പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

ഭൂമുഖത്തെ ആകുലതകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ

ഉള്‍ക്കോണില്‍ നിന്ന് എവിടേയും പോകാന്‍ കൂട്ടാക്കാത്തൊരു കണ്ണീരിന്റെ തിളക്കം. പൊളിച്ചു മാറ്റപ്പെടുന്ന പഴയ വീടുകളുടെ ഓടാമ്പലനക്കം. അതിരുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന പച്ചമണ്ണിന്റെ തുടിപ്പും വിങ്ങലും. രാത്രി മുഴുവന്‍ കരയുന്ന ഭൂമിയാണ് ഓരോ ജീവിതവുമെന്ന് തോന്നിപ്പോകും. ഉജ്ജ്വലമായ പകല്‍ വെട്ടം നടനമികവിന്റെ ഒന്നാന്തരം വേദിയാണെന്നും....

സമൂഹത്തിലെ നന്മ തിന്മകള്‍ക്കെതിരെ നിരന്തരം പോരാടുന്നവരാണ് കവികളായി ജന്മമെടുക്കുന്നവര്‍.

‘ രാത്രി മുഴുവന്‍ കരഞ്ഞ ഭൂമി

രാവിലെ ചിരി നടിക്കുമ്പോള്‍

ഇലപ്പുറത്തുരുളുന്ന കണ്ണുനീര്‍

മറച്ചു വയ്ക്കുവാന്‍ മറന്നുവല്ലോ...

രാത്രി മുഴുവന്‍ കരഞ്ഞ ഭൂമി

രാവിലെ മുഖം മിനുക്കുമ്പോള്‍

വിണ്ണിലേക്കു തെറിച്ച ചോര

തുടച്ചു മാറ്റുവാന്‍ മറന്നുവല്ലോ!’

ഇങ്ങനെയൊക്കെയാണ് ശ്രീകൃഷ്ണദാസ് മാത്തൂര്‍ എന്ന കവി പുതിയ കാലത്തെ കവിതയെക്കുറിച്ച് ചിന്തിക്കുന്നത്. തനിക്കനുഭൂതമാകുന്ന വിചാര വികാരങ്ങളെ സ്വത ശുദ്ധിയുള്ള ഭാഷയിലാവിഷ്ക്കരിച്ച് ആസ്വാദകരെ അത്ഭുതപരതന്ത്രരാക്കി തീര്‍ക്കലാണോ കവിയുടെ കടമ? സമൂഹത്തിനു നേരെ സദാ കണ്ണും കാതും തുറന്നിരിക്കുന്നവരാണ് കവികള്‍ എന്നാണ് എന്റെ അനുഭവം വിലയിരുത്തുന്നത്.

വിഭ്രമിപ്പിക്കുന്ന ബിംബ കല്‍പ്പനകളാല്‍ വിസ്മയം ജനിപ്പിക്കുമ്പോള്‍ ആസ്വാദനത്തിന്റെ ആഹ്ലാദത്തിര വായനക്കാരില്‍ അലയടിക്കുക തന്നെ ചെയ്യും. ചിലപ്പോഴത് ആകാശത്തോളമുയരുന്നു. മറ്റു ചിലപ്പോള്‍. മൂടിക്കെട്ടിയ ആകാശം പോലെ ആകുലതകളാല്‍ നിറയുന്നു.

കൃഷി നമ്മുടെ ജൈവ സ്വത്താണ്. കൃഷി പ്രധാനമായ രാജ്യത്ത് ഇന്ന് ജൈവവിളകള്‍ അന്യം നില്‍ക്കുന്നു. പച്ചക്കറികള്‍ക്ക് മാത്രമല്ല എന്തിനും നാം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോള്‍ നമ്മുടെ നാടിന്റെ നാഡീവ്യൂഹമായ കര്‍ഷകന്റെ പരാധീനതകള്‍ക്ക് നേരെ കണ്ണടച്ചു പിടിക്കുന്നു. കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. ഭൂമി അതിന്റെ വിലാപം തുടരുന്നു.

പൂവിടാന്‍ ഭൂമിയില്‍ ത്രസിച്ചു നില്‍ക്കുന്ന നെല്‍തിരമാലയടിച്ചു കയറുവാന്‍ പാടം കാത്തു നില്‍ക്കുന്നു. അതൊരു കൊതിക്കൂറായി പരിണമിക്കുന്ന കാലം അതി വിദൂരമല്ല. നെല്‍തിരമാലയടിക്കുന്ന പാടശേഖരങ്ങള്‍ നമ്മുടെ കണ്ണുകള്‍ക്കിനിയെത്ര നാള്‍ കൂടി സുകൃതം പകരും? പകരം നഗര വയല്‍ കൃഷിക്ക് അടിവളമായി ചേര്‍ക്കാന്‍ നാം മാംസപിണ്ഡങ്ങള്‍ ഒരുക്കുന്നു. ചളിത്തൈലത്തിനു പകരം ചോരച്ചാലുകള്‍ കീറാന്‍ വെമ്പുന്നു....

'കൈക്കോട്ടുമായ് ചെളിത്തൈലം പൂശി

മണ്ണിന്റെ പേറെടുക്കുന്ന കൃഷിവലാ

കണ്ണിമീനുകള്‍ തളിര്‍ക്കും കുളത്തില്‍

ഊളിയിട്ടെന്തേ മരിച്ചു നീ ...’

നമുക്കു ചുറ്റും നടമാടുന്ന പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമാര്‍ഗ്ഗമൊരുക്കുകയല്ല കവിധര്‍മ്മം. പകരം ഇങ്ങനെയൊക്കെയാണ് നമുക്ക് ചുറ്റും സംഭവിക്കുന്നതെന്ന് ശ്രീകൃഷണദാസ് മാത്തൂര്‍ എന്ന കവിയും തന്റെ ‘ ഭൂമുഖം’ എന്ന നാല്‍പ്പതു കവിതകളിലൂടെ സമര്‍ത്ഥികാന്‍ ആഗ്രഹിക്കുന്നു. ഈ സമാഹാരത്തിലെ കവിതകള്‍ വായനക്കാരെ വിസ്മയത്തിന്റെ കൊടുമുടിയിലേറ്റുമെന്നൊന്നും പറയാന്‍ ഞാന്‍ അര്‍ഹനല്ല. നല്ല വായനക്കാരാണ് ഏതൊരു കൃതിയുടേയും ഉത്തമ വിധികര്‍ത്താക്കള്‍.

പ്രൊഫ. ടോണി മാത്യു ഈ കൃതിക്കെഴുതിയ ആമുഖം ഇതിലുള്‍പ്പെടുത്തിയ കവിതകളുടെ ജീവനാംശം കണ്ടെത്തുന്നുണ്ട്.

ഉണ്മ, നൂറനാട് ആലപ്പുഴ ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 50 രൂ.

Previous Next

മുയ്യം രാജൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.