പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കഥാകൃത്തും കഥയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തകഴി ശിവശങ്കരപ്പിളള

വെളളപ്പൊക്കത്തിൽ

തകഴി എന്നത്‌ കേരളത്തിലെ ഒരു കായലോരഗ്രാമത്തിന്റെ പേരുമാത്രമല്ല; മലയാളസാഹിത്യചരിത്രത്തിലെ മായ്‌ച്ചു കളയാനാവാത്ത ഒരു അനുഭവതീഷ്‌ണത കൂടിയാണ്‌. അങ്ങിനെ എഴുത്തിന്റെ സൂക്ഷ്‌മതകളിലൂടെ സഞ്ചരിച്ച്‌ മലയാളിയുടെ സാഹിത്യമനസ്സിൽ ആഴത്തിലും പരപ്പിലും ഇടം നേടിയ തകഴശിവശങ്കരപ്പിളള എന്ന തകഴിച്ചേട്ടൻ ഒരിക്കലും മറക്കാനാവാത്ത രൂപമായി മാറുന്നു. തന്റെ ജീവിതത്തിന്റെ ഏഴു പതിറ്റാണ്ട്‌ കാലം നടത്തിയ സാഹിത്യസപര്യയുടെ സാന്നിദ്ധ്യം ഇന്നും മറയാതെ കിടക്കുന്നത്‌ ആ എഴുത്തിന്റെ സത്യസന്ധതകൊണ്ടാണ്‌. “കാലമാണ്‌ തന്നെയും തന്റെ കൃതികളേയും വിലയിരുത്തേണ്ടതെന്ന്‌” തകഴിച്ചേട്ടന്റെ ഈ വാക്കുകൾ എഴുത്തിനേയും എഴുത്തുകാരനെയും യഥാവിധം മനസ്സിലാക്കിയിട്ടുളളതാണ്‌.

1912- ഏപ്രിൽ 17ന്‌ ജനിച്ച ഈ മഹാപ്രതിഭയുടെ ആദ്യചെറുകഥ പ്രസിദ്ധപ്പെടുത്തിയത്‌ 1929 -ൽ ആണ്‌. 1934-ൽ ആദ്യനോവലായ “ത്യാഗത്തിന്റെ പ്രതിഫലം” പ്രസിദ്ധപ്പെടുത്തി. ഇതിനിടെ തിരുവനന്തപുരം ലോ കോളജിൽനിന്നും പ്ലീഡർഷിപ്പ്‌ പരീക്ഷ വിജയിച്ചശേഷം, 1936 മുതൽ 57 വരെ അമ്പലപ്പുഴയിൽ വക്കീലായി പ്രാക്‌ടീസ്‌ ചെയ്‌തു.

രണ്ടിടങ്ങഴി, ചെമ്മീൻ, തോട്ടിയുടെ മകൻ, അനുഭവങ്ങൾ പാളിച്ചകൾ, ഏണിപ്പടികൾ, ചുക്ക്‌, കയർ, ബലൂണുകൾ തുടങ്ങി ഇരുപത്തഞ്ചിലധികം നോവലുകളും ഇരുന്നൂറിലധികം കഥകളും പ്രസിദ്ധപ്പെടുത്തി. ആത്‌മാവിനെ തൊട്ടുണർത്തുന്ന ഇദ്ദേഹത്തിന്റെ മിക്ക കൃതികളും പല വിദേശഭാഷകളിലേക്കും, നിരവധി ഭാരതീയ ഭാഷകളിലേക്കും തർജ്ജമ ചെയ്‌തിട്ടുണ്ട്‌.

‘ചെമ്മീൻ’ 1958-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും, ‘ഏണിപ്പടികൾ’ 1965-ലെ കേരള സാഹിത്യ അക്കാദമി അവാർഡും, ‘കയർ’ 1980 ലെ വയലാർ അവാർഡും നേടി. 1978ലും 81-ലും കേരളസാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. 1974-ൽ സോവിയറ്റ്‌ലാന്റ്‌ നെഹ്‌റു അവാർഡ്‌ ലഭിച്ചു. 1984-ൽ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ ‘ജ്ഞാനപീഠം’ ലഭിച്ചു. 1985-ൽ ഇദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനങ്ങളെ അംഗീകരിച്ച്‌ പത്‌മഭൂഷൻ ബഹുമതിയും ലഭിച്ചു.

തകഴിച്ചേട്ടന്റെ നിഴലായി ജീവിച്ച കമലാക്ഷിയമ്മ എന്ന കാത്തച്ചേച്ചിയാണ്‌ ഭാര്യ.

1999 ഏപ്രിൽ 10ന്‌ പിശുക്കിന്റെ രാജകുമാരൻ എന്നുകൂടി അറിയപ്പെടുന്ന മഹാനായ എഴുത്തുകാരൻ മലയാള സാഹിത്യലോകത്ത്‌ വലിയൊരു ശൂന്യത സൃഷ്‌ടിച്ച്‌ കടന്നുപോയി. തകഴിച്ചേട്ടന്റെ പുണ്യസ്‌മൃതികൾക്കുമുന്നിൽ ഒരു നിമിഷംകൂടി നമുക്ക്‌ നിശ്ശബ്‌ദരാകാം...

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

നാട്ടിലെ പൊക്കംകൂടിയ സ്‌ഥലം ക്ഷേത്രമാണ്‌. അവിടെ ദേവൻ കഴുത്തറ്റം വെളളത്തിൽ നില്‌ക്കുന്നു. വെളളം! സർവത്ര ജലം! നാട്ടുകാരെല്ലാം കരതേടിപ്പോയി. വീട്ടുകാവലിന്‌ ഒരാൾ, വീട്ടിൽ വളളമുണ്ടെങ്കിൽ ഉണ്ട്‌. ക്ഷേത്രത്തിലെ മൂന്നു മുറിയുളള മാളികപ്പുറത്ത്‌ 67 കുടികളുണ്ട്‌. 356 ആളുകൾ, പട്ടി, പൂച്ച, ആട്‌, കോഴി മുതലായ വളർത്തുമൃഗങ്ങളും. എല്ലാം ഐകമത്യമായി കഴിയുന്നു; ഒരു ശണ്‌ഠയുമില്ല.

ചേനപ്പറയൻ ഒരു രാത്രിയും ഒരു പകലുമായി വെളളത്തിൽത്തന്നെ നില്‌ക്കുന്നു. അവനു വളളമില്ല. അവന്റെ തമ്പുരാൻ മൂന്നായി, പ്രാണനുംകൊണ്ടു കരപറ്റിയിട്ട്‌. ആദ്യം പുരയ്‌ക്കകത്തേക്കു വെളളം എത്തിനോക്കിയപ്പോഴേ മടലും കമ്പും കൊണ്ടു തട്ടും പരണും കെട്ടിയിരുന്നു. വെളളം പെട്ടെന്നിറങ്ങുമെന്നു കരുതി രണ്ടു ദിവസം അതിൽ കുത്തിയിരുന്നു കഴിച്ചുകൂട്ടി. കൂടാതെ നാലഞ്ചു വാഴക്കുലയും തുറുവും കിടക്കുന്നു. അവിടെനിന്നും പോയാൽ അവയെല്ലാം ആണുങ്ങൾ കൊണ്ടുപോകയും ചെയ്യും.

ഇപ്പോൾ തട്ടിന്റെയും പരണിന്റെയും മുകളിൽ മുട്ടറ്റം വെളളമുണ്ട്‌. മേൽക്കൂരയുടെ രണ്ടുവരി ഓല വെളളത്തിനടിയിലാണ്‌. അകത്തുകിടന്ന്‌ ചേന്നൻ വിളിച്ചു. ആരു വിളികേൾക്കും? അടുത്താരുണ്ട്‌? ഗർഭിണിയായ ഒരു പറച്ചി, നാലു കുട്ടികൾ, ഒരു പൂച്ച, ഒരു പട്ടി ഇത്രയും ജീവികൾ അവനെ ആശ്രയിച്ചിട്ടുമുണ്ട്‌. പുരയ്‌ക്കു മുകളിൽക്കൂടി വെളളം ഒഴുകാൻ മുപ്പതു നാഴിക വേണ്ടെന്നും തന്റെയും കുടുംബത്തിന്റെയും അവസാനമടുത്തുവെന്നും അവൻ തീർച്ചപ്പെടുത്തി. ഭയങ്കരമായ മഴ തോർന്നിട്ടു മൂന്നു ദിവസമായി. കൂരയുടെ ഓല പൊളിച്ച്‌ ചേന്നൻ ഒരുകണക്കിൽ പുറത്തിറങ്ങി നാലു ചുറ്റിനും നോക്കി. വടക്ക്‌ ഒരു കെട്ടുവളളം പോകുന്നു. അത്യുച്ചത്തിൽ ചേന്നപ്പറയൻ വളളക്കാരെ കൂകിവിളിച്ചു. വളളക്കാർക്ക്‌ ഭാഗ്യംകൊണ്ടു കാര്യം മനസ്സിലായി. അവർ വളളം കൊട്ടിലിനു നേർക്കു തിരിച്ചു. കിടാങ്ങളെയും പെണ്ണാളിനെയും പട്ടിയെയും പൂച്ചയെയും പുരയുടെ വാരിക്കിടയിൽക്കൂടി ഓരോന്നായി ചേന്നൻ വലിച്ചു വെളിയിലിട്ടു. അപ്പോഴേക്കും വളളവും വന്നടുത്തു. കിടാങ്ങൾ വളളത്തിൽ കയറിക്കൊണ്ടിരിക്കുകയാണ്‌.

‘ചേന്നച്ചോ, പൂഹോയ്‌!’ പടിഞ്ഞാറുനിന്നാരോ വിളിക്കുന്നു. ചേന്നൻ തിരിഞ്ഞുനോക്കി. ‘ഇങ്ങാ വായോ!’ അത്‌ മടിയത്തറ കുഞ്ഞേപ്പനാണ്‌. അവൻ പുരപ്പുറത്തു നിന്നു വിളിക്കയാണ്‌. ധിറുതിപ്പെട്ടു പെണ്ണാളിനെ പിടിച്ചു വളളത്തിൽ കയറ്റി. അത്തക്കത്തിനു പൂച്ചയും വളളത്തിൽ ചാടിക്കയറി. പട്ടിയുടെ കാര്യം ആരും ഓർത്തില്ല. അത്‌, പുരയുടെ പടിഞ്ഞാറെ ചരുവിൽ അവിടെയും ഇവിടെയും മണപ്പിച്ചു നടക്കുകയാണ്‌.

വളളം നീങ്ങി; അതകലെയായി.

പട്ടി മുകളെടുപ്പിൽ തിരിച്ചുവന്നു. ചേന്നന്റെ വളളം അങ്ങകലെയായിക്കഴിഞ്ഞു; അതു പറന്നുപോകുന്നു. മരണവേദനയോടെ ആ ജന്തു മോങ്ങിത്തുടങ്ങി, നിസ്സഹായനായ ഒരു മനുഷ്യന്റെ ശബ്‌ദത്തോടു സാദൃശ്യമുളള ശബ്‌ദപരമ്പരകൾ പുറപ്പെടുവിച്ചു. ആരുണ്ടതു കേൾക്കാൻ! പുരയുടെ നാലു ചരുവുകളിലും അത്‌ ഓടിനടന്നു; ചിലടമെല്ലാം മണപ്പിച്ചു; മോങ്ങി!

സ്വൈരമായി പുരപ്പുറത്തിരുന്ന ഒരു തവള, അപ്രതീക്ഷിതമായ ഈ ബഹളംകണ്ടു പേടിച്ചു പട്ടിയുടെ മുമ്പിൽക്കൂടി വെളളത്തിലേക്കു ‘ധുടീം’ എന്നൊരു ചാട്ടം ചാടി. ആ നായ്‌ ഭയപ്പെട്ടു ഞെട്ടി പിന്നിലേക്കു കുതിച്ച്‌ ജലത്തിനുണ്ടായ ചലനത്തെ കുറെനേരം തുറിച്ചുനോക്കി നിന്നു.

ആഹാരം തേടിയാവാം, ആ മൃഗം അവിടെയും ഇവിടെയും ഒക്കെ ചെന്നു ഘ്രാണിക്കുന്നു. ഒരു തവള അവന്റെ നാസാരന്ധ്രത്തിൽ മൂത്രം വിസർജിച്ചിട്ടു വെളളത്തിലേക്കു ചാടിക്കളഞ്ഞു. അസ്വസ്‌ഥനായ്‌ നായ്‌ ചീറ്റി; തുമ്മി; തല അറഞ്ഞു ചീറ്റി. മുൻകാലുകൾ ഒന്നുകൊണ്ടു മോന്ത തുടച്ചു.

ഭയങ്കരമായ പേമാരി വീണ്ടും ആരംഭിച്ചു. കൂനിക്കൂടി കുത്തിയിരുന്ന്‌ ആ പട്ടി അതു സഹിച്ചു. അതിന്റെ യജമാനൻ അമ്പലപ്പുഴ പറ്റിക്കഴിഞ്ഞു.

രാത്രിയായി. ഒരു ഉഗ്രനായ നക്രം ജലത്തിൽ പകുതി ആണ്ടുകിടക്കുന്ന ഒരു കുടിലിനെ ഉരസിക്കൊണ്ടു മന്ദം മന്ദം ഒഴുകിപ്പോയി. ഭയാക്രാന്തനായി വാൽതാഴ്‌ത്തിക്കൊണ്ടു നായ്‌ കുരച്ചു. നക്രം യാതൊന്നുമറിയാത്ത ഭാവത്തിൽ അങ്ങൊഴുകിപ്പോയി.

മുകളെടുപ്പിൽ കുത്തിയിരുന്ന്‌ ആ ക്ഷുൽപീഡിതനായ മൃഗം കാർമേഘാവൃതമായ അന്ധകാരഭീകരമായ അന്തരീക്ഷത്തിൽ നോക്കി മോങ്ങി. ആ നായുടെ ദീനരോദനം അതിദൂരപ്രദേശങ്ങളിലെത്തി. അനുകമ്പാതുരനായ വായുഭഗവാൻ അതിനെയും വഹിച്ചുകൊണ്ടു പാഞ്ഞു. വീടുകാവലേറ്റിട്ടുളള ചില ഹൃദയാലുക്കൾ അയ്യോ, പുരപ്പുറത്തിരുന്നു പട്ടി മോങ്ങുന്നു, എന്ന്‌ പറഞ്ഞുകാണും. കടൽപ്പുറത്ത്‌ അതിന്റെ യജമാനൻ ഇപ്പോൾ അത്താഴം ഉണ്ണുകയായിരിക്കും. പതിവനുസരിച്ച്‌ ഊണു കഴിയുമ്പോൾ ഇന്നും ഒരുരുളച്ചോറ്‌ അവൻ അതിന്‌ ഉരുട്ടുമായിരിക്കും.

അത്യുച്ചത്തിൽ ഇടവിടാതെ കുറെനേരം ആ പട്ടി മോങ്ങി; ശബ്‌ദം താണു നിശ്ശബ്‌ദമായി. വടക്കെങ്ങോ ഒരു വീട്ടിലിരുന്ന്‌ വീട്ടുകാവൽക്കാരൻ രാമായണം വായിക്കുന്നു. അതു ശ്രദ്ധിക്കുംപോലെ നിശ്ശബ്‌ദനായി പട്ടി വടക്കോട്ടു നോക്കി നിന്നു. ആ ജീവി തൊണ്ടപൊട്ടുമാറ്‌ രണ്ടാമതും കുറച്ചുനേരം മോങ്ങി.

ആ നിശീഥിനിയുടെ നിശ്ശേഷനിശ്ശബ്‌ദതയിൽ ശ്രുതിമധുരമായ രാമായണംവായന ഒരുക്കൽക്കൂടി എങ്ങും പരന്നൊഴുകി. നമ്മുടെ ശുനകൻ ആ മാനവശബ്‌ദം ചെവിയോർത്തു കേട്ട്‌ കുറച്ചധികനേരം നിശ്‌ചലം നിന്നു. ഒരു ശീതമാരുതപ്രവാഹത്തിൽ ആ ശാന്തമധുരമായ ഗാനം ലയിച്ചു. കാറ്റിന്റെ ഒച്ചയും അലകളിളക്കുന്ന ‘ബളബള’ ശബ്‌ദവും അല്ലാതൊന്നും കേൾപ്പാനില്ല.

മുകളെടുപ്പിൽ ചേന്നന്റെ പട്ടി കയറിക്കിടക്കുന്നു. ഘനമായി അതു ശ്വാസോച്‌ഛ്വാസം ചെയ്‌തു. ഇടയ്‌ക്കിടയ്‌ക്ക്‌ എന്തോ നിരാശനായി പിറുപിറുക്കുന്നുമുണ്ട്‌. അവിടെ ഒരു മീൻ തുടിച്ചു; ചാടി എണീറ്റ്‌ നായ്‌ കുരച്ചു. മറ്റൊരിടത്തു തവള ചാടി; അസ്വസ്‌ഥനായി നായ്‌ മുറുമുറുത്തു.

പ്രഭാതമായി; താണസ്വരത്തിൽ അതു മോങ്ങിത്തുടങ്ങി; ഹൃദയദ്രവീകരണസമർത്ഥമായ ഒരു രാഗം വിസ്തരിച്ചു തുടങ്ങി! തവളകൾ അവനെ തുറിച്ചുനോക്കി. ജലത്തിൽ ചാടി ഉപരിതലത്തിൽക്കൂടി തെറ്റിത്തെന്നി ചരിച്ചുതാഴുന്നത്‌ അവൻ നിർന്നിമേഷം നോക്കിനില്‌ക്കും.

ജലപ്പരപ്പിൽനിന്നുയർന്നുകാണുന്ന ആ ഓലക്കെട്ടുകളെല്ലാം അവൻ ആശയോടെ ദൃഷ്‌ടിവച്ചു. എല്ലാം വിജനമാണ്‌. ഒരിടത്തും തീ പുകയുന്നില്ല. ശരീരത്തിൽ കടിച്ചു സുഖിക്കുന്ന ഈച്ചകളെ പട്ടി കടിച്ചുകൊറിക്കും. പിൻകാലുകളാൽ താടി കൂടെക്കൂടെ ചൊറിഞ്ഞ്‌ ഈച്ചയെ പായിക്കും.

അല്‌പനേരം സൂര്യൻ തെളിഞ്ഞു. ആ ഇളംവെയിലിൽ അവൻ കിടന്നു മയങ്ങി. മന്ദാനിലയിൽ ഇളകുന്ന വാഴയിലയുടെ ഛായ പുരപ്പുറത്തങ്ങനെ ചലിച്ചുകൊണ്ടിരുന്നു! അവൻ ചാടി എണീറ്റ്‌ ഒന്നു കുരച്ചു.

കാറുകയറി സൂര്യൻ മറഞ്ഞു. നാടെല്ലാം ഇരുണ്ടു. കാറ്റ്‌ അലകളെ ഇളക്കി. ജലപ്പരപ്പിൽക്കൂടി ജന്തുക്കളുടെ ശവശരീരങ്ങൾ ഒഴുകിപ്പോകുന്നു. ഓളത്തിൽ ഇളകി കുതിച്ചൊഴുകുന്നു. സ്വച്‌ഛന്ദം അവ എങ്ങും സഞ്ചരിക്കുന്നു; ഭയപ്പെടാതെ നടക്കുന്നു. അതിനെയെല്ലാം അവൻ കൊതിയോടെ നോക്കി. നമ്മുടെ നായ്‌ മുറുമുറുത്തു.

അങ്ങകലെ ഒരു ചെറുവളളം ദ്രുതഗതിയിൽ പോകുന്നു. അവൻ എഴുന്നേറ്റുനിന്ന്‌ വാലാട്ടി, ആ വഞ്ചിയുടെ ഗതിയെ സൂക്ഷിച്ചു. അതങ്ങു തൈക്കൂട്ടത്തിൽ മറഞ്ഞു.

മഴ ചാറിത്തുടങ്ങി. പിൻകാലുകൾ മടക്കി മുൻകാലുകൾ നിലത്തൂന്നി കുത്തിയിരുന്ന്‌, ആ നായ്‌ നാലുപാടും നോക്കി. അവന്റെ കണ്ണുകളിൽ ആരെയും കരയിക്കുന്ന നിസ്സഹായസ്‌ഥിതി പ്രതിഫലിച്ചിരുന്നു.

മഴ തോർന്നു. വടക്കേവീട്ടിൽനിന്നും ഒരു ചെറുവളളം വന്ന്‌ ഒരു തെങ്ങിൻ ചുവട്ടിൽ അടുത്തു. നമ്മുടെ നായ്‌ വാലാട്ടി കോട്ടുവാവിട്ട്‌ മുറുമുറുത്തു. വളളക്കാരൻ തെങ്ങിൽ കയറി കരിക്കടർത്തിക്കൊണ്ടു താഴത്തിറങ്ങി. അയാൾ വളളത്തിൽവച്ചു തന്നെ കരിക്കു തുളച്ചു കുടിച്ചിട്ട്‌ തുഴയെടുത്തു തുഴഞ്ഞങ്ങുപോയി.

അകലെയുളള വൃക്ഷക്കൊമ്പിൽനിന്നും ഒരു കാകൻ പറന്നുവന്ന്‌, ഒരൂക്കൻപോത്തിന്റെ അഴുകിയൊഴുകുന്ന ശരീരത്തിൽ വീണു. ചേന്നന്റെ പട്ടി കൊതിയോടെ കുരയ്‌ക്കവേ, കാക്ക ആരെയും കൂസാതെ മാംസം കൊത്തിവലിച്ചുതിന്നു. തൃപ്തിയായി; അതും പറന്നങ്ങുപോയി.

ഒരു പച്ചക്കിളി പുരയ്‌ക്കടുത്തു നില്‌ക്കുന്ന വാഴയിലയിൽ വന്നിരുന്നു ചിലച്ചു. പട്ടി, അസ്വസ്‌ഥനായി കുരച്ചു. ആ പക്ഷിയും പറന്നുപോയി.

മലവെളളത്തിൽപ്പെട്ട്‌ ഒഴുകിവരുന്ന ഒരു എറുമ്പിൻകൂട്‌ ആ പുരപ്പുറത്തടിഞ്ഞു. അവ രക്ഷപ്പെട്ടു. ഭോജ്യസാധനമെന്നു നണ്ണിയാവാം നമ്മുടെ നായ്‌ അവയ്‌ക്കുമ്മകൊടുത്തു. ചീറ്റിത്തുമ്മി അതിന്റെ മൃദുലമായ മോന്ത ചുമന്നു തടിച്ചു.

ഉച്ചത്തിരിഞ്ഞ്‌ ഒരു ചെറുവളളത്തിൽ രണ്ടുപേർ ആ വഴി വന്നു. പട്ടി നന്ദിയോടെ കുരച്ചു; വാലാട്ടി. എന്തൊക്കെയോ മനുഷ്യഭാഷയോട്‌ അടുപ്പമുളള ഭാഷയിൽ പറഞ്ഞു. അതു ജലത്തിൽ ഇറങ്ങി വളളത്തിൽ ചാടാൻ തയ്യാറായി നിന്നു. ‘തേ ഒരു പട്ടി നില്‌ക്കുന്നു’ ഒരുവൻ പറഞ്ഞു. അയാളുടെ അനുകമ്പ മനസ്സിലായെന്നപോലെ, നന്ദിസൂചകമായി അതൊന്നു മോങ്ങി, ‘അവിടിരിക്കട്ടെ’ മറ്റെയാൾ പറഞ്ഞു. എന്തോ നുണഞ്ഞിറക്കുംപോലെ, അത്‌ വായ്‌ പൊളിച്ചടച്ചു ശബ്‌ദിച്ചു; പ്രാർത്ഥിച്ചു, അതു രണ്ടുപ്രാവശ്യം ചാടാൻ ആഞ്ഞു.

വളളം അങ്ങകലെയായി. ഒന്നുകൂടെ പട്ടി മോങ്ങി. വളളക്കാരിൽ ഒരുവൻ തിരിഞ്ഞുനോക്കി.

‘അയ്യോ!’

അതു വളളക്കാരൻ വിളിച്ചതല്ല. ആ ശ്വാനന്റെ ശബ്‌ദമായിരുന്നു.

‘അയ്യോ!’

പരിക്ഷീണവും ഹൃദയസ്‌പൃക്കുമായ ആ ദീനരോദനം അങ്ങു കാറ്റിൽ ലയിച്ചു. വീണ്ടും അലകളുടെ ഒടുങ്ങാത്ത ശബ്‌ദം. ആരും പിന്നീടു തിരിഞ്ഞു നോക്കിയില്ല. ആ നിലയ്‌ക്കു പട്ടി വളളം മറയുംവരെ നിന്നു. ലോകത്തോടന്ത്യയാത്ര പറയുംപോലെ മുറുമുറുത്തുകൊണ്ടതു പുരപ്പുറത്തു കയറി. ഇനി ഒരിക്കലും മനുഷ്യനെ സ്‌നേഹിക്കുകയില്ല എന്ന്‌ അതു പറയുകയാവാം.

കുറെ പച്ചവെളളം നക്കിക്കുടിച്ചു. ആ സാധുമൃഗം മുകളിൽക്കൂടി പറന്നു പോകുന്ന പറവകളെ നോക്കി. അലകളിൽക്കൂടി ഇളകിക്കളിച്ച്‌ ഒരു നീർക്കോലി പാഞ്ഞടുത്തു. നായ്‌ ചാടി പുരപ്പുറത്തു കയറി. ചേന്നനും കുടുംബവും പുറത്തിറങ്ങിയ പഴുതിൽക്കൂടി ആ നീർക്കോലി അകത്തേക്കിഴഞ്ഞു. പട്ടി ആ ദ്വാരത്തിൽക്കൂടി അകത്തേക്കെത്തി നോക്കി. ക്രൂരനായിത്തീർന്ന അതു കുരച്ചു തുടങ്ങി. പിന്നീട്‌ നായ്‌ പിറുപിറുത്തു. ജീവഭയവും വിശപ്പും അതിൽ നിറഞ്ഞിരുന്നു. ഏതു ഭാഷക്കാരനും ഏതു ചൊവ്വാഗ്രഹവാസിക്കും ആശയം മനസ്സിലാകും. അത്ര സർവ്വവിദിതമായ ഭാഷ.

രാത്രിയായി. ഭയങ്കരമായ കൊടുങ്കാറ്റും മഴയും തുടങ്ങി. മേൽക്കൂര അലയടിയേറ്റ്‌ ആടുയുലയുന്നു. രണ്ടുപ്രാവശ്യം ആ നായ്‌ ഉരുണ്ടു താഴത്തുവീഴാൻ തുടങ്ങി. ഒരു നീണ്ട തല ജലത്തിനുമീതെ ഉയർന്നു. അതൊരു മുതലയാണ്‌. പട്ടി പ്രായണവേദനയോടെ കുരയ്‌ക്കാൻ തുടങ്ങി. അടുത്തു കോഴികൾ കൂട്ടംകരയുന്ന ശബ്‌ദം കേൾക്കായി.

‘പട്ടി എവിടെയാ കുരയ്‌ക്കുന്നേ? ഇവിടുന്ന്‌ ആൾ മാറിയില്ലേ?’ പടറ്റിവാഴയുടെ ചുവട്ടിൽ, വയ്‌ക്കോൽ, തേങ്ങ, വാഴക്കുല ഇവകൊണ്ടു നിറഞ്ഞ ഒരു വളളമെടുത്തു.

പട്ടി വളളക്കാരുടെ നേരെ തിരിഞ്ഞു കുര തുടങ്ങി. കോപിഷ്‌ഠനായി വാൽ ഉയർത്തിക്കൊണ്ടു ജലത്തിനരികെ നിന്ന്‌ കുരച്ചുതുടങ്ങി. വളളക്കാരിൽ ഒരുവൻ വാഴയിൽ കയറി.

‘കൂവേ, പട്ടി ചാടുമെന്നാ തോന്നുന്നെ!’

പട്ടി മുന്നോട്ട്‌ ഒരു ചാട്ടംചാടി. വാഴയിൽ കയറിയവൻ ഉരുണ്ടുപിടച്ചു വെളളത്തിൽ വീണു. മറ്റെയാൾ അവനെപ്പിടിച്ചു വളളത്തിൽ കയറ്റി. പട്ടി ഈ സമയംകൊണ്ടു നീന്തി പുരപ്പുറത്തെത്തി ശരീരം കുടഞ്ഞു കോപിഷ്‌ഠനായി കുര തുടർന്നു.

കളളൻമാർ കുലയെല്ലാം വെട്ടി. ‘നിനക്കു വെച്ചിരിക്കുന്നെടാ’, തൊണ്ട തകരുമാറു കുരയ്‌ക്കുന്ന പട്ടിയോടവർ പറഞ്ഞു. പിന്നീടവർ വയ്‌ക്കോൽ മുഴുവൻ വളളത്തിൽ കയറ്റി. അവസാനമായി ഒരുവൻ പുരപ്പുറത്തേക്കു കയറി. അവന്റെ കാലിൽ പട്ടി കടിയുംകൂടി. ഒരു വാ നിറയെ മാംസം ആ പട്ടിക്കു കിട്ടി. അയാൾ അയ്യോ! എന്നു കരഞ്ഞുകൊണ്ടു ചാടി വളളത്തിൽക്കയറി. വളളത്തിൽ നിന്ന ആൾ കഴുക്കോലുവച്ചു പട്ടിയുടെ പളളയ്‌ക്കൊരടിയടിച്ചു. ‘മ്യാവൂ, മ്യാവൂ! മ്യാവൂ!’ സ്വരം ക്രമേണ താണു വെറും അശക്തമായ മൂളലിൽ പര്യവസാനിച്ചു. പട്ടികടിയേറ്റയാൾ വളളത്തിൽക്കിടന്നു കരഞ്ഞു ‘മിണ്ടാതിരിയെടാ. വല്ലോരും-’ എന്നു മറ്റെയാൾ സമാധാനം പറഞ്ഞു. അവർ അങ്ങുപോയി.

ഒട്ടധികനേരം കഴിഞ്ഞു പട്ടി വളളംപോയ സ്‌ഥലംനോക്കി ഉഗ്രമായി കുരച്ചു.

പാതിരയോടടുത്തു. ഒരു വലിയ ചത്ത പശു ഒഴുകിവന്നു പുരയിൽ അടിഞ്ഞു. പട്ടി മകളെടുപ്പിൽനിന്ന്‌ അതുനോക്കി നില്‌ക്കയാണ്‌. താഴത്തേക്കിറങ്ങിയില്ല. ആ ശവശരീരം മന്ദം മന്ദം മാറുന്നു. പട്ടി മുറുമുറുത്തു. ഓല മാന്തിക്കീറി, വാലാട്ടി, പിടികിട്ടാത്തമട്ടിൽ അല്‌പം അകലാൻ അതു തുടങ്ങവേ, പതുക്കെപ്പതുക്കെ പട്ടി താഴേക്കിറങ്ങി കടിയിട്ടു വലിച്ചടുപ്പിച്ചു തൃപ്‌തിയോടെ തിന്നുതുടങ്ങി. കൊടിയ വിശപ്പിനു വേണ്ടുവോളം ആഹാരം!

‘ഠേ’ ഒരടി! പട്ടിയെ കാൺമാനില്ല. ഒന്നു കുതിച്ചുതാണിട്ടു പശു അങ്ങകന്ന്‌ ഒഴുകിപ്പോയി.

അപ്പോൾമുതൽ കൊടുങ്കാറ്റിന്റലർച്ചയും തവളകളുടെ തുടിപ്പും അലയുടെ ശബ്‌ദവും അല്ലാതൊന്നും കേൾപ്പാനില്ല. അവിടെമൊക്കെ നിശ്ശബ്‌ദം. ഹൃദയമുളള വീട്ടുകാവൽക്കാരൻ പട്ടിയുടെ നിസ്സഹായസ്‌ഥിതി വെളിപ്പെടുന്ന മോങ്ങൽ പിന്നീട്‌ കേട്ടിട്ടില്ല! അഴുകിച്ചീഞ്ഞ ശവശരീരങ്ങൾ ആ ജലപ്പരപ്പിൽ അവിടവിടെ ഒഴുകിപ്പോയി. കാക്ക ചിലതിലിരുന്നു കൊത്തിത്തിന്നുന്നുമുണ്ട്‌. അതിന്റെ സ്വൈരതയെ ഒരു ശബ്‌ദവും ഭഞ്ഞ്‌ജിച്ചില്ല! കളളൻമാർക്കും അവരുടെ വൃത്തിക്കും വിഘാതമുണ്ടായില്ല! എല്ലാം ശൂന്യം.

അല്‌പസമയം കഴിഞ്ഞപ്പോൾ ആ കുടിൽ നിലത്തുവീണു; വെളളത്തിലാണ്ടു. അനന്തമായ ആ ജലപ്പരപ്പിൽ ഒന്നും ഉയർന്നുകാൺമാനില്ല. യജമാനന്റെ ഗൃഹത്തെ മരണംവരെ ആ സ്വാമിഭക്തിയുളള മൃഗം കാത്തു. അവൻ പോയി. അവനുവേണ്ടിയെന്നോണം ആ കുടിൽ അവനെ മുതല പിടിക്കുന്നതുവരെ ജലത്തിനുമീതെ ഉയർന്നുനിന്നു. അതു താണു, പൂർണ്ണമായി ജലത്തിൽ താണു.

വെളളമിറക്കം തുടങ്ങി. ചേന്നൻ നീന്തിത്തുടിച്ച്‌ പട്ടിയെ അന്വേഷിച്ചു കൊട്ടിലിലേക്കു വരുകയാണ്‌. ഒരു തെങ്ങിൻചുവട്ടിൽ പട്ടിയുടെ ശവശരീരം അടിഞ്ഞുകിടക്കുന്നു. ഓളങ്ങൾ അതിനെ മെല്ലെ ചലിപ്പിക്കുന്നുണ്ട്‌. പെരുവിരൽ കൊണ്ട്‌ ചേന്നൻ അതിനെ തിരിച്ചും മറിച്ചും ഇട്ടുനോക്കി. അതവന്റെ പട്ടിയാണെന്നു സംശയം തോന്നി. ഒരു ചെവി മുറിഞ്ഞിരിക്കുന്നു. തൊലി അഴുകിപ്പോയിരുന്നതിനാൽ നിറം എന്തെന്നറിഞ്ഞുകൂടാ.

തകഴി ശിവശങ്കരപ്പിളള




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.