പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

നിലപാടുകളിൽ അയവില്ലാത്ത സാമൂഹ്യചിന്തയുടെ സ്‌നിഗ്‌ദ്ധരേഖ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം. തോമസ്‌ മാത്യു

അരനൂറ്റാണ്ടിനും അപ്പുറമുള്ള കഥയാണ്‌. റോസി തോമസ്‌ ഒരു ലേഖനമെഴുതി പ്രസിദ്ധീകരിക്കുന്നു. ഉടനെ വരുന്നു ചിലരുടെ നസ്യംഃ സി.ജെ.തോമസ്‌ ഭർത്താവായി ഉണ്ടെങ്കിൽ ഒരു ലേഖനം എഴുതി പ്രസിദ്ധീകരിക്കാനാണോ റോസിക്കു പ്രയാസം? ഭർത്താവായി സി.ജെ. മാത്രമല്ല പിതാവായി സാക്ഷാൽ എം.പി. പോളുമുണ്ട്‌ എന്ന്‌ തിരിച്ചടിക്കാനുള്ള തന്റേടമൊന്നും അന്ന്‌ അവർക്ക്‌ ഉണ്ടായിരുന്നില്ല. എന്നാൽ, സി.ജെയുടെ ലേഖനമാണ്‌ തന്റെ പേരിൽ വരുന്നതെന്ന അപവാദം സഹിക്കാതിരിക്കാനുള്ള തന്റേടവും കുറുമ്പും അവർക്കുണ്ടായിരുന്നു. ആളുകളുടെ നാവടക്കാൻ പോരുന്ന തെളിവുകളൊന്നും ഹാജരാക്കാനില്ലാത്തതുകൊണ്ടാവാം, തല്‌ക്കാലം അവർ എഴുത്തു പണി നിർത്തി. ജീവിതത്തിലെ മറ്റ്‌ അനേകം വ്യഗ്രതകളും ചുമതലകളും ആ വഴിക്കു തിരിയാൻ സമ്മതിക്കുന്നതായിരുന്നുമില്ല. ചില കാലങ്ങൾ അങ്ങനെ പോയി. അതിനിടയിൽ അപ്പൻ പോയി, നിർദ്ദയമായ കാലം സി.ജെയെയും കൊണ്ടുപോയി. തളർന്നിരുന്നാൽ പറ്റുകയില്ല. തനിക്ക്‌ ഭാരമേറിയ ചുമതലകളുണ്ട്‌. ജീവിതത്തെ നേരിടാതെ വയ്യ എന്നു കണ്ടപ്പോൾ അവർ പുറമേയ്‌ക്കുള്ള തിരകൾ അടക്കി, കർമ്മങ്ങളിൽ മുഴുകി. മനസ്സിന്റെ അടിയിലുള്ള ചുട്ട പ്രവാഹങ്ങൾ നിലച്ചു എന്നല്ല അതിന്‌ അർത്ഥം. കാലം നല്ല വൈദ്യനും ഔഷധവുമാണ്‌ എല്ലാ വേദനകളെയും ആറ്റിക്കൊള്ളും എന്ന്‌ ഉദാസീനത കൊള്ളുന്നവർ കാര്യം അറിയുന്നവരല്ല. ഉറ്റവർ വേർപെട്ട വേദന ഒരിക്കലും ആറിത്തണുക്കുന്നില്ല. അന്യലോചനങ്ങൾക്കു ഗോചരമാകുന്ന ബാഹ്യപ്രകടനങ്ങൾ നിയന്ത്രിക്കാനുള്ള തന്റേടം കൈവരുന്നൂ എന്നു മാത്രം. ഉൾക്കളം പൊള്ളിക്കുന്ന ഒരു അംലസാന്നിദ്ധ്യമായി അത്‌ എന്നും അവിടെ ഉണ്ടായിരിക്കും. അന്യർക്കു പ്രവേശനമില്ലാത്ത ഒരു സ്വകാര്യസ്വത്തായി ദുഃഖം മാറുന്ന അവസ്‌ഥയാണത്‌. സഹതാപരൂപത്തിൽ പോലും അന്യർക്ക്‌ അതിൽ ഇടപെടാൻ അവകാശമില്ല. ഏകാന്തതയിൽ ഉണർന്നസ്‌തമിക്കുന്ന ഒരു നെടുവീർപ്പോ തേങ്ങലോ മാത്രമാണ്‌ അതിന്റെ പ്രകാശന രീതി.

അപ്പോൾ ദുരനുഭവങ്ങളെക്കുറിച്ച്‌ എഴുതുന്നതോ എന്നൊരു ചോദ്യം അക്ഷാന്തമായ ഔത്‌സുകൃത്തോടെ ചാടി പുറപ്പെടുന്നത്‌ കാണാതെ പോയിക്കൂടാ. അക്കാര്യത്തിൽ ദൃഷ്‌ടി ഊന്നാൻ വേണ്ടിത്തന്നെയാണ്‌ ഇത്രയെങ്കിലും ഇത്‌ വിസ്‌തരിക്കാമെന്നു വെച്ചത്‌. ഇവൻ എന്റെ പ്രിയ സി.ജെ-യെ മുൻനിർത്തിയാണല്ലോ ഇക്കാര്യം വിസ്‌തരിക്കേണ്ടത്‌. മനസ്സിന്റെ മുറിവുകൾ തുറന്നുവെച്ച്‌ ഈച്ചയാട്ടിക്കൊണ്ടിരിക്കാനോ അന്യരുടെ സഹതാപത്തിനു യാചിക്കാനോ ഈ കൃതി തുനിയുന്നില്ല. അതിൽ വേർപാടിന്റെ ദുഃഖം തീരെ അപ്രത്യക്ഷമായിരിക്കുന്നു എന്നല്ല പറഞ്ഞുകൊണ്ടു വരുന്നത്‌. സാന്ദ്രീഭവിച്ച ദുഃഖം തന്നെയാണ്‌ ആ രചനയ്‌ക്ക്‌ അടിയിലുള്ളത്‌. എന്നാൽ, ദുഃഖത്തിന്റെ പ്രകടനമല്ല ദുഃഖത്തെ അടക്കാനും രോധിക്കാനും നടത്തുന്ന ശ്രമങ്ങളാണ്‌ പ്രത്യക്ഷത്തിൽ കാണുന്നത്‌. എല്ലാ സഹതാപവും ഒതുക്കി ഈ ധീരതയെ അനുമോദിക്കാനാണ്‌ വായനക്കാർക്കു തോന്നുക. ഘനീഭൂതമായ ദുഃഖത്തിന്റെ പശ്ചാത്തലം ആ അനുമോദനത്തെ സാർത്ഥകമാക്കുകയും ചെയ്യുന്നു. ഒപ്പം നാം ശ്രമിക്കേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്‌. ഭാവശുദ്ധിയുള്ള ഭാരതസ്‌ത്രീ ഭർത്താവിന്റെ ഒരു തങ്കവിഗ്രഹമുണ്ടാക്കി പളുങ്കുകൂട്ടിനുള്ളിൽ പ്രതിഷ്‌ഠിച്ച്‌ ഇരുവശങ്ങളിലും ഓരോ മെഴുകുതിരി കത്തിച്ചുവെച്ച്‌ പൂജ നടത്തിയില്ലെങ്കിൽ അങ്ങനെയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന്‌ തോന്നിപ്പിച്ചുകൊണ്ടിരുന്നില്ലെങ്കിൽ, സതീധർമ്മത്തിൽ നിന്നു വ്യതിചലിച്ചുപോയി എന്നു പരിതപിക്കുന്ന അനുഗൃഹീത നാട്യവിശാരദന്മാരുണ്ട്‌. അവരെക്കുറിച്ച്‌ അത്രയൊന്നും മതിപ്പു സൂക്ഷിക്കുന്ന ആളല്ല റോസി തോമസ്‌. സഹധർമ്മചാരിത്വം എന്നു പറഞ്ഞാൽ പവിത്രമായ അടിമപ്പണി എന്നാണ്‌ അർത്ഥമെന്നും അവർക്കു വിചാരമില്ല. താൻ ഏറെ എതിർപ്പുകൾ നേരിട്ട്‌ കൈപിടിച്ച്‌ ഭർത്തൃപദവിയിൽ അവരോധിച്ചയാൾ ഒരു മനുഷ്യനാണെന്നും മനുഷ്യനാകയാൽ പലവിധ വീഴ്‌ചകളും കുറവുകളും ഉള്ളവനാണെന്നും അറിയുന്നവളും അങ്ങനെ അറിയുന്നതിൽ യാതൊരു അപാകതയും ഇല്ലെന്നു വിചാരിക്കുന്നവളുമാണ്‌ റോസി തോമസ്‌.

ഇവൻ എന്റെ പ്രിയ സി.ജെ. എന്ന ഗ്രന്ഥത്തെക്കുറിച്ച്‌ ഇത്രയും ഇവിടെ പറയുന്നതു പ്രസക്തമോ എന്നു വിചാരിക്കുന്നവരുണ്ടാവാം. അതുകൊണ്ട്‌, അതിന്റെ പ്രസക്തി ആദ്യമേ പറഞ്ഞു വെയ്‌ക്കേണ്ടതുണ്ട്‌. ഇവിടെ എന്റെ മുമ്പിൽ ഇരിക്കുന്ന ജാലകക്കാഴ്‌ചയിലെ ഒരദ്ധ്യായം ആ പുസ്‌തകത്തെക്കുറിച്ച്‌ ആണെന്ന വസ്‌തുത ഈ പരാമർശങ്ങളുടെ പ്രാഥമിക തലമാണ്‌. ആ രചന ഖണ്ഡശഃ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ പലതരത്തിൽ ഉണർന്നുവന്ന പ്രതികരണങ്ങളെക്കുറിച്ചു പറയുന്നതാണല്ലോ ആ ലേഖനം. ഏതു കണ്ണുകൊണ്ടാണ്‌ കേരളീയ സമൂഹം എഴുത്തിന്റെ ലോകത്തിലേക്കു കടന്നുവരുന്ന സ്‌ത്രീയെ വീക്ഷിക്കുക, അവരുടെ വാക്കുകളിൽ മനുഷ്യബന്ധങ്ങളുടെ ഏതേതുവശങ്ങൾ എത്രവരെ പ്രതിഫലിക്കാമെന്നാണ്‌ മാന്യതയുടെ കുത്തകപേറി വിരാജിക്കുന്ന വിരുതന്മാരുടെ വിചാരം എന്നിങ്ങനെ പല വഴിക്കും ആലോചനകൾ പായിക്കാൻ നിർബന്ധിക്കുന്നതായിരുന്നു. അക്കാലത്ത്‌ നാനാവശങ്ങളിൽ നിന്നും നിർല്ലോഭമായി കിട്ടിക്കൊണ്ടിരുന്ന പ്രതികരണങ്ങൾ. അതുകൊണ്ട്‌, തന്റെ നിലപാടുകളെ വീണ്ടുവിചാരത്തിനു വിധേയമാക്കി ഉറപ്പിക്കേണ്ടതുണ്ട്‌ എന്ന്‌ റോസി തോമസിനു തോന്നി. സമുദായം എന്ന പെരിയ എടുപ്പിനെ താങ്ങിനിർത്തുന്ന നെടുംതൂണുകളുടെ ധർമ്മം സ്വയം ഏറ്റെടുത്ത്‌ ലോകത്തിന്റെ നല്ല നടപ്പിനുള്ള അച്ചാരം കെട്ടി വിലസുന്നവരുടെ ഇടുങ്ങിയ സങ്കല്‌പങ്ങളെ അണുമാത്രപോലും അലോസരപ്പെടുത്താതിരിക്കാനുള്ള ഉത്തരവാദിത്വം മഷി നിറഞ്ഞ ഒരു പേനയും ആശയങ്ങൾ കുരുക്കുന്ന ഒരു മനസ്സും ഉള്ളവർക്കെല്ലാം ഉണ്ടെന്നു പറയുന്നതിന്‌ സ്‌മൃതിപ്രാമാണ്യം കല്‌പിക്കണമോ എന്ന ചോദ്യത്തിന്‌ ഇല്ല, ഇല്ല എന്ന്‌ ആവർത്തിച്ച്‌ ഉത്തരം പറയുന്നതാണ്‌ ഈ ജാലകക്കാഴ്‌ച.

കുളിച്ചുതോർത്തി നീൾമുടിയറ്റം കുരുക്കിട്ടുകെട്ടി തുളസിക്കതിർ ചൂടി കസവുവേഷ്‌ടിയും മേൽപ്പുടവയും ചാർത്തി ഗ്രാമീണശാലീനത ഉടലെടുത്തതുപോലെ ഞാനിതിലെ പോകുന്നത്‌ നിങ്ങൾ കാണുകയോ അറിയുകയോ ചെയ്‌തില്ലല്ലോ എന്ന ഭാവത്തിൽ ചരിക്കുന്ന കേരളീയ കന്യക ഒരു പ്രരൂഢ രൂപമാണ്‌. അവൾ വാതിൽപൊളി മറഞ്ഞേ നിൽക്കാവൂ. അവളുടെ ശബ്‌ദം പൂമുഖത്തെങ്ങാനും എത്തിപ്പെട്ടുകൂടാ..... എന്നിങ്ങനെ നൂറ്‌ അരുതായ്‌കകളാൽ സ്‌ത്രീത്വത്തിലെ നന്മ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊരു ചിത്രം എടുത്തു വെച്ചു പൂജിക്കാനൊന്നും റോസി തോമസ്‌ ഒരുക്കമല്ല. വിധി ഒരു ദുരന്തമായി ജീവിതത്തിലേക്കു കടന്നുവന്നപ്പോൾ ആദ്യത്തെ നടുക്കം വിട്ടുമാറിയ നിമിഷം മുതൽ ഞാൻ താളടിയാവുകയില്ല. എന്റെ ചുമലിലേക്കു വന്ന ഭാരം ഞാൻ ചുമക്കുകതന്നെ ചെയ്യും, എന്ന ദൃഢ നിശ്ചയത്തിന്റെ ബലം ഇരുകാലുകളിലേക്കും പകർന്നു നിവർന്നു നിന്നതാണ്‌ അവരുടെ ഭൂതകാല ചരിത്രം. ജീവിതത്തെക്കുറിച്ചും ജീവിതസംഭവങ്ങളെക്കുറിച്ചും ഇരുപുറവും ഇളക്കി ചിന്തിക്കാനും തന്റെ നിലപാടെന്താണ്‌ എന്ന്‌ നിശ്ചയിക്കാനും പ്രേരിപ്പിക്കുന്നതായിരുന്നു ആ അനുഭവങ്ങൾ. ആ ചിന്തയേയും വിലയിരുത്തലിനേയും പ്രോത്സാഹിപ്പിക്കുന്ന വിധമാണ്‌ ബന്ധുക്കളും സുഹൃദ്‌ജനങ്ങളും പെരുമാറിയത്‌. തങ്ങൾ വരച്ചുവെച്ച വര വിട്ട്‌ ഒരു പെണ്ണ്‌ നടക്കാൻ തുടങ്ങിയാൽ ക്ഷമിച്ചുകളയാം എന്നു വിചാരിക്കാൻ മാത്രം ഔദാര്യം ആരെയാണ്‌ അനുഗ്രഹിച്ചിട്ടുള്ളത്‌! പോരെങ്കിൽ സമുദായത്തിന്റെ സദ്‌വൃത്തികൾക്കെല്ലാമുള്ള ഉത്തരവാദിത്വം അവർ സ്വയം ഏറ്റെടുക്കുകയും ചെയ്‌തിരിക്കുന്നു.!

നമ്മുടെ സമൂഹം സ്‌ത്രീയുടെ നേരെ കാണിക്കുന്ന പരാഭവങ്ങളുടെയും അത്യാചാരങ്ങളുടെയും നേരേ രോഷം കൊള്ളുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന പല പല ലേഖനങ്ങളുണ്ട്‌ ഈ ജാലകക്കാഴ്‌ചയിൽ. തനിക്ക്‌ അനുഭവിക്കേണ്ടി വന്നത്‌ തന്റെ ഇളയ സഹോദരികൾക്ക്‌ അനുഭവിക്കാൻ ഇടവരരുത്‌ എന്ന കരുതൽ അവയിലെല്ലാം പ്രകടമാണ്‌. അതുപോലെ കെട്ടിയെഴുന്നെള്ളിക്കാൻ പാകത്തിൽ നിന്നുകൊടുക്കുന്ന സ്‌ത്രീകളെക്കുറിച്ച്‌ റോസി തോമസിനു പുച്ഛമാണ്‌. അന്തസ്സോടെ ജോലി ചെയ്‌തു വ്യക്തിത്വം സ്‌ഥാപിച്ചു ജീവിക്കാൻ ഒരുക്കമില്ലാതെ കളിപ്പാട്ടമായി കഴിയാൻ സ്‌ത്രീ മടിക്കാത്തതുകൊണ്ടല്ലേ പുരുഷലോകം അവളെ ഗൗരവമായി എടുക്കാത്തതെന്ന്‌ അവർ ചോദിക്കുന്നു. അലങ്കരിക്കപ്പെട്ടും ഓമനിക്കപ്പെട്ടും ജീവിക്കുന്നതിൽ കഥയില്ല. അത്‌ ജീവിതം പോലുമല്ല. അന്തസ്സുള്ള വ്യക്തിയായി സമൂഹം അംഗീകരിക്കണമെങ്കിൽ സ്‌ത്രീ ആദ്യം ചെയ്യേണ്ടത്‌ തന്റെ പോമറേനിയൻ കൗതുകഭാവം ഉരിഞ്ഞെറിയുകയാണ്‌. പക്ഷേ, മിക്കവർക്കും ഇഷ്‌ടം ഇങ്ങനെ പ്രത്യക്ഷപ്പെടാനാണ്‌. റോസി തോമസിന്റെ ലേഖനങ്ങളുടെ അന്തർധാരയായി കാണുന്ന ഹാസ്യം ഇതിനെക്കുറിച്ചുള്ള സങ്കടം പരിവർത്തിച്ച്‌ ഉണ്ടാകുന്നതാണ്‌. അതുകൊണ്ടാണ്‌ ആ ഹാസ്യത്തിന്‌ പരദൂഷണ വ്യഗ്രത ലവലേശം ഇല്ലാത്തത്‌. അത്‌ ഒരു വ്യക്തിയേയും മുറിപ്പെടുത്തുന്നില്ല. അതിന്റെ വേധനലക്ഷ്യം ചില അന്ധവിശ്വാസങ്ങളും പൊങ്ങച്ചങ്ങളും പൊള്ളയായ ആചാരങ്ങളും സമൂഹം പോറ്റുന്ന ദുഷ്‌കൃതികളുമാണ്‌.

ഞാൻ പറയാൻ ശ്രമിക്കുന്നത്‌ ഇതാണ്‌. ജാലകക്കാഴ്‌ചയിലൂടെ കടന്നുപോകുന്ന വായനക്കാരൻ ഉറച്ച നിലപാടുകളും സ്‌നിഗ്‌ദ്ധമായ ഹൃദയവുമുള്ള ഒരു ഗ്രന്ഥകർത്ത്രിയെ സന്ധിക്കുന്നു. അവർ നിങ്ങളെ സ്‌നേഹിക്കുന്നു. പക്ഷേ, നിങ്ങളുടെ മനോഭാവങ്ങളും പെരുമാറ്റരീതികളും എല്ലായ്‌പ്പോഴും ആരോഗ്യകരമാണെന്ന്‌ അവർ സമ്മതിച്ചുതരികയില്ല. അവ ഈ മട്ടിലായത്‌ നിങ്ങളുടെ കുറ്റം കൊണ്ടാണെന്ന്‌ അവർ പറയുന്നില്ല. നിങ്ങളുടെ കുറ്റം കൊണ്ടല്ല താനും. എത്രയോ കാലം കൊണ്ട്‌ സമൂഹം വളർത്തിയെടുത്ത രീതികളെ നിർവിചാരമായി പിന്തുടർന്നു പോരുന്നതുകൊണ്ട്‌ അവർ നിർദ്ദോഷമായ ശീലങ്ങളാണെന്ന്‌ തെറ്റിദ്ധരിച്ചു പോവുകയാണ്‌. അങ്ങനെ നിങ്ങൾ ചെയ്യുന്ന കർമ്മങ്ങളുടെ കർത്തൃത്വം നിങ്ങൾക്ക്‌ ഇല്ലാതാവുന്നു. ആരോ എപ്പോഴോ ചെയ്‌ത കർമ്മങ്ങളുടെ ഇരകളായി മാത്രം ജീവിക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്ന നിസ്സഹായ ജീവികളാണ്‌ നിങ്ങൾ. എന്നാൽ, ആലോചനയോടെ, വിവേകത്തോടെ, ചെയ്യുന്നതെന്തിന്റെയും പ്രസക്തിയും അർത്ഥവും വിലയിരുത്തി അനുഷ്‌ഠിക്കുമ്പോഴാണ്‌ നിങ്ങൾ കർമ്മാധികാരിയാകുന്നത്‌. അപ്പോഴാണ്‌ നിങ്ങൾ സ്വതന്ത്രവ്യക്തിയാകുന്നത്‌. അങ്ങനെ ചെയ്യാനുള്ള സാദ്ധ്യതയും സ്വാതന്ത്ര്യവും മനുഷ്യനായി പിറന്നപ്പോഴേ നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. മനുഷ്യനായി പിറന്നവനും പിറന്നവളും മനുഷ്യനായി ജീവിക്കുക കൂടി ചെയ്യുമ്പോഴാണ്‌ യഥാർത്ഥ മനുഷ്യനാകുന്നത്‌. അങ്ങനെചെയ്യൂ എന്ന ആഹ്വാനമാണ്‌ ഈ ജാലകക്കാഴ്‌ച. അങ്ങനെ ചെയ്യാത്തതിലുള്ള ദുഃഖവും സങ്കടവും രോഷവും ഹാസവും ഈ രചനകളിൽ സമ്മേളിച്ചിരിക്കുന്നു. അതുകൊണ്ട്‌ ഇതിന്റെ പാരായണം സുഖപ്രദമായ ഒരുനുഭവമായിത്തീരുന്നു. സാർത്ഥകമായ സാമൂഹ്യ വിചാരത്തിന്റെ, മനുഷ്യവിവേകത്തിന്റെ ആവിഷ്‌കാരമാണ്‌ ജാലകക്കാഴ്‌ച. മടിച്ചുമടിച്ച്‌ മലയാള സാഹിത്യത്തിലേക്കു കടന്നുവന്ന ഒരെഴുത്തുകാരി ആദ്യകൃതികൊണ്ടുതന്നെ തനിക്ക്‌ ഇവിടെ ഒരു പീഠത്തിന്‌ അവകാശമുണ്ടെന്നു തെളിയിച്ചു. അതൊരു ആകസ്‌മിക വിജയമായിരുന്നില്ലെന്ന്‌ സ്‌ഥിരീകരിക്കുന്ന കൃതിയാണ്‌ ജാലകക്കാഴ്‌ച. അവിടെ നിന്ന്‌ എത്രയോ ദൂരം സഞ്ചരിക്കാനുള്ള ആന്തരശക്തി തനിക്കുണ്ടെന്ന്‌ റോസി തോമസ്‌ തെളിയിക്കുന്നതിനു സാക്ഷ്യം വഹിക്കാനും നമുക്ക്‌ അവസരമുണ്ടായി. നാം സന്തോഷിക്കുക.

ജാലകക്കാഴ്‌ച

ഗ്രന്ഥകർത്താഃ റോസി തോമസ്‌

വില 100 രൂപ, പേജ്‌ 160

പ്രസാധനം - മാളുബൻ പ്രസിദ്ധീകരണം

Previous Next

എം. തോമസ്‌ മാത്യു
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.