പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

ചരിത്രരചനയിലെ ശാസ്ത്രീയത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം എസ് ഡാനി

ഒരു നാടിന്റെ ചരിത്രം , ഭരിക്കാനായി ജനിച്ച ചില വ്യക്തി പ്രതിഭകളുടെ സംഭാവനകളോ ഭരണനടപടികളോ ആണെന്ന നിലയിലുള്ള ചരിത്രമാണ് കഴിഞ്ഞ കാലങ്ങളില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി നമ്മുടെ തല‍മുറക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ ചില ആണ്ടുതീയതികളും ഭരണപരിഷ്കാരങ്ങളും ഉരുവിട്ടു പഠിക്കാന്‍ നിര്‍ബന്ധിതമായി എന്നതിനാലാണ് ചരിത്രക്ലാസ്സുകള്‍ പൊതുവെ വിരസമായത്. എന്നാല്‍ സമൂഹത്തിലെ ക്രിയാത്മകചലനങ്ങളുടെ ഏറിവരുന്ന സമ്മര്‍ദങ്ങളില്‍നിന്നും ഉരുത്തിരിയുന്ന നേതൃത്വമാണ് ജനാഭിലാഷങ്ങള്‍ക്ക് രൂപം നല്‍കുന്നതും അത് സാക്ഷാല്‍ക്കരിക്കാന്‍ മുന്നിട്ടിറങ്ങുന്നതും അതിനര്‍ഥം വ്യക്തി പ്രതിഭകള്‍ക്ക് ഇവിടെ കാര്യമൊന്നുമില്ലെന്നില്ല. മറിച്ച് അത്തരം പ്രതിഭകള്‍ പിറവിയെടുക്കുന്നതില്‍ ചരിത്രം ഏല്‍പ്പിക്കുന്ന ജനകീയസമ്മര്‍ദ്ദങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്നാണ്‍ വി. ഐ ലെനിന്റെ സമകാലികനും സഹപ്രവര്‍ത്തകനുമായ ജി. വി പ്ലഹാ‍നൊവ് അഭിപ്രായപ്പെടുന്നത്. ചുരുക്കത്തില്‍ ഒരു നാടിന്റെ ചരിത്രം ഒരു ജനതയുടെ ഇച്ഛാശക്തി വിളംബരം ചെയ്യുന്ന ഫലപ്രദമായ ജനകീയ ഇടപെടലിന്റെ പ്രതിഫലനമാണെന്നു വരുന്നു. ഇത് ചരിത്രസംഭവങ്ങളുടെ മാത്രം കാര്യമല്ല മറിച്ച് ചരിത്രരചനയുടെ കാര്യത്തിലും ഏറെ ശരിയാണ്. ചരിത്ര നിര്‍മ്മിതിയുടെ ഈ മാക്സിയന്‍ സമീപനമാണ് കേരളത്തിന്റെ സമീപഭൂതകാലത്തെ സംബന്ധിച്ച് ശ്രീമതി ജെസ്സി നാരായണന്‍ നടത്തുന്ന പഠനത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്.

ഒരു ജനതയുടെ സാംസ്ക്കാരികത്വം എന്ന് നിലയില്‍ ഭാഷ അടിസ്ഥാനമാക്കി വേണം സംസ്ഥാനങ്ങള്‍ രൂപീകരിക്കേണ്ടത് എന്ന് അമ്പതുകളുടെ ആദ്യപകുതിയില്‍ ഇടതുപക്ഷം മുന്നോട്ടു വച്ച നിലപാടുകള്‍ വലിയ വിവാദങ്ങള്‍ക്കും ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും വഴിതെളിച്ചു. ഈ വിവാദങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ഒടുവില്‍ ഭാഷാസംസ്ഥാനരൂപീകരണം എന്ന ആശയം ഇന്ത്യാഗവണ്മെന്റ് അംഗീകരിച്ചു. കോണ്‍ഗ്രസ്സിന്റെ ദേശീയനേതൃത്വത്തിനോ അതിന്റെ പ്രാദേശിക ഘടങ്ങള്‍ക്കോ ആ ഘട്ടത്തിലൊന്നും നിര്‍ദ്ദേശത്തോട് യോജിപ്പുണ്ടായിരുന്നില്ല കേരളസംസ്ഥാന രൂപീകരണം മാത്രമല്ല, വിശാല ആന്ധ്രക്കുവേണ്ടി ശ്രീരാമലുവിന് നിരാഹാരപ്പന്തലില്‍ ജീവത്യാഗം ചെയ്യേണ്ടി വന്നതും സമീപകാലചരിത്രത്തിന്റെ ഭാഗമാണ്. ഈ ഗ്രന്ഥത്തിലെ ആദ്യ അധ്യായത്തില്‍ അതു പരാമര്‍ശിക്കുന്നുണ്ട്. തിരുവതാം കൂര്‍ കൊച്ചി മലബാര്‍ മേഖലകളുടെ ഏകീകരണത്തെ സംബന്ധിച്ച് കോണ്‍ഗ്രസ്സിന്റെയും പി എസ് പി അടക്കമുള്ള വലതുപക്ഷത്തിന്റെയും നിരര്‍ഥകമായ വാദമുഖങ്ങള്‍ ഈ ഭാഗത്തുനിന്നും വാ‍യിച്ചെടുക്കാം.

ഒരു പ്രദേശത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ ജനസമൂഹത്തിന് വിധിനിര്‍ണ്ണായക പങ്കുണ്ടെന്ന് യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇ. എം. എസിന്റെ വ്യക്തിപ്രഭാവവും ക്രാന്തദര്‍ശികത്വ വും ഈ ജനമുന്നേറ്റത്തിന്റെ കൂടി ഉല്‍പ്പന്നമാണെന്ന ബോധത്തിലാണ് ഗ്രന്ഥകാരി ഈ വസ്തുതകള്‍ വിശകലനം ചെയ്യുന്നത്. ബാലറ്റിലൂടെ അധികാരത്തിലെത്തുന്ന ലോകത്തിലെ അദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് 1957 -ലെ ഇ. എം. എസ് സര്‍ക്കാരാണെന്ന പരാമര്‍ശമാണ് ഇവിടെ സൂചിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ ഈ പ്രസ്താവം ശരിയാണെന്നു സമ്മതിക്കാം എന്നാല്‍ ആ ഗവണ്മെന്റിന് നേതൃത്വം നലകിയ ഇ. എം. എസ് ഇതൊരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ലെന്നു മുഖ്യമന്ത്രിയെന്ന നിലയില്‍ ലഭിച്ച ആദ്യസന്ദര്‍ഭത്തില്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ഭരണഘടനക്കു വിധേയമായി പ്രവര്‍ത്തിക്കാനല്ലാതെ , കമ്മ്യൂണിസ്റ്റ് പാര്‍ട്ടിവിഭാവന ചെയ്യുന്ന രീതിയില്‍ ഒരു വിപ്ലവഗവണ്മെന്റിന്റെ നയങ്ങളും നടപടികളുമായി മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം അന്നേ വെളിപ്പെടുത്തിയിരുന്നു. തന്റെ ഗവണ്മെന്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളല്ല സ്വീകരിക്കുകയെന്നും ദേശീയ വിമോചനപോരാട്ടത്തിന്റെ ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് മുന്നോട്ടു വച്ചതൊന്നും അധികാരം ലഭിച്ചപ്പോള്‍ അവര്‍ വിസ്മരിച്ചതുമായ ആശയങ്ങളും നടപടികളും പ്രായോഗികമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ( പടിഞ്ഞാറന്‍ ബംഗാളിലെ സി. പി. ഐ (എം.) മുഖ്യമന്ത്രി ഭുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞതും പുതിയ കാര്യമല്ല. ചെദ്ദിജഗാന്റെ നേതൃത്വത്തില്‍ കരീബിയന്‍ രാഷ്ട്രമായ ഗയാനയില്‍ 1953 - ല്‍ തന്നെ ആദ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ് അധികാരമേറ്റിരുന്നു. പീപ്പിള്‍സ് പ്രോഗ്രസീവ് പാര്‍ട്ടി എന്ന് പേരിലാണ് ആ ഗവണ്മെന്റ് രൂപീകരിച്ചതെങ്കിലും അതിനെ അട്ടിമറിക്കാന്‍ യു.എസ്. എ കണ്ടെത്തിയ ന്യായം അതൊരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് എന്നതാണ്.

നവോത്ഥാന പ്രസ്ഥാനത്തെ തുടര്‍ന്ന് കേരളത്തില്‍ കരുത്താര്‍ജ്ജിച്ച കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ പ്രത്യക്ഷദൃഷ്ടാന്തമാണ് ഇന്നത്തെ കേരളം. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ടൊരു നിലനില്‍പ്പ് കേരളത്തിന് അവകാശപ്പെടാവുന്നത് അത് സ്വായത്തമാക്കിയ ഇടതുപക്ഷമനസിന്റെ ജ്വലിക്കുന്ന സാന്നിധ്യമാണ്. തിരിച്ചടികളും കയറ്റിറക്കങ്ങളും ഉണ്ടാകുമെങ്കിലും കേരളം പുരോഗതിയുടെ പാതയില്‍ ഉറച്ചുനില്‍ക്കാന്‍ മറ്റൊരു കാരണമില്ല.

കേരളത്തിന്റെ പുരോഗതിയില്‍ ഇ എം എസ് , പട്ടം താണുപിള്ള , ആര്‍ ശങ്കര്‍, സി. അച്യുതമേനോന്‍ , കെ. കരുണാകരന്‍, എ. കെ. ആന്റ്റ്ണി, പി. കെ വാസുദേവന്‍ നായര്‍ , ഇ. കെ നായനാര്‍, സി. എച്ച് മുഹമ്മദ് കോയ, ഉമ്മന്‍ ചാണ്ടി, വി. എസ്, അച്യുതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ മുന്നണി സര്‍ക്കാരുകളുടെ സംഭാവനകള്‍ ഈ കൃതിയില്‍ കൃത്യമായി വിലയിരുത്തപ്പെടുന്നുണ്ട്. അക്കാദമികമായ ഒട്ടേറെ അറിവുകളും ഇതില്‍ നിന്നും ലഭിക്കും. ഐക്യകേരളപ്പിറവിക്കുമുമ്പ് നിലവിലിരുന്ന പ്രാദേശിക ഗവണ്മെന്റുകളുടെ പ്രധാനമന്ത്രിമാരോ മുഖ്യമന്ത്രിമാരോ ആയിട്ടുള്ള ജനകീയ നേതാക്കളുടെ ഭരണത്തെ സംബന്ധിച്ചുള്ള വിശകലനങ്ങള്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നതിനാല്‍ ഒരു സമഗ്ര ത കൈവരുന്നു. കേരളത്തിന്റെ സമകാലീക രാഷ്ട്രീയ ചരിത്രം തേടുന്നവര്‍ക്ക് ശ്രീമതി ജെസി നാരായണന്‍ രചിച്ച ഈ ഗ്രന്ഥം വലിയ അനുഗ്രഹമായിരിക്കും എന്നതില്‍ പക്ഷാന്തരമില്ല.

കേരളത്തിലെ മുഖ്യമന്ത്രിമാര്‍ - ജെസ്സി നാരായണന്‍

പ്രസാധനം -- സിതാര ബുക്സ്

പേജ് - 112

വില -90

Previous Next

എം എസ് ഡാനി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.