പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

അഭിമുഖം സംസ്‌കാരമാകുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മണിശങ്കർ

രസകരമായ ഒരു ചോദ്യം നമുക്ക്‌ നമ്മോടു തന്നെ ചോദിക്കാം. ഈ പ്രപഞ്ചത്തിൽ ഏറ്റവും അധികം അഭിമുഖങ്ങൾക്ക്‌ വിധേയനായ വ്യക്തി ആരായിരിക്കാം? മലയാളത്തിൽ നമുക്കതിന്‌ ഒറ്റ ഉത്തരമേയുള്ളു - വൈക്കം മുഹമ്മദ്‌ ബഷീർ. കൗതുകകരമായ മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്‌ ബഷീർ. മലയാളത്തിൽ (അതോ, ലോകത്തിലേക്ക്‌ തന്നെയോ) ക്യാമറയ്‌ക്ക്‌ പോസു ചെയ്‌ത മുഖം. ഈ രണ്ടു കാര്യങ്ങളിൽ ബഷീറിനെ തോൽപ്പിക്കാൻ മലയാളത്തിൽ ഇതുവരെ ആരും ഉണ്ടായിട്ടില്ല എന്നു വേണമെങ്കിൽ നമുക്കു ഉറപ്പിച്ചു പറയാം.

നമുക്ക്‌ അഭിമുഖത്തിലേക്ക്‌ വരാം. ഇന്ത്യയിൽ കൂടുതൽ തവണ അഭിമുഖത്തിന്‌ വിധേയനായ ആൾ മഹാത്മാഗാന്ധിയാണ്‌. ഹെന്റി ബ്രെയ്‌ൻ സഫോ ഉൾപ്പെടെയുള്ള പത്രപ്രവർത്തകരുടെ മുമ്പിൽ ഗാന്ധിജി തന്റെ വിലപ്പെട്ട സമയം നീക്കിവച്ചു എന്നതു തന്നെ ചരിത്രത്തിലെ ഉജ്വല മുഹൂർത്തങ്ങളിൽ ഒന്നാണ്‌. അഡോൾഫ്‌ ഹിറ്റ്‌ലർ അഭിമുഖത്തെ ‘വിഡ്‌ഢികളുടെ വ്യായാമം’ എന്ന്‌ വിളിച്ച്‌ ഇകഴ്‌ത്തിയത്‌ ചരിത്രത്തിൽ ഇപ്പോഴുമുണ്ട്‌. ജോസഫ്‌ സ്‌റ്റാലിൻ ചോദ്യങ്ങളുടെ നേരെ ഉത്തരങ്ങൾ കൊണ്ട്‌ നിറയൊഴിക്കാൻ ബഹുസമർഥനായിരുന്നു. ചോദ്യം അവസാനിക്കും മുമ്പ്‌ സ്‌റ്റാലിൻ ഉത്തരത്തിലേക്ക്‌ കടക്കും. കനത്ത പുരികങ്ങൾക്ക്‌ താഴെ ആ ജ്വലിച്ച കണ്ണുകൾ ചോദ്യകർത്താവിന്റെ ഉള്ളിലേക്ക്‌ അരിച്ചു നടക്കും. ‘ആക്രമണങ്ങൾക്ക്‌ മുമ്പുള്ള ശാന്തത പോലെയായിരുന്നു സ്‌റ്റാലിന്റെ നോട്ടം എന്ന്‌ എഴുത്തുകാരനും മികച്ച അഭിമുഖകാരനുമായ എച്ച്‌ ജി വെൽസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ലിയോ ടോൾസ്‌റ്റോയി ഒരു കഥ പറയും പോലെയാണ്‌ ഉത്തരങ്ങളിലേക്ക്‌ കടക്കുന്നത്‌. ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ടോൾസ്‌റ്റോയിയോടു ചോദിച്ചു. ’സ്വപ്‌നം കാണുന്ന കാര്യത്തിൽ താങ്കൾ ഒരു മുതലാളിയാണോ തൊഴിലാളിയാണോ?‘ സമൃദ്ധമായ നരച്ച താടി തടവി അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞുഃ ’നോക്കൂ, ഒരു മുതലാളിയുടെ സ്വപ്‌നം ആയുസ്സ്‌ കുറഞ്ഞ ഒരു ശലഭത്തെ പോലെയാണ്‌. സ്വപ്‌നം കണ്ടുകൊണ്ടിരിക്കെ അയാൾ ചാടിയെഴുന്നേൽക്കും. സ്വപ്‌നം കണ്ടുകൊണ്ടിരുന്നാൽ സമ്പത്ത്‌ ആരെങ്കിലും മോഷ്‌ടിച്ചുകൊണ്ടുപോകുമോ എന്നാണ്‌ അയാളുടെ ഭയം. സ്വപ്‌നം കാണുമ്പോൾ ഞാൻ ഒരു തൊഴിലാളി മാത്രമാണ്‌.

ചിലിയുടെ ദേശീയ കവി പാബ്ലോ നെരുദ ചോദ്യങ്ങൾ സശ്രദ്ധം കേട്ടിരിക്കുന്ന സ്വഭാവക്കാരനാണ്‌. ശാന്തമായ ഒരു ഇടവേളയ്‌ക്ക്‌ ശേഷമായിരിക്കും നെരുദ സംസാരിച്ചു തുടങ്ങുക. വാക്കുകൾക്കൊപ്പം സംഗീതത്തിന്റെ അകമ്പടി ഉള്ളതുപോലെ തോന്നും. ഇടക്കിടയ്‌ക്ക്‌ ഉത്തരങ്ങൾ കവിതകളായെത്തും. ചില ചോദ്യങ്ങളോട്‌ വല്ലാത്തൊരു പിണക്കം നെരൂദയ്‌ക്കുണ്ടായിരുന്നു.

ഏണസ്‌റ്റ്‌ ഹെമിഗ്‌വേയുടെ ഉത്തരങ്ങൾ മെരുക്കിയെടുത്ത കാട്ടു മൃഗങ്ങളുടെ അനുസരണ നിറഞ്ഞതായിരുന്നു. ചില ചോദ്യങ്ങളിൽ നിന്ന്‌ ഹെമിഗ്‌വേ അത്ഭുതകരമായി രക്ഷപ്പെടും. ചോദ്യകർത്താവ്‌ എത്ര തിരഞ്ഞാലും ഹെമിംഗ്‌വേയെ കണ്ടെത്താനാവില്ല. ചിലപ്പോൾ മറുചോദ്യം ചോദിച്ച്‌ ചോദ്യകർത്താവിനെ വെല്ലുവിളിക്കും. ലാറ്റിനമേരിക്കൻ എഴുത്തുകാരനായ മാർക്വിസ്‌ അഭിമുഖങ്ങൾക്കു വേണ്ടി എത്ര സമയം വേണമെങ്കിലും നീക്കിവെയ്‌ക്കും. ഉത്തരം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ഒരു ചിരിയോടെയായിരിക്കും. ചിലപ്പോൾ ഓർമകൾക്കു മുമ്പിൽ മാർക്വിസ്‌ മുട്ടുകുത്തി നിൽക്കുന്നതു കാണാം. മറ്റു ചിലപ്പോൾ ഒരു കുഞ്ഞിനെപ്പോലെ അരാകറ്റയിലെ ഏതെങ്കിലും ഒരു ഇടുങ്ങിയ തെരുവിൽ ഏകാന്തതയോടെ സല്ലപിച്ചു നിൽക്കുന്നത്‌ കാണാം.

വിശ്രുത ചലച്ചിത്രകാരൻ ചാർളി ചാപ്ലിൻ ചോദ്യങ്ങൾക്കു മുമ്പിൽ ഗൗരവക്കാരനായിരുന്നു. വെള്ളിത്തിരയിലൂടെ ലോകത്തുള്ളവരെയെല്ലാം ചിരിച്ച്‌ ചിരിച്ച്‌ കുഴക്കുന്ന ചാപ്ലിൻ അഭിമുഖങ്ങൾക്കിടയിൽ ഒരിക്കൽ പോലും ചിരിച്ചിരുന്നില്ല എന്ന്‌ റിച്ചാർഡ്‌ മെറിമാൻ രേഖപെടുത്തിയിട്ടുണ്ട്‌. ‘എനിക്ക്‌ മഴയിൽ നടക്കുന്നതാണ്‌ ഇഷ്‌ടം. കാരണം, ഞാൻ കരയുന്നത്‌ ആരും കാണുന്നില്ലല്ലോ.’ എന്ന്‌ പറഞ്ഞ ചാപ്ലിന്റെ ബാല്യവും യൗവനവും കടുത്ത പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു. സംഭാഷണങ്ങളിൽ ചാപ്ലിൻ പുലർത്തുന്ന ഗൗരവം ജീവിതാനുഭവങ്ങളിൽ നിന്ന്‌ രൂപപ്പെട്ടതായിരിക്കാമെന്ന്‌ റിച്ചാർഡ്‌ മെറിമാൻ അഭിപ്രായപ്പെടുന്നത്‌ ശ്രദ്ധേയമാണ്‌.

‘ധ്യാനത്തിൽ നിന്ന്‌ ഉയിർകൊള്ളുന്ന ചോദ്യങ്ങൾക്കു മാത്രമേ ചിറകുകളുണ്ടായിരിക്കുകയുള്ളു. അല്ലാത്തവ പുഴുക്കളെപ്പോലെ നില വിളിച്ചുകൊണ്ടിരിക്കും.’ ഓഷോയുടെ വാക്കുകൾ ചോദ്യങ്ങളുടെ ആഴങ്ങളെ നമുക്ക്‌ കാട്ടിത്തരുന്നു. ചോദ്യങ്ങൾക്ക്‌ മുമ്പിൽ സ്‌ഥിതി പ്രജ്ഞനായി നിന്നുകൊണ്ട്‌ ഉത്തരം പറയുന്ന ഓഷോയിൽ ഋതുക്കളുടെ അരങ്ങേറ്റം നടക്കുന്നത്‌ കാണാം. ചിലപ്പോൾ നാവു നിശബ്‌ദമാവുകയും കണ്ണുകൾ സംസാരിക്കുകയും ചെയ്യും. മറ്റു ചിലപ്പോൾ വിരലുകളാവും നമ്മോടു സംസാരിക്കുക. ഓഷോയുടെ മറുപടികൾ ജലച്ചായ ചിത്രങ്ങളെ ഓർമിപ്പിക്കും. കുലീനതയാർന്ന വാക്കുകളുടെ ഒരു ഖജനാവു തന്നെ ഓഷോയ്‌ക്ക്‌ സ്വന്തമായുണ്ടായിരുന്നു. ‘ഉത്തരങ്ങൾ കൈവശമുള്ള ഒരാൾ ഒരു മജീഷ്യനെപ്പോലെയാവും പെരുമാറുക’ എന്ന ഓഷോയുടെ വിശുദ്ധ വചനം അഭിമുഖ സംസ്‌കാരത്തിന്റെ ആഴങ്ങളെ അടയാളപ്പെടുത്തുന്നു.

നമുക്ക്‌ വി.കെ. എന്നിലേക്ക്‌ വരാം. കവിയും പത്രപ്രവർത്തകനുമായ മുഞ്ഞിനാട്‌ പത്മകുമാർ മലയാളത്തിലെ കോമിക്‌ ജീനിയസ്സായ വി.കെ. എന്നിനൊപ്പം നടന്ന്‌ സമാഹരിച്ചതാണ്‌ ഈ അഭിമുഖ പുസ്‌തകം. ത്രികാലം മാറിമാറി ഭരിക്കപ്പെടുന്ന ഒരു മനസ്സായിരുന്നു വി കെ എന്നിന്റേത്‌. മസ്‌തിഷ്‌കം നിറയെ അരിസ്‌റ്റോക്രാറ്റിക്‌ സറ്റയറിന്റെ വൻ അണക്കെട്ടുകൾ പടുത്തുയർത്തിയ ഒരാൾ. കുട്ടികളെപ്പോലെ വി കെ എൻ പൊട്ടിച്ചിരിക്കുമ്പോൾ ഭൂഗോളം ആകെയൊന്നുലയും. അല്ലെങ്കിലും ഭൂമി മലയാളം വി.കെ എന്നിന്‌ അതിർത്തിയായിരുന്നില്ലല്ലോ. ഉലകം ചുറ്റുന്ന വി.കെ എന്നിനെ തേടി കഥാപാത്രങ്ങൾ തിരുവില്വാമല കയറും. വി.കെ. എന്നിന്റെ മനസ്സിൽ - എഴുത്തിൽ ഒന്നു കയറിപ്പറ്റിയാൽ ചിരംജീവികളായി മാറുമെന്ന്‌ അവർക്കറിയാം. വി.കെ. എന്നിന്റെ എഴുത്തും ജീവിതവും തമ്മിൽ സെക്കന്റുകളുടെ വ്യത്യാസം പോലുമില്ല. അതുകൊണ്ടാണ്‌ നാണ്വാരുടെ എഴുത്തും ജീവിതവും ഒന്നായി ഭവിക്കുന്നത്‌. വി.കെ എന്നിന്റെ ഒരു കഥ വായിക്കുന്നതിന്റെ സുഖസാമൃതം - അദ്ദേഹം പറയുന്ന ഓരോ മറുപടിയിലുമുണ്ട്‌. തിരുവില്വാമലയിലും ഒറ്റപ്പാലം ഗസ്‌റ്റ്‌ ഹൗസിലും കലക്കത്ത്‌ കുഞ്ചൻനമ്പ്യാർ സ്‌മാരകത്തിലും മങ്കരയിലുമൊക്കെ വച്ചാണ്‌ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത്‌ മുഞ്ഞിനാട്‌ ഈ അഭിമുഖം പൂർത്തികരിക്കുന്നത്‌. (അഭിമുഖത്തെ ‘അഭിമുഖവധം ആട്ടക്കഥ’ എന്നാണ്‌ വി.കെ.എൻ.വിളിക്കുന്നത്‌) സ്വതന്ത്രവും വൈയക്തികവുമായ അഭിപ്രായങ്ങളും നിലപാടുകളും വി.കെ. എന്നിന്റെ മാത്രം പ്രത്യേകതകളാണ്‌. വി.കെ. എന്നിന്റെ ഉത്തരങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും തിരുവില്വാമലയിൽ തന്നെ. മെലിഞ്ഞതും തടിച്ചതുമായ ഉത്തരങ്ങൾക്കിടയിൽ ട്രോസ്‌കിയും സ്‌റ്റാലിനും ചെഗുവേരയും റഷ്യയും ക്യൂബയും കമ്യൂണിസവും സോഷ്യലിസവും ഒക്കെ വന്നെന്നിരിക്കും. സ്‌റ്റാലിനെ കണ്ടിട്ടുണ്ടെന്നോ എന്ന്‌ വി.കെ. എന്നിനോട്‌ ചോദിച്ചാൽ അടുത്ത നിമിഷം ഉത്തരം വരും. ‘കണ്ടിട്ടുണ്ടോ എന്നോ, മങ്കരയിലെ പഴയ തീവണ്ടിയാപ്പീസിനപ്പുറത്ത്‌, ഇപ്പോൾ കമ്പ്യൂട്ടർ കോളേജ്‌ സ്‌ഥിതി ചെയ്യുന്ന പുരയിടത്തിൽ പണ്ട്‌ രായപ്പൻ നായരുടെ ഒരു ചായക്കടയുണ്ടായിരുന്നു. ചായക്കടയോടു ചേർന്ന്‌ ഒറ്റമുറി. നാലണ വാടകയ്‌ക്ക്‌ സ്‌റ്റാലിൻ അവിടെ ഒളിച്ചു താമസിച്ചിട്ടുണ്ട്‌. ഭാഷ വശമില്ലാത്തതുകൊണ്ട്‌ ഞങ്ങൾക്ക്‌ തമ്മിൽ കമ്യൂണിക്കേഷൻ ഗ്യാപ്‌ ഉണ്ടായിരുന്നു.’ ഇതാണ്‌ വി കെ എൻ.

ആര്യ-ദ്രാവിഢ-ആംഗലേയത കൊണ്ട്‌ കൊത്തിയെടുത്ത ഭാഷ മണ്ഡപത്തിലിരുന്നാണ്‌ വി.കെ. എന്നിന്റെ എഴുത്ത്‌. മറുപടി പറയുമ്പോൾ ഈ ത്രിവേണി സംഗമം നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടും. ചോദ്യങ്ങളോടു കാണിക്കുന്ന മര്യാദ ഉത്തരങ്ങളിൽ പാലിക്കുന്ന വൈകാരിക നിയന്ത്രണം ഇവയെല്ലാം ഈ അഭിമുഖത്തിലൂടെ കടന്നുപോകുമ്പോൾ അനുഭവവേദ്യമാകും. വി.കെ.എൻ.ഒരു പാഠപുസ്‌തകമാണ്‌. എണ്ണിത്തീർക്കാൻ ആവാത്തത്ര പേജുകളുള്ള, അനുഭവ സമ്പന്നമായ അധ്യായങ്ങൾ നിറഞ്ഞ ഒരു പാഠ പുസ്‌തകം.

പത്രപ്രവർത്തന രംഗത്തും ദൃശ്യമാധ്യമരംഗത്തും പഠനരംഗത്തും അഭിമുക സംഭാഷണങ്ങൾ സജീവ ചർച്ചയ്‌ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിന്ന്‌. ഒരു ചോദ്യം രൂപപ്പെടുന്നതെങ്ങനെ. ചോദ്യം സമകാലീന ജീവിതവുമായി എങ്ങനെയൊക്കെ സംവദിക്കുന്നു. എഴത്തുകാരന്റെ സംവദിക്കുന്നു. എഴുത്തുകാരന്റെ ജീവിതം, എഴുത്തനുഭവങ്ങൾ, യാത്ര, വായന, സ്വപ്‌നങ്ങൾ, നിലപാടുകൾ, രാഷ്‌ട്രീയം, മരണം തുടങ്ങി വിവിധ മേഖലകളിലേക്ക്‌ ചോദ്യങ്ങളുടെ ക്യാമറക്കണ്ണുകൾ ഫ്‌ളാഷ്‌ തെളിയിക്കുന്നു. എല്ലാ തരത്തിലുമുള്ള വായനക്കാരെയും തൃപ്‌തിപ്പെടുത്തുന്ന അനുഭവമാണ്‌ അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുന്ന വി.കെ.എൻ. വി.കെ എന്നിന്റെ ശബ്‌ദ സാന്നിധ്യം അക്ഷരങ്ങളിലേക്ക്‌ ഉരുക്കിയെടുത്ത മുഞ്ഞിനാട്‌ പത്മകുമാറിനും കോമാളി യുഗത്തിലെ പുരുഷഗോപുരത്തിനും അകൈതവമായ നന്ദി.

പ്രസാധകർഃ ബട്ടർഫ്ലൈ.

Previous Next

മണിശങ്കർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.