പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

അണിയറയിലൊതുങ്ങുന്ന നുണകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എന്‍ എം ഹുസൈന്‍

ചപ്പുചവറുകള്‍ക്കും മണികൂനകള്‍ക്കും അടിയില്‍ മറഞ്ഞുകിടക്കുന്ന അവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുന്നവരാണ് ആര്‍ക്കിയോളജിസ്റ്റുകള്‍. ഇതിന് സദൃശ്യമായ പണിയാണ് ഇന്ന് സത്യാന്വേഷകരുടേത്. അസത്യങ്ങള്‍ , അര്‍ധസത്യങ്ങള്‍ , അതിശയോക്തികള്‍ തുടങ്ങി ദിനേനയെന്നോണം പ്രവഹിക്കുന്ന ചപ്പുചവറുകള്‍ക്കിടയില്‍ നിന്നും അവയുടെ അടിയില്‍ നിന്നും യഥാര്‍ത്ഥ്യം കണ്ടെത്താനുള്ള ശ്രമം അതീവ ദുഷ്ക്കരമാണ്. പ്രമുഖ അമേരിക്കന്‍ റേഡിയോ ബ്രോഡ്കാസ്റ്റായ ഡേവിഡ് ബര്‍സാമിയാനുമായുള്ള അഭിമുഖത്തില്‍ സത്യം കുഴിച്ചെടുക്കുന്ന പണിയാണ് ഇന്നത്തെ ഉത്തരവാദിത്വബോധമുള്ള മാധ്യമ ഗവേഷകരുടേതെന്ന് നോം ചോംസ്കി അഭിപ്രായപ്പെടുന്നുണ്ട്. രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി എത്ര വലിയ നുണയും കെട്ടിച്ചമച്ച് ലോകമമെമ്പാടും പ്രചരിപ്പിക്കുന്ന ആധുനിക മാധ്യമ സംസ്ക്കാരത്തിന്റെ ഇരകളാണ് ഇന്നത്തെ സമൂഹം. അതിനാല്‍ സമീപകാല ചരിത്രകാരന്മാര്‍ക്കും സത്യം കുഴിച്ചെടുക്കേണ്ടി വരുന്നു. പുരാവസ്തുക്കളുടെ മേല്‍ നൂറ്റാണ്ടുകള്‍ക്കിടയിലാണ് പാഴ്വസ്തുക്കള്‍ അടിഞ്ഞു കൂടിയതെങ്കില്‍ ഇന്ന് ഒരൊറ്റ ദിവസത്തില്‍ പതിനായിരക്കണക്കിന് പാഴ്വാര്‍ത്തകളാണ് പ്രവഹിക്കുന്നത്. അതിനാല്‍ സയണിസത്തിന്റെ ചരിത്രം തയ്യാറാക്കിയ റാള്‍ഫ് ഷൂമാന് തന്റെ കൃതിക്ക് The Hidden History of Zionism എന്നു തന്നെ പേരിടേണ്ടി വന്നു.

ഒരു പാത്രം കൊണ്ട് മൂടിവെക്കാവുന്നത്ര ലളിതമല്ല സാമൂഹിക യാഥാര്‍ഥ്യങ്ങള്‍. അതിനാല്‍ വസ്തുതകളെ തമസ്ക്കരിക്കാന്‍ പുതിയ മിത്തുകള്‍ നിരന്തരം സൃഷ്ടിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും വേണം. ഫലസ്തീന്റെ വര്‍ത്തമാനത്തെ മറച്ചു വെക്കാന്‍ ഭൂതകാലത്തെക്കൂടി തമസ്ക്കരിക്കാതെ നിവൃത്തിയില്ലെന്നു വന്നു. അങ്ങനെ സയണിസത്തിന്റെ ലഭ്യമായ ചരിത്രം കെട്ടുകഥകളുടെ സമാഹാരമായി മാറി. മുഖ്യധാരാ ചരിത്രകാരന്മാരും പണ്ഡിറ്റുകളും അണ്ണാക്കു തൊടാതെ വിഴുങ്ങിയിട്ടുള്ളത് ഈ നിര്‍മിത ചരിത്രങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്നത്തെ ഇസ്രായേല്‍ - ഫലസ്തീന്‍ പ്രദേശത്ത് നാമമാത്ര ജൂതന്‍മാരെ താമസിച്ചിരുന്നുള്ളു. അക്കാലത്ത് രേഖപ്പെടുത്തപ്പെട്ട എല്ലാ ചരിത്രങ്ങളും ഇക്കാര്യം സ്ഥിതീകരിക്കുന്നു. എന്നാല്‍ ഇസ്രായേല്‍ സ്ഥാപനത്തിന്റെ ന്യായീകരണത്തിനായി ജോണ്‍ പീറ്റേഴ്സ് എഴുതിയ ‘ ഫ്രം ടൈം ഇമ്മെമ്മോറിയല്‍’ എന്ന 1984 ലെ ‘ ചരിത്ര' കൃതിയില്‍ ഫലസ്തീന്‍കാര്‍ എന്നൊരു ജനതയേ അവിടെ സ്ഥിരതാമസക്കാരായിരുന്നില്ലാന്നാണ് സമര്‍ഥിക്കുന്നത്. ( ഇത്തരം ‘ പണ്ഡിതോ’ ചിതമായ മഠയത്തരങ്ങള്‍ മനസിലാക്കാന്‍ എഡ്വേസ് സൈദ് എഡിറ്റ് ചെയ്ത Blaming the Victims എന്ന കൃതി നോക്കാം) ഇസ്രായേല്‍ സ്ഥാപിതമാവുന്നതിനു മുമ്പു തന്നെ ‘ ദേശമില്ലാത്ത ജനതക്ക് ജനങ്ങളില്ലാത്ത ദേശം’ എന്നൊരു മുദ്രാവാക്യം സയണിസ്റ്റുകള്‍ ഉയര്‍ത്തുകയുണ്ടായി. മുദ്രാവാക്യമായി രൂപം കൊണ്ട മിത്തിന് പാണ്ഡിത്യത്തിന്റെ പരിവേഷം നല്‍കാനായി പിന്നീടുള്ള ശ്രമം.

ഇസ്രായേലിന്റെ നാലാമത്തെ പ്രധാനമന്ത്രിയായ ഗോള്‍ഡാ മെയ്ര്‍ പറഞ്ഞത് ഫലസ്തീന്‍കാര്‍ എന്നൊരു ജനവിഭാഗമേ ഇല്ലെന്നാണ്. നൂറ്റാണ്ടുകളായി ഫലസ്തീനില്‍ താമസക്കാരായ തദ്ദേശി അറബികളെ ആക്രമണങ്ങളിലൂടെ തുരത്തിയോടിച്ചതിനെപ്പറ്റി ഭാവിതലമുറ ചോദിക്കില്ലേ എന്ന് പത്രസമ്മേളനത്തില്‍ സംശയമുയര്‍ന്നപ്പോള്‍ ‘’ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഫലസ്തീന്‍കാരെപറ്റി ചോദിക്കാന്‍ ആരെങ്കിലും ഉണ്ടാകുമോ?’‘ എന്നായിരുന്നെത്രെ ഗോള്‍ഡാ മെയ്റുടെ മറുചോദ്യം. ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍കാര്‍ക്ക് ജന്‍മനാട് തിരിച്ചു നല്‍കാതെ മധ്യപൗരസ്ത്യ ദേശത്ത് സമാധാനമുണ്ടാവില്ലെന്ന് ക്രൈസ്തവ സയണിസ്റ്റായ ജോര്‍ജ് ബുഷിനുപോലും ഇന്ന് അംഗീകരിക്കേണ്ടി വന്നു. ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ പോലും ഫലസ്തീന്‍കാരെ പറ്റി സംസാരിക്കുന്നു; ദിനേനെയെന്നോണം. മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആത്മാവ് എത്ര അസ്വസ്ഥമാവുന്നുണ്ടാവണം !

പൊതുവില്‍ വിജ്ഞാനത്തേയും ചരിത്രത്തെ പ്രത്യേകമായും മലിനീകരിക്കാനാണ് കോളനിവാഴ്ചാ മനസ്ഥിതിക്കാരായ പണ്ഡിതന്മാര്‍ ശ്രമിച്ചത്. അവയെ തുറന്നു കാട്ടാനുള്ള ശ്രമങ്ങള്‍ ചെറിയ തോതിലെങ്കിലും നടന്നു. ഇസ്രായേലില്‍ നിന്നു തന്നെ പുതിയൊരു വിഭാഗം ചരിതകാരന്മാര്‍ സയണിസ്റ്റ് മിത്തുകള്‍ വെളിച്ചത്താക്കി. ബെന്നി മോറിസ് , ഇലന്‍ പാപ്പെ, ആവി ഷ് ലൈം , ടോം സെഗേവ്, ഹിലേല്‍ കോഹെന്‍, സിംഹ ഫ് ലാപ്പെന്‍ തുടങ്ങിയവരുടെ നിരയുണ്ടായി. ഇതിനുമപ്പുറം നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍‍ , നര്‍ മസാല്‍ഹ , നോം ചോംസ്കി, ഇസ്രയേല്‍ ഷഹാക്ക്, ലെനി ബ്രണ്ണര്‍ തുടങ്ങി കൂടുതല്‍ പ്രതിബദ്ധതയുള്ളവരുടെ മറ്റൊരു വൃത്തവും ആഗോളതലത്തില്‍ ഉയര്‍ന്നു വന്നു. ഇന്ന് ഫലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന വംശീയ കൂട്ടക്കൊലകളെ പ്രതിരോധിക്കാന്‍ മുസ്ലീംകളും ക്രിസ്ത്യാനികളും ജൂതന്മാരും അടങ്ങുന്ന നിരവധി ചെറുഗ്രൂ‍പ്പുകള്‍ ലോകമെമ്പാടും ഉയര്‍ന്നുവരുന്നുണ്ട്. ആഗോളരാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്ന സുപ്രധാന പ്രശ്നമായി ഫലസ്തിന്‍കാരുടെ അന്യാധീനമായ മാതൃദേശം മാറിക്കഴിഞ്ഞു.

അരങ്ങിലെ നാ‍ടകങ്ങളാണ് നാം ദിനേന കാണുന്നത്. എന്നാല്‍ എല്ലാം ചമയ്ക്കപ്പെടുന്നതും തീരുമാനിക്കപ്പെടുന്നതും അണിയറയിലാണെന്ന കാര്യം മിക്കവരും ശ്രദ്ധിക്കുന്നില്ല. നാടകം കണ്ട് ഇതാണ് ലോകം എന്ന് തെറ്റിദ്ധരിക്കുന്നവരും ഇതുതന്നെ ജീവിതമെന്ന് വ്യാഖ്യാനിക്കുന്നവരുമാണ് ആധുനിക ബുദ്ധിജീവികളില്‍ ഏറെപ്പേരും. അവരും പ്രചാരണത്തിന്റെ ഇരകളാണെന്നതാണ് യാഥാര്‍ത്ഥ്യം . മറിച്ചാണ് അവരുടെ അവകാശവാദമെങ്കിലും അതുകൊണ്ടാണ് പത്രങ്ങളില്‍ ദിനേനെയുള്ള വാര്‍ത്തകളായി വായനക്കാര്‍ക്ക് ചിരപരിചിതമായ സംഭവങ്ങളുടെയും വ്യക്തികളുടെയും യഥാര്‍ത്ഥ ചരിത്രം കുഴിച്ചെടുക്കേണ്ടിവരുന്നത്. അതോടെ അതുവരെയും ധരിച്ചുവെച്ച ധാരണകള്‍ ഒന്നാകെ കീഴ്മേല്‍ മറിയുന്നു.

മതങ്ങളും ആത്മീയ സംഘര്‍ഷങ്ങളും ചരിത്രത്തില്‍ എവിടേയും കാണാം. ഇവയുടെ പ്രവര്‍ത്തനം പകല്‍ വെളിച്ചത്തിലായിരുന്നു. ഇരുളിന്റെ മറവിലായിരുന്നില്ല. ജനങ്ങളോട് സംസാരിക്കുകയും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുകയും ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ ദൈനംദിന കാര്യങ്ങള്‍ അനായാസമാക്കുകയുമായിരുന്നു അവ. ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ രേഖപ്പെട്ടു കിടക്കുന്നു അവരുടെ വിവരങ്ങള്‍. എന്നാല്‍, നിഗൂഢതയുടെ കോട്ടകള്‍ക്കകത്ത് ദശകങ്ങള്‍ക്കപ്പുറം നോടാനുള്ളതിന്റെ അജണ്ടയൊരുക്കുകയും ലോബിയിംഗ് വഴിമാത്രം കരുക്കള്‍ നീക്കുകയും ചെയ്ത മതസംഘങ്ങളും രാഷ്ട്രീയ ഗ്രൂപ്പുകളുമുണ്ട്. ആധുനിക കാലത്താണ് ഇത്തരം സംഘടനകളുടെ സാന്നിധ്യം പ്രബലമാകുന്നത്. പാശ്ചാത്യ സംസ്ക്കാരത്തിന്റെ കൊളോണിയല്‍ സ്വഭാവം അതിന് വളമാകുന്നതും തണലേകുന്നതുമായി എന്നതാണ് പ്രധാന കാരണം. ഈ ഗണത്തില്‍ എന്തുകൊണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത് ആധുനിക സയണിസ്റ്റ് സംഘടനകളും കോളനി വാഴ്ചക്കാരുമായി അവര്‍ക്കുള്ള ജന്മബന്ധവുമാണ്. കൊളോണിയല്‍ ആധുനി‍കതയെ ഏറ്റവും കൂടുതല്‍ സാംശീകരിച്ച സമുദായമെന്ന നിലയില്‍ അധിനിവേശത്തിന്റെ മുന്നണിവാഹകരായി അവര്‍ എളുപ്പം മാറി. അണിയറയില്‍ ആസൂത്രണവും അരങ്ങില്‍ പ്രചാരണവുമായി കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളുടെ യഥാര്‍ത്ഥ ചരിത്രത്തെ അവര്‍ ബഹുജനങ്ങളില്‍ നിന്നും കാണാമറയത്താക്കി. സയണിസത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമല്ല ഇത്. തത്വശാസ്ത്രം , രാഷ്ട്രീയം, സമ്പദ്ശാസ്ത്രം തുടങ്ങി നിരവധി മേഖലകളെ സമൂലം തമസ്ക്കരിക്കുന്ന രീതിശാസ്ത്രം അവരുടെ സംഭാവനയാണ്.

‘’ എല്ലാവരെയും എക്കാലവും കബളിപ്പിക്കാനാവില്ല’‘ എന്ന പഴമൊഴിയെ അര്‍ത്ഥവത്താക്കും വിധം റാള്‍ഫ് ഷൂമാന്‍ സയണിസത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ കുഴിച്ചെടുക്കുകയാണ്. ആഗോള - ദേശീയ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങള്‍ അതിരാവിലെ കട്ടന്‍ ചായക്കൊപ്പം അകത്താക്കാന്‍ ശീലിച്ച മലയാളികള്‍‍ക്ക് ഈ കൃതി പുതിയൊരു വായനാനുഭവമായിരിക്കും.

published by : Other books

price : 140.00

Previous Next

എന്‍ എം ഹുസൈന്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.