പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

ശാപം കിട്ടിയ പെൺപൂവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുധാ ബാലചന്ദ്രൻ

വായനയുടെ ലോകം

അഥ കേന പ്രയുക്തോയം

പാപം ചരതി പൂരുഷ

അനിഛന്നപി വാർഷ്‌ണേയ

ബലാദിവ നിയോജിത.

ഭഗവദ്‌ ഗീതയിൽ അർജ്ജുനൻ ശ്രീകൃഷ്‌ണഭഗവാനോടു ചോദിക്കുന്ന ഈ ചോദ്യത്തിൽ മനുഷ്യരാശിയുടെ അത്യന്തികമായ ഒരു ജീവിത പ്രശ്‌നമുൾചേർന്നിരിപ്പുണ്ട്‌. മനുഷ്യൻ താനിച്ഛിക്കുന്നില്ലെങ്കിൽപ്പോലും ബലാൽക്കാരമായി നിയോഗിക്കപ്പെട്ടപോലെ പാപം ചെയ്യുന്നതെന്തുകൊണ്ടാണ്‌ എന്നാണു ചോദ്യം.

പ്രസിദ്ധ ചെറുകഥാകൃത്തും നോവലിസ്‌റ്റുമായ സേതുവിന്റെ രചനകളിൽ വിധിയുടെ നിയോഗത്താൽ അനിച്ഛാപൂർവ്വകമായി ദുരന്തങ്ങളിലേയ്‌ക്ക്‌ നടന്നുനീങ്ങുന്ന കഥാപാത്രങ്ങളെ കാണാം. വിധിനിയോഗങ്ങളുടെ അനന്തസമസ്യകളും അഗാധനിഗൂഢതകളും എന്നും സേതുവെന്ന എഴുത്തുകാരനെ വിഭ്രമിപ്പിക്കുന്നു. വിധിയുടെ അനിവാര്യത പ്രതിരോധങ്ങളില്ലാതെ ഏറ്റുവാങ്ങുകയോ വിധിയുടെ ക്രൂരദുരന്തത്തിലേയ്‌ക്ക്‌ സ്വയം നടന്നുനീങ്ങുകയോ ചെയ്യുന്ന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്‌. സ്‌നേഹവാത്സല്യങ്ങളും സമ്പത്തും സുഖസൗകര്യങ്ങളും വേണ്ടത്രയുള്ള സുരക്ഷിതമായ കുടുംബാന്തരീക്ഷത്തിൽ സന്തോഷത്തോടെ കഴിയുകയായിരുന്നിട്ടും അനാഥത്വത്തിന്റെ ദൈന്യതകളിലേയ്‌ക്ക്‌ തിരിച്ചുനടന്ന കാദംബരിയുടെ കഥയാണ്‌ സേതു ‘ആറാമത്തെ പെൺകുട്ടി’ (DC books, 2nd edition March 2007, 65രൂപ) എന്ന നോവലിലൂടെ പറഞ്ഞുവെയ്‌ക്കുന്നത്‌.

ശക്തിയുടെയും പൗരുഷത്തിന്റെയും തന്റേടത്തിന്റെയും മൂർത്തീകരണം പോലെ കാണപ്പെടുന്ന സ്‌ത്രീപുരുഷന്മാർ പോലും ഒടുവിൽ വിധിയുടെ മുന്നിൽ കീഴടങ്ങുന്ന കാഴ്‌ച കാട്ടി വായനക്കാരെ പലപ്പോഴും ഞെട്ടിച്ചിട്ടുള്ള സേതു പരിചയപ്പെടുത്തുന്ന കാദംബരിയും അത്തരമൊരു കഥാപാത്രം തന്നെ. തന്റെ കുലവും ഗോത്രവുമേതെന്നും സ്വന്തം രക്തത്തിന്റെ ശുദ്ധിയെന്തെന്നുമുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരമറിയാതെ ഇറങ്ങിപ്പുറപ്പെടുമ്പോഴും അനാഥത്വത്തിന്റെ ക്രൂരതയിൽ ചെന്നൊടുങ്ങുമ്പോഴും അവൾ അതേ ശക്തി പ്രകടിപ്പിക്കുന്നു.

പൂക്കടക്കാരൻ അനന്തരാമന്റെ മകൻ ശങ്കരരാമനെന്ന പൂക്കടക്കാരന്റെയും ഗോമതിയുടെയും അനപത്യദാമ്പത്യത്തിലേയ്‌ക്ക്‌ ഒരു പുലർച്ചയ്‌ക്ക്‌ ഇഴഞ്ഞുകയറിയ നാലുവയസ്സുകാരി പെൺകുട്ടി ഒടുവിലവരുടെ വംശവൃക്ഷപ്പൊടിപ്പായ പൊൻമകളായി. കരുമാരിയമ്മൻകോവിലിലെ ഉത്സവപ്പറമ്പിൽ കൂട്ടം പിരിഞ്ഞുവന്ന ആ കുട്ടി ആലിൻചുവട്ടിൽ ജവുക്കാളം വിരിച്ച്‌ ഉറങ്ങാൻ കിടന്ന ശങ്കരരാമന്റെയും ഭാര്യയുടെയും ഇടയിലേയ്‌ക്ക്‌ ഇഴഞ്ഞു കയറുന്ന ദൃശ്യം അവസ്‌മരണീയമായ രീതിയിലാണ്‌ സേതു വർണ്ണിക്കുന്നത്‌. ജടപിടിച്ച വട്ടത്തലക്ക്‌ താഴെ നനഞ്ഞു കുതിർന്ന കരിയും ചെളിയും പുരണ്ട ഒരു കൊച്ചുമുഖം, അല്‌പം കനിവിനായി കെഞ്ചുന്ന, കുണ്ടിൽ പോയ കണ്ണുകളിൽ പ്രത്യാശയുടെ തിളക്കം.

ഒരു നിമിഷം അയാളുടെ ഉള്ളിലെന്തോ മിന്നി. എവിടെയോ കണ്ടു മറന്നതുപോലെ ദശാന്തരങ്ങളുടെ ഏതോ കോണിൽ, ജീവൻ തുടിക്കുന്ന ഒരു ബിന്ദുവായി, കാറ്റുവീണ മണൽപ്പരപ്പിലെ പാതിയും മായാത്ത കാൽപ്പാടുകളായി, പരിചിതമായ ഏതോ വിരലനക്കങ്ങളായി......“

വളെരെ നാളുകളോളം അവളെ അംഗീകരിയ്‌ക്കാൻ കൂട്ടാക്കാതെ മുഖം തിരിച്ചു നടന്ന ഗോമതി ഒരു കടുത്ത ജ്വരത്തിൽ കാദംബരി പനിച്ചുകിടന്ന വേളയിലാണ്‌ അവളിലേയ്‌ക്കടുത്തത്‌. (മൂന്നു തവണ തളർത്തിട്ടും കാലമെത്താതെ വയറൊഴിഞ്ഞുപോയവളാണ്‌ ഗോമതി). പിന്നീടൊരിക്കലും ഗോമതിയുടെ മനസ്സിന്റെ പൊൻതൊട്ടിലിൽ കാദംബരി ആട്ടം നിർത്തിയിട്ടില്ല. അമ്മയുടെയും മകളുടെയും മുമ്പിൽ മുമ്പുകാണാത്ത പുതിയൊരു ലോകം പൂത്തുലഞ്ഞുനിന്നു. സന്തതിക്കായി നേർന്ന നേർച്ചകൾ നിവർത്തിക്കാൻ കോവിലുകളിൽ നിന്ന്‌ കോവിലുകളിലേയ്‌ക്ക്‌ അവർ യാത്രയായി. കാദംബരിയെ അകലെയുള്ള കന്യാസ്‌ത്രീകളുടെ സ്‌കൂളിലയച്ചു പഠിപ്പിച്ചു. അവൾ മിടുമിടുക്കിയായി വളർന്നു. നൃത്തവും സംഗീതവും പഠിച്ചു. (പക്ഷേ അവളെ പഠിപ്പിക്കാൻ വന്നവരൊക്കെ അവളുടെ സൗന്ദര്യത്തിൽ മയങ്ങി ഗുരുത്വം മറന്നപ്പോൾ അവളവരെ പറഞ്ഞുവിട്ടു. അയ്യാശാസ്‌ത്രികളുടെ പെണ്മക്കളെപ്പോലെ അവളും ഡോക്ടറമ്മയാകണമെന്നായിരുന്നു ശങ്കരരാമന്റെ മോഹം. പക്ഷേ പന്ത്രണ്ടാം ക്ലാസിൽ വച്ച്‌ വേദനായകം സാറിന്റെ ചുംബനം ഏൽക്കേണ്ടിവന്നതോടെ (”ഇങ്ങനെയൊരു ബന്ധമായിരുന്നോ നിങ്ങൾക്കൊക്കെ എന്നോടുണ്ടായിരുന്നത്‌?..... അപ്പോൾ ഇത്രയൊക്കെയേ ഉള്ളൂ, അല്ലേ? ഈ ആണെന്നു പറയുന്നത്‌ തുളച്ചുകയറുന്ന ഒരു നോട്ടമാകുന്നു. പിന്നെ ഓർക്കാപ്പുറത്ത്‌ തോളത്തുവന്നു വീഴുന്ന ചൂടുള്ള കൈപ്പത്തി, വിറകൊള്ളുന്ന ചുണ്ടുകൾ, സെന്റിന്റെ, പുകയിലയുടെ തീക്ഷ്‌ണമായ ഗന്ധം..... കവിളിലുരസുന്ന കൂർത്ത കുറ്റിരോമങ്ങൾ, അമർത്തി കീഴ്‌പെടുത്തുന്ന ചുണ്ടുകൾ“) കാദംബരി സ്‌കൂളിൽ പോകുന്നില്ലെന്ന്‌ പ്രഖ്യാപിച്ചു. ഗോമതിയുടെ കടുത്ത വിലാപത്തിന്റെ മുന്നിലാണവൾ വഴങ്ങാമെന്നു വച്ചത്‌. പക്ഷേ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷയിലവൾക്ക്‌ കന്യാസ്‌ത്രീകൾ പ്രതീക്ഷിച്ച റാങ്കൊന്നും കിട്ടിയില്ല. ഒരൊന്നാം ക്ലാസ്‌ മാത്രം.

ചരിത്രം പറഞ്ഞുതന്ന വേദനായകം സാറിന്‌ ചരിത്രമേയില്ലാത്ത ഒരു പാവം ശിഷ്യയുടെ എളിയ ദക്ഷിണയായിരുന്നു അത്‌.

ഏതായാലും ആ റിസൽറ്റോടെയായിരുന്നു കാദംബരിയുടെ ജീവിതത്തിൽ വേറിട്ട ഒരു വഴിത്തിരിവുണ്ടായത്‌. ” ഡോക്‌ടർഭാഗം പഠിക്കാൻ വെച്ച കുട്ടിയുടെ മാർക്ക്‌ഷീറ്റ്‌ കണ്ടാശ്വസിച്ച ശാസ്‌ത്രികൾ ശങ്കരരാമന്റെ തലയിൽ ഊര്‌, പേര്‌, കുലം, ഗോത്രം എന്നിവയുടെ അർത്ഥത്തെക്കുറിച്ചും കുലമഹിമ എന്ന സങ്കല്‌പത്തിന്റെ കാലത്തെക്കുറിച്ചുമൊക്കെ അന്തമില്ലാത്ത ചിന്തകൾ കുത്തിക്കയറ്റിവിട്ടു. അയ്യാശാസ്‌ത്രികളുടെ മകൾ വസുന്ധരാമ്മയാകട്ടെ കാദംബരിയുടെ ..... സിരകളിലുള്ള ചോരയുടെ അശുദ്ധിയെക്കുറിച്ച്‌ ഭീഷണമായ മുന്നറിയിപ്പ്‌ നൽകുകയായി. ആകെ കുഴഞ്ഞുമറിഞ്ഞ മനസ്സുമായി ഭ്രാന്തമായ ചിന്തകളിലേയ്‌ക്ക്‌ ആശങ്കകളിലേയ്‌ക്കും ശങ്കരരാമൻ നിലതെറ്റി വീണു. അയാൾക്ക്‌ കാദംബരി മറ്റാരോ ആയി മാറി. ഒരു മഹാവിസ്‌മയമായി. അവളുടെ ശബ്‌ദം പേരറിയാത്ത ഏതൊക്കെയോ വംശപരമ്പരകളിലെ ഒട്ടേറെ സ്‌ത്രീശബ്‌ദങ്ങളുടെ ഒന്നിച്ചുചേരലായി. പിന്നെ കാദംബരി കണ്ടത്‌ മറ്റൊരു ശങ്കരരാമനെയാണ്‌ “ തൂണിന്റെ പുറകിൽ നിന്ന്‌ ഒളിഞ്ഞുനോക്കുന്ന ശങ്കരരാമൻ. കിടപ്പുമുറിയുടെ കതകിനു പിറകിൽ ചിലപ്പോൾ പുതിയൊരു നിഴൽ, പരിചിതമല്ലാത്തൊരു കാലനക്കം. പുസ്‌തകവും വായിച്ചുകൊണ്ട്‌ മുറ്റത്തു കൂടെ നടക്കുമ്പോൾ, വേഷം മാറുമ്പോൾ, പടിഞ്ഞാറേ ഇറയത്ത്‌ കൂട്ടുകാരികളോടൊപ്പം കൊത്തങ്കല്ലാടുമ്പോൾ, സന്ധ്യാവന്ദനത്തിരിക്കുമ്പോൾ, ഒക്കെ തനിക്കു ചുറ്റുമായി ഒരുപാട്‌ കണ്ണുകളുള്ളതുപോലെ”.

ശങ്കരരാമന്‌ ഒന്നിലും ശ്രദ്ധയില്ലാതായി. അയാൾ പൂക്കടയിൽ പോകാതെയായി. കടയിൽ ബിസിനസ്സില്ലാതെയായി. അതോടെ അയാളുടെ വീടിന്റെ ചായ്‌പിൽ പൂപ്പണിക്കായി നിത്യവും വരാറുണ്ടായിരുന്ന 5 പെൺകുട്ടികളുടെ കാര്യവും പരുങ്ങലിലായി. ഏതോ അനാഥാലയത്തിൽ നിന്ന്‌ കുതിരവണ്ടിയിൽ കൊണ്ടുവന്നാക്കുന്ന വികലാംഗരായ ആ പെൺകുട്ടികൾക്ക്‌ ശങ്കരരാമൻ പൂക്കളുടെ പേരാണ്‌ നൽകിയിരുന്നത്‌. റോജാ, ചെന്താമരൈ, കനകാംബരം, മല്ലികൈ, ചെമ്പകം. അന്നേ അവരുടെയൊപ്പം ചായ്‌പിൽ ചെന്നിരിക്കുമ്പോൾ കാദംബരി ഓർക്കാറുണ്ടായിരുന്നു. “സത്യത്തിൽ ഇവരും ഞാനും തമ്മിലെന്തു വ്യത്യാസം? ഈ കൂട്ടത്തിൽ ഒരു ആറാമത്തെ പെൺകുട്ടിയായി ഇരിക്കേണ്ടവളല്ലേ ഞാനും?”

ശങ്കരരാമൻ കട മറ്റാരെങ്കിലും നടത്തട്ടെ എന്നു പ്രഖ്യാപിച്ചതോടെ ആ അഞ്ചു പെൺകുട്ടികളും വിടപറഞ്ഞു. വൈകാതെ എല്ലാമവസാനിപ്പിക്കുന്ന ആ ഭീകരാനുഭവവുമുണ്ടായി. ഒരു വേവുന്ന പകലിന്റെ ചൂടു സഹിക്കാനാവാതെ വൈകുന്നേരം കാദംബരി കുളിക്കുമ്പോൾ കുളിമുറിയുടെ പിൻവശത്തുള്ള പലകകളുടെ വിടവിലൂടെ അവൾ 2 കണ്ണുകൾ കണ്ടു. കരഞ്ഞുനിലവിളിച്ചോടിവന്ന കാദംബരിക്ക്‌ തന്നെ കെട്ടിപ്പിടിച്ച അമ്മയോട്‌ ഒന്നും പറയാനായില്ല. അടുത്ത മൂന്നുദിവസങ്ങളിലും കാദബരി ഒന്നു മുരിയാടാതെ നടന്നു. പിന്നീട്‌ ഒരു ദിവസം മുഴുവൻ ഉണ്ണാതെ ഉറങ്ങാതെ സ്വന്തം മുറിയ്‌ക്കകത്തുതന്നെ അവളങ്ങനെ കണ്ണടച്ച്‌ ചമ്രം പടിഞ്ഞ്‌, ഇരുന്നു. പിറ്റേന്ന്‌ കാദബരിയെ കാണാതായി. ദൂരെയൊരു ദേശത്ത്‌ മറ്റൊരു പൂക്കടക്കാരന്റെ ചായിപ്പിൽ ആറാമത്തെ പെൺകുട്ടിയായി അവൾ മാറി എന്നറിയിക്കുന്ന കുറിമാനം ഒരുനാൾ ശങ്കരരാമനെ തേടിയെത്തി.

യുക്തിയുടെ ചിട്ടവട്ടങ്ങൾക്കൊത്തു ചിന്തിച്ചാൽ കുറെയൊക്കെ നിരർത്ഥകവും ബാലിശവുമെന്നു തോന്നാവുന്ന ഒരു കഥ വിചിത്രമായ ജീവിതസമസ്യകളെ അപഗ്രഥിക്കുന്ന അവതരണരീതിയുപയോഗിച്ചു പറഞ്ഞുവെയ്‌ക്കുമ്പോൾ സേതുവെന്ന കഥാകാരന്റെ തൂലികയുടെ മൂർച്ചയും ശക്തിയും വെളിപ്പെടുന്നു. രക്തത്തിന്റെ ശുദ്ധിയും കുലമഹിമയും പാരമ്പര്യവും എന്നും മനുഷ്യരാശിയെ വിഭ്രമിച്ചിട്ടുള്ള ആശയങ്ങളാണ്‌. മിക്കവാറും സങ്കല്പത്തിൽ മാത്രം നിലനില്പുള്ള ആശയങ്ങൾ. അനന്തരാമന്റെ മകൻ ശങ്കരരാമനെ കുഴക്കിമറിച്ച സങ്കീർണ്ണപ്രശ്‌നമായി ‘രക്തത്തിന്റെ ശുദ്ധി’ അവതരിപ്പിച്ചപ്പോഴാണ്‌ അയാളുടെയും ഗോമതിയുടെയും കാദംബരിയുടെയും ജീവിതങ്ങൾ തകിടം മറിയുന്നത്‌. കാദംബരിയുടെ ഉള്ളിൽ ആ ചോദ്യങ്ങൾ എന്നുമുണ്ടായിരുന്നു എന്നു നോവലിസ്‌റ്റ്‌ പറയുന്നുണ്ട്‌. പക്ഷേ ‘കവലൈ ഇല്ലാതെ മനിതനായ ശങ്കരരാമൻ തികച്ചും സ്വാഭാവികമായി ഉത്സവപ്പറമ്പിൽ കണ്ടെത്തിയ അനാഥക്കുട്ടിയെ മനസ്സിലേറ്റു വാങ്ങിയതായിരുന്നു; ജീവിതത്തലേക്കെറ്റെടുത്തതായിരുന്നു; ദൈവം തന്ന നിധിയായി കണക്കാക്കിയതായിരുന്നു. അങ്ങിനെയുള്ള ആ മനുഷ്യൻ അസൂയാലുക്കളായ ശാസ്‌ത്രിയും മച്ചിയായ മകളും പറഞ്ഞതുകേട്ട്‌ ഇതിനെ ഉള്ളുലഞ്ഞ്‌ ഉന്മാദിയായിപ്പോയതിൽ അല്‌പം അവിശ്വസനീയത അനുഭവപ്പെടുന്നുണ്ട്‌. നീലചുരി​‍്‌ദാറണിഞ്ഞ മകളെ ചുവപ്പുചേലയുടുത്തവളായി, ഇല്ലാത്ത ചുവപ്പുകല്ലുമൂക്കുത്തിയിട്ടവളായി അയാൾ കാണുന്നതായി അവതരിപ്പിക്കുമ്പോൾ ശങ്കരരാമന്റെ മനസ്സിന്റെ താളംതെറ്റൽ കാട്ടിത്തരാനാണ്‌ എഴുത്തുകാരൻ ശ്രമിക്കുന്നത്‌. പക്ഷേ എപ്പോഴാണ്‌ ആ അച്ഛന്റെ മനസ്സ്‌ അച്ഛാന്റേതല്ലാതായത്‌ ? അച്ഛൻ മകളുടെ ശരീരത്തിന്റെ നഗ്നതയിൽ ശ്രദ്ധിച്ചിട്ടേയില്ല, അവളുടെ ജന്മരഹസ്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആ ഒളിഞ്ഞുനോട്ടം മകളുടെ സ്‌നാനഗൃഹത്തിലേയ്‌ക്കായിപ്പോയി എന്നേയുള്ളോ?

ഒരു തമിഴ്‌നാടൻ പട്ടണത്തിന്റെ പശ്ചാത്തലത്തിൽ ഒരു പൂക്കടക്കാരന്റെ കുടുംബത്തിന്റെ ചിത്രം വരച്ചുകാട്ടുമ്പോൾ സേതു തമിഴ്‌ഭാഷയിലെ സ്വാദുറ്റ വാക്കുകളും ശൈലികളും ഇഴുകിച്ചേർന്ന ഭാഷയാണുപയോഗിക്കുന്നത്‌. ആറാമത്തെ പെൺകുട്ടിയെന്ന ഈ നോവലിന്റെ ഒരു വലിയ സവിശേഷതയായി ചൂണ്ടിക്കാട്ടാവുന്നത്‌ ചെന്തമിഴിന്റെ സൗന്ദര്യം ആഴത്തിലുൾക്കൊണ്ട ഒരാൾക്കുമാത്രം വിധേയമാവുന്ന ഈ ഭാഷാശൈലിയാണ്‌.

തമിഴത്തം മുറ്റിനിൽക്കുന്ന കഥാപാത്രങ്ങളുടെ രചനയിൽ വെളിപ്പെടുത്തുന്നത്‌ അസാമാന്യമായ സൃഷ്‌ടിവൈഭവമാണ്‌. ഭർത്താവ്‌ അപകടത്തിൽ മരിച്ചപ്പോൾ അയാളുടെ ജോലി ലഭിച്ചെങ്കിലും താൻ ചെന്നെത്തുന്ന ഓരോ പോസ്‌റ്റോഫീസിലും തപാലുരുപ്പടികൾ കുറഞ്ഞു വരികയാൽ സ്‌ഥലം മാറ്റം കിട്ടിക്കൊണ്ടേയിരിക്കുന്ന പവിഴത്തിന്റെയമ്മ, ഇടംകണ്ണ്‌ പൂച്ചയുടെയും വലംകണ്ണ്‌ കാക്കയുടെയുമായ നട്ടുവൻ ശിവമണി, കാറ്റിൽ മുടി പറത്തി 17 നാഴികയകലെ നിന്ന്‌ സ്‌കൂട്ടറോഡിവരുന്ന പൊന്നപ്പൻ ഭാഗവതർ, കറുകറുത്ത കണ്ണുകളും വെളുവെളുത്ത പല്ലുകളും ഒരുപാടാഴമുള്ള കണ്ണുകളിൽ പോയ യുഗങ്ങളുടെ വിഷാദവും കല്ല്യാണപ്പരിശിലെ ജമിനിയുടെ കട്ടുമുള്ള ചരിത്രാധ്യാപകൻ വേദനായകം, കൊഞ്ചാപ്പഴവും പനഞ്ചക്കരയും കൊണ്ടുവരാറുളള അലമേലുപ്പാട്ടി, വെള്ളക്കൊക്കിന്റെ നിറമുള്ള കുശുമ്പികളായ വസുന്ധരാമ്മയും യശോധരാമ്മയും, കരിങ്കണ്ണും കറുത്ത നോട്ടവുമുള്ള അയ്യാശാസ്‌ത്രികൾ, കടും നിറത്തിലുള്ള മുന്തിയ സിൽക്കുകുപ്പായവും കസവുവേഷ്‌ടിയും തീക്ഷണസുഗന്ധവുമായി വരുന്ന സുന്ദരം, ഇങ്ങനെ പോകുന്നു ആറാമത്തെ പെൺകുട്ടിയിലൂടെ കടന്നുപോകുന്ന പ്രധാന കഥാപാത്രങ്ങൾ, ഇക്കൂട്ടത്തിൽ പെടാതെ തിളക്കമാർന്നു നിൽക്കുന്ന ഒരു വ്യക്തിയുണ്ട്‌ പവിഴം. കാദംബരി ഒമ്പതാം ക്ലാസിലെത്തിയപ്പോൾ കോവൈയിൽ നിന്നു സ്‌ഥലം മാറിവന്ന തെറിച്ച പെണ്ണ്‌. ആരെയും കൂട്ടാക്കാത്ത പ്രകൃതം. രണ്ടുകൈയും ആഞ്ഞു വീശി ആൺകുട്ടിയെപ്പോലെ നടക്കുന്ന അവൾക്ക്‌ ആൺകുരലാണ്‌. നന്നായി ഇംഗ്ലീഷ്‌ പറയാനറിയാം എന്നതാണ്‌ (വിദ്യാഭ്യാസയോഗ്യത. മറ്റു വിഷയങ്ങൾക്ക്‌ ശരാശരിയിൽ താഴെയായ പവിഴം പതിമൂന്നര മിനിറ്റു നേരത്തെ മാർക്കാന്റണി പ്രസംഗം കൊണ്ട്‌ ഹെഡ്‌മിസ്‌ട്രസ്സിനെ വീഴ്‌ത്തിയാണ്‌ ആ സ്‌കൂളിൽ പ്രവേശനം നേടിയത്‌. സെൽവൻ മാഷിന്റെ അഭിപ്രായത്തിൽ അവളുടെ തലയിൽ നല്ല സൂപ്പർ ക്വാളിറ്റി ബ്രിട്ട്രീഷ്‌, ക്ലേയാണ്‌. സൈബർ കഫേയെ കൊഞ്ചൽ കഫേയാക്കുന്ന പവിഴത്തിനു ചുറ്റും എപ്പോഴും കുട്ടികളുടെ ഒരു കൂട്ടുമുണ്ടാവും. കാദംബരിയുടെ ഉള്ളിലേയക്ക്‌ ചുഴിഞ്ഞിറങ്ങാൻ കഴിവുള്ള ഉറ്റ സുഹൃത്തായിരുന്നു അവൾ. പക്ഷേ അവളുടെയുള്ളിൽ ഒരു കാമുകൻ ഒളിഞ്ഞിരുന്നു അമ്മയ്‌ക്ക്‌ വീണ്ടും സ്‌ഥലം മാറ്റമായി പോകുന്നയവസരത്തിൽ യാത്രപറയാൻ വന്ന പവിഴം ഒരു കരച്ചിലിന്റെ (“ആൺ കുരലിൽ അസുഖകരമായ ഏങ്ങലടി”) ഒടുവിൽ കാദംബരിയെ കെട്ടിപ്പിടിച്ച്‌ വരിഞ്ഞുമുറുക്കി ചുംബിച്ചു. ആ ചുംബനപരമ്പരയുടെ അന്ത്യത്തിൽ പവിഴത്തിന്റെ കവിളത്ത്‌ കാദംബരിയുടെ കൈപ്പത്തി ആഞ്ഞു പതിച്ചു. അങ്ങനെ അവിടെ ഒരു സൗഹൃദം അടിതെറ്റിനിലപതിച്ചു.

ആകെയുള്ള സുഹൃത്തായ പവിഴത്തിന്റെ പരിപൂർണ്ണമായ നഷ്‌ടപ്പെടലും ബഹുമാനിച്ച അദ്ധ്യാപകന്റെ കാമാസക്തി പുരണ്ട പെരുമാറ്റവും കാദംബരിക്കു നൽകിയ ആഘാതത്തിന്റെ അന്ത്യത്തിലാണ്‌ പോറ്റച്‌ഛന്റെ ഭാവമാറ്റവും വന്നുചേരുന്നത്‌.

കഥയുടെ നിർണ്ണായകഘട്ടങ്ങളിൽ പലപ്പോഴും വവ്വാലുകളുടെ സംഘം ചിറകടിച്ചു പറന്നെത്തുന്ന കാഴ്‌ച എഴുത്തുകാരൻ വർണ്ണിക്കുന്നത്‌ പരഭാഗശോഭപകരുന്നു.

ഒരു പൂക്കടക്കാരന്റെ വീട്ടിൽ ജനിച്ചുവളർന്നൊരാൾക്കുപോലും കഴിയാത്തത്ര വ്യക്തതയോടെയും ഉൾക്കാഴ്‌ചയോടെയുമാണ്‌ ശങ്കരരാമന്റെയും അച്ഛന്റെയും പൂ വിറ്റു കൊണ്ടുള്ള ജീവിതം സേതു അവതരിപ്പിക്കുന്നത്‌.

പൂക്കളെക്കാൾ നേർമ്മയുള്ളതായിരിക്കും പൂക്കാരന്റെ മനസ്സ്‌ എന്നു വിശ്വസിക്കുന്നു ശങ്കരരാമൻ. പൂക്കളുടെ നൈർമ്മല്യം കച്ചവടം ചെയ്യുന്നവരെ പൂക്കൾ ശപിക്കുമെന്നും അത്‌ കുലത്തെയും പരമ്പയേയും വെന്തു വെണ്ണീറാക്കുമെന്നും ഉള്ളിൽ ഭയക്കുന്ന ഗോമതി. അവളുടെ ശൂരനായ അനന്തരാമനാകട്ടെ ഓരോ പൂവിലും ദൈവസാന്നിദ്ധ്യമുണ്ടെന്നും കൂട്ടത്തിൽ ദേവലോകത്തെ പൂന്തോട്ടങ്ങളിൽ നിന്ന്‌ ശാപം കിട്ടി മണ്ണിലേക്കിറങ്ങി വന്ന അപൂർവ്വമായ ചില പൂച്ചെടികളുടെമുണ്ടെന്നും വിശ്വസിച്ചു. അത്തരം ശാപം കിട്ടിയ ഒരു പൂവിനെ നേരിട്ടുകണ്ട്‌ അയാൾ 15 ദിവസം പനിച്ചുകിടന്നു.

ശാപം കിട്ടിയ ദേവലോകപുഷ്‌പത്തിന്റേതു പോലുള്ള അപൂർവ്വദൃശ്യങ്ങൾ വായക്കാരനെ ഏതോ മാന്ത്രിക ലോകത്തിലേയ്‌ക്കിയർത്തുമാറ്‌ വർണ്ണിക്കാൻ സേതുവിനു കഴിയുന്നു. പൂപ്പണിക്കാരി മംഗളത്തിന്റെ അമ്മ അഞ്ചുനിലകെട്ടിടത്തിന്റെ മുകളിൽ നിന്ന്‌ ഒരു ആകാശപ്പറവയായി വീണു മരിക്കുന്ന ദൃശ്യം മറ്റൊരുദാഹരണം.

“കുന്നിൽ പള്ളങ്ങളിൽ, വയൽവരമ്പുകളിൽ, വേലിയിറമ്പുകളിൽ വളരുന്ന പൂക്കളെ ഇറുത്തു കൂട്ടി, കൂടകളിലാക്കി, നാടു കടത്തി, തീവണ്ടി കയറ്റി, ഇവിടെയെത്തിക്കുമ്പോൾ അവ എത്രയോ സങ്കടപ്പെടുന്നുണ്ടാകും. പിന്നീടവയുടെ നെഞ്ചിലൂടെ കരുണയില്ലാത്ത നാരുകളും നൂലുകളും കോർത്തു കോർത്ത്‌......... പാപം, മഹാപാപം” എന്നൊരിക്കൽ ഗോമതി സങ്കടപ്പെടുന്നുണ്ട്‌. പ്രകൃതിയുടെ കനിവിൽ വളരുന്ന ഊരും പേരും ഗോത്രവുമില്ലാത്ത ആ കാട്ടുപൂക്കളിലൊന്നാവാൻ തന്നെയാണ്‌ ആ അമ്മ ഓമനിച്ചുവളർത്തിയ കാദംബരി പോയത്‌. ആറാമത്തെ പെൺപൂവാകാൻ. ആ കഥ അതിനു പറ്റിയ പശ്ചാത്തലമൊരുക്കി, അതിനു പറ്റിയ ചെന്തമിഴ്‌ഭംഗി തുളുമ്പുന്ന ഭാഷയിൽ പറഞ്ഞുവെച്ച സേതുവിന്‌ ജീവിതത്തിന്റെ യുക്തിഭദ്രതയില്ലായ്‌മയെക്കുറിച്ച്‌ വായനക്കാരനെ ചിന്തപ്പിക്കാൻ കഴിഞ്ഞുവെന്നഭിമാനിക്കാൻ ഈ കൃതി വക നൽകുന്നു.

Previous Next

സുധാ ബാലചന്ദ്രൻ

9C, Manimeda, Autumn Dale, Vidyanagar, Kochi 682020
Phone: 0484- 2323372




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.