പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > വേഴാമ്പലുകൾ > കൃതി

മൂന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശകുന്തള ഗോപിനാഥ്‌

നോവൽ

ഞങ്ങളുടെ പുത്രവധു...അവൾ ശാലീനയായ...വിനീതയായ ഒരു പെൺകുട്ടിയായിരുന്നു. സ്നേഹിതർക്കും ബന്ധുക്കൾക്കും ഒക്കെ അസൂയ പകരുന്ന തരത്തിലുളള ഒരു മരുമകളായിരുന്നു അവൾ. ഒരു മകളില്ലാത്തതിന്റെ പോരായ്മകളൊക്കെ അവൾ നികത്തുമെന്ന്‌ ഞങ്ങളാശിച്ചു.

ദേവകി അവളേയും കൂട്ടി അമ്പലങ്ങളായ അമ്പലങ്ങളിലൊക്കെ പോയി......ദീപാരാധന തൊഴാനും....മരുമകളെ പ്രദർശിപ്പിയ്‌ക്കാനും.....

പക്ഷെ ആ വിനയവും ശാലീനതയും ഒന്നും ഏറെ നാൾ നിലനിന്നില്ല. സാരിയും സെറ്റുമുണ്ടും ഒക്കെ ചുരിദാറിനും മിഡിക്കും വഴിമാറി.

ഒരു മകളെ കിട്ടിയ സന്തോഷത്തിൽ ദേവകി പറഞ്ഞു. “ആ കുട്ടിക്ക്‌ ചേരണത്‌....ചുരിദാറും....മിഡിയും തന്ന്യാ...ചെറിയ കുട്ടിയല്ലേ....അവളുടെ മോഹം പോലെയൊക്കെ....നടന്നോട്ടെ”.

സതീഷ്‌ ട്രെയിനിംഗിന്‌ പോയപ്പോൾ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കിയിട്ടാണ്‌ പോയത്‌. വീട്ടിൽ ആകെ ഒരു ശൂന്യത....ഒരു മൂകത. ദേവകി പറഞ്ഞു “മോളു പോയപ്പോൾ വീടുറങ്ങിപ്പോയി”.

സതീഷ്‌ പോയി രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ ഞങ്ങൾ അവളെ കൂട്ടിക്കൊണ്ടുവരാനായി പോയി. നേരത്തെ ഫോൺ ചെയ്തു വിവരമറീച്ചിട്ടൊക്കെയാണു ചെന്നത്‌. എന്നിട്ടും ഞങ്ങൾ ചെല്ലുമ്പോൾ അവളവിടെ ഉണ്ടായിരുന്നില്ല. എന്നുതന്നെയല്ല ഊണുസമയത്തുപോലും എത്തിയതുമില്ല.

ഊണുകഴിഞ്ഞ്‌ ഞങ്ങൾ വിശ്രമിക്കുമ്പോൾ ദേവകി പറഞ്ഞു. “കുട്ടിയല്ലേ...അവളുടെ കുട്ടിക്കളിയൊക്കെ മാറിയിട്ടില്ലാ...കൂട്ടുകാരികളെ കണ്ടപ്പോൾ പിന്നെയെല്ലാം മറന്നിരിക്കും”. ദേവകിയ്‌ക്കു വല്ലായ്‌കയുണ്ടെന്നു മനസ്സിലായതു കാരണം പിന്നെ ഞാനൊന്നും മിണ്ടിയില്ല. പുറപ്പെടാൻ സമയമേറെ വൈകിയിട്ടും എത്താത്തതുകാരണം അമ്മ ഫോൺ ചെയ്‌തുവരുത്തി. അപ്പോൾ ഒരു ജീൻസും ബനിയനുമായിരുന്നു അവളുടെ വേഷം. ഒരു എയർബാഗിൽ എന്തൊക്കെയോ അലക്ഷ്യമായി വാരി നിറച്ചുകൊണ്ട്‌ വന്നു കാറിൽ കയറി. ആകെ ഒരു പന്തിയില്ലായ്‌ക.

പിന്നെ ആ പന്തിയില്ലായ്‌മ അവളുടെ ഓരോ ചലനങ്ങളിലും പെരുമാറ്റത്തിലും പ്രകടമായിത്തുടങ്ങി. ക്ഷമിക്കാനും സഹിക്കാനും ഒക്കെ അവൾ ഞങ്ങളെ പഠിപ്പിച്ചു.

വീട്ടിൽ വന്നുകയറിയ ഉടനേതന്നെ അവൾ ബാഗും തോളിൽ തൂക്കി മുകളിൽ അവരുടെ മുറിയിലേക്കുപോയി. വന്നതിനുശേഷം ദേവകി ധൃതിപ്പെട്ടു വച്ചുണ്ടാക്കിയതൊന്നും അവൾ രുചിച്ചുകൂടി നോക്കിയില്ല.

“രാത്രിയിൽ ഞാൻ ഊണു കഴിക്കാറില്ല” എന്നു പറഞ്ഞുകൊണ്ട്‌ അവൾ തന്നെ അടുക്കളയിൽ കയറി ഫ്രിഡ്‌ജ്‌ തുറക്കുന്നതുകണ്ട്‌ ദേവകി ഓടിച്ചെന്നു. “എന്താ....മോൾക്കുവേണ്ടത്‌”?

“നോൺവെജ്ജ്‌...എന്തെങ്കിലുമുണ്ടോ”?

“”അയ്യോ...ഇല്ലല്ലോ മോളേ...

“എന്നാൽ എഗ്ഗുമതി....ഞാനുണ്ടാക്കിക്കോളാം...”

അവൾ ഒരു മുട്ട ബുൾസൈ ചെയ്ത്‌ രണ്ടു കഷ്‌ണം ബ്രെഡ്‌ഡും എടുത്തുകൊണ്ടുവന്ന്‌ അതു കഴിച്ചു. എന്നിട്ട്‌ മുകളിലേക്കു തന്നെ കയറിപ്പോയി.

അടുക്കളയെല്ലാം ഒതുക്കിക്കഴിഞ്ഞ്‌ ദേവകി ഫ്ലാസ്‌കും പാത്രങ്ങളും കൊണ്ടുവന്ന്‌ മേശപ്പുറത്തുവച്ചിട്ടു പറഞ്ഞു. “ചൂടുവെളളവും ഹോർലിക്സും എല്ലാം കൊണ്ടുവച്ചിട്ടുണ്ട്‌. ഞാനവളുടെ മുറിയിൽ പോയി കിടക്കട്ടെ. സതീഷിവിടെയില്ലല്ലോ....അവളെത്തനിച്ചു കിടത്തുന്നതു ശരിയാണോ ? കുട്ടിയല്ലേ... അവൾക്കു പേടിയാവില്ലേ?”

ദേവകി മുറിയിൽ കയറിച്ചെല്ലുമ്പോൾ അവൾ കണ്ണുകളടച്ച്‌ വാക്ക്‌മാന്റെ ഇയർഫോൺ ചെവിയിൽ തിരുകി.......കട്ടിൽപ്പടിമേൽ ചാരിക്കിടന്നു താളം പിടിക്കുകയായിരുന്നു. ദേവകി അവളുടെ അരികത്തു ചെന്നിരുന്നിട്ടും കുറെ നേരത്തേക്കവൾ അനങ്ങിയില്ല. പിന്നെ എന്തുവേണമെന്ന അർത്ഥത്തിൽ ഇയർഫോൺ മാറ്റിയിട്ട്‌ അവളുടെ മുഖത്തേക്ക്‌ നോക്കി“.

”നിനക്കു കൂട്ടുകിടക്കാനാണ്‌ ഞാൻ വന്നിരിക്കുന്നത്‌“. എന്നു പറഞ്ഞപ്പോൾ പരിഹാസം കലർന്ന ഒരു ചിരിയോടെ അവൾ പറഞ്ഞു ‘എനിക്കു പേടിയൊന്നുമില്ല....ചെറ്യകുട്ടിയായിരിക്കുമ്പോഴേ അങ്ങിനെ ഒറ്റയ്‌ക്കു കിടന്നാണ്‌ ശീലിച്ചിരിക്കുന്നത്‌. എനിയ്‌ക്കതാണിഷ്ടവും....ആന്റീ......താഴെ പോയികിടന്നോളൂ....

ദേവകി ശബ്ദമുണ്ടാക്കാതെ വന്നു കിടക്കുമ്പോൾ ഞാൻ ചോദിച്ചു. ” ഊം.....“

”തെന്തു കുട്ട്യായിവൾ.... അവൾക്ക്‌ പേടിയൊന്നൂല്ല്യാ....ആരും വേണ്ടാത്രെ.....കൂട്ടിന്‌. വേണ്ടെങ്കിൽ വേണ്ടാ....നമ്മുടെ ഭാഗത്തൂന്ന്‌ ഒരു തെറ്റു വരരുതല്ലൊ“.

ആരോടുമൊരടുപ്പവുമില്ലാതെ ഒരു സത്രത്തിലെ അന്തേവാസിയെപ്പോലെ അവൾ തോന്നുമ്പോൾ വന്നു.....തോന്നുമ്പോൾ പോയി.

ഒരു ദിവസം അവൾ വരുമ്പോൾ കയ്യിൽ ഒരു പട്ടിയും ഉണ്ടായിരുന്നു. ഒരു പെറ്റ്‌ ഡോഗ്‌.... ഒരു കരടി കുട്ടിയെപ്പോലെ ദേഹം നിറയെ നീളമുളള കറുത്ത രോമം നിറഞ്ഞ ഒരു പട്ടി. അതിനെ സെറ്റിയിലും കസേരയിലും ഒക്കെ കൊണ്ടു വന്നുകിടത്തുമ്പോൾ ദേവകി അസഹ്യത പുറത്തുകാട്ടാതെ പറഞ്ഞു. ”അത്‌.....നായ കുട്ടിയല്ലേ.........അതിന്റെ ദേഹത്ത്‌........ചൊളെളാക്കെയുണ്ടാവും“. ഒരു തമാശ കേട്ടമാതിരി അവൾ പൊട്ടിച്ചിരിച്ചുകൊണ്ട്‌ അതിന്റെ ദിനചര്യകളും ആഹാരക്രമങ്ങളും ഒക്കെപ്പറഞ്ഞു.

അവൾക്ക്‌ പട്ടികളോടും ചെടികളോടുമൊക്കെ ചില സമയങ്ങളിൽ വലിയ ഭ്രമമായിരുന്നു. ഓരോ പ്രാവശ്യം വീട്ടിൽപോയി വരുമ്പോഴും ഓരോതരം പട്ടികളെ മാറി മാറി കൊണ്ടുവന്നു. പലതരം ഓർക്കിഡുകളും ചെടികളും കൊണ്ടുവന്നു. ഇതിനെയൊക്കെ കൊണ്ടുവന്നിട്ട്‌ അവൾ തോന്നുന്നതുപോലെ ഡോഗ്‌ഷോയുടെ പിന്നാലേയും ഫ്ലവർഷോയുടെ പിന്നാലേയും ഒക്കെ പറന്നു നടക്കുമ്പോൾ അവറ്റകളെ നോക്കേണ്ട ചുമതല എനിയ്‌ക്കും ദേവകിയ്‌ക്കും ആയി. ദേവകി പറഞ്ഞു ”ചെറുതായാലും......അതു നായ തന്നെയല്ലേ....അതിന്റെ കടി കിട്ടാണ്ടു സൂക്ഷിച്ചോളൂ.....“

അവളുടെ കണ്ണിൽ ഞാൻ വെറുമൊരു കിഴങ്ങനും ദേവകി വിവരമില്ലാത്തവളും ആയിരുന്നു.

വലിയ പരിഷ്‌കാരികളല്ലാത്ത ഞങ്ങളുടെ ബന്ധുക്കളേയും സ്വന്തക്കാരേയുമെല്ലാം അവൾക്കു പുച്ഛം. അവരുടെ സന്ദർശനങ്ങൾ അവൾക്കിഷ്ടമായിരുന്നില്ല. ആരെങ്കിലും വീട്ടിൽ വന്നാൽ പിന്നെ അവൾ താഴേക്ക്‌ ഇറങ്ങുകയേയില്ല. ഒരു ദിവസം എന്റെ മൂത്ത സഹോദരിയും അവരുടെ മക്കളും കുട്ടികളും എല്ലാം കൂടി വന്നു ഞങ്ങളുടെ മരുമകളെ കാണാൻ.

ചേച്ചി ചോദിച്ചു ” പപ്പാ....എവിടെ അവൾ..... നിന്റെ മരുമകൾ“.

”അവളിപ്പോ വരും......ഞാൻ വിളിക്കാം......ചേച്ചി ഇരിയ്‌ക്കൂ“.

ഞാൻ മുകളിൽ ചെന്നവളെ വിളിച്ചു. ”മോളെ ....നിന്നെ കാണാൻ എന്റെ ചേച്ചിയും മകളും കുട്ടികളും എല്ലാവരും കൂടി വന്നിട്ടുണ്ട്‌. ഒന്നു താഴേയ്‌ക്കു വരൂ“.

എന്റെ കുളിയും ഒന്നും ആയിട്ടില്ല. ഞാൻ വന്നോളാം”.

കാത്തിരുന്ന്‌ കാത്തിരുന്ന്‌ മടുത്തപ്പോൾ ചേച്ചി ചോദിച്ചു. “ഇവളെന്തെടുക്കുകയാ അവിടെ”.

“അവൾക്കു കുളി ഒരു മണിക്കൂറാ....അവൾ വരും....ചേച്ചി കാപ്പി കൂടിയ്‌ക്കൂ.....” ദേവകി പറഞ്ഞു “അവളും കൂടി വരട്ടെ...എന്നിട്ടാകാം...കാപ്പി കുടി.

ഒരു രണ്ടു മണിക്കൂർ കഴിഞ്ഞു റാണി ഇറങ്ങിവന്നു. ഒരു ടൈറ്റ്‌ സ്‌കേർട്ടും സ്ലീവ്‌ലെസ്സ്‌ ടോപ്പുമായിരുന്നു വേഷം. കാലുകൾ പെറുക്കി പെറുക്കി വച്ച്‌ കക്ഷം കാണിച്ച്‌....ഉയർന്ന മാറിടം തെറിപ്പിച്ച്‌ നിതംബങ്ങൾ തുളളിച്ച്‌ തുളളിച്ചുളളയാവരവ്‌....ചേച്ചി അടിമുടി നോക്കിക്കൊണ്ട്‌ വായപൊളിച്ചിരുന്നുപോയി.

ഞാൻ ഒന്നേ നോക്കിയുളളൂ......മകളല്ലേ....പിന്നെ....ആകെ ഒരയവുവരുത്തുവാൻ ശ്രമിച്ചുകൊണ്ട്‌ ചേച്ചിയേയും മകളേയും പരിചയപ്പെടുത്തുമ്പോൾ താൽപര്യമില്ലാത്ത ഭാവത്തിൽ ഒന്നു പുഞ്ചിരിച്ചതല്ലാതെ ഒന്നും സംസാരിച്ചില്ല. കാപ്പി കുടിക്കാൻ മേശയ്‌ക്കരികിലേക്ക്‌ വന്നതുമില്ല. ദേവകി പറഞ്ഞു ”റാണീ....മോളേ....നീ കൂടി വന്നിട്ട്‌ കാപ്പി കുടിക്കാം എന്നു പറഞ്ഞു ചേച്ചിയും ശാന്തിയും കാത്തിരിക്കുകയായിരുന്നു“.

മേശമേൽ നിരത്തി വച്ചിരിക്കുന്നതൊക്കെ ഒന്നു നോക്കിയിട്ട്‌ അവൾ പറഞ്ഞു. എനിക്കിഡ്‌ഡലി.....ഇഷ്ടമല്ല. ഞാൻ സാധാരണ ബ്രേക്ക്‌ ഫാസ്‌റ്റ്‌ ഒന്നും കഴിക്കാറില്ല. ഫ്രൂട്ട്‌ ജൂസ്‌ മതി”. അവൾ ഫ്രിഡ്‌ജിൽ നിന്നും ജ്യൂസെടുത്ത്‌ കുടിച്ചിട്ട്‌ അവളുടെ കാറെടുത്ത്‌ പുറത്തേക്ക്‌ പോയി. കരണത്ത്‌ ഒരടി കിട്ടിയതുമാതിരിയായി എനിക്കും ദേവകിക്കും.

ആരുമൊന്നുമുരിയാടാതെ കുനിഞ്ഞിരുന്ന്‌ കാപ്പി കുടിക്കുമ്പോൾ ഇഡ്‌ഡലിക്കും സാമ്പാറിനുമൊന്നും ഒരെരിവും പുളിയുമൊന്നുമില്ലാത്തതുപോലെ. ഞങ്ങളുടെ വൈക്ലബ്യം മനസ്സിലാക്കി ചേച്ചി പറഞ്ഞു. “ ഇപ്പോഴത്തെ കുട്ടികളല്ലേ....അവരുടെ രീതികളിങ്ങനെയൊക്കെയാണ്‌. കുറച്ചുകഴിയുമ്പോഴെല്ലാം മാറും എന്നു പറഞ്ഞെങ്കിലും അവർ ഉളളിന്റെ ഉളളിൽ ഊറിചിരിക്കുന്നുണ്ടാവും. കുശുമ്പിനു കയ്യും കാലും വച്ചതാണെന്റെ പെങ്ങൾ. ഞങ്ങളുടെ കുട്ടികൾ ഒരുവിധം നന്നായി പഠിച്ച്‌ ഓരോ സ്ഥാനത്തെത്തുന്നത്‌ അവർക്കൊട്ടും ദഹിച്ചിട്ടില്ല. ”നിനക്കിതുതന്നെ....വേണംന്നാവും ഉളളില്‌ “

സതീഷിങ്ങു വന്നു കഴിയുമ്പോൾ അവനീ രീതികളൊന്നും കണ്ടുശീലിച്ചിട്ടില്ലല്ലോ.....അവനിഷ്ടമാവില്ലല്ലൊ. ഒക്കെ അവൻ പറഞ്ഞു തിരുത്തിക്കൊളളും. അതുവരെ എന്തുമായിക്കൊളളട്ടെ”. എന്നു തീരുമാനിയ്‌ക്കാനേ എനിക്കും ദേവകിയ്‌ക്കും ആകുമായിരുന്നൊളളൂ. ദേവകി സമാധാനിച്ചു. “ഒരു കുട്ടിയാവട്ടെ...പിന്നീ തുളളലും ചാട്ടോം ഒക്കെ നിൽക്കും. പെണ്ണു പെണ്ണാകുന്നത്‌ ഒരമ്മയാകുമ്പോഴാ. പിന്നെ കുട്ടിയായി....കുട്ടിയുടെ കാര്യങ്ങളായി.....ഭർത്താവിന്റെ കാര്യങ്ങളായി.....പിന്നിതിനൊക്കെയെവിടെ സമയം...”

Previous Next

ശകുന്തള ഗോപിനാഥ്‌

പുത്തൻമഠം,

ഇരുമ്പുപാലത്തിനു സമീപം,

പൂണിത്തുറ, കൊച്ചി.

പിൻ-682308.


Phone: 0484 2301244, 9495161202
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.