്കേണ്ടത്‌ എന്നാലോചിക്കുമ്പോൾ പരിചിതമായ പല മുഖങ്ങൾക്കുമിടയിൽ മഹേഷിന്റെ തെളിഞ്ഞുകണ്ടു. അവനേത്തന്നെ ആശ്രയിക്കാം...രമേശിന്റെ സഹപാഠിയും സ്‌നേഹിതനുമാണല്ലോ...അയാൾ. എന്തെങ്കിലും അസുഖമൊക്കെ ഉണ്ടാകുമ്പോൾ മഹേഷാണല്ലോ വന്നു നോക്കാറുള്ളത്‌. പിന്നൊന്നും ആലോചിച്ചില്ല. മഹേഷിനു ഫോൺ ചെയ്‌തു.

“മോനു സൗകര്യപ്പെടുമ്പോൾ ഒന്നിവിടം വരെ വരണം”

“എന്താ...അങ്കിൾ....അസുഖം വല്ലതും”.

“ഇല്ലാ...അസുഖമൊന്നുമില്ല...ഒരു പേഴ്‌സണൽ കാര്യം സംസാരിയ്‌ക്കാനാണ്‌”.

അന്നു രാത്രി മണി പത്തു കഴിഞ്ഞപ്പോൾ മഹേഷ്‌ വന്നു. “വൈകിപ്പോയോ...അങ്കിൾ...അങ്കിൾ ഉറങ്ങാൻ കിടന്നോ?”

“ഏയ്‌ ...ഇല്ലാ....ഉറക്കമൊക്കെ...ഇപ്പോ കുറവാ....മോനേ....ഈ...പനി വന്നശേഷം അധികസമയം കിടപ്പുതന്നെയാ...പകലൊക്കെ..വെറുതേ കിടക്കുമ്പോൾ ഉറങ്ങിപോകും....അപ്പോ പിന്നെ രാത്രി... ഉറക്കം ഇല്ലെന്നു തന്നെ പറയാം.

”എന്താ അങ്കിൾ..സംസാരിയ്‌ക്കാനുണ്ടെന്നുപറഞ്ഞത്‌“? ദേവകിയും എഴുന്നേറ്റു വന്നു.

”അതു...മോനേ...ഞങ്ങളുടെ യീ...ഒറ്റയ്‌ക്കുള്ള താമസം...വലിയ പ്രയാസമായിരിക്കുന്നു. പഴയ കാലമൊന്നുമല്ലല്ലോ...ഒരു കാര്യത്തിനും ഒരാളെ കിട്ടില്ല. ഒന്നു ബാങ്കിൽ പോകാനോ...ഒരു മരുന്നു വാങ്ങിത്തരാനോ...വേറെ...ആവശ്യമുള്ള സാധനങ്ങളെന്തെങ്കിലും ഒന്നു വാങ്ങിത്തരാനോ....ഒരാളില്ല. എന്തെങ്കിലും പാചകം ചെയ്‌തുതരാനൊരാളില്ല ദേവകിയ്‌ക്ക്‌ തീരെ പാടില്ല. അവൾക്ക്‌ പാടില്ലാത്തപ്പോൾ കഞ്ഞിവയ്‌ക്കുന്നത്‌ ഞാനാ...ആയകാലത്തിതൊന്നും ചെയ്‌തു ശീലിച്ചിട്ടില്ല. പിന്നെ നിവർത്തിയില്ലാതായപ്പോൾ..ഒക്ക ചെയ്‌തു തുടങ്ങി. ഇപ്പോ എനിക്കും പാടില്ല. മുറികളെല്ലാം അടച്ചുപൂട്ടി കിടക്കുകയല്ലേ. രാത്രിയായാൽ ചില തട്ടലും മുട്ടലും ഒക്കെ കേൾക്കാം. ഭയന്നിട്ടു ദേവകിയ്‌ക്കു ഉറക്കമേയില്ല. ഇനി ഇങ്ങനെയങ്ങോട്ട്‌ കഴിഞ്ഞുപോകാൻ പറ്റാതെയായി. ഇതൊക്കെ അടച്ചുപൂട്ടി. ഒരു വൃദ്ധ മന്ദിരത്തിലേക്കു പോയാലോ എന്നാണിപ്പോൾ ആലോചിക്കുന്നത്‌. നല്ല ഒരിടം....പൈസ എത്രയായാലും വേണ്ടില്ല....ഞങ്ങൾ ആർക്കുവേണ്ടി....കരുതി വയ്‌ക്കണം. ഞങ്ങളുടെ മക്കൾക്കിതൊന്നും വേണ്ടാ...അവരും ഇഷ്‌ടംപോലെ അയച്ചു തരുന്നുണ്ട്‌. ഒരിടം കണ്ടുപിടിച്ച്‌ അതിനുവേണ്ട ഏർപ്പാടൊക്കെ ചെയ്‌ത്‌...ഞങ്ങളെ അവിടാക്കിത്തരണം. മോന്റെ അമ്മയ്‌ക്കും...അച്ഛനും വേണ്ടി ചെയ്യുന്ന...എന്നു പറഞ്ഞപ്പോഴേക്കും മഹേഷ്‌ എണീറ്റുവന്ന്‌ എന്റെ കൈകൾ രണ്ടും സ്വന്തം കൈക്കുള്ളിലാക്കി...ആർദ്രമായി എന്റെ കണ്ണുകളിലേക്ക്‌ നോക്കിക്കൊണ്ടു പറഞ്ഞു. “അങ്കിൾ വിഷമിയ്‌ക്കണ്ട...ഇങ്ങനെയീ...അവസ്ഥയിൽ നിങ്ങൾ രണ്ടാളും ഒറ്റയ്‌ക്കിവിടെ കഴിയുന്നതിലും നല്ലത്‌ അതുതന്നെയാണ്‌. ഞാൻ വേണ്ട ഏർപ്പാടുകളൊക്കെ ചെയ്‌ത്‌ പറ്റിയ ഒരു സ്ഥലത്ത്‌ കൊണ്ടുചെന്നാക്കിത്തരാം. ഇടയ്‌ക്കിടെ വന്നു കാണുകയും ചെയ്യാം. എന്നെ ഒരു സ്വന്തം മകനെപ്പോലെ തന്നെ കരുതിക്കോളൂ...എന്താവശ്യമുണ്ടെങ്കിലും എന്നോടു പറഞ്ഞോളൂ...” കണ്ണുനീരിനിടയിലൂടെ ഞാൻ കണ്ടത്‌ കുട്ടപ്പനെയായിരുന്നു... ഞാൻ കേട്ടത്‌ അവന്റെ ശബ്ദമായിരുന്നു.

പിന്നെ നാലഞ്ചു ദിവസത്തേക്ക്‌ ഫോൺ കാളുകളുടെ ബഹളമായിരുന്നു. അമേരിക്കയിൽ നിന്നും സുരേഷ്‌ വിളിച്ചു. ക്യാനഡായിൽ നിന്നും രമേഷ്‌ വിളിച്ചു. ലക്‌നൗവിൽ നിന്നും സതീഷ്‌ വിളിച്ചു.

“എത്ര രൂപാ വേണമെങ്കിലും കൊടുക്കാമച്ഛാ..രാവും പകലും നിൽക്കാൻ ഒരാളെ ഏർപ്പാടാക്കൂ. ഞാനിതെത്രനാളായി പറയുന്നു”.

“പഴയ കാലമൊക്കെ പോയീ മോനേ..ഇനി അങ്ങിനൊരാളെ കിട്ടില്ല. എന്തു കൊടുത്താലും തൃപ്തിയില്ല...ആത്മാർത്ഥതയില്ല. അങ്ങിനെ രാവും പകലുമൊന്നും ആരും നിൽക്കില്ല. പിന്നെന്താ ചെയ്‌കാ...”

“......”

“രാത്രി കൂട്ടിനും....ഒന്നും ഒരാളേം കിട്ടില്ല...പഴേ രാമൻനായരുടെ മക്കളൊക്കെ...എസ്‌.ഐ.മാരും കോളേജ്‌ ലെക്‌ചറർമാരും ഒക്കെയാണിപ്പോൾ. അവരു വരുമോ...രാത്രി കാവലുകിടക്കാൻ. എനിക്ക്‌ വയസെൺപത്തിമൂന്ന്‌...നിന്റെ അമ്മയ്‌ക്ക്‌ എഴുപത്തി ഏഴ്‌...ഇനി ഞങ്ങളെക്കൊണ്ടെന്താവും? പേടി കൂടാതെ കിടന്നുറങ്ങണം....സമയാസമയത്ത്‌ ഇത്തിരി...ആഹാരം കിട്ടണം. അതിനു വേറേ എന്താ ഒരു വഴി.....?”

“......”

“ഇതത്ര മോശം കാര്യോന്നുമല്ല. റിട്ടയാർഡ്‌...ജഡ്‌ജിമാരും...പ്രൊഫസർമാരും ഒക്കേണ്ടവിടെ. പിന്നെ നിങ്ങൾ വരുമ്പോൾ നമ്മുടെ വീട്ടിൽ തന്നെ വന്നുകൂടുകേം ചെയ്യാം”

ഫോൺവിളികളും ബഹളങ്ങളും ഒക്കെയൊന്നവസാനിച്ചപ്പോൾ പിന്നെ കൂടെ കൊണ്ടുപോകേണ്ട സാധനങ്ങൾ ഒന്നെടുത്തുവയ്‌ക്കാം എന്നു വിചാരിച്ചു. പല പ്രാവശ്യം ഫോൺ ചെയ്‌തു കൃഷ്ണനെ വരുത്തി. വന്നപ്പോൾത്തന്നെ ഒരു നൂറിന്റെ നോട്ട്‌ അവന്റെ കൈയ്യിൽ വച്ചുകൊടുത്തു. “ഇന്നിനി നീ...എങ്ങും പോകണ്ട...ഇവിടെ കുറച്ചു പണിയൊണ്ടു കൃഷ്ണാ..” നൂറിന്റെ മഞ്ഞളിപ്പിൽ അവൻ അതു സമ്മതിച്ചു.

ടി.വി...വി.സി.ആർ...പിന്നെ ഞങ്ങൾ രാവിലേയും സന്ധ്യയ്‌ക്കും ഇട്ടു കേൾക്കാറുള്ള കാസറ്റുകൾ...ടേപ്പ്‌ റിക്കാർഡർ...ഞങ്ങളുടെ കുഞ്ഞുമക്കളുടെ ശബ്ദങ്ങളും ചലനങ്ങളും സൂക്ഷിച്ചു വച്ചിട്ടുള്ള വീഡിയോ കാസറ്റുകൾ...അവധിക്കാലത്ത്‌ ഞങ്ങൾ മക്കളുമൊന്നിച്ചു ചിലവിട്ട നിമിഷങ്ങൾ അനശ്വരമാക്കിയ കാസറ്റുകൾ എല്ലാം ഒരു കാർട്ടണനികത്താക്കി. മക്കളുടെ കുട്ടിക്കാലം മുതൽക്കുള്ള ഫോട്ടോകൾ സൂക്ഷിച്ചുവച്ചിട്ടുള്ള ആൽബം പിന്നെ അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം എടുത്തുവച്ചു. പൊടിപിടിയ്‌ക്കാതെ എല്ലാ സാധനങ്ങളും പഴയ ബെഡ്‌ഷീറ്റുകളും തുണികൊണ്ടു പൊതിഞ്ഞുവച്ചു. അങ്ങിനെ അടുക്കി പെറുക്കലുകൾ കഴിഞ്ഞു. ഞങ്ങള മഹേഷിനെയും കാത്തിരുന്നു....

Previous Next

ശകുന്തള ഗോപിനാഥ്‌

പുത്തൻമഠം,

ഇരുമ്പുപാലത്തിനു സമീപം,

പൂണിത്തുറ, കൊച്ചി.

പിൻ-682308.


Phone: 0484 2301244, 9495161202




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.