പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > വേഴാമ്പലുകൾ > കൃതി

ഭാഗം ഃ പത്ത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശകുന്തള ഗോപിനാഥ്‌

പിന്നെ അവർ അവിടുത്തെ ചിട്ടകളൊക്കെ പറഞ്ഞു. കേട്ടപ്പോൾ തീർത്തും ഞങ്ങൾ ബോർഡിംഗിലെ കുട്ടികളായി. രാവിലെ ആറു മണിക്കു ബെഡ്‌കോഫി. അതു മുറികളിലെത്തിച്ചു തരും. പിന്നെ എട്ടുമണി മുതൽ പ്രഭാതഭക്ഷണം... പന്ത്രണ്ടര മുതൽ ഊണ്‌. മൂന്നരയ്‌ക്ക്‌ ചായ. കൂടെ എന്തെങ്കിലും ലഘുവായിട്ടുണ്ടാകും.... രാത്രി കഞ്ഞിയോ.... ചപ്പാത്തിയോ... റൊട്ടിയോ അതു ചായ കുടിക്കാൻ വരുമ്പോൾ ഏതാണു വേണ്ടതെന്ന്‌ പറഞ്ഞിരിക്കണം. ഊണു മുറിയിലേക്കു വരാൻ സാധിയ്‌ക്കാത്തത്ര അവശരായവർക്ക്‌ എല്ലാം മുറികളിൽ എത്തിച്ചുകൊടുക്കും. വിസിറ്റിംഗ്‌ ഡോക്‌ടറും നേഴ്‌സും ഉണ്ട്‌. അസുഖമെന്തെങ്കിലും ഉണ്ടായാൽ അദ്ദേഹം വന്നു പരിശോധിക്കും. ഇഞ്ചക്ഷനോ... കൃത്യമായി മരുന്നോ ഒക്കെ ഇവിടെ തരാൻ ഏർപ്പാടുണ്ട്‌.

ദേവകി ഇടയ്‌ക്കുകയറി ചോദിച്ചു. “ഇവിടെ താമസിക്കുന്നവരെല്ലാം പ്രായമുള്ളവരാണല്ലോ. അസുഖം വല്ലതുമായി കിടപ്പിലായിപ്പോയാൽ......”

“കിടന്നുപോയാൽ..... ഞങ്ങൾ നോക്കും. ആവശ്യമെങ്കിൽ ഹോം നേഴ്‌സിന്റെ സേവനവും ലഭ്യമാക്കും. ഇവിടെക്കിടന്നു മരിച്ചുപോയാലും ആവശ്യമെന്നു വന്നാൽ അവകാശികളുടെ അനുവാദത്തോടെ ക്രിമേഷനും നടത്തും. അങ്ങിനെ ചെയ്‌തിട്ടും ഉണ്ട്‌.”

ദേവകിയുടെ മുഖത്ത്‌ ആശ്വാസം. അവർ പോയിക്കഴിഞ്ഞപ്പോൾ തമ്പി പറഞ്ഞു. “ഒരു വാതിലടയുമ്പോൾ ഒൻപതു വാതിൽ തുറക്കും ഭഗവാൻ. നമ്മൾ നേരത്തേ തന്നെ ഇവടെ വരേണ്ടതായിരുന്നൂന്നു തോന്നുന്നു.”

“നോക്കുന്നേടത്തെല്ലാം ആളും അനക്കവും ഉണ്ട്‌... അതുതന്നെയാശ്വാസം... പിന്നെ സമയാസമയത്ത്‌ എന്തെങ്കിലും തിന്നാനും കുടിക്കാനും കിട്ടും. രാത്രി ആരാ കഴുത്തറക്കാൻ വരണെ എന്ന ഭയമില്ലാതെ കിടന്നുറങ്ങാം. ഒരസുഖം വന്നാലോ... .ഇനി ആരെ വിളിയ്‌ക്കും... എവിടെപോകും എന്ന ആവലാതിയും വേണ്ടല്ലോ”.

ദേവകി പറഞ്ഞു “പാച്ചുവിനു ചോറുകൊടുക്കാൻ നമ്മെളെല്ലാവരും കൂടി ഗുരുവായൂരു പോയി ഒരു ഹോട്ടലിൽ താമസിച്ചില്ലേ... അതുപോലെയുണ്ടിവിടം....” മക്കളുമൊത്ത്‌ എല്ലാവരുമായി ഗുരുവായൂരു പോയി താമസിച്ച കാര്യം പറഞ്ഞപ്പോൾ ഞങ്ങൾക്ക്‌ അന്നെടുത്ത കാസറ്റ്‌ ഒന്നു കാണണമെന്നു തോന്നി.

ഒരു പരിചാരകൻ വന്ന്‌ ടി.വി.യും വി.സി.ആറും ഒക്കെ പുറത്തുവച്ചു തന്നു. ആ കാസറ്റ്‌ കണ്ടിരിക്കുമ്പോൾ ഞങ്ങൾ സ്നേഹാലയത്തിലാണെന്ന കാര്യം കൂടി മറന്നുപോയി. അതിലെ ഓരോ ദൃശ്യത്തിലൂടെയും ഞങ്ങൾ പുനർജ്ജനിയ്‌ക്കുകയായിരുന്നു. അങ്ങിനെ ആ കാസറ്റുകൾ വീണ്ടും വീണ്ടും കാണുക... അതിലൂടെ പുനർജ്ജനിക്കുക എന്നത്‌ ഒരു പതിവായി. സ്വയം മറന്നു ഞങ്ങൾ മക്കളോടും കുഞ്ഞുമക്കളോടുമൊക്കെ സംസാരിച്ചു. ആ സ്നേഹാലയത്തിലെ കൊച്ചുമുറിയ്‌ക്കുള്ളിൽ അവിടത്തെ ചിട്ടകൾക്കൊപ്പം കഴിഞ്ഞുകൊണ്ട്‌.... ഞങ്ങൾ.... ഞങ്ങളുടെ മക്കളോടൊപ്പം സ്വന്തം വീട്ടിൽ ജീവിച്ചു.

അവിടുത്തെ ചിട്ടകളൊക്കെ ഞങ്ങൾ ശീലിച്ചു. ചായ കുടിച്ചു ശീലിച്ച ഞാൻ രാവിലേ ആറുമണിയ്‌ക്കു കിട്ടുന്ന നേർത്ത കാപ്പി സന്തോഷത്തോടെ കുടിച്ചു. ഇപ്പോൾ ചായ വേണം എന്ന്‌ തോന്നുകയേയില്ല. എട്ടുമണിക്കു ഊണുമുറിയിൽ മണി മുഴങ്ങുമ്പോൾ തന്നെ എത്തിയാൽ ആറിത്തണുക്കാത്ത ദോശയോ, പുട്ടോ, ചപ്പാത്തിയോ ഒക്കെ കഴിയ്‌ക്കാം. ഇപ്പോൾ ദോശയും പുട്ടും ചപ്പാത്തിയുമൊക്കെ തിങ്കൾ... ചൊവ്വ.... ബുധൻ എന്നിങ്ങനെയുള്ള ദിവസങ്ങളുടെ സിംബലുകളായാണു മനസിൽ തെളിയാറ്‌. പുട്ടു കണ്ടാലുടനേ അറിയാം അന്നു ‘ചൊവ്വ’യാണെന്ന്‌.

ഈയിടെയായി ദേവകിയ്‌ക്ക്‌ തീരെ പാടില്ല. ശ്വാസംമുട്ടലു കാരണം രാത്രി കിടന്നുറങ്ങാൻ പറ്റാറില്ല. തലയിണകൾ അടുക്കിവച്ച്‌ അതിൽ ചാരിയിരുന്ന്‌ മയങ്ങാറാണ്‌ പതിവ്‌. മിക്കവാറും ദിവസങ്ങളിൽ ഡോക്‌ടർ വന്ന്‌ പരിശോധിക്കാറുണ്ട്‌. ഇടയ്‌ക്കിടെ ഒരു നേഴ്‌സ്‌ വന്ന്‌ സ്‌പഞ്ചുബാത്ത്‌ കൊടുക്കും. മിക്കവാറും എന്നും രാത്രി മക്കളുടെ ഫോൺ വരാറുണ്ട്‌. ശ്രുതിമധുരമായിത്തോന്നിയിരുന്ന ആ മണിയൊച്ചകൾ കേൾക്കുമ്പോൾ ഇപ്പോൾ അവളുടെ കണ്ണുകൾ ഈറനാകുന്നു. അവളുടെ വയ്യായ്‌ക കാരണം വീഡിയോവിലൂടെ പോലും ഞങ്ങൾക്ക്‌ അവരുടെ സാമീപ്യം അനുഭവിയ്‌ക്കാനാകുന്നില്ല. ദിനംപ്രതി അവളുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്‌.

ഒരു ദിവസം അവളെ പരിശോധിച്ച്‌ കഴിഞ്ഞ്‌ ഡോക്‌ടർ വളരെ ദയനീയമായി എന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു “മക്കളൊക്കെ ദൂരെയല്ലെ... അവർ വന്നൊന്നു കാണട്ടെ... അവരെക്കാണുമ്പോൾത്തന്നെ പകുതി അസുഖം മാറും. അതാണു നല്ലത്‌.. പൾസും വീക്കായിക്കൊണ്ടിരിയ്‌ക്കുകയാണ്‌”. സാവധാനം അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ മനസിലാക്കി ഞാൻ തരിച്ചിരുന്നു. സൂപ്രണ്ടു തന്നെ മക്കൾക്കെല്ലാം ഫോൺ ചെയ്‌തു. അവർ മൂന്നുപേരും ഒന്നുരണ്ടു ദിവസത്തിനുള്ളിൽത്തന്നെ ഓടിയെത്തി. പിന്നാലെ അവരുടെ ഭാര്യമാരും കുട്ടികളും. മക്കളെ കണ്ടപ്പോൾ അവൾ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു. കുഞ്ഞുമക്കളെ കട്ടിലിൽ കൂടെ പിടിച്ചിരുത്തി വിമ്മിഷ്‌ടത്തോടെ താലോലിയ്‌ക്കുമ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകി. നിശബ്ദമായ ആ വിടപറയൽ കണ്ടുനിൽക്കാനാവാതെ ഞാനവിടേയും ഇവിടേയും ഒക്കെ മാറിയും തിരിഞ്ഞും നിന്നു.

ഞങ്ങളുടെ ബംഗ്ലാവ്‌ വാസയോഗ്യമല്ലാത്തതിനാൽ മക്കളും അവരുടെ കുടുംബവും ഹോട്ടൽ മുറികളിൽ താമസിച്ചുകൊണ്ട്‌ ഓരോ സെറ്റായി മുറവെച്ച്‌ അമ്മയ്‌ക്ക്‌ കാവലിരുന്നു ശുശ്രൂഷിച്ചു. ആഴ്‌ചകൾ കഴിഞ്ഞിട്ടും അമ്മയുടെ രോഗനിലയിൽ ഒരു വ്യത്യാസവും കാണാതിരുന്നപ്പോൾ അവർ പരസ്‌പരം മുഖത്തോടു മുഖം നോക്കി. ഒറ്റയായും കൂട്ടമായും ഡോക്ടറെ പോയിക്കണ്ടു. അവരുടെയൊക്കെ വിസായുടെ അവധി തീരാറാകുന്നു. അവർക്കു പോകാതിരിയ്‌ക്കാൻ തരമില്ലല്ലൊ. അവരുടെ വിഷമം മനസിലാക്കി ഞാൻ പറഞ്ഞു. “അമ്മയ്‌ക്കു വേണ്ടതെല്ലാം അപ്പപ്പോൾ ചെയ്യാൻ ഞാനില്ലെ ഇവിടെ. പിന്നെ ആ ഹോംനേഴ്‌സുമുണ്ടല്ലോ... ഇവിടെ ഞങ്ങൾ സുരക്ഷിതരാണ്‌. അമ്മയ്‌ക്കൊന്നും സംഭവിയ്‌ക്കില്ലാ. നിങ്ങൾ ധൈര്യമായിട്ടു പോവിൻ മക്കളേ... അമ്മയോടു പറയണ്ടാന്നുമാത്രം....”

അവർ മടങ്ങിപോയി..... മനസ്സില്ലാമനസ്സോടെ... നിറഞ്ഞകണ്ണുകളോടെ....

ഒരു ദിവസം മുഴുവനും അവരെ കാണാതിരുന്നപ്പോൾ പിന്നെ അവളൊന്നും ചോദിച്ചില്ല. അവർ പോയിക്കാണും എന്നവളൂഹിച്ചുകാണും. വിദൂരതയിലേക്ക്‌ നോട്ടമയച്ച്‌... മരണത്തിന്റെ കാലൊച്ചകൾക്കു വേണ്ടി കാതോർത്തുകൊണ്ട്‌.... നിശബ്ദയായി അവൾ കിടക്കുമ്പോഴോർത്തു “അതു തന്നെയാണു നല്ലത്‌..... സ്വതവേ അബലയും രോഗിയുമായ ദേവകിയെ ഇവിടെ തനിച്ചാക്കി പോകാൻ എനിയ്‌ക്കാവില്ല. ആദ്യം അവളെ യാത്രയാക്കിയിട്ടു പിന്നാലേ പോകാം”.

മക്കൾ പോയതിൽ പിന്നെ അവളൊരക്ഷരം ഉരിയാടിയിട്ടില്ല. വെള്ളം കുടിയ്‌ക്കാൻപോലും നന്നേ ബുദ്ധിമുട്ടുന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞ്‌ ഒരു സന്ധ്യാനേരത്ത്‌ എന്നെ അടുത്തേയ്‌ക്ക്‌ വിളിച്ച്‌ കട്ടിലിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു. അടുത്തിരുന്ന എന്റെ കൈകൾ രണ്ടും ബദ്ധപ്പെട്ടു ചേർത്തുപിടിച്ച്‌ അതിൽ മുഖമമർത്തി അവൾ തേങ്ങി. എന്റെ തൊണ്ടയിൽ എന്തോ വന്നു കുരുങ്ങിയതുപോലെ തോന്നുകയാൽ ഒന്നാശ്വസിപ്പിയ്‌ക്കാൻ പോലുമാവാതെ ഞാൻ നിശബ്ദനായിരുന്നു. തേങ്ങലിനിടയിൽ അവൾ വിക്കിവിക്കി പറഞ്ഞു. “നിങ്ങളെ.... തനിച്ചാക്കിയിട്ട്‌.... ങ്ങക്ക്‌ ആരും... ല്ലല്ലോ...” ചിലമ്പിച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു. “നീ......യിപ്പോ... അതൊന്നും ഓർക്കണ്ടാ... ദേവകീ..... മുകളിലൊരാളില്ലേ” എന്നു പറഞ്ഞവളെ സമാധാനിപ്പിയ്‌ക്കുമ്പോൾ അവളുടെ ബോധം മറഞ്ഞെങ്കിൽ എന്ന പ്രാർത്ഥനയായിരുന്നു മനസ്സിൽ.

എന്റെ പ്രാർത്ഥനപോലെ തന്നെ അവളുടെ ബോധം മറഞ്ഞു.... ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ശ്വാസവും നിലച്ചു.

സൂപ്രണ്ട്‌ വന്ന്‌ ഏറെ നനവുള്ള ശബ്ദത്തിൽ ചോദിച്ചു. “ഇനിയിപ്പോ....ന്താ...വേണ്ടത്‌...?”

“കുട്ടികളെ വിവരമറീക്കണം.... മഹേഷിനേം....” ശബ്ദം പുറത്തേക്കു വരുന്നില്ല.

“പിന്നെ...?”

“വിവരമറീച്ചാൽ മതി... കാക്കണ്ട...”

“.....”

“ഏർപ്പാടുകളൊക്കെ ചെയ്‌തോളൂ...”

“കർമ്മം ചെയ്യാൻ.... ആരെങ്കിലും....?”

“ഞാൻ ചെയ്‌തോളാം... അവൾക്കു ഭർത്താവും സഹോദരനും... അച്ഛനുമൊക്കെയായിരുന്നു... ഞാൻ... ഇനിയിപ്പോൾ മകനും കൂടിയായേക്കാം....”

പുകച്ചുരുളുകളായി ദേവകി ആകാശത്തിലേക്കുയരുമ്പോൾ... മനസു വിളിച്ചു പറഞ്ഞു “ദേവകീ.... പേടിയ്‌ക്കേണ്ട.... ഞാനൂണ്ട്‌.... നിന്റെ പിന്നാലേ തന്നെ....”

(അവസാനിച്ചു)

Previous

ശകുന്തള ഗോപിനാഥ്‌

പുത്തൻമഠം,

ഇരുമ്പുപാലത്തിനു സമീപം,

പൂണിത്തുറ, കൊച്ചി.

പിൻ-682308.


Phone: 0484 2301244, 9495161202




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.