പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

ഗന്ധർവ്വന്റെ അസ്ഥിമാടത്തിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുധാ ബാലചന്ദ്രൻ

വായനയുടെ ലോകം

മൂന്നു വ്യാഴവട്ടക്കാലത്തിനിടയിൽ ചെയ്യാവുന്നതത്രയും കവിതയിൽ ചെയ്‌ത, ഒരു നാടിനെ മുഴുവൻ കവിതയുടെ മാസ്‌മരശക്തിയാലാകർഷിച്ച കവി. അക്ഷരജ്ഞാനമില്ലാത്തവർ പോലും ചൊല്ലി നടക്കുമാറ്‌ മനസ്സിനെ കീഴ്‌പ്പെടുത്തുന്ന കവിതയുടെ തമ്പുരാൻ, അതായിരുന്നു ചങ്ങമ്പുഴ. മകുടിയുടെ നാദത്തിൽ മതിമറന്നാടുന്ന നാഗത്തെപ്പോലെയാകും ചങ്ങമ്പുഴക്കവിതയിൽ ലയിക്കുന്ന അനുവാചകന്റെ മനസ്സ്‌. അത്യപൂർവ്വമായ സർഗ്ഗശേഷി പ്രകടിപ്പിച്ച ആ കവിയെ ശാപം കിട്ടി ഭൂമിയിൽ പിറന്ന ഗന്ധർവ്വനായി വെണ്ണിക്കുളം ചിത്രീകരിച്ചതോടെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മറ്റൊരു പേരായിത്തീർന്നു ഗാനഗന്ധർവ്വനെന്നത്‌.

ആ ഗന്ധർവ്വന്റെ ജീവിതം ഭാവനയുടെ ദൂരദർശിനിയുപയോഗിച്ച്‌ നോക്കിക്കാണാൻ ശ്രമിക്കുകയാണ്‌ ശ്രീ. എം.കെ.ചന്ദ്രശേഖരൻ. 6 നോവലുകളും, 6 ചെറുകഥാ സമാഹരങ്ങളുമുൾപ്പെടെ പതിനഞ്ചോളം കൃതികളുടെ കർത്താവായ ശ്രീ. ചന്ദ്രശേഖരന്റെ ‘ഗന്ധർവ്വ സ്‌പന്ദം’ എന്ന നോവൻ (ഗ്രീൻ ബുക്‌സ്‌ ജൂലൈ 2005) ചങ്ങമ്പുഴയുടെ ആത്മാവിനെ ഉൾക്കൊള്ളാൻ ആത്മാർത്ഥമായ ശ്രമം നടത്തുന്നുണ്ട്‌.

ഇന്ദ്രസദസ്സിലെ നർത്തകിമാർ യുവഗായകന്റെ പാട്ടിനൊത്ത്‌ നൃത്തം വയ്‌ക്കുന്ന അലൗകികമായ കാഴ്‌ച വർണ്ണിക്കുന്ന പൂർവ്വാങ്കം നോവലിന്‌ സമുചിതമായ പ്രാരംഭം കുറിയ്‌ക്കുന്നു. നർത്തകിമാരിലൊരുവളുടെ മനസ്സും ഗായകന്റെ മനസ്സും ഒന്നിച്ചുചേർന്ന്‌ അസുലഭനിർവൃതി നുകർന്ന നിമിഷത്തിൽ അതു തിരിച്ചറിഞ്ഞ ദേവേന്ദ്രൻ ഇരുവരെയും ശപിച്ച്‌ ഭൂമിയിലേക്കയക്കുന്നു.. ഗായകനുള്ള ശിക്ഷ ഇതായിരുന്നു. “നീയിനി പാടുന്നത്‌ അങ്ങു താഴെ ഭൂമിയിൽ. ചുരുങ്ങിയ കാലമേ നിനക്കവിടെ കഴിയേണ്ടിവരുള്ളുവെങ്കിലും ഒരു മനുഷ്യന്റെ പൂർണ്ണജന്മത്തിലെ യാതനകളെല്ലാം അനുഭവിക്കേണ്ടിവരും. നിന്റെ പാട്ടുകേട്ട്‌ ആഹ്ലാദിക്കുന്നവരൊന്നും നീ ആരെന്നറിയില്ല. ഹൃദയം നുറുങ്ങുന്ന അവസ്ഥയിലും നിനക്ക്‌ പാടിയേ ഒക്കൂ”

സ്വപ്‌നതുല്യമായ ഈ രംഗത്തിന്റെ വർണ്ണനയിൽ തന്നെ ചന്ദ്രശേഖരൻ കവിയുടെ ആത്‌മാവു കണ്ടെത്തിക്കഴിഞ്ഞു എന്നു തെളിയുന്നു. തെറ്റു ചെയ്‌തവനല്ല ശിക്ഷിക്കപ്പെട്ട ഗായകൻ, അവന്റെ ഗാനമിടറിയില്ല. ഭൂമിയിൽ വന്ന ഗന്ധർവ്വനും അതു സംഭവിച്ചില്ല. അന്തിമ നിമിഷംവരെയും കവിയിൽ നിന്നും വന്നതൊക്കെ കറ തീർന്ന കാവ്യശില്‌പങ്ങളായിരുന്നു. പക്ഷേ യാതനകൾ, മനുഷ്യജന്മത്തിൽ നേരിടാവുന്ന യാതനകളൊക്കെയും അദ്ദേഹത്തിനനുഭവിക്കേണ്ടിവന്നു. പലപ്പോഴും തെറ്റു ചെയ്‌തതിനുമല്ല പഴി കേൾക്കേണ്ടി വന്നത്‌. ഈയൊരു നിരീക്ഷണകോണിലൂടെയാണ്‌ നോവലിസ്‌റ്റ്‌ നായകനെ വീക്ഷിക്കുന്നത്‌.

ക്ഷയരോഗം മൂർദ്ധന്യാവസ്ഥയിലെത്തിയ കവിയുടെ അവസാനരാത്രിയിലാണ്‌ കഥയുടെ തുടക്കവും ഒടുക്കവും. നിർത്താതെ കാറ്റും മഴയും ഇടിവെട്ടുമുള്ള ആ കാളരാത്രിയിൽ തന്റെ ജീവിതം മുഴുവൻ കഥാനായകന്റെ മുന്നിലൂടെ ചലിക്കുന്ന ചിത്രങ്ങളായി കടന്നുപോകുന്നു. കൊട്ടാരത്തിലെ അടിച്ചുതളിക്കാരിയായിരുന്ന അമ്മ കൊണ്ടുവരുന്ന പകർച്ച കൊണ്ട്‌ കഴിഞ്ഞുപോകുന്ന വീട്ടിലെ ശോച്യാവസ്ഥയോർത്ത്‌ അഭിമാനഭംഗത്തോടെ കഴിച്ചുകൂട്ടിയ ബാല്യകൗമാരങ്ങൾ, തുല്യമായ ശോച്യാവസ്ഥയിൽ ജീവിക്കുന്ന രാഘവൻ പിള്ളയുമായുള്ള മത്സരവും പിന്നെ വളർന്ന സൗഹൃദവും, ഇടപ്പള്ളിത്തമ്പുരാക്കന്മാരുടെ ഗോസായിശാലയിൽ കവിതാവാസന വളർത്തിയെടുത്ത കവിസദസ്സുകൾ, ആദ്യകാമുകി ചിന്നമ്മുവുമായി പങ്കിട്ട മഴയുള്ള രാത്രികൾ, പ്രേമഭംഗത്തെത്തുടർന്നുള്ള രാഘവൻപിള്ളയുടെ ആത്മഹത്യ, അതിനെ ഉപജീവിച്ചെഴുതിയ വിലാപകാവ്യത്തിന്റെ അഭൂതപൂർവ്വമായ ജനസമ്മതിയും വില്‌​‍്പനയും, ക്രൂരമായ പരിഹാസങ്ങളും വിമർശനങ്ങളും ഉള്ളിലേല്പിച്ച മുറിവുകൾ, പ്രശസ്തിയുടെയും പണത്തിന്റെയും പിന്നാലെ കൂടിയ കൂട്ടുകാരും കാമിനിമാരും, അവരുടെ വഞ്ചനകളും സ്‌നേഹരാഹിത്യവും, കോളേജ്‌ വിദ്യാഭ്യാസവും തത്‌ഫലമായി ലഭിച്ച മൂന്നാം ക്ലാസ്സ്‌ ബിരുദവും, തന്നെ മതിക്കാത്ത ഒരുവളുമായി നടന്ന വിവാഹവും അതിന്റെ പൊരുത്തക്കേടുകളും, പട്ടാളത്തിലെ ഉദ്യോഗം, കുത്തഴിഞ്ഞ ജീവിതചര്യയുടെ ഫലമായ രോഗത്തിന്റെ ആക്രമണം, സ്ഥലം മാറ്റം വാങ്ങി നാട്ടിലെത്തൽ, ശുശ്രൂഷിച്ച ഡോക്ടറുടെ ഭാര്യയുമായുള്ള പ്രേമം, അതിന്റെ ദയനീയ പരിണതി - അങ്ങനെ തുടരുന്ന ജീവിതചിത്രങ്ങൾ ഒടുവിൽ എത്തിനിൽക്കുന്നത്‌ ഇന്ദ്രസദസ്സിൽ തന്റെയൊപ്പം ശാപത്തിതു വശംവദയായ അപ്‌സരസ്സിന്റെ ദർശനത്തിലാണ്‌. തന്റെ ജന്മരഹസ്യം തിരിച്ചറിഞ്ഞ്‌ എല്ലാ വേദനകളും ഒഴിഞ്ഞ്‌ ഒടുവിൽ അപ്‌സരസ്സിനോടൊപ്പം (“ഭൂമിയിൽ വന്ന്‌ ഹ്രസ്വമായ ഒരു കാലയളവിൽ ഒരു പൂർണ്ണജന്മത്തിലെ എല്ലാ സുഖാനുഭൂതികളും അനുഭവിച്ച്‌ പിന്നീട്‌ അതിലേറെ യാതനകളും വേദനകളും അനുഭവിച്ച്‌, അന്ധകാരകൂപത്തിൽ നിന്ന്‌ എന്നെ ഉയിർത്തെഴുന്നേൽപ്പിക്കാനായി സ്വർഗ്ഗത്തിൽ നിന്നും വന്ന ദേവി”) മറ്റൊരു ലോകത്തിലേയ്‌ക്ക്‌ കവി പുറപ്പെടുമ്പോൾ ‘ഗന്ധർവ്വ സ്‌പന്ദം’ ഒടുങ്ങുകയായി.

ചങ്ങമ്പുഴയുടെ ജീവിതകഥയായി പുറത്തു വന്നതൊന്നും സത്യസന്ധമായിരുന്നില്ലെന്ന്‌ ചില ഉറ്റബന്ധുക്കളും “അച്ചനെപ്പറ്റി എത്രയോ പേർ എന്തെല്ലാം എഴുതിയിരിക്കുന്നു. ഇനിയിപ്പോൾ ആ ജീവിതത്തെപ്പറ്റി എഴുതരുതെന്നു പറയുന്നതിലെന്താണർത്ഥം ” എന്ന്‌ മക്കളും പറഞ്ഞതുകേട്ടശേഷം കിട്ടാവുന്ന വിവരങ്ങളും പുസ്തകങ്ങളുമൊക്കെ പരിശോധിച്ച നോവലിസ്‌റ്റ്‌ താനെഴുതുന്നതു വിവാദത്തിലേ കലാശിക്കൂ എന്നു മനസ്സിലാക്കിയെന്നും അതുകൊണ്ട്‌ ഒരു സ്വതന്ത്രരചനയിലേയ്‌ക്ക്‌ തിരിയുകയായിരുന്നുവെന്നും അനുബന്ധക്കുറിപ്പിൽ പറയുന്നുണ്ട്‌. പക്ഷേ ഇക്കഥ വായിച്ചാൽ ചങ്ങമ്പുഴയുടെ ജീവിതം അടുത്തു നിന്നു നിരീക്ഷിച്ച ഒരു വ്യക്തി രചിച്ചതാണെന്ന പ്രതീതിയാണുളവാക്കുക.

ചങ്ങമ്പുഴയുടെ ജീവിതത്തിലെ ചോടുപിഴക്കലുകൾ അദ്ദേഹത്തിന്റെ കവിതയെക്കാളേറെ ചർച്ചാ വിഷയമായിട്ടുണ്ട്‌ നമ്മുടെ സാഹിത്യമേഖലയിൽ. അദ്ദേഹത്തിന്റെ കവിതയ്‌ക്ക്‌ നേരിടേണ്ടി വന്ന വിമർശനങ്ങൾ പലപ്പോഴും വസ്തുനിഷ്‌ഠമായിരുന്നില്ല; എന്നല്ല വ്യക്തിനിഷ്‌ഠമായിരുന്നുതാനും, വിഷാദാത്മകത്വം വിറ്റ്‌ പുതിയ തലമുറയെ വഴിതെറ്റിക്കുന്ന ചങ്ങമ്പുഴ കവിതയെഴുത്ത്‌ നിർത്തണമെന്ന്‌ യോഗം കൂടി പ്രമേയം പാസ്സാക്കുക വരെയുണ്ടായിട്ടുണ്ട്‌. സ്വന്തം കവിത പഠിക്കാൻ സിലബസ്സിലുണ്ടാവുക എന്ന അത്യപൂർവ്വാനുഭവം സ്വന്തമായ, മൃദുലഹൃദയനായ ഒരു കവിയെ ഇത്തരം വിമർശനങ്ങളും പരിഹാസങ്ങളും എങ്ങനെ മുറിവേല്പിച്ചിട്ടുണ്ടാകുമെന്ന്‌ നമുക്കൂഹിക്കാം. ആ വേദന ഈ കൃതിയുടെ ഉടലിലുടനീളം വിതറിക്കൊണ്ടാണ്‌ നോവലിസ്‌റ്റിന്റെ പ്രയാണം. തന്റെ കാവ്യരചനാ ശീലങ്ങളെക്കുറിച്ച്‌ ആ മുഖങ്ങളിൽ ചങ്ങമ്പുഴ പറഞ്ഞുവെച്ച കാര്യങ്ങൾ ഇടയ്‌ക്ക്‌ വിളക്കിച്ചേർത്തതാണെന്നു തോന്നാതെ കൂട്ടിചേർത്തിട്ടുമുണ്ട്‌.

മരണത്തിനു മുമ്പുള്ള മഴയുള്ള രാത്രിയിലെ ആദ്യഓർമ്മ ചിന്നമ്മുവെന്ന ആദ്യകാമുകിയുമായുള്ള ആദ്യസമാഗമത്തിന്റേതാണ്‌. ചന്ദ്രശേഖരന്റെ നോവലിലെ നായകന്റെ ജീവിതത്തിൽ കൂടി നിരവധി തരുണിമാർ കടന്നുപോയതായി അവതരിപ്പിക്കുന്നു. പണത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ വന്നവർ. പ്രേമം അഭിനയിച്ച്‌ വഞ്ചിച്ചവർ. ശാരീരികസുഖത്തിനായി കവിയെ ഉപയോഗിച്ചവർ. ആദ്യകാമുകിയുടെ നിരാസമാണ്‌ സ്‌ത്രീയെ വെറുക്കാനും ഉപഭോഗവസ്‌തുവായി മാത്രം കാണാനും കവിയെ പ്രേരിപ്പിച്ചത്‌.

അങ്കുശമില്ലാത്ത ചാപല്യമേ - മന്നി

ലംഗനയെന്നു വിളിക്കുന്ന നിന്നെ ഞാൻ എന്നും

നാരികൾ, നാരികൾ വിശ്വവിപത്തിന്റെ

നാരായവേരുകൾ, നാരകീയാഗ്നികൾ

എന്നും വർണ്ണിച്ച കവിയ്‌ക്ക്‌ കയ്‌ക്കുന്ന അനുഭവങ്ങൾ ഉണ്ടെന്നുള്ളത്‌ പകൽ പോലെ വ്യക്തമാണ്‌.

പക്ഷേ ചിന്നമ്മുവിന്റെ നിരാസത്തിന്റെ കാരണം നോവലിസ്‌റ്റ്‌ വ്യക്തമാക്കുന്നില്ല. ചിന്നമ്മുവുമായുള്ള ബന്ധത്തിന്റെ സുവ്യക്തമായ ചിത്രത്തോടെയുളള തുടക്കത്തിൽ തന്നെ ആ ബന്ധത്തിന്റെ അവസാനവും സൂചിപ്പിച്ചു.

“അമ്മൂ, ആരെപ്രതി നീ ഇന്നും അവിവാഹിതയായി കഴിയുന്നു? എന്റെ ജിവിതത്തിലേക്ക്‌ കടന്നുവരാനുള്ള അവസരം നിഷേധിച്ചതും എനിക്കെതിരെ എന്നെന്നേയ്‌ക്കുമായി വാതിൽ കൊട്ടിയടച്ചതും നീ തന്നെയല്ലേ?....... നിസ്സാരമായ ഒരു കാര്യത്തിന്‌...........

ഈ ഖണ്ഡിക വായനക്കാരന്‌ പിന്നീടെവിടെയെങ്കിലും ആ ‘നിസ്സാരമായ ഒരു കാര്യം’ വെളിപ്പെടുത്തുമായിരിക്കും എന്ന ഒരു പ്രതീക്ഷ നൽകുന്നതാണ്‌. പക്ഷേ അതൊരിക്കലും സംഭവിക്കുന്നില്ല.

”ബാല്യകാലസഖിയായിരുന്നവൾ - ആദ്യമായി ഹൃദയവും മനസ്സും ശരീരവും പങ്കുവെച്ചവൾ - കൗമാരദശയിൽത്തന്നെ മധുവിധു ആഘോഷത്തിൽ പങ്കാളിയായവൾ - പിന്നീട്‌ എന്നെന്നേയ്‌ക്കുമായി ഹൃദയത്തിന്റെ വാതിൽ കൊട്ടിയടച്ചതോടെ ഇനിയീ വർഗ്ഗത്തെ വിശ്വസിക്കാനാവില്ല എന്ന തീരുമാനത്തിൽ അടുത്തു കൂടിയ യുവതികളെയെല്ലാം ചപലവികാരങ്ങൾക്ക്‌ വിധേയരാക്കി ഒരു തരം ക്രൂരമായ മാനസികാവസ്ഥയുമായി നടക്കുന്നയാൾക്കെങ്ങനെ തരളിതമായ ഹൃദയവികാരങ്ങൾ മനസ്സിലാക്കാൻ പറ്റും?“ എന്നു പറഞ്ഞവസാനിപ്പിക്കുന്നു ചിന്നമ്മുക്കഥ.

എഴുത്തിനിരുത്തുന്നതിനു മുമ്പേ കാമകലയുടെ ആദ്യപാഠങ്ങൾ നിർബന്ധമായി അഭ്യസിപ്പിക്കപ്പെട്ട ഒരു കുട്ടി കൗമാരം കഴിയും മുമ്പേ നിരവധി സത്രീ ശരീരങ്ങൾക്ക്‌ കളിപ്പാട്ടമായി എന്നത്‌ നായകകഥാപാത്രത്തിന്‌ അനുകമ്പയുടെ ആനുകൂല്യം നേടിക്കൊടുക്കുന്നുണ്ട്‌. പക്ഷേ മദ്യപാനത്തിന്റെ കാര്യത്തിൽ യാതൊരു നീതികരണത്തിനും സാദ്ധ്യതയില്ല തന്നെ. ‘അല്പമൊക്കെ മദ്യപിക്കുന്ന സ്വഭാവമുള്ള’ നായകന്റെ ഇരുട്ടിന്റെ മറവിൽ കലുങ്കിലിരുന്നുള്ള മദ്യസേവയും രാഘവൻപിള്ളയൊത്തുള്ള കവിതചൊല്ലലും രസകരമായ കാഴ്‌ചയായി വായനക്കാരന്‌ അനുഭവപ്പെടുന്നു. പിന്നീട്‌ മദ്യപാനത്തെപ്പറ്റി പറയുന്നതിങ്ങനെ ”ഞാൻ കുടിക്കുന്നുണ്ട്‌. ബാല്യകാലം മുതൽ വന്നുചേർന്ന ഒരു ശീലം. മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്ന വിധം കുടിക്കുമായിരുന്നു. സ്വന്തമായി വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ അതൊരു പതിവു ചര്യയായിമാറി“.

പഠനവും കാവ്യജീവിതത്തിലെ കുതിക്കലും കഴിഞ്ഞ്‌ ജോലിയൊന്നുമാവാതെ നടക്കുന്ന കാലത്താണ്‌ ലക്ഷ്‌മിയുടെ അനിയത്തിമാർക്ക്‌ ട്യൂഷൻ കൊടുക്കാൻ പോക്കു തുടങ്ങുന്നത്‌. അന്നു തൊട്ടേ അവൾക്കു തന്നോടുള്ള താല്പര്യമില്ലായ്‌മ വ്യക്തമായിട്ടും അവളുടെ കല്യാണാലോചന വന്നപ്പോൾ അതു സ്വീകരിച്ചു. കാരണം ”വിധേയത്വത്തോടു കൂടി വരുന്നവരെക്കാളും ചെറുത്തുനിൽക്കുന്നവരെ എന്നും ഇഷ്ടപ്പെട്ടു.“ തകർന്ന്‌ താറുമാറായ തന്റെ ജീവിതത്തിന്‌ അടുക്കും ചിട്ടയും നൽകാൻ അവൾക്കായേക്കും എന്ന പ്രതീക്ഷ ആക്കം നൽകുകയും ചെയ്‌തു. പക്ഷേ ഒരിക്കലും പ്രസന്നവതിയാകാത്ത, സദാ പരാതിപ്പെടുന്ന ഒരു സാദാ ഭാര്യയാകാനേ ലക്ഷ്‌മിക്കായുള്ളൂ. ഒടുവിൽ കടമകൾ നിർവ്വഹിക്കുന്ന ഉത്തമകുടുംബനാഥനാവാൻ കവി മിലിട്ടറി സർവ്വീസിൽ ചേർന്നു. കവിതയെഴുതാനുള്ള സാഹചര്യമില്ലെങ്കിലും പഴയ ശീലങ്ങളിലേക്ക്‌ മടങ്ങാനുള്ള സൗകര്യം ഉടനെതന്നെ വീണുകിട്ടി. വൈകാതെ സംഭവിച്ചത്‌ ശാരീരികാരോഗ്യത്തിന്റെ ക്ഷയമാണ്‌. ”വിട്ടുമാറാത്ത പനി, ചുമ ഒരു നിതാന്ത സഹചാരിയെപ്പോലെ“.

സഹൃദയനായ ഗ്രൂപ്പ്‌ ഓഫീസർ നാട്ടിലേയ്‌ക്കുള്ള സ്ഥലം മാറ്റം ശരിയാക്കിക്കൊടുത്തെങ്കിലും ആ വരവ്‌ വിധിയുടെ മറ്റൊരു വിളയാട്ടത്തിനു വേണ്ടിയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മനോജ്ഞമായ ഒരു കാലഘട്ടം എന്നു നായകൻ വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടത്തിലേയ്‌ക്കുള്ള കാൽവയ്‌പായിരുന്നു അത്‌. സർവ്വീസിലുള്ളവരെ ചികിത്സിക്കുന്ന ഡോക്‌ടർ കണ്ടാലൊരു നോക്കുകുത്തിയെപ്പോലിരുന്നെങ്കിലും സഹൃദയനായിരുന്നു. കവിയെ തിരിച്ചറിഞ്ഞപ്പോൾ അത്ഭുതാദരങ്ങളായി. മരുന്നിനോടൊപ്പം അയാൾ വിശ്രമവും കുറിച്ചു. അതും സ്വന്തം വീട്ടിൽത്തന്നെ. ഭാര്യയെ കൂട്ടിക്കൊണ്ടു വന്നു പരിചയപ്പെടുത്തി. ആ നിമിഷത്തെ നോവലിസ്‌റ്റ്‌ വർണ്ണിക്കുന്നതിങ്ങനെ.

”ഡോക്‌ടറുടെ ഭാര്യയെ കണ്ടതോടെ കുറേ നേരത്തേക്ക്‌ ഒരു നിശ്ചലപ്രതിമപോലെ നിന്നുപോയി. ജീവിതത്തിൽ ആദ്യമായി ഒരു സ്‌ത്രീയെ കാണുന്നു. ഇവരുടെ മുന്നിൽ മറ്റുള്ള സ്‌ത്രീകളെ ഞാനെങ്ങനെ സ്‌ത്രീയെന്നു വിളിക്കും?“

ഏതോ ഒരു ജന്മാന്തരശക്തി അവരെ പരസ്‌പരം അടുപ്പിച്ചു. (”എന്റെ ഹൃദയത്തിലേയ്‌ക്ക്‌ കടന്നുവന്ന്‌ എന്റെ ശക്തി ദൗർബല്യങ്ങൾ കണ്ടറിഞ്ഞ്‌ എന്നിലെ സർഗ്ഗശക്തിയെ ഉണർത്തി എന്നെ ഞാനാക്കി മാറ്റിയ എന്റെ ദേവി“

ഡോക്‌ടറുടെ വീട്ടിലെ ഒരു മാസത്തെ താമസവും ചികിത്സയും വിശ്രമവും കഴിഞ്ഞപ്പോഴേയ്‌ക്കും ആരോഗ്യം മാത്രമല്ല ഒരു പ്രണയസാമ്രാജ്യം കൂടി കവി സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. തന്നെ 10 പ്രാവശ്യം പ്രസവിപ്പിച്ച്‌ സൗന്ദര്യം നശിപ്പിക്കാനും അതുവഴി അന്യപുരുഷന്മാർക്കു തോന്നാനിടയുള്ള ആകർഷണം ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭർത്താവുമായുള്ള പൊരുത്തക്കേടുകൾ അവർ പങ്കുവെച്ചു. ഒരു പുരുഷന്റെ യഥാർത്ഥ സ്‌നേഹമെന്തെന്ന്‌ അവളറിയുകയായിരുന്നു. ഒരു മാസം ഒരു നിമിഷമെന്നപോലെ കഴിഞ്ഞു. പിരിയാൻ വയ്യാത്ത അവസ്ഥയിലെത്തിയ ആ പ്രണയമിഥുനങ്ങൾ ബന്ധപ്പെടാൻ പല വഴികളും ആസൂത്രണം ചെയ്‌തു. മക്കളുടെ ട്യൂഷൻ, മദ്രാസിൽ നിയമ പഠനത്തിനു പോയ കവിയുടെയൊപ്പം ഉന്നത പഠനത്തിനു ചെന്ന മുതിർന്ന മക്കളെ താമസിപ്പിക്കൽ ഇങ്ങനെ പലതും. അകലങ്ങളിലിരുന്ന്‌ കത്തുകളിലൂടെ കവിയെ നിയന്ത്രിക്കുന്ന പ്രചോദകശക്തിയായി മാറിയ ദേവി അയാളുടെ കവിതകളിലെ വിഷാദാത്മകത മാറ്റണമെന്നു നിർബന്ധിക്കുക വരെ ചെയ്‌തു. പക്ഷേ വിഘ്‌നം കൂടാത്തൊഴുക്ക്‌ ആ അനുരാഗനദിക്കുമുണ്ടായില്ല. ദേവിയെക്കുറിച്ചുള്ളൊരു കവിതയുടെ രചനയിൽ ഊണും ഉറക്കവും വെടിഞ്ഞ്‌ കവി മുഴുകി. അനാരോഗ്യം വകവയ്‌ക്കാതെയുള്ള ആ പ്രവൃത്തി കവിയെ ആസ്‌പത്രിക്കിടക്കയിലെത്തിച്ചു. അബോധാവസ്ഥയിൽ കവി കത്തെന്നും ദേവിയെന്നുമൊക്കെ പുലമ്പുന്നതു കേട്ട്‌ ശുശ്രൂഷകരായിരുന്ന മക്കൾ കോളേജിൽ പോയി അമ്മയുടെ പ്രേമലേഖനം കയ്‌ക്കലാക്കി. മുറിയിലെ പെട്ടി തല്ലിപ്പൊട്ടിച്ച്‌ മറ്റു കത്തുകളും വായിച്ചതോടെ അവർ പ്രതികാരദാഹികളായി. അസുഖം പൂർണ്ണമായി മാറും മുൻപേ കവിയ്‌ക്ക്‌ നാട്ടിലേയ്‌ക്ക്‌ ഒളിച്ചോടേണ്ടിവന്നു. പ്രേമഭാജനം തടവിലുമായി. നാട്ടിൽ കവിയെ കാത്തിരുന്നത്‌ അപവാദങ്ങളും ഒഴിഞ്ഞുമാറലുകളുമായിരുന്നു. പക്ഷേ കുറഞ്ഞൊരു നാളുകൾക്കുള്ളിൽ തൃശ്ശൂരിലെ പ്രസിദ്ധമായ പ്രസിദ്ധീകരണശാലയിൽ ജോലി ലഭിക്കുകയും സൽപ്പേരും നല്ല സാമൂഹ്യബന്ധങ്ങളും ഉണ്ടാവുകയും ചെയ്‌തു. പിണങ്ങിപ്പോയ ഭാര്യ മടങ്ങിവന്ന്‌ സുഖകരമായ ഗൃഹാന്തരീക്ഷത്തിൽ സന്തോഷകരമായ ദാമ്പത്യമാരംഭിച്ചു. സാഹിത്യജീവിതവും നല്ല നിലയിൽ മുന്നേറിക്കൊണ്ടിരുന്നു. വിധി പിന്നെയും ക്രൂരത കാണിച്ചതപ്പോഴാണ്‌. നിലവാരമില്ലാത്ത 2 കൃതികൾ ശുപാർശ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പ്രസിദ്ധീകരണ ശാലയുടെ ഉടമയുടെ ചെറിയൊരപ്രീതി നേരിടേണ്ടി വന്നു. മനസ്സ്‌ ചഞ്ചലമായിരുന്ന ആ വേളയിൽ ആയുർദോഷം പ്രവചിച്ചുകൊണ്ടാരു ജോത്സ്യനെ കാണാനുമിടയായി. ഒടുവിൽ ജനിച്ച പ്രിയപ്പെട്ട സന്താനത്തിന്റെ വേർപാടും കൂടിയായപ്പോൾ കവി തൃശ്ശൂരിലെ വീടും പറമ്പും വിറ്റ്‌ ജന്മനാട്ടിലേയ്‌ക്ക്‌ മടങ്ങി. അസ്വസ്ഥതകൾ മനസ്സിൽ നിന്ന്‌ ശരീരത്തിലേയ്‌ക്ക്‌ വ്യാപരിക്കാനാരംഭിച്ചു.

കോയമ്പത്തൂരിലെ പരിശോധനയുടെ ഫലം നിരാശജനകമായിരുന്നു. ”ശ്വാസകോശങ്ങൾ ഉണ്ടെന്നല്ലാതെ അവയെക്കൊണ്ടിനി ഒരു പ്രയോജനവുമില്ല. മരണം ഏതു നിമിഷത്തിലും സംഭവിക്കാം.“ പിന്നെയുണ്ടായത്‌ ഏറ്റവും ഗതികെട്ട കാലമായിരുന്നു. ആരും കാണാൻ വരാനില്ലാതെ, ആരും സഹായിക്കാനില്ലാതെ. കടംകൊടുത്തവരും സഹായിച്ചവരുമൊന്നും തിരിഞ്ഞുനോക്കുന്നില്ല. ആ സമയത്താണ്‌ ‘മധ്യതിരുവിതാംകൂറിലെ സരസനായ ആ നിയമബിരുദധാരി’ കൂട്ടുകാരുമൊത്ത്‌ കാണാൻ വന്നത്‌. കവിയുടെ മുഷിഞ്ഞ വേഷവും കിടപ്പും മുറിയുടെ അകവുമൊക്കെക്കണ്ട അദ്ദേഹത്തിന്‌ മലയാളത്തിലെ പ്രശസ്തനും ഒരു കാലത്ത്‌ സമ്പന്നനുമായിരുന്ന കവിയുടെ ഇന്നത്തെ അവസ്ഥ ബോദ്ധ്യപ്പെട്ടു. അദ്ദേഹത്തിന്റെ പത്രപ്രസ്‌താവനയിലൂടെ കവിയുടെ നിസ്സഹായത മലയാളക്കരയാകെ എത്തിച്ചേർന്നു.

അതോടെ കവിയെത്തേടി പണത്തിന്റെ പ്രവാഹമായി. ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവർ, നിരക്ഷരരായ സാധാരണക്കാർ വരെ സ്വരുക്കൂട്ടിവച്ച ചെറിയ തുകകൾ എത്തിക്കുന്നു. അപ്പോൾ കവിക്കു മോഹമായി. ”മനുഷ്യരാശിക്കു പ്രയോജനപ്പെടുന്ന രചനകൾ ഇനിയുമെഴുതണം“ പക്ഷേ അതുണ്ടായില്ല. സ്വർഗ്ഗത്തിൽ നിന്നും വന്ന അപ്‌സരസ്സ്‌ കവിയോടു പറഞ്ഞൂ ”വരൂ സമയമായി.“

കഥ തുടങ്ങുന്ന വേളയിലും അവസാനിപ്പിക്കുമ്പോഴും സ്വപ്നാത്മകമായ അന്തരീക്ഷം സൃഷ്‌ടിച്ചിരിക്കുന്നതിനെപ്പറ്റി അഭിനന്ദനപൂർവ്വം അവതാരികയിൽ ശ്രീ.എം.കെ.സാനു പ്രസ്താവിക്കുന്നുണ്ട്‌. ചങ്ങമ്പുഴക്കവിതയിലെ ജീവിത ചിത്രണത്തിന്റെ സ്വപ്‌നാത്മകഭാവവുമായി ഈ നോവലിന്റെ ഭാവം ഇണങ്ങിച്ചേരുന്നതായി അദ്ദേഹം സൂചിപ്പിക്കുന്നു. ലഹരിപിടിപ്പിക്കുന്ന വേദനയുമായി മരണത്തിലേയ്‌ക്ക്‌ നടന്നടുത്തുകൊണ്ടിരിക്കുന്ന കവിയുടെ കാളരാത്രിയിലെ ഓർമ്മകളുടെ പ്രവാഹത്തിന്റെ ചിത്രണമായിട്ടാണല്ലോ നോവൽ ഇതൾ വിരിയുന്നത്‌.

ചില അദ്ധ്യായങ്ങൾ ആരംഭിക്കുമ്പോൾ അനുവാചകനെ വിശ്വാസം പോരാഞ്ഞിട്ടെന്നവണ്ണം കഴിഞ്ഞ ഭാഗങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ഓർമ്മ പുതുക്കാനായി ആവർത്തിച്ചിരിക്കുന്നു. ചിലേടങ്ങളിൽ ആവർത്തനം അരോചകമായി അനുഭവപ്പെടുന്നു. പക്ഷേ മറ്റു പലേടങ്ങളിലും ധ്വനിമധുരമായും വ്യംഗ്യഭംഗിയോടെയും ഒതുക്കിപ്പറയാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്‌. മറ്റൊരാളുടെ കയ്യിൽ വിലാസലോലമായി മാംസളമായി വികസിച്ചുപോയേക്കാവുന്ന രംഗങ്ങളെ സഭ്യതയുടെ അതിൽവരമ്പു കടക്കാതെ വർണ്ണിക്കുന്നതിൽ ശ്രീ. ചന്ദ്രശേഖരൻ കാണിച്ചിരിക്കുന്ന കയ്യടക്കം ശ്രദ്ധേയമാണ്‌. ഇവിടെ വേണമെങ്കിൽ ഒരു ചോദ്യം ഉയർന്നേയ്‌ക്കാം. പരസ്‌ത്രീഗമനത്തിൽ തല്‌​‍്പരനായിരുന്നു എന്ന അപവാദം നേരിടേണ്ടിവന്ന കവിയെ വെള്ളതേച്ചു കാണിക്കാൻ ഇത്രയേറെ സന്ദർഭങ്ങൾ ഉണ്ടാക്കേണ്ടിയിരുന്നോ? 95 ശതമാനം സന്ദർഭങ്ങളിലും നായകൻ തികച്ചും നിരപരാധിയായി ചിത്രീകരിക്കുകയും ചെയ്‌തിരിക്കുന്നു.

ചങ്ങമ്പുഴയുടെ കവിതകളിൽ ആത്മപരത ഏറ്റവുമേറി നിൽക്കുന്ന ”പാടുന്ന പിശാചി“ലെ ആശയങ്ങളും വരികളും ചേരേണ്ടിടത്തു ചേർന്നുകാണുന്നത്‌ കവിയുടെ ആരാധകർക്ക്‌ സന്തോഷമുളവാക്കും. പാടുന്ന പിശാച്‌ മാത്രമല്ല ചങ്ങമ്പുഴയുടെ നിരവധി ഈരടികളും ആശയങ്ങളും സന്ദർഭോചിതമായി ഉപയോഗിച്ചു കാണുന്നു.

വേദന തിന്നുമ്പോഴും ശ്രുതിമധുരമായി പാടേണ്ടിവന്ന ദൗർഭാഗ്യകരമായ അവസ്ഥയെക്കുറിച്ച്‌ ചങ്ങമ്പുഴ പറഞ്ഞിട്ടുണ്ട്‌. അതുപോലെ തെറ്റു ചെയ്യാതെ പഴി കേൾക്കേണ്ടിവന്ന ഗതികേടിനെക്കുറിച്ചും. ‘ഗന്ധർവ്വ സ്‌പന്ദ’ത്തിൽ നോവലിസ്‌റ്റും അക്കാര്യങ്ങൾ ആവർത്തിക്കുന്നു. അതിനു കാരണം തേടിപ്പോകുമ്പോൾ ദേവേന്ദ്രശാപവും ജാതകദോഷവുമെന്ന പോലെ ഒരു പൂർവ്വികന്റെ കഥയും നോവലിസ്‌റ്റ്‌ അവതരിപ്പിക്കുന്നുണ്ട്‌. എത്ര വിശ്വസ്തതയോടെ സേവിച്ചിട്ടും ഒടുവിൽ നാടുവാഴിയുടെ വെറുപ്പിനിരയായി ഭ്രഷ്‌ടു കല്പിക്കപ്പെട്ട്‌ അപമാനം താങ്ങാനാവാതെ ആത്മാഹൂതി ചെയ്‌ത ഒരു പടത്തലവൻ കാരണവർ. ” നാടുവാഴിയുടെ മുന്നിൽ ആത്മാർത്ഥത തെളിയിക്കാൻ ആത്മാഹൂതി നടത്തിയ കാരണവർക്ക്‌ ദേവീക്ഷേത്രത്തിലെ കുടിയിരുത്തലു കൊണ്ടൊന്നും അടങ്ങാനായില്ല എന്നതിന്റെ തെളിവല്ലേ ഈയുള്ളവൻ പേറുന്ന ജന്മശാപം?“ എന്നു കഥാനായകനെക്കൊണ്ട്‌ ചോദിപ്പിക്കുന്ന നോവലിസ്‌റ്റിന്റെയുള്ളിൽ ചങ്ങമ്പുഴയെന്ന മഹാപ്രതിഭയോടുള്ള അതിരറ്റ പക്ഷപാതം നിറയുന്ന കാഴ്‌ച കാണാം.

ഒരു പുരുഷായുസ്സിന്റെ പകുതിപോലും കടക്കാനാകാത്ത ഒരെഴുത്തുകാരൻ ചെയ്‌തുവച്ച കവികർമ്മം വിശ്വസാഹിത്യചരിത്രത്തിൽ തന്നെ ഒരത്ഭുതമാണ്‌. ആ അത്ഭുതത്തെ ഒരു സ്വതന്ത്രാഖ്യായികാ രചനയിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അഭിമാനിക്കാൻ നോവലിസ്‌റ്റിനു വകയുണ്ട്‌.

സ്വർഗ്ഗത്തിൽ നിന്നു വന്ന അപ്‌സരസ്സ്‌ കവിയോട്‌ പറഞ്ഞ വാക്കുകൾ - ”ഈ ഭാഷ നിലനിൽക്കുന്നിടത്തോളം കാലം നീയും നിന്റെ പേരും നിലനിൽക്കും. ഭാഷാസ്‌നേഹികൾ പോകുന്നിടത്തൊക്കെ നീയുണ്ടാകും. നിന്റെ കൃതികൾ അനശ്വരമായിരിക്കും........... അവ വീണ്ടും വീണ്ടും വായിക്കപ്പെടും “ സത്യമായി കലാശിക്കും എന്ന്‌ കഴിഞ്ഞ കാലം തെളിയിച്ചു. തുടർന്നുള്ള കാലവും അതു തെളിയിക്കുക തന്നെ ചെയ്യും. ഭൂമിയിൽ നിലാവും പൊൻവെയിലും പൂക്കളും ശലഭങ്ങളും പ്രേമവും സംഗീതവും ഉള്ളിടത്തോളം കാലം ചങ്ങമ്പുഴക്കവിതയ്‌ക്കും നിലനില്പുണ്ടാവും.

Previous Next

സുധാ ബാലചന്ദ്രൻ

9C, Manimeda, Autumn Dale, Vidyanagar, Kochi 682020
Phone: 0484- 2323372




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.